കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഞാന്‍ നാട്ടിലുള്ള ഒരു മലഞ്ചരക്ക് കടയില്‍ കണക്കെഴുത്ത് ജോലി ചെയ്യുന്ന കാലം. കണക്കെഴുത്തൊക്കെ സെക്കന്ററി ജോലിയാണ്. റോഡിലൂടെ പോകുന്ന പെണ്‍പിള്ളേരുടെ സെന്‍സസ് എടുക്കലാണ് മെയിന്‍ വര്‍ക്ക്. കൂട്ടിന് തൊട്ടടുത്ത കടയില്‍ വീഡിയോ ലൈബ്രറി നടത്തുന്ന അശോകനുമുണ്ടാവും. ഞാനവിടെ ജോലിക്ക് പോയതു മുതല്‍ അവനാണു എന്റെ ബെസ്റ്റ് ഫ്രന്റ്. സാമ്പത്തികമായി അവന്‍ നല്ല നിലയിലാണ്. അച്ഛന്‍ ഗസറ്റഡ് ആഫീസര്‍, വീട്ടില്‍ ധാരാളം സ്വത്ത്, ഒറ്റ മകന്‍. ഒരു അഡ്രസ്സിനു വേണ്ടി വീഡിയോ ലൈബ്രറി നടത്തുന്നു എന്നേയുള്ളു.
അശോകന്‍ ഒരു മൂകാംബികാ ഭക്തനാണ്. വര്‍ഷത്തിലൊരിക്കലെങ്കിലും അവിടെ ദര്‍ശനത്തിനു പോകും. ഒരിക്കല്‍ അവിടെ വെച്ച് ബാംഗ്ലൂരില്‍ നിന്നും വന്ന ഒരു മലയാളി ഫാമിലിയുമായി അവന്‍ പരിചയപ്പെടാനിടയായി. അവരുടെ കൂടെ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുമായി അവന്‍ അടുപ്പത്തിലാവുകയും പിരിയുമ്പോള്‍ അവളുടെ ആഫീസ് വിലാസവും ഫോണ്‍ നമ്പറും വാങ്ങുകയും പകരം അവന്റെ ഹ്രുദയം ഊരി കൊടുക്കുകയും ചെയ്തു. അന്നു മൊബൈല്‍ ഫോണ്‍, ഇ-മെയില്‍, ബ്ലോഗ് തുടങ്ങി പ്രണയിക്കാനുള്ള യാതൊരു മീഡിയവും കണ്ടുപിടിച്ചിരുന്നില്ല. ലാന്റ് ഫോണ്‍ കണക്ഷനാണെങ്കില്‍ കിട്ടാന്‍ വലിയ ബുദ്ധിമുട്ടുമായിരുന്നു. ടെലഫോണ്‍ ബൂത്തുകള്‍ അല്ലെങ്കില്‍ കത്തുകള്‍ മാത്രമായിരുന്നു കാമുകീ കാമുകന്മാരുടെ ആക്രാന്തം തീര്‍ക്കുവാനുള്ള പോംവഴികള്‍. പക്ഷേ എസ്.ടി.ഡിക്ക് വലിയ ചാര്‍ജ്ജായതിനാല്‍ ഒന്നു രണ്ടു ഫോണ്‍ വിളി കഴിഞ്ഞപ്പോള്‍ കത്തെഴുതുന്നതാണ് തന്റെ പോക്കറ്റിനു നല്ലതെന്നു അശോകന് വെളിപാടുണ്ടായി. പക്ഷേ ആ കുട്ടിയുടെ ഫാമിലി കുറേ വര്‍ഷങ്ങളായി ബാംഗ്ലൂരില്‍ സെറ്റില്‍ ചെയ്തവരാണ്. അവള്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല. പക്ഷേ, കേട്ടാല്‍ മനസ്സിലാവും. സംസാരിക്കാനും ബുദ്ധിമുട്ടില്ല. അതു കൊണ്ട് കത്തെഴുതുന്നത് ഇംഗ്ലീഷിലായിരിക്കണം.
അശോകന്‍ പ്രീഡിഗ്രി വരെ മാത്രമേ പഠിച്ചിട്ടുള്ളു. ഇംഗ്ലീഷില്‍ വലിയ ഒരു പിടിപാടൊന്നുമില്ല. അതു കൊണ്ട് കത്തെഴുതാന്‍ വേണ്ടി അവനെന്നെ പിടിച്ചു. ഞാനാണെങ്കില്‍ വര്‍ഷങ്ങളുടെ കഠിന പ്രയത്നം കൊണ്ടൊരു ഡിഗ്രി ഒപ്പിച്ചെടുത്തിരുന്നു. അവന്റെ കണ്ണില്‍ ഞാനൊക്കെ വലിയ സംഭവമാണു. (പക്ഷേ ഉള്ളതും കൊണ്ട് പതപ്പിച്ചു പോകാന്‍ പെടുന്ന പാട് നമുക്കല്ലേ അറിയൂ.) ഇംഗ്ലീഷിലുള്ള എന്റെ ‘തറ (thorough) നോളജ്’ നല്ല ബോധ്യമുള്ളതു കൊണ്ട് രക്ഷപ്പെടാന്‍ വേണ്ടി, ഒരു മില്‍ക്ക് ഷെയ്ക്ക് വാങ്ങി തന്നാല്‍ എഴുതി തരാമെന്നു പറഞ്ഞു നോക്കി. പക്ഷേ അവനുടനെ സമ്മതിച്ചു. അങ്ങനെ, വെയിറ്റ് കുറക്കാന്‍ പറ്റില്ലാത്ത സിറ്റ്വേഷനായത് കൊണ്ടും, ലവ് ലെറ്റര്‍ എന്നത് ഒരു സാഹിത്യ സാമൂഹിക പുരോഗമന പരിപാടി ആയത് കൊണ്ടും, എനിക്ക് സമ്മതിക്കേണ്ടി വന്നു.
പ്രേമിക്കണം എന്നല്ലാതെ എന്താണു എഴുതേണ്ടത് എന്ന കാര്യത്തില്‍ അവന്‍ യാതൊരു ഐഡിയയുമില്ല. ''അതു ചോദിക്കു, ഇതു ചോദിക്കു..'' എന്നിങ്ങനെ എന്തൊക്കെയോ പറഞ്ഞു തന്നു. ബാക്കി സാഹിത്യപരമായ സാധനങ്ങള്‍ എനിക്കിഷ്ടമുള്ളത് എഴുതിക്കൊള്ളാനും പറഞ്ഞു. മുന്‍പരിചയം ഒട്ടും ഇല്ലാതിരുന്നിട്ടു കൂടി, ഞാന്‍ ഡിക്ഷനറി നോക്കിയും പഴയ ഇംഗ്ലീഷ് പദ്യങ്ങള്‍ അടിച്ചു മാറ്റിയും, എന്റെ ഭാവന പ്രയോഗിച്ചും എങ്ങനെയൊക്കെയോ ഒരെണ്ണം തട്ടിക്കൂട്ടി കൊടുത്തു. പ്രോമിസ് ചെയ്തതു പോലെ അവന്‍ മില്‍ക്ക് ഷെയ്ക്ക് വാങ്ങിത്തന്നു. കവറില്‍ അഡ്രസ്സ് എഴുതിയതും കൊറിയര്‍ ചെയ്തതും അവന്‍ തനിച്ചാണ്. ഈ കാമുകന്‍മാരൊക്കെ സെല്‍ഫിഷ് ആയതു കൊണ്ടാവണം അഡ്രസ്സ് എനിക്ക് കാണിച്ചു തന്നില്ല. (അല്ലാതെ എന്നെ വിശ്വാസമില്ലാഞ്ഞിട്ടൊന്നുമല്ല!!) അവന്റെ അച്ഛന്‍ ഇടയ്ക്കിടയ്ക്ക് അവന്റെ ഷോപ്പില്‍ വന്നിരിക്കാറുണ്ടെന്നതിനാല്‍ അവള്‍ക്ക് മറുപടി അയക്കാന്‍ കെയറോഫായി എന്റെ കടയുടെ അഡ്രസ്സാണ് വെച്ചത്.
രണ്ടു മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളുടെ മറുപടി കിട്ടി. അവളുടേത് കടുപ്പപ്പെട്ട ഇംഗ്ലീഷായിരിക്കുമോ എന്നെനിക്ക് പേടിയുണ്ടായിരുന്നു. പക്ഷേ, കുഴപ്പമില്ല. പിന്നീട് അതൊരു സ്ഥിരം പരിപാടിയായി മാറി. എല്ലാ ആഴ്ചയിലും ഒരു കത്ത് എഴുതി കൊടുക്കുക, കൂലിയായി മില്‍ക്ക് ഷെയ്ക്ക് കുഴിക്കുക, മറുപടി വരുമ്പോള്‍ വായിച്ച് എക്സ്പ്ലെയിന്‍ ചെയ്തു കൊടുക്കുക. ഇങ്ങനെ കുറച്ച് നാളുകള്‍ പോയപ്പോള്‍, സംഗതി സീരിയസ്സാവുകയാണെന്ന് എനിക്ക് തോന്നി. കാരണം, ആ കുട്ടിയുടെ സ് നേഹത്തിന്റെ ആത്മാര്‍ത്ഥതയും മനസ്സിന്റെ നൈര്‍മ്മല്യവും അവനുമൊന്നിച്ച് അവള്‍ കാണുന്ന ജീവിത സ്വപ്നങ്ങളും അവളുടെ പ്രണയാര്‍ദ്രമായ വരികളില്‍ നിന്നും മനസ്സിലാകുമായിരുന്നു. അതു കൊണ്ട് വെറുതേ അവളെ മോഹിപ്പിക്കേണ്ടെന്നു ഞാനവനോട് പറഞ്ഞു. പക്ഷേ അവനും കടുത്ത പ്രണയമായിരുന്നു. എന്തു സംഭവിച്ചാലും ഒന്നിച്ചു ജീവിക്കണമെന്ന് അവര്‍ തീരുമാനിച്ചു. അവന്റെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടുമോ എന്ന സംശയമേ ഉണ്ടായിരുന്നുള്ളു.
കത്തെഴുത്തും വായനയും മില്‍ക്ക് ഷെയ്ക്കുമായി ദിവസങ്ങള്‍ ജോളിയായി പോകവെ, എന്റെ എഴുത്ത് പണിയുടെ മാഹാത്മ്യം കൊണ്ടാവണം ബിസിനസ്സ് പൊളിയുകയും ഹാജീക്ക കടയടച്ചു പൂട്ടി സ്ഥലം വിടുകയും ചെയ്തു. ഞാന്‍ ടൌണിലെ മാര്‍വാഡിയുടെ ഒരു ചിട്ടി കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. അതാണെങ്കില്‍ നോക്കിയ ഫോണിന്റെ പ്ലാന്റ് പോലെയായിരുന്നു. പണിയോട് പണി. രാവിലെ പോയാല്‍ രാത്രി ബസ്സിനേ മടങ്ങാന്‍ പറ്റൂ. അതു കൊണ്ട് ഒന്നു രണ്ടാഴ്ച എനിക്ക് അശോകനുമായി മീറ്റ് ചെയ്യാന്‍ പറ്റിയില്ല. ഒരു ദിവസം രാത്രി ഞാന്‍ ബസ്സിറങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു. അപ്പോള്‍ അശോകന്‍ ഒരു ബൈക്കില്‍ അതിലേ കടന്നു പോയി. എന്നെ കണ്ട് അവനുടനെ തിരിച്ചു വന്നു വളരെ സന്തോഷത്തില്‍ പറഞ്ഞു. ''എടാ … എന്റെ കാര്യം വീട്ടില്‍ അറിഞ്ഞു. അച്ഛനുമമ്മയും സമ്മതിച്ചു... എനിക്കുടനെ അവളെ കാണണം.. ഇന്നു രാത്രി ഞാന്‍ ബാംഗ്ലൂരിലേക്ക് പോകുവാണു. അവള്‍ രാവിലെ മജസ്റ്റിക്കില്‍ കാത്തു നില്‍ക്കും... നിന്നോട് കുറേ പറയാനുണ്ട്.... പിന്നെ കാണാം…'' അതും പറഞ്ഞ് അവന്‍ തിരക്കിട്ട് ബൈക്ക് ഓടിച്ചു പോയി. ഞാനും പങ്കാളിയായ ഒരു പ്രണയം ശുഭപര്യവസായി ആവുന്നതില്‍ സന്തോഷിച്ച് ഞാന്‍ വീട്ടിലേക്ക് പോയി.
പക്ഷേ സന്തോഷമെന്നത് ഒരിക്കലും സ്ഥായിയായ ഒന്നല്ലല്ല്ല്ലോ. പിറ്റേന്നു രാവിലെ ഞാന്‍ ഉറക്കമെഴുന്നേറ്റത് അശോകന്‍ മരിച്ചുവെന്ന വാര്‍ത്ത കേട്ടാണു. തൊണ്ട വറ്റി, കാലുകള്‍ക്ക് ബലം കുറഞ്ഞ് ഞാന്‍ കുഴഞ്ഞു വീണുപോയി. പിന്നീട് നാട്ടുകാര്‍ പറഞ്ഞാണ് വിവരങ്ങള്‍ അറിഞ്ഞത്. തലേന്ന് രാത്രി ടൌണിലേക്ക് പോകുമ്പോള്‍ ഒരു വളവില്‍ വെച്ച് നിയന്ത്രണം വിട്ട ബൈക്ക് ഒരു ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അവന്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
യാന്ത്രികമായി ബസ്സു കയറി ഞാന്‍ ജില്ലാ ആശുപത്രിയിലെത്തി. അവിടെ മോര്‍ച്ചറിയിലെ പൊട്ടിപ്പൊളിഞ്ഞ സിമന്റ് തറയില്‍ അവന്‍ കിടക്കുന്നുണ്ടായിരുന്നു. നെറ്റി മുതല്‍ മുകളിലേക്ക് തലയോട്ടി പിളര്‍ന്ന്, ചോര ഉണങ്ങി കട്ടപിടിച്ച്... അണ്ടര്‍വെയര്‍ മാത്രം ധരിച്ച്… കറുത്ത് കരുവാളിച്ച്… പിളര്‍ന്ന തലയോട്ടിയിലൂടെ ഉറുമ്പുകള്‍ അരിച്ചു കയറുന്നു. ഒരൊറ്റ നോട്ടമേ ഞാന്‍ നോക്കിയുള്ളു.. ഉള്ളില്‍ തന്നെ ഒടുങ്ങിയ ഒരു നിലവിളിയുമായി ഞാന്‍ പുറത്തേക്കോടി….
വര്‍ഷങ്ങള്‍ക്കു ശേഷം, ഓരോ ഫിബ്രവരിയിയിലും പത്രത്തിലെ ചരമ അനുസ്മരണത്തിന്റെ ചതുരത്തിലൊതുക്കാനാവാത്ത മന്ദസ്മിതവുമായി അവന്‍ ഒരു സുഹ്രുത്ബന്ധത്തിന്റെ ഓര്‍മ്മകള്‍ പുതുക്കുന്നു. ഒപ്പം വിധി വെട്ടി മാറ്റിയ ഒരു പ്രണയത്തിന്റെയും. മറ്റൊന്നും ചെയ്യാനാവാതെ ശൂന്യമായി കൊഴിഞ്ഞ് തീരുന്ന ദിനരാത്രങ്ങളിലെ അശാന്തതയില്‍ ഞാന്‍ അവളെപ്പറ്റി ഓര്‍ക്കാറുണ്ട്… ഇന്നും അജ്ഞാതയായ ആ കുട്ടിയെ… നിറയെ സ്വപ്നങ്ങളുമായി മോഹിക്കപ്പെട്ട ആ ദിവസം, എത്ര സമയം അവള്‍ ആ ബസ് സ്റ്റാന്‍ഡില്‍ കാത്തു നിന്നിട്ടുണ്ടാകും…?
അവന്‍ പിടഞ്ഞു വീണു മണ്ണായ് മാറിയത് ആ പാവം ഇപ്പോഴെങ്കിലും അറിഞ്ഞിരിക്കുമോ?
കുമാരേട്ടാ...
ReplyDeleteഒരു പ്രണയത്തിന്റെ ദു:ഖകരമായ പര്യവസാനം! എന്താ പറയേണ്ടതെന്നറിയില്ല... സഫലമാകാതെ പോയ പ്രണയസ്വപ്നവുമായി ജീവന്‍ വെടിഞ്ഞ ആ സുഹൃത്തിന്റെ ആത്മാവിന്റെ ശാന്തിയ്ക്കായി പ്രാര്‍ത്ഥിയ്ക്കാം.
കുമാരോ...ഒള്ളത് തന്നാ...? യഥാര്‍ത്ഥ്യമായാലും അല്ലെങ്കിലും ഹാസ്യത്തോടൊപ്പം ഹൃദയസ്പര്‍ശിയായ വിവരണം.
ReplyDeleteമനസ്സ് വേദനിപ്പിച്ചു ഈ പോസ്റ്റ്
ReplyDeleteജീവിതത്തെ പിരിയാത്ത ഓര്‍മ്മകള്‍....
ചാത്തനേറ്: മരിച്ച് കിടന്ന സുഹൃത്തിന്റെ വിവരണം ഇത്തിരി കട്ടിയായിപ്പോയി.
ReplyDeleteകുമാരന്‍-
ReplyDeleteപെട്ടെന്നുള്ള എഴുത്തുന്റെ തിരിക്കല്‍ എഴുത്തിന്റെ ഭംഗി കുറച്ചു- ഒരു ഇടിച്ചുനിര്‍ത്തല്‍ പോലെ-
വളരെ വൈകാരികമാവുന്ന ഒന്നായിരുന്നു- സംഭവം വൈകാരികമല്ല എന്നല്ല- അവതരണം-
വെറുതെ നന്നായി - നന്നായി - എന്നു പറയുന്നതില്‍ കാര്യമില്ലല്ലോ
ഒരു പ്രണയത്തിന്റെ ദു:ഖകരമായ പര്യവസാനം!
ReplyDeleteമനസ്സില്‍ എന്തോ ഒരു നൊമ്പരം തീര്‍ത്തു. ആശംസകള്‍.
ഹയ്യോ
ReplyDeleteഞാന്‍ ഇങ്ങനെ ഒരു അവസാനം പ്രതീക്ഷിച്ചില്ല
ചിരിക്കാനുള്ള എന്തെങ്കിലും ഉണ്ടാകും എന്ന് കരുതി ...
ആ പെന്കൊച്ചു എനിക്ക് ആലോചിക്കുമ്പോള്‍ കരച്ചില്‍ വരുന്നു
വല്ലാതെ മനസ്സിനെ നോവിച്ചു കളഞ്ഞല്ലോ മാഷെ..തുടക്കം കണ്ടപ്പോള്‍.. ചിരിപ്പിക്കുന്ന അവസാനം
ReplyDeleteആകും എന്ന് കരുതി. പക്ഷെ തീര്‍ന്നപ്പോള്‍ മനസ്സില്‍ എന്തോ ഒരു ഭാരം..
കുമാരാ..
ReplyDeleteശ്രീ പറഞ്ഞതു പോലെ എന്താണ് പറയേണ്ടതെന്നറിയില്ല..
നന്നായി എഴുതി...
ആ കുട്ടി അറിഞ്ഞിരിക്കുമോ ആവോ. നൊമ്പരപ്പിക്കുന്ന പോസ്റ്റ്
ReplyDeleteശ്രീ: ആദ്യ കമന്റിനു പ്രത്യേക നന്ദി.
ReplyDeleteഫസല്‍ / fazal: നടന്ന സംഭവം തന്നെ.
ramaniga, Bindhu Unny, ആർപീയാർ | RPR,കണ്ണനുണ്ണി,പിരിക്കുട്ടി,വാഴക്കോടന്‍ // vazhakodan:
എല്ലാവർക്കും നന്ദി.!!
കാട്ടിപ്പരുത്തി: കുറച്ച് വേഗത കൂടിപ്പോയി എന്നു തോന്നുന്നു. തുറന്ന് പറഞ്ഞതിലും കമന്റിയതിനും നന്ദി.
കുട്ടിച്ചാത്തന്‍: സാധാരണയായി ഒരു മരണവീട്ടിൽ പോലും പോകാൻ എനിക്ക് ഭയമാണ്. ഇങ്ങനെയൊരു കാഴ്ച കാണേണ്ടി വരുമെന്നൊരിക്കലും കരുതിയില്ല. കണ്ടത് എഴുതിപ്പോയി എന്നു മാത്രം. കമന്റിനു നന്ദി.
സുഹൃത്തിനെ കണ്ട കാഴ്ച ഇങ്ങനെ വിവരിക്കേണ്ടായിരുന്നു..
ReplyDeleteഞാന്‍ നടുങ്ങിപ്പോയി..
മനസ്സില്‍ തട്ടിയ പോസ്റ്റ്..
എന്തു ചെയ്യാം കുമാര്‍ജി, മനുഷ്യന്‍ ഇത്രയേ ഉള്ളൂ.
ReplyDeleteഓഫ്ഫ്:
പ്രേമിക്കാന്‍ ബ്ലോഗ്ഗ് ഉപയോഗിക്കുന്ന വിദ്യ ഒന്നു പറഞ്ഞു തരണേ.
:)
വേദനിപ്പിച്ചല്ലോ.തുടക്കം രസത്തോടെ വായിച്ചു വന്നതായിരുന്നു.അവസാനം നൊമ്പരപ്പെടുത്തി.പാവം ആ പെൺകുട്ടി ഈ മരണവാർത്ത അറിയാതിരിക്കട്ടെ .അറിയാതിരുന്നാൽ അശോകനെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകുമായിരിക്കും.എന്നാലും !മനസ്സിൽ തട്ടിയ പോസ്റ്റ്
ReplyDelete:(
ReplyDeleteരംഗബോധമില്ലാത്ത കോമാളി
:(
ReplyDeleteസങ്കടപ്പെടുത്തി.. ശരിക്കും...!
തമാശയിൽ തുടങ്ങിയ പോസ്റ്റ് വായിച്ചവസാനിപ്പിച്ചപ്പോൾ വല്ലാത്തൊരു വിഷമം ബാക്കി
ReplyDeleteആ പെൺകുട്ടി എത്ര സമയം ആ ബസ് സ്റ്റാന്‍ഡില്‍ കാത്തു നിന്നിട്ടുണ്ടാകും…? ഒരു ജന്മം മുഴുവൻ അവൾ ആ ഓർമ്മകൾക്ക് കാവൽ നിൽക്കുന്നുണ്ടാകും
...വേദനയുടെ അക്ഷരങ്ങള്‍...
ReplyDeleteഒരു പക്ഷെ അവളുടെ കാത്തിരിപ്പ് ഇന്നും തുടരുന്നുണ്ടാകാം
അയ്യോ!ഞാനിവിടെ വന്നിട്ടേയില്ല:(
ReplyDeleteവയ്യ,സങ്കടപ്പെടാൻ...
മരണം രംഗബോധമില്ലാത്ത കോമാളി ആണ് എന്നത് എത്രയോ സത്യം. ആ പെണ്‍കുട്ടി അറിഞ്ഞു കാണില്ലേ? ഒരു പക്ഷെ ആ വേദനയുമായി അവള്‍ എവിടെയോ ........
ReplyDeletekannu nanayichu..
ReplyDeleteവായിച്ചു...ഇഷ്ടപെട്ടു...നല്ല പോസ്റ്റ്!
ReplyDeleteഅവന്‍ പിടഞ്ഞു വീണു മണ്ണായ് മാറിയത് ആ പാവം ഇപ്പോഴെങ്കിലും അറിഞ്ഞിരിക്കുമോ?....
ReplyDeleteവല്ലാതെ നൊമ്പരപ്പെടുത്തുന്ന പോസ്റ്റ്... ഒരു വേള ഇതൊരു കഥയാണെന്ന് ഞാൻ വിശ്വസിക്കട്ടേ. എന്റെ മനസ്സിനെ പറഞ്ഞ് പാകപ്പെടുത്താനെങ്കിലും..
"ഒരു വേള ഇതൊരു കഥയാണെന്ന് ഞാൻ വിശ്വസിക്കട്ടേ. എന്റെ മനസ്സിനെ പറഞ്ഞ് പാകപ്പെടുത്താനെങ്കിലും.."
ReplyDeleteസുഹ്രുത്തേ നരി പറയുന്നതു പോലെ തന്നെ ഞാനും പറയട്ടെ.. അല്ല അങ്ങിനെ മതി
കുമാരേട്ടാ,
ReplyDeleteനേരത്തെ വായിച്ചാരുന്നു, ഇപ്പോഴാ ഒന്നു കൂടി വായിച്ചത്.രണ്ട് പ്രാവശ്യവും വിഷമിപ്പിച്ചു.
നടന്ന സംഭവമാണെന്നറിഞ്ഞപ്പോള്‍...
വായിച്ചു തുടങ്ങിയപ്പോള്‍ കരുതിയില്ല ഒടുക്കം ഇങ്ങനെയാകുമെന്ന്...
ReplyDelete"ഒരു വേള ഇതൊരു കഥയാണെന്ന് ഞാൻ വിശ്വസിക്കട്ടേ. എന്റെ മനസ്സിനെ പറഞ്ഞ് പാകപ്പെടുത്താനെങ്കിലും.."
നരിക്കുന്നന്റെ വാക്കുകള്‍ ഞാനും കടമെടുക്കുന്നു.
ഒന്നോടിച്ചു നോക്കാന്‍ എത്തിയതാ, പക്ഷെ, ആകപ്പാടെ ചങ്കു വേദനിക്കുന്നു. താമശയില്‍ പൊതിഞ്ഞ് നിരത്തിയ ഈ കഥക്കു പലവിധ സങ്കടങ്ങളും പറയാനുണ്ടല്ലൊ...നന്നായിട്ടുണ്ട് എന്നല്ല,എല്ലാവര്‍ഷവും എത്തുന്ന ചരമവാര്‍ത്തയിലെ പുഞ്ചിരി, എല്ലാവരുടെയും മനസ്സിലും മായാതെ തന്നെ നില്‍ക്കും, എനിക്കു പ്രത്യേകിച്ചൂം.
ReplyDeleteഅനി,ഇത്രയും വേണ്ടായിരുന്ന് ഇല്ലേ?ഒരുപാടാശിച്ച് ഒടുവില്‍ സ്വന്തമാകുമെന്നായപ്പോള്‍..
ReplyDeleteനിനക്കൊരിത്തിരിനേരം കൂടി അയാളോട് സംസാരിക്കരുന്നില്ലേ?ഒരു പക്ഷെ ആ അപകടം ഒഴിവായേനേം...
കമന്റുകളെഴുതിയ എല്ലാവർക്കും നന്ദി.
ReplyDeleteവെറുതെ ആളെ കരയിപ്പിക്കല്ലെ അളിയാ....
ReplyDeleteതമാശയായിട്ടാണ് തുടങ്ങിയതെങ്കിലും വേദനയില്‍ അവസാനിച്ച ഒരനുഭവമായിപ്പോയല്ലോ ? ആ പെണ്‍കുട്ടിയുടെ മാനസ്സികാവസ്ഥ മാത്രം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
ReplyDeleteഇതൊക്കെയാണല്ലേ ജീവിതം ?
അശോകന് ആത്മശാന്തി നേരുന്നു :(
ReplyDeleteമനസ് നീറുന്നു മാഷെ
ReplyDeleteവേദനയുടെ കറുത്ത ജാലകം എനിക് മുന്‍പില്‍ തെളിയുമ്പോള്‍ എല്ലാം ഓര്‍മകള്‍ മാത്രം.
ReplyDeleteചിരിച്ചു രസിച്ചും പോസ്റ്റുകളോരോന്ന്നായി വായിക്കുകയായിരുന്നു.
ReplyDeleteപക്ഷെ, ഇത് വേദനിപ്പിച്ചു.
കലക്കി
ReplyDeleteഎല്ലാവര്‍ക്കും നന്ദി.
ReplyDelete