Friday, August 31, 2012

പരിണയ പ്രശ്നങ്ങൾചേലേരി എൽ.പി.യിലെ റിട്ടയേഡ് മാഷ് പത്മനാഭൻപിള്ളയുടെ ഏക മകനാണ് എൽ.ഡി.ക്ലർക്ക് മുരളീധരൻ.  സുമുഖൻ, സുന്ദരൻ, സൽ‌സ്വഭാവി, നോൺസ്മോക്കർ, നോൺ ഡ്രിങ്കർ.  മുരളിയും അച്ഛനും മാത്രമാണ് വീട്ടിൽ താമസം.  പത്മനാഭപിള്ള റിട്ടയർ ചെയ്ത ഉടനെയായിരുന്നു ഭാര്യയുടെ മരണം.  പണ്ടേ അധികം ആരുമായും ബന്ധമില്ലാത്ത ടൈപ്പായിരുന്ന പിള്ള അതിനു ശേഷം തുണിയലക്കലും വീടുപണിയും ഭക്ഷണമുണ്ടാക്കലുമൊക്കെയായി ഒന്നു കൂടി ഒതുങ്ങി.  കണ്ടാലൊരു മുരടനെ പോലെ തോന്നിക്കുമെങ്കിലും മൂപ്പർ ക്രൂരനും ദുഷ്ടനുമല്ലാന്ന് മാത്രമല്ലെ, തികഞ്ഞ ലൌകികവാദിയായിരുന്നു.  ആവശ്യത്തിനല്ലാതെ അധികം ആരോടും സംസാരിക്കില്ല, ലോക്കൽ ഡാറ്റാസ് കലക്റ്റ് ചെയ്യാൻ പീടികത്തലക്ക് പോയിരിക്കില്ല, കള്ള്-പുക, കുടി-വലി അങ്ങനെ റവന്യൂ ലോസ്സ് വരുത്തുന്ന ഒരു പരിപാടിയുമില്ല.  പിള്ളയും മുരളിയും തമ്മിലുള്ള ബന്ധം റേഡിയോ പോലെയായിരുന്നു.  പിള്ള പറഞ്ഞത് തലകുലുക്കി കേൾക്കുക എന്നല്ലാതെ വേറൊരു അഭിപ്രായം മുരളിക്കുണ്ടായിരുന്നില്ല. 

അമ്മ മരിച്ച് ഒരു കൊല്ലമായ ഉടൻ, വീട്ടിലാരുമില്ലല്ലോ രു കല്യാണം കഴിക്ക് എന്ന് ബന്ധുക്കളും നാട്ടുകാരും മുരളിയെ നിർബ്ബന്ധിക്കാൻ തുടങ്ങി.  കല്യാണത്തെപ്പറ്റി ചിന്തിച്ചപ്പോൾ മുരളിയുടെ മനസ്സിൽ സുനീത എന്നൊരു പെൺകുട്ടിയുടെ രൂപം മാത്രമാണ് തെളിഞ്ഞ് വന്നത്.  ആഫീസിൽ പോകുന്ന ബസ്സിലാണ് സുനീതയും ജോലിക്ക് പോകുന്നത്.  എന്നും കാണാറുണ്ട്, മിണ്ടീട്ടില്ല, ചിരിച്ചിട്ടില്ല, തൊട്ടിട്ടില്ല; നോക്കിയിട്ടുണ്ട് അത്ര മാത്രം.  ഒരു വൺ‌വേ പ്രേമമായിരുന്നെങ്കിലും കെട്ടുന്നെങ്കിൽ അവളെ മാത്രമേ കെട്ടൂ എന്ന് ഉറപ്പിക്കുന്നത്ര അഗാധത ആ ഇഷ്ടത്തിനുണ്ടായിരുന്നു.  സുനീത ഇത്തിരി ലോകാസ്റ്റ് ആയതിനാൽ ഇന്റർകാസ്റ്റിന് അവർക്ക് താൽ‌പ്പര്യമില്ലെങ്കിലോ എന്ന് കരുതി ഒരു സുഹൃത്ത് മുഖേന അനൌപചാരികമായി സുനീതയെ അയക്കുമോ എന്ന് ചോദിപ്പിച്ചു.  ആയതിന്റെ റിപ്ലൈ പോസിറ്റീവായതിനാൽ സ്വന്തം വീട്ടിൽ വിഷയം അവതരിപ്പിക്കാനുള്ള പരിപാടിയിലേക്ക് നീങ്ങി. 

അച്ഛൻ ഒരു പുരോഗമന ചിന്താഗതിക്കാരനാ‍യത് കൊണ്ട് സുനീതയുടെ കാര്യം എതിർക്കില്ലെങ്കിലും കല്യാണാലോചന മുറുകുമ്പോൾ അവതരിക്കുന്ന ബന്ധുക്കൾ ജാതിക്കാര്യം പറഞ്ഞ് മുടക്കിയാലോന്ന് മുരളിക്ക് പേടിയുണ്ടായിരുന്നു. അതിനാൽ പ്രശ്നമുണ്ടാക്കാൻ സാധ്യതയുള്ള ബന്ധുക്കൾ ശത്രുക്കളുടെ ഒരു ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി.  അതിൽ നിന്നും തീവ്രവാദികളായ അഞ്ച്പത്ത് പേരെ മെയിൻ ലിസ്റ്റിലും അത്രക്ക് കുഴപ്പമില്ലാത്ത മിതവാദികളെ സപ്ലിമെന്ററി ലിസ്റ്റിലും പെടുത്തി അവരെ എങ്ങനെ തന്റെ സൈഡാക്കാം എന്ന് പ്ലാൻ ചെയ്തു.  സപ്ലിയിലുള്ളവരുടെ വീടുകളിൽ അവരവരുടെ ഗ്രേഡനുസരിച്ച് അമ്പത് മുതൽ അഞ്ഞൂറ് വരെ ചെലവഴിച്ച് ബെയ്ക്കറിയിൽ നിന്നും കെയ്ക്കും കായ വറുത്തതും മിച്ചറും വാങ്ങി സർപ്രൈസ് വിസിറ്റ് ചെയ്തു.  പ്രസ്തുത ഭവനങ്ങളിലുള്ള എൽ.കെ.ജി കുട്ടികളേയും മ്യൂസിയം പീസുകളായ അച്ചപ്പൻ അമ്മമ്മമാരുടേയും കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുകയും ആകുലവ്യാകുലതകൾ ആവോളം പകർന്ന് ഭാവപ്രകടനം നടത്തി അവരുടെ കൈയ്യിൽ നൂറും ഇരുന്നൂറും വെച്ച് കൊടുത്ത് പ്രീണിപ്പിക്കുകയും ചെയ്തു.  അവിടെയുള്ള ജോലിയില്ലാത്ത ചെറുപ്പക്കാർക്ക് താൻ പണ്ട് പഠിച്ച പി.എസ്.സി. ഗൈഡ് കൊണ്ട് കൊടുത്ത് പ്രോത്സാഹിപ്പിച്ചും, കല്യാണം കഴിയാത്ത പെൺകുട്ടികൾക്ക് ആരെയെങ്കിലും പെണ്ണ് കാണാൻ അയച്ചും, ഇടക്കിടക്ക് വിളിച്ച് വീട്ടുകാര്യങ്ങൾ അന്വേഷിച്ചും ബന്ധുക്കളുടെയടുത്ത് ക്ലീൻ ഇമേജസ് ഉണ്ടാക്കി. 

ഇങ്ങനെ സപ്ലിയും മെയിൻ ലിസ്റ്റിലുമുള്ള ഭൂരിഭാഗം പേരെയും തന്റെ ഇഷ്ടത്തിനനുസരിച്ച് നിൽക്കുന്നവരാക്കി മാറ്റാൻ മുരളിക്ക് എളുപ്പത്തിൽ കഴിഞ്ഞു.  ഇതേ അടവുകളൊക്കെ പയറ്റിയിട്ടും പാര വെക്കില്ലെന്ന് ഉറപ്പില്ലാത്ത മൂന്ന് പേരെ സാമ്പത്തിക സഹായം ചെയ്ത് മെയിൻ സപ്പോർട്ടർമാരാക്കി മാറ്റി.  പിന്നെ ബാക്കിയുണ്ടായിരുന്നത് ആദ്യ നമ്പറുകാരൻ നാണുമൂത്തപ്പനായിരുന്നു.  ഈ ദേഹത്തിനെ വശത്താക്കാൻ മുരളിയുടെ മുന്നിൽ ഒരു വഴിയും തെളിഞ്ഞില്ല.  അങ്ങേരുടെ വീട്ടിൽ മൂപ്പർ മാത്രമേയുള്ളൂ,  രണ്ട് പെണ്മക്കളുണ്ടായിരുന്നത് ഭർത്താക്കന്മാരുടെ വീട്ടിലും.  മൂപ്പരാണെങ്കിൽ വെട്ടൊന്ന് റൂം രണ്ട് എന്ന ടൈപ്പ് കാടൻ സ്വഭാവവും.  എന്തെങ്കിലും വീൿനെസ്സ് ഇല്ലാത്ത ഒന്നിനെയും മനുഷ്യനും ദൈവവും ഉണ്ടാക്കിയിട്ടില്ലല്ലോ.  നാണുമൂത്തപ്പനുമുണ്ടായിരുന്നു മദ്യപാനമെന്ന വീക്നെസ്സ്.  ആളൊരു ഫെയ്മസ് ആമ്പലാണ്.  മുരളിക്കും അത് അറിയാഞ്ഞിട്ടല്ല, പക്ഷേ അച്ഛനേക്കാൾ പ്രായമുള്ള ആളിനെങ്ങനെ കുപ്പി വാങ്ങിക്കൊടുക്കും എന്നാലോചിച്ചുള്ള ഒരു സ്റ്റാർ‌ട്ടിങ്ങ് ട്രബിൾ മാത്രമായിരുന്നു പ്രശ്നം.

വേറൊരു വഴിയും കളയാൻ സമയവും ഇല്ലാത്തതിനാൽ രണ്ടിലൊന്നാകട്ടെ എന്ന് കരുതി ഒരു ഫുൾ ബ്രാൻഡിയും വാങ്ങി ഒരു ദിവസം മൂപ്പരുടെ വീട്ടിലേക്ക് വെച്ചു പിടിപ്പിച്ചു.  മേശപ്പുറത്ത് കുപ്പി വെച്ച് വളരെ നിഷ്കളങ്കനായി, “മൂത്തപ്പാ, ആഫീസിൽ ഒരാൾ കൊണ്ട് തന്നതാ, ഞാനും അച്ഛനും കഴിക്കില്ലല്ലോ, മുത്തപ്പൻ കഴിക്കുമെങ്കിൽ ഇത് ഇവിടെ വെച്ചേക്ക്.. ഇല്ലെങ്കിൽ” അത് കം‌പ്ലീറ്റാക്കേണ്ടി വന്നില്ല. അതിനു മുൻപ് തന്നെ നാണു മൂത്തപ്പൻ പേരക്കുട്ടിയെ ലാളിക്കുന്നത് പോലെ ബ്രാണ്ടിക്കുട്ടിയെ എടുത്ത് തലോടാൻ തുടങ്ങിയിരുന്നു.  പിന്നെ ഫ്രിഡ്ജ് തുറന്ന് വെള്ളമെടുത്തതും ഉപ്പിലിട്ട നെല്ലിക്ക ടച്ചിങ്ങ്സിനെടുത്ത് കൊടുത്തതും മുരളി തന്നെയായിരുന്നു.  കുറച്ച് സമയം നാട്ടുവീട്ടുകാര്യങ്ങൾ സംസാരിച്ചിരുന്നു.  ബോട്ടിൽ പകുതിയായി മൂത്തപ്പൻ മൂഡപ്പനായപ്പോൾ മെല്ലെ വിഷയം എടുത്ത് വലിച്ച് പുറത്തിട്ടു.

“മൂത്തപ്പാ മൂത്തപ്പൻ എനിക്കൊരു ഉപകാരം ചെയ്യണം..”
“നിനക്കെന്തും ഞാൻ ചെയ്ത് തരും
“അത്.. എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണ്
“ആയ്ക്കോട്ടേ.. ഞാൻ അത് നഴത്തി തരും..”
“അത്.. അച്ഛൻ..”
“ഓൻ ഞാൻ പറഞ്ഞാൽ പറഞ്ഞിടത്ത് നിൽക്കും
“.. പെണ്ണ് നമ്മളെ ജാതിയല്ല..”
“ആയ്ക്കോട്ടെ, അതിനെന്താ ഏത് ജാതിയായാലും നിന്റൊപ്പരം ഞാനുണ്ട്
“മതി മൂത്തപ്പാ.. എന്നാ പിന്നെ അച്ഛനോട് പറഞ്ഞ് പെണ്ണ് കാണാൻ..”
“അത് ഞാനേറ്റു.. അടുത്ത ഞാറാഴ്ച ഞാനും നിന്റെ അച്ഛനും പെണ്ണുചോദിക്കാൻ പോകുന്നു എന്താ പോരേ..”
“മതി.. മതി.. ഞാൻ എന്നാ ചെല്ലട്ടെ മൂത്തപ്പാ..”

ഫയലുകൾ താൻ ക്രിയേറ്റ് ചെയ്ത ഫോൾഡറിൽ തന്നെ ഡൌൺലോഡാകുന്നതിനാൽ മുരളി സന്തോഷവാനായി.  വെള്ളപ്പുറത്ത് പറഞ്ഞത് മൂത്തപ്പൻ മറന്നേക്കുമോ എന്നൊരു സംശയമുണ്ടായിരുന്നെങ്കിലും ഞായർ രാവിലെ ചെവിയുടെ ഷട്ടർ തുറന്നപ്പോൾ മൂത്തപ്പനും അച്ഛനും സംസാരിക്കുന്ന ശബ്ദമാണ് ആദ്യം കേട്ടത്.  അച്ഛൻ എന്താണ് പറയുന്നതെന്നോർത്ത് കട്ടിലിൽ തന്നെ അനങ്ങാതെ കിടന്നു.  ജാതിക്കാര്യം പറഞ്ഞപ്പോൾ പിള്ള ഒന്ന് എതിർത്തെങ്കിലും മൂത്തപ്പന്റെ വാചക കസർത്തിൽ നിശ്ചലനായി പിന്നെ ഒന്നും പറഞ്ഞില്ല.  മൂത്തപ്പൻ മുരളിയെ വിളിച്ച് പെണ്ണിന്റെ ഡീറ്റെയിൽ‌സും വീടിന്റെ റൂട്ട്മാപ്പും കലക്റ്റ് ചെയ്ത ശേഷം പിള്ളയേയും കൂട്ടി പെണ്ണിന്റെ വീട്ടിലേക്ക് പോയി.  സന്തോഷം കൊണ്ട് മുരളിക്ക് നിൽക്കാനും ഇരിക്കാനും തോന്നിയില്ല; അതിനാൽ കുറേ സമയം അങ്ങോട്ടുമിങ്ങോട്ടും നടന്നു.

കുറ്റം പറയാനാണെങ്കിൽ അച്ഛനില്ലാത്ത പെണ്ണാണെന്നൊരു കുറവ് മാത്രമേ സുനീതിക്കുണ്ടായിരുന്നുള്ളൂ.  കാണാൻ മോശമല്ല, മിടുക്കിയാണ്, നല്ല പഠിപ്പുണ്ട്, ആരെക്കൊണ്ടും മോശം പറയിപ്പിക്കാത്ത സ്വഭാവവും.  വെളുത്ത് മെലിഞ്ഞ് കുലീനയായൊരു സുന്ദരിയായിരുന്നു സുനീതയുടെ അമ്മ.  അവരുടെ ഭർത്താവ് മരിച്ചിട്ട് കുറച്ച് വർഷം മാത്രമേ ആയിരുന്നുള്ളൂ.  സുന്ദരിയായ പെണ്ണും അതിനേക്കാൾ സുന്ദരിയായ പെണ്ണിന്റമ്മയെയും ഭംഗിയായി സൂക്ഷിക്കുന്ന വീടും മുറ്റത്തെ പൂന്തോട്ടവും പച്ചക്കറി കൃഷിയുമൊക്കെ പിള്ളക്കും മൂത്തപ്പനും വളരെയേറെ ഇഷ്ടപ്പെട്ടു.  തിരിച്ചു വന്നപ്പോൾ നാണുമൂത്തപ്പൻ ഫുൾ ഹാപ്പിയായിരുന്നു.  “ജാതിയൊന്നും നോക്കണ്ടടാ, പെണ്ണും വീടുമൊക്കെ അടിപൊളിയാണ്.. നീ അതിനെ തന്നെ കെട്ടിക്കോ“ എന്ന് മൂപ്പർ ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തു.  പക്ഷേ, സ്വതവേ മൂഡോഫായ പിള്ളയുടെ മുഖം അതിലും മോശം അവസ്ഥയിലായിരുന്നു.  അച്ഛന് ഇഷ്ടമായില്ലേ.. എന്ന് ചോദിച്ചപ്പോൾ ആയി എന്നും അല്ല എന്നും പറഞ്ഞതുമില്ല. മൂപ്പര് എന്തോ ഭയങ്കരമായ ഡെസ്പിലായിരുന്നു.  കുത്തിക്കുത്തി ചോദിച്ചപ്പോൾ അതിനെ നീ കെട്ടണ്ടാന്ന് തുറന്ന് പറഞ്ഞു.  അത് കേട്ട് മുരളി ആകെ ഞെട്ടി തകർന്നു പോയി.  മൂത്തപ്പൻ കുറേ സമയം സംസാരിച്ചിട്ടും പിള്ള ഒട്ടും സപ്പോർട്ട് ചെയ്തതേയില്ല.  അവളെ അല്ലെങ്കിൽ പിന്നെ മംഗലമേ വേണ്ട എന്നായിരുന്നു മുരളിയുടെ ദൃഢപ്രതിജ്ഞ.  അതിനെയൊഴിച്ച് ആരെ വേണമെങ്കിലും കെട്ടിക്കോ ഫുൾ ചെലവ് എന്റെ വകയെന്ന് പിള്ളയും.  പിള്ള അമ്പിനും തുമ്പിനും അടുക്കാത്തതിനാൽ പിന്നെ സംസാരിക്കാം എന്ന് പറഞ്ഞ് മൂത്തപ്പൻ പോയി. 

ഞായറാഴ്ച രാവിലെ വീണ്ടും മൂത്തപ്പൻ പിള്ളയുമായി സംസാരിക്കാൻ വന്നു.  രണ്ടു പേരും ആദ്യം നല്ല ഉച്ചത്തിലും പിന്നെ ഒച്ചയില്ലാണ്ടും കുറേ സംസാരിച്ചു.  അതിനു ശേഷം രണ്ടുപേരും വിവാഹാലോചനയുമായി വീണ്ടും സുനീതയുടെ വീട്ടിലേക്ക് പോയി.  മുരളി സന്തോഷം കൊണ്ട് പൂത്തുലഞ്ഞ് നിന്നു. 

മുരളിയുടെ കോരിത്തരിപ്പോട് കൂടിയ കാത്തിരിപ്പ് ഉച്ചവരെ നീണ്ടു.  വന്നതും പിള്ള പഴയ പോലെ മസിൽമാനായി അകത്തേക്ക് കയറിപ്പോയി.  നാണുമൂത്തപ്പൻ രണ്ട് കാലും കൊണ്ട് ബാലൻസ് കിട്ടാത്തതിനാൽ കൈകൾ തൂണിലും ചുമരിലും പിടിച്ച് സ്പൈഡർമാനെ പോലെ ഇറയത്തേക്ക് കയറി. 

“മൂത്തപ്പാ നിശ്ചയിച്ചോ?” ക്യൂരിയോസിറ്റി മുരളി.
“നിശ്ചയിച്ചു..” മൂത്തപ്പൻ ആട്ടത്തിനിടയിൽ.
“എന്നാ വാ. മുത്തപ്പന് ഞാൻ ഷാപ്പിൽ നിന്ന് കള്ള് വാങ്ങിത്തരാം..”
“കള്ളോ..! വേണ്ടാ.. സിമന്റിട്ടിടത്ത് ചാണകം തേക്കണ്ടാ... ഞാനിപ്പോ നിന്റെയച്ഛന്റെ വക സ്മിർനോഫ് കഴിച്ചതേയുള്ളൂ...”

“എപ്പോഴാ കല്യാണം..?“
“അടുത്ത മാസം പത്തിന്.. വളപട്ടണം രജിസ്റ്റ്ട്രാഫീസിൽ വെച്ച്..”
“ഇത്ര പെട്ടെന്നോ..!! അതെന്താ രജിസ്ട്രാഫീസില്..?”
“കല്യാണം കഴിക്കുന്നോര് അങ്ങനെ മതീന്ന് പറഞ്ഞാ പിന്നെ നമ്മക്കെന്താ...”
“എന്നിറ്റ് എന്നോടൊന്നും ചോദിച്ചില്ലല്ലോ..?”
“അതിന് നിന്റെ കല്യാണമല്ലല്ലോ
“ങേ.. പിന്നാരുടേതാ…!!!?“
“നിന്റച്ഛന്റെ കല്യാണം ആ പെണ്ണിന്റെ അമ്മയുമായി..”

മുരളി ഞെട്ടി; പിന്നെ ദയനീയമായി “അച്ഛാ.” എന്ന് നിലവിളിച്ചു.  വൈബ്ര ദെൻ റിങ്ങ് മോഡിലുള്ള മൊബൈൽ പോലെ!!

42 comments:

 1. പ്രതീക്ഷിച്ച ക്ലൈമാക്സ്‌ തന്നെയാരുന്നു... എന്നാലും രസമാണ് ഇത് വായിക്കാന്‍... എനിക്കും ഇത് പോലൊരു ബ്ലോഗ്‌ ഉണ്ട്.. വന്നു കണ്ടിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു...
  www.vinerahman.blogspot.com

  ReplyDelete
 2. പ്രതീക്ഷിച്ചത് പോലെത്തന്നെ

  ReplyDelete
 3. അത് കൊള്ളാം ,കുമാരാ.സംഗതി കലക്കി.

  ReplyDelete
 4. നല്ല കഥ. ആശംസകള്‍.

  ReplyDelete
 5. ഇതിപ്പം സിനിമയിൽ കാണുന്നതുപോലെ അച്ഛനെ ഹണീമൂൺ ആഘോഷത്തിന് അയക്കുക, അല്ലാതെന്ത് ചെയ്യാനാ?

  ReplyDelete
 6. ഇതിലെന്താ പ്രശ്നം? പത്താം തീയതി വളപട്ടണം റെജിസ്റ്ററാപ്പീസില്‍ പോകുക, അവിടെ സാക്ഷിയടക്കം എല്ലാ അറേഞ്ച്മെന്റ്സും റെഡിയായിട്ടുണ്ടാകും. കാര്‍ന്നോമ്മാരെ കുപ്പിയിലിറക്കാന്‍ കാണിച്ചതിന്റെ പകുതി മിടുക്കുമതി റെജിസ്റ്ററാപ്പീസില്‍ അച്ഛനേക്കാള്‍ മുമ്പ് സ്വന്തം കാര്യം സാധിക്കാന്‍. ചെക്കനോട് വെറുതെ മൊബൈല്‍ ഫോണ്‍ പോലെ മോങ്ങാതിരിക്കാന്‍ പറ...

  ReplyDelete
 7. :):)

  പാവം മുരളി....!!

  ReplyDelete
 8. ഇത്തവണ ഉപമകളും ഉല്പ്രേഷകളും കുറഞ്ഞൊ..

  ReplyDelete
 9. എന്റെ കുമാരാ ഇത്രയും ക്രൂരമായ ഒരന്ത്യം ഈ കഥയ്ക്ക് വേണമായിരുന്നോ? പെണ്ണുമായുള്ള മൂറതന്നെ തെറ്റിച്ചു കളഞ്ഞല്ലോ. തന്നെ ഞാൻ.......!ങ്ഹാ!

  ReplyDelete
 10. ക്ലൈമാക്സ് അവതരിപ്പിച്ച രീതി തകര്‍ത്തു... കൊട് കൈ...

  ReplyDelete
 11. സംഭവം കലക്കീട്ടാ കുമാരോ......ക്ലൈമാക്സ് മുന്‍കൂട്ടി വിചാരിക്കാന്‍ പറ്റി എന്ന് മാത്രം.

  ReplyDelete
 12. 'ഞാന്‍ കുടിക്കുന്ന കഞ്ഞിയില്‍ എന്തിന് കയ്യിട്ടിളക്കുന്നു പൊനൂട്ടാ' എന്ന ലൈനില്‍ പിള്ള ഒരു ഗാനം മകന് ആദ്യമേ തന്നെ ഡെഡിക്കേറ്റ് ചെയ്തിരുന്നെകില്‍ മുരളിക്ക് ഇത്രേം കഷട്ടപെടെണ്ടി വരില്ലായിരുന്നു.
  ആ ഇനി പറഞ്ഞിട്ടെന്താ, മണ്ണും ചാരി നിന്ന അച്ഛന്‍ പെണ്ണിന്റെ അമ്മേം കൊണ്ട് പോയി.

  ReplyDelete
 13. അവിടെ പെണ്ണിന്റെ അമ്മ പുരനിറഞ്ഞു നിൽപ്പുണ്ടായിരുന്നതു കാര്യമായി. അല്ലെങ്കിൽ എന്തു സംഭവിച്ചേനേ?, എനിക്കു് ആലോചിക്കാനേ വയ്യ.

  ReplyDelete
 14. കുമാരാ നിങ്ങടെ ബ്രോക്കറു പണി ഇതോടെ നിർത്തിക്കോണം....പാവം മുരളിമോൻ...മുരളീധരനായിപ്പോയല്ലോ......

  ReplyDelete
  Replies
  1. @പാവം മുരളിമോൻ...മുരളീധരനായിപ്പോയല്ലോ.....

   haha അത് കൊള്ളാം . ഒരായിരം ലൈക്കുകള്‍

   Delete
 15. വായിക്കാന്‍ നല്ല രസം. അവസാനം ഏകദേശം ഇതുതന്നെ പ്രതീക്ഷിച്ചിരുന്നു.

  ReplyDelete
 16. കൊച്ചുകൊച്ചീച്ചിയുടെ അഭിപ്രായം തന്നെയാ എനിക്കും........

  ReplyDelete
 17. മിണ്ടാത്ത അച്ഛന്‍ കലമുടച്ചു :)

  ReplyDelete
 18. പിന്നീടെല്ലാം ഭയങ്കര സ്പീഡിലായിരുന്നു.
  പിള്ള നോക്കുമ്പോൾ മുരളി ലീവെടുത്തു് 2 ദിവസം വീട്ടിൽ നിന്നു് മാറി നിൽക്കുന്നു. മൂത്തപ്പനേ നോക്കുമ്പോൾ അദ്ദേഹത്തേയും കാണാനില്ല.

  ശ്ശെടാ, ഇതെന്തൊരു മറിമായം?

  ഏതായാലും പത്താംതീയതി എത്തി. കുളിച്ചു് കുമാരന്മാരായി മൂത്ത പിള്ളയും ഇളം പിള്ളയും മൂത്തപ്പനും റജിസ്ത്രാപ്പീസിൽ വാച്ച് നോക്കി നിൽക്കുന്നു. ദേ സുനീതിയും അമ്മയും എത്തിപ്പോയി.

  പക്ഷെ എന്തോ കുഴപ്പമുണ്ട്. സുനീതിയുടെ അമ്മ മുഖം താഴ്ത്തിയാണല്ലോ നിൽക്കുന്നതു്?

  "അതേയ്, മുരളീടച്ഛാ, ഒന്നും തോന്നരുതു്... എനിക്കു്... എനിക്കു്... മൂത്തപ്പനെയാണിഷ്ടം"

  ReplyDelete
 19. ഭാവുകങ്ങള്‍ നേരുന്നു ..
  കലക്കന്‍ പോസ്റ്റ്‌ ..

  ReplyDelete
 20. എല്ലാവരും ക്ലൈമാക്സ് ഊഹിച്ചെന്ന് പറയുന്നു. എനിക്കു അത് സാധിച്ചില്ല; അത് കൊണ്ട് തന്നെ നല്ല രസം തോന്നി!

  നന്നായി, കുമാറ്ജീ!

  ReplyDelete
 21. കുമാരാ ഞാനിപ്പോഴും ആ പഴയ ക്യൂട്ടക്സിന്റെ ഹാങ്ങോവറിലാണ്.

  കുമാരന്റെ പഴയ ഒത്തിരി പോസ്റ്റുകള്‍ വായിക്കാനുണ്ട്>

  ReplyDelete
 22. പെട പെട.... :) :)

  ക്ലൈമാക്സ് ഊഹിച്ചതേയില്ല. അതായിരുന്നു ട്വിസ്റ്റ്.

  ReplyDelete
 23. റിട്ടയേര്‍ഡ്‌ മാഷ്‌ കലം ഉടക്കുമോന്നു അവസാന പരഗ്രാഫ് എത്തിയപ്പോള്‍ സംശയിച്ചു. പക്ഷേ, സ്വാഭാവികം :))
  കലക്കി...

  ReplyDelete
 24. കുമാരേട്ടാ, ഏഷ്യന്‍ പെയിന്റ്സിന്റെ പരസ്യപ്പഴംചൊല്‍ഗാനം പാടാന്‍തോന്നുന്നു :)

  ReplyDelete
 25. കുമാരേട്ടാ, ക്ളൈമാക്സ് ഊഹിക്കാന്‍ പറ്റി എന്നത് ഒരു കുറവായി ഫീലുചെയ്യുന്നില്ല. വളരെ രസകരമായ അവതരണം. ചില പ്രയോഗങ്ങള്‍! 'ലോക്കല്‍ ഡാറ്റാസ്', 'റെവന്യു ലോസ്സ്', 'ക്രിയേറ്റ് ചെയ്ത ഫോള്‍ഡറില്‍ ഡൌണ്‍ലോഡ്',... നന്നായിരിക്കുന്നു. വളരെ നാളുകള്‍ക്കു ശേഷമാണ് ബൂലോകത്തില്‍ ഞാനെത്തുന്നത്. കുമാരേട്ടന്‍ സജീവമായി ഉണ്ടെന്നതില്‍ സന്തോഷം.

  ReplyDelete

 26. ഇക്കുറി എരിവും പുളിയും അൽപം കുറഞ്ഞോന്ന് സംശയം. എങ്കിലും എനിക്കിഷ്ടായി.


  ReplyDelete
 27. നല്ല രസികന്‍ വായനാനുഭവം.....സംഗതി കലക്കീട്ടാ

  ReplyDelete
 28. This comment has been removed by the author.

  ReplyDelete
 29. ആശംസകള്‍ ..... കലക്കി എന്നൊന്നും പറയാന്‍ തോന്നുന്നില്ല.എങ്കിലും കൊള്ളാം
  എന്ന് മാത്രം.....

  ReplyDelete
 30. ഇഷ്ട്ടായി,കുമാരാ..സംഭവങ്ങള്‍..!
  ഒത്തിരി ആശംസകളോടെ പുലരി

  ReplyDelete
 31. ഇത്തവണ അച്ചൻ സ്കോറിയല്ലേ. കൊള്ളാം.

  ReplyDelete
 32. നല്ല കഥ. ആശംസകള്‍.

  ReplyDelete
 33. രസിച്ചു. അഭിനന്ദനങ്ങള്‍

  ReplyDelete
 34. ഇങ്ങനെയും കല്യാണത്തിന് ബന്ധുക്കളെ നമ്മുടെ വലയിലാക്കാലേ.... ഇത് പരീക്ഷിച്ച് വിജയിപ്പിച്ച കാര്യമാണോ... എന്തായാലും സംഭവം കലക്കി..

  ReplyDelete
 35. എഴുതിയത് കുമാരേട്ടനായതു കൊണ്ടും, പെണിന്റമ്മയെക്കുരിച്ചുള്ള വർണ്ണനയിലും, അഛന്റെ ഡെസ്പിലായ മുഖവും ഒക്കെ ചേർത്ത് വായിച്ചപ്പോൾ ഏതാണ്ടിതുപോലൊരു അന്ത്യമോ അല്ലെങ്കിൽ പെണ്ണിന്റെ അമ്മക്ക് അഛന്റെ പഴയ വല്ല കേസുകെട്ടുമായോ ഒക്കെയുള്ള ഒരന്ത്യമാണ് പ്രതീക്ഷിച്ചത്. എങ്കിലും പൊതുവിലെ ആസ്വാദ്യതക്ക് മങ്ങലേറ്റിട്ടില്ല.
  നന്നായിരിക്കുന്നു കഥ...
  ആശംസകൾ...

  ReplyDelete
 36. എല്ലാ കഥകളും വായിച്ചു തീര്‍ന്നു...ആദ്യ കമന്റ് ഇടുന്നു....

  ReplyDelete
 37. ഉഷാറായി...ആശംസകൾ

  ReplyDelete
 38. ക്ലൈമാക്സാ..കേട്ടൊ ഇതിലെ താരം..!

  ReplyDelete