Saturday, May 25, 2013

ഫാഷൻ തിരുവാതിര


നാരായണൻ മാഷ് രാവിലെ പത്രത്തിലെ വാർത്താതരികളെല്ലാം വായിച്ച് തല പൊന്തിക്കുമ്പോഴാണ് ഗേറ്റ് കടന്ന് കുറച്ചാളുകൾ വരുന്നത് കണ്ടത്.  മുടിയിൽ കരിഓയിലും കുടവയറും സ്ഥാനാർഥി ചിരിയുമുള്ള മൂന്ന് ആണുങ്ങളും, മേക്കപ്പിന്റെ ധാരാളിത്തം പേറുന്ന ഒരു സ്ത്രീയും.  നാട്ടിലെ മഹാത്മാ ക്ലബ്ബിന്റെ ഭാരവാഹികളാണ്.

“എന്താ വിശേഷം..?”  ഇരിക്കാൻ പറഞ്ഞ ശേഷം മാഷ് ചോദിച്ചു.

“ക്ലബ്ബിന്റെ വാർഷികമാണല്ലോ മാഷേ അടുത്ത മാസം.. ഗംഭീര പരിപാടികളാണ് ഞങ്ങൾ സംഘടിപ്പിക്കുന്നത്.. ഇരുന്നൂറ്റമ്പത് സ്ത്രീകളുടെ തിരുവാതിരയാണ് ഇത്തവണത്തെ പ്രധാന ഐറ്റം.  മാഷ് കാര്യമായൊരു സംഭാവന തരണം...”  പവർകട്ട് കഴിഞ്ഞ് ഫുൾവോൾട്ടേജിൽ കറന്റ് വന്ന പോലെ അവരുടെ മുഖം പ്രകാശിച്ചു.

“ഇരുന്നൂറ്റമ്പത് പേരുടെ തിരുവാതിരകളിയോ..!!”

“അതെ മാഷേ, നമ്മടെ ജില്ലയിൽ തന്നെ ഇങ്ങനെയൊരു പരിപാടി ആദ്യമാണ്..” ഒരുവൻ ആവേശത്തോടെ പറഞ്ഞു.

“പത്ത് പന്ത്രണ്ട് പേർ ചേർന്ന് കളിക്കുന്നത് കണ്ടിട്ടുണ്ട്.. ഇതെന്താ ഇങ്ങനെ..?”

“അതാ മാഷേ ഇപ്പോ ഫാഷൻ.. ഇതാകുമ്പോ ചാനലുകാർ നല്ല കവറേജ് കൊടുക്കും, പത്രത്തിലാണെങ്കിൽ ഫ്രണ്ട് പേജിൽ കളർ ഫോട്ടോ വരും, ഇന്റർനെറ്റിൽ ലൈവ് സ്ട്രീമിങ്ങ്.. നമ്മടെ നാട് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമാകും. വിദേശികൾ പോലും കാണാൻ വരുമെന്നേ

“ഇതിനൊക്കെ വലിയ ചെലവാകൂല്ലേ..”

“ആകും.. അതിനാണല്ലോ ഞങ്ങൾ ആദ്യം തന്നെ മാഷിനെ പോലുള്ളവരുടെ അടുത്ത് വന്നത്.. പിന്നെ പങ്കെടുക്കുന്നവരുടെ വസ്ത്രങ്ങളെല്ലാം ഒലക്കമടൽ ടെക്സ്റ്റൈൽ‌സ് സ്പോൺസർ ചെയ്ത് കഴിഞ്ഞു..”

“ഒന്ന് ചോദിക്കട്ടെ, ഇത്രയും പേരുടെ തിരുവാതിര കളിച്ചത് കൊണ്ടെന്താ നേട്ടം..” മാഷിന്റെ പഴയമനസ്സ് സംശയപ്പെട്ടു.

“അതിപ്പോ നമ്മുടെ നാടിന്റെ പ്രശസ്തി.. പിന്നെ അന്യം നിന്ന് കൊണ്ടിരിക്കുന്ന നാടൻ കലകൾ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയല്ലേ മാഷേ..”  വന്നവരുടെ മുഖത്തെ പ്രകാശം അൽ‌പ്പം കുറഞ്ഞു.

“ഈ പരിപാടി നടത്തുവാൻ എത്ര ലക്ഷം അനാവശ്യമായി ചെലവാകും? കാശ് ഉപയോഗിച്ച് പട്ടിണിക്കാർക്ക് ഒരു നേരത്തെ ഭക്ഷണമോ പാവപ്പെട്ട കുട്ടികൾക്ക് യൂനിഫോമോ വാങ്ങിച്ച് കൊടുത്തൂടെ..? ഏതെങ്കിലും ഒരു ദരിദ്രന്റെ വീടിന് മേൽക്കൂര കെട്ടിക്കൊടുത്താലും നാടിന് പ്രശസ്തിയുണ്ടാകില്ലേ? അതല്ലേ നല്ലത്..?”

“അതൊക്കെ ചെയ്താൽ ആരാ മാഷേ ഇന്നത്തെ കാലത്ത് സംഭാവന തരിക? അങ്ങനെ ചെയ്താൽ തന്നെ ഒരു മാധ്യമത്തിലും അതിന്റെ വാർത്ത പോലും കാണില്ല.. നൂറുപേരുടെ തിരുവാതിര, ഇരുന്നൂറു പേരുടെ തിരുവാതിര.. അതൊക്കെയാ ഇപ്പോ ഫാഷൻ.. അതൊക്കെ നടത്തിയാൽ നാലാള് അറിയും.  അടുത്ത കൊല്ലം അഞ്ഞൂറു പേരുടെ തിരുവാതിരയാ നമ്മടെ പ്ലാൻ..”

“പത്രത്തിൽ പടം വരാൻ എന്തും ചെയ്യാമെന്നായോ.. ഈ തിരുവാതിരയൊക്കെ പണ്ട് സവർണ സമ്പന്ന ഭവനങ്ങളിലെ ആട്ടങ്ങളായിരുന്നു. പാവപ്പെട്ടവന്റെ കലകൾ തെയ്യവും പടയണിയും തോറ്റവും നാടൻപാട്ടുമൊക്കെയായിരുന്നു...“  വന്നവർ മിണ്ടാതെ പരസ്പരം നോക്കി.

“ഞങ്ങളൊക്കെ പണ്ട് എത്ര കല്ലും‌മണ്ണും ചുമന്ന് എത്ര ത്യാഗം സഹിച്ചാണ് ആ ക്ലബ്ബ് കെട്ടിപ്പൊക്കിയതെന്ന് അറിയാമോ..  അന്നൊക്കെ ഈ ഭാഗത്തെ ചോർന്നൊലിക്കാത്ത ഒരേയൊരു കെട്ടിടം അതായിരുന്നു.. മഴക്കാലത്ത് പല കുടുംബങ്ങളും അവിടെയായിരുന്നു താമസിച്ചിരുന്നത്..  ജീവിതം മുഴുവൻ പാവപ്പെട്ടവർക്ക് വേണ്ടി സമർപ്പിച്ച് അവർക്ക് വേണ്ടി പോരാടിയൊരു മഹാന്റെ പേരിലാണ് നിങ്ങളുടെ ഈ പേക്കൂത്ത് എന്നെങ്കിലും മറക്കരുതായിരുന്നു..”

നാരായണൻ മാഷ് മെല്ലിച്ച് ശരീരം മറന്ന് രോഷാകുലനാകുമ്പോൾ വന്നവർ തിരിഞ്ഞ് നോക്കാതെ പുറത്തേക്ക് നടക്കുകയായിരുന്നു. 

“ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇയാളൊരു കഞ്ഞിയാ, വരണ്ടാന്ന്..”  പെൺ‌മണി മുഖം കറുപ്പിച്ച് കൊണ്ട് പറഞ്ഞു.

24 comments:

  1. കുമാരേട്ടാ , വന്നത് വെറുതെ ആയി എന്ന് പെട്ടെന്ന് തോന്നി പോയി... പക്ഷെ, കലക്കി... എല്ലായിടത്തും ഇതാണ് ഇപ്പൊ "ഫാഷൻ".. എന്ത് ചെയ്യാൻ ...

    ReplyDelete
  2. ആ കാശ് ഉപയോഗിച്ച് പട്ടിണിക്കാർക്ക് ഒരു നേരത്തെ ഭക്ഷണമോ പാവപ്പെട്ട കുട്ടികൾക്ക് യൂനിഫോമോ വാങ്ങിച്ച് കൊടുത്തൂടെ? ഏതെങ്കിലും ഒരു ദരിദ്രന്റെ വീടിന് മേൽക്കൂര കെട്ടിക്കൊടുത്തൂടെ?
    എന്ത് ചെയ്യാൻ????????????

    ReplyDelete
  3. കുമാരേട്ടാ നിങ്ങള്‍ ട്രാക്ക്‌ മാറ്റിപ്പിടിച്ചുവോ.....???

    ReplyDelete
  4. “ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇയാളൊരു കഞ്ഞിയാ, വരണ്ടാന്ന്..” പെൺ‌മണി മുഖം കറുപ്പിച്ച് കൊണ്ട് പറഞ്ഞു.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഇതുപോലെ ഞാനും ചിന്തിച്ചിട്ടുണ്ട്,, എന്തിനീ പൊങ്ങച്ചം?

    ReplyDelete
  7. സീരിയസിലേയ്ക്ക് കടന്നു, അല്ലേ?

    ReplyDelete

  8. കഥ നന്നായി കുമാരാ. ഒരു കിലോമീറ്റർ വ്യാസത്തിൽ പൂക്കളമിടുന്നത്‌ താങ്കൾ ശ്രദ്ധിച്ചില്ലെന്നുണ്ടോ ? ഫേഷൻ പൂക്കളം ! അതും ഇതേ രോഗം തന്നെ.

    ReplyDelete
  9. ഗൗരവമേറിയ വിഷയം..!
    പുറം മോടിയിലാണ് എല്ലാരുടെയും ശ്രദ്ധ. ഉള്ള് പൊള്ള ആയാലും സാരല്ല്യാ എന്ന ലൈൻ.

    ReplyDelete
  10. പതിവ് ശൈലിയില്‍ നിന്നുള്ള ചുവട് മാറ്റം ശ്രദ്ധേയമായി .നന്നായിട്ടുണ്ട് ഈ ചിന്ത .പക്ഷെ ഇനിയുള്ള കാലം ഇത്തരം ജാടകളും പൊങ്ങച്ചങ്ങളും കൂടുകയേയുള്ളൂ .

    ReplyDelete
  11. പട്ടിണിക്കാരെ നന്നാക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് താല്പര്യമില്ല, പിന്നെയല്ലേ! ഈ ക്ലബ്ബുകാരേപ്പോലെ വന്‍കിട പരിപാടികളിലാണ് സര്‍ക്കാരുകള്‍ക്ക് നോട്ടം. ഞാനായിട്ടൊന്നും പറയുന്നില്ല, ദേ ബെര്‍ളി ഇവിടെ വേണ്ടപോലെ പറഞ്ഞിട്ടുണ്ട്

    ReplyDelete
  12. ചിന്തിക്കേണ്ട കാര്യങ്ങള്‍....

    ReplyDelete
  13. കവറേജ് വേണം
    അത്രതന്നെ

    ReplyDelete
  14. ഇപ്പോഴാണ് കുമാരന്‍ കുമാരനായത്. പ്രതിഷേധത്തിന്‍റെ അലയൊലി അടക്കി വയ്ക്കാതെ ഇനിയും പോരട്ടെ...

    ReplyDelete
  15. ഈ സംഭവം അത്ര ഗുമ്മായില്ല കേട്ടൊ ഭായ്

    ReplyDelete
  16. Kalakki, hasyangalekkaal ishtamaayi, nalla katha

    ReplyDelete
  17. ഫാഷനല്ലേ... അപ്പോള്‍ പിന്നെ..

    ReplyDelete
  18. ഇപ്പോ എല്ലാം ഫാഷൻ അല്ലെ

    ReplyDelete
  19. ലേബല്‍ 'നര്‍മ്മം' ?

    ReplyDelete
  20. പഴയ ബ്ലോഗ്‌പോസ്റുകളുടെ അത്ര നിലവാരം ഇല്ല .

    ReplyDelete
  21. ഇടക്കൊക്കെ ഇങ്ങനേം ആവാം.

    ReplyDelete
  22. ഇനിപ്പ്യോ ഒറിജിനൽ തിരുവാതിര കാണണെങ്കിൽ
    ബിലാത്തി മല്ലൂസ്സിന്റടുത്തേക്ക് വരേണ്ടി വരും കേട്ടൊ ഭായ്

    ReplyDelete