Saturday, April 30, 2016

അന്നക്കുട്ടിയുടെ അവസാന സമ്മാനം

അന്നക്കുട്ടിയുടെ അവസാന സമ്മാനമാണിപ്പോ എന്നെ ബാധിച്ച പ്രധാന പ്രശ്നം. ഞങ്ങൾ കൊറച്ച് നാളായി പ്രേമത്തിലായിരുന്നല്ലോ. എന്ന് വെച്ചിറ്റ് അതൊരു തമാശപ്രേമമായിരുന്നില്ല കേട്ടൊ. എന്നിറ്റ് നിങ്ങളെന്താ കല്യാണം കഴിച്ചില്ലെന്നല്ലേ ചോയിക്കുന്നേ.. ഞാൻ പോയി പെണ്ണ് ചോയിച്ചില്ലെന്നേയുള്ളൂ. ഇപ്പം വന്ന ആലോചന ഉറപ്പിക്കുന്ന സമയത്ത് അന്നക്കുട്ടി ഓളുടെ വീട്ടിൽ എന്റെ കാര്യം പറഞ്ഞിരുന്നു. പക്ഷേ അവർക്കതിൽ ഇഷ്ടാകാത്തത് കൊണ്ടാ കെട്ടാൻ പറ്റാണ്ടിരുന്നേ. ജോലിയുണ്ടായിട്ടും കാണാൻ മോശമല്ലാതിരുന്നിട്ടും അവർക്ക് എന്താപ്പാ എന്നെ പിടിക്കാതിരുന്നത്..? ഒളിച്ചോടി കല്യാണം കഴിക്കാമെന്ന് ഞാൻ പറഞ്ഞിട്ടും അന്നക്കുട്ടി അതിനു ഒട്ടുമേ സമ്മതിച്ചില്ല. അപ്പനുമമ്മച്ചിയേം ഇട്ട് പോരാനാകില്ലെനാ ഓളുടെ അഭിപ്രായം. അതും ശരിയാപ്പാ.. ഇത്രയും കാലം പോറ്റി വളർത്തിയവരല്ലേ എന്നെക്കാളും വലുത്. അല്ലാതെ എന്റെ ചങ്ങാതിമാർ പറയുന്നത് പോലെ ഓളു പറ്റിച്ചതാണെന്ന് എനക്ക് തോന്നുന്നില്ല.
അവരു പറയുന്നത് ഞാൻ ഓളെ മുതലാക്കണമെന്നായിരുന്നു. വൃത്തികെട്ടവന്മാർ.. എനിക്ക് ഓളോട് ഒരിക്കലും അങ്ങനെ എന്തെങ്കിലും ചെയ്യാൻ തോന്നിയിറ്റില്ല. രാത്രി കുർബ്ബാനക്ക് പള്ളിയിൽ പോകാണ്ട് വീട്ടിലിരുന്ന് അന്നക്കുട്ടി എന്നെ അങ്ങോട്ടേക്ക് വിളിച്ചിട്ടുണ്ട്. അയ്യേ... ഞാൻ പോയില്ല. ആദ്യരാത്രി പരിശുദ്ധരാത്രിയായിരിക്കണം എന്നാണെന്റെ ഒരു വിശ്വാസം. പണ്ട് സിനിമക്ക് പോയപ്പോഴും ബീച്ചിൽ വെച്ചും പള്ളിപെരുന്നാളിന്റന്ന് കറന്റ് പോയപ്പോഴും ഞങ്ങൾക്കങ്ങനെ ചാൻസുണ്ടായിരുന്നു. അന്നക്കുട്ടിക്ക് ഇതിലൊക്കെ കൊറച്ച് ഇന്ററെസ്റ്റ് കൂടുതലാണെന്നാ എനിക്ക് തോന്നുന്നേ. ഇങ്ങോട്ട് തൊടാനും പിടിക്കാനുമൊക്കെ ഓളു നിക്കാറുണ്ട്. ഒരീസം ഓൾടെ വീട്ടുകാർ കല്യാണത്തിനു പോയി വെരാൻ ലേറ്റായ സമയത്ത് രാത്രി എന്നെ അങ്ങോട്ട് വിളിച്ചിരുന്നല്ലോ. വാതിൽ കടന്നതും ഓളു കേറി വന്നെന്നെ ഒറ്റക്കെട്ടിപ്പിടിക്കൽ.. ഞാനാകെ പേടിച്ച് വിറച്ച് ഓളെ ഉന്തിത്തള്ളി പൊറത്തേക്ക് ഒറ്റയോട്ടമായിരുന്നു. കല്യാണത്തിനു മുൻപ് അമ്മാതിരി പരിപാടിക്കൊന്നും എന്നെ കിട്ടില്ല.
ഇന്ന് രാവിലെയായിരുന്നു അന്നക്കുട്ടിയെ കണ്ട ലാസ്റ്റ് ദിവസം. പുലൂപ്പി പള്ളിയുടെ പിന്നിലെ അണ്ടിക്കാട്ടിൽ. ഓൾക്ക് കല്യാണത്തിനു എന്റെ വക രണ്ട് പവനാ ഞാൻ കൊടുത്തത്. കൊറഞ്ഞ് പോയോന്ന് അറിയില്ല. ചുരിദാറും സാരിയും ഇടക്കിടക്ക് മുട്ടുമ്പം പൈസയുമായി കൊറേ ഞാൻ കൊടുത്തിട്ടുണ്ട്. അങ്ങനെ ഞാനിപ്പം കൊറച്ച് കടത്തിലായോണ്ടാ അല്ലേൽ ഒരു രണ്ട് പവൻ കൂടി കൊടുക്കാരുന്നു. അത് വാങ്ങിയിറ്റ് പിന്നേം ഓളെന്നെ ഉമ്മ വെക്കാൻ നിന്നു. ഞാൻ പറഞ്ഞ് പോ.. അന്നക്കുട്ടീ.. പോ.. എന്തിനാപ്പാ വെർതെ.... ഓളന്നേരം എന്നെ നോക്കിയ നോട്ടം... ഹോ.. എന്തൊരു ദേഷ്യാരുന്നു ആ മുഖത്ത്.. ചൊകന്ന് ചൊകന്ന്..
ഓളിങ്ങോട്ട് ആദ്യായിറ്റാ ഒരു സമ്മാനം തെരുന്നേ.. പൊളിച്ചത് മൊതൽ എനിക്കൊരു കൺഫ്യൂഷ്യം... എന്താ ഓളുദ്ദേശിക്കുന്നേന്ന്..
ഇതിന്നകത്തുള്ളത് ഒരു സ്ലേറ്റും പെൻസിലും... എനിക്കൊന്നും തിരിയുന്നില്ലെന്റെ പുണ്യാളച്ചാ... എന്താ ഈന്റെയൊക്കെ അർഥം..!

1 comment:

  1. രൂപക്കൂട്‌ പണിത്‌ പ്രതിഷ്ഠിക്കേണ്ട ആളാണല്ലോ പുണ്യാളച്ചാ!!!!

    ReplyDelete