Saturday, May 31, 2014

ആചാരങ്ങൾ ഉണ്ടാക്കുന്നത്..



മനുഷ്യ ദൈവങ്ങൾ എന്ന് ആരെയെങ്കിലും വിളിക്കാൻ പറ്റുമെങ്കിൽ അത് തെയ്യങ്ങൾ കെട്ടുന്നവരെയാണ്.  സമൂഹത്തിലെ ജാതി വ്യവസ്ഥയിലെ താഴേക്കിടയിലുള്ളവരാണ് തെയ്യക്കാർ.  കെട്ടുന്നതിനു മുൻപ് ആരും ബഹുമാനിക്കാത്ത അവരെ മുഖത്തെഴുത്ത് നടത്തി ഉടയാടകൾ അണിഞ്ഞിറങ്ങിയാ‍ൽ ഏത് വലിയവനും താണു വഴങ്ങും.  മുദ്രാവാക്യം വിളിച്ച് സമരം നടത്തി പോലീസിന്റെ അടിയും കൊണ്ട് ആരും മൈൻഡാക്കാതെ നടന്നവൻ ഇലക്ഷനിൽ സ്ഥാനാർഥിയായി ജയിച്ചപ്പോൾ ആളുകൾ ബഹുമാനിക്കുന്നത് പോലെ.  ഈ രൌദ്രസുന്ദര കലാരൂപത്തിന്റെ പിറകിൽ തെയ്യക്കാരുടെ ത്യാഗപൂർണമായ ഭൂതകാലത്തിന്റെ തുടിപ്പുകളുണ്ട്.  ആസ്വദിച്ച് അൽ‌പ്പം കഴിഞ്ഞാൽ ഏതൊരു സത്കർമ്മത്തിന്റെയും മോശം വശം ചികയാൻ നമ്മൾക്ക് പ്രത്യേക ഇന്ററെസ്റ്റുണ്ടാകുമല്ലോ.  അതുകൊണ്ട് തെയ്യത്തിന്റെ വന്യസൌന്ദര്യ ചിത്രങ്ങൾ കെ.ടി.ഡി.സി.യുടെ സൈറ്റിൽ കിടക്കട്ടെ, നമുക്ക് കാവിന്റെ പിറകിൽ പ്രചരിക്കുന്ന ഒരു തമാശ കഥ കേൾക്കാം. 

പ്രകാശൻ ഉദ്യോഗസ്ഥനായ ഒരു തെയ്യം കലാകാരനാണ്.  ജോലിയും കലയും ഒന്നിച്ച് കൊണ്ട് പോകുന്നതിനാൽ കഞ്ഞിയല്ല ബിരിയാണി തന്നെ തിന്നു കഴിയാനുള്ള ജീവിത സാഹചര്യങ്ങളുണ്ട്.  തെയ്യം സീസണിലെ വർക്കില്ലാതിരുന്ന ഒരു ദിവസം അവൻ കള്ളടിച്ചാലോന്ന് ചിന്തിച്ച് ബാറിലേക്ക് വിട്ടു.  ബൈക്ക് കൈരളി ബാറിന്റെ മുന്നിലെ തെങ്ങിൻ ചോട്ടിൽ വെച്ച് അകത്തേക്ക് കേറണോ വേണ്ടയോ എന്നാലോചിച്ച് ഹാഫ് മൈഡി
ൽ കുറച്ച് സമയം നിന്നു.  ഒന്ന് രണ്ട് ആഴ്ച തെയ്യം കെട്ടലും വ്രതവുമായി നടന്നതിനാൽ കഴിപ്പുണ്ടായിരുന്നില്ല.  അതിനാൽ കുടിക്കാനൊരു മടി.  അല്ലെങ്കിലും ഇതങ്ങനെയാണ്.  നിർത്തിയാൽ പിന്നെ തുടങ്ങുവാൻ നല്ല മടി കാണും.  തുടങ്ങിയാൽ പിന്നെ നിർത്താനും. രണ്ടിലൊന്ന് തീരുമാനിക്ക് ഇനിയും ആലോചിച്ചാൽ കുടിക്കലുണ്ടാവില്ലെന്ന് മനസ്സിലെ കുടിയൻ വാണിങ്ങ് കൊടുത്തപ്പോൾ ബാറിന്റെ സ്റ്റെപ്പിൽ കാലു വെക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്.  അകന്ന ഒരു ബന്ധുവും അതിലുപരി അടുത്ത സുഹൃത്തുമായ മനോഹരനാണ്.

“നീ ഏട്യാ ഉള്ളേ?”
“ഞാൻ കൈരളീല്
“നീ തൊടങ്ങിയോ വ്രതം മുറിച്ചോ?”
“ഇല്ല, കേറാൻ നോക്ക്വാ
“എന്നാ കേറല്ല.. നാളെ കോറോത്തെ കാവിൽ കൂളിയൻ കെട്ടണം.. നീ വര്വോ?”
“അത് നിങ്ങളെ ജമ്മാരിയല്ലേ?”
“അതേട.. എന്റെ കാലിനു കുറ്റി കൊണ്ട് പഴുത്തിറ്റാ ഉള്ളേ അതോണ്ടാ.. നീ വന്ന് കെട്ടണം
“വരാം.. കാലിനെന്താ പറ്റിയേ..”
“അത് മാണിക്കകാവിൽ വീരൻ കെട്ടിയപ്പോ കാലിനു കുറ്റി തറച്ചതാ..”
“എന്നാ ശരി.. നാളെ കാണാം

എന്തായാലും പോസ് ചെയ്ത വെള്ളമടി നാളെ മനോഹരന്റെ കൂടെ ഐശ്വര്യമായി തുടങ്ങാമെന്നു കരുതി പ്രകാശൻ പ്ലാനിൽ വരുത്തിയ ഭേദഗതി അംഗീകരിച്ച് കുടിയനായ മനസ്സിനെ നിരാശപ്പെടുത്തി വീട്ടിലേക്ക് തിരിച്ചു.


മതിലിന്റെ പിൻഭാഗത്തെ മാവിന്റെ ചോട്ടിൽ ബൈക്ക് വെച്ച് ബാഗുമെടുത്ത് പ്രകാശൻ കാവിന്റെ മുറ്റത്തേക്കിറങ്ങി.  ആദ്യം നിലത്താണ് നോക്കിയത് കുറുന്തോട്ടിയുടെ കുറ്റിയോ മറ്റോ ഉണ്ടോ.. മനോഹരനു പറ്റിയത് പോലെ..  ഒന്നുമില്ല നന്നായി ചെത്തിക്കോരി വൃത്തിയാക്കിയിട്ടുണ്ട്.    അതിരിലെ വലിയ ചെമ്പകമരത്തിൽ നിന്നും പൂക്കൾ നിലത്ത് നിറയെ വീണു കിടക്കുന്നുണ്ട്.  അതിന്റെയേതോ കൊമ്പിൽ കെട്ടിയ മൈക്കിലൂടെ യേശുദാസ് പാടുന്നുണ്ട്.  കാവിനു പുറത്ത് വള ചാന്ത് കണ്മഷി തുടങ്ങിയതൊക്കെ വിൽക്കുന്ന വാണിഭക്കാരുടെ ചന്തകൾ കെട്ടുന്നുണ്ട്.  ചുറ്റുമുള്ള തെങ്ങുകളെ തമ്മിൽ ബന്ധിപ്പിച്ച് ജ്വല്ലറികളുടേയും ടെക്സ്റ്റൈൽ‌സുകാരുടേയും ഫ്ലെക്സുകൾ കെട്ടിയിട്ടുണ്ട്.  കാവും പരിസരവും ശ്രദ്ധിച്ചാൽ കമ്മിറ്റിക്കും നാട്ടുകാർക്കും അതിലുള്ള ആവേശവും വിശ്വാസവും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പറ്റും.  മൊത്തത്തിൽ സെറ്റപ്പൊക്കെ കണ്ടാൽ നല്ല വരവ് കിട്ടുന്ന ലക്ഷണമുണ്ട്.  പിന്നിലേക്ക് നടന്ന് തെയ്യക്കാർക്ക് വേണ്ടി കെട്ടി മറക്കിയ ഷെഡിലെത്തി അവിടെ കുരുത്തോല ചീകിക്കൊണ്ട് മനോഹരനുണ്ട്.   

“വേദനയുണ്ടോ..?”
“കൊറച്ച്
“അച്ഛനോട്ത്തു?”
“അപ്രത്ത്ണ്ട്” പിന്നെ ശബ്ദം താഴ്ത്തി, “നീ വ്രതം മുറിച്ചിട്ടില്ലല്ലോ?”
“ഇല്ല..”
“എന്നാലും കുഴപ്പമില്ല.. എന്നെക്കൊണ്ട് ഒട്ടും പറ്റുന്നില്ല.. നീയാകുമ്പോ പ്രശ്നമില്ലല്ലോ വാ കാവൊക്കെ കാണിച്ച് തരാം..”

കാവും ബലിത്തറയും ഗുരുതിത്തറയും കൽത്തറയും തൊഴണ്ട സ്ഥലവും നടത്തണ്ട ആചാര ക്രമങ്ങളും സ്ഥാനങ്ങളുമൊക്കെ മനോഹരൻ കൊണ്ട് പോയി കാണിച്ചു.  ഓരോ കാവിലും കെട്ടുന്നത് ഒരേ തെയ്യമാണെങ്കിലും സ്ഥലമനുസരിച്ച് അൽ‌പ്പ സ്വൽ‌പ്പം മാറ്റങ്ങളും ആചാരങ്ങളുമുണ്ടാകും. ഇവിടെ കാവിന്റെ പുറത്തുള്ള കുളത്തിനെ പൂജിക്കുന്ന ചടങ്ങുണ്ട്.  കുളത്തിന്റെ കരയിൽ നിന്ന് ആചാരത്തിന്റെ ഭാഗമായി തോറ്റങ്ങൾ ചൊല്ലി ചെമ്പകപ്പൂക്കൾ കുളത്തിൽ എറിയണം, അതു കഴിഞ്ഞ് തിരികെ കാവിലെത്തി തെയ്യത്തിന്റെ മുടി അഴിച്ച് വിശ്വാസികൾക്ക് അനുഗ്രഹം കൊടുക്കാം.  കുള പൂജയേ കാര്യമായിട്ട് നോക്കാനുള്ളൂ.  എല്ലാത്തിനും ഞാനും അച്ഛനും ഇടതും വലത്തുമുണ്ടാകും, പറയുന്നത് പോലെ ചെയ്താൽ മതി.  മനോഹരൻ പറഞ്ഞതൊക്കെ കേട്ട് പ്രകാശൻ തെയ്യത്തിന്റെ ഒരുക്കങ്ങളിലേക്ക് നീങ്ങി.  

രാത്രിയായി, ആളുകളൊക്കെ കൂടി, തോറ്റം കഴിഞ്ഞു.  മുഖത്തെഴുത്തും ഉടയാടയുമൊക്കെയിട്ട് വാദ്യത്തിന്റെ അകമ്പടിയുമായി പ്രകാശൻ തെയ്യം ഇറങ്ങി.  നല്ല തുടക്കമായിരുന്നു പ്രകാശൻ തെയ്യത്തിന്റേത്.  നല്ല ചടുലതാളം, രൌദ്രഭാവം.  കമ്മിറ്റിക്കാരൊക്കെ അത് പറയാൻ തുടങ്ങി. അല്ലെങ്കിലും ഈ നാട്ടുകാർ അങ്ങനെയാണ് സ്ഥിരമായി കെട്ടുന്നോൻ മാറി വേറൊരുത്തൻ വന്നാൽ ആദ്യം അവർ സമ്മതിക്കില്ല, കെട്ടിയാടാൻ തുടങ്ങിയാലോ ഗംഭീരം, ഇനിയെന്നും ഇയാൾ കെട്ടിയാൽ മതിയെന്ന് പറയും.  അത്രക്കേ ഉള്ളൂ ഇവരുടെ കാര്യം. 

പ്രകാശന്റെ ഓട്ടവും ആട്ടവും കണ്ട് ആൾക്കൂട്ടത്തിന്നിടയിൽ നിന്ന് ഓരോരുത്തന്മാർ പറയുന്നത് മനോഹരൻ കേൾക്കുന്നുണ്ടായിരുന്നു.  അത് കേട്ട് അവനു മനസ്സിൽ ചിരി വന്നു.  ഒലക്കയാണ് ഇവന്റെ ശരിയായ കെട്ടലെങ്ങാനും ഇവർ കണ്ടിറ്റ്ണ്ടെങ്കിൽ..  ഇതിനേക്കാൾ എത്രയോ നന്നായി ഞാൻ കെട്ടുമായിരുന്നു.  ഇവനെന്തോ പറ്റിയിട്ടുണ്ട്.  പണ്ടത്തെ ആവേശമൊന്നും ഇപ്പോഴില്ല, ഒട്ടും വേഗതയില്ല, ഓട്ടം ഇടക്കിടക്ക് നടത്തമാകുന്നുണ്ട്.  കൊറേ കെട്ടിത്തളർന്നിരിക്കും പോരാത്തേനു ചോപ്പ് അടിയുമുണ്ടാകും.  പണ്ടത്തെ പോലെയൊന്നും ഇപ്പോ കഴിയുന്നില്ലപ്പ.  വേഗം ക്ഷീണിക്കുന്നുണ്ട്.  ഏതായാലും ഇനി കുളത്തിൽ പൂവെറിയൽ ചടങ്ങ് കൂടി കഴിഞ്ഞാൽ തീർന്ന് കിട്ടിയല്ലോ.  മനോഹരനും അച്ഛനും പതുക്കെ പ്രകാശൻ തെയ്യത്തെ വാദ്യക്കാരുടെ അകമ്പടിയോടെ താളത്തിൽ നടന്ന് കുളത്തിന്നടുത്തേക്ക് കൊണ്ട് പോയി.  നാട്ടുകാരൊക്കെ വഴിയൊഴിഞ്ഞ് പിറകെയും.

മനോഹരനും നാട്ടുകാരും അന്നേവരെ കണ്ടിട്ടില്ലാത്ത കാവിന്റെ സിലബസ്സിലില്ലാത്ത തെയ്യാട്ടമായിരുന്നു പിന്നീടവിടെ നടന്നത്.  കുളത്തിന്റെ കരയിൽ കുറച്ച് സമയം ആട്ടം നടത്തിയതിനു ശേഷം പൂക്കൾ കുളത്തിലെറിഞ്ഞ് തിരിച്ച് കാവിൽ കയറലാണ് ചെയ്യേണ്ടിയിരുന്നത്.  പക്ഷേ പ്രകാശൻ തെയ്യം പൂക്കൾ കുളത്തിൽ അർപ്പിച്ചതിനു പിന്നാലെ ചുവടുകൾ വെച്ച് കുളത്തിലിറങ്ങി വെള്ളത്തിൽ ചില ചുവടുകളും മുദ്രകളും ആട്ടങ്ങളും നടത്തി.  മകരത്തിലെ മരം കോച്ചുന്ന തണുപ്പായിട്ടും തെയ്യം ഐസ് പോലെ തണുത്ത് കിടക്കുന്ന ആ വെള്ളത്തിൽ അരയോളം ഇറങ്ങി ക്രിയകൾ ചെയ്യുന്നത് കണ്ട് ആളുകളൊക്കെ ആശ്ചര്യത്തോടെ നോക്കി നിൽക്കുകയാണ്.  കാര്യം എന്തെന്ന് മനസ്സിലാകാത്ത വാദ്യക്കാർ സിലബസ്സിലില്ലാത്തതായിട്ടും കൊട്ട് നിർത്തിയില്ല.  അല്ലെങ്കിലും തെയ്യക്കാരും വാദ്യക്കാരും ഒരു പരസ്പര സഹായ സഹകരണ സംഘമാണ്.  തമ്മിൽ തമ്മിൽ ചുവടോ താളമോ തെറ്റിയാൽ അത് പുറത്ത് പ്രകടിപ്പിക്കില്ല, പറയുകയുമില്ല.  ആരുമറിയാതെ അഡ്ജസ്റ്റ് ചെയ്യും.  അതിനാൽ പുതിയ ചടങ്ങായിട്ടും ചെണ്ടക്കാർ അത്യാവേശത്തിൽ തോൽ കീറുമാറ് ആവേശത്തിൽ ചെണ്ടയുടെ മണ്ടക്കിട്ട് കീറി.  വിശ്വാസികളായ നാട്ടുകാർ ദൈവങ്ങളേന്ന് ആർത്ത് വിളിക്കാനും തുടങ്ങി. 

കുളത്തിൽ നിന്നും കയറിയതിനു ശേഷമായിരുന്നു ശരിയായ രൌദ്രതയിലും താളത്തിലും തിറയാട്ടമുണ്ടായത്.  ചടുല താളവുമായി പ്രകാശൻ തെയ്യം കാവിനെ ഇളക്കിമറിച്ചു.  അവന്റെയൊപ്പമെത്താൻ വാദ്യക്കാർ നന്നേ വിയർത്തു.  ആളുകൾ പരസ്പരം തലകുലുക്കി ഗംഭീരം എന്ന് പറഞ്ഞു. 

കമ്മിറ്റിയിലെ ചിലർ മനോഹരന്റെ അച്ഛനെ തോണ്ടി വിളിച്ച് തെയ്യമെന്തിനാ കുളത്തിലിറങ്ങിയതെന്ന് ചോദിച്ചപ്പോൾ  അത് പിന്നെ പറയാനുണ്ടോ കൂളിയൻ കൂടിയതാ ന്ന് മൂപ്പർ സർട്ടിഫൈ ചെയ്തു.  ഏതായാലും ഇത്തവണത്തെ തിറ ഗംഭീരമായി എന്ന അഭിപ്രായമായിരുന്നു കമ്മിറ്റിയിൽ എല്ലാവർക്കും.  തെയ്യത്തിന്റെ ആട്ടവും ഗംഭീരം ഇത് വരെ ചെയ്യാത്ത ചടങ്ങുകളും അതി ഗംഭീരം.  ഇത്ര കാലം കെട്ടിക്കൊണ്ടിരുന്ന മനോഹരൻ തെയ്യക്കാരൻ കുളത്തിലിറങ്ങാറുണ്ടായിരുന്നില്ല.  ശരിക്കും അങ്ങനെ ചെയ്യേണ്ടതുണ്ടാകും.  ദൈവം തെയ്യക്കാരനിൽ കൂടിയത് കൊണ്ടുമാകും.  മനോഹരൻ ചെയ്യാത്തത് തണുപ്പ് കൊണ്ടായിരിക്കും.  അത് തെറ്റായിപ്പോയി.  മനോഹരനൊക്കെ നാട്ടുകാരുടെയടുത്ത് പൈസ പിരിക്കാനുള്ള തിരക്കിൽ ചടങ്ങൊന്നും ചെയ്യാതെ തിരക്കിട്ട് നിർത്തുന്നതുമാകും.  പുതിയ തെയ്യക്കാരൻ വന്നത് കൊണ്ട് ഇങ്ങനെ ഒരു ആചാരം ഉണ്ടായിരുന്നെന്ന് അറിയാൻ പറ്റിയല്ലോ.  ഇനിയെപ്പോഴും അയാൾ കെട്ടിയാൽ മതി.

കണക്ക് തീർക്കാൻ വന്നപ്പോ കമ്മിറ്റിക്കാർ അത് മനോഹരനോടും അച്ഛനോടും ആ ചടങ്ങ് നിങ്ങൾ ഇത്രയും കാലം ചെയ്യാതിരുന്നത് തെറ്റായെന്ന് നീരസത്തിൽ സൂചിപ്പിക്കുകയുമുണ്ടായി. പ്രകാശനെ കൊണ്ട് വന്നത് തനിക്ക് പാരയായിയെന്ന് മനോഹരൻ നിരീച്ചു.   

വാദ്യമവസാനിപ്പിച്ച്, പ്രസാദം കൊടുക്കലും കഴിഞ്ഞ് ഉടയഴിക്കുമ്പോൾ മനോഹരൻ പ്രകാശനോട് ചോദിച്ചു.  “എടാ നീ എന്തിനാ കുളത്തിലിറങ്ങിയത്? കരയിൽ നിന്ന് പൂജ നടത്താനല്ലേ ഞാൻ പറഞ്ഞ് തന്നത്

“അത്.. പിന്നെ.. മനോഹരാട്ടാ.. ഞാൻ കുറേ നോക്കി.  പിടിച്ച് നിക്കാനായില്ല്ല.. ഒരു രക്ഷയുമില്ലായിരുന്നു..”

“എന്തിനു?”

“ അത്. ഞാൻ. രണ്ടിനു പോയതാ..

പോസ് ചെയ്ത വിഷ്വൽ പോലെ ചിരിയോ കരച്ചിലോ എന്നറിയാത്ത ഭാവവുമായി മനോഹരൻ സ്റ്റിൽ ആയി നിന്നു.

Sunday, April 6, 2014

ഞാൻ പ്രധാനമന്ത്രി ആയാൽ…

ഏഷ്യാനെറ്റ് ന്യൂസ് വെബ് സൈറ്റിൽ വന്ന എന്റെയൊരു തമാശ പോസ്റ്റ് :
https://www.facebook.com/AsianetNews/photos/a.266848220007394.85507.212212688804281/833714613320749/?type=1&theater



  • ·         അഴിമതി ഭരണ ഘടനാ വിധേയമാക്കും.  അതിനു ഭരണഘടനയുടെ 24968-ആം വകുപ്പ് ഭേദഗതി ചെയ്യും.

  • ·         പുതിയ സംസ്ഥാനങ്ങൾ അനുവദിക്കാനുള്ള അധികാരം പഞ്ചാ‍യത്തുകൾക്ക് നൽകും.
  •  
  • ·         ഒരിക്കൽ എം.പി. ആയവരെ ജീവിതത്തിലൊരിക്കലും അറസ്റ്റ് ചെയ്യാൻ പാടില്ലാ എന്ന ഉത്തരവ് പുറപ്പെടുവിക്കും.

  • ·         വ്യവസായ സ്ഥാപനങ്ങളിൽ സമരം ചെയ്യുന്നവരെ അന്നേരം തന്നെ പിടിച്ച് വിചാരണ കൂടാതെ തൂക്കിലിടും.

  • ·         ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ്‌വർക്കുകൾ നിരോധിക്കും.
  • ·         സ്ത്രീ പീഠനത്തിൽ ലോകത്ത് ഒന്നാമത്ത് എത്തുന്നതിനു വേണ്ടി രാത്രിയിൽ സ്ട്രീറ്റ് ലൈറ്റുകൾ ഓഫാക്കും.

  • ·         ബോംബ് വെക്കുന്ന തീവ്രവാദികളുടെ സൌകര്യാർഥം എല്ലാ മെട്രോ നഗരങ്ങളിലും ഓരോ തക്കാളിപ്പെട്ടി വെക്കും. 

  • ·         നഷ്ടത്തിലോടുന്ന തീവണ്ടി സർവ്വീസെല്ലാം നിർത്തി അതെല്ലാം ബംഗാളിൽ നിന്ന് കേരളത്തിലേക്ക് ഓടിക്കും. 

  • ·         സിനിമയിൽ അഭിനയിക്കുന്നവർക്ക് അവരുടെ പ്രായത്തിനു ചേർന്ന റോളുകളേ ചെയ്യാൻ പാടുള്ളൂ എന്ന നിബന്ധന പാർലമെന്റിൽ പാസ്സാക്കും.  ഈ കിളവൻ നായകന്മാർ അവരുടെ ചെറുമകളുടെ പ്രായമുള്ള പെൺകുട്ടികളുമായി കെട്ടിപ്പിടിക്കുന്നതും ചുറ്റിക്കറങ്ങുന്നതും ഇല്ലാതാക്കാൻ വേറൊരു വഴിയും കാണുന്നില്ല.

  • ·         ഓരോ ബസ് സ്റ്റോപ്പിലും ബിവറേജസ് ഷോപ്പുകൾ തുറക്കും, മദ്യപിക്കാഞ്ഞത് കൊണ്ട് ഒരാളും പട്ടിണി കിടക്കരുത്.

  • ·         പാകിസ്ഥാനും ഇന്ത്യയും തമ്മിൽ എല്ലാ ആഴ്ചയും ഓരോ വൺ‌ഡേ ക്രിക്കറ്റ് മാച്ച് സംഘടിപ്പിക്കും. സെഞ്ച്വറി അടിക്കുന്ന ഇന്ത്യക്കാർക്ക് ഗ്രൌണ്ടിൽ വെച്ച് ഭാരതരത്നം കൈയ്യോടെ കൊടുക്കും.

  • ·         ഇന്ത്യയിൽ പെട്രോളിയം കുഴിക്കാനുള്ള ലൈസൻസ് റിലയൻസിനു മാത്രമായി ഓർഡറിറക്കും.  അത് അവർ പറയുന്ന വിലക്ക് ഗവണ്മെന്റ് വാങ്ങും.

  • ·         പ്ലുട്ടോവിൽ നിന്നു മണൽ ഇറക്കാൻ ഐ.എസ്.ആർ.ഓ.യെ ചുമതലപ്പെടുത്തും.  അതിനു അവരു പറയുന്നത്ര കോടി മാറ്റി വെക്കും.

  • ·         കേരളത്തിലെ നെൽ‌വയലുകൾ നികത്തി അവിടെല്ലാം വിമാനത്താവളങ്ങൾ ഉണ്ടാക്കും.

  • ·         പതിനഞ്ച് വയസ്സായ എല്ലാവർക്കും പത്താം ക്ലാസ്സ് പാസ്സായ സർട്ടിഫിക്കറ്റ് കൊടുക്കും. ഇതിനായി സ്കൂളിൽ പോകണമെന്ന നിബന്ധനയില്ല.

  • ·         മുഴുവൻ ടി.വി., പത്ര ജേർണലിസ്റ്റുകളേയും ചന്ദ്രനിലേക്ക് നാടുകടത്തും.  ഹിഡൺ ക്യാമറയുടെ നികുതി ഒരു ലക്ഷം ശതമാനമായി കൂട്ടും.

  • ·         കോളേജുകളിൽ റാഗിങ്ങ് സിലബസ്സിൽ ഉൾപ്പെടുത്തും.

  • ·         എല്ലാ വർഷവും ഒരു മാസം ഇന്ത്യയിലും മറ്റെല്ലായ്പ്പോഴും വിദേശരാജ്യങ്ങളിൽ ടൂറിലുമായിരിക്കും.
  • ·         ഇന്ത്യ വാങ്ങുന്ന ആയുധസാമഗ്രികളെല്ലാം അമേരിക്കയിൽ നിന്ന് മാത്രമായിരിക്കും.

  • ·         കാശ്മീരിലെ പട്ടാളക്കാർക്ക് തോക്കിനു പകരം തൂവൽ കൊടുക്കും.  അതിർത്തി കടന്നു വരുന്ന ഭീകരന്മാരെ തൂവൽ കൊണ്ട് ഇക്കിളിയാക്കി അവർ ചിരിക്കുമ്പോൾ കൈയ്യോടെ പിടികൂടാം.

  • ·         അരുണാചൽ പ്രദേശ് ചൈനക്കും കാശ്മീർ പാകിസ്ഥാനും കൊടുക്കും.  വേണമെങ്കിൽ ഫ്രീ ഓഫറായി കേരളവും കൊടുത്ത് സൊല്ല ഒഴിവാക്കും. 

  • ·         വോട്ടെടുപ്പ് ഓൺലൈനിലാക്കും.  നമ്മുടെ പാർട്ടിക്കാണ് വോട്ടെങ്കിൽ അപ്പോ തന്നെ അഞ്ഞൂറ് രൂപാ എക്കൌണ്ടിൽ വീഴും. 

  • ·         പത്ര സമ്മേളനത്തിൽ അഴിമതി എന്ന വാക്ക് പറയുന്നവനെ അപ്പോ തന്നെ വെടി വെക്കാൻ ബ്ലാക്ക് ക്യാറ്റിനെ വെക്കും.

  • ·         സി.ആർ.പി.എഫ്. വണ്ടികൾ പോകുന്ന വഴികൾ പത്രവാർത്ത ആയി കൊടുക്കും. മാവോയിസ്റ്റുകൾക്ക് ഉപകാരപ്പെടും.

Friday, March 14, 2014

പ.ക.സ.



മലയാളത്തിലെ ഏറ്റവും പ്രശസ്തവും സാഹിത്യ സൃഷ്ടികളുടെ അവസാന വാക്കുമായ ആ വാരികയിൽ കഥ അച്ചടിച്ച് വന്നപ്പോഴുണ്ടായ സന്തോഷം പോലെ ഒന്ന് അത് വരെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായിരുന്നത്.  ചെറിയ പടക്കങ്ങൾ ചിമ്മിനി വിളക്കിൽ നിന്നും തീ കൊളുത്തി വലിച്ചെറിയുന്നത് പോലെ നിരന്തരം കഥകളെഴുതി അയച്ചിരുന്നെങ്കിലും ചില ചെറുകിട പ്രസിദ്ധീകരണങ്ങളിലൊക്കെ വന്നതല്ലാതെ കഥാകൃത്തെന്ന് ഏവരും അംഗീകരിക്കുന്നത്ര നിലവാരമുള്ള ഒന്നിലും അത് വരെ വെളിച്ചം കണ്ടിരുന്നില്ല.  പബ്ലിഷ് ചെയ്യാനുള്ളതിൽ എന്റെ കഥയും കൊത്തും കൊത്തും എന്ന് കരുതിയാണ് ഓരോ കവറും പോസ്റ്റു ചെയ്തിരുന്നത്.  പക്ഷെ കൊത്തു പോയിട്ട് അന്നൊക്കെ കവറു പൊട്ടിച്ച് വായിക്കാറു പോലുമില്ലായിരുന്നെന്നാ തോന്നുന്നത്.  അതോ ഇനി വാരികയിലേക്ക് വരുന്ന കഥകളുടെ കഥാകാരന്മാരെ സമുദായമോ/രാഷ്ടീയമോ നോക്കി ഈയ്യുള്ളവനെ വല്ല ബ്ലാക്ക് ലിസ്റ്റിലും പെടുത്തിയതായിരുന്നോ ആവോ. 

പത്രസ്ഥാപനത്തിലെ ചിലരെ കഷ്ടപ്പെട്ട് സുഹൃത്തുക്കളാക്കി സുഖിപ്പിച്ച് സംസാരിപ്പിച്ചും പൊക്കിപ്പറഞ്ഞും അത്യാവശ്യം കള്ളും ചിക്കനും വാങ്ങിക്കൊടുത്തും കുറേ കാശും സമയവും നഷ്ടപ്പെടുത്തിയിട്ടും നടക്കാത്ത കാര്യമാണ് യാതൊരു പ്രതീക്ഷയുമില്ലാതെ വെറുതെ അയച്ച് കൊടുത്തൊരു കഥയിലൂടെ സാധ്യമായത്.  ചിലപ്പോ അന്നൊക്കെ ശ്രമിച്ചതിന്റെ ഫലമായിരിക്കും ഇപ്പോ കിട്ടിയതെന്ന് കരുതി ആശ്വസിക്കാം.  ഫസ്റ്റ് നൈറ്റിൽ പ്രണയ സാക്ഷാത്കാരത്തിന്റെ കഷ്ടപ്പാടുകളോർത്ത് വിഷമിക്കുന്നതിൽ കാര്യമില്ല്ലല്ലോ.

നല്ല രണ്ട് ചിത്രങ്ങളുമായി പ്രാധാന്യത്തോടെ തന്നെയാണ് കഥ അച്ചടിച്ചിരിക്കുന്നത്.  ആ ചിത്രങ്ങൾ എന്താണെന്ന് വരച്ച പുള്ളിക്ക് പോലും ഒരു ഐഡിയയും ഉണ്ടാകില്ല.  വരച്ചത് തല കുത്തനെ അച്ചടിച്ച് വന്നാൽ പോലും ഉദാത്തം എന്നേ പറയാൻ പാടുള്ളൂ എന്നാണല്ലോ ബുദ്ധിജീവിസം.  എന്നാലും പുറം കവറിൽ കഥയെപ്പറ്റി വലിയൊരു അറിയിപ്പ് കൊടുക്കാമായിരുന്നു.  ചില കൊമ്പന്മാരുടെതൊക്കെ അങ്ങനെ ചെയ്തിട്ടുണ്ടല്ലോ.  അവരൊക്കെ വല്യ പിടിപാടുള്ളവരല്ലേ. സാരമില്ല, അടുത്ത കഥ എഴുതി ഗംഭീരമാക്കണം.  അപ്പോൾ പിന്നെ നമുക്ക് അങ്ങോട്ട് റിക്വസ്റ്റ് ചെയ്യാമല്ലോ.  ഇനി ചെറിയ വാരികയ്ക്കൊന്നും കൊടുക്കരുത്, നമ്മടെ വെല പോകും.  ഒരു കാലത്ത് അവന്മാരേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞിട്ട് കാര്യമില്ല.  വളർന്നാൽ പിന്നെ ഇതൊക്കെ എല്ലാരും ചെയ്യുന്നത് തന്നെ.  ഇതും പണ്ടെഴുതിയതുമൊക്കെ ചേർത്ത് ഒരു സമാഹാരം ഉടനെ ഇറക്കണം.  ഈ വാരികയിൽ വന്നത് കൊണ്ട് ഇനി പ്രസാധകർക്ക് അങ്ങനെ റിജെക്റ്റ് ചെയ്യാൻ പറ്റില്ലല്ലോ.  ഒരു പുസ്തകം ഇറക്കിയില്ലെങ്കിൽ പിന്നെ ഇനിയങ്ങോട്ട് പിടിച്ച് നിൽക്കാൻ കഴിയില്ലന്നേ.  നാലക്ഷരം കൂട്ടിയെഴുതാൻ അറിയുന്നോനൊക്കെ ഇപ്പോ പുസ്തകം ഇറക്കാൻ തുടങ്ങി.  ഇപ്പോക്ക് പോയാൽ ഒരു കല്ലെടുത്ത് പട്ടിക്ക് എറിഞ്ഞാൽ അതിനു കൊണ്ടില്ലെങ്കിൽ അത് ഒരു കഥാകൃത്തിന്റെ മേത്ത് കൊള്ളും എന്ന സ്ഥിതിയായിട്ടുണ്ട്.  കലികാലം അല്ല, ഇത് കഥാകാലമാ.

രാവിലെ വാരിക മറിച്ച് നോക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് സ്വന്തം പേരു കണ്ടപ്പോൾ ഞെട്ടിപ്പോയി.  സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞതും കോൾമയിർ കൊണ്ട് വിറവന്നതും പുതുമഴയിൽ വിത്ത് കിളിർക്കുന്നത് പോലെ രോമങ്ങൾ എഴുന്നേറ്റ് നിന്നതും ഒന്നും അറിഞ്ഞില്ല.  ഓഫീസിൽ പോകാൻ പോലും മറന്ന് ഒറ്റയിരിപ്പിൽ കഥ വായിച്ച് തീർത്തു.  ചെറിയ അക്ഷരതെറ്റുകളും വാക്യവിഭജനപ്രശ്നങ്ങളുമുണ്ട്, അതൊന്നും കാര്യമാക്കാനേയില്ല.  കഥയുടെ അന്തസത്ത ചോർന്ന് പോകാതിരുന്നാ മതിയല്ലോ.   വിവരം ഉടൻ തന്നെ മൊബൈലിൽ ചങ്ങാതിമാർക്കെല്ലാം എസ്.എം.എസ്. അയച്ചു.  ഒരാളും മറുപടി അയച്ചില്ല.  ശ്രദ്ധിച്ച് കാണില്ല. 
പരീക്ഷയൊക്കെ തീർന്നതിനാൽ ഉച്ച വരെ കിടന്നുറങ്ങുന്ന മോളെ കുത്തിയെഴുന്നേൽ‌പ്പിച്ച് വാരിക കാണിച്ച് കൊടുത്തു.  മിസ്സിസ്സിനെ അതൊന്ന് കാണിക്കലായിരുന്നു ഉദ്ദേശം.  കുറച്ച് ദിവസങ്ങളായി മിണ്ടാറില്ല.  അത് ഇടക്കിടക്ക് പതിവുള്ളതാ.  കമ്യൂണിക്കേഷനൊക്കെ മകൾ ത്രൂ ആണ്.  അല്ലേങ്കിലും ഒരു സാഹിത്യകാരനു ചേർന്ന ഭാര്യയൊന്നുമല്ലല്ലോ തനിക്ക് കിട്ടിയത്.  ആഫീസ്, വീട്, തിന്നൽ, ഉറങ്ങൽ.  പത്രം പോലും വായിക്കാത്ത ഒരു സാധനം.  ഇത്തവണത്തെ വയലാർ അവാർഡ് ആർക്ക്? സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടാര് ? പൊരിവെയിലിലെ കാക്ക മുട്ടയിടാത്തതെന്ത് എന്നത് ആരുടെ കഥയാണ്, ഉത്തരാധുനികതയുടെ ദാർശനിക തത്വത്തിന്റെ ആന്തരിക വശം.. ഇങ്ങനെ ഒരു വസ്തു അറിയില്ല.  ജോലി കഴിഞ്ഞ് വന്നാലുടനെ തിമിംഗലം കരക്കടിഞ്ഞ പോലെ കട്ടിലിൽ കേറി കിടക്കുന്നുണ്ടാകും.  കുറ്റം പറയാനല്ലാതെ നാവ് അനക്കില്ല.  ഏത് സമയത്താണാവോ കല്യാണം കഴിക്കാൻ തോന്നിയത്.  അല്ലെങ്കിലും സാഹിത്യകാരന് ലൌകിക ജീവിതം അക്ലിഷ്ടമായൊരു പാരഗ്രാഫാണ്.  പോയ ബുദ്ധി ഫോർമാറ്റ് ചെയ്താൽ കിട്ടില്ലല്ലോ. സഹിക്കന്നെ..

“അമ്മേ അച്ചന്റെ കഥ..” എന്നും പറഞ്ഞ് മോൾ അടുക്കളയിലേക്ക് പോകുന്നത് കേട്ട് ചെവി കൂർപ്പിച്ചു. പിണക്കമൊക്കെ മറന്ന് അതുമായി ഓടി വന്ന് കെട്ടിപ്പിടിക്കുന്ന രംഗം ഓർത്ത് നിൽക്കുമ്പോൾ തലക്ക് മുകളിലൂടെ എന്തോ വന്ന് മുന്നിലേക്ക് വീണു.  വാരികയാണ്.  “ഇതെഴുതുന്ന സമയത്ത് ആ വെള്ളരിക്കക്ക് കൈക്കോട്ടെടുത്ത് തടം കോരിയെങ്കിൽ അതെങ്കിലും ഒരു കാര്യമുണ്ടാകുമേനും കഥയെഴുതാൻ നടക്ക്ന്ന്  പിന്നെ തല പൊക്കാൻ തോന്നിയില്ല.  അസംതൃപ്തമായ കുടുംബ ജീവിതം എല്ലാ സാഹിത്യകാരന്മാരുടേയും പൊതു വിധിയാണ്.

ഓഫീസിലെത്തിയ ഉടനെ വീക്കിലി മാനേജർക്ക് കൊണ്ട് കൊടുത്തു.  പുള്ളി ആരോടോ ഫോണിൽ സംസാരിക്കുകയാണ്.  അതിന്നിടയിൽ എന്താന്ന് മുഖം കൊണ്ട് ചോദിച്ചപ്പോൾ കഥ പ്രസിദ്ധീകരിച്ച പേജ് വിടർത്തിക്കാണിച്ചു.  ചൂട് വെള്ളത്തിലിട്ട ചായപ്പൊടി പോലെ മുഖത്തെ ചിരി മാഞ്ഞ് മെല്ലെ ബ്ലാക്ക് ഷേഡ് കയറാൻ തുടങ്ങി.  പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഫോൺ വെച്ചു.  വാരിക മറിച്ചൊന്ന് നോക്കി.  ഒട്ടും ഇഷ്ടപ്പെട്ടില്ലാന്ന് തോന്നുന്നു.  “ഇത് വല്ല പരിചയക്കാരും സഹായിച്ചതാണോ.. അല്ലാണ്ട് ഇതിലൊക്കെ വരാൻ മാത്രം” ഒന്നും പറയാൻ തോന്നിയില്ല. “ഞാനും പണ്ട് കൊറേ എഴുതിയതാ.. പക്ഷേ ഒന്നും അയച്ച് കൊടുക്കാറേയില്ല.. ഇവന്മാരൊക്കെ വല്യ ജാഡ ടീമാണെന്നേ.. പിന്നെ എനിക്കിതിലൊന്നും താൽ‌പ്പര്യമേയില്ല.. കഥ നമ്മുടെ ആത്മാവിഷ്കാരത്തിനാണെന്നല്ലേ.. എഴുതുക അപ്പോ തന്നെ ആ സംതൃപ്തി കിട്ടി.. പിന്നെ ആർക്കും അയക്കാൻ തോന്നില്ലന്നേ

നല്ല പാർട്ടിയാ ഒരു കോപ്പിലെ എഴുത്തുകാരൻ.  ഇയാൾക്ക് മര്യാദയ്ക്ക് ഒരു ലെറ്റർ പോലും ഡ്രാഫ്റ്റ് ചെയ്യാനറിയില്ല എന്നിട്ടല്ലേ കഥയെഴുതാൻ.  മിണ്ടാണ്ടിരിക്കൽ തന്നെ.. ബോസായിപ്പോയില്ലേ. “ആ, പിന്നെ മറ്റേ അരിയേഴ്സ് സ്റ്റേറ്റ്മെന്റ് ഇന്ന് തന്നെ അയക്കണം, ഹെഡാഫീസിൽ നിന്നും വിളിച്ചിരുന്നു,  ബാങ്ക് റീകൺസിലിയേഷൻ ഇന്ന് റെഡിയാക്കുമല്ലോ..  ആൽഫാ കമ്പനിയുടെ അക്കൌണ്ട് ഇന്ന് സെറ്റിൽ ചെയ്ത് പണമടപ്പിക്കണം.. പ്രസാദ് ലീവ് തരുമോന്ന് ചോദിച്ച് വിളിച്ചിരുന്നു.. പറ്റില്ലാന്നാ ഞാൻ പറഞ്ഞത്.. അവനു ലീവ് കൊടുത്തേക്കാം.. അപ്പോ കാഷ് കൌണ്ടർ കൂടി നോക്കണം..  ഇന്ന് കലക്ഷൻ ഡെയാണ്.. ഓർമ്മയുണ്ടല്ലോ..”

എന്റെ കഥയൂരപ്പാ.. ഏത് സമയത്താണ് ഇയാളോട് പറയാൻ തോന്നിയത്!!!

രാത്രി ഓഫീസ് വിട്ട് വരുമ്പോൾ വായനശാലയിൽ കയറി.  നിറയെ ആളുകളുണ്ടല്ലോ.. ഓ.. കഥ വന്ന വിവരം എല്ലാരും അറിഞ്ഞ് കാണും.. ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയ്തത് നന്നായി.  അല്ലെങ്കിലും ഫേസ്ബുക്കിൽ ഇട്ടാലേ ആളുകൾ അറിയൂ എന്നായിട്ടുണ്ട്.  മരിക്കാൻ തുടങ്ങുമ്പോ ഞാനിതാ ചാകുന്നേന്ന് പറഞ്ഞ് ഫേസ്ബുക്കിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ആ മരണത്തിനൊന്നും ഒരു സ്റ്റാറ്റസുണ്ടാകില്ല.  അകത്ത് കയറിയതൊന്നും ഒരുത്തനും അറിഞ്ഞില്ലേ..  എല്ലാവനും ടി.വി. നോക്കിയിരിപ്പാണല്ലൊ.. എന്താണിതിനു മാത്രം, ക്രിക്കറ്റാണൊ.. അല്ലല്ലോ.  കോഴിക്കോട്ടെ ഹലുവ പോലത്തെ ഒരു മദാലസയാണ് ടിവിയിൽ.  കട്ടിമേക്കപ്പിട്ട മുഖം, പി.വി.സി.പൈപ്പ് പോലത്തെ കറുത്ത ചുണ്ടുകൾ, ഹാൻഡ്കർച്ചീഫ് കൊണ്ട് തയ്പ്പിച്ച ബ്ലൌസ്, പെഴ്സന്റേജ് ചിഹ്നം പോലെ (%) ചുവന്ന സാരിത്തുമ്പ് നെഞ്ചിൽ, ഇടക്കയുടെ പന്തുകൾ പോലെ ചാനലുകാരുടെ മൈക്കുകൾ മുന്നിൽ.  ആയമ്മ എന്തൊക്കെയോ വിളിച്ച് പറയുകയാണല്ലോ.. അറുന്നൂറ്റി നാൽ‌പ്പത്തി നാല് ഓമനക്കുട്ടൻപിള്ള, അറുന്നൂറ്റി നാൽ‌പ്പത്തിയഞ്ച് തൊമ്മിച്ചൻ ചാക്കോ, അറുന്നൂറ്റിനാൽ‌പ്പത്തിയാറ് അബ്ദുള്ളക്കോയ.. ഇതെന്താ ലേലമാണോ  ഓ.. അനിതാനായർ താനുമായി തത്വത്തിൽ സഹശയിച്ച ആളുകളുടെ പേരുകൾ വെളിപ്പെടുത്തുകയാണല്ലോ.. ചുമ്മാതെയല്ല വായനശാലയിൽ ഇത്രയും ആളു കൂടിയിരിക്കുന്നത്. 

പണ്ട് ഷക്കീല ചിത്രത്തിൽ തുണ്ട് കാത്തിരുന്ന പോലെയല്ലേ അനിതാ നായർ വരുന്നതും കാത്ത് വാര്‍ത്തയ്ക്ക് മുമ്പിൽ ഇരിക്കുന്നത്. കഴിഞ്ഞ കര്‍ക്കിടകത്തിൽ കാലിയടിക്കും എന്ന് കരുതിയ കേളപ്പേട്ടൻ മുതൽ മൊട്ടേന്ന് വിരിഞ്ഞിട്ടില്ലാത്ത മിത്തുമോൻ വരെ ടി.വിക്ക് മുമ്പിലുണ്ട്.
അനിതാനായരുടെ % ശൈലിയിൽ സാരിയുടുക്കുന്നത് നാട്ടിൽ പലരും അനുകരിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്ലസ്‌ടൂന് പഠിപ്പിക്കുന്ന ശ്രീലത ടീച്ചർ ഇതു പോലെ ഒന്ന് ശ്രമിച്ചിരുന്നു.  അത് പിള്ളാർ അപ്പോൾ തന്നെ എടുത്ത് യൂടൂബിലിട്ടു.  ഗൾഫിലുള്ള കെട്യോൻ ടീച്ചറെ ഡൈവോഴ്സ് ചെയ്യുമെന്നും പറഞ്ഞ് അടുത്ത ഫ്ലൈറ്റിൽ നാട്ടിലെത്തി.  വാർഡ് മെമ്പർ ഗ്ലോറിക്ക് ആഗ്രഹമുണ്ടെങ്കിലും പ്രസവം കഴിഞ്ഞ വകയിൽ വയറിൽ കിട്ടിയ സീബ്രാ ലൈൻസ് ആണ് അതിനൊരു വിഘാതം. 

ഇതിൽ ആരെങ്കിലും ഒരുത്തനെങ്കിലും കഥ വായിച്ചിട്ടുണ്ടാകുമോ.  ചേപ്പറമ്പിലെ കുഞ്ഞിക്കണ്ണനുണ്ട്.  പാർട്ടിക്കാരനാ, അവനെന്തായാലും വായിച്ചിറ്റ്ണ്ടാകും.  മെല്ലെ അടുത്തിരുന്നു വാരിക കൊടുത്ത് കൊണ്ട് പറഞ്ഞു.  “കുഞ്ഞിക്കണ്ണാ എന്റെയൊരു കഥ ഉണ്ട് ഇതില്, കണ്ടിനോ..?”  ലോക്കൽ സഖാവിന്റെ മുഖഗൌരവത്തിന് ഇടിവൊന്നും പറ്റാതെ അവൻ വാരികയും പിന്നെ കഥയുടെ തലക്കെട്ടും നോക്കിയിട്ട് പറഞ്ഞു.  “ഇതൊക്കെ പെറ്റിബൂർഷ്വാ ഉൽ‌പ്പന്നങ്ങളല്ലേ മാഷേ, സാമ്രാജ്യത്വമല്ലേ ഇവരുടെ ഹിഡൺ അജണ്ട..”

“കുഞ്ഞിക്കണ്ണാ, ഇത് നമ്മളുടെ നാട്ടിലെ തെയ്യക്കാരുടെ കഷ്ടപ്പാടിന്റെ കഥയാണ്..”

“അതായിക്കോട്ടെ, ആഗോളവൽക്കരണം തുറന്ന് വിട്ട ഏക ലോക സാമ്പത്തിക നയത്തിന്റെ ഫലമായിട്ടാണല്ലോ കാവുകളൊക്കെ ഇല്ലാണ്ടായത്.. ആ നിലക്ക് വെച്ച് നോക്കുമ്പോൾ അമേരിക്കയുടെ ഏകാധിപത്യ പ്രവണതകളുടെ ഫലമായി ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങളിലുണ്ടായ സാംസ്കാരിക തകർച്ച ദക്ഷിണേന്ത്യൻ രാജ്യങ്ങളിലെ കാവുകളെ ആശ്രയിച്ച് കഴിയുന്ന പട്ടിണിപ്പാവങ്ങളുടെ ജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട് എന്നത് ഒരു നിസ്തർക്കമായ വസ്തുതയാണല്ലോ.  അമേരിക്കൻ ഇടപെടലുകളുടെ കുഴലൂത്തുകാരായി മാറിയ ഇത്തരം പ്രസിദ്ധീകരണങ്ങളിലും ബൂർഷ്വാ സ്വാധീനം ബാധിച്ചിട്ടുണ്ടെന്നുള്ളത് ചിന്താധാരയെപ്പോലും മാറ്റിമറിക്കുന്ന സമകാലിക കാലഘട്ടത്തിൽ നവകൊളോണിയൽ സംസ്കാരം അടിച്ചേൽ‌പ്പിക്കുന്ന അമേരിക്കൻ താൽ‌പ്പര്യങ്ങളല്ലേ ഇവിടെയും നടമാടുന്നത് അതിനെതിരെ ഒറ്റക്കെട്ടായി തോളോട് ചേർന്ന് നിന്ന് പോരാടുകയല്ല്ലേ നമ്മൾ ചെയ്യേണ്ടത്

ആളുകൾ സ്മാർത്ത വിചാരം വിട്ട് കുഞ്ഞിക്കണ്ണനെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ അവനു ആവേശം കൂടാൻ തുടങ്ങി.  അന്നേരം മൊബൈലിൽ ഒരു ഫോൺ വന്നത് കൊണ്ട് രക്ഷപ്പെട്ടു.  ഫോണുമെടുത്ത് പുറത്തേക്കിറങ്ങി.

പുരുഷോത്തമൻ കയ്യാലപ്പറമ്പിൽ, ഒരു ബുദ്ധിജീവി സുഹൃത്താണ് വിളിക്കുന്നത്.  അവനൊരു കവി കൂടിയാണ്.  “കഥ വായിച്ചു. അവതരണം നന്നായില്ല, ക്രാഫ്റ്റിൽ പുതുമയില്ല, ഉത്തരാധുനികതയുടെ ചില ശിഷ്ടങ്ങൾ അവിടവിടെ അവശേഷിച്ചിരിപ്പുണ്ട്.  ജീവിതത്തിന്റെ ഉപ്പും പുളിയും കൈയ്പ്പും പകർത്തുന്നതിൽ പരാജയപ്പെട്ടോന്നൊരു ചിന്ത ഇല്ലാതില്ല,  മെയിൻ കഥാപാത്രമായ തെയ്യക്കാരൻ കഥാഗതി നിയന്ത്രിക്കുന്നതിൽ ഒരു നിർണായകമായ സ്ഥാനം വഹിക്കുന്നുണ്ടോ. അതോ ഇല്ലയോ എന്ന കാര്യത്തിൽ പലയാവർത്തി വായിച്ചിട്ടും വ്യക്തതയില്ല. ഉത്തരാധുനിക പശ്ചാത്തലത്തിൽ ചിന്തിക്കുകയാണെങ്കിൽ കഥ ഒരു പുനർവായനക്ക് വിധേയമാക്കേണ്ടതാണ്..”

“പുരുഷൂ റേഞ്ചില്ലാ‍, പിന്നെ വിളിക്കാം.” എന്ന് പറഞ്ഞ് അതും കട്ട് ചെയ്തു.

കഥ വിവരമുള്ള ഒരുത്തനും വായിച്ചിട്ടില്ലേ ഇനിയിപ്പോ ഒരു കഥ അച്ചടിച്ച് വന്നിട്ടുണ്ടേന്ന് പറഞ്ഞ് ഫ്ലെക്സ് ബോർഡ് വെക്കേണ്ടി വരുമോ എന്നാലോചിച്ചിരിക്കുമ്പോ പിറ്റേന്ന് ഉച്ചയ്ക്ക് ഒരു ഫോൺ വന്നു.

“ഞാൻ കെ.കെ.കരുണാകര കുറുപ്പ്.. പ.ക.സ.യിൽ നിന്നാണ്.. താങ്കളുടെ കഥ വായിച്ചു.  വളരെ നന്നായിട്ടുണ്ട്.  ഇത്തരം മാറ്റങ്ങൾ സാഹിത്യലോകത്ത് അനിവാര്യമായിരുന്നു.  അത് താങ്കൾക്ക് സാധിച്ചു  കഥയെപ്പറ്റി ചിലത് സംസാരിക്കാനുണ്ട്. ഒന്ന് നേരിൽ കാണുമോ 

കഥ വന്നതിൽ പിന്നെ ഒരാശ്വാസം തോന്നിയത് അന്നേരമാണ്.  കഥയെ സ്നേഹിക്കാനും അംഗീകരിക്കാനും മനസ്സുള്ളവർ ഇപ്പോഴുമുണ്ടല്ലോ എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അനിർവചനീയമായ സന്തോഷം തരുന്നതാണ്.  പു.ക.സ.യെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്.  അവരുടെ പരിപാടികൾക്കൊക്കെ പോയിട്ടുമുണ്ട്.  അന്നൊന്നും ആരും മൈൻഡ് ചെയ്യാറില്ല.  ഇപ്പോൾ എസ്റ്റാബ്ലിഷ്ഡായപ്പോൾ ഇങ്ങോട്ട് വന്ന് വിളിക്കാനും തുടങ്ങി.  ചിലപ്പോൾ അവാർഡ് തരാനോ പു.ക.സ.യുടെ സെക്രട്ടറിയാകാനോ ഉദ്ഘാടനത്തിനോ മറ്റോ ആയേക്കും എന്തായാലും ഉടനെ സമ്മതിക്കണ്ട, വെയ്റ്റിട്ട് നിക്കാം. സമയം തെളിയാൻ തുടങ്ങിയിട്ടുണ്ട്.  അവാർഡ് ആണെങ്കിൽ തുക അനാഥാലയത്തിനു കൊടുക്കണം, അവാർഡ് കിട്ടിയതിനേക്കാൾ നല്ല വാർത്താപ്രാധാന്യം കിട്ടും.  വൈകിട്ട് ഓഫീസ് വിട്ട് നേരെ അവരെ കാണാനാണ് പോയത്.

മാർക്കറ്റിലെ അമ്പലത്തിന്റെ പിന്നിലാണെന്നല്ലേ പറഞ്ഞത്.  നിറയെ ആളുകളും, ബഹളവും പൊടിയും ഒച്ചപ്പാടും, തിരക്കും.  സഞ്ചിയും ചാക്കും പിടിച്ച് അവിടേമിവിടേം നിന്ന് വിലപേശി സാധനങ്ങൾ വാങ്ങിക്കുന്ന ആളുകളും തലയിൽ ചാക്കുകൾ എടുത്ത് കൊണ്ട് ഓടുന്ന ചുമട്ടുകാരും. ഒരു സാഹിത്യസ്ഥാപനത്തിനു പറ്റിയ ചുറ്റുപാടൊന്നുമല്ല.  അമ്പലത്തിന്റെ പിറകിലെ പഴയൊരു കെട്ടിടത്തിന്റെ മുകളിൽ ബോർഡ് കാണുന്നുണ്ട്.  വഴി തെറ്റിയില്ല. രക്ഷപ്പെട്ടു.  സൈഡിലെ കോണിപ്പടിയിൽ ഒരു കാൽ വെക്കാനുള്ള സ്ഥലത്തൂടെ സാഹസപ്പെട്ട് മുകളിലേക്ക് കയറി.  നിറയെ പത്രമാസികകൾ കൂട്ടിയിട്ടിരിക്കുന്നൊരു മുറി. വെള്ള മുണ്ടും ഷർട്ടുമിട്ട കറുത്ത ഹെൽമട്ടിട്ടത് പോലെ ഡൈ ചെയ്ത മൂന്നു പേർ വലിയൊരു മേശക്ക് പിറകിൽ ഇരിക്കുന്നുണ്ട്.  മുന്നിലിരിക്കുന്ന ഒരു സ്ത്രീയോട് എന്തോ ഗൌരവമായി സംസാരിക്കുകയാണ്.  തന്നെ അവർ മൈൻഡാക്കുന്നതേയില്ല.  സ്ത്രീയാണെങ്കിൽ കാഞ്ചീപുരം പട്ട് സാരിയിൽ പൊതിഞ്ഞൊരു വെളുത്ത് കൊഴുത്തൊരു ജ്വല്ലറി ഷോപ്പ്, സ്ട്രെയിറ്റൻ ചെയ്ത കോഴിവാലു പോലത്തെ ചെമപ്പും കറുപ്പും കലർന്ന മുടി. അൽ‌പ്പം കഴിഞ്ഞപ്പോൾ അവർ കാറിന്റെ ഡിക്കിപോലത്തെ ഒരു ബാഗ് തുറന്ന് എന്തോ എടുത്ത് കൊടുത്തു.  ഒരാൾ കൈകൂപ്പി ചിരിയോടെ അത് വാങ്ങി തൊഴുതു കൊണ്ട് എഴുന്നേറ്റു.  മുഖം കണ്ടപ്പോൾ അവരെ എവിടെയോ കണ്ട പരിചയം തോന്നി.  പുൽ‌പ്പാട്ടിൽ നന്ദനാ നായർ, കവയിത്രിയോ കവിയോ കവിയിണിയോ എന്തോ ആണ്.  ആനുകാലികങ്ങളിലൊക്കെ പടവും കവിതയും കണ്ടിട്ടുണ്ട്.  എന്റെ കണ്ണാ, എന്റെ കൃഷ്ണാ, എന്റെ യദുകുലനാഥാ, എന്റെ മധുരാധീശാ എന്നും പറഞ്ഞ് ഒരേ ടൈപ്പിൽ കുറേ രാധാവിലാ‍പങ്ങളാണ് കവിത.  ശോ.. എന്റെ അനിയേട്ടൻ അങ്ങനെയാണ്, ഇങ്ങനെയാണ്, മറ്റേത് പോലെയല്ല, സ്നേഹ സമ്പന്നനാണ്, ദൈവമാണ്, ഉദാരമതീശനാണ് അങ്ങനെ സ്വന്തം ഭർത്താവിനെ പൊക്കിപ്പറഞ്ഞ് ഫേസ്ബുക്കിൽ സ്റ്റാറ്റസുകളും കണ്ടിട്ടുണ്ട്. നാലക്ഷരം അറിയുമെന്നു കരുതി എന്തുമെഴുതി ദ്രോഹിക്കരുതെന്ന് ഇവരോട് ആർക്കെങ്കിലും പറഞ്ഞൂടെ.

“ഞാൻ പ.ക.സ.യുടെ സെക്രട്ടറിയാണ്  കെ.കെ.കെ.കുറുപ്പ്, ഇത് സെക്രട്ടറി ഡോ.പോൾ പറമ്പിൽചാടി, ഇത് പി.പി.വിഷ്ണുമേനോൻ പാലത്തായി.. പേരുകൾ പരിചയമുണ്ടാകുമല്ലോ അല്ലേ
എല്ലാ ആനുകാലികങ്ങളിലും പത്രാധിപർക്കുള്ള കത്ത് എന്ന പംക്തിയിൽ ആ പേരുകൾ ഞാൻ പലയാവർത്തി വായിച്ചിട്ടുണ്ട്.  അത് ഇവരൊക്കെ ആണെന്ന് ഇപ്പോഴാണറിഞ്ഞത്.

“പ.ക.സ.യോ ഞാൻ പു.ക.സ. എന്നാ കരുതിയത്” തെറ്റിദ്ധാരണ മറച്ച് വെക്കാൻ തോന്നിയില്ല.

“പ.ക.സ. എന്നാൽ പത്രാധിപർക്ക് കത്തെഴുതുന്നവരുടെ സമിതി മലയാളത്തിലെന്നല്ല, ലോക സാഹിത്യത്തിൽ തന്നെ ഇത്തരമൊരു സ്ഥാപനം അപൂർവ്വമാണ്..” കെ.കെ.കെ.കെ. റബ്ബർ പോലത്തെ ചുണ്ടുകൾ ചെവിയോടടുപ്പിച്ച് ചിരിയുടെ വേറേതോ ഭാവം പകർന്ന് പറഞ്ഞു.  അത് ശരി, ഞാൻ വിചാരിച്ചത് പോലെയല്ല കാര്യങ്ങൾ.  എന്തായാലും ഇവരൊക്കെ നല്ല വായനക്കാരാണ്.  പല കഥകളേയും കവിതകളേയും കീറിമുറിച്ച് നിരൂപണം നടത്തി ഇവരെഴുതുന്ന കത്തുകൾ എല്ലാ വാരികകളിലും ആഴ്ചയിൽ ഒരെണ്ണമെങ്കിലും കാണാറുണ്ട്.  നല്ല കുറച്ച് വായനക്കാരെ കിട്ടിയത് സന്തോഷം തന്നെ.

“കഥയെപ്പറ്റി നിങ്ങളുടെ അഭിപ്രായം

“കഥ ഗംഭീരമായിട്ടുണ്ട്.  മലയാള സാഹിത്യത്തിൽ ഇതൊരു ദിശാമാറ്റത്തിന്റെ സൂചികയാണ്.  ഒരു പക്ഷേ ഉത്തരാധുനികതയ്ക്ക് ശേഷമുള്ള അനന്താധുനികത നിങ്ങളിലൂടെ തുടങ്ങുന്നു ചെറുപ്പക്കാരാ  അത് പറഞ്ഞത് വിഷ്ണുമേനോൻ പാലത്തായി ആയിരുന്നു.  രോമങ്ങളൊക്കെ സന്തോഷം കൊണ്ട് വികാരഭരിതരായി.  

“ഉത്തരാധുനികതയുടെ സ്വാധീനം ഒരൽ‌പ്പം ഇല്ലേ..ന്നൊരു സംശയമുണ്ട്..”
“തീർച്ചയായും ഉണ്ട്.. അത് വേണമല്ലോ..” ഡോ.പോൾപറമ്പിൽചാടിയാണ് അത് അംഗീകരിച്ചത്.
“അത്യന്തം തീവ്രമായ ഭാവ സംഘർഷങ്ങൾ അവതരിപ്പിക്കുമ്പോൾ പാളിച്ച പറ്റിയില്ലല്ലോ
“ഹേയ്.. അതൊക്കെ താങ്കൾ യഥാവിധി തന്മയബുദ്ധിയോടേയും അനിതരസാധാരണമായ മെയ്‌വഴക്കത്തിന്റെ അകമ്പടിയോടെയും രചനാത്മകമായി നിർവ്വഹിച്ചിട്ടുണ്ട്..” വീണ്ടും കെ.കെ.കെ.

“നിങ്ങളെപ്പോലെയുള്ള പരിണിത പ്രജ്ഞരായ വായനക്കാരാണ് എന്റെ ആശ്വാസം..”
“അതൊക്കെ ശരി തന്നെ, നമുക്ക് വിഷയത്തിലേക്ക് കടക്കാം..”

എന്തോ അവാർഡ് കാര്യം തന്നെ എന്നുറപ്പിച്ച് കാതോർത്തു.

“ഞങ്ങളുടെ കത്തുകളൊക്കെ വായിച്ചിട്ടുണ്ടാകുമല്ലോ. നിരവധി എഴുത്തുകാരെ സൃഷ്ടിച്ചത് ഞങ്ങളുടെ കത്തെഴുത്ത് എന്ന പ്രവൃത്തിയിലൂടെയാണ്.  അവരുടെ ഓരോ കഥ ഞങ്ങൾ അതിന്റെ പ്രത്യേകതകളും സാഹിത്യമണ്ഡലത്തിലെ അതിന്റെ സ്വാധീനവും ഭാഷാശാസ്ത്രപരമായ കരുത്തും കത്തുകളാൽ വായനക്കാരിലേക്ക് ഒരു നവ അവബോധം ഉണ്ടാക്കുന്നു.. ആരെങ്കിലും പൊക്കിപ്പറഞ്ഞില്ലെങ്കിൽ മലയാളി ഒന്നും സ്വീകരിക്കില്ലാന്ന് നിങ്ങൾക്കറിയാമല്ലോ.  സ്വയം തോന്നി ഒരിക്കലും അവർ നിങ്ങളെ അംഗീകരിക്കില്ല.  ആരെങ്കിലും പറഞ്ഞാൽ മാത്രം അവർ നിങ്ങളുടേത് വായിക്കൂ അംഗീകരിക്കൂ

അവർ പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നി. 

“അത് കൊണ്ട് ഞങ്ങൾ നിങ്ങളുടെ കഥയെപ്പറ്റി നല്ല നാലഞ്ച് കത്തുകൾ എഴുതി വാരികക്ക് അയക്കും, അവയിൽ ഒന്ന് രണ്ടെണ്ണമെങ്കിലും അവർ പ്രസിദ്ധീകരിക്കുമെന്നുറപ്പ്. കഥ ആദ്യം വായിക്കാത്തവരും പഴയ ലക്കം തപ്പിയെടുത്ത് വായിക്കും..  പിന്നെ നിങ്ങളുടെ റേറ്റിംഗ് കൂടും.. വാരികകൾ നിങ്ങളുടെ കഥകൾക്കായി കാത്ത് കിടക്കും.. നിങ്ങൾ മലയാളത്തിലെ യുവ കഥാത്തുക്കളിൽ ശ്രദ്ധേയനായി മാറും
“വളരെ വളരെ സന്തോഷം” അവരുടെ പ്രോത്സാഹനമോർത്തപ്പോൾ അറിയാതെ കൈകൾ  കൂപ്പിപ്പോയി.

“എങ്കിൽ കുറുപ്പ് മാഷേ.. നമ്മൾ അയക്കാൻ പോകുന്ന കത്തിന്റെ ഒരു ഡ്രാഫ്റ്റ് ഇദ്ദേഹത്തിനെ വായിച്ച് കേൾപ്പിക്കൂ..”

അട്ടിക്ക് വെച്ചിരിക്കുന്ന ഫോട്ടോസ്റ്റാറ്റ് കോപ്പിയിൽ നിന്നും ഒരെണ്ണമെടുത്ത് പേന കൊണ്ട് ചില വെട്ടിത്തിരുത്തലുകളും ചില ഒഴിഞ്ഞയിടങ്ങളിൽ പൂരിപ്പിക്കലുകളും നടത്തിക്കൊണ്ട് കെ.കെ.കെ.കെ. വായിക്കാൻ തുടങ്ങി.

“വാരിക ലക്കം പതിനാറ് ഇഷ്യൂ നാനൂറ് വാങ്ങി വായിച്ചു.  അതിലെ…. എഴുതിയ . കഥ വായിച്ചു.  ഓരോ വരികൾ വായിക്കുമ്പോഴും കണ്ണു നിറയുന്നത് കാരണം ഒരു ദിവസം എടുത്താണ് കഥ വായിച്ചത്.  ഭാഷാപരവും ശൈലീപരവും വ്യവസ്ഥാപിതവുമായ പരമ്പരാഗത കഥപറച്ചിൽ രീതികളെ പാടെ പിഴുത് മാറ്റിക്കൊണ്ടാണ് ഈ യുവകഥാകൃത്ത് തനിക്ക് പറയാനുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്നത്.    സമകാലിക മലയാള ചെറുകഥ ദിശാബോധമില്ലാതെ നിൽക്കുമ്പോൾ വ്യക്തമായ വഴികാട്ടിയായി ഒരു യുവകഥാകാരനെ അവതരിപ്പിക്കാൻ ധൈര്യം കാണിച്ച പത്രാധിപരെ അഭിനന്ദിക്കുന്നു

“ഉത്തരാധുനികതയെ എവിടെയെങ്കിലും കയറ്റ് മാഷേ” ഡോ.പോൾ പറമ്പിൽചാടി ഇടയിൽ ചാടി.

“ഓ.. അത് വായിക്കാൻ മറന്ന് പോയതാ.. ശരിയാക്കാം.. ഉത്തരാധുനികതയുടെ ഉൾക്കാമ്പിൽ വിടരാൻ വെമ്പിനിന്ന അനന്തര ഭാവുകത്വം ഈ ചെറുപ്പക്കാരനിൽ തുടിക്കുന്നു

“ഇത്രയും നന്നായി എന്റെ കഥയെ നിരൂപണം ചെയ്തതിൽ നിങ്ങൾക്ക് നന്ദി..”
“നന്ദി മാത്രം പോരല്ലോ അല്ലേ കുറുപ്പ് മാഷേ” വിഷ്ണുമേനോൻ ഒരു വൃത്തികെട്ട ചിരിയോടെ പറഞ്ഞു.
“പിന്നെന്താണ് ഞാൻ വേണ്ടത്?”
“ഞങ്ങൾക്ക് ഈ സംഘടനയ്ക്ക് ചെറിയൊരു സംഭാവന തരുന്നതിൽ ബുദ്ധിമുട്ടില്ലല്ലോ..” ഒരേ ടൈപ്പ് ചിരികൾ മൂന്ന് മുഖങ്ങളിലും നിറഞ്ഞു.

“ഓ.. അതിനെന്താ.. തരാം.. “ അത് കേട്ടപ്പോൾ മൂവരുടേയും മുഖം സമ്പൂർണ്ണ സാക്ഷരമായി.  പോക്കറ്റിൽ നിന്നും ഒരു നൂറ് രൂപ എടുത്ത് കൊടുത്തു.

“അയ്യേ.. ഇതൊന്നും പോര.. ”
“പിന്നെ
“ഒരു കത്തിന് ആയിരം രൂപ വെച്ച് വേണം..”
“അയ്യോ അത്രക്കൊന്നും എന്റെ കൈയ്യിലുണ്ടാകില്ല:“
“എന്നാ പിന്നെ കത്തയക്കില്ല..”
“വേണ്ട, എനിക്കങ്ങനെ നിർബ്ബന്ധമില്ല..”
“കഥ മോശമാണെന്ന് പറഞ്ഞ് ഞങ്ങൾ കത്തയക്കും
“ആയ്ക്കോ എന്നാലും എന്റെ കൈയ്യിൽന്ന് കിട്ടൂല..”

ഇത് പ.ക.സ. അല്ല, തു.ക.സ. (തുകയ്ക്ക് കഥാകാരനെ സഹായിക്കുന്ന സംഘം) ആണ്. കറുത്ത പ്രതിമകളോട് പിന്നൊന്നും പറയാൻ നിൽക്കാതെ അവിടെ നിന്നും ഇറങ്ങി.

അടുത്തയാഴ്ചത്തെ വാരികയിൽ കെ.കെ.കെ.കെ.കുറുപ്പിന്റെയും പോൾ പറമ്പിൽചാടിയുടേയും വിഷ്ണുമേനോൻ പാലത്തായിയുടേയും കഥയെ നിശിതമായി വിമർശിക്കുന്ന ഓരോ കത്തുകൾ വീതമുണ്ടായിരുന്നു. ഏതാണ്ടിങ്ങനെ.

“വാരിക ലക്കം പതിനാറ് ഇഷ്യൂ നാനൂറ് വാങ്ങി വായിച്ചു.  അതിലെ…. എഴുതിയ . കഥ വായിച്ചു.  ഓരോ വരികൾ വായിക്കുമ്പോഴും ബോറടിക്കുന്നത് കാരണം ഒരു ദിവസം എടുത്താണ് കഥ വായിച്ചത്.  ഭാഷാപരവും ശൈലീപരവും വ്യവസ്ഥാപിതവുമായ പരമ്പരാഗത കഥപറച്ചിൽ രീതികളെ പറ്റിയോ ക്രാഫ്റ്റിനെപ്പറ്റിയോ ഈ വൃത്തികെട്ട കഥാകൃത്തിനൊരു ചുക്കും അറിയില്ല. സമകാലിക മലയാള ചെറുകഥ ദിശാബോധത്തെ അനേക വർഷം പിറകോട്ട് നടത്താൻ വഴികാട്ടിയായി ഇയാൾ കാരണമാകും.  ഈ കഥ പ്രസിദ്ധീകരിച്ചത് ഇത്രയും പാരമ്പര്യമുള്ള വാരികക്ക് പറ്റിയ അബദ്ധമായിപ്പോയി. ഇയാൾക്ക് മലയാളത്തിന്റെ മധുരത്തെയോ പാരമ്പര്യത്തെയോ സംസ്കാരത്തെയോ കഥാരചനയുടെ രീതികളെപ്പറ്റിത്തന്നെയോ യാതൊരു വിവരവും ഉണ്ടെന്ന് തോന്നുന്നില്ല.. ഉത്തരാധുനിക മലയാള കഥാവേദിയിൽ ഇതൊരു അപഭ്രംശം സംഭവിച്ച രചനയാണ്.

അതിൽ പിന്നെ ഇന്നേ വരെ എന്റെ കഥകളൊന്നും ഒരു വാരികയിലും വെളിച്ചം കണ്ടിട്ടില്ല.  ശരിക്കും ആരാണ് വായനക്കാരൻ…! എവിടെയാണവൻ!!