Wednesday, May 29, 2013

പിടിച്ചതിനേക്കാൾ വലുത് മാളത്തിൽ !


ജീവിതത്തിൽ ആദ്യമായി കാണാൻ പോയ പെണ്ണിനെ തന്നെ ഉറപ്പിക്കുകയെന്നത് ആദ്യം എടുത്ത ടിക്കറ്റിനു ബം‌പർ അടിച്ചത് പോലെ അത്യപൂർവ്വമാ‍യ സംഭവമായിരിക്കുമല്ലോ.  എക്സ്മിലിറ്ററി കം ലോക്കൽ ബാറുടമ കിട്ടുണ്ണിനായരുടെ മകൻ ജിതേഷായിരുന്നു ആ സുവർണനേട്ടം കരസ്ഥമാക്കിയ വ്യക്തി. 

ഭാഗ്യവാൻ എന്ന മിനിമം വാക്കിൽ എല്ലാവരും അതിനെ വിശേഷിപ്പിച്ചു. അതൊരു ശരിയുമാണ്.  അത്ര എളുപ്പത്തിൽ ഇന്നൊരു കല്യാണം നടക്കുമെന്ന് ചിന്തിക്കാൻ പോലും വയ്യല്ലോ.  മാസങ്ങളോളം പലനാടുകളിൽ നീണ്ട അലച്ചിലിനു ശേഷം മനസ്സും പോക്കറ്റും കാലിയാകുമ്പോ അവനവന്റെ എല്ലാ സങ്കൽ‌പ്പങ്ങളും അലമാരയിൽ വെച്ച് പൂട്ടി ഏതെങ്കിലും ഒരു കഴുത്തിൽ മുഖം നോക്കാതെ താലികെട്ടുക എന്നതാണ് ഇപ്പോൾ പൊതുവെ കണ്ടുവരുന്നത്.  പെൺകുട്ടികൾ എണ്ണത്തിൽ കുറവും ഉള്ളതിനൊക്കെ നാട്ടിൽ പതിനായിരത്തിന്റെ ഡിമാന്റും.  ആ സമയത്താണ് ജിതേഷ് ബോണി വെച്ച പെണ്ണിനെ തന്നെ ഉറപ്പിച്ച് കല്യാണ തീയ്യതി വരെ കണ്ടത്.

ക്രിക്കറ്റും വാതുവെപ്പും പോലെ, ആൻ‌ഡ്രോയിഡും സാംസങ്ങും പോലെ, യു,പി.എ. സർക്കാരും അഴിമതിയും പോലെ രണ്ടുപേരെയും കാണാൻ അസാധ്യ മാച്ചായിരുന്നു.  ജാതകപ്പൊരുത്തം വിദ്യാഭ്യാസം സൌന്ദര്യം സാമ്പത്തികം തറവാടിത്തം എന്നിങ്ങനെ എല്ലാ കല്യാണ ചേരുവകൾ കൊണ്ടും ഒത്തൊരു ബന്ധം കിട്ടിയതിൽ വീട്ടുകാരെല്ലാം അതിയായി സന്തോഷിച്ചു.  സ്വഭാവമാണെങ്കിലോ അവളെ പട്ടിലും വെക്കാം പാളയിലും വെക്കാം എന്ന് പറഞ്ഞത് പോലെ അത്രക്ക് വിനയാന്വിത.  ജിതേഷിന് അങ്ങനത്തെ പെണ്ണിനെ കിട്ടാൻ തീർച്ചയായും അർഹതയുണ്ട്.  കാരണം വെള്ളമടി, പുകവലി, പഞ്ചാരയടി, ചുറ്റിക്കളി ഇങ്ങനെ ചെറുപ്പക്കാർക്ക് വേണ്ടതായ മിനിമം ക്വാളിഫിക്കേഷനൊന്നും ഇല്ലാത്ത ഗ്ലാമർ ബോയ് ആണ് കക്ഷി.  കിട്ടുണ്ണിനായർ ജിതേഷിനെ പെയിന്റ് കൊണ്ട് വര വരച്ച് അതിന്റെയുള്ളിലാണ് വളർത്തിയത്.  മൂപ്പർ ഓകെ പറഞ്ഞില്ലെങ്കിൽ ജിതേഷിന് അവളെയെന്നല്ല ജീവിതത്തിൽ കല്യാണം കഴിക്കാൻ പറ്റുമോയെന്ന് പോലും സംശയമാണ്.  നിഷ്ഠയുടേയും ചിട്ടയുടേയും അനുസരണയുടേയും കാര്യത്തിൽ അത്രക്ക് കഠിനകഠോരകരാള മനസ്കനായിരുന്നു നായർസാബ്.  ആ സൽപ്പേരു കൊണ്ടൊക്കെയാവണം ഒറ്റപ്പോക്കിൽ തന്നെ ഇത്ര നല്ല പെൺകുട്ടിയെ കിട്ടിയതും.

തറവാട്ടു പേരു നോക്കിയാലും നിഷ്കളങ്കമായ മുഖം കണ്ടാലും പെണ്ണിന് യാതൊരു വിധ അൽക്കുൽത്തും ഉണ്ടായിരിക്കാൻ സാധ്യത ഇല്ലെങ്കിലും അന്വേഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്വമായത് കൊണ്ട് കിട്ടുണ്ണി നായർ പെണ്ണിനെപ്പറ്റി രഹസ്യമായും പരസ്യമായും വളരെ ആഴത്തിൽ അന്വേഷിച്ചിരുന്നു.  ഇന്നത്തെ കാലത്ത് താലി കെട്ടുന്നതിനു അവസാന സെക്കന്റ് മുൻപ് വരെ പെണ്ണ് പന്തലിൽ നിന്ന് ഓടിപ്പോകില്ലാന്നുള്ളതിന് യാതൊരു ഉറപ്പുമില്ലല്ലോ.  കെട്ടിയാ കിട്ടി അത്രയേ ഉള്ളൂ.  ഇനി ചിലപ്പോൾ കല്യാണം കഴിഞ്ഞിട്ട് എന്തെങ്കിലും ചുറ്റിക്കളിയുണ്ടായിരുന്നെന്ന് അറിഞ്ഞാൽ ‘അയ്യോ അന്ന് നല്ലോണം അന്വേഷിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു‘ എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല.  പ്രിവൻഷൻ ഈസ് ബെറ്റർ ദാൻ ക്യൂർ എന്നാണല്ലോ പണ്ടുള്ളവർ എഴുതി വെച്ചിരിക്കുന്നതും.  അതൊക്കെ കാരണം പെണ്ണിന്റെ സ്വഭാവമഹിമ നന്നായി അന്വേഷിച്ച് 916 ടച്ച് ആണെന്ന് ബോധ്യപ്പെട്ടതിനു ശേഷമായിരുന്നു കിട്ടുണ്ണിനായർ കല്യാണത്തിന് വാക്ക് കൊടുത്തതും തീയ്യതി നിശ്ചയിച്ചതും.

ഇത്രയൊക്കെ ഉറപ്പ് വരുത്തിയിട്ടെന്താ കാര്യം, തലയിലെഴുത്ത് ചീകിയാൽ പോകില്ലല്ലോ..!

മിലിറ്ററി കാന്റീനിൽ നിന്നും കുപ്പികൾ വാങ്ങി സഞ്ചിയിലാക്കി എത്ര ഉറുപ്പിക കൂട്ടി വിൽക്കണമെന്ന് ആലോചിച്ച് തിരക്കിട്ട് നടക്കുമ്പോഴാണ് കിട്ടുണ്ണി നായർ പഴയൊരു പരിചയക്കാരനെ കണ്ടത്.  കുപ്പി സഞ്ചി ഫുട്പാത്തിൽ ഒതുക്കി വെച്ച് അയാളുമായി അൽ‌പ്പനേരം കുശലം പറഞ്ഞു.  അക്കൂട്ടത്തിൽ മകന്റെ കല്യാണക്കാര്യം മുഖ്യധാരയിൽ വരികയുമുണ്ടായി.  അഭിമാനപൂർവ്വം പെൺകുട്ടിയുടെ പേരും തറവാടുമൊക്കെ പറഞ്ഞപ്പോൾ എന്താ കഥ..! അയാളും അതേ നാട്ടുകാരൻ! പെണ്ണിനെയും ഫാമിലിയേയും പണ്ടേ അറിയാം! ആ പെൺകുട്ടിയെയാണ് കല്യാണം കഴിക്കുന്നതെന്ന് പറഞ്ഞപ്പോൾ അയാൾ “ആ പെണ്ണാണോ” എന്ന് സർ‌റിയലിസ്റ്റിക്കായി ഞെട്ടുകയും അത് കിട്ടുണ്ണിനായരുടെ ഹാർട്ടിന്റെ മെഡുല്ല ഒബ്ലാംകട്ടയിൽ തന്നെ തറിക്കുകയും ചെയ്തു.  എന്തോ അപകടത്തിന്റെ മണമടിച്ചപ്പോൾ നായർസാബ് കാര്യം എന്താണെന്ന് തുറന്ന് പറയണം എന്റെ മകന്റെ ഭാവിയാണെന്ന് നിർബ്ബന്ധിച്ചു.  അത് കൊണ്ട് പെണ്ണിനെപ്പറ്റിയുള്ള മൻ‌മോഹൻസിങ്ങ് പോലും ഞെട്ടിപ്പോകുന്ന ചില രഹസ്യങ്ങൾ അറിയാൻ കഴിഞ്ഞു.  അനന്തരം കല്യാണ തയ്യാറെടുപ്പുകളൊക്കെ താൽക്കാലികമായി നിർത്തിവെച്ച് ആ ബോൾഡ് പട്ടാളക്കാരൻ നാട്ടിലേക്കുള്ള സ്വകാര്യ ബസ്സിന്റെ പിന്നണിയിലൊരു സീറ്റ് തരപ്പെടുത്തി.

വീട്ടിലെത്തിയതും കുപ്പികൾ അലമാരയിൽ നിറക്കാൻ പോലും മെനക്കെടാതെ ജിതേഷിനെ വിളിച്ചു.  അത് പിന്നെ മൂപ്പരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അമ്മാതിരി ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നല്ലോ പെണ്ണിനെപ്പറ്റി കേട്ടത്.

“നമുക്ക് ഈ കല്യാണം വേണ്ട.. ഞാൻ പെണ്ണുവീട്ടുകാരോട് വിളിച്ച് പറയുകയാണ്”  മൂപ്പർ ആളു വളരെ സ്ട്രെയിറ്റാണ്, വെട്ടൊന്ന് മുറിയും ഒന്ന്.  അല്ലാണ്ട് അമ്പത്തൊന്നൊന്നും വെട്ടണ്ട കാര്യമില്ല.  നായർ വെറുതെ വിളിച്ചാൽ തന്നെ ജിതേഷിന്റെ നെഞ്ചിലൂടെ മിന്നൽപ്പിണരുകൾ പറക്കും.  അപ്പോൾ പിന്നെ ഇമ്മാതിരി കാര്യം കേട്ടാൽ പിന്നെ പറയാനുണ്ടോ.  ആ പാവത്തിന്റെ നെഞ്ച് രണ്ടായി പിളർന്ന് ഓരോന്നും അഞ്ചാറ് കഷണമായിപ്പോയി.  ആ വാർത്ത ഒറ്റക്ക് താങ്ങാനാവാത്തത് കൊണ്ട് ബോഡിയെ അവൻ ചുമരിൽ ചായ്ച്ചു വെച്ചു. 

“എന്താ അച്ഛാ കാര്യം?” നിശ്ചലമായ ആ വായയുടെ ഉള്ളിലൂടെ നാവ് കഷ്ടപ്പെട്ട് അനങ്ങി എന്തൊക്കെയോ അക്ഷരങ്ങളെ തള്ളിപ്പുറത്തിട്ടു.
“അത് നീ അറിയണ്ട.. ഈ കല്യാണം നമുക്ക് വേണ്ട അത്ര തന്നെ..” കുപ്പി ഫുള്ളാണെങ്കിൽ പെഗ് പന്ത്രണ്ട് എന്ന് പറഞ്ഞത് പോലെ നായർസാബിന്റെ വാക്ക് കൃത്യവും അന്തിമവുമാണ്.

“കാര്യം പറയ് അച്ഛാ.. എന്തിനാ കല്ല്യാണം വേണ്ടാന്ന് വെക്കുന്നത്..”
“അവരൊന്നും നമ്മുടെ കൂടെ കൂട്ടാൻ പറ്റിയവരല്ല
“എന്താണെങ്കിലും അച്ഛൻ പറയ്.. നമുക്ക് അന്വേഷിക്കാമല്ലോ..” 
“നീ എന്നോട് തർക്കിക്കാൻ വരികയാണോ..? വേണ്ടാന്ന് ഞാൻ പറഞ്ഞാൽ വേണ്ട” നായർ പാർട്ടി സെക്രട്ടറിയെ പോലെയാണ്.  ആരും എതിർത്ത് പറയുന്നത് ഒട്ടും പിടിക്കില്ല.

“അച്ഛനെ ആരോ എന്തോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണ്.. അവരൊക്കെ അങ്ങനെ മോശം ആളുകളല്ല
“അത് നിനക്കറിയില്ല, ഈ കല്യാണം നടക്കില്ല
“അത് പറ്റില്ല.. എനിക്കീ കല്യാണം തന്നെ മതി” ജിതേഷ് കടുപ്പത്തിൽ പറഞ്ഞു.
“അത്രക്കായോ നീ..? എന്നോട് തർക്കിക്കാൻ മാത്രം വളർന്നോ..?”  കിട്ടുണ്ണിനായർ ചന്ദ്രഹാസമല്ല, ആകാശ് മിസ്സൈലെടുത്ത് വീശി.  ഒച്ചപ്പാട് കേട്ട് അടുക്കളയിൽ നിന്നും ഭാര്യ ജയാമ്മയും ഫേസ്ബുക്കിൽ ലൈക്കടിച്ച് കൊണ്ടിരുന്ന മകൾ നിഷയും ഫ്രെയിമിലെത്തി.  ഒരു മോറൽ സപ്പോർട്ടിനും അച്ഛനെതിരെ മ്യൂച്വൽ അലയൻസുണ്ടാക്കാനും ജിതേഷ് അമ്മയേയും നിഷയേയും സമീപിച്ചു.

“അമ്മേ അച്ഛൻ കല്യാണം ഒഴിവാക്കുകയാണെന്ന്
“ങേ.. അതെന്താ..? എന്താ പെട്ടെന്നിങ്ങനെ തീരുമാനിക്കാൻ കാര്യം..?” ജയാമ്മയുടെ ഭാവപ്രകടങ്ങൾ കൂടിയായപ്പോൾ സീൻ ഒന്ന് കളർഫുള്ളായി.
“അത് നിങ്ങളാരും അറിയണ്ട”  സഖ്യകക്ഷികളെല്ലാം ഒരുമിച്ചും ഞാൻ വേറെയും എന്ന് കിട്ടുണ്ണിനായർക്ക് പിടികിട്ടി.

“ഇവിടെയും ഒരു പെണ്ണ് വളർന്ന് വരുന്നതാ.. കല്യാണം നിശ്ചയിച്ച് ആളെയൊക്കെ ക്ഷണിച്ച് ഇത്രയായിട്ട് ഇനി വേണ്ടാന്ന് പറഞ്ഞാൽ ആളുകളൊക്കെ എന്ത് പറയും..? അതിനുമാത്രം എന്താ പ്രശ്നം..?”  ഏത് പട്ടാളക്കാരനെയും നിരായുധനാക്കുന്ന ലോ പോയന്റുകൾ പെണ്ണുങ്ങളുടെ കൈയ്യിൽ മാത്രമല്ലേയുള്ളൂ.
“ആ പെണ്ണിന്റെ സ്വഭാവം വളരെ മോശമാണെന്ന് ഞാൻ ഇന്നറിഞ്ഞു” പാകിസ്താൻ‌കാരുടെ ഉണ്ടക്ക് മുന്നിൽ പോലും തോറ്റിട്ടില്ലാത്ത കിട്ടുണ്ണിനായർ ജയാമ്മക്ക് മുന്നിൽ അൽ‌പ്പം താഴ്ന്നു.
“ആരു പറഞ്ഞു..? ആരാണീ അപവാദം പറഞ്ഞത്..? ആളെ പറയ് ഓന്റെ സൂക്കേട് ഞാൻ തീർത്ത് തരാം
ശീത രക്താണുക്കളായിരുന്ന ജിതേഷിന്റെ ബോഡിയിൽ ഉഷ്ണരക്താണുക്കൾ തിളച്ചു മറിഞ്ഞു.
“ആരു പറഞ്ഞാലെന്താ.. വിശ്വസിക്കാവുന്നയാൾ തന്നെയാണ് പറഞ്ഞത്.. ആ പെണ്ണ് ശരിയല്ല” മരം ഇരുമ്പിനോട് കളിക്കാനായോന്ന് കിട്ടുണ്ണിനായർ.

“ആരെങ്കിലും എന്തെങ്കിലും ഇല്ലാത്ത വർത്താനം പറഞ്ഞതിന് കല്യാണം വേണ്ടാന്ന് വെക്കാൻ പറ്റ്വോ?  ഇന്നത്തെ കാലത്ത് ഇതൊക്കെ പതിവാണ്.. ഒരുത്തൻ നന്നാവുന്നത് ആർക്കും പിടിക്കൂലല്ലോ..” ജിതേഷ് ഒരുപൊടി അടുക്കുന്നില്ല.
“ഇത് അങ്ങനത്തെ ആളല്ല, അയാളെന്റെ കൂടെ സർവ്വീസിലുണ്ടായിരുന്നയാളാണ്.. ഓൻ കള്ളം പറയില്ല..”
“ആരെന്ത് പറഞ്ഞാലും എനിക്കീ കല്യാണം മാത്രം മതി..” ജനിച്ചിട്ട് ആദ്യമായി ജിതേഷ് സ്വന്തമായി ഒരു തീരുമാനം എടുത്തു.  നായർക്ക് പിന്നെ കലിയടക്കാനായില്ല.
“അത് കാണണമല്ലോ.. ഒരു പെണ്ണിനെ കണ്ടപ്പോ അവന് വേറാരും വേണ്ട.. ഞാനുള്ളപ്പോ നീ എനിക്കിഷ്ടമല്ലാത്ത കല്യാണം കഴിക്കാനോ..”  കിട്ടുണ്ണി നായരുടെ മുന്നിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് കസേരകൾ സ്റ്റണ്ട് സീനിലെ വില്ലന്മാരെപ്പോലെ കുത്തനെ പൊന്തി ചുമരിലിടിച്ച് താഴെ വീണു.  രണ്ടുപേരും തമ്മിൽ വാക്ക് തർക്കവും നിഷേധിക്കലും എതിർക്കലുമായി.  കണ്ണൂരിലെ ജയരാജന്മാരെ പോലെ മത്സരിച്ച് തെറി പറയുന്നതിനു മുൻപ് ജയാമ്മ ഇടയിൽ വന്ന് വിസിലടിച്ചു.

“എന്താണെങ്കിലും നിങ്ങള് കാര്യം പറ.. എന്താ പെണ്ണിനെപ്പറ്റി കേട്ടത്..? എന്നിട്ട് പറയാം കല്യാണം വേണോ വേണ്ടയോ എന്ന്
അരിങ്ങോടരേ.. എന്ന മമ്മൂട്ടിയുടെ വിളി കേട്ട ക്യാപ്റ്റൻ രാജുവിനെപ്പോലെ കിട്ടുണ്ണിനായർ ഒന്ന് സ്റ്റക്കായി തളർന്ന് പിന്നോട്ടാഞ്ഞു.  പിന്നെ കിതപ്പകറ്റി വേണമോ വേണ്ടയോ എന്ന് ശങ്കിച്ച് കുറച്ചാലോചിച്ച് ഗ്രൌണ്ട് ഫ്ലോർ നോക്കി പറഞ്ഞു.
“ആ പെണ്ണ് ഏതോ ഒരു ചെറുപ്പക്കാരന്റെ കൂടെ സിനിമക്കും ലോഡ്ജിലുമൊക്കെ പോകാറുണ്ടെന്ന്

കല്യാണം നിശ്ചയിച്ച പെണ്ണിനെപ്പറ്റി കേൾക്കാൻ പാടില്ലാത്ത കാര്യം കേട്ട ജയാമ്മയും നിഷയും തകർന്നു പോയി.  അത്ര നേരവും ജിതേഷിന്റെ ഭാഗത്ത് എം.സാൻഡ് പോലെ ഉറച്ചിരുന്ന ആ രണ്ടു പെണ്ണുങ്ങളും ഒരു സെക്കൻ‌ഡ് കൊണ്ട് കാലുമാറി കിട്ടുണ്ണിനായരുടെ കൂടെയായി.  അയ്യോ അവൾ അത്തരക്കാരിയായിരുന്നോ, ഇനി ഈ കല്യാണം വേണ്ടേ വേണ്ട എന്നായി ആ നാരീകുലപതികൾ.  ഒരു മഹാ രഹസ്യം തുറന്ന് പറഞ്ഞ് ഭാരമൊഴിഞ്ഞതിന്റെയും കുടുംബ പാർലമെന്റിൽ തനിക്ക് കേവല ഭൂരിപക്ഷം കിട്ടിയതിന്റെയും ആശ്വാസം കിട്ടുണ്ണിനായരുടെ മുഖത്തുണ്ടായി. 

എന്നാൽ  ആരും തകർന്ന് പോയേക്കാവുന്ന വാർത്ത കേട്ടിട്ടും ജിതേഷിന് കുലുക്കമുണ്ടായില്ല.  ചമ്മലിന്റെ പെൻസിൽ സ്കെച്ചിനു മേലെ നല്ലോണം വിറയലും ലജ്ജയും ചാലിച്ച് ചേർത്ത് അവൻ വിക്കി വിക്കി പിന്നെയും വിക്കി പറഞ്ഞൊപ്പിച്ചു.

“അച്ഛാ അത്.. ആ ചെറുപ്പക്കാരൻ ഞാനാ ഞങ്ങൾ പണ്ടേ ഇഷ്ടത്തിലായിരുന്നു…….”

30 comments:

  1. “അച്ഛാ… അത്….. ആ ചെറുപ്പക്കാരൻ ഞാനാ… ഞങ്ങൾ പണ്ടേ ഇഷ്ടത്തിലായിരുന്നു…….”

    ambada kallaa.....kollamallo dharyam...!!

    ReplyDelete
  2. ഇങ്ങിനെയായിരിക്കും കഥയുടെ അവസാനം എന്ന്‌ നേരത്തെ തോന്നി. ആശംസകൾ

    ReplyDelete
  3. AVASANAM KUMARETTANTE PENNU KETTINU PINNILE KATHAYUM PURATHU VANNU......
    ..
    .


    :)

    ReplyDelete
  4. “ആ പെണ്ണ് ഏതോ ഒരു ചെറുപ്പക്കാരന്റെ കൂടെ സിനിമക്കും ലോഡ്ജിലുമൊക്കെ പോകാറുണ്ടെന്ന്…” അവിടെയെത്തിയപ്പോള്‍ ക്ലൈമാക്‌സ് ഊഹിച്ചു... കുമാരേട്ടാ, നന്നായിരിക്കുന്നു, അവതരണവും പ്രമേയവും.

    ReplyDelete
  5. ഞാനോര്‍ത്തു ആ പഴേ പൊലീസുകാരനെപ്പോലെ “ മോനേ, അവള്‍ വകേല് നിന്റെ ഒരു പെങ്ങളായിട്ട് വരു”മെന്ന് പറയുമെന്ന്.

    ReplyDelete
  6. അത്ര രസമായില്ല, കുമാരേട്ടാ. പ്രതീക്ഷിച്ച ക്ലൈമാക്സ് തന്നെ.

    ReplyDelete
  7. കുപ്പി ഫുള്ളാണെങ്കിൽ പെഗ് പന്ത്രണ്ട് എന്ന് പറഞ്ഞത് പോലെ....:)
    കുമാരേട്ടാ, നന്നായിരിക്കുന്നു.........

    ReplyDelete
  8. കൊള്ളാം കുമാ‍ാരാ :)

    ReplyDelete
  9. കലക്കി............ :).

    ReplyDelete
  10. അത് മനസ്സിലായി...

    ReplyDelete
  11. ഹഹ ഹ ഇതിന്റെ അവസാനം ഇങ്ങനായിരിക്കും എന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല
    ഇത് കലക്കി

    ReplyDelete
  12. climax atrakkangadu kalangeeelllaa...
    pakshe bakkiyulladokke alakki polichu
    അരിങ്ങോടരേ.. എന്ന മമ്മൂട്ടിയുടെ വിളി കേട്ട ക്യാപ്റ്റൻ രാജുവിനെപ്പോലെ
    കിട്ടുണ്ണിനായർ ചന്ദ്രഹാസമല്ല, ആകാശ് മിസ്സൈലെടുത്ത് വീശി.
    കുപ്പി ഫുള്ളാണെങ്കിൽ പെഗ് പന്ത്രണ്ട് എന്ന് പറഞ്ഞത്
    ഏത് പട്ടാളക്കാരനെയും നിരായുധനാക്കുന്ന ലോ പോയന്റുകൾ

    sampleees matrommmm..

    ReplyDelete
  13. ഇതൊക്കെ നമുക്കു ചുറ്റും നടക്കുന്ന സംഭവങ്ങള്‍ , അതു പറയുന്ന മിടുക്കാണ് ഇവിടെ കാണുന്നത്

    ReplyDelete
  14. ജിതേഷിന്റെ എതിര്‍പ്പ് കണ്ടപ്പോഴേ തോന്നി, ഇത് ഇങ്ങനെ തന്നെയാവൂണ്.

    ReplyDelete
  15. മിണ്ടാപ്പൂച്ച കലമുടക്കും. കാലം പോയപോക്ക് കാര്‍ന്നോരറിഞ്ഞില്ല.

    ReplyDelete
  16. :) പ്രദീപ്‌ മാഷ്‌ പറഞ്ഞത് തന്നെ കാര്യം, ഇങ്ങനെ അവതരിപ്പിച്ചതോടെ തന്നെ കലക്കനായി.

    ReplyDelete
  17. simple narration.. very nice...

    ReplyDelete
  18. s very simple and humble kollam inghane venam hasyam ezhuthaan

    ReplyDelete
  19. :)) ഇഷ്ടമായി..:)

    ReplyDelete
  20. ഹി ഹി ഹി.. സസ്‌പെന്‍സന്‍സ്സ്‌

    ReplyDelete
  21. ജിതേഷ് കൊള്ളാലോ ... :)

    ReplyDelete
  22. അളേലുള്ളതിന്റെ വലിപ്പം ഇതു പോൽ
    പുറത്തു വരുമ്പോഴാണല്ലോ ശരിക്കും അറിയുക അല്ലേ

    ReplyDelete