Saturday, April 30, 2016

പുതിയ ഫാരതം

ഇരുന്നൂറ് ലിറ്ററിന്റെ പ്ലാസ്റ്റിക് ഡ്രമ്മിലെ വെള്ളം മുഴുവനും കൊണ്ടാണ് കുളിച്ചത്, ഒരു കട്ട സോപ്പും രണ്ട് ഫെയർ ആന്റ് ലവ്ലിയും ഉരച്ചും പെരട്ടിയും തീർത്തു, എന്നിട്ടും ജന്മസിദ്ധമായ കറുപ്പിന് വലിയ കുറവൊന്നും വന്നിട്ടില്ല. വായ്നാറ്റം അകറ്റാൻ വായിൽ പേസ്റ്റ് അരമണിക്കൂർ പിടിച്ച് നിർത്തി ഗാർഗിൾ ചെയ്തു, അത് ഏറ്റെന്ന് തോന്നുന്നു പിന്നെ കൈ വെച്ച് നോക്കിയപ്പോൾ നാറ്റമില്ല. അപ്പോ അർജുനന് ഒരു ആത്മവിശ്വാസം തോന്നി. വെള്ളമുണ്ടും ഷർട്ടുമെടുത്തിട്ട് ഒരു ബോട്ടിൽ പെർഫ്യൂം മുഴുവനും ബോഡിയിൽ പ്രയോഗിച്ചു തീർത്തു. എന്നിട്ട് കിടക്കയിലെ പുതിയ ഷീറ്റിന് ചുളിവുകളില്ലെന്ന് കൺഫേമാക്കി കട്ടിലിൽ കൈ കുത്തി ആദ്യരാത്രിയെ വാം വെൽകം ചെയ്യാനൊരുങ്ങി. അപ്പോഴാണ് ഭീമാട്ടൻ അകത്തേക്ക് വന്നത്.
“എന്താ മോനേ.. ഇന്ന് കുളിച്ച ലക്ഷണമുണ്ടല്ലോ..”
ഈ പണ്ടാരക്കാലനെന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നതെന്ന് വിചാരിച്ച് ആദ്യരാത്രി ഒടക്കാൻ നിക്കണ്ടാന്ന് കരുതി മിണ്ടാണ്ടിരുന്നു.
“എന്താ ഒരു മൂഡോഫ്.. പെഗ് ഒന്നും കിട്ടിയില്ലേ..”
“ഇന്നെന്റെ ആദ്യ രാത്രിയാ ഡേഷേ… ഒന്ന് പോയി തന്നാട്ടെ…” അർജുനന് കലിപ്പിളകി.
“ബുഹഹഹ…. “ എന്ന് അലറിച്ചിരിച്ച് ഭീമൻ കട്ടിലിളക്കി.
“നീയെന്തിനാ കോപ്പേ ഇളിക്കുന്നേ.. ഓളെ അച്ഛൻ ഒറ്റയേറിന് തേങ്ങ ഇടുന്നോന് എന്റെ മോളെ കെട്ടിച്ച് തരുമെന്ന് പറഞ്ഞ് ബെറ്റില് ഞാനല്ലേ ജയിച്ചിറ്റുള്ളൂ.. നീയൊക്കെ എറിഞ്ഞ കല്ല് ആ തെങ്ങിന്റെ പരിസരത്തേ പോയിറ്റില്ല്ലല്ലോ.. ഞാൻ കൊണ്ടന്ന പെണ്ണ് അകത്തുണ്ട് പിന്നെന്താ എനക്ക് ആദ്യരാത്രിയുണ്ടാവൂലേ…”
“ഹീ ഹീ..ഹീ… “ഭീമന്റെ ചിരി സീരിയൽ പോലെ അനന്തമായി നീണ്ടു.
“നീയെന്താ മരപ്പൊട്ടാ ഇളിക്കുന്നേ..”
“ഹീ… ഹീ.. ഹീ… നീയൊന്നും ബിജാരിക്കല്ല… ഹിഹി.. നിന്റെ പ്ലാനൊക്കെ പൊട്ടി പോയെടാ..”
“അതെങ്ങനെ… ഓള് ഒളിച്ചോടിപ്പോയാ..”
“അതാണേങ്കിൽ എത്ര നന്നായിരുന്നു..”
“പിന്നെന്താ..”
“എടാ.. നമ്മളിപ്പം നിക്കുന്ന വീട്.. സ്ഥലം… കാറ്.. ലോണ്… എല്ലാം നമ്മളെല്ലാരും ഒന്നിച്ചല്ലേ വാങ്ങിയത്..”
“അതെ..”
“നമ്മളെ വീട്ടില് ഇപ്പം ഒരടുക്കളയല്ലേ ഉള്ളൂ..:“
“അതെ..”
“നമ്മളെല്ലാം ഓരോ കല്യാണം കഴിച്ച് കൊണ്ടന്നാൽ അഞ്ച് പെണ്ണുങ്ങൾ ഈ വീട്ടിൽ വന്നാ ഇതൊക്കെ പിറ്റേന്ന് അടി തുടങ്ങൂലേ..”
“അതും ശരിയാ…”
“അത് കൊണ്ട് ഇപ്പം നീ കെട്ടിക്കൊണ്ടന്ന ഓള് മതി എല്ലാർക്കും എന്നാ തീരുമാനം..”
“ഫാ… ഇതാരു പറഞ്ഞു..”
“അമ്മ… പറഞ്ഞു..”
“അമ്മയോ... !@#$%^^^@!@#$!@#$!@#$!#…” അർജുനൻ കലിപ്പ് ചുമരിന്റെ മേൽ തീർത്തു… ഭീമൻ ചിരിയമർത്തി നിഗൂഢസ്മിതനായി.
“എന്നാൽ പോട്ടെ,, ഇന്ന് എനിക്ക് ആദ്യ രാത്രി കഴിക്കുന്നതിൽ പ്രശ്നമില്ലല്ലോ..”
“അതുണ്ട് അനിയാ.. മൂത്തവർക്കാ സീനിയോരിറ്റി എന്നത് നീ മറന്നോ.. ആദ്യത്തെ കൊല്ലം യുധിയേട്ടന്.. പിന്നത്തെ കൊല്ലം എനക്ക്.. എന്നിറ്റേ നിനക്ക് ആ രാത്രി ഉണ്ടാവൂ മോനേ.. അതും കയിഞ്ഞ് ചെക്കന്മാർക്ക്..”
“എന്റെ അമ്മ പണ്ടാരത്തള്ളേനെ ഞാനിന്ന് കൊല്ലും…”
“അത് നടക്കൂല മോനേ.. എന്റെ കൈ മാങ്ങ പറിക്കാൻ പോയിറ്റൊന്നുമില്ല..”
ഭീമനോട് അടിച്ച് നിക്കാനുള്ള കപ്പാസിറ്റിയില്ലാത്തതിനാൽ അർജുനൻ ഡെസ്പായി കട്ടിലിൽ സൈഡായി.
പിന്നെ മെല്ലെ ചോദിച്ചു.
“അപ്പോ ആദ്യത്തെ കൊല്ലം ചേട്ടന്റെ കയിഞ്ഞ്..”
“കയിഞ്ഞ്…”
“ഓളെ പേറും കയിഞ്ഞ്, നിങ്ങളതും പേറും കയിഞ്ഞേ എനക്ക് കിട്ടൂ.. അല്ലേ…”
“അതേഡാ… അത്രേള്ളൂ.. ഹിഹിഹി..”
“അപ്പോ എനക്ക് ഇനി ഓളെ കിട്ടണെങ്കില് മിനിമം നാലു കൊല്ലം കയ്യണം.. അല്ലേ..”
“അതെ അനിയാ…” ഭീമന്റെ ചിരി നിൽക്കുന്നേയില്ല.. അർജുനൻ ബാഗെടുത്ത് ഷർട്ടും പാന്റുമൊക്കെ പാക്ക് ചെയ്യാൻ തുടങ്ങി.
“നീ ഏട്യാ പോന്നേ..”
“നടത്തറ വിലാസിനീന്റട്ത്ത്.. നാലു കൊല്ലം കയിഞ്ഞ് കാണാം.. ആരെങ്കിലും ചോയിച്ചാൽ ഞാൻ കുന്നുമ്മൽ ശിവന്റട്ത്ത് പുതിയ അടവ് പഠിക്കാൻ പോയിനെന്ന് പറഞ്ഞാ മതി..”
“രണ്ടും ഒന്ന് തന്നെടാ അനിയാ.. നീ പോയി വാ..”

1 comment: