Wednesday, May 15, 2013

കലേഷ്കുമാറിന്റെ കാമുകി


കല്യാണം കഴിയാത്ത എത്രയെത്ര അടിപൊളി പെൺകുട്ടികളുണ്ടായിരുന്നു !
  
വിമൻസ് കോളേജിൽ പഠിക്കുന്ന ജീനയുണ്ട് ബിൻസിയുണ്ട് ശുഭയുണ്ട് അല്ലെങ്കിൽ ബി.ടെക് ചെയ്യുന്ന റോഷ്നിയുണ്ട് അമൃതയുണ്ട്.  വേറെയും കണ്ട് കണ്ണെടുക്കാൻ നോക്കുമ്പോൾ കണ്ണ് പോലും ഞാൻ കുറച്ചൂടെ നോക്കട്ടെ എന്ന് പറയുന്നത്ര ഭംഗിയുള്ള കുട്ടികൾ നാട്ടിൽ കണ്ടമാനമുണ്ട്.  ഇനിയിപ്പോ പ്രണയിച്ചേ അടങ്ങൂന്ന് വെച്ചാൽ സുന്ദരികളായ വിവാഹിതകളുമുണ്ടായിരുന്നല്ലോ.  എന്നിട്ടും ഇവരെയൊന്നും അവൻ കണ്ടില്ല.  തഹസിൽദാർ സുരേന്ദ്രൻ നായരുടെ മകൻ മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന കലേഷ്കുമാർ ആണ് ഈ വിചിത്രമായ പ്രണയകഥയിലെ നായകൻ.  ആക്സിഡന്റ് സംഭവിക്കുന്നത് പോലെ കഷ്ടകാലത്തിന് വന്ന് ഭവിക്കുന്നതാണ് പ്രണയം എന്നല്ലേ പറയപ്പെടുന്നത്.  അങ്ങനെ കാലുവഴുതി സ്വയമറിയാതെ സ്ലിപ്പായതാണെന്ന് ഈ ബന്ധത്തിനെ പറയാൻ കഴിയില്ല. 

ചെറുപ്പക്കാരല്ലേ പ്രണയമൊക്കെ ഉണ്ടാകും അതൊരു തെറ്റുമല്ല.  പ്രണയവുമില്ലെങ്കിൽ ആളുകളൊക്കെ മാവോയിസ്റ്റുകളായിപ്പോകുന്ന ചുറ്റുപാടാണല്ലോ ഇന്ന്.  എന്താണ് നിങ്ങളുടെ പ്രേമത്തിന്റെ ഉദ്ദേശം എന്ന് ചോദിച്ചാൽ, പെൺകുട്ടികളാണെങ്കിൽ അപ്പോ പറയും കല്യാണം കഴിക്കാനാണെന്ന്.  അത് പിന്നെ അവളുമാരൊക്കെ മണങ്ങിയാൽ മാലയിടുന്ന ടൈപ്പാണല്ലോ.  എന്നാൽ ആൺപിള്ളേർക്ക് അങ്ങനത്തെ പിടിവാശിയൊന്നുമില്ലാന്ന് മാത്രമല്ല അവരുടെ ഉദ്ദേശം വേറെ പലതുമായിരിക്കും.  കലേഷ്കുമാറിനും അങ്ങനെ തന്നെയാണ് എന്നാ തോന്നുന്നത്.  അല്ലാതെ കല്യാണം കഴിഞ്ഞ് ഭർത്താവുള്ള സ്ത്രീയെ പിന്നേം കല്യാണം കഴിക്കുന്നത് എളുപ്പമല്ലല്ലോ.  ഇനിയിപ്പോ അതിന് അങ്ങേർ സമ്മതിച്ചാൽ തന്നെ അവരുടെ മക്കൾ സമ്മതിക്കുമോ, മക്കളേ മക്കൾ സമ്മതിക്കുമോ.

കാര്യം അവരു ഡോൿടറൊക്കെ തന്നെയാണ് എന്നാലും ആരെങ്കിലും സ്വന്തം അമ്മേന്റെ പ്രായമുള്ളവരെ പ്രേമിക്കുമോ? കല്യാണോം കഴിഞ്ഞ് പേരക്കാമക്കളുമുള്ള ഒരു വനിതയെയാണ് ഇത്രേം പെൺകുട്ടികളുണ്ടായിട്ടും കലേഷ് പ്രേമിക്കാൻ കണ്ടു പിടിച്ചത്.  വളരെ ആസൂത്രിതമായ ഒരു പദ്ധതിയായിരുന്നു ഈ പ്രണയം.  ആദ്യം അവൻ ഡോക്ടർ കാമുകി സ്ഥിരമായി മൊബൈൽ ചാർജ്ജ് ചെയ്യുന്ന കടയിൽ പോയി നക്കാപ്പിച്ചാ ശമ്പളത്തിനൊരു ജോലി സംഘടിപ്പിച്ചു.  എന്നിട്ട് അവർ ചാർജ്ജ് ചെയ്യാൻ വന്നപ്പോൾ നമ്പർ കൈവശപ്പെടുത്തി.  പിന്നെ ഇടക്കിടെ വിളിച്ച് പ്രണയത്തിന്റെ നൂറ്റിപ്പത്ത് കെ.വി. ലൈനിടാൻ സൌഹൃദത്തിന്റെ ഇരുമ്പ് പോസ്റ്റ് കുഴിച്ചിട്ടു.

ഡോക്ടറാണ് കാണാനിപ്പോഴും സുന്ദരിയാണ് എന്നാലും അമ്മൂമ്മ അമ്മൂമ്മ തന്നെയല്ലേ! അതെന്റെ ലൈനാണെന്ന് എങ്ങനെയാണ് നാലാളോട് പറയുന്നത്!  ഇതെന്ത് ഭ്രാന്താണെടാ എന്ന് ചങ്ങാതിമാർ ചോദിച്ചപ്പോ അവൻ പറഞ്ഞ ഉത്തരമാണ് മരണ വിറ്റ്.  ഈ കക്ഷി അവന്റെ അച്ഛന്റെ പണ്ടത്തെ കാമുകിയായിരുന്നു പോലും !  അത് അക്കാലത്ത് നാട്ടിൽ എല്ലാർക്കും അറിയുന്ന പരസ്യമായ രഹസ്യമായിരുന്നു.  ഡോക്ടർ ആയതിനാൽ അന്നൊന്നും ആ കല്യാണം നടക്കുമെന്ന് ചിന്തിക്കാൻ പോലും വയ്യല്ലോ.  അങ്ങനെ അച്ഛൻ തോറ്റ് പിന്നും മൊട്ടുസൂചിയും വാങ്ങി മടങ്ങിയ സ്ഥലത്ത് ദശവർഷങ്ങൾക്ക് ശേഷം യുവരാജാവ് കലേഷ്കുമാർ വിജയപതാക പാറിച്ചു.  ദൈവത്തിന്റെ ഓരോ കോമഡി സ്കിറ്റ് എന്നല്ലാണ്ട് എന്താ ഇതിനൊക്കെ പറയുക! 

ചെറുപ്പത്തിൽ അവരുടെ ക്ലിനിക്കിൽ പോയാൽ പ്രത്യേക പരിഗണന കിട്ടുന്നത്, അവർ രണ്ടുപേരും കണ്ണിൽ നോക്കി മിണ്ടാതിരിക്കുന്നത്, അവിടെ പോയതിന് വീട്ടിലെത്തിയാൽ അമ്മ കച്ചറയുണ്ടാക്കുന്നത് ഇതൊക്കെ കലേഷ്കുമാറിന്റെ മനസ്സിൽ ഉറച്ചു പോയ കോൺ‌ക്രീറ്റ് ഓർമ്മകളാണ്.  ചെറിയൊരു പനി വന്നാൽ എനിക്ക് ഡോക്ടറാന്റീന്റട്ത്ത് പോണേന്നും പറഞ്ഞ് കുഞ്ഞ് കലേഷ് ബഹളം വെക്കുമായിരുന്നു.  അച്ഛന്റെ പഴയ ആക്റ്റിവിറ്റീസ് അറിയാവുന്ന അമ്മ വേറെ ഡോക്ടർമാരെ കാണിച്ചാൽ അവനത് സമ്മതിക്കാണ്ട് നെലവിളിക്കും.  അവിടെ പോയാൽ മോന്റെ സൂക്കേട് വേഗം മാറും കേട്ടോന്നും പറഞ്ഞ് ഡോക്ടർ കെട്ടിപ്പിടിച്ച് ഒരു മുത്തം കൊടുക്കുമായിരുന്നു.  അമ്മ എന്ത് കുഴപ്പമുണ്ടാക്കിയാലും ഡോക്ടറാന്റിയുടെ ഉമ്മ കിട്ടിയാലേ കലേഷിന്റെ സൂക്കേട് മാറുകയുള്ളൂ.  പിന്നെ കലേഷിന് മീശമുളക്കാൻ തുടങ്ങിയ കാലത്താണ് ചങ്ങാതിമാരിൽ നിന്നും അത് അച്ഛന്റെ പഴയ ലൈനാണ് എന്നറിഞ്ഞത്.  കുട്ടിക്കാലത്ത് തുടങ്ങിയ ഒരു താൽ‌പ്പര്യം അതോടെ എങ്ങനെയോ കാമുകീ ഭാവത്തിലേക്ക് ഡെവലപ്പ്‌ഡായി.  പാലു തൈരാകുന്നത് പോലെ പുറത്ത് നിന്നും കാണുമ്പോൾ നിറം മാറിയില്ലെങ്കിലും ഗുണം മുഴുവനായും മാറി.  അല്ലെങ്കിലും അച്ഛന്റെ ആഗ്രഹം നിറവേറ്റുന്നവരാണല്ലോ സൽപുത്രന്മാർ.

വ്യത്യസ്തരാ‍യ ഈ കമിതാക്കൾക്ക് സ്വതന്ത്രമായി കാണാൻ അധിക അവസരങ്ങൾ ഉണ്ടായിരുന്നില്ല.  ഷോപ്പിൽ എപ്പോഴും ആളുകളുണ്ടായിരിക്കും.  സൂക്കേടാണെന്ന് പറഞ്ഞ് എന്നും ക്ലിനിക്കിൽ പോകാനും പറ്റില്ലല്ലോ.  പനി വന്നാൽ എല്ലാർക്കും വിഷമമാണെങ്കിൽ കലേഷിനു മരണ സന്തോഷമായിരുന്നു.  വേണമെങ്കിൽ അവനു ടോക്കൺ എടുക്കാതെ ആദ്യം കയറാമായിരുന്നു എന്നിട്ടും എല്ലാരും പോകാൻ കാത്തിരിക്കും.  ആരുമില്ലാതെ കുറേനേരം കാമുകിഅമ്മൂമ്മയുമായി സൊള്ളാമല്ലോ.  പക്ഷേ പനിയൊക്കെ വരുന്നതിനും ഒരു കണക്കില്ലേ, വല്ലപ്പോഴും കൊല്ലത്തിൽ ഒരിക്കലോ മറ്റോ വന്നാലായി.  എല്ലാർക്കും അറിയാവുന്ന ഡോക്ടറായതിനാൽ പബ്ലിക്കായി പാർക്കിലോ ബീച്ചിലോ സിനിമക്കോ പോകാൻ കഴിയില്ലല്ലോ.   അത് കൊണ്ട് ഫ്രീയായി മിണ്ടാനോ കാണാനോ വയസ്സിന്റെ അങ്ങേപ്പുറത്തും ഇങ്ങേപ്പുറത്തും ഇരിക്കുന്ന ആ മിഥുനങ്ങൾക്ക് കഴിയില്ലായിരുന്നു.  ഒന്നിച്ച് കണ്ടാൽ അമ്മയും മകനും എന്നല്ലാണ്ട് ആരും തെറ്റിദ്ധരിക്കില്ലെങ്കിലും ഡോക്ടറുടെ സമയക്കുറവ് ഒരു പ്രശ്നമായിരുന്നു.

അങ്ങനെയാണ് ഒരു ദിവസം രാവിലെ ‘ഇങ്ങോട്ട് വരുന്നോ, ഇവിടെയാരുമില്ല’ എന്ന് കാമുകി വിളിച്ച് പറഞ്ഞത്.   അതും വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഇത് വരെ അവർ കണ്ട് മുട്ടിയിരുന്നില്ല.  സദാചാരന്മാർക്ക് ആഘോഷിക്കാൻ ഒരു വിഷയമായി.  ആണും പെണ്ണും തീപ്പെട്ടിയും പെട്രോളുമാണെന്നൊക്കെ പറയാറുണ്ടെങ്കിലും ഈ പറയുന്നത്ര പ്രശ്നമൊന്നും അതിനില്ല.  അടുത്തടുത്ത് വെച്ചാലൊന്നും വലിയ കുഴപ്പമൊന്നും വരാനില്ല; തീപ്പെട്ടി ഉരക്കാണ്ടിരുന്നാ മതി.  വീട്ടിലേക്ക് ക്ഷണിച്ച സ്ഥിതിക്ക് തന്റെ പ്രണയോദ്ദേശ്യം പൂർത്തീകരിക്കാൻ പോകുന്നുവെന്ന് കലേഷ് ഉറപ്പിച്ചു.  അമ്മൂമ്മയായാലും അമ്പത് വയസ്സായാലും പ്രണയ നാണയത്തിന്റെ ഒരു വശത്ത് നീലാകാശത്തിന്റെ ചിത്രമാണെങ്കിൽ മറ്റേ വശത്ത് ഒരു കട്ടിലിന്റെ ചിത്രമാണ്.  അത്കൊണ്ട് ഈ മാറ്ററും പാരമ്പര്യം പോലെ നടക്കുന്നതിൽ തെറ്റ് പറയാനാകില്ല.

അപ്രതീക്ഷിതമായ ക്ഷണം കിട്ടിയ കലേഷ് കുറേ നേരം അബോധാവസ്ഥയിലായിരുന്നു.  ഒരു കാമുകി ആരുമില്ലാത്ത നേരത്ത് വീട്ടിലേക്ക് വിളിക്കണമെങ്കിൽ അത് എന്തിനായിരിക്കുമെന്ന് അധികമൊന്നും ഊഹിക്കാനൊന്നുമില്ലല്ലോ.  അതാലോചിച്ചപ്പോൾ ശരീരമാസകലം എന്തോ ഒരു വിറയൽ, പരവേശം, ടെൻഷൻ.  ലോകം മുഴുവൻ തനിക്കു ചുറ്റും കറങ്ങുന്നത് പോലെയൊരു അവസ്ഥ.  പത്തിരുപത് കൊല്ലമായി ഉത്സവം നടക്കാതിരുന്ന കാവിൽ ഉത്സവ കൊടിയേറ്റമായപ്പോഴുള്ള പൂജാരിയുടേത് പോലെ. 

ബൈക്കും ചെരുപ്പും ആരും കാണാതിരിക്കാൻ പോർച്ചിന്റെ മൂലയിൽ വെച്ച് വേഗവിറവിരലുമായി കലേഷ് ബെല്ലടിച്ചു.  അൽ‌പ്പം കഴിഞ്ഞപ്പോൾ അവർ വന്ന് വാതിൽ തുറന്നു.  ക്രീം കളർ ഹൌസ്ക്കോട്ടായിരുന്നു കാമുകി ഇട്ടിരുന്നത്.  നേരെ നിന്നാൽ കലേഷിന് തന്നെയാണ് ഒരു നഖത്തിന്റെയെങ്കിലും ‌‌പൊക്കം കൂടുതൽ.  അത് കൊണ്ട് പെട്ടെന്നൊരു ആത്മവിശ്വാസം അവനിലുണ്ടായി.  ബാസ്കറ്റ് കളിയിലും പെണ്ണുങ്ങളുടെ മനസ്സിലും ഉയരമുള്ളവർക്കാണല്ലോ എന്നും ഡിമാൻഡ്.

വാതിലടച്ച ശേഷം കാമുകി വന്ന് കലേഷിന്റെ എതിർവശത്ത് സെറ്റിയിലിരുന്ന് കണ്ണടക്കാതെ ചെറുചിരിയുമായി അവനെ തന്നെ നോക്കാൻ തുടങ്ങി.  കലേഷിന്റെ വായിലെ ജലനിരപ്പ് താഴാൻ തുടങ്ങി.  ആ ചിരിയുടെ അർഥം വായിക്കാൻ ശ്രമിച്ച് കലേഷ് പരാജയപ്പെട്ടു.  ആ ഭാഷ പെണ്ണുങ്ങളുടെ മാത്രം ബ്രെയിൻ ലിപി ആയിരുന്നു.  യൌവനത്തിന്റെ എൽ.കെ.ജി. ക്ലാസ്സിൽ പഠിക്കുന്ന ആ പാവത്തിന് അതറിയില്ലായിരുന്നു.  അവർ ഒന്നും മിണ്ടാതെ നോക്കി ചിരിച്ച് അനങ്ങാതെ നോക്കി നിൽക്കുമ്പോൾ കലേഷ് ഇരുന്നു വിയർക്കുകയായിരുന്നു.  എന്താ പറയേണ്ടത് ചെയ്യേണ്ടത് തുടങ്ങേണ്ടത് എന്നറിയാതെ അതുവരെ കണ്ടിട്ടില്ലാത്തത് പോലെ തറയും ചുമരും ഫാനും ഒക്കെ വീണ്ടും വീണ്ടും നോക്കിയിരുന്നു.  സാധാരണ ഒരു മിനുട്ടിന് അറുപത് സെക്കന്റാണെങ്കിൽ അന്നേരം ഒരു പത്തഞ്ഞൂറ് സെക്കന്റെങ്കിലും ഉണ്ടായിരുന്നു.  ഉന്തിത്തള്ളിയിട്ടും സമയം പോകുന്നേയില്ല.  എന്ത് കാര്യത്തിലും നമ്മൾ ആണുങ്ങൾ മുൻ‌കൈ എടുക്കണമെന്ന് പണ്ടാരാണ്ട് പറഞ്ഞത് ഓർമ്മയുണ്ടെങ്കിലും ആ ചങ്ങാതി നമ്മളെ കുഴപ്പത്തിലാക്കാനാണോ അത് പറഞ്ഞത് എന്നുറപ്പില്ലല്ലോ.  ഇടക്ക് അവർ കാലെടുത്ത് കാലിന്റെ മുകളിൽ വെച്ചു,  അപ്പോൾ സ്വർണ്ണക്കൊലുസ്സുകളിട്ട പുഷ്പപാദങ്ങൾ കാണാറായി, ഇടക്കൊന്ന് മുന്നോട്ട് കുനിഞ്ഞപ്പോൾ നെഞ്ചുടുക്കുകൾ മൃദുതാളമുതിർത്തുഇതൊക്കെ അങ്ങേയറ്റം പ്രകോപനപരമായിട്ടും അതിർത്തിയിലെ ഇന്ത്യൻ പട്ടാളക്കാരനെ പോലെ കലേഷ് അനങ്ങാണ്ട് സംയമനം പാലിച്ച് ഇരുന്നു.

ആ ഇരുപ്പ് അൽ‌പ്പം കഴിഞ്ഞപ്പോൾ “വാ എന്റെ മുറി കണ്ടിട്ടില്ലല്ലോ..” എന്ന് പറഞ്ഞ് അവർ എഴുന്നേറ്റു.  കറന്റ് വന്നത് പോലെ കലേഷ് പെട്ടെന്ന് ചാർജ്ജായി.  ഉണങ്ങിയ മരം പൂക്കുന്നത് പോലെ, വരണ്ട പുഴയിൽ വെള്ളപ്പൊക്കം വന്നത് പോലെ, സ്കൂൾ വിട്ട് പിള്ളേർ പുറത്തേക്കോടുന്നത് പോലെ പെട്ടെന്ന് ശൂന്യമായിടങ്ങളിൽ എന്തൊക്കെയോ ആരൊക്കെയോ എവിടെയൊക്കെയോ വന്നു നിറഞ്ഞു. 

അവൻ മെല്ലെ എഴുന്നേറ്റ് പിന്നാലെ നടന്നു.  അവർ വാതിൽ കടന്ന് അകത്തേക്ക് നടന്നു. കലേഷും പിന്നാലെ നടക്കാൻ നോക്കിയെങ്കിലും പറ്റുന്നില്ല.  കാലു അകത്ത് വെക്കാൻ പറ്റുന്നുണ്ട്. പക്ഷേ ബോഡി കടക്കുന്നില്ല.  എന്തോ കട്ട്ലയുടെ സൈഡിൽ തട്ടി അകത്തേക്ക് കടക്കാനാകുന്നില്ല.  ഇതെന്ത് പണ്ടാരമാണെന്ന് നോക്കിയപ്പോ രോമങ്ങളൊക്കെ എഴുന്നേറ്റ് കുടക്കമ്പി പോലെ നിന്ന് കട്ട്ലയുടെ സൈഡിൽ മുട്ടിയിട്ടാണ് പോകാൻ പറ്റാത്തത്! പാവം വല്ലാണ്ട് വികാരാധീനനായിപ്പോയി അതാണ്..!  അവസാനം അകത്തേക്ക് കടക്കാൻ ചെരിഞ്ഞ് കേറേണ്ടി വന്നു.

കാമുകി ബെഡിൽ കാലു നീട്ടിവെച്ച് ഇരിക്കുകയായിരുന്നു.  കലേഷ് ഇനി ചെയ്യേണ്ട കാര്യങ്ങൾ മനസ്സിൽ പ്ലാൻ ചെയ്തിരുന്നത് വീണ്ടും റിവൈൻഡ് ചെയ്തു.   മെല്ലെ അവരുടെ ചുമലിൽ തൊടണം.  അപ്പോൾ അവർ പറയും, “ഇതൊക്കെ തെറ്റല്ലേ കുട്ടാ..” അന്നേരം “തെറ്റ് ചെയ്യാത്തത് ആരാണ് ചേച്ചീ..” എന്ന് പറയണം.  അത്ര ഡയലോഗേ ഉള്ളൂ, പിന്നെ ഡ്യൂപ്പില്ലാത്ത ആക്ഷൻ മാത്രം.

കലേഷ് മെല്ലെ അവരുടെ ചുമലിൽ പിടിക്കാൻ കൈ പൊക്കിയപ്പോൾ ആ കൈയ്യിൽ ഒരു കുപ്പി കൊടുത്ത് കാമുകി പറഞ്ഞു.  “എന്റെ കാലിനു നല്ല വേദന.. വാതത്തിന്റേതാ.. നീ ഒന്ന് മടമ്പിന്റവിടെ കുഴമ്പിട്ട് തരുമോ..?”

29 comments:

  1. പുതിയ കഥക്ക് ഭാവുകങ്ങള്‍

    ReplyDelete
  2. ഡോക്ടറാണ് കാണാനിപ്പോഴും സുന്ദരിയാണ് എന്നാലും അമ്മൂമ്മ അമ്മൂമ്മ തന്നെയല്ലേ! :) lol

    ReplyDelete
  3. വായിച്ചു കേട്ടോ...


    ReplyDelete
  4. കൂടുതല്‍ പ്രതീക്ഷിക്കുന്നതുകൊണ്ടാവും, കുമാരേട്ടന്റെ ഒരു ഇത് അങ്ങോട്ട് വന്നില്ല എന്നു തോന്നി.....
    'ആക്സിഡന്റ് സംഭവിക്കുന്നത് പോലെ കഷ്ടകാലത്തിന് വന്ന് ഭവിക്കുന്നതാണ് പ്രണയം' - അതൊരു ഒന്നൊന്നര നിരീക്ഷണമാണ്

    ReplyDelete
  5. രോമങ്ങള്‍ എണീറ്റ്‌ കുടക്കമ്പി പോലെ നിന്നത് കൊണ്ട് വാതില്‍ കടക്കാന്‍ പറ്റാഞ്ഞത് അടിപൊളിയായി...

    ReplyDelete
  6. ഇഷ്ടപ്പെട്ടില്ല

    ReplyDelete
  7. എന്തോ എനിക്ക് ഇഷ്ടപെട്ടില്ല :(

    ReplyDelete
  8. അവൻ മെല്ലെ എഴുന്നേറ്റ് പിന്നാലെ നടന്നു. അവർ വാതിൽ കടന്ന് അകത്തേക്ക് നടന്നു. കലേഷും പിന്നാലെ നടക്കാൻ നോക്കിയെങ്കിലും പറ്റുന്നില്ല. കാലു അകത്ത് വെക്കാൻ പറ്റുന്നുണ്ട്. പക്ഷേ ബോഡി കടക്കുന്നില്ല. എന്തോ കട്ട്ലയുടെ സൈഡിൽ തട്ടി അകത്തേക്ക് കടക്കാനാകുന്നില്ല. ഇതെന്ത് പണ്ടാരമാണെന്ന് നോക്കിയപ്പോ രോമങ്ങളൊക്കെ എഴുന്നേറ്റ് കുടക്കമ്പി പോലെ നിന്ന് കട്ട്ലയുടെ സൈഡിൽ മുട്ടിയിട്ടാണ് പോകാൻ പറ്റാത്തത്…! പാവം വല്ലാണ്ട് വികാരാധീനനായിപ്പോയി അതാണ്..!

    ഉപമ ഗലക്കി. കുമാരേട്ടന്റെ സ്ഥിരം ശൈലിക്ക് ഒരിടിവ് പറ്റിയൊന്നു ഒരു സംശയം

    ReplyDelete
  9. നാട്ടിലൊക്കെ പീഢനം നടക്കുന്ന ഈ കാലത്താണ് ഒരു കൌമാര-വാര്‍ദ്ധക്യ പ്രണയവുമായ് കുമാരന്‍ സാമി വരുന്നത് :)
    എഴുത്ത് ഇഷ്ടമായി.
    ഇടയ്ക്കിടെ കണ്ണൂര്‍ സ്റ്റൈലിലുള്ള ‘വിറ്റ്’ കുമാരന്‍റെ ഹൈലൈറ്റ് തന്നെയാണ്. ഇനിയും മനോഹരമായ എഴുത്തുകളുണ്ടാവട്ടേന്ന് ആശംസിക്കുന്നു.

    ReplyDelete
  10. പാവം യുവ കാമുകന്‍...

    ReplyDelete
  11. ഇതൊക്കെ തെറ്റല്ലേ

    ReplyDelete
  12. ഗുണപാഠം : വാതമുള്ള അമ്മച്ചിമാരെ പ്രേമിക്കരുത് !

    ReplyDelete
  13. എന്തൊക്കെ പ്രതീക്ഷകളായിരുന്നു!

    ReplyDelete
  14. ഒളിഞ്ഞു നോക്കിയെങ്ങിലും ഞാനീ നാട്ടുകാരനേ അല്ല ട്ടോ ഞാനൊന്നും അറിഞ്ഞിട്ടുമില്ല കണ്ടിട്ടുമില്ല.. പക്ഷെ ഈ കൊഴമ്പു കയ്യീന്ന് പോണില്ല

    ReplyDelete
  15. ആ ചരിഞ്ഞുള്ള വാതിൽ കടത്തം!!

    ReplyDelete
  16. വാതിലിന്റെ വീതി അല്പം കൂടെ കൂട്ടേണ്ടി വരോ..? :)

    ReplyDelete
  17. കുഴമ്പിടല്‍.. ഉം അതിലും സ്കോപ്പുണ്ട്.. നല്ലൊരു തുടക്കമായിരിക്കും :{

    ReplyDelete
  18. ഈ കഥ വായിച്ചു് ചിരിക്കരുത് എന്നു് വിചാരിച്ചാണു് ഞാൻ വായിക്കാൻ തുടങ്ങിയതു് (വെറുതെ ഒരു ശ്രമം).
    ലാസ്റ്റ് സ്റ്റേറ്റ്‌മെന്റ് വരെ പിടിച്ചുനിന്നു. പിന്നെ കണ്ട്രോൾ പോയി
    റിലീസ് നടക്കുന്നുണ്ട് ആപ്പീസിൽ; എല്ലാവരും വെരി ബിസി. ആ നേരത്താണു് എന്റെ ചിരി!

    ReplyDelete
  19. ഇതൊരുമാതിരി ഉറങ്ങി കിടന്നവനെ വിളിച്ചുനര്ത്തി ഊണില്ല എന്ന് പറഞ്ഞ പോലെ ആയി. മേലാൽ ഈ പണി കാണിക്കരുത് മിസ്റ്റർ

    ReplyDelete
  20. അചുംബിതമായ ഉപമകളാൽ സമൃദ്ധം. കാലിന്റേ മടമ്പല്ലാതെ വേറെ എത്ര സ്ഥലങ്ങളുണ്ട്‌ കുഴമ്പിടാൻ ? ഭാഗ്യമില്ല.

    ReplyDelete
  21. njanonnum kandilla
    kettilla
    paranjumilla.
    parayunnumilla.

    ReplyDelete
  22. ചിലപോഴോകെ ഓഫീസ് ആണെന്ന് പോലും മറന്നു ഉറക്കെ ചിരിച്ചു പോയി..

    ReplyDelete
  23. This comment has been removed by the author.

    ReplyDelete