Saturday, April 30, 2016

പ്രതികാരം

കാദർക്ക-ആയിസത്ത ദമ്പതിമാരുടെ കടിഞ്ഞൂൽ കലാസൃഷ്ടിയാണ് ലത്തീഫ്. ഇവന്റെ താഴെയും നാലു കുഞ്ഞു താരകങ്ങൾ പ്രസ്തുത ദമ്പതിമാർക്ക് ഉണ്ടെങ്കിലും അവരെയൊന്നും ഇവിടെ പരിഗണിക്കുന്നില്ല. കാരണം ലത്തീഫ് എന്നത് കൂടെപ്പിറപ്പുകൾക്കും നാട്ടിലെ പിള്ളേർക്കും അടി ഇടി നുള്ളു ചവിട്ട് തെറി തുടങ്ങിയ സകല കുരുത്തക്കേടുകളും നിർലോഭം കൊടുക്കുന്ന മൊത്തക്കച്ചോട സ്ഥാപനമാണ്. കാദർക്കക്ക് വീട്ടു പറമ്പിൽ തന്നെ റോഡിനോട് ചേർന്ന് ഒരു അനാദിപ്പീടികയുണ്ട്. നന്നായി കടം പോകുമെങ്കിലും സ്വന്തം രണ്ട് മുറിപ്പീടീകയായതിനാൽ കച്ചോടം മോശമില്ലാണ്ട് ഒപ്പിച്ച് പോകാം. ഒരു മുറിയിൽ അനാദി സാധനങ്ങളും മറ്റേതിൽ സ്റ്റോക്കുമാണ്. രണ്ടാമത്തേതിന്റെ മുന്നിൽ വരാന്തയിൽ ഒരു വലിയെ ഉപ്പു പെട്ടിയുണ്ട്. ഉച്ചക്ക് ചോറു തിന്ന് വന്നിട്ട് കാദർക്ക അതിന്റെ മുകളിൽ റെസ്റ്റ് ഇൻ പീസ് ആയി കിടക്കും. അതിന്നിടക്ക് ആരെങ്കിലും സാധനം വാങ്ങാൻ വന്നാൽ ഉറക്കം തടസ്സപ്പെടുത്തിയ കോപത്തിൽ എടുത്തു കൊടുക്കും.
വരാന്തയുടെ അങ്ങേയറ്റത്ത് ഒരു ബക്കറ്റ് വെള്ളവും അടുത്ത് നായി കടിച്ച റൊട്ടി പോലെ ചുളുങ്ങിയ ഒരു ചെറിയ അലൂമിനിയം മൊന്തയും എപ്പോഴുമുണ്ടാകും. ഉപ്പ്, പുളി എന്നിവയൊക്കെ എടുത്ത് കൊടുത്താൽ കൈ കഴുകാനാണ് പ്രസ്തുത വാട്ടർ അതോറിറ്റി രൂപീകരിച്ച് വെച്ചിരിക്കുന്നത്. അങ്ങനെ കഴുകുന്ന വെള്ളം തിന്ന് തിന്ന് തടിച്ച് വലിയൊരു കാന്താരിച്ചെടി നിറഗർഭിണിയായി അവിടെ ഹാപ്പിയായി കഴിയുന്നുണ്ട്. ഈ മൊന്ത കൊണ്ട് വേറൊരു യൂസേജ് കൂടിയുണ്ട്. ഉറക്കമൊക്കെ കഴിഞ്ഞാൽ കാദർക്ക പീടീകയുടെ സൈഡിലെ കുറ്റിക്കാട്ടിൽ പോയി യൂറിൻ പാസ്സ് ചെയ്തതിനു ശേഷം ഹാൻഡ്പമ്പ് വൃത്തിയാക്കാനും കൂടിയാണ് മൊന്തയുടെ പ്രാധാന്യം.
പത്ത് പതിനാലു വയസ്സായിട്ടും ലത്തീഫിനെ കൊണ്ട് കാദർക്കക്ക് റേഷനരി തീർക്കുമെന്നല്ലാണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. പഠിക്കുന്ന കാര്യം പണ്ടേ കിട്ടാത്ത കടം പോലെ എഴുതി തള്ളിയതുമാണല്ലോ. ചെറിയ പിള്ളേരുടെ അടുത്ത് തന്റെ താരാധിപത്യം തെളിയിക്കാൻ ശ്രമിക്കുന്നത് വഴി ലത്തീഫിന്റെ പേരിൽ നാട്ടിലും വീട്ടിലും നിറയെ പരാതികൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. അതിനൊക്കെ കോടതി ജഡ്ജിമാരെപ്പോലെ കാദർക്ക അന്നന്നത്തെ മൂഡിൽ പെറ്റിക്കേസിനുള്ള ശിക്ഷകൾ വിധിക്കുകയും ലത്തീഫ് അപ്പീൽ പോകാതെ ഏറ്റു വാങ്ങുകയും ചെയ്തിരുന്നു.
എന്നും കാദർക്ക ഉച്ചക്ക് ചോറു തിന്നാൻ പോകുമ്പോൾ ലത്തീഫായിരിക്കും കടയുടെ കസ്റ്റോഡിയൻ. മൂപ്പർക്ക് വൈകിട്ട് പൊറോട്ടയും ഭാജിയും അടിക്കാനുള്ള കാശ് ഈ അദർ ഡ്യൂട്ടിയിലാണ് അടിച്ചുമാറ്റുന്നത്. കൂടാതെ മുട്ടായിയും പലഹാരങ്ങളും കട്ടുതിന്നലും അന്നേരമാണ്. അപ്പോൾ ആരെങ്കിലും സാധനം വാങ്ങാൻ വന്നാൽ മുന്നിൽ കാണുന്ന സാധനമായാലും ഇല്ലാന്നേ ലത്തീഫ് പറയൂ. ചുരുക്കി പറഞ്ഞാൽ കാദർക്കയുടെ ഒരു മണിക്കൂർ ലഞ്ച് ബ്രേക്ക് ആണ് ലത്തീഫിന്റെ പവർപ്ലേ ടൈം.
അന്നൊരു ദിവസം കാദർക്ക ചോറിനു മീനില്ലാണ്ട് ദേഷ്യം പിടിച്ച് കുറച്ച് നേരത്തെ ലഞ്ച് ബ്രേക്ക് കട്ട്ഷോർട്ട് ചെയ്ത് പീടികയിലേക്ക് വന്നു. ഒരിക്കലും ലത്തീഫ് അങ്ങനെയൊരു റിട്ടേൺ പ്രതീക്ഷിച്ചില്ലായിരുന്നു. കാദർക്ക വരുമ്പോ ലത്തീഫ് കസേരയിലിരുന്ന് അരിച്ചാക്കിന്റെ മോളിൽ കാലു വെച്ച് മംഗലശ്ശേരി ലത്തീഫായി ഒരു ദിനേശ് കത്തിച്ച് വലിച്ച് അർദ്ധനിലീമിത നേത്രനായിരുന്നു..! കാദർക്കക്ക് അരിച്ചാക്ക് പൊട്ടിയത് പോലെ ദേഷ്യം വന്നു. മൂപ്പർ മുറ്റത്തുണ്ടായിരുന്ന പഴം എടുത്ത് ബാക്കിയായ ഫേസ്ബുക്കിന്റെ എമ്പ്ലം പോലത്തെ വാഴക്കുലമാമ്പ് കൊണ്ട് ലത്തീഫിനെ അറിഞ്ഞ് പെരുമാറി. ചെറിയ കിക്കിൽ സ്വയം മറന്നിരുന്ന് എഞ്ജോയ്മെന്റിലായായിരുന്ന ലത്തീഫിന് പെട്ടെന്നുള്ള അറ്റാക്ക് ഭീകരാനുഭവമായിരുന്നു. ബോധം വന്നപ്പോൾ വേദനമറന്ന് അവൻ ഹർഡിൽസ് പോലത്തെ ചാക്കുകൾ ചാടിക്കടന്ന് പിന്നാമ്പുറത്തേക്കോടി. കാദർക്ക പിന്നെയും ലത്തീഫിനെ തെറി പറഞ്ഞ് കൊണ്ടിരുന്നു. കുറേ കഴിഞ്ഞ് ശാന്തമായി ഉപ്പ്പത്തായത്തിന്റെ മുകളിൽ അനന്തശയനനായി.
കാദർക്കയുടെ കണ്ണടയുന്നതും കാത്ത് പ്രതികാരലത്തീഫ് പിന്നിൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. ഉപ്പയായാലും മോനായാലും പ്രതികാരം ആർക്കുമാരോടും എപ്പോഴും എങ്ങനെയുമാകാമല്ലോ. ലത്തീഫ് ഒളിച്ച് വന്ന് ബക്കറ്റിന്റട്ത്ത് എന്തൊക്കെയോ ചുറ്റിക്കളി നടത്തി സ്ഥലം വിട്ടു.
പള്ളിയുറക്കം വിട്ടുണർന്ന കാദർക്ക പതിവ് മൂത്രാശയ ഭാരം കുറക്കാനായി നിറമൊന്തയുമായി കുറ്റിക്കാട്ടിലേക്ക് നടന്നു. യൂറിൻ ഫ്രീയായപ്പോൾ ശുചീകരണ പ്രവൃത്തിക്കായി മൂപ്പർ മൊന്ത ചെരിച്ചു. “എന്റുമ്മോ... “ എന്നൊരലർച്ചയുമായി കാദർക്ക തുണികൂട്ടിപ്പിടിച്ച് പീടികയിലേക്കോടി...
മീൻ മൊളീശനിട്ട കറി തിന്ന ശേഷം സോപ്പിടാണ്ട് ആ കൈ കൊണ്ട് ജസ്റ്റ് സ്പർശിച്ചാൽ പോലും പുകഞ്ഞ് പോകുന്നത്രക്ക് ഹൈ സെൻസിറ്റീവായ പാർട്സിനാണ് കാദർക്ക ഒരു മൊന്ത കാന്താരി മൊളകിന്റെ വെള്ളം ഒഴിച്ചത്...!

6 comments:

  1. ഇതെന്താ പൊസ്റ്റുകളുടെ പെരുമഴയാണോ? എല്ലാം വായിക്കട്ടെ,,,

    ReplyDelete
  2. ഹാ ഹാ ഹാാ.പാവം കാദർക്ക.

    ReplyDelete
  3. പാവം കാദര്‍ക്ക, ഒരു പണി വന്ന വഴി!

    ReplyDelete
  4. he he ....chirich chirich chaavum.. :D sho ..! ningale vaayikkaan kore vaigiyallo ...

    ReplyDelete
  5. ഒന്ന് ടൈഗർ ബാം നെറ്റിയിൽ പുരട്ടീട്ട് മൂത്രമൊഴിക്കാൻ പോയാല് പോലും സകലതും കത്തി പോണ ഫീലിങ്ങാ .... അപ്പോഴാണ് കാന്താരി മുളക് !

    ദുഷ്ടൻ !!!

    ReplyDelete
  6. ഒന്ന് ടൈഗർ ബാം നെറ്റിയിൽ പുരട്ടീട്ട് മൂത്രമൊഴിക്കാൻ പോയാല് പോലും സകലതും കത്തി പോണ ഫീലിങ്ങാ .... അപ്പോഴാണ് കാന്താരി മുളക് !

    ദുഷ്ടൻ !!!

    ReplyDelete