Tuesday, October 13, 2015

ഏൻ എമർജൻസി കേസ്

രാഘവാട്ടൻ ആശുപത്രി കട്ടിലിൽ കിടന്നു ഭാര്യ സാവിത്രിയേച്ചി പൊളിച്ചു കൊടുത്ത ഒരു ഓറഞ്ച് തിന്നുമ്പോഴാണ് വളരെ തിരക്ക് പിടിച്ച രീതിയിൽ ഒരു ചെറുപ്പക്കാരൻ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയത്. അപരിചിതനായതിനാൽ രണ്ടുപേരും, ഒരു കസേരയിലിരുന്ന് ഫേസ്ബുക്കിൽ ലൈക്കടിച്ച് കൊണ്ടിരുന്ന മകൾ സുപ്രിയയും ഞെട്ടിയെണീറ്റു.
“രാഘവേട്ടനല്ലേ.. ഞാൻ വിവേക്..” ഏത് വിവേകമില്ലാത്തവനാണിത് തനിക്ക് ചേരാത്ത പേരും കൊണ്ട് വന്നതെന്നായി രാഘവാട്ടന്റെ മനോരഥം.
“എന്നെ അറിയില്ലല്ലേ.. ഞാൻ പരിചയപ്പെടുത്താം.. ഒരു മിനിറ്റേ.. ഇപ്പോ വരാം..” അതും പറഞ്ഞ് അയാൾ ടോയിലറ്റിൽ കയറി വാതിലടച്ചു.
അച്ഛനെ അറിയുന്ന വല്ലവരുമാകാം, കാണാൻ കൊള്ളാലോ, മൊഞ്ചനാ.. എന്ന് സുപ്രിയയുടെ മനസ്സിൽ.
എനിക്കറിയാത്ത ഒരാൾ ഏതാപ്പാ ഇങ്ങേരെ അറിയുന്നതായിട്ട്.. കാണാൻ കൊള്ളാം നല്ല ജോലിയൊക്കെ ഉള്ളതാണെന്ന് തോന്നുന്നു.. എന്ന് സാവിത്രിയേച്ചിയുടെ മനസ്സിൽ.
ഇതേതാ എനിക്കറിയാത്ത ഒരുത്തൻ? സുപ്രിയയുടെ കൂടെ പഠിക്കുന്നവന്മാരോ മറ്റോ ആകുമോ? ലൈനാണോ?? ഇനി സാവിത്രിയുടെ ആരെങ്കിലും അടുപ്പക്കാരാണോ?? ഇന്നത്തെ ചെക്കന്മാർക്ക് പ്രായമുള്ള പെണ്ണുങ്ങളോടും ചാട്ടമുണ്ടല്ലോ... അങ്ങനെ രാഘവേട്ടന്റെ മനസ്സിലും ചിന്തകൾ തിളച്ചു മറിഞ്ഞ് മറീനാ ബീച്ച് പോലായി.
പരസ്പരം ചോദിച്ചപ്പോൾ ആർക്കും അയാളെ അറിയില്ല, സുപ്രിയക്ക് പറ്റിയ ചെക്കനാണെന്ന് സാവിത്രിയേച്ചി പറഞ്ഞപ്പോൾ സുപ്രിയ ലൈക്കടി നിർത്തി കണ്ണാടി നോക്കി ചെറുപ്പക്കാരനെ നേരിടാനൊരുങ്ങി. ചെമന്ന മുഖത്ത് ഇപ്പോഴത്തെ ഫാഷനായ മുഖക്കുരു ഇല്ലാത്തതിൽ അവൾക്കൊരു വിഷമം തോന്നാതിരുന്നില്ല.
അപ്പോഴേക്കും പുറത്ത് വന്ന ചെറുപ്പക്കാരൻ പറഞ്ഞു. “ഒന്നും വിചാരിക്കല്ലേ.. എനിക്ക് നിങ്ങളെയും നിങ്ങൾക്ക് എന്നെയും അറിയില്ല, പുറത്ത് വെച്ച് ബോർഡ് നോക്കിയാണ് പേരു മനസ്സിലായത്... ഒരു അത്യാവശ്യമായതോണ്ടാ.. ഒന്ന് ടോയിലറ്റിൽ പോകാൻ വന്നതാ...”
‘ഒരു മിനിറ്റാണെകിൽ ഒരു മിനിറ്റ്, നീ എന്നെ മോഹിപ്പിച്ചല്ലോടാ ദുഷ്ടാ.. നിന്റെ കോർക്കിളകാൻ കണ്ട സമയം..‘ സുപ്രിയ ഇങ്ങനെ പിറുപിറുത്തു.

3 comments:

  1. അയാൾ ടോയിലറ്റിൽ കയറി വാതിലടച്ചപ്പോഴെ കഥയുടെ അവസാനം മണത്തു..

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കൊള്ളാം വിവേകാ നിന്റെ ഫുത്തി...

    ReplyDelete