Thursday, October 8, 2015

പെണ്ണുകാണൽ കഥ

പോകുമ്പോഴേ കൂട്ടുകാർ പറഞ്ഞതായിരുന്നു ആ പെണ്ണു വേണോന്ന്. പെണ്ണിന്റപ്പൻ ചെരിപ്പു പോലുമിടാത്ത, എപ്പോഴും ഖദറിട്ട് പച്ചക്കറി മാത്രം കഴിക്കുന്ന ഒരു സ്കൂൾമാഷ്. പെണ്ണിന്റെ വീട്ടുകാരും പച്ചക്കറി തന്നെ. വല്ലപ്പോഴും പെണ്ണുവീട്ടിൽ പാർക്കാൻ പോയാൽ ഒരു കമ്പനി തരുന്ന അമ്മായിയപ്പൻ പോരേടാ എന്ന് പറഞ്ഞത് കേട്ടില്ല, സുമേഷെന്ന പെണ്ണന്വേഷി. അതിന്റെ ഭവിഷ്യത്ത് കിട്ടി എന്ന് മാത്രം പറഞ്ഞാ മതിയല്ലോ. ആറ്റുനോറ്റ് പെണ്ണുകാണാൻ പോയിട്ട് അത് തന്നെ ‘ഗോപീ’സുന്ദറായി.
പെണ്ണുകെട്ടിയാ കള്ളടി ഒഴിവാക്കി തങ്കപ്പെട്ടവനാകണമെന്നുള്ള ദുരുദ്ദേശമൊന്നും ഉണ്ടായിരുന്നില്ല പഹയന്. ബ്രോക്കർ ഒരാലോചന കൊണ്ടുവന്നു, അത് നേരിടാൻ പോകുന്നു, അത്രമാത്രം.
പെണ്ണുകാണാൻ പോകണമെന്ന് ചിന്തിച്ച മുതലേ ഒരു വിറയുണ്ടായിരുന്നെങ്കിലും അത് ടോപ്പിലെത്തിയത് പെൺ‌വീട്ടിലെത്തി സോഫയിലിരുന്ന് അമ്മായിയപ്പന്റേയും വീട്ടിനകത്തെ പെണ്ണുങ്ങളുടേയും നേരിട്ടും ഒളിഞ്ഞുമുള്ള സ്കാനിങ്ങ് കണ്ടത് മുതലായിരുന്നു. അത് ആരുടെയും കണ്ണിൽ പെടാതിരിക്കാൻ കൈകൂട്ടിത്തിരുമിയും ചുമരിൽ നോക്കിയുമിരുന്നു, എന്നിട്ടും ആപാദചൂഢം പൊട്ടിവിരിഞ്ഞ വിറയും പരിഭ്രമവും സുമേഷിനു ഫലപ്രദമായി കൈകാര്യം ചെയ്യാനായില്ല.
പെണ്ണു വന്നു ഒരു ട്രേയിൽ ചായ ടീപ്പോയിൽ വെച്ച് മൂലയ്ക്ക് ചുമരും താങ്ങി നിന്നു. അക്കൂട്ടർക്ക് പിന്നെ വിറക്കുന്നത് പോയിട്ട് ആ വാക്ക് പോലും അറിയില്ലല്ലോ. അവളുടെ ചിരി കളിയാക്കലാണോ എന്നൊരു ഡൌട്ട് വന്നത് മുതൽ പിന്നെ വിറ കണ്ട്രോൾ രഹിതമായി. അത് അമ്മായിയപ്പന്റെ ഫോൾഡറിലേക്ക് ഡൌൺലോഡായി.
ചായകുടിക്കാൻ ആരോ പറഞ്ഞത് കേട്ട് സുമേഷ് ചായയെടുത്തു... പിന്നെ കേട്ടത് പെണ്ണിന്റച്ഛന്റെ ‘ഗെറ്റൌട്ട്’ എന്ന അലർച്ചയായിരുന്നു.
പുറത്ത് കടന്നതും സുമേഷ് കൂട്ടുകാരനു നീയറെസ്റ്റ് ബാറിലേക്ക് പോകാൻ നിർദ്ദേശം നൽകി. പാവം പെണ്ണുകാണാൻ പോയിട്ട് അപമാനിക്കപ്പെട്ടവൻ അത് തീർച്ചയായും ചെയ്യും..
അടിച്ച് കിക്കായപ്പോൾ കൂട്ടുകാരൻ പറഞ്ഞു. “ആ ചായയാണ് പ്രശ്നമുണ്ടാക്കിയത്...”
വിറയും പരിഭ്രമവും മുൻപരിചയവുമില്ലാതിരുന്നതിനാൽ ആലോചന മുളയിലേ മുടങ്ങി. കാരണം പിടികിട്ടിയോ.. ?
കാരണം, കീടാണുവൊന്നുമല്ല, സുമേഷ് കടുത്ത മുത്തപ്പഭക്തനും കാർന്നോന്മാരെ സ്മരിച്ച് മാത്രം വെള്ളമടി തുടങ്ങുന്നവനുമായിരുന്നു..!
ഒന്നും മനസ്സിലായില്ലേ? ഇതാ പറഞ്ഞത് കള്ളടിക്കണം, അല്ലെങ്കിൽ അക്കൂട്ടരുടെ കൂടെയിരിക്കണം ആദ്യഗ്ലാസ്സ് കുടിക്കുന്നതിനു മുൻപെങ്കിലും.

5 comments:

  1. സംഗതി കലക്കി,,,

    ReplyDelete
  2. ഹ. ഹ.. അത് കലക്കി :)

    ReplyDelete
  3. ഹി ഹി ഹി കാർന്നോര് മാഷായതു കൊണ്ടുമാത്രം ഈ വിവിരവും ഉള്ളയാളായിരുന്നല്ലേ!.

    ReplyDelete