Saturday, April 30, 2016

ഒരു താരാവതാരം

വിരസമായ ആഫീസ് ദിവസങ്ങളെ കോരിത്തരിപ്പിച്ചു കൊണ്ടായിരുന്നു അനിതാമാത്യൂസിന്റെ പുതിയ നിയമനമുണ്ടായത്. സുന്ദരി, ആധുനിക വസ്ത്രധാരിണി, ആരെക്കൊണ്ടും നല്ലത് പറയിപ്പിക്കുന്ന പെരുമാറ്റം, സദാ പ്രസന്നവതി, പാലുംവെള്ളം പോലത്തെ ഇംഗ്ലീഷ്. ആഫീസിലാണെങ്കിൽ പൊതുവെ ലേഡീസ് കുറവ്, ഉള്ളവരൊക്കെ മധ്യവയസ്കരായ പ്രാരാബ്ധക്കാർ. അനിതയുടെ വരവോട് കൂടി ആഫീസൊന്ന് ഉണർന്നു. ഇൻസൈഡും ഇസ്തിരിയും ഉപയോഗിക്കാത്തവരൊക്കെ വളരെ പെട്ടെന്ന് ഡൈ ചെയ്ത് കുട്ടപ്പന്മാരായി ഹിന്ദു പത്രം മാത്രം വായിക്കുന്നവരായി.
അനിതയുടെ ആദ്യ പ്രവൃത്തിയിടം മാർക്കറ്റിങ്ങിലായിരുന്നു. അവിടെയുള്ളവരൊക്കെ അവൾക്ക് കാര്യങ്ങൾ പഠിപ്പിച്ച് കൊടുക്കാനും സഹായിക്കാനും കൂടെ നിന്ന് കൈ കഴുകാൻ പൈപ്പ് തുറന്നു കൊടുക്കാൻ വരെ സന്നദ്ധസേവകരായി. പക്ഷേ ഒറ്റ മാസം കൊണ്ട് അവിടത്തെ പഠിപ്പ് മതിയാക്കി അനിത അക്കൌണ്ട്സിലേക്ക് മാറി. അക്കൌണ്ട്സിൽ വർക്ക് ലോഡെന്ന ചീഫിന്റെ പരാതിയായിരുന്നു ആ മാറ്റത്തിന്റെ പിറകിലെന്നാണ് കേട്ടത്. അവിടന്ന് പിന്നെ സ്റ്റോർ ആന്റ് പർച്ചേസിലേക്കും.
സ്റ്റോർ ആന്റ് പർച്ചേസിന്റെ എല്ലാമെല്ലാം വേണുഗോപാലായിരുന്നു. ആഡിറ്റർമാരൊക്കെ വന്നാൽ സ്റ്റോക്ക് പക്കയായിരിക്കും. എല്ലാവർക്കും പഞ്ചിങ്ങുള്ള സ്ഥാപനത്തിൽ വേണുവിന്റെ മുന്നിൽ മാത്രം മെഷിൻ കണ്ണടക്കും. പർച്ചേസിന്റെ ഏജന്റുമാരൊക്കെ വേണുവിന്റെ മേശക്ക് ഒരു കൂടിക്കാഴ്ച്ചയ്ക്കായി കാത്തു നിൽക്കുമായിരുന്നു. കമ്പനി മാനേജർക്ക് എല്ലാമെല്ലാമായിരുന്നു വേണു. ഒരു സാധനവും ഇല്ലെന്ന പരാതിയുണ്ടാവില്ല. ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ ആരുടെ എവിടെ തപ്പാനും സെക്യൂരിറ്റിക്കാർ ചെക്ക്പോസ്റ്റിലെ പോലീസുകാരെ പോലെ നിൽക്കുമെങ്കിലും വേണുവിന്റെ തടിച്ച് വീർത്ത ബാഗ് തൊടാൻ അവർക്ക് പോലും പേടിയാണ്. വേണുവാണെങ്കിൽ സുന്ദരൻ, ചൊങ്കൻ, അവിവാഹിതൻ.
കമ്പനി ഡോർമിറ്ററിയിൽ അവനു സ്പെഷ്യൽ റൂമാണ്. വൃത്തിയും ഭംഗിയുമായി അവനെപോലെ തന്നെ നീറ്റ്. അലമാരയിൽ എപ്പോഴും കുപ്പിയുണ്ടാകും. അറ്റൻഡർമാർ പിള്ളേരൊക്കെ വേണുവേട്ടന്റെ പിറകെ എന്തെങ്കിലും സഹായം വേണോന്ന് ചോദിച്ച് നടക്കുന്നതിന്റെ ചേതോവികാരം ഈ ഓസി കുപ്പിയും പിന്നെ മാനേജരിലുള്ള വേണുവിന്റെ പിടിപാടുമാണ്. അവനു ആൾക്കാരെ സൽക്കരിക്കുന്നത് ഇഷ്ടമാണ്. പക്ഷേ സിൽബന്ധികളെ മാത്രേ അടുപ്പിക്കുകയുള്ളൂ. രണ്ട് പെഗേ അടിക്കൂ; പക്ഷേ അടിച്ചാൽ ഒരു പാട്ട് പാടണം. ‘ചന്ദനമണിവാതിൽ പാതിചാരി..’ അതേ പാടൂ, കൊതുകിന്റേത് പോലത്തെ ആ പാട്ടിന്റെ ആദ്യത്തെ മൂളിച്ച തൊട്ട് ഫുള്ളായി പാടും. അത് എല്ലാവരും മിണ്ടാണ്ട് കേട്ടുനിന്ന് സൂപ്പർ എന്ന് പറയുകയും വേണം. അത് പറ്റുന്നവർക്ക് മാത്രമേ അവന്റെ മുറി തുറക്കപ്പെടുകയുള്ളൂ.
അനിത വന്നതോട് കൂടി വേണുവിന്റെ ജോലിഭാരവും മസിലുപിടുത്തവും കുറഞ്ഞു. കർക്കശക്കാരനായ വേണുവിന്റെ മനസ്സിൽ പത്ത് കെ.ബി.യുടെ ഫയൽ ഡൌൺലോഡാകുന്ന മാത്രയിൽ അനിത ഒരു സ്പൈഡർഗേളായി കയറിക്കൂടി. കാലിൽ വുഡ്ലാൻഡ്സും കൈയ്യിൽ ഐഫോണും രണ്ട് മൂന്ന് ക്രെഡിറ്റ് കാർഡുകളും ഐ.റ്റ്വെന്റി കാറും വന്നു ചേർന്നു. ഒക്കെ അനിതയുടെ മുന്നിൽ സ്റ്റാറാകാൻ മാത്രം. എല്ലാവർക്കും ലീവുള്ള ദിവസങ്ങളിൽ അവർ രണ്ടും മാത്രം ഡ്യൂട്ടിക്കുണ്ടാകും, കാരണം വർക്ക് ലോഡെന്ന സ്ഥിരം പല്ലവി. ചായക്ക് പോകുമ്പോഴും ചോറിനു പോകുമ്പോഴും സ്റ്റോക്കെടുപ്പിനു ഗോഡൌണിൽ പോകുമ്പോഴും രണ്ടുപേരും യുവമിഥുനനും മിഥുനയുമായി. വേണു അനിതയെ കല്യാണം കഴിക്കുമെന്ന ശ്രുതി ആഫീസ് നോട്ടീസ് ബോർഡിനു പോലും അറിയാമെന്നായി. അതോടെ ബാക്കിയുള്ളോർക്കൊക്കെ വേണുവിനോട് കലിപ്പും അനിതയോട് വെറുപ്പുമായി. ആയിടക്ക് നടന്ന് കമ്പനി വാർഷികത്തിന്റെ താരം വേണുവായിരുന്നു. ഓരോ മണിക്കൂർ കഴിയുമ്പോഴും വേണു റൂമിൽ പോയി കുളിച്ച് ഷർട്ട് മാറ്റി പെർഫ്യൂമടിച്ച് ഫ്രെഷായി വരും. കൈയ്യിലൊരു ബാഗും തൂക്കി വരവു ചെലവൊക്കെ മെയിന്റെയിൻ ചെയ്ത് സ്റ്റാറായി ഓടിനടന്നു. വൈകിട്ടത്തെ ഗാനമേളക്ക് വേണുവും അനിതയും ഒന്നിച്ച് ഡാൻസ് കളിക്കുക പോലുമുണ്ടായി.
പക്ഷേ വാർഷികം കഴിഞ്ഞ് പിറ്റേ ദിവസം മുതൽ അനിതയെ കാണാനില്ല. ലീവാണോ നാട്ടിൽ പോയോ എന്നൊന്നും ആർക്കുമറിയില്ല. വേണുവിനു പോലും.
രണ്ട് ദിവസം കഴിഞ്ഞൊരു വൈകിട്ട് ക്വോട്ടയും ലംഘിച്ച് കള്ളടിച്ച് കൊണ്ടിരിക്കുമ്പോൾ ഗദ്ഗദം കാരണം വേണുവിന് ചന്ദനമണിവാതിൽ തുറക്കാൻ പോലുമായില്ല. “എത്ര ബിരിയാണി,, ഐസ്ക്രീം,, സിനിമ,, ചുരിദാർ,, സാരി.. പൈസ എത്ര ഓൾക്ക് ഞാൻ കൊടുത്തതാ.. എന്നിറ്റാ ഓളെന്നോടിങ്ങനെ ചെയ്തത്…” വേണുവിലാപഗാനം കേട്ട് ഉള്ളിൽ ചിരിയുണ്ടെങ്കിലും കൂടെ കുടിക്കുന്ന പിള്ളേർ വേണുവിന്റെ പുറത്ത് തട്ടി ഒരു അനിത പോയാൽ ഒമ്പത് അനിത വരും എന്ന് പറഞ്ഞ് ചെലവില്ലാത്ത ആശ്വാസവാക്കുകളോതി.
പിറ്റേന്ന് രാവിലെ ഹെഡാഫീസിൽ നിന്നും സ്പെഷ്യൽ മെസഞ്ചർ വന്ന് വേണുവിന് ഒരു കവർ കൊടുത്തു.
ഡിസ്മിസൽ ഓർഡർ..!
പർച്ചേസിൽ നടത്തിയ രഹസ്യ അഴിമതി അറിയാൻ കമ്പനി നിയോഗിച്ച ഡിറ്റക്റ്റീവ് സ്ഥാപനത്തിന്റെ ഒരു ഏജന്റായിരുന്നു അനിതമാത്യൂസ്..
ആനയും പെണ്ണും ഒരുപോലെയാ, എത്ര സ്നേഹിച്ചാലും എപ്പോളാ പിണങ്ങ്വാ പണി തര്വാ എന്ന് പാവം വേണു അറിയാൻ കൊറേ വൈകി..

2 comments:

  1. പത്ത് കെ.ബി.യുടെ ഫയൽ ഡൌൺലോഡാകുന്ന മാത്രയിൽ ////

    ഗദ്ഗദം കാരണം വേണുവിന് ചന്ദനമണിവാതിൽ തുറക്കാൻ പോലുമായില്ല. ..////


    നല്ല രസമുണ്ടായിരുന്നു.

    ക്ലൈമാക്സ്‌ തീരെ പ്രതീക്ഷിച്ചില്ല.

    ReplyDelete