Friday, March 14, 2014

പ.ക.സ.



മലയാളത്തിലെ ഏറ്റവും പ്രശസ്തവും സാഹിത്യ സൃഷ്ടികളുടെ അവസാന വാക്കുമായ ആ വാരികയിൽ കഥ അച്ചടിച്ച് വന്നപ്പോഴുണ്ടായ സന്തോഷം പോലെ ഒന്ന് അത് വരെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായിരുന്നത്.  ചെറിയ പടക്കങ്ങൾ ചിമ്മിനി വിളക്കിൽ നിന്നും തീ കൊളുത്തി വലിച്ചെറിയുന്നത് പോലെ നിരന്തരം കഥകളെഴുതി അയച്ചിരുന്നെങ്കിലും ചില ചെറുകിട പ്രസിദ്ധീകരണങ്ങളിലൊക്കെ വന്നതല്ലാതെ കഥാകൃത്തെന്ന് ഏവരും അംഗീകരിക്കുന്നത്ര നിലവാരമുള്ള ഒന്നിലും അത് വരെ വെളിച്ചം കണ്ടിരുന്നില്ല.  പബ്ലിഷ് ചെയ്യാനുള്ളതിൽ എന്റെ കഥയും കൊത്തും കൊത്തും എന്ന് കരുതിയാണ് ഓരോ കവറും പോസ്റ്റു ചെയ്തിരുന്നത്.  പക്ഷെ കൊത്തു പോയിട്ട് അന്നൊക്കെ കവറു പൊട്ടിച്ച് വായിക്കാറു പോലുമില്ലായിരുന്നെന്നാ തോന്നുന്നത്.  അതോ ഇനി വാരികയിലേക്ക് വരുന്ന കഥകളുടെ കഥാകാരന്മാരെ സമുദായമോ/രാഷ്ടീയമോ നോക്കി ഈയ്യുള്ളവനെ വല്ല ബ്ലാക്ക് ലിസ്റ്റിലും പെടുത്തിയതായിരുന്നോ ആവോ. 

പത്രസ്ഥാപനത്തിലെ ചിലരെ കഷ്ടപ്പെട്ട് സുഹൃത്തുക്കളാക്കി സുഖിപ്പിച്ച് സംസാരിപ്പിച്ചും പൊക്കിപ്പറഞ്ഞും അത്യാവശ്യം കള്ളും ചിക്കനും വാങ്ങിക്കൊടുത്തും കുറേ കാശും സമയവും നഷ്ടപ്പെടുത്തിയിട്ടും നടക്കാത്ത കാര്യമാണ് യാതൊരു പ്രതീക്ഷയുമില്ലാതെ വെറുതെ അയച്ച് കൊടുത്തൊരു കഥയിലൂടെ സാധ്യമായത്.  ചിലപ്പോ അന്നൊക്കെ ശ്രമിച്ചതിന്റെ ഫലമായിരിക്കും ഇപ്പോ കിട്ടിയതെന്ന് കരുതി ആശ്വസിക്കാം.  ഫസ്റ്റ് നൈറ്റിൽ പ്രണയ സാക്ഷാത്കാരത്തിന്റെ കഷ്ടപ്പാടുകളോർത്ത് വിഷമിക്കുന്നതിൽ കാര്യമില്ല്ലല്ലോ.

നല്ല രണ്ട് ചിത്രങ്ങളുമായി പ്രാധാന്യത്തോടെ തന്നെയാണ് കഥ അച്ചടിച്ചിരിക്കുന്നത്.  ആ ചിത്രങ്ങൾ എന്താണെന്ന് വരച്ച പുള്ളിക്ക് പോലും ഒരു ഐഡിയയും ഉണ്ടാകില്ല.  വരച്ചത് തല കുത്തനെ അച്ചടിച്ച് വന്നാൽ പോലും ഉദാത്തം എന്നേ പറയാൻ പാടുള്ളൂ എന്നാണല്ലോ ബുദ്ധിജീവിസം.  എന്നാലും പുറം കവറിൽ കഥയെപ്പറ്റി വലിയൊരു അറിയിപ്പ് കൊടുക്കാമായിരുന്നു.  ചില കൊമ്പന്മാരുടെതൊക്കെ അങ്ങനെ ചെയ്തിട്ടുണ്ടല്ലോ.  അവരൊക്കെ വല്യ പിടിപാടുള്ളവരല്ലേ. സാരമില്ല, അടുത്ത കഥ എഴുതി ഗംഭീരമാക്കണം.  അപ്പോൾ പിന്നെ നമുക്ക് അങ്ങോട്ട് റിക്വസ്റ്റ് ചെയ്യാമല്ലോ.  ഇനി ചെറിയ വാരികയ്ക്കൊന്നും കൊടുക്കരുത്, നമ്മടെ വെല പോകും.  ഒരു കാലത്ത് അവന്മാരേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞിട്ട് കാര്യമില്ല.  വളർന്നാൽ പിന്നെ ഇതൊക്കെ എല്ലാരും ചെയ്യുന്നത് തന്നെ.  ഇതും പണ്ടെഴുതിയതുമൊക്കെ ചേർത്ത് ഒരു സമാഹാരം ഉടനെ ഇറക്കണം.  ഈ വാരികയിൽ വന്നത് കൊണ്ട് ഇനി പ്രസാധകർക്ക് അങ്ങനെ റിജെക്റ്റ് ചെയ്യാൻ പറ്റില്ലല്ലോ.  ഒരു പുസ്തകം ഇറക്കിയില്ലെങ്കിൽ പിന്നെ ഇനിയങ്ങോട്ട് പിടിച്ച് നിൽക്കാൻ കഴിയില്ലന്നേ.  നാലക്ഷരം കൂട്ടിയെഴുതാൻ അറിയുന്നോനൊക്കെ ഇപ്പോ പുസ്തകം ഇറക്കാൻ തുടങ്ങി.  ഇപ്പോക്ക് പോയാൽ ഒരു കല്ലെടുത്ത് പട്ടിക്ക് എറിഞ്ഞാൽ അതിനു കൊണ്ടില്ലെങ്കിൽ അത് ഒരു കഥാകൃത്തിന്റെ മേത്ത് കൊള്ളും എന്ന സ്ഥിതിയായിട്ടുണ്ട്.  കലികാലം അല്ല, ഇത് കഥാകാലമാ.

രാവിലെ വാരിക മറിച്ച് നോക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് സ്വന്തം പേരു കണ്ടപ്പോൾ ഞെട്ടിപ്പോയി.  സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞതും കോൾമയിർ കൊണ്ട് വിറവന്നതും പുതുമഴയിൽ വിത്ത് കിളിർക്കുന്നത് പോലെ രോമങ്ങൾ എഴുന്നേറ്റ് നിന്നതും ഒന്നും അറിഞ്ഞില്ല.  ഓഫീസിൽ പോകാൻ പോലും മറന്ന് ഒറ്റയിരിപ്പിൽ കഥ വായിച്ച് തീർത്തു.  ചെറിയ അക്ഷരതെറ്റുകളും വാക്യവിഭജനപ്രശ്നങ്ങളുമുണ്ട്, അതൊന്നും കാര്യമാക്കാനേയില്ല.  കഥയുടെ അന്തസത്ത ചോർന്ന് പോകാതിരുന്നാ മതിയല്ലോ.   വിവരം ഉടൻ തന്നെ മൊബൈലിൽ ചങ്ങാതിമാർക്കെല്ലാം എസ്.എം.എസ്. അയച്ചു.  ഒരാളും മറുപടി അയച്ചില്ല.  ശ്രദ്ധിച്ച് കാണില്ല. 
പരീക്ഷയൊക്കെ തീർന്നതിനാൽ ഉച്ച വരെ കിടന്നുറങ്ങുന്ന മോളെ കുത്തിയെഴുന്നേൽ‌പ്പിച്ച് വാരിക കാണിച്ച് കൊടുത്തു.  മിസ്സിസ്സിനെ അതൊന്ന് കാണിക്കലായിരുന്നു ഉദ്ദേശം.  കുറച്ച് ദിവസങ്ങളായി മിണ്ടാറില്ല.  അത് ഇടക്കിടക്ക് പതിവുള്ളതാ.  കമ്യൂണിക്കേഷനൊക്കെ മകൾ ത്രൂ ആണ്.  അല്ലേങ്കിലും ഒരു സാഹിത്യകാരനു ചേർന്ന ഭാര്യയൊന്നുമല്ലല്ലോ തനിക്ക് കിട്ടിയത്.  ആഫീസ്, വീട്, തിന്നൽ, ഉറങ്ങൽ.  പത്രം പോലും വായിക്കാത്ത ഒരു സാധനം.  ഇത്തവണത്തെ വയലാർ അവാർഡ് ആർക്ക്? സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടാര് ? പൊരിവെയിലിലെ കാക്ക മുട്ടയിടാത്തതെന്ത് എന്നത് ആരുടെ കഥയാണ്, ഉത്തരാധുനികതയുടെ ദാർശനിക തത്വത്തിന്റെ ആന്തരിക വശം.. ഇങ്ങനെ ഒരു വസ്തു അറിയില്ല.  ജോലി കഴിഞ്ഞ് വന്നാലുടനെ തിമിംഗലം കരക്കടിഞ്ഞ പോലെ കട്ടിലിൽ കേറി കിടക്കുന്നുണ്ടാകും.  കുറ്റം പറയാനല്ലാതെ നാവ് അനക്കില്ല.  ഏത് സമയത്താണാവോ കല്യാണം കഴിക്കാൻ തോന്നിയത്.  അല്ലെങ്കിലും സാഹിത്യകാരന് ലൌകിക ജീവിതം അക്ലിഷ്ടമായൊരു പാരഗ്രാഫാണ്.  പോയ ബുദ്ധി ഫോർമാറ്റ് ചെയ്താൽ കിട്ടില്ലല്ലോ. സഹിക്കന്നെ..

“അമ്മേ അച്ചന്റെ കഥ..” എന്നും പറഞ്ഞ് മോൾ അടുക്കളയിലേക്ക് പോകുന്നത് കേട്ട് ചെവി കൂർപ്പിച്ചു. പിണക്കമൊക്കെ മറന്ന് അതുമായി ഓടി വന്ന് കെട്ടിപ്പിടിക്കുന്ന രംഗം ഓർത്ത് നിൽക്കുമ്പോൾ തലക്ക് മുകളിലൂടെ എന്തോ വന്ന് മുന്നിലേക്ക് വീണു.  വാരികയാണ്.  “ഇതെഴുതുന്ന സമയത്ത് ആ വെള്ളരിക്കക്ക് കൈക്കോട്ടെടുത്ത് തടം കോരിയെങ്കിൽ അതെങ്കിലും ഒരു കാര്യമുണ്ടാകുമേനും കഥയെഴുതാൻ നടക്ക്ന്ന്  പിന്നെ തല പൊക്കാൻ തോന്നിയില്ല.  അസംതൃപ്തമായ കുടുംബ ജീവിതം എല്ലാ സാഹിത്യകാരന്മാരുടേയും പൊതു വിധിയാണ്.

ഓഫീസിലെത്തിയ ഉടനെ വീക്കിലി മാനേജർക്ക് കൊണ്ട് കൊടുത്തു.  പുള്ളി ആരോടോ ഫോണിൽ സംസാരിക്കുകയാണ്.  അതിന്നിടയിൽ എന്താന്ന് മുഖം കൊണ്ട് ചോദിച്ചപ്പോൾ കഥ പ്രസിദ്ധീകരിച്ച പേജ് വിടർത്തിക്കാണിച്ചു.  ചൂട് വെള്ളത്തിലിട്ട ചായപ്പൊടി പോലെ മുഖത്തെ ചിരി മാഞ്ഞ് മെല്ലെ ബ്ലാക്ക് ഷേഡ് കയറാൻ തുടങ്ങി.  പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഫോൺ വെച്ചു.  വാരിക മറിച്ചൊന്ന് നോക്കി.  ഒട്ടും ഇഷ്ടപ്പെട്ടില്ലാന്ന് തോന്നുന്നു.  “ഇത് വല്ല പരിചയക്കാരും സഹായിച്ചതാണോ.. അല്ലാണ്ട് ഇതിലൊക്കെ വരാൻ മാത്രം” ഒന്നും പറയാൻ തോന്നിയില്ല. “ഞാനും പണ്ട് കൊറേ എഴുതിയതാ.. പക്ഷേ ഒന്നും അയച്ച് കൊടുക്കാറേയില്ല.. ഇവന്മാരൊക്കെ വല്യ ജാഡ ടീമാണെന്നേ.. പിന്നെ എനിക്കിതിലൊന്നും താൽ‌പ്പര്യമേയില്ല.. കഥ നമ്മുടെ ആത്മാവിഷ്കാരത്തിനാണെന്നല്ലേ.. എഴുതുക അപ്പോ തന്നെ ആ സംതൃപ്തി കിട്ടി.. പിന്നെ ആർക്കും അയക്കാൻ തോന്നില്ലന്നേ

നല്ല പാർട്ടിയാ ഒരു കോപ്പിലെ എഴുത്തുകാരൻ.  ഇയാൾക്ക് മര്യാദയ്ക്ക് ഒരു ലെറ്റർ പോലും ഡ്രാഫ്റ്റ് ചെയ്യാനറിയില്ല എന്നിട്ടല്ലേ കഥയെഴുതാൻ.  മിണ്ടാണ്ടിരിക്കൽ തന്നെ.. ബോസായിപ്പോയില്ലേ. “ആ, പിന്നെ മറ്റേ അരിയേഴ്സ് സ്റ്റേറ്റ്മെന്റ് ഇന്ന് തന്നെ അയക്കണം, ഹെഡാഫീസിൽ നിന്നും വിളിച്ചിരുന്നു,  ബാങ്ക് റീകൺസിലിയേഷൻ ഇന്ന് റെഡിയാക്കുമല്ലോ..  ആൽഫാ കമ്പനിയുടെ അക്കൌണ്ട് ഇന്ന് സെറ്റിൽ ചെയ്ത് പണമടപ്പിക്കണം.. പ്രസാദ് ലീവ് തരുമോന്ന് ചോദിച്ച് വിളിച്ചിരുന്നു.. പറ്റില്ലാന്നാ ഞാൻ പറഞ്ഞത്.. അവനു ലീവ് കൊടുത്തേക്കാം.. അപ്പോ കാഷ് കൌണ്ടർ കൂടി നോക്കണം..  ഇന്ന് കലക്ഷൻ ഡെയാണ്.. ഓർമ്മയുണ്ടല്ലോ..”

എന്റെ കഥയൂരപ്പാ.. ഏത് സമയത്താണ് ഇയാളോട് പറയാൻ തോന്നിയത്!!!

രാത്രി ഓഫീസ് വിട്ട് വരുമ്പോൾ വായനശാലയിൽ കയറി.  നിറയെ ആളുകളുണ്ടല്ലോ.. ഓ.. കഥ വന്ന വിവരം എല്ലാരും അറിഞ്ഞ് കാണും.. ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയ്തത് നന്നായി.  അല്ലെങ്കിലും ഫേസ്ബുക്കിൽ ഇട്ടാലേ ആളുകൾ അറിയൂ എന്നായിട്ടുണ്ട്.  മരിക്കാൻ തുടങ്ങുമ്പോ ഞാനിതാ ചാകുന്നേന്ന് പറഞ്ഞ് ഫേസ്ബുക്കിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ആ മരണത്തിനൊന്നും ഒരു സ്റ്റാറ്റസുണ്ടാകില്ല.  അകത്ത് കയറിയതൊന്നും ഒരുത്തനും അറിഞ്ഞില്ലേ..  എല്ലാവനും ടി.വി. നോക്കിയിരിപ്പാണല്ലൊ.. എന്താണിതിനു മാത്രം, ക്രിക്കറ്റാണൊ.. അല്ലല്ലോ.  കോഴിക്കോട്ടെ ഹലുവ പോലത്തെ ഒരു മദാലസയാണ് ടിവിയിൽ.  കട്ടിമേക്കപ്പിട്ട മുഖം, പി.വി.സി.പൈപ്പ് പോലത്തെ കറുത്ത ചുണ്ടുകൾ, ഹാൻഡ്കർച്ചീഫ് കൊണ്ട് തയ്പ്പിച്ച ബ്ലൌസ്, പെഴ്സന്റേജ് ചിഹ്നം പോലെ (%) ചുവന്ന സാരിത്തുമ്പ് നെഞ്ചിൽ, ഇടക്കയുടെ പന്തുകൾ പോലെ ചാനലുകാരുടെ മൈക്കുകൾ മുന്നിൽ.  ആയമ്മ എന്തൊക്കെയോ വിളിച്ച് പറയുകയാണല്ലോ.. അറുന്നൂറ്റി നാൽ‌പ്പത്തി നാല് ഓമനക്കുട്ടൻപിള്ള, അറുന്നൂറ്റി നാൽ‌പ്പത്തിയഞ്ച് തൊമ്മിച്ചൻ ചാക്കോ, അറുന്നൂറ്റിനാൽ‌പ്പത്തിയാറ് അബ്ദുള്ളക്കോയ.. ഇതെന്താ ലേലമാണോ  ഓ.. അനിതാനായർ താനുമായി തത്വത്തിൽ സഹശയിച്ച ആളുകളുടെ പേരുകൾ വെളിപ്പെടുത്തുകയാണല്ലോ.. ചുമ്മാതെയല്ല വായനശാലയിൽ ഇത്രയും ആളു കൂടിയിരിക്കുന്നത്. 

പണ്ട് ഷക്കീല ചിത്രത്തിൽ തുണ്ട് കാത്തിരുന്ന പോലെയല്ലേ അനിതാ നായർ വരുന്നതും കാത്ത് വാര്‍ത്തയ്ക്ക് മുമ്പിൽ ഇരിക്കുന്നത്. കഴിഞ്ഞ കര്‍ക്കിടകത്തിൽ കാലിയടിക്കും എന്ന് കരുതിയ കേളപ്പേട്ടൻ മുതൽ മൊട്ടേന്ന് വിരിഞ്ഞിട്ടില്ലാത്ത മിത്തുമോൻ വരെ ടി.വിക്ക് മുമ്പിലുണ്ട്.
അനിതാനായരുടെ % ശൈലിയിൽ സാരിയുടുക്കുന്നത് നാട്ടിൽ പലരും അനുകരിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്ലസ്‌ടൂന് പഠിപ്പിക്കുന്ന ശ്രീലത ടീച്ചർ ഇതു പോലെ ഒന്ന് ശ്രമിച്ചിരുന്നു.  അത് പിള്ളാർ അപ്പോൾ തന്നെ എടുത്ത് യൂടൂബിലിട്ടു.  ഗൾഫിലുള്ള കെട്യോൻ ടീച്ചറെ ഡൈവോഴ്സ് ചെയ്യുമെന്നും പറഞ്ഞ് അടുത്ത ഫ്ലൈറ്റിൽ നാട്ടിലെത്തി.  വാർഡ് മെമ്പർ ഗ്ലോറിക്ക് ആഗ്രഹമുണ്ടെങ്കിലും പ്രസവം കഴിഞ്ഞ വകയിൽ വയറിൽ കിട്ടിയ സീബ്രാ ലൈൻസ് ആണ് അതിനൊരു വിഘാതം. 

ഇതിൽ ആരെങ്കിലും ഒരുത്തനെങ്കിലും കഥ വായിച്ചിട്ടുണ്ടാകുമോ.  ചേപ്പറമ്പിലെ കുഞ്ഞിക്കണ്ണനുണ്ട്.  പാർട്ടിക്കാരനാ, അവനെന്തായാലും വായിച്ചിറ്റ്ണ്ടാകും.  മെല്ലെ അടുത്തിരുന്നു വാരിക കൊടുത്ത് കൊണ്ട് പറഞ്ഞു.  “കുഞ്ഞിക്കണ്ണാ എന്റെയൊരു കഥ ഉണ്ട് ഇതില്, കണ്ടിനോ..?”  ലോക്കൽ സഖാവിന്റെ മുഖഗൌരവത്തിന് ഇടിവൊന്നും പറ്റാതെ അവൻ വാരികയും പിന്നെ കഥയുടെ തലക്കെട്ടും നോക്കിയിട്ട് പറഞ്ഞു.  “ഇതൊക്കെ പെറ്റിബൂർഷ്വാ ഉൽ‌പ്പന്നങ്ങളല്ലേ മാഷേ, സാമ്രാജ്യത്വമല്ലേ ഇവരുടെ ഹിഡൺ അജണ്ട..”

“കുഞ്ഞിക്കണ്ണാ, ഇത് നമ്മളുടെ നാട്ടിലെ തെയ്യക്കാരുടെ കഷ്ടപ്പാടിന്റെ കഥയാണ്..”

“അതായിക്കോട്ടെ, ആഗോളവൽക്കരണം തുറന്ന് വിട്ട ഏക ലോക സാമ്പത്തിക നയത്തിന്റെ ഫലമായിട്ടാണല്ലോ കാവുകളൊക്കെ ഇല്ലാണ്ടായത്.. ആ നിലക്ക് വെച്ച് നോക്കുമ്പോൾ അമേരിക്കയുടെ ഏകാധിപത്യ പ്രവണതകളുടെ ഫലമായി ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങളിലുണ്ടായ സാംസ്കാരിക തകർച്ച ദക്ഷിണേന്ത്യൻ രാജ്യങ്ങളിലെ കാവുകളെ ആശ്രയിച്ച് കഴിയുന്ന പട്ടിണിപ്പാവങ്ങളുടെ ജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട് എന്നത് ഒരു നിസ്തർക്കമായ വസ്തുതയാണല്ലോ.  അമേരിക്കൻ ഇടപെടലുകളുടെ കുഴലൂത്തുകാരായി മാറിയ ഇത്തരം പ്രസിദ്ധീകരണങ്ങളിലും ബൂർഷ്വാ സ്വാധീനം ബാധിച്ചിട്ടുണ്ടെന്നുള്ളത് ചിന്താധാരയെപ്പോലും മാറ്റിമറിക്കുന്ന സമകാലിക കാലഘട്ടത്തിൽ നവകൊളോണിയൽ സംസ്കാരം അടിച്ചേൽ‌പ്പിക്കുന്ന അമേരിക്കൻ താൽ‌പ്പര്യങ്ങളല്ലേ ഇവിടെയും നടമാടുന്നത് അതിനെതിരെ ഒറ്റക്കെട്ടായി തോളോട് ചേർന്ന് നിന്ന് പോരാടുകയല്ല്ലേ നമ്മൾ ചെയ്യേണ്ടത്

ആളുകൾ സ്മാർത്ത വിചാരം വിട്ട് കുഞ്ഞിക്കണ്ണനെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ അവനു ആവേശം കൂടാൻ തുടങ്ങി.  അന്നേരം മൊബൈലിൽ ഒരു ഫോൺ വന്നത് കൊണ്ട് രക്ഷപ്പെട്ടു.  ഫോണുമെടുത്ത് പുറത്തേക്കിറങ്ങി.

പുരുഷോത്തമൻ കയ്യാലപ്പറമ്പിൽ, ഒരു ബുദ്ധിജീവി സുഹൃത്താണ് വിളിക്കുന്നത്.  അവനൊരു കവി കൂടിയാണ്.  “കഥ വായിച്ചു. അവതരണം നന്നായില്ല, ക്രാഫ്റ്റിൽ പുതുമയില്ല, ഉത്തരാധുനികതയുടെ ചില ശിഷ്ടങ്ങൾ അവിടവിടെ അവശേഷിച്ചിരിപ്പുണ്ട്.  ജീവിതത്തിന്റെ ഉപ്പും പുളിയും കൈയ്പ്പും പകർത്തുന്നതിൽ പരാജയപ്പെട്ടോന്നൊരു ചിന്ത ഇല്ലാതില്ല,  മെയിൻ കഥാപാത്രമായ തെയ്യക്കാരൻ കഥാഗതി നിയന്ത്രിക്കുന്നതിൽ ഒരു നിർണായകമായ സ്ഥാനം വഹിക്കുന്നുണ്ടോ. അതോ ഇല്ലയോ എന്ന കാര്യത്തിൽ പലയാവർത്തി വായിച്ചിട്ടും വ്യക്തതയില്ല. ഉത്തരാധുനിക പശ്ചാത്തലത്തിൽ ചിന്തിക്കുകയാണെങ്കിൽ കഥ ഒരു പുനർവായനക്ക് വിധേയമാക്കേണ്ടതാണ്..”

“പുരുഷൂ റേഞ്ചില്ലാ‍, പിന്നെ വിളിക്കാം.” എന്ന് പറഞ്ഞ് അതും കട്ട് ചെയ്തു.

കഥ വിവരമുള്ള ഒരുത്തനും വായിച്ചിട്ടില്ലേ ഇനിയിപ്പോ ഒരു കഥ അച്ചടിച്ച് വന്നിട്ടുണ്ടേന്ന് പറഞ്ഞ് ഫ്ലെക്സ് ബോർഡ് വെക്കേണ്ടി വരുമോ എന്നാലോചിച്ചിരിക്കുമ്പോ പിറ്റേന്ന് ഉച്ചയ്ക്ക് ഒരു ഫോൺ വന്നു.

“ഞാൻ കെ.കെ.കരുണാകര കുറുപ്പ്.. പ.ക.സ.യിൽ നിന്നാണ്.. താങ്കളുടെ കഥ വായിച്ചു.  വളരെ നന്നായിട്ടുണ്ട്.  ഇത്തരം മാറ്റങ്ങൾ സാഹിത്യലോകത്ത് അനിവാര്യമായിരുന്നു.  അത് താങ്കൾക്ക് സാധിച്ചു  കഥയെപ്പറ്റി ചിലത് സംസാരിക്കാനുണ്ട്. ഒന്ന് നേരിൽ കാണുമോ 

കഥ വന്നതിൽ പിന്നെ ഒരാശ്വാസം തോന്നിയത് അന്നേരമാണ്.  കഥയെ സ്നേഹിക്കാനും അംഗീകരിക്കാനും മനസ്സുള്ളവർ ഇപ്പോഴുമുണ്ടല്ലോ എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അനിർവചനീയമായ സന്തോഷം തരുന്നതാണ്.  പു.ക.സ.യെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്.  അവരുടെ പരിപാടികൾക്കൊക്കെ പോയിട്ടുമുണ്ട്.  അന്നൊന്നും ആരും മൈൻഡ് ചെയ്യാറില്ല.  ഇപ്പോൾ എസ്റ്റാബ്ലിഷ്ഡായപ്പോൾ ഇങ്ങോട്ട് വന്ന് വിളിക്കാനും തുടങ്ങി.  ചിലപ്പോൾ അവാർഡ് തരാനോ പു.ക.സ.യുടെ സെക്രട്ടറിയാകാനോ ഉദ്ഘാടനത്തിനോ മറ്റോ ആയേക്കും എന്തായാലും ഉടനെ സമ്മതിക്കണ്ട, വെയ്റ്റിട്ട് നിക്കാം. സമയം തെളിയാൻ തുടങ്ങിയിട്ടുണ്ട്.  അവാർഡ് ആണെങ്കിൽ തുക അനാഥാലയത്തിനു കൊടുക്കണം, അവാർഡ് കിട്ടിയതിനേക്കാൾ നല്ല വാർത്താപ്രാധാന്യം കിട്ടും.  വൈകിട്ട് ഓഫീസ് വിട്ട് നേരെ അവരെ കാണാനാണ് പോയത്.

മാർക്കറ്റിലെ അമ്പലത്തിന്റെ പിന്നിലാണെന്നല്ലേ പറഞ്ഞത്.  നിറയെ ആളുകളും, ബഹളവും പൊടിയും ഒച്ചപ്പാടും, തിരക്കും.  സഞ്ചിയും ചാക്കും പിടിച്ച് അവിടേമിവിടേം നിന്ന് വിലപേശി സാധനങ്ങൾ വാങ്ങിക്കുന്ന ആളുകളും തലയിൽ ചാക്കുകൾ എടുത്ത് കൊണ്ട് ഓടുന്ന ചുമട്ടുകാരും. ഒരു സാഹിത്യസ്ഥാപനത്തിനു പറ്റിയ ചുറ്റുപാടൊന്നുമല്ല.  അമ്പലത്തിന്റെ പിറകിലെ പഴയൊരു കെട്ടിടത്തിന്റെ മുകളിൽ ബോർഡ് കാണുന്നുണ്ട്.  വഴി തെറ്റിയില്ല. രക്ഷപ്പെട്ടു.  സൈഡിലെ കോണിപ്പടിയിൽ ഒരു കാൽ വെക്കാനുള്ള സ്ഥലത്തൂടെ സാഹസപ്പെട്ട് മുകളിലേക്ക് കയറി.  നിറയെ പത്രമാസികകൾ കൂട്ടിയിട്ടിരിക്കുന്നൊരു മുറി. വെള്ള മുണ്ടും ഷർട്ടുമിട്ട കറുത്ത ഹെൽമട്ടിട്ടത് പോലെ ഡൈ ചെയ്ത മൂന്നു പേർ വലിയൊരു മേശക്ക് പിറകിൽ ഇരിക്കുന്നുണ്ട്.  മുന്നിലിരിക്കുന്ന ഒരു സ്ത്രീയോട് എന്തോ ഗൌരവമായി സംസാരിക്കുകയാണ്.  തന്നെ അവർ മൈൻഡാക്കുന്നതേയില്ല.  സ്ത്രീയാണെങ്കിൽ കാഞ്ചീപുരം പട്ട് സാരിയിൽ പൊതിഞ്ഞൊരു വെളുത്ത് കൊഴുത്തൊരു ജ്വല്ലറി ഷോപ്പ്, സ്ട്രെയിറ്റൻ ചെയ്ത കോഴിവാലു പോലത്തെ ചെമപ്പും കറുപ്പും കലർന്ന മുടി. അൽ‌പ്പം കഴിഞ്ഞപ്പോൾ അവർ കാറിന്റെ ഡിക്കിപോലത്തെ ഒരു ബാഗ് തുറന്ന് എന്തോ എടുത്ത് കൊടുത്തു.  ഒരാൾ കൈകൂപ്പി ചിരിയോടെ അത് വാങ്ങി തൊഴുതു കൊണ്ട് എഴുന്നേറ്റു.  മുഖം കണ്ടപ്പോൾ അവരെ എവിടെയോ കണ്ട പരിചയം തോന്നി.  പുൽ‌പ്പാട്ടിൽ നന്ദനാ നായർ, കവയിത്രിയോ കവിയോ കവിയിണിയോ എന്തോ ആണ്.  ആനുകാലികങ്ങളിലൊക്കെ പടവും കവിതയും കണ്ടിട്ടുണ്ട്.  എന്റെ കണ്ണാ, എന്റെ കൃഷ്ണാ, എന്റെ യദുകുലനാഥാ, എന്റെ മധുരാധീശാ എന്നും പറഞ്ഞ് ഒരേ ടൈപ്പിൽ കുറേ രാധാവിലാ‍പങ്ങളാണ് കവിത.  ശോ.. എന്റെ അനിയേട്ടൻ അങ്ങനെയാണ്, ഇങ്ങനെയാണ്, മറ്റേത് പോലെയല്ല, സ്നേഹ സമ്പന്നനാണ്, ദൈവമാണ്, ഉദാരമതീശനാണ് അങ്ങനെ സ്വന്തം ഭർത്താവിനെ പൊക്കിപ്പറഞ്ഞ് ഫേസ്ബുക്കിൽ സ്റ്റാറ്റസുകളും കണ്ടിട്ടുണ്ട്. നാലക്ഷരം അറിയുമെന്നു കരുതി എന്തുമെഴുതി ദ്രോഹിക്കരുതെന്ന് ഇവരോട് ആർക്കെങ്കിലും പറഞ്ഞൂടെ.

“ഞാൻ പ.ക.സ.യുടെ സെക്രട്ടറിയാണ്  കെ.കെ.കെ.കുറുപ്പ്, ഇത് സെക്രട്ടറി ഡോ.പോൾ പറമ്പിൽചാടി, ഇത് പി.പി.വിഷ്ണുമേനോൻ പാലത്തായി.. പേരുകൾ പരിചയമുണ്ടാകുമല്ലോ അല്ലേ
എല്ലാ ആനുകാലികങ്ങളിലും പത്രാധിപർക്കുള്ള കത്ത് എന്ന പംക്തിയിൽ ആ പേരുകൾ ഞാൻ പലയാവർത്തി വായിച്ചിട്ടുണ്ട്.  അത് ഇവരൊക്കെ ആണെന്ന് ഇപ്പോഴാണറിഞ്ഞത്.

“പ.ക.സ.യോ ഞാൻ പു.ക.സ. എന്നാ കരുതിയത്” തെറ്റിദ്ധാരണ മറച്ച് വെക്കാൻ തോന്നിയില്ല.

“പ.ക.സ. എന്നാൽ പത്രാധിപർക്ക് കത്തെഴുതുന്നവരുടെ സമിതി മലയാളത്തിലെന്നല്ല, ലോക സാഹിത്യത്തിൽ തന്നെ ഇത്തരമൊരു സ്ഥാപനം അപൂർവ്വമാണ്..” കെ.കെ.കെ.കെ. റബ്ബർ പോലത്തെ ചുണ്ടുകൾ ചെവിയോടടുപ്പിച്ച് ചിരിയുടെ വേറേതോ ഭാവം പകർന്ന് പറഞ്ഞു.  അത് ശരി, ഞാൻ വിചാരിച്ചത് പോലെയല്ല കാര്യങ്ങൾ.  എന്തായാലും ഇവരൊക്കെ നല്ല വായനക്കാരാണ്.  പല കഥകളേയും കവിതകളേയും കീറിമുറിച്ച് നിരൂപണം നടത്തി ഇവരെഴുതുന്ന കത്തുകൾ എല്ലാ വാരികകളിലും ആഴ്ചയിൽ ഒരെണ്ണമെങ്കിലും കാണാറുണ്ട്.  നല്ല കുറച്ച് വായനക്കാരെ കിട്ടിയത് സന്തോഷം തന്നെ.

“കഥയെപ്പറ്റി നിങ്ങളുടെ അഭിപ്രായം

“കഥ ഗംഭീരമായിട്ടുണ്ട്.  മലയാള സാഹിത്യത്തിൽ ഇതൊരു ദിശാമാറ്റത്തിന്റെ സൂചികയാണ്.  ഒരു പക്ഷേ ഉത്തരാധുനികതയ്ക്ക് ശേഷമുള്ള അനന്താധുനികത നിങ്ങളിലൂടെ തുടങ്ങുന്നു ചെറുപ്പക്കാരാ  അത് പറഞ്ഞത് വിഷ്ണുമേനോൻ പാലത്തായി ആയിരുന്നു.  രോമങ്ങളൊക്കെ സന്തോഷം കൊണ്ട് വികാരഭരിതരായി.  

“ഉത്തരാധുനികതയുടെ സ്വാധീനം ഒരൽ‌പ്പം ഇല്ലേ..ന്നൊരു സംശയമുണ്ട്..”
“തീർച്ചയായും ഉണ്ട്.. അത് വേണമല്ലോ..” ഡോ.പോൾപറമ്പിൽചാടിയാണ് അത് അംഗീകരിച്ചത്.
“അത്യന്തം തീവ്രമായ ഭാവ സംഘർഷങ്ങൾ അവതരിപ്പിക്കുമ്പോൾ പാളിച്ച പറ്റിയില്ലല്ലോ
“ഹേയ്.. അതൊക്കെ താങ്കൾ യഥാവിധി തന്മയബുദ്ധിയോടേയും അനിതരസാധാരണമായ മെയ്‌വഴക്കത്തിന്റെ അകമ്പടിയോടെയും രചനാത്മകമായി നിർവ്വഹിച്ചിട്ടുണ്ട്..” വീണ്ടും കെ.കെ.കെ.

“നിങ്ങളെപ്പോലെയുള്ള പരിണിത പ്രജ്ഞരായ വായനക്കാരാണ് എന്റെ ആശ്വാസം..”
“അതൊക്കെ ശരി തന്നെ, നമുക്ക് വിഷയത്തിലേക്ക് കടക്കാം..”

എന്തോ അവാർഡ് കാര്യം തന്നെ എന്നുറപ്പിച്ച് കാതോർത്തു.

“ഞങ്ങളുടെ കത്തുകളൊക്കെ വായിച്ചിട്ടുണ്ടാകുമല്ലോ. നിരവധി എഴുത്തുകാരെ സൃഷ്ടിച്ചത് ഞങ്ങളുടെ കത്തെഴുത്ത് എന്ന പ്രവൃത്തിയിലൂടെയാണ്.  അവരുടെ ഓരോ കഥ ഞങ്ങൾ അതിന്റെ പ്രത്യേകതകളും സാഹിത്യമണ്ഡലത്തിലെ അതിന്റെ സ്വാധീനവും ഭാഷാശാസ്ത്രപരമായ കരുത്തും കത്തുകളാൽ വായനക്കാരിലേക്ക് ഒരു നവ അവബോധം ഉണ്ടാക്കുന്നു.. ആരെങ്കിലും പൊക്കിപ്പറഞ്ഞില്ലെങ്കിൽ മലയാളി ഒന്നും സ്വീകരിക്കില്ലാന്ന് നിങ്ങൾക്കറിയാമല്ലോ.  സ്വയം തോന്നി ഒരിക്കലും അവർ നിങ്ങളെ അംഗീകരിക്കില്ല.  ആരെങ്കിലും പറഞ്ഞാൽ മാത്രം അവർ നിങ്ങളുടേത് വായിക്കൂ അംഗീകരിക്കൂ

അവർ പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നി. 

“അത് കൊണ്ട് ഞങ്ങൾ നിങ്ങളുടെ കഥയെപ്പറ്റി നല്ല നാലഞ്ച് കത്തുകൾ എഴുതി വാരികക്ക് അയക്കും, അവയിൽ ഒന്ന് രണ്ടെണ്ണമെങ്കിലും അവർ പ്രസിദ്ധീകരിക്കുമെന്നുറപ്പ്. കഥ ആദ്യം വായിക്കാത്തവരും പഴയ ലക്കം തപ്പിയെടുത്ത് വായിക്കും..  പിന്നെ നിങ്ങളുടെ റേറ്റിംഗ് കൂടും.. വാരികകൾ നിങ്ങളുടെ കഥകൾക്കായി കാത്ത് കിടക്കും.. നിങ്ങൾ മലയാളത്തിലെ യുവ കഥാത്തുക്കളിൽ ശ്രദ്ധേയനായി മാറും
“വളരെ വളരെ സന്തോഷം” അവരുടെ പ്രോത്സാഹനമോർത്തപ്പോൾ അറിയാതെ കൈകൾ  കൂപ്പിപ്പോയി.

“എങ്കിൽ കുറുപ്പ് മാഷേ.. നമ്മൾ അയക്കാൻ പോകുന്ന കത്തിന്റെ ഒരു ഡ്രാഫ്റ്റ് ഇദ്ദേഹത്തിനെ വായിച്ച് കേൾപ്പിക്കൂ..”

അട്ടിക്ക് വെച്ചിരിക്കുന്ന ഫോട്ടോസ്റ്റാറ്റ് കോപ്പിയിൽ നിന്നും ഒരെണ്ണമെടുത്ത് പേന കൊണ്ട് ചില വെട്ടിത്തിരുത്തലുകളും ചില ഒഴിഞ്ഞയിടങ്ങളിൽ പൂരിപ്പിക്കലുകളും നടത്തിക്കൊണ്ട് കെ.കെ.കെ.കെ. വായിക്കാൻ തുടങ്ങി.

“വാരിക ലക്കം പതിനാറ് ഇഷ്യൂ നാനൂറ് വാങ്ങി വായിച്ചു.  അതിലെ…. എഴുതിയ . കഥ വായിച്ചു.  ഓരോ വരികൾ വായിക്കുമ്പോഴും കണ്ണു നിറയുന്നത് കാരണം ഒരു ദിവസം എടുത്താണ് കഥ വായിച്ചത്.  ഭാഷാപരവും ശൈലീപരവും വ്യവസ്ഥാപിതവുമായ പരമ്പരാഗത കഥപറച്ചിൽ രീതികളെ പാടെ പിഴുത് മാറ്റിക്കൊണ്ടാണ് ഈ യുവകഥാകൃത്ത് തനിക്ക് പറയാനുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്നത്.    സമകാലിക മലയാള ചെറുകഥ ദിശാബോധമില്ലാതെ നിൽക്കുമ്പോൾ വ്യക്തമായ വഴികാട്ടിയായി ഒരു യുവകഥാകാരനെ അവതരിപ്പിക്കാൻ ധൈര്യം കാണിച്ച പത്രാധിപരെ അഭിനന്ദിക്കുന്നു

“ഉത്തരാധുനികതയെ എവിടെയെങ്കിലും കയറ്റ് മാഷേ” ഡോ.പോൾ പറമ്പിൽചാടി ഇടയിൽ ചാടി.

“ഓ.. അത് വായിക്കാൻ മറന്ന് പോയതാ.. ശരിയാക്കാം.. ഉത്തരാധുനികതയുടെ ഉൾക്കാമ്പിൽ വിടരാൻ വെമ്പിനിന്ന അനന്തര ഭാവുകത്വം ഈ ചെറുപ്പക്കാരനിൽ തുടിക്കുന്നു

“ഇത്രയും നന്നായി എന്റെ കഥയെ നിരൂപണം ചെയ്തതിൽ നിങ്ങൾക്ക് നന്ദി..”
“നന്ദി മാത്രം പോരല്ലോ അല്ലേ കുറുപ്പ് മാഷേ” വിഷ്ണുമേനോൻ ഒരു വൃത്തികെട്ട ചിരിയോടെ പറഞ്ഞു.
“പിന്നെന്താണ് ഞാൻ വേണ്ടത്?”
“ഞങ്ങൾക്ക് ഈ സംഘടനയ്ക്ക് ചെറിയൊരു സംഭാവന തരുന്നതിൽ ബുദ്ധിമുട്ടില്ലല്ലോ..” ഒരേ ടൈപ്പ് ചിരികൾ മൂന്ന് മുഖങ്ങളിലും നിറഞ്ഞു.

“ഓ.. അതിനെന്താ.. തരാം.. “ അത് കേട്ടപ്പോൾ മൂവരുടേയും മുഖം സമ്പൂർണ്ണ സാക്ഷരമായി.  പോക്കറ്റിൽ നിന്നും ഒരു നൂറ് രൂപ എടുത്ത് കൊടുത്തു.

“അയ്യേ.. ഇതൊന്നും പോര.. ”
“പിന്നെ
“ഒരു കത്തിന് ആയിരം രൂപ വെച്ച് വേണം..”
“അയ്യോ അത്രക്കൊന്നും എന്റെ കൈയ്യിലുണ്ടാകില്ല:“
“എന്നാ പിന്നെ കത്തയക്കില്ല..”
“വേണ്ട, എനിക്കങ്ങനെ നിർബ്ബന്ധമില്ല..”
“കഥ മോശമാണെന്ന് പറഞ്ഞ് ഞങ്ങൾ കത്തയക്കും
“ആയ്ക്കോ എന്നാലും എന്റെ കൈയ്യിൽന്ന് കിട്ടൂല..”

ഇത് പ.ക.സ. അല്ല, തു.ക.സ. (തുകയ്ക്ക് കഥാകാരനെ സഹായിക്കുന്ന സംഘം) ആണ്. കറുത്ത പ്രതിമകളോട് പിന്നൊന്നും പറയാൻ നിൽക്കാതെ അവിടെ നിന്നും ഇറങ്ങി.

അടുത്തയാഴ്ചത്തെ വാരികയിൽ കെ.കെ.കെ.കെ.കുറുപ്പിന്റെയും പോൾ പറമ്പിൽചാടിയുടേയും വിഷ്ണുമേനോൻ പാലത്തായിയുടേയും കഥയെ നിശിതമായി വിമർശിക്കുന്ന ഓരോ കത്തുകൾ വീതമുണ്ടായിരുന്നു. ഏതാണ്ടിങ്ങനെ.

“വാരിക ലക്കം പതിനാറ് ഇഷ്യൂ നാനൂറ് വാങ്ങി വായിച്ചു.  അതിലെ…. എഴുതിയ . കഥ വായിച്ചു.  ഓരോ വരികൾ വായിക്കുമ്പോഴും ബോറടിക്കുന്നത് കാരണം ഒരു ദിവസം എടുത്താണ് കഥ വായിച്ചത്.  ഭാഷാപരവും ശൈലീപരവും വ്യവസ്ഥാപിതവുമായ പരമ്പരാഗത കഥപറച്ചിൽ രീതികളെ പറ്റിയോ ക്രാഫ്റ്റിനെപ്പറ്റിയോ ഈ വൃത്തികെട്ട കഥാകൃത്തിനൊരു ചുക്കും അറിയില്ല. സമകാലിക മലയാള ചെറുകഥ ദിശാബോധത്തെ അനേക വർഷം പിറകോട്ട് നടത്താൻ വഴികാട്ടിയായി ഇയാൾ കാരണമാകും.  ഈ കഥ പ്രസിദ്ധീകരിച്ചത് ഇത്രയും പാരമ്പര്യമുള്ള വാരികക്ക് പറ്റിയ അബദ്ധമായിപ്പോയി. ഇയാൾക്ക് മലയാളത്തിന്റെ മധുരത്തെയോ പാരമ്പര്യത്തെയോ സംസ്കാരത്തെയോ കഥാരചനയുടെ രീതികളെപ്പറ്റിത്തന്നെയോ യാതൊരു വിവരവും ഉണ്ടെന്ന് തോന്നുന്നില്ല.. ഉത്തരാധുനിക മലയാള കഥാവേദിയിൽ ഇതൊരു അപഭ്രംശം സംഭവിച്ച രചനയാണ്.

അതിൽ പിന്നെ ഇന്നേ വരെ എന്റെ കഥകളൊന്നും ഒരു വാരികയിലും വെളിച്ചം കണ്ടിട്ടില്ല.  ശരിക്കും ആരാണ് വായനക്കാരൻ…! എവിടെയാണവൻ!!

33 comments:

  1. കഥാകൃത്തിന്റെ കഥയെഴുത്തിനൊരു തീരുമാനമായി :)

    ReplyDelete
  2. ഹാൻഡ്കർച്ചീഫ് കൊണ്ട് തയ്പ്പിച്ച ബ്ലൌസ്, പെഴ്സന്റേജ് ചിഹ്നം പോലെ (%) ചുവന്ന സാരിത്തുമ്പ് നെഞ്ചി

    super upama,,

    കുമാരന്റെ അനുഭവം ആണോ ? കത്തിന് കാശ് വാങ്ങുന്ന ശെരിക്കും ഇങ്ങനത്തെ ആള്‍ക്കാര്‍ ഉണ്ടാവുമായിരിക്കും അല്ലെ

    ReplyDelete
  3. വാട് ആന്‍ ഐഡിയ സര്‍ജീ
    ഒരു പ. ക. സ തുടങ്ങീട്ട് തന്നെ കാര്യം!!

    ReplyDelete

  4. “വാരിക ലക്കം പതിനാറ് ഇഷ്യൂ നാനൂറ് വാങ്ങി വായിച്ചു. അതിലെ…. എഴുതിയ …. കഥ വായിച്ചു. ഓരോ വരികൾ വായിക്കുമ്പോഴും ബോറടിക്കുന്നത് കാരണം ഒരു ദിവസം എടുത്താണ് കഥ വായിച്ചത്. ഭാഷാപരവും ശൈലീപരവും വ്യവസ്ഥാപിതവുമായ പരമ്പരാഗത കഥപറച്ചിൽ രീതികളെ പറ്റിയോ ക്രാഫ്റ്റിനെപ്പറ്റിയോ ഈ വൃത്തികെട്ട കഥാകൃത്തിനൊരു ചുക്കും അറിയില്ല. സമകാലിക മലയാള ചെറുകഥ ദിശാബോധത്തെ അനേക വർഷം പിറകോട്ട് നടത്താൻ വഴികാട്ടിയായി ഇയാൾ കാരണമാകും. ഈ കഥ പ്രസിദ്ധീകരിച്ചത് ഇത്രയും പാരമ്പര്യമുള്ള വാരികക്ക് പറ്റിയ അബദ്ധമായിപ്പോയി. ഇയാൾക്ക് മലയാളത്തിന്റെ മധുരത്തെയോ പാരമ്പര്യത്തെയോ സംസ്കാരത്തെയോ കഥാരചനയുടെ രീതികളെപ്പറ്റിത്തന്നെയോ യാതൊരു വിവരവും ഉണ്ടെന്ന് തോന്നുന്നില്ല.. ഉത്തരാധുനിക മലയാള കഥാവേദിയിൽ ഇതൊരു അപഭ്രംശം സംഭവിച്ച രചനയാണ്.…”

    ReplyDelete
  5. Pokkividan alundenkil ethu pattikkum soonyakashathu pokam ennuparayunnathu pole.

    ReplyDelete
  6. "ആഗോളവൽക്കരണം തുറന്ന് വിട്ട ഏക ലോക സാമ്പത്തിക നയത്തിന്റെ ഫലമായിട്ടാണല്ലോ" ഇന്റര്‍നെറ്റുകളും ബ്ലോഗുകളും ഉണ്ടായിട്ടുള്ളത് എന്നത് കൊണ്ട് സഖാക്കന്മാര്‍ ഒന്നും ഇത് വായിക്കാന്‍ സാധ്യതയില്ല.... അല്ലെങ്കില്‍ സഖാക്കന്മാര്‍ കുമാരേട്ടന്റെ കാര്യം തീരുമാനമാക്കിയേനെ...

    ReplyDelete
  7. ഇന്നത്തെ കാര്യം ഒക്കെ ഇത് തന്നെയാണ്..........................

    ReplyDelete
  8. ഇന്നത്തെ കാര്യം ഒക്കെ ഇത് തന്നെയാണ്..........................

    ReplyDelete
  9. ഒരു ബ്ലോ. ക. സ. (ബ്ലോഗിന് കമന്റ് എഴുതും സമിതി) തുടങ്ങിയാലോ ? തുക ഓണ്‍ലൈന്‍ ആയി അക്കൌണ്ടില്‍ വരട്ടെ..എന്താ. ഏതായാലും കഥ കലക്കീ ട്ടോ !

    ReplyDelete
  10. സൂപ്പറായിട്ടുണ്ട്. അഭിനന്ദനങ്ങള്‍..

    ReplyDelete
  11. ഒരു ഏകാംഗബ്ലോഗ് കമന്റ് സമിതി തുടങ്ങിയിട്ട് നാളു കുറച്ചായി. ഇപ്പോഴാണ് സാധ്യതകൾ മനസ്സിലായത്. കുമാരസംഭവങ്ങളെ പൊക്കിയടിക്കുന്നുണ്ട്. അക്കൗണ്ട് നമ്പർ മെസ്സേജ് ചെയ്യാം. കണ്ടില്ലെന്ന് നടിക്കരുത്.

    ReplyDelete
  12. valare nalla katha, vendayidathu mathram narmam, athum athimanoharamayi, % ozhivakamayirunnille ennu samshayam. athillenkilum katha nallathaanu

    ReplyDelete
  13. കയ്യില്‍ കാശുള്ളവന്‍ വലിയ കഥാകാരനാണത്രേ... :)

    ReplyDelete
  14. ഇതെന്നെ ഉദ്ദേശിച്ചാണ്,എന്നെ മാത്രം ഉദ്ദേശിച്ചാണ് ഹഹഹഹ.കഥ ജോറായി.സല്യൂട്ട്.

    ReplyDelete
  15. പ ക സ യുടെ ഐഡിയ കൊള്ളാമല്ലോ

    ReplyDelete
  16. ശരിക്കും ആരാണ് വായനക്കാരൻ…! എവിടെയാണവൻ…!!

    ഒരു ഐഡിയയും ഇല്ല മാഷെ...
    സംഭവം കിടിലം

    ReplyDelete
  17. അതെ - ശരിക്കും ആരാണ് വായനക്കാരൻ - എവിടെയാണവൻ
    കൂട്ടത്തിൽ അറിയാതെ ചോദിച്ചുപോവുന്ന മറ്റൊരു ചോദ്യംകൂടിയുണ്ട്
    ശരിക്കുള്ള എഴുത്തുകാരൻ എവിടെയാണ്
    വളർത്തു പിതാക്കന്മാരാൽ ജ്ഞാനസ്നാനപ്പെടുത്തപ്പെടാതെ പ്രതിഭകൊണ്ടുമാത്രം ഉയർന്നുവന്ന ആ എഴുത്തുകാരൻ എവിടെയാണ്

    - നല്ലൊരു രചന

    ReplyDelete
  18. ഒരുപാട് നാളുകൾക്കു ശേഷം കുമാരേട്ടനിൽ നിന്നും നല്ലൊരു കഥ വായിക്കാൻ സാധിച്ചതിൽ സന്തോഷം.

    തുടർന്നും നല്ല രചനകൾഉണ്ടാവട്ടെ...:)

    ReplyDelete
  19. കഥ നന്നായിർക്കുന്നു. ചോദ്യം ചോദിക്കാൻ കാശു വങ്ങുന്ന എംമ്പിമാരെപ്പറ്റി കേട്ടിട്ടുണ്ട്. സാഹിത്യകാരനെ ഉയർത്താനും ഈ പണിയുണ്ടെന്ന ബോധോദയം ഇപ്പൊഴാ വീണത്.
    ആശംസകൾ...

    ReplyDelete
  20. എന്റെ മനുഷ്യാ...ഓരോ പാരയുമായി ഇങ്ങനെ ഇറങ്ങാതെ..ഇനി ബ്ലോഗില്‍ കമന്റിനും കാശു ചോദിക്കാന്‍ തുടങ്ങും.
    കഥ ജോറായി....

    ReplyDelete
  21. തന്തയ്ക്ക് പിറന്നാള്‍ മാത്രം പോര, തലതൊട്ടപ്പന്‍മാറും വേണം കഥാകൃത്തിന്.
    കഥ ജോറായി.

    ReplyDelete
  22. “ഇതെഴുതുന്ന സമയത്ത് ആ വെള്ളരിക്കക്ക് കൈക്കോട്ടെടുത്ത് തടം കോരിയെങ്കിൽ അതെങ്കിലും ഒരു കാര്യമുണ്ടാകുമേനും… കഥയെഴുതാൻ നടക്ക്ന്ന്…” അക്ഷരവിരോധിയായ ഭാര്യയുടെ പ്രാര്‍ത്ഥന പ.ക.സ.കാര്‍ കേട്ടു..........
    നല്ല രചന
    ആശംസകള്‍

    ReplyDelete
  23. ഹഹ ! ഒരു പഴുതും ഇല്ലാതെ അടച്ചു വെടി വെച്ച് കളഞ്ഞു! ഒരു (ആധുനിക ) എഴുത്താളിന്റെ അച്ചടിച്ച്‌ വരാനുള്ള അത്യാഗ്രഹത്തിന്റെ ഊട് വഴികൾ !!

    ReplyDelete
  24. ഈയിടെ ഒരു സുഹൃത്തിന്റെ കഥ മറ്റൊരുത്തന്റെ പേരിൽ അച്ചടിച്ചു വന്നതിന്റെ പേരിലുണ്ടായ ചർച്ചയിൽ ഇതേ പോലെ പ്രസാധകർ പ്രസിദ്ധീകരിക്കാൻ ഇങ്ങോട്ട്‌ പണം ചോദിച്ചത് ഓര്ക്കുന്നു...

    ReplyDelete
  25. :) :) അസ്സലായി :)

    ReplyDelete
  26. കഥ ഇഷ്ടപ്പെട്ടു... :-)

    ReplyDelete
  27. ആ പെര്‍സന്‍റേജ് വിവരണം അസ്സലായിടുണ്ട് ...... ആശംസകള്‍ .....

    ReplyDelete
  28. ഹഹ സൂപ്പര്‍ ,, സമകാലികം ,,, പ ക സ ക്കാര്‍ ഒന്നൂടെ മോഡേണ്‍ ആയി ഫേസ്ബുക്കിലേക്ക് ചേക്കേറാന്‍ സമയമായി ,, ലൈക് നോക്കെ ഇപ്പൊ നല്ല ഡിമാന്റ് ആണ്

    ReplyDelete