Saturday, April 30, 2016

ഫോർ ജി പ്രണയം

വാട്സാപ്പിൽ അബദ്ധവശാൽ വഴിതെറ്റി വന്നൊരു പ്രണയസന്ദേശമായിരുന്നു കാലമിത്രയും തന്റെ ചങ്കും കരളുമായി കൊണ്ട് നടന്നിരുന്ന പ്രിയമാനതോഴി റോജാകുമാരിയെ സംശയലിസ്റ്റിൽ പെടുത്തുവാൻ കാമുകൻ ശരത്കുമാറിന് തോന്നിയത്.
വളരെ കടുപ്പപ്പെട്ടതും പ്രണയം നിറഞ്ഞ് നുരഞ്ഞ് പതയുന്നതുമായ അത്തരമൊരെണ്ണം തനിക്കിത് വരെ അവൾ അയച്ചിട്ടില്ലല്ലോ എന്നതിൽ നിന്നും പ്രസ്തുത കുമാരിയുടെ ലപ്പിന്റെ ഡെപ്ത് കുമാരനു പെട്ടെന്നു പിടികിട്ടി. ഹാർഡ് കോപ്പി പോലൊരു സുവ്യക്തവും ശക്തവുമായൊരു തെളിവ് കിട്ടിയിട്ടും ഹാർട്ട് പപ്പടം പോലെ പൊട്ടിച്ചിതറിയിട്ടും അവളെ വിളിച്ച് തെറിപറയാനോ അടികൂടാനോ കാമുകനു തോന്നിയില്ല. കൂടുതൽ ശക്തമായ തെളിവുശേഖരണത്തിനായി ആൽത്തറമുക്കിലെ തന്റെ കൂട്ടുകാരോട് ഇത് വരെ പറയാതിരുന്ന തന്റെ പ്രണയം വെളിപ്പെടുത്തുകയും പൊതു അഭിപ്രായം തേടുകയുമാണ് ആ സീരിയസ് പ്രണയദേവൻ ചെയ്തത്.
ഇടിവെട്ടുമ്പോ കുമിൾ പൊന്തുന്നത് പോലെ അന്നേരം രണ്ട് പേരുകൾ കൂടി റോജാകുമാരിയുടെ അക്കൌണ്ടിൽ ചേർക്കപ്പെട്ടു. അതും ദൃക്സാക്ഷികളുടെ സത്യവാങ്ങ്മൂലം സഹിതം. ഞാനും പിന്നെ വേറെ മൂന്ന് പേരെ കൂടി ഹൃദയത്തിൽ ആവാഹിച്ചിട്ടാണ് ഇത്രയും നാൾ ആ കശ്മല തന്റെ ഐസ്ക്രീമും ചുരിദാറും ചോക്ലേറ്റും സമ്മാനങ്ങളും ഫോൺ വിളികളുമായി സഹകരിച്ചതെന്ന് ഓർത്തപ്പോ പാവം ശരത്കുമാരകാമുകന് അവളെ വിളിക്കാതെ നിൽക്കാനോ ഇരിക്കാനോ കിടക്കാനോ ആയില്ല.
“നിനക്ക് വേറെ മൂന്ന് പേരോടും ഇഷ്ടമുണ്ടായിരുന്നല്ലേ...” എന്ന ചോദ്യത്തിന് കുമാരി ആദ്യം ഭയങ്കരമായി ദേഷ്യപ്പെട്ട് നിഷേധിക്കുകയും ഫോൺ വിളി വെട്ടിമുറിക്കുകയും ചെയ്തെങ്കിലും നേരത്തെ സമാഹരിച്ച വാങ്ങ്മയ ദൃശ്യങ്ങളുടെ ബലത്തിൽ അവൻ വാദിച്ചപ്പോൾ പിന്നെ അവൾക്ക് ചുമരിൽ പിടിക്കാണ്ട് നിക്കാനായില്ല.
കലിപ്പിളകിയ ആ പ്രണയാന്വിതൻ സങ്കടക്കനം കൊണ്ട് പലതും കലമ്പി വിതുമ്പി പുലമ്പിയെങ്കിലും അവളല്ലാതെ ഒരുത്തിയുടെ വിഗ്രഹം തന്റെ ഹൃദയാമ്പലത്തിൽ വെച്ചാൽ സ്വർണപ്രശ്നത്തിൽ ഉടക്കുണ്ടാകുമെന്ന് കണ്ട് അങ്ങോട്ട് പറഞ്ഞ തെറികൾക്കെല്ലാം കണ്ടമാനം സോറി പറഞ്ഞും കണ്ണുനീരിറ്റ് വീഴുന്ന ഇമോജികളെയ്തും കോമ്പ്രമൈസാക്കി.
എന്നാലും അവസാനം വെടിക്കോപ്പുകൾ പൊട്ടിത്തീർന്ന്, വാക്കുകൾ ഒലിച്ച് തീർന്ന നിശബ്ദനേരത്ത് അവനിങ്ങനെ പറയാണ്ടിരിക്കാനായില്ല.
“എങ്ങനെ സാധിക്കുന്നു ഒരേ സമയം നാലു പേരെ പ്രേമിക്കാൻ.. വെറുതെയല്ല ഹൃദയത്തിന് നാലറകൾ ഉണ്ടെന്ന് പറയുന്നത് അല്ലേ..?”
“ആരു പറഞ്ഞു കുമാരേട്ടാ നാലറയാണെന്ന്...” റോജാകുമാരി ചരിത്രത്തെയും ശാസ്ത്രത്തെയും പാഠപുസ്തകങ്ങളെയും ഒരേനിമിഷം വെല്ലുവിളിച്ചു.
“അങ്ങനെയല്ലേ സ്കൂളിൽ പഠിച്ചത്...”
“നാലറയല്ല, നാലു ജി.ബി.യാ..”
“അപ്പോ.....?!!!!???”
“ഉം.. അതെന്നെ..”

1 comment:

  1. ഹാ ഹാ ഹാ.കലക്കി.ഫെമിനിസ്റ്റുകൾ ഫേസ്ബുക്കിൽ മാത്രമായത്‌ ഭാഗ്യം.

    ReplyDelete