Friday, August 29, 2008

അങ്ങനെ ഒരു കഥാകൃത്തുണ്ടായി

ഞങ്ങളുടെ നാട്ടിലെ ഒരു പ്രധാന റോമിയോ ആണു ജയകുമാര്‍. 15 മുതല്‍ 20 വരെ വയസ്സാണു അവന്റെ റെയ്ഞ്ച്. കല്ല്യാണ വീടുകളിലെ അടുക്കള ഭാഗവും പ്രൈവറ്റ് ബസ്സുകളിലെ മുന്‍ഭാഗവുമാണു ഇഷ്ട സ്ഥലങ്ങള്‍. എല്ലാ പെണ്‍കുട്ടികളുമായും അവന്‍ അഗാധമായ പ്രേമത്തിലാവുമെങ്കിലും ഒരെണ്ണം പോലും അധികകാലം നില്‍ക്കില്ല. എന്തെങ്കിലും കാരണത്താല്‍ ഒക്കെ തട്ടിമാറിപ്പോകും. അങ്ങനെ പാളിപോയ ഒരു പ്രേമത്തിനു ശേഷമാണു ജയകുമാറിലൊരു കഥാകൃത്തുണ്ടെന്നുള്ള കാര്യം ഞങ്ങള്‍ അറിഞ്ഞത്. പ്രണയ പരാജയത്തിന്റെ ദിവസമെഴുതിയ ആ കഥ എവിടെയും പ്രസിദ്ധീകരിച്ചില്ലെങ്കിലും കഥാകൃത്തെന്ന പേരില്‍ അവന്‍ നാട്ടില്‍ പ്രശസ്തനായി.


ടൌണില്‍ കമ്പ്യുട്ടര്‍ കോഴ്സിനു പഠിക്കുകയാണു ജയകുമാര്‍. കാണാന്‍ വലിയ കുഴപ്പമില്ല. മെലിഞ്ഞു ഇരുനിറം. എപ്പോഴും നല്ല ഡ്രെസ്സിട്ട് വശീകരണ പൊട്ടും തൊട്ടു കുട്ടപ്പനായിരിക്കും. എല്ലാ പെണ്‍കുട്ടികള്‍ക്കും എപ്പോള്‍ വേണമെങ്കിലും കൊടുക്കാനായി ഒരു പുഞ്ചിരി റെഡിയാക്കി വെച്ചിരിക്കും. നാട്ടിലെ പൂട്ടിയിട്ട ചകിരി കമ്പനിയുടെ അടുത്താണു വീട്. ആ സ്ഥലം ചേരിക്കുണ്ട് എന്ന പേരിലാണു അറിയപ്പെടുന്നത്. അച്ഛനുമമ്മയും മൂന്നു പെങ്ങന്‍മാരുമാണു വീട്ടിലുള്ളത്. അച്ഛന്റേയും അമ്മയുടേതുമല്ലാതെ മറ്റാരുടേയും കല്ല്യാണം കഴിഞ്ഞിട്ടില്ല. അതിനാല്‍ വീട്ടില്‍ യാതൊരു ക്രമസമാധാന പ്രശ്നവുമില്ല.


പെണ്‍കുട്ടികളെ ലൈനാക്കാന്‍ അവനു ചില ട്രേഡ് സീക്രട്സ് ഒക്കെയുണ്ട്.
അതിലൊന്നു സ്വന്തം കാര്യമൊക്കെ മറച്ചു വെക്കുകയെന്നതാണു. അച്ഛന്‍ ഗള്‍ഫില്‍, അമ്മ ഹൌസ് വൈഫ്, പെങ്ങന്‍മാര് മൂന്നില്‍ നിന്നും ഒന്നായി ചുരുക്കും. ഗള്‍ഫിലേക്ക് പോകാന്‍ വിസ റെഡി. അതിനുമുന്‍പായി ഒരു കമ്പ്യുട്ടര്‍ കോഴ്സ് ചെയ്യുന്നു. ഇങ്ങനെയൊക്കെ പറഞ്ഞാലേ ഇപ്പോഴത്തെ പെണ്‍പിള്ളേര്‍ വീഴൂ എന്നവനറിയാം. വീട്ടിലെ ശരിക്കുള്ള സ്ഥിതിയൊക്കെ അറിഞ്ഞാല്‍ 'ചേട്ടനെനിക്ക് പിറക്കാതെ പോയ ചേട്ടനാണു ചേട്ടാ' എന്നും പറഞ്ഞു അവളുമാര്‍ മുങ്ങുമല്ലോ.


കമ്പ്യുട്ടര്‍ കോഴ്സിനു ചേരുമ്പോ നല്ല പെണ്‍പിള്ളേരുള്ള സ്ഥലത്തേ ചേരൂ എന്ന ഒറ്റ നിബന്ധനയേ അവനുണ്ടായിരുന്നുള്ളു. നല്ല അന്തരീക്ഷത്തില്‍ പഠിച്ചാല്‍ പഠിപ്പിക്കുന്നത് പെട്ടെന്നു തലയില്‍ കയറുമല്ലോ. അവിടെ കാണാന്‍ മോശമായ എത്രയോ കുട്ടികളുണ്ടെങ്കിലും അവനു കൂടുതല്‍ ഇഷ്ടം തോന്നിയത് സുന്ദരിയായ ഷീനയോട് മാത്രമാണു. അച്ഛനുമമ്മയ്ക്കും ഒറ്റ മകള്‍. വീട്ടില്‍ നല്ല സാമ്പത്തിക സ്ഥിതി. എല്ലാ സ്വത്തിനും ഒറ്റ അവകാശി. ഇതിലധികം പിന്നെയെന്തു വേണം. കുറച്ച് കഷ്ടപ്പെട്ടെങ്കിലും ജയന്റെ നയപരമായ ഇടപെടലിലും ട്രേഡ് സീക്രട്സിലും ഷീന വീണു. അവള്‍ക്കും ജയനെ വളരെ ഇഷ്ടമായി.


തനിക്കു കിട്ടിയതിലേക്ക് വെച്ച് ഏറ്റവും നല്ല കണക്ഷനായത് കൊണ്ട് എന്തു വിലകൊടുത്തും അവസാനം വരെ കൊണ്ട് പോകണമെന്നു അവന്‍ തീരുമാനിച്ചു.


അങ്ങനെ ആ പ്രണയ റിവര്‍ യാതൊരു അണക്കെട്ടിന്റെയും പാലത്തിന്റെയും തടസ്സമില്ലാതെ മുന്നോട്ട് പോകുമ്പോഴാണു വില്ലന്‍ കടന്നു വരുന്നത്. കമ്പ്യുട്ടര്‍ പഠിക്കാന്‍ വന്ന സുന്ദരനും സുമുഖനും സര്‍വ്വോപരി ബൈക്കും ഷൂവും മൊബൈല് ഫോണുമുള്ള വിനോദ്. വേറെ എത്ര പെണ്‍പിള്ളേര്‍ ഭൂമിയിലുണ്ട് പക്ഷേ വിനോദിനും ഷീനയെ തന്നെയാണിഷ്ടപ്പെട്ടത്. ഷീന പക്ഷേ ജയനുമായി ഫെവിക്കോളിട്ടപോലെ ഉറച്ചു പോയതിനാല്‍ വിനോദിനു സംഗതി എളുപ്പത്തില്‍ നടക്കില്ലെന്നു ബോധ്യമായി. അതിനു വേണ്ടി വിനോദ് ജയകുമാറിനേയും ഷീനയേയും അകറ്റാനുള്ള ശ്രമത്തിലേര്‍പ്പെട്ടു.


ജയകുമാര്‍ ഇല്ലാത്ത സമയങ്ങളില്‍ അവനെ കുറ്റം പറഞ്ഞു ചിരിക്കുക, അവന്റെ ഡ്രെസ്സിനെപറ്റിയും നടത്തത്തിനെ പറ്റിയും പരിഹസിക്കുക. ഷീനക്കും കൂട്ടുകാരികള്‍ക്കും മിഠായി വാങ്ങിക്കൊടുക്കുക, മൊബൈലിലെ എസ്.എം.എസ്, വിഡിയോ ക്ലിപ്പിങുകള് അവരെ കാണിക്കുക, എന്നിങ്ങനെ പല പല നമ്പര്‍ പയറ്റി വിനോദ് മുന്നോട്ട് പോയിക്കൊണ്ടിരുന്നു.


പാവം ജയനു വിനോദിനെ തീരെ സംശയമുണ്ടായിരുന്നില്ല. അവനു വിനോദ് എത്രവരെ പോകുമെന്നതിനെക്കുറിച്ച് ഒരു വിദൂര സങ്കല്‍പ്പം പോലുമുണ്ടായിരുന്നില്ല.


ഒരു ഞായറാഴ്ച്ച ഞങ്ങള്‍ വായനശാലയുടെ താഴത്തെ വരാന്തയിലുള്ള ഇബ്രായിയുടെ കടയില്‍ വെറുതെ തമാശ പറഞ്ഞിരിക്കുകയായിരുന്നു. നല്ല മഴയുണ്ടായിരുന്നു. അപ്പോള്‍ ഒരു ബൈക്ക് വന്നു നിര്‍ത്തി, മഴക്കോട്ടും ഹെല്‍മറ്റുമിട്ട ഒരാള്‍ താഴെയിറങ്ങി ചോദിച്ചു.

'ജയകുമാറിന്റെ വീടേതാ?'
'ഏതു ജയകുമാര്‍?'
'കമ്പ്യുട്ടര്‍ സെന്ററില്‍ പഠിക്കുന്ന...?'
'ഓ. അത് ദാ ഈ ഇടവഴി നേരെ പോയി അവസാനിക്കുന്നിടത്ത്. നിങ്ങളാരാ?'
'ഞാന്‍ ജയന്റെ കൂടെ പഠിക്കുന്നതാ… എന്നാ വരട്ടെ താങ്ക്സ്.'

അയാള്‍ ബൈക്കില്‍ കയറി ഇടവഴിയിലൂടെ ഓടിച്ചു പോയി. മഴ തോര്‍ന്നപ്പോള്‍ ഞങ്ങള്‍ അവരവരുടെ വീട്ടിലേക്കും.


പിന്നീടാണു ഞങ്ങള്‍ സംഭവങ്ങളറിഞ്ഞത്. അന്നു വഴി ചോദിച്ചത് വിനോദായിരുന്നെത്രെ. കാര്യങ്ങളൊന്നുമറിയാതിരുന്ന ഞങ്ങള്‍ ജയന്റെ വീട്ടിലേക്കുള്ള വഴി കിറുകത്യമായി പറഞ്ഞു കൊടുക്കുകയും ചെയ്തു. വിനോദ് അവിടെയെത്തിയപ്പോള്‍ പാവം ജയകുമാര്‍ ഒരു കൈലിയുമുടുത്ത് അവന്റെ കുടില്‍ പോലത്തെ വീട്ടിന്റെ അരമതിലിലിരുന്ന് മംഗളം വാരികയിലെ മാത്യുമറ്റത്തിന്റെ നോവല്‍ വായിച്ച് തണുപ്പകറ്റാന്‍ ശ്രമിക്കുകയായിരുന്നു. വിനോദ് ആ ഭാഗത്തുള്ള അവന്റെയൊരു ഫ്രന്റിനെ കാണാന്‍ വന്നതാണെന്നു പറഞ്ഞു. ജയകുമാറിന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. തന്റെ വീട് ചെറിയതായതിന്റെ ഇത്തിരി ചമ്മലൊക്കെയുണ്ടായിരുന്നെങ്കിലും അവന്‍ പെങ്ങന്‍മാരോട് പറഞ്ഞ് ചായ ഇട്ട് വിനോദിനെ സല്‍ക്കരിച്ചു. ജയന്റെ അച്ഛനുമമ്മയേയുമൊക്കെ പരിചയപ്പെട്ട് കുറച്ച് സമയം ചുറ്റിപറ്റി നിന്ന ശേഷം വിനോദ് സ്ഥലം വിട്ടു.


പിറ്റേന്ന് ജയകുമാര്‍ കമ്പ്യുട്ടര്‍ സെന്‍റ്ററില്‍ ചെല്ലുമ്പോള്‍ ഷീനയും വിനോദും അടുത്തടുത്തിരുന്നു പൊട്ടിച്ചിരിക്കുന്ന കാഴ്ച്ചയാണു കണ്ടത്. വിനോദിന്റെ കൈയ്യിലെ മൊബൈലില്‍ നിന്നും അവരെല്ലാവരും ജയന്റെ വീടും വീട്ടുകാരെയുമൊക്കെ കണ്ടിരുന്നു. ഷീന ഒറ്റ നോട്ടമേ നോക്കിയുള്ളു. ജയകുമാറിന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആ നിമിഷം ഇടിഞ്ഞു പൊളിഞ്ഞു തകര്‍ന്നു തരിപ്പണമായി.


അന്നു വൈകുന്നേരം ഞങ്ങള്‍ ക്ലബ്ബില്‍ കാരംസ് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ജയകുമാര്‍ ആകെ തളര്‍ന്ന് പരവശനായി കയറി വന്നു. അവന്‍ ഒരു കസേലയിലിരുന്നു സിഗരെറ്റെടുത്ത് വലിച്ച് ജനലിലൂടെ പുകയൂതി വിട്ട് ദൂരേക്ക് നോക്കിയിരുന്നു. പിന്നെ ഒരു വെള്ളക്കടലാസ്സെടുത്ത് എഴുതാന്‍ തുടങ്ങി. കുറേ കഴിഞ്ഞ് ഞങ്ങള്‍ പോയി നോക്കിയപ്പോള്‍ കണ്ടത് അവന്‍ കുത്തിയിരുന്നു കുനുകുനേ കഥയെഴുതുകയാണു. പേരു 'കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍' അതു എത്രയും പെട്ടെന്നു എഴുതി അയച്ച് അടുത്തയാഴ്ചത്തെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു വന്നാല്‍ ഷീനയ്ക്കു വീണ്ടും അവനോട് സഹതാപ പ്രേമം വരുമല്ലോ.


അവന്റെ പ്രേമം പിന്നെയും പൊട്ടിയല്ലോ എന്നതോര്‍ത്ത് ഞങ്ങള്‍ ചിരിച്ചു ചിരിച്ചു ഒരു വിധമായി. കൂട്ടത്തില്‍ രസികനായ ബാബൂട്ടി പറഞ്ഞു. കഥാകൃത്താവുമ്പോള്‍ വെയ്റ്റിനു ഒരു തൂലികാനാമം വേണം. ശരിയാണു ഞങ്ങളും അനുകൂലിച്ചു. ബാബൂട്ടി തന്നെ പേരുമിട്ടു. ജയകുമാര്‍ താമസിക്കുന്നത് ചേരിക്കുണ്ടിനടുത്താണല്ലോ. അതുകൊണ്ട് പേരിലെ ജയന്‍ മാറ്റി ഇങ്ങനെയാക്കി 'കുമാര്‍ ചേരിക്കുണ്ട്.'


അങ്ങനെയാണു ഞങ്ങളുടെ നാട്ടില്‍ ഒറ്റ കഥ പോലും പ്രസിദ്ധീകരിക്കാതെ പ്രശസ്തനായ കുമാര്‍ ചേരിക്കുണ്ടെന്ന കഥാകൃത്തുണ്ടായത്.

Wednesday, August 13, 2008

പറയാന്‍ മറന്നു പോയത്...

പത്തു പന്ത്രണ്ട് കൊല്ലം മുന്‍പൊരു ദിവസത്തിലെ നട്ടുച്ച നേരം. ഞാന്‍ കണക്കെഴുത്തുകാരനായി ജോലി ചെയ്യുന്ന കടയുടെ ഷട്ടര്‍ താഴ്ത്തി കൂട്ടുകാരനായ സജീവന്റെ വീട്ടില്‍ അക്ഷമനായി അവളേയും കാത്തിരിക്കുകയാണു.


കുറേ നാളുകളായി എന്റെ ഉറക്കം കെടുത്തുന്ന ഒരു സുന്ദരിയേയാണു ഞങ്ങള്‍ കാത്തിരിക്കുന്നത്. പാരലല്‍ കോളേജില്‍ പ്രീഡിഗ്രിയ്ക്കു പഠിക്കുന്നു. സജീവന്റെ വീടിന്റെ അടുത്തൂടെയാണു അവളുടെ വീട്ടിലേക്ക് പോകേണ്ടത്. അവള്‍ ഇവന്റെ നാട്ടിലാണെന്നതു കൊണ്ട് മാത്രം ഈ തെണ്ടി കഴുവേറിയെ ഞാന്‍ പരിചയപ്പെട്ട് എന്റെ സുഹ്രുത്താക്കിയതാണു. അതു വഴി അവളുടെ നാട്ടിലേക്കൊരു പാലം തുറന്നു കിട്ടുമല്ലോ എന്നു കരുതി. അവനു പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തതിലും, എന്റെ പ്രീമിയര്‍ ചെരിപ്പിന്റെ ദേഹകാന്തിക്കായി തേഞ്ഞു തീര്‍ന്ന സോപ്പുകളായും, പാറപ്പുറത്തെ പുരപ്പുല്ലു പോലെ കുത്തനെ നില്‍ക്കുന്ന എന്റെ തലമുടി ലെവല്‍ ചെയ്യാന്‍ ഒഴുക്കിത്തീര്‍ത്ത വെളിച്ചെണ്ണയായും, പുത്തന്‍ പാന്റ്സും ഷര്‍ട്ടുമായും അങ്ങനെ ഒരുപാടു ഇന്‍വെസ്റ്റ്മെന്റ്സ് ഈ പ്രഥമ പ്രണയ പ്രസ്ഥാനത്തില്‍ ഞാന്‍ മുതല്‍മുടക്കിയിട്ടുണ്ട്.


അവള്‍ക്ക് ഉച്ചയ്ക്കാണു ക്ലാസ്. എല്ലാ ദിവസവും ഒരു മണിക്കും ഒന്നരയ്ക്കുമിടയില്‍ അവളെന്റെ കടയുടെ മുന്നിലൂടെ കോളേജിലേക്ക് പോകും. ദിവസവും കണ്ട് കണ്ട് പിന്നെ എനിക്ക് സില്‍ക്ക് സ്മിതയുടെ സിനിമ പോലെ അവളെ കാണാതിരിക്കാന്‍ പറ്റില്ലെന്നായി. ഏതൊരു സുന്ദരിയേയും യാതൊരു ഉപാധിയും കൂടാതെ സ്നേഹിക്കാന്‍ മാത്രം തങ്കപ്പെട്ട മനസ്സുള്ളവനായിരുന്നല്ലോ ഞാന്‍. കണ്ണിലൂടെ അയക്കുന്ന ഇന്‍ഫ്രാറെഡ് സിഗ്നല്‍സൊക്കെ കറക്റ്റായത് കാരണം അവള്‍ക്കുമെന്നെ ഇഷ്ടമാണെന്ന കാര്യത്തില്‍ സംശയമില്ല. എപ്പോ കണ്ടാലും മധുരമനോഹരമായ ഒരു ചിരി അവളെനിക്കു തരുമെങ്കിലും എന്റെ പ്രണയവിവരം അവളെയൊന്ന് അറിയിക്കാനിതു വരെ പറ്റിയില്ല. അവളുടെ വീട്ടില്‍ ഫോണുമില്ല, മറ്റെവിടെയും അവളെ സൌകര്യത്തിനു ഒറ്റയ്ക്കു കിട്ടിയതുമില്ല. റോഡില്‍ നിന്ന് പറയാമെന്നു വെച്ചാ ഞാന്‍ തമിഴ് സിനിമയിലെ നായകനൊന്നുമല്ലല്ലോ. എന്റെ അനുരാഗ നദിയിലൂടെ അവള്‍ വേറെ വല്ല യമഹ എഞ്ചിന്‍ പിടിപ്പിച്ച വള്ളത്തില്‍ കയറി പോകുന്നതിനു മുന്‍പ് അവളോട് “ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ..” എന്ന പാട്ടും പാടി എന്റെ പാണ്ടിച്ചങ്ങാടത്തില്‍ കയറ്റാന്‍ കുറേ നാളായി ഞാന്‍ കാത്തിരിക്കുന്നു. അങ്ങനെ ഇന്നു ഇന്നുച്ചയ്ക്കു അവള്‍ കോളേജില്‍ പോകുമ്പോള്‍ എങ്ങനെയെങ്കിലും സംസാരിക്കണം എന്നുറപ്പിച്ചു. സജീവന്റെ വീടിനടുത്താണു അതിനു പറ്റിയ സ്ഥലം കണ്ടെത്തിയത്.


അവന്റെ വീട്ടില്‍ നിന്നും മെയിന്‍ റോഡിലേക്ക് ഇംഗ്ലീഷില്‍ 'C' എന്നെഴുതിയത് പോലെ വളവുകളുള്ള ഒന്നരയാള്‍ പൊക്കമുള്ള ഇടവഴിയാണു. ഒരു വളവു കഴിഞ്ഞു കുറേ ദൂരം നേരെ. പിന്നെ വീണ്ടും വളവ്, അതു കഴിഞ്ഞു മെയിന്‍ റോഡ്. മരച്ചില്ലകളും വള്ളിപ്പടര്‍പ്പുകളും അങ്ങിങ്ങായി മുകളില്‍ നിന്നും താഴെ നടവഴിയിലേക്ക് വീണു കിടന്നിരിക്കും. അതിന്റെ മറവില്‍ നിന്നാല്‍ ദൂരെ നിന്നും വരുന്നവരുടെ ശ്രദ്ധയില്‍പ്പെടില്ല. ഉച്ച സമയമായതിനാല്‍ ആരുമതുവഴി വരാനുമില്ല. ഒരു ചരിത്ര പ്രണയത്തിലെ അനശ്വര മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന് ഭാഗ്യം കിട്ടിയ ഇടവഴി!!


എന്റെ തൊട്ടടുത്ത കടയിലെ സെയില്‍സ്മാനായ ആദംകുട്ടിയോട് അവന്റെ ഇരുണ്ട മുഖം കണ്ടില്ലെന്നു നടിച്ച് കടം വാങ്ങിയ സൈക്കിളും ചവിട്ടിത്തളര്‍ന്നു ഇവിടെ വന്നു അവളെയും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് സമയം കുറേയായി. അവളെ ഇനിയും കാണുന്നില്ല. മുതലാളിയായ ഹാജീക്ക വരുന്നതിനു മുന്‍പ് എനിക്ക് കടയിലെത്തണം. ഇല്ലെങ്കില്‍ കട അടച്ചിട്ടതിനു അങ്ങേരെന്റെ അച്ഛനുമമ്മയേയുടേയും സ്നേഹാന്വേഷണം നടത്തും. അവളെയോര്‍ത്ത് കണക്കെഴുതി തെറ്റിപ്പോയതിനു ഇപ്പോള്‍തന്നെ എന്റെ പേരില്‍ തെറി ഡെബിറ്റ് ബാലന്‍സാണു. അവളോട് സംസാരിക്കുന്ന കാര്യം ആലോചിക്കുമ്പോള്‍ തന്നെ തല കറങ്ങുന്നു. എങ്ങനെ തുടങ്ങുമെന്ന യാതൊരു ഐഡിയയുമില്ല. വല്ല ലവ് കോച്ചിങ്ങ് സെന്ററുമുണ്ടെങ്കില്‍ പോകാമായിരുന്നു.

'അവളിന്നു ലീവാണോ സജീവാ.. കാണുന്നില്ലല്ലോ?' ഞാന്‍ ചോദിച്ചു.
'വരും സമയമാകുന്നതേയുള്ളല്ലോ' അവനെന്നെ ആശ്വസിപ്പിച്ചു. അവന്‍ എഴുന്നേറ്റ് വഴിയിലേക്ക് നോക്കി ആവേശത്തോടെ പറഞ്ഞു. 'എടാ വരുന്നുണ്ട്..'

എന്റെ തലയിലൊരു ബോംബ് സ്ഫോടനം നടന്നു. സര്‍വ്വാംഗം വിറയ്ക്കാന്‍ തുടങ്ങി. എന്റെ ദൈവമേ.. എങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്യും? നെഞ്ചിനുള്ളിലെ മെഷീന്‍ ടപ് ടപ് എന്നു വര്‍ക്കു ചെയ്യാന്‍ തുടങ്ങി. വായിലെ വെള്ളം വറ്റി. വയറില്‍ സുനാമി രൂപംകൊള്ളുന്നു. കക്കൂസില്‍ പോകണമെന്നു വയറ്റില് നിന്നും ഹെഡ് ഓഫീസിലേക്ക് ഇ-മെയില്‍ പോയി.

അവളതാ പതുക്കെ നടന്നു വരുന്നു. എന്റെ കാഴ്ച്ചശക്തി കുറഞ്ഞു, എല്ലാം മങ്ങിത്തുടങ്ങി. കരളില്‍ തറിക്കുന്ന ഒരു നോട്ടവും കൂടെ ഏതു പടുവിനേയും പതിനെട്ടുകാരനാക്കുന്ന ഒരു ചിരി തികച്ചും സൌജന്യമായും തന്നു അവള്‍ ഇടവഴിയിലൂടെ നടന്നു.

'പിറകെ പോടാ..' സജീവന്‍ പറഞ്ഞു. എനിക്കു ഒരടി പോലും മുന്നോട്ട് വെക്കാനാവുന്നില്ല. കൈകാലുകള്‍ വിറയ്ക്കുന്നു. ജീവിതത്തിലാദ്യത്തെ അനുഭവമാണു. ഒന്നും വേണ്ടായിരുന്നു ദൈവമേ… വെറുതെ ചിരിച്ച് അങ്ങനെ കഴിഞ്ഞാല്‍ മതിയായിരുന്നു.

വറ്റിവരണ്ട തൊണ്ടയുമായി ഞാന്‍ വേച്ചു വേച്ച് സൈക്കിളില്‍ കയറി. അടികിട്ടിയ പാമ്പിനെപ്പോലെ അതു മുന്നോട്ട് വളഞ്ഞും പുളഞ്ഞും നീങ്ങി. തൊണ്ടിന്‍മേല്‍ തവളയെപ്പോലെ അതിന്റെ മുകളില്‍ ഞാനും.

ആദ്യത്തെ വളവു കഴിഞ്ഞു. എന്തൊരത്ഭുതം! അവളെവിടെപ്പോയി!! നീണ്ടു നിവര്‍ന്നു കിടക്കുന്ന വഴിയിലൊന്നുമാരുമില്ല. ഇത്ര പെട്ടെന്ന് ഇവളെവിടെപ്പൊയി? അത്ഭുതത്തോടെ ഞാന്‍ സൈക്കിള്‍ മുന്നോട്ട് ചവിട്ടി. കുറച്ചു കഴിഞ്ഞപ്പോള്‍ ഇടതുഭാഗത്തെ വള്ളിപ്പടര്‍പ്പിലൊരനക്കം. നോക്കിയപ്പോ എന്റെ കണക്കു മുഴുവന് തെറ്റിച്ച പ്രാണ പ്രിയേശ്വരി, മഹേശ്വരി, എല്ലാര്‍ ഈശ്വരി.. അതാ, ജപ്പാന്‍ ബ്ലാക്ക് പെയിന്റിന്റെ ബ്രാന്റ് അമ്പാസഡര്‍ പോലത്തെ ഒരു ചെക്കനുമായി സര്‍വ്വം മറന്നു മണ്‍തിട്ടയും ചാരി കെട്ടിപ്പിടിച്ച് ഉമ്മവെച്ചു നില്‍ക്കുന്നു...

Monday, July 28, 2008

സാവോയിലെ ക്ളോസ് ഫ്രന്റ്

എന്റെ സുഹ്രുത്തായ സതീഷ് എന്ന മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ് കാരണം ഞാന്‍ പിടിച്ച പുലിവാലിനെക്കുറിച്ച് മുന്‍പെഴുതിയതോര്‍ക്കുമല്ലോ. ആ സതീഷിന്റെ വിടുവായത്തം കൊണ്ട് അവനുണ്ടായ ഒരു അനുഭവം.


ഐഡിയ മൊബൈലിന്റെ പോസ്റ്റ് പെയിഡ് വിങ്ങിലാണു സതീഷ് ജോലി ചെയ്യുന്നത്. മാര്‍ക്കറ്റിങ്ങുകാരുടേതായ സകല ജാഡകളും, കാണാന്‍ മോശമില്ലാത്തതിന്റെ അഹങ്കാരവും ആവശ്യത്തിലധികമുണ്ട്. വെളുത്ത് മെലിഞ്ഞു അഞ്ചരയടി ഉയരം, ടാക്കീസില്‍ സെക്കന്റ് ഷോ കാണാന്‍ ആള്‍ക്കാരെന്ന പോലെ അഞ്ചാറു രോമങ്ങള് താടിമീശയുടെ സ്ഥാനത്തുണ്ട്. മാര്‍ക്കറ്റിംഗ് മീറ്റിംഗിനു പോകുമ്പോഴും മാര്‍ക്കറ്റില്‍ മീനിനു പോകുമ്പോഴും ഷര്‍ട്ട് ഇന്‍ ചെയ്ത് ഷൂ ഇട്ട് അടിപൊളി ഡ്രെസ്സിലായിരിക്കും. നാട്ടിലെ സകല അമ്പലത്തിലും പൂജിച്ച ചരടുകള്‍ കൈയ്യില്‍ ചുറ്റിക്കെട്ടിയിട്ടുണ്ട്. വിയര്‍പ്പും ചെളിയുമേറ്റ് ചരടിന്റെ നിറമൊക്കെ പോയി അഴുക്ക് കട്ടപിടിച്ചിരിക്കും. അതു പിഴിഞ്ഞു വാഴയുടെ മണ്ടക്കിട്ടാല് ഒരാള്‍ പൊക്കത്തിലുള്ള കുല വെട്ടിയെടുക്കാം.


ആണവകാര്യം മുതല്‍ ആട്ടിന്‍കാട്ടം വരെ എന്തിനെപറ്റിയും അഭിപ്രായം പറയും. നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടായാലുമില്ലെങ്കിലും അറ്റാക്ക് ചെയ്ത് വന്നു പരിചയപ്പെട്ടു വധിക്കും. ഈ ലോകം ഒറ്റക്ക് ചുമലിലേറ്റുന്നതിനാല്‍ എപ്പോഴും അതീവ ഗൌരവം. ഒരു പണിയുമില്ലെങ്കിലും എപ്പോഴും തിരക്കു തന്നെ, മിനിമം മൂന്നു മൊബൈലെങ്കിലും കൈയ്യിലുണ്ടാവും. ചെവിയില്‍ നിന്നും ശരീരത്തിന്റെ പല ഭാഗത്തേക്കും ‘വയറിങ് ’ നടത്തിയിരിക്കും, കൂളിങ്ഗ്ലാസ് എവിടെ വെക്കണമെന്നറിയാത്തത്കൊണ്ട് ഒന്നുകില്‍ അതു നെഞ്ചോട് ചേര്‍ന്നു ഷര്‍ട്ടിന്റെ മുകളിലായി കൊളുത്തിയിട്ടിരിക്കും, അല്ലെങ്കില്‍ അതു തലയില്‍ വെച്ചിരിക്കും. ഗര്‍ഭിണിയുടെ വയറു പോലെ തടിച്ചു വീര്‍ത്തൊരു പേഴ്സും അതില്‍ കുറേ എ.ടി.എം, ക്രെഡിറ്റ് കാര്‍ഡുകളും കാണും, ചുമലിലൂടെ ഒരു ബാഗുമുണ്ടാവും.


'ഹായ്, ടാ.., അവന്‍ വിളിച്ചാരുന്നു, ഞാന്‍ കാണത്തില്ല, കസ്റ്റമറെ കോണ്ടാക്റ്റ് ചെയ്തു, നാളെ ഞാന്‍ ട്രിവാന്‍ഡ്രത്താണു, ഫ്രൈഡെ ബാംഗ്ലൂരിലായിരിക്കും.. ' ഇങ്ങനെ പ്രിന്റ് ഭാഷയിലും ഒരു പ്രീഡിഗ്രി ഫെയില്‍ഡിനെക്കൊണ്ടാവുന്നത്ര ഇംഗ്ലീഷ് കലര്‍ത്തിയുമേ സംസാരിക്കു. മലയാളത്തോടും സ്വന്തം നാടിനോടും തീരാത്ത പുച്ഛം. ഒരു നേഴ്സിനെ കല്യാണം കഴിച്ചു അവളുടെ ‘ഭാര്യയായി’ അമേരിക്കയ്ക്കു പോകണമെന്നാണു അന്ത്യാഭിലാഷം. സ്വന്തം ടാര്‍ഗറ്റ് അച്ചീവ് ചെയ്യുക എന്ന ‘സദുദ്ദേശ്യ’ത്തിനു വേണ്ടി, ആരെയും വിളിച്ചില്ലെങ്കിലും ഞെട്ടിപ്പിക്കുന്നൊരു ബില്ല് മാസാമാസം വരുന്ന ഒരു കണക്ഷന്‍ അടുത്ത സുഹ്രുത്തുക്കളെപോലും പിടിപ്പിക്കുവാന്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാത്തവന്‍. അച്ഛനുമമ്മയും പോലും ‘കസ്റ്റമറാ’യിരിക്കും.


കടം വാങ്ങിയാല്‍ പറഞ്ഞ തീയ്യതിക്ക് തിരിച്ചു കിട്ടുമെന്ന യാതൊരു ഭയവും വേണ്ട. കാരണം മൂപ്പര് പണം തിരിമറിയുടെ രാജാവാണു. മിക്ക ബാങ്കുകളിലും ലോണ്‍ ഉണ്ട്. പങ്ച്വാലിറ്റിയാണു മൂപ്പരുടെ ‘വീക്ക്നെസ്സ്’. എവിടെയെങ്കിലും പോകണമെങ്കില്‍ പറഞ്ഞ സമയം കഴിഞ്ഞു ഒരു മണിക്കൂര്‍ കഴിഞ്ഞാലേ അവനെത്തൂ. ടൌണിലെ എല്ലാ വി.ഐ.പി. കളേയുംപറ്റി പറയുമ്പോള്‍ ‘ഓ.. അതെന്റെ ക്ളോസ് ഫ്രന്റാ..’ എന്നു പറയും. യാതൊരുവിധ പരിചയമില്ലെങ്കിലും ഒരു വെയിറ്റിനു വേണ്ടി എല്ലാവരേയും അറിയുമെന്നു പറയുന്നതാണു. അവനെ നന്നായി അറിയുന്നത്കൊണ്ട് ഞങ്ങളതൊന്നും മെമറിയില്‍ സേവ് ചെയ്യാറില്ല. പൊങ്ങച്ചത്തിനു വേണ്ടി എന്തു കോലവും കെട്ടും. ആരെന്തു പറഞ്ഞാലും യാതൊരു ഉളുപ്പുമില്ല. മൂന്നു ബിഗ് 'ബി' കള്‍ക്കു വേണ്ടിയാണു ജീവിക്കുന്നതു തന്നെ. ബൈക്ക്, ബാര്‍, ബില്ല്.


ഇങ്ങനെയൊക്കെയാണെങ്കിലും ആളു വളരെ ഉപകാരിയാണു. കള്ളു കുടിക്കാനും കളറടിക്കാനും എന്നു വേണ്ട ഏതു കാര്യത്തിനും മുന്നിലുണ്ടാവും. വെറുതെ പൊക്കിവെച്ചാ മതി ആര്‍ക്കു വേണ്ടിയും എവിടെപ്പോകാനും ബൈക്കുമെടുത്ത് റെഡിയായിരിക്കും. അതുകൊണ്ട് തീരെ ഒഴിവാക്കാനും പറ്റില്ല.


പുതിയ ഇരകളെ വലയിലാക്കുന്നതിനു വേണ്ടി ഇടക്കിടക്ക് അവന്‍ കാസര്‍ഗോഡ് പോകാറുണ്ട്. എല്ലാ പാസഞ്ചര്‍ ട്രെയിനുകളിലും സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ ടീമുണ്ടാവുമല്ലോ. അതുപോലെ കണ്ണൂര്‍-കാസര്‍ഗോഡ് പാസഞ്ചറിലും നാലാം നമ്പര് കമ്പാര്‍ട്ട്മെന്റില്‍ സ്ഥിരം യാത്ര ചെയ്യുന്ന 10 പേരടങ്ങിയ ഒരു ടീമുണ്ട്. ഈ ടീമുമായി സതീഷ് നല്ല കമ്പനിയാണു. അവരുടെ രണ്ടുവരി സീറ്റില്‍ വേറെ ആരുമിരിക്കില്ല. പത്രം വായിച്ചും അതിലെ 'തമാശകള്‍' പറഞ്ഞു പൊട്ടിച്ചിരിച്ചും അവരുടെ കൂടെയുള്ള യാത്ര രസകരമായിരുന്നു. ഇടയ്ക്ക് ആരെങ്കിലും വീട്ടില് നിന്നും ഭക്ഷണം കൊണ്ടുവരും. എല്ലാവരും ഒന്നിച്ചിരുന്നു അതു കഴിക്കും. കുറേ മാസങ്ങള്‍ കൂടുമ്പോള്‍ ഏതെങ്കിലും ബാറില്‍ വെച്ച് പാര്‍ട്ടി നടത്തും. പലര്‍ക്കും നാട്ടിലേതിനേക്കാള്‍ അടുത്ത ഫ്രന്റ്സ് ട്രെയിനിലാണു. ഫിഷറീസില് വര്‍ക്ക് ചെയുന്ന ജോണേട്ടന്‍, കലക്റ്ററേറ്റിലെ രവീന്ദ്രന്‍, വാട്ടര് അതോറിറ്റിയിലെ രാജേഷ് എന്നിവരായിരുന്നു അവരുടെ കണ്‍വീനര്‍മാര്.


ഒരു ദിവസം സതീഷ് ചെവിയില്‍ ബ്ലൂടൂത്ത് ഫിറ്റ് ചെയ്താണു ട്രെയിനിലെത്തിയത്. ജോണേട്ടനു ബ്ലൂടൂത്ത് കണ്ട് ഇതെന്താണിവന്റെ ചെവിയില്‍ പിടിപ്പിച്ചതെന്നു മനസ്സിലായില്ല. അദ്ദേഹം ചോദിച്ചു. 'അല്ല സതീഷേ... നിനക്ക് കേള്‍വിശക്തി കുറവാണോ? ശ്രവണ സഹായി പിടിപ്പിച്ചല്ലൊ'. ജോണേട്ടനു ബ്ലൂടൂത്തിനെപ്പറ്റി അറിയാത്തത് കൊണ്ട് പറഞ്ഞതാണെങ്കിലും എല്ലാവരും പൊട്ടിച്ചിരിച്ചു. സതീഷ് കാറ്റഴിച്ചുവിട്ട ബലൂണ് പോലെയായി.


'അല്ല.. നമ്മുടെ പാര്‍ട്ടി എപ്പോഴാണു?' സതീഷ് വിഷയം മാറ്റാനായി ചോദിച്ചു.
'അതു ഈ വരുന്ന ഞായറാഴ്ച്ച രാവിലെ 11 മണിക്ക് സാവോയ് ബാറില്‍ വെച്ചു.' രവീന്ദ്രന്‍ പറഞ്ഞു.
' അയ്യോ സാറ്റര്‍ഡെ എനിക്കു എറണാകുളത്ത് മീറ്റിംഗാണു. അതും കഴിഞ്ഞു ഞാന്‍ സണ്‍ഡെ ഈവനിംഗിലേ എത്തുകയുള്ളു' സതീഷ് പറഞ്ഞു.
'എന്താ ചെയ്യുക, എല്ലാവര്‍ക്കും സൌകര്യമുള്ള ദിവസമാ അന്നു. പിന്നെ അടുത്തൊന്നും ആരും ഫ്രീയല്ല.' ജോണേട്ടന്‍ പറഞ്ഞു.
'അയ്യോ പ്ലീസ് മാറ്റിവെക്കു.. എനിക്കു മീറ്റിംഗുള്ളത് കൊണ്ടല്ലെ. അല്ലേല്‍ ഞാന്‍ വന്നേനെ..' താനില്ലെങ്കില്‍ പരിപാടി മാറ്റിവെക്കുമെന്നാണു സതീഷ് കരുതിയത്. പക്ഷേ അവര്‍ വഴങ്ങുന്നില്ല. ഒരു രക്ഷയും കാണാഞ്ഞ് അവന്‍ പറഞ്ഞു.

'സാവോയിലെ ഗുണ്ട, കുട്ടപ്പന്‍ എന്റെ ക്ലോസ് ഫ്രന്റാണു. അവന്റെ റൂം വേണമെങ്കില്‍ ഞാന്‍ അറേഞ്ച് ചെയ്തു തരാം. എന്നെയും കൂട്ടണം.' ബാറുകളിലുണ്ടാകുന്ന തല്ലുകള്‍ അടിച്ചും ഒതുക്കിയും തീര്‍ക്കുവാന്‍ ബാര് മുതലാളിമാര്‍ ഓരോ ഗുണ്ടകളെ കാശും കള്ളും പിന്നെന്തൊക്കെയോ കൊടുത്ത് വളര്‍ത്തും. അക്കൂട്ടത്തിലൊരാളായിരുന്നു സതീഷ് തന്റെ ക്ലോസ്ഫ്രന്റാണെന്നു പറയുന്ന കുട്ടപ്പന്‍. പറഞ്ഞ് കേട്ടിട്ടുണ്ടെന്നല്ലാതെ അവനിയാളെ കണ്ടിട്ടു പോലുമില്ല. പക്ഷേ പെണ്ണു കാണാന്‍ ചെറുക്കനെത്തുമെന്നു പറഞ്ഞ ദിവസത്തിനു വേണ്ടി കാത്തിരിക്കുന്ന പെണ്ണിനെപ്പോലെ കള്ളു കുടിക്കാന്‍ ആക്രാന്തം മൂത്തിരിക്കുന്ന അവന്‍മാരെയുണ്ടോ ഇളക്കാന്‍ പറ്റുന്നു. നാലാം നമ്പര്‍ ടീം ഒറ്റശബ്ദത്തില്‍ പറഞ്ഞു. 'നിന്റെ മീറ്റിംഗ് വേണേല്‍ മാറ്റിക്കോ'.

'എങ്കില്‍ നിങ്ങള്‍ പാര്‍ട്ടി നടത്തുന്നതൊന്നു കാണാമല്ലോ ഞാന്‍ കുട്ടപ്പനോട് പറഞ്ഞ് നിങ്ങളുടെ പാര്‍ട്ടി കലക്കും..' സതീഷ് ചിരിച്ചുകൊണ്ട് അവരെ വെറുതെ ചൂടാക്കാന്‍ വേണ്ടി പറഞ്ഞു.

നല്ല തണ്ടും തടിയുമുള്ള രാജേഷ് ഷര്‍ട്ടിന്റെ കൈ തെറുത്തുകയറ്റിക്കൊണ്ട് പറഞ്ഞു. 'നിന്റെ കുട്ടപ്പനേക്കാളും വലിയ ഗുണ്ടയാ ഞാന്‍. ആരെ വേണേലും കൂട്ടി വാ.'

'എന്നെ കൂട്ടാതെ പാര്‍ട്ടി നടത്താനോ… എന്നാലതൊന്ന് കാണണമല്ലോ.. എനിക്കിന്നു കാഞ്ഞങ്ങാടാണു ഡ്യൂട്ടി. അതുകൊണ്ട് ഞാനിവിടെ ഇറങ്ങുകയാണു. അപ്പോ നമുക്കു അടുത്തയാഴ്ച്ച കാണാം.. ' സതീഷ് അവരെ വെല്ലുവിളിച്ച് അവിടെയിറങ്ങി.


അവന്ന്‍ വെറുതെ വിടുവായത്തം പറയുന്നതായത്കൊണ്ട് ആരുമത് കാര്യമാക്കിയില്ല. മുന്‍നിശ്ചയമനുസരിച്ച് വീട്ടില്‍ ലൈസന്‍സുള്ള കുടിയന്‍മാര്‍ ഭാര്യമാരോടൊന്നും പറയാതെയും ആ മന്ദബുദ്ധികള്‍ ഞായറാഴ്ച്ചയായിട്ടും എവിടെയാ പോകുന്നതെന്നു ചോദിച്ചപ്പോ ഒന്നും മിണ്ടാതെ നോക്കിപ്പേടിപ്പിച്ചും, ലൈസന്‍സില്ലാത്ത കുടിയന്മാര് യൂനിയന്റെ മീറ്റിംഗുണ്ടെന്നു കള്ളം പറഞ്ഞും ഞായറാഴ്ച്ച 11 മണിക്കു തന്നെ ബാറില്‍ ഹാജരായി.


പതിവുപോലെ 2 പെഗ് മാത്രം മതി, അര്‍ജന്റായി പോകാനുണ്ടെന്നു പറഞ്ഞ് തുടങ്ങുകയും 1 ഫുള്ള്, 2 ഫുള്ള്, 3 ഫുള്ള് എന്നിങ്ങനെ ബ്രാണ്ടിക്കുപ്പികള്‍ ഗള്‍ഫുകാര്‍ നാട്ടില്‍ വരുന്നത് പോലെ തടിച്ച് വീര്‍ത്ത് സുന്ദരക്കുട്ടപ്പന്‍മാരായി ടേബിളിലേക്ക് വരികയും കുറച്ച് നാള്‍ കഴിഞ്ഞ് വീട്ടിനും നാട്ടിനും ബാധ്യതയാവുന്നത് പോലെ ടേബിളിന്റെ മൂലയിലേക്കും പിന്നെ നിലത്തേക്കും വലിച്ചെറിയപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. കോഴിയുടെ ഭൌതിക ദേഹാവശിഷ്ടങ്ങള്‍, എന്റെ ദേഹത്ത് ഇനിയെന്തേലും ബാക്കിയുണ്ടോ ദുഷ്ടന്‍മാരേ എന്ന ആന്‍സ്വര്‍ലെസ്സ് ക്വസ്റ്റ്യനോടെ മേശമേല്‍ വിറകുകൊള്ളികള്‍ അട്ടിയിട്ടതുപോലെ കിടന്നു.


രണ്ടെണ്ണം അകത്ത് ചെന്നാല്‍ ആരോടെങ്കിലും ഒന്നു കൊളുത്തണമെന്നു ആണായി പിറന്ന ഏതൊരു കുടിയനും തോന്നുമല്ലോ. തികച്ചും നാച്വറല്‍! (തോന്നാത്ത സഹോദരന്‍മാരുണ്ടെങ്കില്‍ അത് ഡ്യൂപ് മദ്യമായിരിക്കും. ബാറോ ബ്രാന്റോ മാറ്റി നോക്കുക.) അതു പോലെയുള്ള ഒരു നല്ല മനുഷ്യനായിരുന്നു രാജേഷ്. വെരി നൈസ് ഫെലോ. ‘ഒരു ചില്ലിചിക്കന്‍ കൊണ്ടു വരാന്‍ പറഞ്ഞിട്ടു നേരമെത്രയായെടാ.. നമ്മളെന്താ കാശു തന്നെയല്ലേടാ എണ്ണിതരുന്നത്.. പുളിങ്കുരുവാണോ? നീ അപ്പുറത്തെ ടേബിളില് ശരിക്കു സര്‍വ്വ് ചെയ്യുന്നുണ്ടല്ലോ..’ എന്നു പറഞ്ഞ് രാജേഷ് സപ്ലയറോട് ചൂടായി. അവനത് കേട്ട് മിണ്ടാതിരുന്നാ പോരേ.. പക്ഷേ അവന്‍ എന്തോ പിറുപിറുത്തു. അതു കേട്ട രാജേഷ് വളരെ പതുക്കെ.. ടി.വി.യിലെ ക്രിക്കറ്റ് കമന്റടിക്കാരന്‍ പറയുന്നത് പോലെ ബാറ്റിന്റെ മിഡിലില്‍ തന്നെ പന്തു സ്വീകരിച്ചു… അവന്റെ ചെവിക്കുറ്റി നോക്കി ഒന്നു പൂശി. ആ പാവം ബാലന്‍സ് തെറ്റി അടുത്തുള്ള ടേബിളില് ചെന്നുവീണു. പിന്നെ അവിടെ കുടിച്ചു കൊണ്ടിരിക്കുന്നവന്‍മാരും രാജേഷുമായി ഉന്തും തള്ളുമായി. സോള്‍വ് ചെയ്യാന്‍ പോയ ജോണേട്ടനും രവിയുമായും അവന്‍മാര് വഴക്കായി.


അപ്പോള്‍ സൂര്യന്‍ തോറ്റുപോകുന്ന കറുപ്പുള്ള ഒരു തടിയന്‍ അജാനുബാഹു, കരിങ്കുറ്റിയാന്‍ അവരുടെ അടിപിടിയില്‍ ഇടപെടാനെത്തി. രാജേഷിനു തടിയന്റെ വരവ് ഒട്ടും പിടിച്ചില്ല. നമ്മള്‍ കള്ളുകുടിയന്‍മാര്‍ തമ്മില്‍ പല പ്രശ്നവുമുണ്ടാകും. നീ ഇതിലിടപെടേണ്ട എന്നും പറഞ്ഞു രാജേഷ് അവനിട്ടൊന്നു കൊടുത്തു. അത്രേള്ളു.. പിന്നെ……
…….കരിമരുന്നുപ്രകടനത്തില്‍ മാലപ്പടക്കത്തിനു തീ കൊളുത്തിയതു പോലെ അടിയുടെ പൂരമായിരുന്നു. രാജേഷിനും രവീന്ദ്രനും ടീമിനു മുഴുവനും ഡി.ഏ., അലവന്‍സ്, ബോണസ് അരിയേഴ്സ് അടക്കം മൊത്തമായി കിട്ടി.

തടിയന്റെ കൈയ്യില്‍ നിന്നും ‘സ്റ്റാന്റിങ്ങില്‍' രണ്ടെണ്ണം ഇരുകവിളുകളിലും ഈക്വലായി പടപടാന്നു വാങ്ങി, അവന്‍ മറ്റുള്ളവരില്‍ ‘കോണ്‍സന്‍ട്രൈറ്റ്’ ചെയ്ത സമയം ഓടി രക്ഷപ്പെട്ട് മൂലയിലുള്ള ഒരു മേശയുടെ അടിയില്‍ അഭയം പ്രാപിച്ച ജോണേട്ടന്‍ തനിക്കു മുന്‍പേ അവിടെ സ്ഥാനം പിടിച്ച ഒരുത്തനോട് ചോദിച്ചു. ‘അതാരാ.. ആ തടിയന്‍..?’ അവന്‍ പതുക്കെ ശബ്ദം താഴ്ത്തി പറഞ്ഞു..

'ശ്..ശ്..അതാണു കുട്ടപ്പന്‍…!!!'

* * * *
'ഹായ് ഡാ.. പറയെടാ.. ഞാനിന്നലെ രാത്രിയെത്തി... ആ കുഴപ്പമില്ല.. ഓക്കേടാ.. പിന്നെ വിളിക്കാം.. ബൈ..' സതീഷ് സംസാരം നിര്‍ത്തി നാലാം നമ്പര് ടീം ഇരിക്കുന്ന സീറ്റിന്റെ പാസ്സേജിലെത്തി. സാധാരണ സതീഷിനു സീറ്റ് കൊടുക്കാന്‍‍ എല്ലാവര്‍ക്കും ഇഷ്ടമാണു. ഇന്നെന്തോ ആരുമൊന്നും മിണ്ടുന്നില്ല. ഉറക്കക്ഷീണം പോലെ എല്ലാവരുടെയും മുഖം വീര്‍ത്തു കെട്ടിയിരിക്കുന്നു. ചിലര്‍ കൈയ്യിലും മുഖത്തും ബാന്‍ഡ് എയിഡ് ഒട്ടിച്ചിട്ടുമുണ്ട്.

സതീഷ് ചോദിച്ചു. 'എന്താ ആരുമൊന്നും മിണ്ടാത്തത്?'
'...................................................'
'പാര്‍ട്ടി എങ്ങനെയുണ്ടാരുന്നു...?'
'...................................................'
രാജേഷിന്റെ ഇടത് കൈയ്യില് ബാന്‍ഡേജിട്ടത് കണ്ട് സതീഷ് ചോദിച്ചു. 'അല്ല.. രാജേഷേ ഇതെന്താ പറ്റിയത്..?'

ആരുമൊന്നും സതീഷിനോട് മിണ്ടുന്നില്ല. എല്ലാവരും പുറത്തേക്ക് നോക്കിയിരിക്കുന്നു. കുറേ ചോദിച്ചിട്ടും ഇവന്‍മാരെന്താ ഒന്നും മിണ്ടാത്തതെന്നു സതീഷിനു മനസ്സിലായതുമില്ല.


കുറേ നേരം കഴിഞ്ഞിട്ടും ആരും മൈന്‍ഡാക്കാത്തത് കണ്ടപ്പോള്‍ സതീഷിനു എന്തോ ഒരു പന്തികേട് ഫീല്‍ ചെയ്തു. അവനും ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി അവിടെ തന്നെ നിന്നു. വണ്ടി കളനാട് സ്റ്റേഷന്‍ എത്താറായി. മൂന്നു മിനിട്ടു നേരം ഒരു തുരങ്കത്തിലൂടെയാണു വണ്ടി പോകേണ്ടത്. പെട്ടെന്നു രവീന്ദ്രന്‍ ജനലരികിലെ സീറ്റില്‍ നിന്നും എഴുന്നേറ്റ് കൈ കൊടുത്ത് സതീഷിനോട് പറഞ്ഞു. 'വാ സതീഷേ ഇരിക്കു..'
'കണ്ടോ.. എന്നോട് രവിയേട്ടനേ സ്നേഹമുള്ളു.. ഇറങ്ങാറായെങ്കിലും കുറച്ചു നേരമിരിക്കാം..' സതീഷ് വളരെ സന്തോഷത്തോടെ രവീന്ദ്രന്റെ കൈ പിടിച്ചു.

അപ്പോഴേക്കും വണ്ടി തുരങ്കത്തില്‍ കടന്നു. കമ്പാര്‍ട്ട്മെന്റില്‍ ഇരുട്ടായി. രവീന്ദ്രന്‍ സതീഷിന്റെ കൈ പിടിച്ചു വലിച്ച് തല കുനിച്ച്പിടിച്ച് കാലുമടക്കി അവന്റെ അടിവയറിലൊന്നു കൊടുത്തു. അടുത്തത്.. രാജേഷ് തന്റെ വലതു കൈ കൊണ്ട് മുതുകില്‍.. പിന്നെ എല്ലാവരും അവരുടെ സങ്കടങ്ങള്‍ അവന്റെ ശരീരത്തില്‍ തടവിതീര്‍ത്തു. സതീഷ് അവരുടെ കാലുകള്‍ക്കിടയിലേക്കു മൂക്കു കുത്തി വീണു. 'ഏയ്.. എന്താ പ്രശ്നം.. അയ്യോ.... എന്റമ്മേ.. യ്യോ..' സതീഷിന്റെ കരച്ചില്‍ ട്രെയിനിന്റെ ഒച്ചപ്പാടിലമര്‍ന്നുപോയി.

വണ്ടി തുരങ്കം കഴിഞ്ഞു. വെളിച്ചം വന്നു. എല്ലാവരും ഇറങ്ങാനായി വാതില്‍ക്കലേക്കു നടന്നു. സതീഷ് മാത്രം കാലിയായ സീറ്റുകള്ക്കിടയില് ജനാലയുടെ കീഴെ ബോഗിയും ചാരി, ഉലഞ്ഞ മുടിയുമായി, തലയും കുമ്പിട്ടിരിക്കുന്നുണ്ടായിരുന്നു. അവനൊന്നും മനസ്സിലായില്ല. കുനിച്ചു നിര്‍ത്തി മുതുകത്ത് ഇടിക്കുമ്പോള്‍ രാജേഷ് പല്ലും കടിച്ചു പിടിച്ച് പറഞ്ഞത് അവന് ഓര്‍ത്തെടുക്കുകയായിരുന്നു.

'നായിന്റെ മോനേ.. നീ ഞങ്ങളെ കുട്ടപ്പനെക്കൊണ്ട് തല്ലിക്കും അല്ലേടാ..'