Wednesday, November 28, 2012

ചക്കക്കുറിഒരാഴ്ചയോളം നിർത്താതെ പെയ്ത ശേഷം മഴ നിന്നൊരു ദിവസമായിരുന്നു അത്.  ഇരുളിനെയും മഴക്കാറിനെയും വകഞ്ഞ്മാറ്റി വെളിച്ചം എങ്ങും പരന്നു.  മഴ കഴിഞ്ഞ മണ്ണിൽ സൂര്യപ്രകാശം പതിക്കുന്നത് പോലെ അവാച്യമായൊരു ഭൌതികാനുഭവം വേറെയില്ല.  നല്ല തെളിച്ചമുള്ള കാലാവസ്ഥയായിട്ടും കുറേ ദിവസങ്ങളായി പെയ്തിരുന്ന മഴ നിന്നിട്ടും വീട്ടിലാർക്കും ഒരു ഉത്സാഹവുമുണ്ടായിരുന്നില്ല.  അതിൽ കാര്യമുണ്ട്.  ചോറ്‌ വെക്കാനുള്ള അരിയൊക്കെ തലേന്നേ തീർന്നിരുന്നു.  അച്ഛൻ പണിക്കൊന്നും പോകാനാവാതെ കിടപ്പിലായതിനു ശേഷമായിരുന്നു വീട്ടിലെ സ്ഥിതി നന്നെ മോശമായത്.  വയറു നിറയെ കഴിക്കാൻ പോയിട്ട് നേരത്തിന് കഞ്ഞി പോലും ഉണ്ടായിരുന്നില്ല.  പുരപ്പുല്ല് വാങ്ങി മേയാൻ കഴിയാത്തതിനാൽ ദ്രവിച്ച ഓലകൾക്കിടയിലൂടെ മഴ വീട്ടിന്നകത്തേക്കും പെയ്തിരുന്നു. മഴ കനത്താൽ മേൽ‌പ്പുരക്ക് കീഴിലുള്ള കൊട്ടിലകത്തേക്ക് എല്ലാവരും പോയി നിൽക്കും.  അവിടെ മാത്രമാണ്  വീട്ടിൽ ചോരാത്ത സ്ഥലം.

പിൻഭാഗത്തെ ഞാലിയോട് ചേർത്തുണ്ടാക്കിയ ആലയിൽ നിന്നും പശു നിർത്താതെ കരയുന്നു.   തോരാ മഴ കാരണം അതിനെ പുറത്തേക്ക് മാറ്റിക്കെട്ടാനോ പുല്ല് അരിഞ്ഞ് കൊണ്ടുക്കൊടുക്കാനോ പറ്റിയിരുന്നില്ല. രാവിലെ തന്നെ കത്തുന്ന വിശപ്പുമായിട്ടാണ് വീട്ടിലെല്ലാവരും എഴുന്നേറ്റത്.  നാലാണും രണ്ട് പെണ്ണുമായി അവിടെ ആളുകൾക്ക് മാത്രം ക്ഷാമമില്ല.  ഏറ്റവും ഇളയ കുട്ടിക്ക് ഏകദേശം അഞ്ച് വയസ്സ് പ്രായമുണ്ടാകും.  എഴുന്നേറ്റയുടനെ അവൻ ദോശ കിട്ടാത്തതിന് അമ്മയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.  എങ്ങനെ കിട്ടുമെന്നൊന്നും ആ പ്രായത്തിൽ അറിയണ്ടല്ലോ.  അവരാണെങ്കിൽ ഒന്നും പറയാതെ അടുക്കളയുടെ കട്ടിലപ്പടിയിൽ പുറത്തേക്ക് നോക്കി വെറുതെയിരുന്നു.  ദാരിദ്ര്യവും ജീവിത പ്രാരാബ്ധവും അവരെ മെല്ലിച്ചൊരു ശരീരം മാത്രമാക്കി മാറ്റിയിരുന്നു.  എപ്പോഴോ കനലടങ്ങിയ അടുപ്പിൽ നനഞ്ഞ് കുതിർന്ന വെണ്ണീർ മാത്രമായിരുന്നു ബാക്കി.  അരിക്കലത്തിലെ ശൂന്യതയെപ്പറ്റിയൊന്നും അറിയാത്ത അവൻ വിശക്കുന്നെന്ന് പറഞ്ഞ് കരയാൻ തുടങ്ങി.  ചേട്ടന്മാരും പെങ്ങന്മാരും ഓരോ മൂലക്ക് പോയി വെറുതെ ഇരിക്കുകയായിരുന്നു.  രണ്ട് പലകകൾ കല്ലിന്റെ മുകളിൽ ചേർത്ത് വെച്ചുണ്ടാക്കി അതിൽ പായ ഇട്ട കട്ടിലിൽ കിടക്കുകയാണ് അവന്റെ അച്ഛൻ.  കുഞ്ഞിമോനെ കരച്ചിൽ കേട്ട് സഹിക്കാനാവാതെ വന്നപ്പോൾ അദ്ദേഹം അമ്മയെ വിളിച്ചു.  എന്തൊക്കെയോ പിറുപിറുത്ത് അവർ ഒട്ടും തെളിയാത്ത മുഖവുമായി അങ്ങോട്ടേക്ക് പോയി.  

“നീ ആ ചാത്തോത്തെ കൈക്കോറിന്റട്ക്ക പോയി ഒരു ചക്ക തരുമോന്ന് ചോദിക്ക്
“പൈശ കൊടുക്കാണ്ട് വെറുതെ അയാള് തരുവോ” അനിഷ്ടസ്വരത്തിൽ അവർ പറഞ്ഞു.
“നമ്മളെ ചക്കക്കുറി തീരാനായില്ലേ.. ഇത് വരെ അയിന്റെ നറുക്ക് അടിച്ചിറ്റുല്ല.. തെരും, ഞാൻ പറഞ്ഞെന്ന് പറയ്..”
കുറച്ച് കഴിഞ്ഞപ്പോൾ കള്ളി ലുങ്കിയും ബ്ലൌസ്സുമിട്ട് കുറുകെ ഒരു തോർത്തുമിട്ട് ആ മെലിഞ്ഞ സ്ത്രീ ഇളയതിന്റെ കൈയും പിടിച്ച് പുറത്തേക്കിറങ്ങി.  ഉയരമുള്ള രണ്ട് കിളകൾക്കിടയിലെ വലിയ ഉരുളൻ മിനുസക്കല്ലുകൾ നിറഞ്ഞ എടയിലൂടെ ഏങ്ങിക്കൊണ്ട് അവനും അമ്മയുടെ പിന്നാലെ നടന്നു.  വലിയൊരു വീട്ടിന്റെ അടുക്കള ഭാഗത്തായിരുന്നു രണ്ടു പേരും എത്തിയത്.  ചാത്തോത്തെ തറവാട് നാട്ടിലെ പേരുകേട്ട ജന്മിയായ കിട്ടൻ നമ്പ്യാരുടേതായിരുന്നു.  ഒരുപാട് വയലും, പറമ്പും തെങ്ങിൻതോപ്പുമൊക്കെയുള്ള വലിയൊരു തറവാട്ടിലെ കാരണവരാണ് അദ്ദേഹം.  മൂന്ന് നിലകളിലായി കല്ലുകൊണ്ടുണ്ടാക്കി കുമ്മായം തേച്ച ഓടിട്ട വീട്.   നെല്ല് കൊയ്ത് കൊണ്ട് വന്നിടാനും മെതിക്കാനും പത്തായത്തിൽ നിറക്കാനുമൊക്കെയുള്ള ചാണകം തേച്ച് നിരപ്പാക്കിയ നീളൻ മുറ്റം.  

അന്നാട്ടിൽ അവന്റെ വീട് മാത്രമേ ഓലപ്പുരയായിട്ട് ഉണ്ടായിരുന്നുള്ളൂ.  അമ്മ എപ്പോഴും അത് പറഞ്ഞ് അച്ഛനെ കുറ്റപ്പെടുത്തുന്നത് അവൻ കേൾക്കാറുണ്ട്.  ഏത് മഴപെയ്താലും ചോരാത്ത, നിലത്ത് മിനുസമുള്ള കാവിയിട്ട, ഓടിട്ട വീട് അത്ഭുതത്തോടെ അവൻ നോക്കി നിന്നു. അവന്റെ വീട്ടിലാണെങ്കിൽ പുരപ്പുറത്ത് പെയ്യുന്ന മഴയിൽ കുറേ അകത്തും പെയ്യും.  അമ്മ അതൊക്കെ കീറച്ചാക്ക്കൊണ്ട് ഒപ്പി പാനിയിലാക്കി പുറത്ത് കൊണ്ട്പോയി മറിക്കും.  തലേന്ന് രാത്രി നടുഅകത്ത് വെള്ളം നിറഞ്ഞപ്പോൾ ചേട്ടൻ ഒരു കമ്പിയെടുത്ത് ചുമർ തുളച്ച് പുറത്തേക്ക് ഒഴുക്കിക്കളയുകയായിരുന്നു. 
അടുക്കള മുറ്റത്ത് കുറച്ച് സമയം നിന്നപ്പോൾ വെളുത്ത് ചുളിഞ്ഞ ശരീരവുമായി വയസ്സായൊരു പെണ്ണുങ്ങള് വന്നു.

“എന്തിനാ വന്നേ?” വന്ന സ്ത്രീ ചോദിച്ചു.  അവൻ അവരുടെ വലിയ കാതിലെ സ്വർണ്ണത്തിന്റെ തക്കകൾ ആടുന്നത് നോക്കി നിൽക്കുകയായിരുന്നു.  അമ്മയുടെ കാതിലെ ദ്വാരം അടച്ചിരുന്നത് തുളസിച്ചെടിയുടെ കഷണം കൊണ്ടായിരുന്നു.

“കൈക്കോറോട് ഒരു ചക്ക കിട്ടുമോന്ന് ചോദിക്കാൻ വന്നതാ” അമ്മ മടിയോടെ പറഞ്ഞു.
“ഓറ് കുളിക്ക്വാന്ന്. ഇവനെന്തിനാ കരയുന്ന്…?
“പൈച്ചിറ്റാന്ന്.. ഒരു മണി അരിയില്ല.. വീട്ടില്” അമ്മയുടെ ഒച്ചയും തലയും വളരെ താണിരുന്നു.

അവർ ഒന്ന് അവനെ തന്നെ നോക്കി എന്തോ പിറുപിറുത്ത് അകത്തേക്ക് പോയി.  കുറച്ച് കഴിഞ്ഞ് ഒരു പാത്രവും കോപ്പയുമായി അവർ നടു മണങ്ങി ആടിയാടി വന്ന് അത് അടുക്കള ഇറയത്തിന്റെ മൂലയിൽ വെച്ച് “ഇന്നാ” എന്ന് പറഞ്ഞ് വിളിച്ചു.  

അവൻ ആർത്തിയോടെ അങ്ങോട്ടേക്ക് നീങ്ങി.  കുളുത്തിൽ വെള്ളമൊഴിച്ചതും വെള്ളരിക്ക കൂട്ടാനുമായിരുന്നു അതിൽ.  അമ്മ മുറ്റത്ത് വീണു കിടന്നിരുന്ന ഒരു പ്ലാവിലയെടുത്ത് കുയിൽ കോട്ടി കൊടുത്തു.  വിശന്ന് പൊരിഞ്ഞിരുന്നതിനാൽ അവനത് വേഗം വേഗം കോരിക്കുടിച്ചു.  അമ്മ അവന്റെ പാറിപ്പറന്ന തലമുടിയിലൂടെ വിരലോടിച്ച് തിന്നുന്നതും നോക്കി നിന്നു.  പാത്രം കാലിയാകാറായപ്പോഴാണ് അവന്റെ വിശപ്പടങ്ങിയത്.  മതിയാക്കിയപ്പോൾ ബാക്കിയുള്ള വറ്റുംവെള്ളത്തിൽ വെള്ളരിക്കാച്ചാറ് ചേർത്ത് അമ്മ പാത്രമോടെ കുടിച്ചു.   എന്നിട്ട് താഴെ വീണ വറ്റുകൾ പെറുക്കികളഞ്ഞ് കിണറ്റിൽ നിന്ന് വെള്ളമെടുത്ത് ഇരുന്ന സ്ഥലം തളിച്ച്, പാത്രവും കഴുകി കമിഴ്ത്തി വെച്ചു. 

“കൊറച്ച് നെല്ല് കുത്താന്ണ്ടാര്ന്നൂ.. നീ കുത്തിത്തര്വോ.. നാണീ..” പാറുമേക്കൻ ചോദിച്ചു.

“ഓ.. അയിനെന്നാ” അവർ പാറുമേക്കന്റെ പിന്നാലെ ചായിപ്പിലേക്ക് പോയി.  അവിടെ വലിയൊരു ചെമ്പിൽ നിറയെ പുഴുങ്ങിയ നെല്ലുണ്ടായിരുന്നു.  അമ്മ അത് കുറേശ്ശെയായി മര ഉരലിലിട്ട് കുത്താൻ തുടങ്ങി.  അവൻ മിറ്റത്ത് പോയി തെങ്ങിൽ നിന്ന് വീണ വെളിച്ചിങ്ങയും പച്ചീർക്കിലിയും കൊണ്ട് വണ്ടിയുണ്ടാക്കി കളിച്ചു.  കുറേ കഴിഞ്ഞപ്പോൾ നെല്ല് കുത്തിക്കഴിഞ്ഞ് ക്ഷീണിച്ച് വിയർത്ത് അമ്മ വന്നു.  കിണറിൽ നിന്ന് കുറച്ച് പച്ചവെള്ളം കോരിക്കുടിച്ച് തളർച്ച മാറ്റാൻ മുറ്റത്തെ വരമ്പിലിരുന്നു.  അവൻ കളി നിർത്തി അവരുടെ അടുത്തേക്ക് ഓടിപ്പോയി മടിയിൽ കേറിയിരുന്നു.  
“ഓറ് മുന്നിലുണ്ട്.. നീ പോയി ചോയിച്ചോ...“ പാറുമേക്കൻ അപ്പോൾ വന്ന് പറഞ്ഞു.

കിണറിന്റെ ആൾമറയും ചുറ്റി മുൻഭാഗത്തേക്ക് ചെല്ലുമ്പോൾ കൈക്കോർ ഇറയത്തെ ചാരുകസേരയിൽ ഇരിക്കുകയായിരുന്നു.  വെളുത്ത് മെലിഞ്ഞ് മുടി നരച്ച് നീളംവെച്ചൊരാളാണ് കിട്ടൻ കൈക്കോർ.

“നീ എന്തിനാ വന്നേ” കൈക്കോറുടെ ചിലമ്പിച്ച ഒച്ച കേട്ട് കുട്ടി പേടിച്ച് അമ്മയുടെ പിന്നിലേക്ക് മാറി.
“ഒരു ചക്ക തെരാൻ ഇവന്റച്ഛൻ പറഞ്ഞു” അമ്മ താഴ്മയോടെ പറഞ്ഞു.
“നിങ്ങളെ കുറീന്റെ കണക്ക് നോക്കട്ടെ  കൈക്കോർ അകത്തേക്ക് പോയി ഒരു കണക്ക് ബുക്ക് എടുത്ത് കൊണ്ട് വന്ന് മറിച്ച് നോക്കാൻ തുടങ്ങി.  “രണ്ടുറുപ്പിയ പതിനാല് പൈശയേ ആയുള്ളൂ.. നറക്ക് ഇദ് വരെ വന്നിറ്റുല്ല, മൂന്നുറുപ്പിയ ആയാലേ ചക്ക തരാൻ പറ്റൂ
“മഴ ആയത് കൊണ്ട് പണിക്ക് പോകാനാകുന്നില്ല കൈക്കോറെ.. ഇവന്റച്ചൻ സുഖോല്ലാണ്ട് കിടക്ക്വാന്ന്.. കഞ്ഞി വെക്കാനൊന്നുല്ല... അതോണ്ടാ
“ഉം.. പാറു പറഞ്ഞിന്“ കൈക്കോർ കുറേ ആലോചിച്ച്, “നീ പോയി ഒരു ചക്ക പറിച്ചോ കുറി മുടങ്ങാണ്ട് വെക്കണം കേട്ടാ..” എന്ന് പറഞ്ഞ് അകത്തേക്ക് പോയി.  
അമ്മ അടുക്കളമിറ്റത്ത് പോയി പാറുമേക്കത്തിയോട് ഒരു കത്ത്യാളും വാങ്ങി കുന്നുമ്പുറത്തെ പ്ലാവിന്നടുത്തേക്ക് നടന്നു. 


“അമ്മേ, പഴുത്ത ചക്ക മതിയേ.. പഴുത്തത് പറിച്ചാ മതിയേ..” എന്നും പറഞ്ഞ് അവൻ അമ്മയെ നിർബ്ബന്ധിച്ചു കൊണ്ടിരുന്നു.   ഒന്നും പറയാതെ അവർ തലകുലുക്കി.  പ്ലാവിൽ ചക്കകൾ കുറവായിരുന്നു.  ആദ്യമാദ്യം കുറി വന്നവർ വലിയത് നോക്കി പറിച്ചു കൊണ്ടു പോയിരുന്നു.  “അമ്മേ.. അദാ അത് പഴ്ത്തതാണ്.. അദ് പറിക്ക്” ഈച്ചകൾ വട്ടമിട്ട് പറക്കുന്ന ഒരു മഞ്ഞ നിറത്തിലുള്ളൊരു ചക്കയെ ചൂണ്ടിക്കൊണ്ട് അവൻ തിരക്ക് കൂട്ടി.  

അമ്മ നിലത്തുണ്ടായിരുന്ന ഒരു മുളവടിയിൽ കത്തി കെട്ടിയുറപ്പിച്ച് പടർന്ന് കിടക്കുന്ന പ്ലാവിന്റെ താഴത്തെ ശിഖരത്തിൽ കയറി നിന്ന് കുറേ കഷ്ടപ്പെട്ട് ഏറ്റവും വലിയൊരു ചക്ക നോക്കി പറിച്ചിട്ടു.  അവൻ തിരക്കിട്ട് അങ്ങോട്ടേക്ക് ഓടിപ്പോയി അത് മണപ്പിച്ചും വിരൽ കൊണ്ട് അമർത്തിയും നോക്കി.  പക്ഷേ അത് പച്ച ചക്കയായിരുന്നു.  പഴുത്തത് പറിക്കാഞ്ഞത് കൊണ്ട് അവൻ കരയാൻ തുടങ്ങി.  അമ്മ ഒന്നും പറയാതെ തോർത്ത് ചുരുട്ടി തെരികയാക്കി ചക്കയെടുത്ത് തലയിൽ വെച്ചു നടന്നു.  ചാത്തോത്ത് പോയി കത്തി കൊടുത്ത് പാറുമേക്കനോട് പോട്ടേന്നും പറഞ്ഞ് വീട്ടിലേക്ക് നടന്നു.  പിറകിൽ ചിണുങ്ങിക്കൊണ്ട് അവനും.

വീട്ടിലെത്തിയപ്പോൾ ഒരു ഉത്സവത്തിന്റെ ആവേശത്തിൽ എല്ലാവരും ചേർന്ന് ചക്ക മുറിക്കാൻ തുടങ്ങി.  ചക്ക മുറ്റത്ത് വെച്ച് കത്ത്യാൾ കൊണ്ട് ചേട്ടൻ രണ്ട് മൂന്ന് തവണ കൊത്തി അത് രണ്ടാക്കി.  പിന്നെ അമ്മ അത് ചെറിയ കഷണങ്ങളായി മുറിച്ച് കത്തികൊണ്ട് അതിന്റെ പുറത്തെ മുള്ളുകൾ നേർങ്ങനെ ചെത്തിക്കളഞ്ഞു.   അതും ചവിണിയും കൊണ്ട് പോയി കരഞ്ഞ് തളർന്ന പശുവിനിട്ടു കൊടുത്തു.  നേരങ്ങളായി ഒന്നും കിട്ടാണ്ടിരുന്ന ആ മിണ്ടാപ്രാണി ആർത്തിയോടെ ചാടിയെണീറ്റ് അത് തിന്നു.  ചക്ക ചുളകളടർത്തി, കുരുവും ചുളയും വെവ്വേറെയാക്കി ചെറുതായി അരിഞ്ഞ് മഞ്ഞളും പറങ്കിയും ഇട്ട് വേവിച്ച് എല്ലാവർക്കും കൊടുത്തു.  വിശന്ന് തളർന്ന വയറുകൾക്ക് അത് അമൃതേത്തായിരുന്നു.  

ഓർമ്മകളിൽ മഴക്കാർ വന്ന് മൂടുന്ന നേരത്ത് നിരന്തരമായൊഴുകുന്ന രണ്ട് പുഴകളുണ്ടാകുന്നു..  സുതാര്യമല്ലാത്ത ജലക്കാഴ്ചകളിൽ എല്ലാം മങ്ങുന്നു ദാരിദ്ര്യത്തിന്റെ പുകപ്പുരകളിൽ ചുരുൾ നിവരുന്ന, അസ്ഥിയിൽ പോലും കനലുകളുള്ള മറക്കാനാവാത്ത കറുത്ത കാലങ്ങൾ!  കാലത്തിന്റെ കരിയിലകളിൽ ചവിട്ടി ഒരു പിന്നോക്കം മറിച്ചിലുണ്ട്.   അവിടെ ഇപ്പോഴും നനഞ്ഞ് തന്നെ ഇരിക്കുന്ന പാടവരമ്പുകളുണ്ട്..  മഴപെയ്താൽ കുതിരുന്ന, ചാണകം തേച്ച, പുരപ്പുല്ലിൻ മേലാപ്പിട്ട, മൺകട്ടകൊണ്ടുണ്ടാക്കിയ ഇടിയാറായ കൂരയുണ്ട്..  വയറ്റിലെ തീ കെടുത്താനും കണ്ണിലെ ഇരുട്ടകറ്റാനും ആയുസ്സും ആഗ്രഹങ്ങളും ഹോമിച്ച സ്നേഹത്തിന്റെ വൻ‌മരമുണ്ട്  മഴപെയ്തൊഴിഞ്ഞ മാനം പോലെ കാലമേറെയായിട്ടും ഇന്നും സുവ്യക്തമായി..!

46 comments:

 1. പുതിയ പോസ്റ്റിനു ഭാവുകങ്ങള്‍ നേരുന്നു ...

  ReplyDelete
 2. കുമാരേട്ടാ, ഇതെന്താ ? ഇച്ചിരി ചിരിക്കാം എന്ന് വിചാരിച്ചു വന്നപ്പം, സങ്കടപ്പെടുത്തിക്കളഞ്ഞല്ലോ. പക്ഷെ, സംഭവം കിടു... ഉഗ്രന്‍

  ReplyDelete
 3. Kumaaretta, nannaayi.
  Ithrakkum onnum vendi vannilla engilum, daaridrayathinte chillara ormmakal unarthi ee post. Excellent read.

  ReplyDelete
 4. കുട്ടിക്കാലത്ത് ചക്കമരം പാട്ടത്തിനെടുത്ത് വീട്ടിൽ ചക്കകൾ കൊണ്ടുവരാറുള്ള കാര്യം ഓർത്തുപോയി.

  ReplyDelete
 5. കുമാരന്‍ ഇതൊക്കെ അനുഭവിച്ചിട്ടുണ്ടോ എന്തോ?
  എന്റെ ബാല്യം ഏകദേശം ഇങ്ങനെ ആയിരുന്നു
  ഒരുപക്ഷെ ഇതിനെക്കാളേറെ ദുരിതമയം
  “രണ്ട് പലകകൾ കല്ലിന്റെ മുകളിൽ ചേർത്ത് വെച്ചുണ്ടാക്കി അതിൽ പായ ഇട്ട കട്ടിലിൽ കിടക്കാ”ന്‍ അച്ഛനുമില്ലാതെ ഞങ്ങള്‍ ആറു മക്കളും അമ്മയും.
  അന്ന് രണ്ടോ മൂന്നോ രൂപ കൊടുത്ത് മനയ്ക്കലെ ഏതെങ്കിലും ഒരു പ്ലാവ് പാട്ടത്തിനെടുക്കും. പിന്നെ ആ സീസണ്‍ മുഴുവനും അതിലുണ്ടാകുന്ന ചക്ക നമുക്ക് സ്വന്തം. ചിലപ്പോള്‍ മനക്കണക്ക് ചതിക്കും. കായ് അത്രയധികം പിടിച്ചുവെന്ന് വരില്ല. അപ്പോള്‍ പ്ലാവില്‍ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സങ്കടം മാത്രം വിളയും. ദാരിദ്ര്യത്തിന്റെ ശക്തിയും ദൌര്‍ബല്യവും അറിഞ്ഞ കുട്ടിക്കാലം. അത് പക്ഷെ പരസ്പരസ്നേഹത്തിന്റെ പശ വച്ച് ഞങ്ങള്‍ ആറുമക്കളെയും അമ്മയോട് ചേര്‍ത്തൊട്ടിച്ചുവച്ചു. അതുകൊണ്ട് അമ്മ അവസാനകാലം വരെ നിറസംതൃപ്തിയോടെ ജീവിച്ച് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. കുമാരന്റെ എഴുത്ത് എന്റെ മനസ്സിനെ പഴയ കാലത്തേയ്ക്ക് കൊണ്ടുപോവുകയും കണ്ണ് നിറയിക്കയും ചെയ്തു

  ReplyDelete
 6. :( ഒന്നും പറയാനാവുന്നില്ലല്ലോ.. ഇതുവായിച്ചപ്പോള്‍ പലരുടേയും മുഖം മനസ്സിലേക്കോടിയെത്തി. അവരൊക്കെ ഇപ്പോഴെവിടെയാണാവൊ..

  ReplyDelete
 7. എപ്പോഴും ചിരിച്ചാല്‍ എങ്ങനെയാ ശരിയാകുന്നത്, വല്ലപ്പോഴും അല്പം ഗൌരവം കൂടിയാകാം.
  "വിശന്ന് തളർന്ന വയറുകൾക്ക് അത് അമൃതേത്തായിരുന്നു." ഇന്നിന്റെ തലമുറയ്ക്ക് ചക്ക പുശ്ചമാണ്.
  കുറിപ്പ് നന്നായി.

  ReplyDelete
 8. ചെറുപ്പത്തിലെ ഓര്‍മ്മകളിലേക്ക് ഒന്നു തിരിഞ്ഞപ്പോള്‍ പച്ചപ്പുള്ള കുറെ കാഴ്ചകള്‍ ഒന്നിച്ചോടിയെത്തി.

  ReplyDelete
 9. പണ്ട് ഞങ്ങളുടെ വീടിന്റെ മുന്നിലും ഉണ്ടായിരുന്നു.ഒരു വരിക്ക പ്ലാവ്. വറുതിയുടെ നാളുകളില്‍ ഒരു കല്പവൃക്ഷം തന്നെ ആയിരുന്നു അത്. മൂപ്പെതാതിരിക്കുമ്പോള്‍ ഇടും ചക്കതോരനായും മൂപ്പെതിയാല്‍, ചക്ക തോരനും എരിശ്ശേരിയും ആയും പഴുക്കുമ്പോള്‍ തേന്‍ തുളുമ്പുന്ന ചക്കപ്പ്ഴമായും അത് ഞങ്ങളെ സേവിച്ചു.

  ദാരിദ്ര്യം ഒരിക്കല്‍ എങ്കിലും അനുഭവിച്ചവര്‍ക്കു കണ്ണുകള്‍ നിറയും...ഇത് വായിക്കുമ്പോള്‍..

  നിത്യ ദാരിദ്ര്യം അനുഭവിചിരുന്നവര്‍ ഇപ്പോള്‍ തങ്ങള്‍ക്കു കിട്ടിയ സൌഭാഗ്യങ്ങള്‍ക്കു ദൈവത്തോട് നന്ദി പറയും .

  നല്ല പോസ്റ്റ്‌ .

  അഭിനന്ദനങ്ങള്‍.

  ReplyDelete
 10. അജിത്‌ സാര്‍ പറഞ്ഞ പോലെ പഴയ കാലത്തേക്ക് കൂട്ടി കൊണ്ട് പോയി .
  കടുത്ത ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കിലും പലപ്പോഴും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഉമ്മ പെടാ പാട് പെടുന്നത് ഓര്‍ത്ത്‌ പോകുന്നു .
  ചക്കയും ചക്കകുരുവും , കപ്പ ഉണക്കിയതും , പനയുടെ ചോറും എല്ലാം തന്നെയായിരുന്നു വിശപ്പടക്കാന്‍ ഉള്ള വഴികള്‍ . ആര്‍ക്കും വേണ്ടാത്ത ചക്ക പലയിടത്തും ചീഞ്ഞു പോകുന്ന ഇന്നും വീട്ടില്‍ ചക്ക കാലം വന്നാല്‍ മുഖ്യാഹാരം ചക്ക തന്നെയാണ് .
  നര്‍മ്മം പ്രതീക്ഷിച്ചു വന്നതെങ്കിലും വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണുകളില്‍ നനവ്‌ വന്നെന്നു തോന്നിയപ്പോള്‍ വരികള്‍ക്കിടയില്‍ എന്റെ കുട്ടിക്കാലവും ഉണ്ടായിരന്നു എന്ന് ബോധ്യപ്പെടുന്നു .
  നന്ദി....

  ReplyDelete
 11. നന്നായി...
  മഴയുടെ നനവും, നനവിലെ ദുഃഖവും അരിച്ചിറങ്ങുന്നു. മഴക്കാലത്തിന്റെ മണവും... നനഞ്ഞ പെരയ്ക്കകം മുഴുവന്‍ പരക്കുന്ന മണം.
  ഇപ്പോള്‍ ഉള്ളിലും ആ പഞ്ഞമഴ പെയ്യുന്നുണ്ട്!

  ReplyDelete
 12. സത്യത്തിൽ ഇതൊന്നും ഇന്നത്തെ ഈ നെറ്റ് ന്യൂ ജെനറേഷന്ന് പിടിയുണ്ടാവില്ല

  ReplyDelete
 13. കുമാരേട്ടാ,
  ജീവിതാനുഭവങ്ങളുടെ മായാത്ത മുറിപ്പാടുകള്‍.,
  അവസാന ഖണ്നിക വീണ്ടും വീണ്ടും വായിച്ചു!!!!!
  കണ്ണ് നിറഞ്ഞു നിന്നു.

  ReplyDelete
 14. ഓർമ്മകളിൽ മഴക്കാർ വന്ന് മൂടുന്ന നേരത്ത് നിരന്തരമായൊഴുകുന്ന രണ്ട് പുഴകളുണ്ടാകുന്നു.. സുതാര്യമല്ലാത്ത ജലക്കാഴ്ചകളിൽ എല്ലാം മങ്ങുന്നു… ദാരിദ്ര്യത്തിന്റെ പുകപ്പുരകളിൽ ചുരുൾ നിവരുന്ന, അസ്ഥിയിൽ പോലും കനലുകളുള്ള മറക്കാനാവാത്ത കറുത്ത കാലങ്ങൾ! കാലത്തിന്റെ കരിയിലകളിൽ ചവിട്ടി ഒരു പിന്നോക്കം മറിച്ചിലുണ്ട്. അവിടെ ഇപ്പോഴും നനഞ്ഞ് തന്നെ ഇരിക്കുന്ന പാടവരമ്പുകളുണ്ട്.. മഴപെയ്താൽ കുതിരുന്ന, ചാണകം തേച്ച, പുരപ്പുല്ലിൻ മേലാപ്പിട്ട, മൺകട്ടകൊണ്ടുണ്ടാക്കിയ ഇടിയാറായ കൂരയുണ്ട്.. വയറ്റിലെ തീ കെടുത്താനും കണ്ണിലെ ഇരുട്ടകറ്റാനും ആയുസ്സും ആഗ്രഹങ്ങളും ഹോമിച്ച സ്നേഹത്തിന്റെ വൻ‌മരമുണ്ട്… മഴപെയ്തൊഴിഞ്ഞ മാനം പോലെ കാലമേറെയായിട്ടും ഇന്നും സുവ്യക്തമായി..!

  eee varikalil ellamundu...

  ReplyDelete
 15. :) ഇനിയൊരു വറുതി കാലമുണ്ടെങ്കില്‍ ചക്ക പോലും ഉണ്ടാവില്ലല്ലോന്ന് ഒരു പേടി. പഴയ ആ വറുതിയുടെ കാലത്ത് ജീവിക്കേണ്ടി വന്നിട്ടില്ല എന്നാലും വായിച്ചറിഞ്ഞ, പറഞ്ഞുകേട്ട ആ വറുതിയെ വലിയ പേടിയാണ്. ഇപ്പോ പ്ലാവുകളൊക്കെ വാതിലുകളും ജനലുകളും കട്ടിലുകളുമൊക്കെയാണ്. ഇനിയൊരു വറുതികാലത്തെ ചക്കപ്പഴത്തിനായി ഒന്നെങ്കിലും ബാക്കി കാണുമോ എന്തോ.

  നല്ല എഴുത്ത് , ഇഷ്ടമായി

  ReplyDelete
 16. kumara kannu niranhu vayichappol,ithonnum enikku anubhavikkendi vannittilla,amma parayunnathu kettittundu palarudeyum anubhavangal,ithu vayichappol nerittu kandathinu thullyamayi.innathe kalathu inganeyonnum undavillennu vishwasikkunnu.marunadan malayalikalkku innum chakka priyam thanneyanu.

  ReplyDelete
 17. കുമാരാ..ഇതു വായിച്ചപ്പോള്‍ കുട്ടിക്കാലം ഓര്‍മ്മ വന്നു.വരികള്‍ക്കിടയില്‍ ചിലപ്പോളൊക്കെ ഞാന്‍ എന്നെ കാണുന്നു.അതേപടി അല്ല, എങ്കില്‍ പോലും ..കണ്ണ് നിറഞ്ഞുപോയി.

  ReplyDelete
 18. ഒരു സെലുലോയിടിയില്‍ പോല്‍ വരച്ചു വെച്ചിരിക്കുന്നു

  ReplyDelete
 19. കുമാരേട്ടാ... പ്രതീക്ഷിച്ചുവന്നതല്ല കിട്ടിയത്....
  എങ്കിലും സാരമില്ല...അത്ര ഹൃദയസ്പര്‍ശിയായ എഴുത്ത്...അവസാന വരികള്‍ പ്രത്യേകിച്ച്......

  ReplyDelete
 20. വല്ലാത്ത വിങ്ങല്‍......
  അവസാന പാരഗ്രാഫ് ഒരു ക്ലാസ്സിക്കിന്‍റെ ഒടുക്കം പോലെ..
  അഭിനന്ദനങ്ങള്‍ ഗുരോ!

  ReplyDelete
 21. കുട്ടിക്കാലത്തിലേക്ക് കൂട്ടി കൊണ്ട് പോയ ഉഗ്രന്‍ പോസ്റ്റ്‌..
  എന്റെ കുട്ടിക്കാലത്ത് അരിമണി വറുത്തതും തേങ്ങയും ആയിരുന്നു കാര്യമായ ഭക്ഷണം ..ഒരു തേങ്ങ രണ്ടാക്കി ഒരു പൊളി രാവിലെക്കും മറ്റൊന്ന് വൈകുന്നേരം തേങ്ങ പൂള്‍ ആയും ആണ് അന്നത്തെ ഫുഡ്‌ ..ഇന്ന് തേങ്ങ തലയിലേക്ക് വീഴുമോ എന്ന് പേടിച്ചിട്ടാണ് തേങ്ങ ഇടുന്നത് ..ചക്കയുടെയും ഗതി ഇത് തന്നെ ..  ഈ" ചക്കക്കുറി" എന്ന ഒരു കുറി പണ്ട് ഉണ്ടായിരുന്നോ ശെരിക്കും

  ReplyDelete
 22. ഈ പോസ്റ്റ്‌ എന്നെ വല്ലാതെ മഥിച്ചു. വിറക്‌ ഇല്ലാതെ ഉണങിയ ചപ്പ്‌ അടിച്ചുകൂട്ടി ഭക്ഷണം വടക്കെ മുറ്റത്ത്‌ പാചകം ചെയ്തതും, അടുപ്പിൽ തീ പകരാൻ തീപ്പെട്ടി ഇല്ലാതെ അയൽപക്കത്ത്‌ ചകരിത്തൊണ്ടുമായി തീക്കനൽ വാങാൻ പോയതും മറ്റും ഞാൻ ഓർത്തുപോയി. കുമാരന്‌ ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും അറിയാമെന്നു ഇപ്പോൾ മനസ്സിലായി.

  ReplyDelete
 23. കുമാരന്‌ ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും അറിയാo.. കണ്ണ് നിറഞ്ഞു...

  ReplyDelete
 24. നന്നായിട്ടുന്റ്. വരികളും പറഞ്ഞ രീതിയും എല്ലാം. മുൻപത്തെ കഥകളെക്കാൾ ഇഷ്ടമായത് ഇതാണു.ആശംസകൾ..

  ReplyDelete
 25. വായിച്ചപ്പോള്‍ മനസ്സില്‍ വിങ്ങല്‍ .അച്ഛന്‍ പണ്ട് പറഞ്ഞു തരാറുള്ള അച്ഛന്റ്റെ കുട്ടിക്കാലം ഒക്കെ ഓര്‍മയില്‍ വന്നു

  ReplyDelete
 26. നന്നായി എഴുതി കുമാർ

  ReplyDelete
 27. കുമാർജി, മാറി ഓടുന്ന ട്രാക്ക് നന്നാവുന്നുണ്ട്, മനസ്സിൽ തട്ടുന്നു.

  ReplyDelete
 28. നല്ല തെളിച്ചമുള്ള ഓർമ്മകൾ.. നന്നായി തന്നെ ഓർത്തെടുത്തിരിക്കുന്നു.

  അവസാന വരികൾ ഹൃദയത്തിൽ കൊള്ളുന്നവ.

  ReplyDelete
 29. ഓർമ്മകളിൽ മഴക്കാർ വന്ന് മൂടുന്ന നേരത്ത് നിരന്തരമായൊഴുകുന്ന രണ്ട് പുഴകളുണ്ടാകുന്നു..
  no words!

  ReplyDelete
 30. ഓർമ്മകളിൽ മഴക്കാർ വന്ന് മൂടുന്ന നേരത്ത് നിരന്തരമായൊഴുകുന്ന രണ്ട് പുഴകളുണ്ടാകുന്നു.. സുതാര്യമല്ലാത്ത ജലക്കാഴ്ചകളിൽ എല്ലാം മങ്ങുന്നു… ദാരിദ്ര്യത്തിന്റെ പുകപ്പുരകളിൽ ചുരുൾ നിവരുന്ന, അസ്ഥിയിൽ പോലും കനലുകളുള്ള മറക്കാനാവാത്ത കറുത്ത കാലങ്ങൾ! കാലത്തിന്റെ കരിയിലകളിൽ ചവിട്ടി ഒരു പിന്നോക്കം മറിച്ചിലുണ്ട്. അവിടെ ഇപ്പോഴും നനഞ്ഞ് തന്നെ ഇരിക്കുന്ന പാടവരമ്പുകളുണ്ട്.. മഴപെയ്താൽ കുതിരുന്ന, ചാണകം തേച്ച, പുരപ്പുല്ലിൻ മേലാപ്പിട്ട, മൺകട്ടകൊണ്ടുണ്ടാക്കിയ ഇടിയാറായ കൂരയുണ്ട്.. വയറ്റിലെ തീ കെടുത്താനും കണ്ണിലെ ഇരുട്ടകറ്റാനും ആയുസ്സും ആഗ്രഹങ്ങളും ഹോമിച്ച സ്നേഹത്തിന്റെ വൻ‌മരമുണ്ട്… മഴപെയ്തൊഴിഞ്ഞ മാനം പോലെ കാലമേറെയായിട്ടും ഇന്നും സുവ്യക്തമായി..!!!!!

  മുഴുവൻ പോസ്റ്റിനെയും ഹൈജാക്ക് ചെയ്ത വരികൾ....

  ReplyDelete
 31. നല്ല തെളിച്ചമുള്ള കാലാവസ്ഥയായിട്ടും കുറേ ദിവസങ്ങളായി പെയ്തിരുന്ന മഴ നിന്നിട്ടും വീട്ടിലാർക്കും ഒരു ഉത്സാഹവുമുണ്ടായിരുന്നില്ല. അതിൽ കാര്യമുണ്ട്. ചോറ്‌ വെക്കാനുള്ള അരിയൊക്കെ തലേന്നേ തീർന്നിരുന്നു.

  ചോറ് വയ്ക്കാനുള്ള അരിയൊക്കെ തീർന്ന് പോയാൽ പിന്നെ വല്ല്യേ ഉത്സാഹൊന്നും ആർക്കുണ്ടാവില്ല്യാലോ ?
  അതങ്ങനേയല്ലേ കാര്യങ്ങളുടെ സത്യാവസ്ഥ.!

  അതിലാ വീട്ടിൽ വന്നിരുന്ന് ചക്ക ചാഓദിക്കുന്നതും അതിനായി കുറിക്കാര്യങ്ങൾ നോക്കി അവസാനം ന്നാ ഒന്ന് ഇട്ട് കൊണ്ടോയ്ക്കോ ന്ന് പറയുന്നതും വല്ലാത്തൊരു ഗ്രാമീണ ഭംഗി നിഴലിച്ച് നിൽക്കുന്ന വരികളാണ് കുമാരേട്ടാ. സാധാരണ കാണാറുള്ളത് പോലുള്ള എഴുത്തല്ലല്ലോ ഈ പ്രാവശ്യം കുമാരേട്ടന്റെ കയ്യീന്ന്. ഇതൊരു അസ്സൽ സംഭവം പോലെ തോന്നിച്ചു.
  ആശംസകൾ.
  ReplyDelete
 32. കുമാരാ ,ഈ തിരിഞ്ഞു നോട്ടം വളരെ നന്നായി.പതിവ് നര്‍മ്മത്തിന്‍റെ മേമ്പൊടിയില്ലാത്ത ഈ കഥാ കഥനം പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.ഇന്നത്തെ തലമുറക്ക് അപരിചിതമായ ആ പഴയ കാലങ്ങളും അവസ്ഥകളും പുതു തലമുറ അറിയട്ടെ.

  ReplyDelete
 33. പണ്ട് രാവിലെയും വൈകുന്നേരവും പുഴുങ്ങിയ ചക്കക്കുരു മാത്രമായിരുന്നു മിക്കപ്പോഴും ഭക്ഷണം.. ഇന്നിപ്പോ ചക്ക കഴിച്ചാല്‍ ഗ്യാസ് ആണ്.. പക്ഷെ ഇന്നും ചക്കകള്‍ തിന്നു വിഷപ്പടക്കുന്നവര്‍ എനിക്ക് ചുറ്റും നിലവിളികള്‍ ഉയര്‍ത്തുന്നു.. ഹൃദയസ്പര്‍ശിയായ രചന..

  ReplyDelete

 34. മനസ്സ് ഏതൊക്കെയോ ഇടവഴിയിലൂടെ ഓടി
  കണ്ട പ്ലാവിന്‍റെ ഉടമകളോട് ഒരു ചക്ക ചോതിച്ചു
  ചിലര്‍ തന്നു, ചിലര്‍ നാളെ വരാന്‍ പറഞ്ഞു, ചിലര്‍ ....

  ReplyDelete
 35. ചരിത്ര താളുകൾ പിന്നോട്ട് മറിഞ്ഞു.. രചന ഹൃദയസ്പര്‍ശിയായിരിക്കുന്നു.

  ReplyDelete
 36. കൊള്ളാം നന്നായിട്ടുണ്ട്

  ReplyDelete
 37. നൊമ്പരപ്പെടുത്തിയ ചരിത്രം, അല്ല വര്‍ത്തമാനം തന്നെയാണ്. ഇപ്പോഴും പാവങ്ങള്‍ കൂടുതല്‍ പാവങ്ങള്‍ ആയിക്കൊണ്ടിരിക്കയല്ലേ.
  എല്ലാം വഴങ്ങുന്ന കുമാരന് അഭിനന്ദനങ്ങള്‍.

  ReplyDelete
 38. കുമാറേട്ടാ അങിനെ വിളിച്ചോട്ടെ

  തകര്‍പ്പന്‍ ,

  ReplyDelete
 39. ഞാന്‍ കഥയെഴുതുമായിരുന്നു. ഇങ്ങനെയുള്ള നല്ല കഥകള്‍ വായിച്ച് എഴുത്തു നിര്‍ത്തി !

  ReplyDelete
 40. ഗാരു, ഇടക്കു മറന്നു പോയി ആരുടെ എഴുത്താണീ വായിക്കുന്നതെന്ന്.. എഴുത്തിന്റെ ഒഴുക്കും മൂര്‍ച്ചയും നന്നായി കൊള്ളുന്നു.. നല്ലൊരു എഴുത്ത്.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍....
  Great!

  ReplyDelete
 41. ഹാസ്യം മാത്രമല്ല കുമാരന്‌ വഴങ്ങുക എന്ന് ഒന്ന് കൂടി തെളിയിച്ചു...ചോര്‍ന്നൊലിക്കുന്ന കൂരയും വിശക്കുന്ന വയറും....ദാരിദ്ര്യത്തിന് മുന്നില്‍ മനുഷ്യന്റെ ഏറ്റവും വല്ല്യ ആഗ്രഹമാണ് മഴ നനയാതെ കിടന്നുറങ്ങാന്‍ ഒരിടവും ഒരു നേരമെങ്ങിലും വയറു നിറച്ചു ആഹാരവും.ദാരിദ്ര്യത്തിന്റെ ശോച്യവസ്ഥ ഹൃദയ സ്പര്‍ശിയായ വരികളിലൂടെ തന്നെ വരച്ചു കാട്ടിയിരിക്കുന്നു.,, കണ്ണ് നിറഞ്ഞു അക്ഷരങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു.....
  സീരിയസ് രചനകള്‍ ഇനിയും ഉണ്ടാവട്ടെ...

  ReplyDelete
 42. Kumaretta.. bhayankara ezhuthatto ningade.. ee kathayude avasam.. NO WORDS

  ReplyDelete