Monday, July 27, 2009

എനിക്ക് ധീരതയ്ക്കുള്ള പുരസ്കാരം

ആഫീസിലെ ഒരു സഹപ്രവര്‍ത്തകന്റെ ബാച്ചിലേഴ്സ് പാര്‍ട്ടിയായിരുന്നു അന്ന് വൈകുന്നേരം. മദ്യപാനത്തില്‍ കന്യകനായതിനാല്‍ കൊക്കകോള മാത്രം കഴിച്ച് ഞാന്‍ വേഗം നാട്ടിലേക്കുള്ള ബസ്സ് പിടിച്ചു. ഏതോ ചതിയന്‍ ചന്തു ഞാനറിയാതെ എന്റെ കോളയില്‍ വോഡ്ക കലര്‍ത്തിയതിന്റെ റിസള്‍ട്ട് ബസ്സില്‍ കയറിയപ്പോഴാണെനിക്ക് അനുഭവപ്പെട്ടത്. മൊത്തം കാര്യങ്ങള്‍ക്കൊക്കെ ഒരു ലാഘവത്തം. നല്ല സുഖം. ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കണം എന്നൊരു തോന്നല്‍. നാനോ ടെക് നോളജി മുതല്‍ കൂത്തുപറമ്പ് നാണിയുടെ ടെക് നോളജിയെക്കുറിച്ച് വരെ ആധികാരികമായി സംസാരിക്കാന്‍ പറ്റുന്നു. കണ്ടക്റ്ററോടും ക്ലീനറോടുമൊക്കെ നാട്ടിലെത്തുന്നത് വരെ നിര്‍ത്താതെ സംസാരിച്ചു. സാധാരണ അവരെ കണ്ടാല്‍ തലയാട്ടുമെന്നല്ലാതെ കൂടുതലൊന്നും മിണ്ടാറില്ല ഞാന്‍.

അങ്ങനെ നല്ല മൂഡില്‍ സന്ധ്യയോടെ നാട്ടില്‍ ബസ്സിറങ്ങി. ഇരുളാന്‍ തുടങ്ങിയിരിക്കുന്നു. നല്ല ഫിറ്റായത് കാരണം ചെറുതായി ആടുന്നുമുണ്ട്. അതിനാല്‍ ബസ് സ്റ്റോപ്പിലെ പതിവ് ഇരുത്തത്തിനൊന്നും നിന്നില്ല. വീട്ടിലേക്കുള്ള കട്ട് റോഡിലേക്ക് തിരിയുമ്പോള്‍ സിന്ധുവും അവളുടെ ചേച്ചിയുടെ രണ്ടു മക്കളും തൊട്ടു മുന്നില്‍ നടന്നു പോകുന്നു. കടയില്‍ നിന്നും സാധനം വാങ്ങിയിട്ട് തിരിച്ച് പോകുന്നതാണെന്നു തോന്നുന്നു. സിന്ധു എന്റെ നാട്ടിലെ ഗോപിക… അത്രയ്ക്കില്ലെങ്കിലും ഒരു ഐശ്വര്യ റായിയെങ്കിലും ആണ്. പുട്ടിന്നിടയിലെ തേങ്ങ പോലെ.. മിക്ധ്ചറിലെ നിലക്കടല പോലെ.. പഫ്സിലെ മുട്ട പോലെ… സുന്ദരി, സത്സ്വഭാവി. അവളെയൊന്ന് അനുരാഗിക്കാന്‍ ഒരവസരം നോക്കിയിരിക്കുകയായിരുന്നു ഞാന്‍. തേടിയ ബ്രാ കാലില്‍ ചുറ്റിയത് പോലെ, ദൈവം എനിക്കായി ഡെഡിക്കേറ്റ് ചെയ്ത അവസരം. വയറിലെ വോഡ്ക വെള്ളം തലയിലേക്ക് ആവശ്യത്തിന് ധൈര്യം ഡൊണേറ്റ് ചെയ്തിട്ടുണ്ട്. ആദ്യ ഡയലോഗില്‍ തന്നെ അവളെ ക്ലീന്‍ ബോള്‍ഡാക്കാന്‍ വേണ്ടി ഞാന്‍ വേഗം നടന്നു.

പെട്ടെന്ന് അയ്യോ എന്നു പറഞ്ഞ് സിന്ധു പിള്ളേരെ രണ്ടിനേയും പിറകോട്ട് വലിച്ച് ഓടാന്‍ തുടങ്ങി. എന്നെ കണ്ടയുടനെ അവള്‍ പേടിച്ച് വിറച്ച് “അയ്യോ പാമ്പ്… പാമ്പ്…” എന്നു പറഞ്ഞു. “അതിനെന്തിനാ പേടിക്കുന്നത്.. നില്ക്കൂ..” എന്നു പറഞ്ഞ് ഞാന്‍ റോഡില്‍ നോക്കി. റോഡിലും തലയിലും ഇരുട്ടായത് കാരണം ശരിക്കും കാണുന്നില്ല. ഒരു പാമ്പ് പതുക്കെ റോഡ് ക്രോസ്സ് ചെയ്യാന്‍ നോക്കുകയാണ്. അപ്പുറമെത്തിയാല്‍ പിന്നെ പൊന്തക്കാടാണ്‍. അവന്റെ പൊടി പോയിട്ട് മുടി പോലും പിന്നെ കിട്ടില്ല.

സിന്ധുവിന്റെ മുന്നില്‍ ധൈര്യം കാണിക്കാന്‍ കിട്ടിയ അവസരം ഞാന്‍ ശരിക്ക് വിനിയോഗിച്ചു. ഒറ്റച്ചാട്ടത്തിന് ഷൂസിട്ട കാലു കൊണ്ട് ഞാന്‍ പാമ്പിന്റെ തലയ്ക്ക് ചവിട്ടിപ്പിടിച്ചു. മറ്റേ കാലു കൊണ്ട് അതിന്റെ വാലിലും. എന്നിട്ട് എങ്ങനെയുണ്ട് എന്ന മട്ടില്‍ സിന്ധുവിനെ നോക്കി. അവള്‍ മെയിന്‍ റോഡിലേക്ക് നോക്കി “ഓടി വായോ… പാമ്പ്… പാമ്പ്..” എന്നു വിളിക്കുകയാണ്. അവളുടെ നിലവിളി കേട്ട് പിള്ളേരും കരയാന്‍ തുടങ്ങി. കോറസ് കേട്ട് അടുത്തുള്ള കടകളില്‍‌ നിന്നും ബസ് സ്റ്റോപ്പില്‍ നിന്നും കുറേ ആളുകളോടി വന്നു. ഞാന്‍ അപ്പോഴും പാമ്പിന്റെ തലയിലും വാലിലും ചവിട്ടി നില്‍ക്കുകയാണ്. ആളുകള്‍ “അനങ്ങല്ലെ, അനങ്ങല്ലെ.. , വടിയെടുക്ക്.. കല്ലെടുക്ക്…” എന്നൊക്കെ പറയുന്നുണ്ട്. ഇവരെന്തിനാ ഇതൊക്കെ സംഭവം ആക്കുന്നത്? എന്താ ഇത്ര പേടിക്കാന്‍…? വെറുതെ ഒച്ചപ്പാടാക്കാതെ മനുഷ്യന്മാരേ.. എന്നൊക്കെ വിചാരിച്ച് ഞാന്‍ ബാലന്‍സ് ചെയ്ത് നിന്നു. അപ്പോഴേക്കും ആരോ ചെത്ത് കല്ലുകള്‍ കൊണ്ട് വന്ന് പാമ്പിന്റെ തലയില്‍ ഇട്ടു. ഞാന്‍ കാലു റിലീസ് ചെയ്തു.

ആളുകളെല്ലാം എന്നെ അത്ഭുത ജീവിയെപ്പോലെ നോക്കി. ഞാന്‍ ഇതൊക്കെ എന്തു നിസ്സാരം എന്ന മട്ടില്‍ വീട്ടിലേക്ക് പോയി. സിന്ധുവിനെ വഴിയിലൊന്നും കണ്ടില്ല. വീട്ടിലെത്തി എന്ന് എനിക്ക് ചെറിയ ഒരു ഓര്‍മ്മയുണ്ട്. പിന്നെ ഒന്നും ഓര്‍മ്മയില്ല. റിലെ കമ്പ്ലീറ്റ് കട്ട് ആയിപ്പോയിരുന്നു. ബോധം വരുമ്പോള്‍ രാവിലെ ഒന്‍പത് മണി. ഞാന്‍ കുറേ സമയം കട്ടിലില്‍ തന്നെ കിടന്നു. തലയ്ക്ക് നല്ല കനം. പതുക്കെ എഴുന്നേറ്റ് പല്ലൊക്കെ തേച്ച് പുറത്തേക്ക് വന്നു. അടുക്കളയില്‍ പോയി നോക്കിയപ്പോ ചായയൊന്നും കാണുന്നില്ല. അമ്മയും ചേട്ടനും ഒന്നും മിണ്ടുന്നുമില്ല. ഒരു അവാര്‍ഡ് പടം കളിക്കുന്ന ടാക്കീസ് പോലെ. എന്തോ കുഴപ്പമുണ്ട് എന്നെനിക്ക് മനസ്സിലായി. പെങ്ങളുടെ മകനായ ടിന്റുമോന്‍ സോഫയിലിരുന്ന് ടി.വി. കാണുന്നുണ്ട്. അവനാണെന്നു തോന്നുന്നു സെന്റര്‍ ഹാളില്‍ ചോക്ക് കൊണ്ട് എന്തോ ചിത്രം വരഞ്ഞിട്ടിരിക്കുന്നു. ഇവനെ ഒന്നു വിരട്ടി വീട്ടുകാര്യങ്ങളിലുള്ള എന്റെ ശുഷ്കാന്തി എല്ലാവരേയും അറിയിക്കാമെന്നും അതു വഴി അന്തരീക്ഷത്തിന്‍ ഒരു ലാഘവത്വം വരുത്താമെന്നും എനിക്ക് തോന്നി. ഞാന്‍ അവന്റെ ചെവിക്ക് പിടിച്ച് ദേഷ്യപ്പെട്ട് ശബ്ദമുയര്‍ത്തി പറഞ്ഞു.

“നീ എന്തിനാടാ ഇവിടെയൊക്കെ വരഞ്ഞ് വൃത്തികേടാക്കിയത്.. അമ്മൊമ്മയെ വിഷമിപ്പിക്കാന്‍…”

അവന്‍ ഉടനെ “അമ്മൊമ്മേ…” എന്നും പറഞ്ഞ് കരയാന്‍ തുടങ്ങി… അതിനിടയില്‍ പറഞ്ഞു “… ഇന്നലെ ഇവിടെ… ഇതേ പോലെയാ മാമന്‍ കിടന്നിരുന്നത്…”

ഞാന്‍ തറയില്‍ നോക്കിയപ്പോള്‍ സി.ബി.ഐ.പടങ്ങളിലെ ഡെഡ് ബോഡി കിടന്ന സ്ഥലം മാര്‍ക്ക് ചെയ്തതു പോലെ, ഒരാള്‍ കിടക്കുന്നത് ചോക്ക് കൊണ്ട് മാര്‍ക്ക് ചെയ്തിരിക്കുന്നു!! ഇന്നലെ ഞാന്‍ ഫിറ്റായിട്ട് ഇവിടെ വീണ സമയത്ത് ഈ പൊട്ടിത്തെറിഞ്ഞ ചെക്കന്‍ എന്റെ ചുറ്റും ചോക്ക് കൊണ്ട് വരഞ്ഞതാണു!!

ഒച്ചപ്പാട് കേട്ട് അമ്മ വന്ന് ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. ഞാന്‍ മെല്ലെ മുറിയിലേക്ക് വലിഞ്ഞു. ഞായറാഴ്ച ആയത് കൊണ്ട് ബസ് സ്റ്റോപ്പിലിരുന്ന് സമയം കളയാമെന്നു കരുതി കുറച്ച് കഴിഞ്ഞപ്പോള്‍ പതുക്കെ അവിടേക്ക് പോയി. ബസ് സ്റ്റോപ്പിന്റെ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിന്റെ ചുറ്റും ഒരാള്‍ക്കൂട്ടം. എന്നെ കണ്ട് എല്ലാവരും അത്ഭുതപ്പെട്ട് നോക്കുന്നു.
“കലക്കിയല്ലോ മോനേ.. ഇത്രയ്ക്കും ധൈര്യമുണ്ടല്ലേ.. ആളു കൊള്ളാമല്ലോ…” എന്നൊക്കെ അവരു പരസ്പരം പറയുന്നുണ്ട്. അവര്‍ നോക്കുന്നിടത്തേക്ക് ഞാന്‍ നോക്കി…. ഒറ്റത്തവണ മാത്രം…
“എന്റമ്മേ….”

കാര്‍ഷിക മേളയില്‍ പടവലങ്ങ തൂക്കിയിട്ടത് പോലെ ഒരു അണലിയെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടി തൂക്കിയിട്ടിരിക്കുന്നു... ഒരു മീറ്ററോളം നീളം വരും… അത്രേള്ളു.. ചാര നിറത്തില്‍ വെള്ള പുള്ളികളുമായി… തടിച്ച ഒരു സുന്ദരന്‍…! അതോ സുന്ദരിയോ…? ഈ ഭയങ്കര സാധനത്തിനെയാണോ ദൈവമേ.. ഞാനിന്നലെ…? തല കറങ്ങി ഞാന്‍ പിറകോട്ട് വീണു.

അന്നു വൈകിട്ട് ക്ലബ്ബിന്റെ വക കുട്ടികളുടെ ജീവന്‍ രക്ഷിച്ചതിന് വായനശാലയില്‍ എനിക്ക് അനുമോദന യോഗവും സമ്മാനവും ഉണ്ടായിരുന്നു. പഞ്ചായത്ത് മെമ്പറും നാട്ടുകാരുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

കാരണം, ഞാന്‍ വിറയും പനിയുമായി വീട്ടില്‍ കിടപ്പായിരുന്നല്ലോ!

40 comments:

  1. എന്റെ കുമാരാ നീയൊരു അണലി തന്നെ...കടിച്ചാൽ വിഷം ഇറങ്ങില്ലാ.. അതുപോലെ നിന്റെ പോസ്റ്റ്‌ വായിച്ചാൽ ചിരിക്കാതിരിക്കാനും ആവില്ലാ...വളരെ മനോഹരം..

    തുടരുക

    ReplyDelete
  2. ഹ ഹ. ആള് കൊള്ളാമല്ലോ കുമാരേട്ടാ. പാമ്പായാല്‍ പാമ്പിനെയും പിടിയ്ക്കാമെന്ന് ഇപ്പോ മനസ്സിലായി. :)

    ReplyDelete
  3. എന്നിട്ടു സിന്ധുവിന്റെ കാര്യം പിന്നെയൊന്നും പറഞ്ഞില്ല.വീരശൂരപരാക്രമം ഇഷ്ടപ്പെട്ടോ?

    ReplyDelete
  4. ചാത്തനേറ്: പാമ്പ് പാമ്പ് എന്ന് പറഞ്ഞ് സിന്ധുവും കുട്ടികളും ഓടിയത് മുന്നോട്ടായിരുന്നോ പിന്നോട്ടായിരുന്നോ.

    ReplyDelete
  5. വളരെ നന്നായി, എന്നാലും ഈ പാമ്പിന്റെ തലയിലും വാലിലും കൃത്യമായി ചവിട്ടിയല്ലോ. വായനയിലുള്ള രസത്തിന് പ്രത്യേക അഭിനന്ദനങ്ങള്‍.

    ReplyDelete
  6. മദ്യപാനത്തില്‍ കന്യകനായതിനാല്‍ കൊക്കകോള മാത്രം കഴിച്ച് ഞാന്‍ വേഗം നാട്ടിലേക്കുള്ള ബസ്സ് പിടിച്ചു.
    എന്റെ പൊന്നെ, വിശ്വസിച്ചു
    പിന്നെ സിന്ധുവിന്റെ കാര്യം, ഇങ്ങേര്‍ക്ക് അവാര്‍ഡ്‌ കൊടുത്ത പിറ്റേന്ന് അവളുടെ നിശ്ചയം ആയിരുന്നു.
    (കുമാരേട്ടാ സൂപ്പര്‍ സാധനം)

    ReplyDelete
  7. ഹ ഹ ഹ....
    കുമാരേട്ടാ ഇതു കലക്കി...
    ചേട്ടനാള് പെരുമ്പാമ്പ് തന്നെ...

    ചിരിച്ച് ചിരിച്ച് വയ്യ...
    :)

    ReplyDelete
  8. കള്ള് അകത്തു ചെന്നാലുള്ള ഒരു കാര്യേ! ധൈര്യം ഇതുപോലെ ആര്‍ക്കെങ്കിലും ഉണ്ടാകുമോ? കള്ള് ഇറങ്ങുമ്പോള്‍ ധൈര്യവും പമ്പ കടക്കും എന്നു മാത്രം. :-)

    ReplyDelete
  9. ha..ha..ha...ചിരിച്ച് ചിരിച്ച് വയ്യ...

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. അടിച്ചുപൊളിച്ചു.

    ReplyDelete
  12. ഹിഹി ഫുള്‍ പാമ്പിനോടാ.....അണലി പാമ്പിന്റെ ഒരു കളി...അല്ല പിന്നെ...

    ReplyDelete
  13. ഹ ഹ!!
    വീട്ടില്‍ മാനം പോയെങ്കിലും നാട്ടില്‍ ആളായല്ലോ, അതുമതി.
    :)

    ReplyDelete
  14. ".....ഒറ്റച്ചാട്ടത്തിന് ഷൂസിട്ട കാലു കൊണ്ട് ഞാന്‍ പാമ്പിന്റെ തലയ്ക്ക് ചവിട്ടിപ്പിടിച്ചു. മറ്റേ കാലു കൊണ്ട് അതിന്റെ വാലിലും. എന്നിട്ട് എങ്ങനെയുണ്ട് എന്ന മട്ടില്‍ ..."
    ഭവനയാണോ എന്നു ഞാന്‍ ചോദിക്കില്ല..
    എന്നാലും ആ പോസ് ഭാവനയില്‍ കണ്ട് ഞാന്‍ ഒന്നു കോള്‍മയിര്‍ കൊണ്ടു
    ശരിക്കുമൊരാരാധികയായി കേട്ടോ ...

    ഈ മൂച്ചിനു പോയി ഒരു പുലിയെ കൂടി പിടിച്ചു കൊണ്ടുവാ ..

    ReplyDelete
  15. നന്നായിരിക്കുന്നു ശിക്കാരി ശംഭുവിനെ ഓർമ്മപ്പെടുത്തി

    ReplyDelete
  16. "ഇന്നലെ ഞാന്‍ ഫിറ്റായിട്ട് ഇവിടെ വീണ സമയത്ത് ഈ പൊട്ടിത്തെറിഞ്ഞ ചെക്കന്‍ എന്റെ ചുറ്റും ചോക്ക് കൊണ്ട് വരഞ്ഞതാണു"

    ha ha chirippichchu.

    ReplyDelete
  17. നന്നായിരിക്കുന്നു കുമാരേട്ടാ ഇതു കലക്കി...

    ReplyDelete
  18. നാളെ മുതല്‍ പാമ്പ് കുമാരന്‍ എന്ന് അറിയപ്പെടട്ടേ
    ആശംസകള്‍
    :)

    ReplyDelete
  19. കുമാരന്‍ പാമ്പിനെ കണ്ടായിരുന്നോ,സിന്ധു & ഗാന്ഗ് ഓടിയത്..?
    അസ്സല്‍ പോസ്റ്റ്‌ ട്ടോ..ശരിക്കും ചിരിപ്പിച്ചു..
    പറഞ്ഞപോലെ,സിന്ധു നോട്ട് മാല ഒന്നും ഇട്ടില്ലേ?

    ReplyDelete
  20. പാമ്പ്‌ എന്നും പറഞ്ഞു സിന്ധു ഓടിയപ്പോള്‍..ഇതു പാമ്പ്‌ എന്ന് ആദ്യം ഒന്ന് സംശയിച്ചു..അസ്സല്‍ പാമ്പ്‌ ആണല്ലോ നടന്നു വരുന്നത് :) കലക്കന്‍ !

    ReplyDelete
  21. പമ്പായതു കൊണ്ട്, പമ്പിനെ പിടിക്കാന്‍ പറ്റി..

    കലക്കന്‍ വിവരണം

    :)

    ReplyDelete
  22. കലക്കി . ഇതൊക്കെ ഉള്ളതാണോ?.

    ReplyDelete
  23. “മദ്യം ഒരു മഹാദ്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലതൊക്കെ അത് നിങ്ങള്‍ക്കായി കാത്തു വെക്കുന്നു“

    ReplyDelete
  24. അതേ സിന്ധു കരഞ്ഞത് ആരെ കണ്ടിട്ടാണാവോ?
    എന്നാലും ആ പാമ്പിന്റെ ഒരു ദുര്‍വിധി,ബോധമില്ലാത്തൊരാള്‍ എന്തൊക്കെ ചെയ്യുമെന്നോര്‍ത്ത് അത് എത്ര ടെന്‍ഷന്‍ അടിച്ചിട്ടുണ്ടാവും!!!!!!!!!!!!!!!!

    ReplyDelete
  25. കലക്കിയല്ലോ മോനേ.. ഇത്രയ്ക്കും ധൈര്യമുണ്ടല്ലേ.. ആളു കൊള്ളാമല്ലോ…”ithu sathyamn aanno atho BADAYI aanno.

    ReplyDelete
  26. വരവൂരാൻ, ശ്രീ, Typist | എഴുത്തുകാരി, കുട്ടിച്ചാത്തന്, mini//മിനി, കുറുപ്പിന്റെ കണക്കു പുസ്തകം, ശ്രീഇടമൺ, Sukanya, Captain Haddock, shahir chennamangallur, യൂസുഫ്പ, കണ്ണനുണ്ണി, അനിൽ@ബ്ലൊഗ്, മാണിക്യം, വയനാടന്, ദിവാസ്വപ്നം, സൂത്രന്..!!, അരുണ് കായംകുളം, smitha adharsh, അബ്കാരി, ..::വഴിപോക്കന്[Vazhipokkan], പൊട്ട സ്ലേറ്റ്, പാവത്താൻ, സബിതാബാല, കിലുക്കാംപെട്ടി.........

    എല്ലാവർക്കും എന്റെ നന്ദി.....

    നടന്ന സംഭവം തന്നെയാണ് കേട്ടോ...
    (പാമ്പിനെ പിടിക്കാനുണ്ടോ..? പാമ്പ്...?)

    ReplyDelete
  27. ഹഹഹ ... വിറയലും തുമ്മലും പിടിച്ചു അല്ലേ ധൈര്യവാനെ :) എനിക്കു വയ്യ .........

    ReplyDelete
  28. ചിരിപ്പിച്ചു. ഇത്രക്ക് ധൈര്യവാനായ കുമാരേട്ടാ നമിച്ചിരിക്കുന്നു. പിന്നെ ക്ലൈമാക്സിൽ ഒന്ന് വിട്ട് പോയോ? നമ്മുടെ ഐശ്വര്യറായി പിന്നെ കീശയിലൊതുങ്ങിയോ?

    ReplyDelete
  29. എത്ര ദിവസം കഴിഞ്ഞാണ്‌ പനി മാറിയത്‌ മാഷേ?..

    ReplyDelete
  30. ഒരു അക്ബര്‍ കക്കട്ടില്‍ സ്റ്റൈലുണ്ട്.ഞാന്‍ ബ്ലോഗിലേക്കെത്താന്‍ താമസിച്ച് പോയോ എന്നൊരു സംശയം....

    ReplyDelete
  31. വളരെ വളരെ ഇഷ്ടപെട്ടു...

    കുമാരസംഭവങ്ങളിലെ ഒരു മാസ്റ്റര്‍ പീസായി ഇത് ഞാന്‍ പ്രഖ്യാപിച്ചിരിക്കുന്നു.

    ReplyDelete
  32. Valare ishtamaayi kumaaran.. kure chirippichu.. sorry for manglish.

    ReplyDelete
  33. സിന്ധു എന്റെ നാട്ടിലെ ഗോപിക… അത്രയ്ക്കില്ലെങ്കിലും ഒരു ഐശ്വര്യ റായിയെങ്കിലും ആണ്. പുട്ടിന്നിടയിലെ തേങ്ങ പോലെ.. മിക്ധ്ചറിലെ നിലക്കടല പോലെ.. പഫ്സിലെ മുട്ട പോലെ… സുന്ദരി, സത്സ്വഭാവി.
    പരസ്പര ബന്ധമില്ലാത്ത വാ‍ചകം എഴുതിയലും കയ്യടിക്കാന്‍
    എത്രയാ ആളുകള്‍.......
    congratulations

    ReplyDelete
  34. I recently came across your blog and have been reading along. I thought I would leave my first comment. I don't know what to say except that I have enjoyed reading. Nice blog. I will keep visiting this blog very often.

    ReplyDelete
  35. Really impressed! Everything is very open and very clear explanation of issues. It contains truly information. Your website is very useful. Thanks for sharing. Looking forward to more!

    Term paper

    ReplyDelete
  36. രസികന്, നരിക്കുന്നൻ, വിനുവേട്ടന്|vinuvettan, dipu, Tomkid!, ...പകല്കിനാവന്...daYdreaMer..., indu, വശംവദൻ, surajbhai : നന്ദി.

    ReplyDelete
  37. പാമ്പ്‌ പാമ്പ്‌ എന്ന് ചൊല്ല് വന്നത് ഇങ്ങനെയാ അല്ലേ :-)

    ReplyDelete