Friday, June 24, 2011

ഓർമ്മ മഴയിൽ...


വൈകുന്നേരം വരെ മഴ പെയ്യുന്നൊരു ലക്ഷണമേ ഉണ്ടായിരുന്നില്ല. സ്കൂൾ വിട്ട് ബസ്സിൽ കയറിയ മുതൽ പെട്ടെന്ന് ആകാശം ഇരുണ്ടു മഴ കനത്ത് പെയ്യാൻ തുടങ്ങി. കുടയുണ്ട് പേടിക്കാനില്ലെന്ന് കരുതിയെങ്കിലും ആ സമാധാനം വെറുതെയായിരുന്നു. ബസ്സിറങ്ങി നേരെ ഷെൽ‌ട്ടറിലേക്ക് ഓടിക്കയറി ബാഗിൽ നിന്നും കുടയെടുത്ത് തുറക്കാൻ നോക്കി. പക്ഷേ അത് തുറന്നില്ല. നല്ല മഴ. പാതിയും ചോർന്നൊലിക്കുന്ന വെയ്റ്റിംഗ് ഷെൽട്ടറിന്നുള്ളില്‍ നനഞ്ഞുനിന്ന് കുട പിടിച്ചും വലിച്ചും തുറക്കാൻ ശ്രമിച്ചു. ശരിയാവുന്നില്ല. കൂടെ ഇറങ്ങിയവരൊക്കെ പോയി. എതിർഭാഗത്തെ പീടികകളിലൊക്കെ ആരൊക്കെയോ ഉണ്ട്. മുടിയിഴകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന മഴയിൽ നനഞ്ഞു നിന്ന് മുഖം വീര്‍പ്പിച്ച് പുറത്തേക്ക് നോക്കി. അപ്പോൾ റോഡ് മുറിച്ച് കടന്ന് ഒരു ചേച്ചി വന്ന് കുട വെച്ച് നീട്ടി. ഗ്ലാസ്സിന്റെ നീലപ്പിടിക്കുള്ളിൽ പച്ചത്തത്തയുള്ള പുത്തൻ കുട. എന്തോ നല്ലൊരു മണവും. ആ ചേച്ചിയെ സ്ഥിരമായി ബസ്സിൽ കാണുന്നതാണ്. എപ്പോഴും കണ്ടാൽ ചിരിക്കുമെന്നല്ലാതെ കൂടുതൽ പരിചയമൊന്നുമില്ല. എന്നാലെന്താ ഇപ്പോ അവർ രക്ഷക്കെത്തിയല്ലോ.

ആ കുടയും ചൂടി വീട്ടിലേക്ക് പോയി. പിറ്റേ ദിവസം രാവിലെ മറക്കാതെ ആ ചേച്ചിക്ക് കുട തിരിച്ച് കൊണ്ടു കൊടുത്തു. അപ്പോൾ അവർ പറഞ്ഞു അതവരുടെതല്ലെന്ന്. അയ്യോ പിന്നാരുടേതാ എന്ന് ചോദിച്ചപ്പോൾ പറഞ്ഞു. കുട്ടിക്ക് തരാൻ പറഞ്ഞ് ആ കടയിൽ ഉണ്ടായിരുന്നൊരു ചെറുപ്പക്കാരൻ തന്നതാണെന്ന്. ബസ്‌സ്റ്റോപ്പിന്റെ മുന്നിലുണ്ടായിരുന്ന ദിനേശേട്ടന്റെ കടയിൽ കുട കൊടുത്തു കാര്യം പറഞ്ഞു. അപ്പോ “ഇദ് നമ്മുടെ അച്ചൂന്റെ കുടയല്ലേ.. ഇദ് മോൾക്ക് തന്ന് അവൻ മഴ നനഞ്ഞു പോയി.. എന്ത് മഴയായിരുന്നു, ചെക്കന് പനി പിടിച്ചിറ്റ്ണ്ടാവും” എന്ന് പറഞ്ഞു ദിനേശേട്ടൻ.

“ആരാ അത്..”

“അദ് ഗോയിന്നൻ മാഷിന്റെ മോനാ..”

വരുമ്പോൾ കൊടുത്തേക്കെന്ന് പറഞ്ഞ് കുട നിരപ്പലകയുടെ ഉള്ളിൽ ചാക്കുകളുടെ ഇടയിലായി വെച്ച് ബസ്‌സ്റ്റോപ്പിലേക്ക് നടന്നു. ദിനേശേട്ടന്റെ വാക്കുകൾ മാത്രമായിരുന്നു മനസ്സിൽ. എനിക്കറിയാത്തൊരു അച്ചു സ്വയം കഷ്ടപ്പെട്ട് എന്നെ സഹായിച്ചെന്നോ. ആളെ ഒന്ന് കാണണമെന്ന് കരുതി ആ കുട ആരെങ്കിലും എടുക്കുന്നുണ്ടോ എന്നു നോക്കി നിന്നു. ബസ്സ് വരുന്നത് വരെ അതാരും എടുത്തില്ല. ക്ലാസിലെത്തീട്ടും മനസ്സില്‍ അത് മാത്രമായിരുന്നു. സ്കൂൾ വിട്ട് ബസ്സ് ഇറങ്ങിയപ്പോൾ കുട അവിടുണ്ടോന്ന് അറിയാൻ മഷി തീർന്ന പേന നിറക്കാനെന്ന കാരണമുണ്ടാക്കി ദിനേശേട്ടന്റെ കടയിൽ കേറി. അതാരും കൊണ്ടു പോയിട്ടില്ല. പിറ്റേ ദിവസം രാവിലെയും ആകാംക്ഷയോടെ കുടയുണ്ടോ അവിടെ എന്ന് നോക്കി. അനക്കമില്ലതിന്. മൂന്നാം ദിവസം രാവിലെ നോക്കുമ്പോൾ അത് കാണാനില്ല.

ബസ്സ്‌സ്റ്റോപ്പിലും ബസ്സിലും ക്ലാസ്സിലും അന്ന് മുഴുവൻ അതായിരുന്നു ആലോചന. ആരായിരിക്കും അത് കൊണ്ടു പോയത്.! എങ്ങനെയെങ്കിലും ലാസ്റ്റ് ബെല്ല് അടിച്ചാ മതിയായിരുന്നു. അന്നു കുട തന്ന ചേച്ചിയെ കണ്ടിരുന്നെങ്കിൽ അയാളെപ്പറ്റി ചോദിക്കാമായിരുന്നു. പക്ഷേ ആ ചേച്ചി എന്തെങ്കിലും വിചാരിച്ചാലോ..? അപ്പോ ഒരു നന്ദി പറയാൻ വേണ്ടിയാ എന്ന് പറയാം. ബസ്സിൽ നല്ല തിരക്കായിരുന്നു. ആളുകള്‍ക്കിടയിലൂടെ ഉരുമ്മിയനങ്ങി അവസാനം ആ ചേച്ചിയുടെ അടുത്ത് നിന്ന് അന്ന് കുട തന്നതാരാന്ന്‌ ചോദിച്ചു. “ഗോയിന്നൻ മാഷിന്റെ മോന്റെ കുടയാ അത്. അവനാ എന്റെ കൈയ്യിൽ തന്നിട്ട് കുട്ടിക്ക് തരാൻ പറഞ്ഞത്..”

“ചേച്ചി അയാളെ പിന്നെ കണ്ടില്ലേ…”

“ഇല്ല..”

ഗോവിന്ദൻ മാഷിനെ അറിയാം. ചേട്ടനെ പഠിപ്പിച്ച മലയാളം മാഷാണ്. ഒരിക്കൽ ചേട്ടന്റെ കൂടെ സ്കൂളിൽ പോയപ്പോൾ കണ്ടത് ഓർമ്മയുണ്ട്. നല്ല മലയാളം പുസ്തകങ്ങൾ വായിക്കാൻ മാഷിന്റെ കൈയ്യിൽ നിന്നും വാങ്ങിയിരുന്നു. അന്ന് മാഷിന്റെ കൂടെ ആരോ ഉണ്ടായിരുന്നു. അതാണോ മകൻ..?!

ബസ്സ്‌ സ്റ്റോപ്പിലിറങ്ങി. നല്ല മഴയുണ്ട്. കുട നിവർക്കാൻ നോക്കുമ്പോൾ അതേ നീല പിടിയുള്ള കുട നടന്നു വരുന്നു. അതേ നീലപ്പിടിയും ഉള്ളിൽ പച്ചക്കിളിയും..! മുഖം കാണുന്നില്ല. പിടി മാത്രം കാണാം. കുട തുറക്കാൻ പോലും മറന്ന് മഴ കൊണ്ട് ആകാംക്ഷയോടെ അയാളെ കാണാൻ നോക്കി നിന്നു. പക്ഷേ മുഖം കാണാനായില്ല. മഴപ്പാറലിനെതിരെ കുട പിടിച്ച് അയാൾ നടന്നു പോയി. നിൽക്കാൻ പറയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വരാത്തത് പോലെ.. ഈശ്വരാ എങ്ങനെയായിരിക്കും അയാൾ..‍? ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ..!

പിറ്റേന്ന് വരാന്തയിൽ നനഞ്ഞ കുട തുറന്ന് വെച്ച് ക്ലാസ്സിലേക്ക് കയറുമ്പോൾ അതേ കുടയുണ്ട് അപ്പുറം ആറാൻ തുറന്ന് വെച്ചിരിക്കുന്നു…! ക്ലാസ്സ് തുടങ്ങി. ശ്രദ്ധ മുഴുവൻ ആരാ കുട എടുക്കുക എന്നായിരുന്നു. ക്ലാസ്സിൽ കെമിസ്ട്രി ടീച്ചറായിരുന്നു. ഇടക്കിടെ ജനാലയിലൂടെ കുടയെ നോക്കും. ചെറിയ കാറ്റിൽ അനങ്ങിയും നീങ്ങിയും അതെന്റെ മനസ്സിനെ ഇളക്കിക്കൊണ്ടിരുന്നു. ആ കുടയ്ക്കു കീഴിൽ മുഖമുള്ളൊരു രൂപം കിട്ടാനായി നോട്ടം പുറത്തേക്ക് ചാടിക്കൊണ്ടിരുന്നു. പെട്ടെന്ന് വാച്ചു കെട്ടിയ ഒരു കൈ വന്ന് കുട പൊക്കിയെടുത്തു. ആകും പോലൊക്കെ ചാഞ്ഞു നോക്കീട്ടും ഇല്ല, കാണാനാകുന്നില്ല. എന്റെ വെപ്രാളങ്ങൾ കണ്ട് പിടികൂടിയ ടീച്ചർ ഒരു ചോദ്യം. “എങ്ങനെയാ‍ണ് ഇലയിൽ നിന്നും ക്ലോറൊഫിൽ വേര്‍തിരിച്ചെടുക്കുന്നത്..?” ഒന്നും പിടികിട്ടിയില്ല. അടുത്തിരുന്ന കുട്ടി എന്തോ പിറുപിറുത്തു. അതേറ്റു പറയാൻ ശ്രമിച്ച് പരാജയപ്പെട്ട് സീറ്റിൽ ഇരുന്നപ്പോഴേക്കും കുട അപ്രത്യക്ഷമായിരുന്നു.

ബെൽ അടിച്ചു. വരാന്ത നിറയെ ആൺ‌‌കുട്ടികൾ. ആരുടെ കൈയ്യിലാണ് കുട എന്ന് മനസ്സിലാവുന്നില്ല. തിക്കി തിരക്കി ഇറങ്ങി ഓടി നോക്കി. അതിന്നിടയിൽ ബാഗ് തുറന്നത് അറിഞ്ഞില്ല. പെട്ടെന്ന് ബാഗിലെ പുസ്തകങ്ങൾ റോഡിൽ ചിതറി വീണു. അക്ഷരങ്ങളോടൊപ്പം കണ്ണും നനഞ്ഞു. കൂട്ടുകാർ ആരൊക്കെയോ ബുക്ക് വാരി ബാഗിൽ നിറച്ചു തന്നു. അപ്പോൾ, പിറകിൽ നിന്നൊരു സ്വരം. “ബുക്ക് ഒക്കെ സൂക്ഷിക്കണ്ടെ…” അതിലൊന്നും ശ്രദ്ധ പോയില്ല. അയാൾ കുനിഞ്ഞ് ഇന്‍സ്ട്രുമെന്റ് ബോക്സ് എടുത്ത് കൈയ്യിൽ തന്നു. താങ്ക്സ് പറയാൻ തുനിഞ്ഞപ്പോൾ ശ്രദ്ധ ബോക്സില്‍ മാത്രമായിപ്പോയി. തിരിയുമ്പോഴാണ് കണ്ടത് ആ നീല പിടിയുള്ള കുട..! ഊര്‍ന്നു പോയ ബാഗും കുടയുമായി സ്തംഭിച്ചു നിൽക്കവെ വീണ്ടും അകന്നു പോയി. ആരവങ്ങൾക്കും തിരക്കുകൾക്കുമിടയിൽ ഏകയായി ആ മഴയിൽ ഞാൻ നനഞ്ഞു കുതിർന്നു നിന്നു.

മഴയുടെയും കണ്ണീരിന്റെയുമിടയിൽ എന്നിലേക്ക്‌ ഒരു കുസൃതി നോട്ടവും കള്ള ചിരിയും പതിച്ചിട്ടുണ്ടാവുമോ..?

അകലേക്ക് മറഞ്ഞിറങ്ങുന്ന കുടയെ നോക്കി കവിളിലൂടെ പെയ്യുന്ന കണ്ണീര്‍മഴയുമായി ഉള്ളിലിപ്പോഴും ഒരു കുട്ടി അതേ നില്‍പ്പ് നില്‍ക്കുന്നുണ്ട്...

44 comments:

  1. ഹൃദ്യമായി......സസ്നേഹം

    ReplyDelete
  2. യാത്രികന്റെ വാക്ക് കടമെടുക്കുന്നു.

    ഹൃദ്യമായ അവതരണം.

    ReplyDelete
  3. ഒരു കുടയുടെ പിടിയിലൂടെ ഒരു പ്രണയത്തിന്റെ വസന്തകാലം പൊഴിച്ച കുമാരാ....നിന്നെ വെട്ടാന്‍ ഈ ബൂലോകത്ത് വേറെ ആരും പിറന്നിട്ടില്ല...പിറക്കുകയുമില്ല....

    ഹോ അസാധ്യ എഴുത്ത്....അസൂയ കൊണ്ടെന്റെ കൈകാല്‍ വിറക്കുന്നു...

    ReplyDelete
  4. പറയാതെ പറഞ്ഞ പ്രണയം.....അത് പറയാന്‍ കുമാരന്‍ ഒരു മഴക്കാലം കടം എടുത്തു. ശൈലി അപാരം....

    ചാണ്ടിച്ചന്റെ കൈകാലുകള്‍ വിറക്കുന്നത് അസൂയകൊണ്ടാണോ അതോ എന്തിന്റെയേലും അപര്യാപ്തതകൊണ്ടാണോ? :-)

    ReplyDelete
  5. ഹൃദയഹാരിയായ കഥ.
    കുമാരാ... അഭിനന്ദനങ്ങൾ!

    ReplyDelete
  6. ഹാഷിക്കേ...അങ്ങനെയൊരു അവസ്ഥ ഇത് വരെ വന്നിട്ടില്ല...വല്ലപ്പഴും രണ്ടെണ്ണം അകത്താക്കുമെന്നു മാത്രം :-)

    ReplyDelete
  7. കുമാരന്റെ ഇത്രയും ഹൃദ്യമായ കഥകള്‍ വായിച്ച് പരിചയിച്ചതിനാല്‍ ആണ് “ബ്ലോഗ് മീ‍റ്റ് വേണോ” പോലുള്ളവ സുഖായില്യാ..എന്നെഴുതാന്‍ തോന്നുന്നത്. പെണ്മനസ്സിന്റെ ഒരു മാസ്മരികമുഖം അനാവരണം ചെയ്യുന്ന കഥ. വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  8. മഴ വരണം അല്ലെ കുമാരാ ഇത് പോലുള്ള കഥകള്‍ വേലിയേറി വരാന്‍...കൊള്ളാം മച്ചു, വല്യ ആര്‍ഭാടങ്ങള്‍ ഒന്നുമില്ലെങ്കിലും സരസമായി പറഞ്ഞിരിക്കുന്നു...ഞാന്‍ വായിച്ചിരിക്കുന്നു...ഇഷ്ടായി..

    ReplyDelete
  9. ദൈവത്താണെ എനിക്കൊന്നും മനസ്സിലായില്ല.. :(

    ReplyDelete
  10. കുമാരാ.. വളരെ മനോഹരമായിരിക്കുന്നു. ഈ കഥ വായിക്കാന്‍ വായനക്കാര്‍ക്ക് കുറച്ച് കൂടെ സമയം കൊടുത്തിട്ട് മതിയായിരുന്നു ബ്ലോഗ് മീറ്റ് പോസ്റ്റ്. അതല്ലെങ്കില്‍ ഇത് തല്കാലം ഡ്രാഫ്റ്റ് ആക്കിയിട്ട് പിന്നെ വീണ്ടും പോസ്റ്റ്.. അതല്ലെങ്കില്‍ നല്ല ഒരു കഥ അധികം വായിക്കപ്പെട്ടില്ല എന്ന സങ്കടം വരും. ഒരു കുടയിലൂടെ മനോഹരമായ പ്രണയം. എനിക്ക് കുമാരനോട് അസൂയ വരുന്നു. സത്യം. അതിശയോക്തിയല്ല.

    ReplyDelete
  11. ശ്രീധരന്‍... അമ്മുക്കുട്ടി..... കുട ....

    ReplyDelete
  12. പതിവു ശൈലിയില്‍ നിന്നും വിഭിന്നം, നന്നായിട്ടുണ്ട്.

    ReplyDelete
  13. നീലപിടിക്കുള്ളില്‍ പച്ച തത്തയുള്ള കുട...

    നല്ല കുട...:)

    "മഴയുടെയും കണ്ണീരിന്റെയുമിടയിൽ എന്നിലേക്ക്‌ ഒരു കുസൃതി നോട്ടവും കള്ള ചിരിയും പതിച്ചിട്ടുണ്ടാവുമോ..?"

    പതിച്ചിട്ടുണ്ടാവും...!!

    നല്ല സുഖമുള്ളൊരു മഴ നഞ്ഞ പ്രതീതി...!!




    ഇങ്ങനെ ഉള്ളില്‍ നിന്നും വരുന്ന ഉള്ളില്‍ തട്ടുന്ന കഥകള്‍ കൂടുതല്‍ കൂടുതല്‍ എഴുതാന്‍ ഈശ്വരന്‍ കുമാരേട്ടനെ അനുഗ്രഹിക്കെട്ടെ..!!

    ReplyDelete
  14. ഹൃദയത്തെ തൊടുന്ന നനുത്ത മഴ!പ്രണയത്തിന്റെ മഴ!

    ഇഷ്ടമായി കുമാരാ..

    ReplyDelete
  15. നന്നായിട്ടുണ്ട്. ഒരു മഴതുള്ളി ഉള്ളിലേക്ക് കിനിഞ്ഞിറങ്ങി...

    ReplyDelete
  16. ഹായ്‌.... നല്ല ഓമനത്തമുള്ള കഥ, കൗമാരമനസ്സിന്റെ ആകാംക്ഷയും തിടുക്കവും ഒക്കെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. വായിച്ചുതീരുമ്പോള്‍ മനസ്സിനൊരു തണുപ്പ്.

    ReplyDelete
  17. ഈ നീലപ്പിടിയുള്ള കുട നന്നായിട്ടൂണ്ട്. ഒരു കഥാപാത്രമായി രണ്ട് മനസുകൾക്കിടയിൽ ഒരു കുടയും, പിന്നെമഴയും. സുന്ദരം.

    ReplyDelete
  18. നല്ല ഒതുക്കമുള്ള ഒരു കഥ, നന്നായി കുമാരാ.

    ReplyDelete
  19. മനസ്സില്‍ കവിതയും പ്രണയവും ഉള്ള ഒരാള്‍ക്ക് മാത്രം എഴുതാന്‍ പറ്റുന്ന കഥയും ശൈലിയും .....ഇയാള്‍ തീര്‍ച്ചയായും നാലുപേര്‍ അറിയുന്ന കഥാകാരന്‍ ആയി മാറും..ബ്ലോഗിന് പുറത്തും

    ReplyDelete
  20. കൊച്ചു കഥ അല്ല കവിത !

    ReplyDelete
  21. ഞാന്‍ ചാണ്ടിച്ചന്റെ വാക്കുകളും കടമെടുക്കുന്നു ...
    "ഒരു കുടയുടെ പിടിയിലൂടെ ഒരു പ്രണയത്തിന്റെ വസന്തകാലം പൊഴിച്ച കുമാരേട്ടാ....നിങ്ങളെ വെട്ടാന്‍ ഈ ബൂലോകത്ത് വേറെ ആരും പിറന്നിട്ടില്ല...പിറക്കുകയുമില്ല....

    ഹോ അസാധ്യ എഴുത്ത്....അസൂയ കൊണ്ടെന്റെ കൈകാല്‍ വിറക്കുന്നു... "

    ReplyDelete
  22. ആരുടെ കൈയ്യിലാണ് കുട? അസൂയാവഹമാണ് താങ്കളുടെ കൈയ്യടക്കം.

    ReplyDelete
  23. ഒരു മഴക്കാലത്ത് കോളേജില്‍ നിന്നും മഴ നനഞ്ഞു ബസ്‌ സ്റൊപ്പിലേക്ക് നടന്നപ്പോള്‍ ഓടി വന്നു എന്നെയും തന്‍റെ കുടയില്‍ ചേര്‍ത്ത് ബസ്‌ സ്റ്റോപ്പ്‌ വരെ വന്ന എന്‍റെ പ്രണയത്തെ ഞാന്‍ ഓര്‍ത്തുപോയി ...

    ReplyDelete
  24. ....നവ്യാനുഭവം ..വായനാ രസം....ഇഷ്ട്ടമായി..

    ReplyDelete
  25. വളരെ മനോഹരം ആയി

    അവതരിപ്പിച്ച ഒരു കൊച്ചു

    മനസ്സും അതിലെ വിചാര

    വികാരങ്ങളും ...

    അഭിനന്ദനങ്ങള്‍ ...



    ഹാഷിം വഴി അച്ചടിച്ച കഥ

    വായിച്ചിട്ടാണ് ഇങ്ങോട്ട് വന്നത് .

    അത് കൊണ്ടാവും

    ഒരു പക്ഷെ , ആ ചിത്രം

    കഥയുടെ മൂഡ്‌ മൊത്തം കളഞ്ഞു

    എന്ന് തോന്നി ...

    ReplyDelete
  26. നല്ലരീതിയിൽ നെയ്ത്കൊണ്ടുവന്നു.....അവസാനമെത്തിയപ്പോൾ ഇഴകളകന്നു പോയപോലെ.....

    ReplyDelete
  27. ഹൃദയത്തിലേക്ക് പെയ്തിറങ്ങിയ പ്രണയമഴ ...!
    അഭിനന്ദനങ്ങള്‍ കുമാരാ....

    ReplyDelete
  28. ഈ കഥ വര്‍ത്തമാനം ആഴ്ച്ചപ്പതിപ്പില്‍ അച്ചടിച്ച് വന്നത് ഇന്നാണ് അറിയുന്നത്.
    അഭിനന്ദനങൾ കുമാരൻ!
    ഹൃദയസ്പർശിയായ നല്ലൊരു കഥ!

    ReplyDelete
  29. അതിമനോഹരമായി കുമാര്‍ജി ..
    എല്ലാ നന്മകളും ഒരു പാട് ഓര്‍മ്മകള്‍ പെയ്യുന്ന മഴക്കാലവും ആശംസിക്കുന്നു

    ReplyDelete
  30. Excellent narration of a wonderful story! Keep it up.

    I read this in VARTHAMANAM supplement. However, unfortunately, there is no option to leave a comment, and so I am here :)

    ReplyDelete
  31. ഒത്തിരി ഇഷ്ടായി ഈ കഥ ...

    ReplyDelete
  32. നല്ല അവതരണം
    ഇഷ്ട്ടായി ഒരുപാട്

    ReplyDelete
  33. great one:- അഭിനന്ദനങ്ങൾ!

    ReplyDelete
  34. പ്രണയമണിത്തുവല്‍ പൊഴിയും പവിഴമഴ .....!!

    ReplyDelete
  35. Really beautiful...
    നന്നായിരിക്കുന്നു.

    ReplyDelete
  36. നന്നായിരിക്കുന്നു അവതരണം

    ReplyDelete
  37. കൊള്ളാം, നന്നായി എഴുതിയിരിക്കുന്നു.

    മഴ ശരിക്കും ഫീല് ചെയ്യുന്നുണ്ട്.

    ReplyDelete
  38. ഓ............ വല്ലാത്ത കുട

    ഉഗ്രൻ...

    ReplyDelete
  39. കഥ നന്നായി. എനിക്കുമുണ്ടായിരുന്നു ഇങ്ങനൊരു കുടയും ഇത് പോലൊരു മഴയും...

    ഇവിടെ..http://mimmynk.blogspot.com/2011/04/blog-post_26.html

    ReplyDelete
  40. ഇതു ഞാൻ വേറെയെവിടെയോ വായിച്ചിരുന്നു (താങ്കളുടേതു തന്നെ)
    മനോഹരമായിരിക്കുന്നു.

    ReplyDelete