Wednesday, June 24, 2009

വന്‍ വിജയങ്ങള്‍ക്ക് പിറകില്‍...

എന്റെ വീട്ടിനടുത്താണ് വിദ്യാധരന്റെയും വീട്. അവന്റെ അച്ഛന്‍ രാമന്‍ നായര്‍ അമ്പലത്തിന്റെയടുത്ത് പലചരക്ക് കട നടത്തുന്നു. വിദ്യാധരനു ആകെ ഒരു പെങ്ങളേ ഉള്ളൂ കൂടപ്പിറപ്പായിട്ട്. അവള്‍ ഭര്‍ത്താവിന്റെ കൂടെ സൌദിയിലാണു താമസം. വിദ്യാധരന്‍ പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. പാസ്സായിട്ടില്ല. ഇം‌ഗ്ലീഷ് പലവട്ടം ശ്രമിച്ചിട്ടും എഴുതിപ്പിടിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ച് അച്ഛന്റെ കടയില്‍ സഹായിക്കാന്‍ നിന്നു.

കടയില്‍ മദ്യപിക്കാന്‍ വേണ്ടി സോഡയും ടച്ചിംഗ്സും വാങ്ങിക്കാന്‍ വരുന്നവരില്‍ നിന്നാണ് വിദ്യാധരന്‍ വെള്ളമടി തുടങ്ങിയത്. പിന്നെ പിന്നെ അതൊരു ശീലമായി. ആ വകയിലുള്ള സൌഹ്രുദവും വിപുലമായി. അതനുസരിച്ച് കടയിലിരിക്കാനുള്ള താല്പര്യവും കുറയാന്‍ തുടങ്ങി. ഉച്ചയാവുമ്പോള്‍ കടയിലേക്ക് പോകും. കുറച്ച് സമയം കഴിച്ചു കൂട്ടി അമ്പതോ നൂറോ എടുത്ത് പോക്കറ്റിലിട്ട് ആരെയെങ്കിലും കൂട്ടി അത് ചെലവാക്കാനുള്ള ഷാപ്പും നോക്കി പോകും. അടിച്ച് ഫിറ്റായി രാത്രിയോടെ വീട്ടിലെത്തും.

മകന്‍ ഈ പോക്ക് പോയാല്‍ കേരള സര്‍ക്കാരിന്റെ വന്‍ വരുമാന മാര്‍ഗമായി മാറുമെന്ന് രാമന്‍ നായര്‍ക്ക് തോന്നി. അതു കൊണ്ട് മകളുടെ ഭര്‍ത്താവായ മുരളീധരനോട് പറഞ്ഞ് വിദ്യാധരനെ സൌദിയിലേക്ക് കടത്താന് ഏര്‍‌പ്പാടാക്കി. വിസ വന്നപ്പോള്‍ ഞാന്‍ പോകില്ല എന്നു പറഞ്ഞ് വിദ്യാധരന്‍ കുറെ ഒച്ചപ്പാടൊക്കെ ഉണ്ടാക്കിയെങ്കിലും രാമന്‍ നായരുടെയും നാട്ടുകാരുടെ ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തേയും തുടര്‍ന്ന് പോകാമെന്നു സമ്മതിച്ചു.

അവിടെ എത്തി ജോലി ആകുന്നത് വരെ താമസം അളിയന്റെയും പെങ്ങളുടെയും കൂടെ ആയിരുന്നതിനാല്‍ വെള്ളമടിയൊന്നും കുരുത്തക്കേടുമൊന്നും കുറേ നാളത്തേക്ക് നടന്നില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ മുരളീധരന്റെ സ്വാധീനത്താല് വിദ്യാധരന് ഒരു ബാങ്കില്‍ ഓഫീസ് ബോയ് ആയി ജോലി കിട്ടി. തരക്കേടില്ലാത്ത ശമ്പളവും ഉണ്ടായിരുന്നു. അതിനു ശേഷം അളിയന്റെ മുറിയില്‍ നിന്നും മാറി വേറെ ഒന്നു രണ്ട് സുഹ്രുത്തുക്കളുടെ കൂടെയാക്കി താമസം. അളിയന്റെ കൂടെ താമസിക്കുമ്പോള് അടക്കിപ്പിടിച്ച് നിര്‍ത്തിയ വെള്ളമടി, ചെല്ലക്കിളികളെ ഫോണ്‍ വിളിക്കുക തുടങ്ങിയ സുകുമാര കലകളൊക്കെ പൂര്‍വ്വാധികം ശക്തിയോടെ സ്റ്റാര്‍ട്ട് ചെയ്തു. സൌദിയിലായത് കൊണ്ട് ആദ്യമാദ്യം വെള്ളമടിക്ക് കുറേ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് അമ്മാതിരി ടീമുകളുമായി അവന്‍ നല്ല കണക്ഷനാവുകയും രഹസ്യമായിട്ടും, സ്വന്തമായി വാറ്റിയിട്ട് പോലും മദ്യപിക്കാന്‍ തുടങ്ങി.

അങ്ങനെ ഹാപ്പിയായിട്ട് പോകുമ്പോഴാണ് മാനേജരുടെ സെക്രട്ടറിയായ അബ്ദുള്ള കാസിം എന്ന ഒരു ഫിലിപ്പൈന്‍കാരന്‍ വിദ്യാധരനുമായി ഉടക്കാന്‍ തുടങ്ങിയത്. എപ്പോഴും കുറ്റം പറയുക, പരിഹസിച്ച് ചിരിക്കുക, മാനേജരോട് അവനെപറ്റി വെറുതെ പരാതി പറയുക, അങ്ങിനെ വിദ്യാധരന്റെ സ്വസ്ഥത തകര്‍ക്കാനുള്ളത് എന്നും അബ്ദുള്ള കാസിം ഒപ്പിച്ചു വെച്ചിരുന്നു. വിദ്യാധരനെ പുകച്ച് ചാടിച്ച് അയാളുടെ നാട്ടുകാരനെ ആ പോസ്റ്റില്‍ നിയമിക്കാനുള്ള പരിപാടിയായിരുന്നു അബ്ദുള്ള കാസിം ആസൂത്രണം ചെയ്തിരുന്നത്. വിദ്യാധരനാണെങ്കില്‍ അയാളെ കൊണ്ട് വശം കെട്ടു പണി ഇട്ടിട്ട് പോകാന്‍ വരെ തോന്നി. അളിയനോട് കാര്യങ്ങള്‍ പറഞ്ഞപ്പോ നീ ക്ഷമിച്ച് നില്‍ക്കണമെന്നാണ് മറുപടി കിട്ടിയത്. രണ്ടെണ്ണം കൊടുക്കാമെന്നു വെച്ചാ അബ്ദുള്ള കാസിമിനെ കണ്ടാല്‍ മൊബൈല്‍ ഫോണ്‍ ടവര്‍ പോലെയുണ്ട്. കളിച്ചാ തടി കേടാകും.

ഒരു അവധി ദിവസം വൈകുന്നേരം വിദ്യാധരന്‍ അടിച്ച് ഫിറ്റായി കൂട്ടുകാരുമൊത്ത് സൂപ്പര്‍ ബസാറില്‍ കറങ്ങുകയായിരുന്നു. അപ്പോഴാണ് അബ്ദുള്ള കാസിം അവിടെ എത്തിയത്. തനിക്കറിയാവുന്ന അറബിയും കൈയ്യിലുള്ള ഇംഗ്ലീഷും വായിലുള്ള പച്ചത്തെറി മലയാളവും കൂട്ടി ഒരു അലക്ക് വെച്ചു കൊടുത്തു. അബ്ദുള്ള കാസിം അവന്‍ ഫിറ്റാണെന്ന് കണ്ട് പോലീസിനെ വിളിക്കാന്‍ നോക്കുമ്പോള്‍ കൂട്ടുകാര്‍ വന്ന് വിദ്യാധരനെ വളരെ പെട്ടെന്നു അവിടെ നിന്നും പിടിച്ചു വലിച്ചു കൊണ്ടു പോയി.

പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോഴാണ് മാനേജര് ആഫീസിലെത്തിയത്. ഉടനെ അബ്ദുള്ള കാസിം ചെന്നു വിദ്യാധരന്‍ മദ്യപിച്ച് എന്നെ ചീത്ത പറഞ്ഞെന്നും അവനെ ടെര്‍മിനേറ്റ് ചെയ്യണമെന്നും പറഞ്ഞു. കേട്ടയുടനെ മാനേജര്‍ ദ്വേഷ്യപ്പെട്ട് വിദ്യാധരനെ വിളിപ്പിച്ചു. പണി പോയല്ലോ ദൈവമേ എന്നു മനസ്സില്‍ ഉറപ്പിച്ച് വിറച്ച് കൊണ്ട് വിദ്യാധരന്‍ മാനേജരുടെ മുന്നിലെത്തി. അയാളാണെങ്കില്‍ ഭയങ്കര സാധനമാണു. വെട്ടൊന്ന് മുറി രണ്ട് എന്ന ടൈപ്പാണു.

“നീ കുടിക്കാറുണ്ടെന്നു കേട്ടല്ലോ…?” മാനേജര്‍ ദ്വേഷ്യപ്പെട്ട് ചോദിച്ചു.
“ഇല്ലാ.. സാര്‍…” വിദ്യാധരന്‍ വിറച്ചു കൊണ്ട് പറഞ്ഞു.
“അബ്ദുള്ള കാസിം പറഞ്ഞല്ലോ….”
“ഇല്ലാ സാര്‍….. അയാള്‍ വെറുതെ പറഞ്ഞതാ…” വിദ്യാധരന്‍ പറഞ്ഞു.
“സത്യം പറഞ്ഞാല്‍ ക്ഷമിക്കാം… ” മാനേജര്‍ പറഞ്ഞു.

തുറന്ന് പറഞ്ഞ് കാലു പിടിച്ചാ രക്ഷപ്പെട്ടേക്കാമെന്നു വിദ്യാധരനും തോന്നി. അതുകൊണ്ട് അവന്‍ വല്ലപ്പോഴും അടിക്കാറുണ്ടെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു. മാനേജര്‍ ഉടനെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു.

“യു മീറ്റ് മി അറ്റ് ഈവനിംഗ്.. ബ്ലഡി ഫൂള്‍..”

വിദ്യാധരന്‍ വേച്ച് വേച്ച് നടന്ന് സീറ്റിലെത്തി കുറേ സമയം തലയും കുമ്പിട്ടിരുന്നു. അബ്ദുള്ള കാസിം വിജയീ ഭാവത്തില്‍ അവന്റെ മുന്നിലൂടെ അഞ്ചാറു പ്രാവശ്യം നടന്നു. എന്താണു ഇനി ചെയ്യേണ്ടതെന്നു വിദ്യാധരനൊരു പിടിയും കിട്ടിയില്ല. അളിയനോട് പറയണോ വേണ്ടയോ എന്നു കുറേ സമയം ആലോചിച്ചു. കാത്തിരിപ്പിനൊടുവില്‍ വൈകുന്നേരമായി. മാനേജര്‍ വിളിച്ചു. അവന്‍ ക്യാബിനില്‍ കയറി. മാനേജര്‍ ഗൌരവത്തില്‍ ചോദിച്ചു.

“നിനക്കെവിടെന്നാ സാധനം കിട്ടുന്നത്….?”

“അത്… സാര്‍… ഞാന്‍…” വിദ്യാധരന്‍ വിക്കി.
അപ്പോള്‍ മാനേജര്‍ പറഞ്ഞു….

“വേഗം പോയി സംഘടിപ്പിച്ച് വെക്ക്, നമുക്ക് ഒന്നു കൂടണം....”

വിദ്യാധരന്‍ കണ്ണടച്ചു.
തല ഒന്ന് അമര്‍ത്തി കുലുക്കി..
പിന്നെ കൈയ്യില്‍ നുള്ളി നോക്കി…
അതിനു ശേഷം പുറത്തേക്ക് പറപറന്നു…..

സന്ധ്യയ്ക്ക് മുറിയില്‍ അടിച്ച് ഫിറ്റായിരിക്കുന്ന മാനേജരോട് വിദ്യാധരന്‍ ചോദിച്ചു.
“അല്ലാ, സാര്‍… എന്റെ ജോലിക്കാര്യം…?”
“നിന്നെ ഞാന്‍ എന്റെ സെക്രട്ടറിയാക്കും….” മാനേജര്‍ കുഴഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
“അപ്പോ, അബ്ദുള്ള കാസിം …?” വിദ്യാധരന്‍ ഗ്ലാസ്സ് നിറച്ച് കൊണ്ട് ചോദിച്ചു.
“അവനെ ഞാന്‍ പിരിച്ചു വിട്ടു….” ഒറ്റ വലിക്ക് ഗ്ലാസ്സ് കാലിയാക്കി മേശപ്പുറത്ത് വെച്ചുകൊണ്ട് മാനേജര്‍ പറഞ്ഞു…
* * * *
പ്രസന്റ് ടെന്‍സ് :- വിദ്യാധരന്‍ ഇപ്പോള്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് സെക്ഷനില്‍ മാനേജരാണു. അവിടെ തന്നെയുള്ള ഒരു മലയാളി നേഴ്സിനെ വിവാഹവും കഴിച്ചു സസന്തോഷം ജീവിക്കുന്നു.

ഗുണപാഠം:- മദ്യപാനം വന്‍ ജീവിതവിജയങ്ങള്‍ക്ക് കാരണമാകുന്നു. സോ, ചിയേഴ്സ് !!!

Monday, June 8, 2009

പ്രതികാര വനജ

നാട്ടിലെ സ്കൂളിലെ മലയാളം മാ‍ഷായ രാഘവന്‍ നായരുടെയും ഭാര്യ ഭാനുമതിയമ്മയുടേയും മകനാണ് നളിനാക്ഷന്‍ . ടൌണിലെ ഒരു നാഷണലൈസ്ഡ് ബാങ്കിലാണ് നളിനാക്ഷന്‍ ജോലി ചെയ്യുന്നത്. കുടുംബനാഥനാണെങ്കിലും രാഘവന്‍ മാഷിന് വീട്ടില്‍ വലിയ വോയിസൊന്നുമില്ല. അവിടത്തെ കമ്പ്ലീറ്റ് കാര്യങ്ങള്‍ നോക്കുന്നതും തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും ഭാനുമതിയമ്മയാണ്. നളിനാക്ഷനും രാഘവന്‍ മാഷിനും നില്‍ക്കാനും ഇരിക്കാനും നടക്കാനുമുള്ള സീബ്രാ ലൈന്‍സ് ഭാനുമതി അമ്മ കൃത്യമായിട്ട് അളന്നു വരഞ്ഞു വെച്ചിട്ടുണ്ട്. അതിനപ്പുറമോ ഇപ്പുറമോ മാറി നടക്കണമെന്നു രണ്ടു പേര്‍ക്കും നല്ല ബുദ്ധിക്ക് ഇന്നേ വരെ തോന്നിയിട്ടില്ല. അങ്ങനെയാണു അവരു മകനെയും ഭര്‍ത്താവിനേയും വളര്‍ത്തി വലുതാക്കിയത്. പത്തു നാല്‍പ്പത്തിയഞ്ച് വയസ്സായെങ്കിലും ആയമ്മ ഒരു ഫാഷന്‍ പരേഡുകാരിയാണ്. അംബാസഡര്‍ കാറിന്റേതു പോലത്തെ പിന്‍ഭാഗമുള്ളതിനാല്‍ “പാവപ്പെട്ടവരുടെ ശ്രീവിദ്യ” എന്ന് നാട്ടിലെ പിള്ളേര്‍ രഹസ്യമായി ഭാനുമതിഅമ്മയെ വിളിക്കാ‍റുണ്ട്.

നളിനാക്ഷന്റെ വീട്ടില്‍ നിന്നും കുറച്ച് അകലെയാണ് വനജയുടെ വീട്. വനജയുടെ അച്ഛന്‍ രവീന്ദ്രന് തടിക്കച്ചവടമാണു ജോലി. അതു കൊണ്ടായിരിക്കണം വനജയ്ക്കും രണ്ടാള്‍ പിടിച്ചാലൊന്നും ഒതുങ്ങാത്ത തടിയുണ്ട്. ഫ്രണ്ടും ഹച്ച്ബാക്കുമൊക്കെ കണ്ടാല്‍ കേരള കര്‍ഷകന്‍ മാസികയിലെ ‘ലക്ഷഗംഗ’ തെങ്ങിന്റെ ഫോട്ടോ പോലെ തോന്നും. എം.എയ്ക്കാണ് പഠിക്കുന്നത്. ഒറ്റമകള്. അമ്മ മാലതിചേച്ചി വീട്ടുകാര്യങ്ങളും വനജയുടെ അച്ഛന്റെ സ്വകാര്യങ്ങളും നോക്കി കഴിയുന്നു.

ഒരേ നാട്ടിലാണെങ്കിലും നളിനാക്ഷനും വനജയും തമ്മില്‍ നേരില്‍ കാണുന്നത് വല്ലപ്പോഴുമായിരുന്നു. കുറേ കാലത്തിനു ശേഷം നാട്ടിലെ ഒരു കല്ല്യാണത്തിനാണ് നളിനാക്ഷനും വനജയും കണ്ടുമുട്ടിയത്. പഠിക്കുന്ന വിവരങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍ വനജ കമ്പ്യൂട്ടര്‍ ക്ലാസ്സിന് പോകുന്നുണ്ടെന്നു പറഞ്ഞു. അപ്പോള്‍ നളിനാക്ഷന്‍ തന്റെ ഇ.മെയില്‍ ഐ.ഡി. അവള്‍ക്ക് കൊടുത്തു. അതിനു ശേഷം കമ്പ്യൂട്ടര്‍ പഠിക്കുന്നയിടത്ത് നിന്നും വനജ ഇടയ്ക്കിടയ്ക്ക് “ഹായ്.. ഹൌ ആര്‍ യു…” എന്നൊക്കെ മെസ്സേജസ് അയക്കാറുണ്ടായിരുന്നു. നളിനാക്ഷനും അതിനു റിപ്ലൈ ചെയ്യും. അതില്‍ കൂടുതലൊന്നും ആ സമയത്ത് ഉണ്ടായിരുന്നില്ല.

എത്രയായാലും കല്ല്യാണം കഴിക്കാത്ത ചെക്കനും പെണുമല്ലേ, അങ്ങനെയങ്ങ് നീറ്റായാല്‍ ലവ് ഗോഡിനൊക്കെ പണിയില്ലാതാകില്ലേ. കുറച്ച് കഴിഞ്ഞപ്പോള്‍ മെസ്സേജുകളില്‍ എങ്ങനെയോ പ്രണയ വൈറസുകള്‍ കടന്നു കൂടി. അതു കൊണ്ട് കമ്പ്യൂട്ടറിനോട് പോകാന്‍ പറഞ്ഞു രണ്ടു പേരും ഫോണില്‍ സംസാരം തുടങ്ങി. ഒന്നു രണ്ടു മണിക്കൂറൊക്കെ നിന്ന നില്പില്‍ സംസാരിക്കും. അതും പോരാഞ്ഞു എല്ലാ ദിവസവും രാവിലെ ടൌണിലെ ടാക്സി സ്റ്റാന്‍‌ഡിനടുത്തുള്ള വാകമരത്തിന്റെ ചുവട്ടില്‍ വെച്ച് കണ്ടും സംസാരിക്കും.

പ്രേമിക്കുന്നവര്‍ ആദ്യം ചെയ്യുന്നത് അച്ഛനുമമ്മയുമിട്ട പേരു മാറ്റുകയെന്നതാണല്ലോ. വനജ നളേട്ടാ, നളൂ.. എന്നും നളിനാക്ഷന്‍‌ വനജയെ വനൂ, വാ.. എന്നിങ്ങനെ വിളിക്കാന്‍‌ തുടങ്ങി. അങ്ങനെ ആ നാനോ വണ്ടി ആരുമറിയാതെ മെക്കാഡം റോഡിലൂടെയുള്ള ഡ്രൈവിങ്ങ് പോലെ സ്മൂത്തായി പോകുകയായിരുന്നു. പക്ഷേ പ്രണയവും കള്ളിന്റെ ഏമ്പക്കവും എത്ര നേരമാണെന്നു വെച്ചാണ് അടക്കി വെക്കുന്നത്.! അതു പുറത്തേക്ക് വരുമല്ലോ. പല വഴിയിലൂടെ! ഒരു ദിവസം നല്ലവനായ ഏതോ നാട്ടുകാരന്‍‌ ആ പ്രണയ വിവരം ഭാനുമതിയമ്മയെ അറിയിച്ചു ഫസ്റ്റ് പ്രൈസ് മേടിച്ചു.

വേറെ ജാതിയിലുള്ള വനജയുമായുള്ള നളിനാക്ഷന്റെ ബന്ധം ഭാനുമതിയമ്മ ഞെട്ടിപ്പിച്ചു. അവര്‍ ഉടനെ തന്നെ രാഘവന്‍‌ മാഷുമായി അവൈലബിള്‍‌ പി.ബി. ചേര്‍ന്നു. നളിനാക്ഷനും വനജയുമായുള്ള കൂട്ടുകെട്ട് പുരോഗമന മതേതര കുടുംബ പ്രസ്ഥാനങ്ങള്‍ക്ക് വെല്ലുവിളിയാണെന്ന ഭാനുമതിയമ്മ അവതരിപ്പിച്ച പ്രമേയം ‘അഞ്ച് മിനിട്ട് നേരം നീണ്ടു നിന്ന മാരത്തോണ്‍‌ ’ ചര്‍‌ച്ചയില്‍‌ യാതൊരു ഭേദഗതിയുമില്ലാതെ അംഗീകരിച്ചു. എന്തു വിധേനയും ആ പിന്തിരിപ്പന്‍‌ ജാതി കൂട്ടുകെട്ട് അവസാനിപ്പിക്കാനും അല്ലാത്ത പക്ഷം നളിനാക്ഷന്‍‌ ജനിച്ചതു മുതല്‍ നല്‍കിപ്പോന്നിരുന്ന നിരുപാധിക പിന്തുണ പിന്‍‌വലിക്കുന്നതടക്കമുള്ള ശക്തമായ പ്രക്ഷോഭ പരിപാടികളോടെ മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നല്‍കാനും തീരുമാനമായി.

നളിനാക്ഷന്‍‌ വൈകുന്നേരം ബാങ്കില്‍‌ നിന്നും വന്നയുടനെ ഭാനുമതി അമ്മ ചോദിച്ചു. “നീ ആരോടാണെടാ രാവിലെ ബസ്സ്റ്റോപ്പില് വെച്ച് സംസാരിച്ചു നില്‍ക്കുന്നത് കണ്ടത്?”
കേട്ടയുടനെ നളിനാക്ഷന്റെ തലയില്‍‌ നിന്നുമൊരു ആകാശ് മിസ്സൈല്‍ നെഞ്ചിലൂടെ കടന്നു പോയി അടിവയറിലെത്തി മുട്ടാന്‍‌ മുട്ടി നിന്നു. അവന്‍‌ വിക്കി വിക്കി പീഡിയ പറഞ്ഞു.

“അത്.. അതു.. അരയമ്പേത്തെ രവിയേട്ടന്റെ… വനജയാ..”
“അവളോടെന്നാടാ നിനക്ക് കാര്യം…?”
“അതു വെറുതെ .. കണ്ടപ്പോ സംസാരിച്ചതാ..”
“എന്നാ ഇനി അതു വേണ്ട കേട്ടോ.. അവരുമായിട്ടൊരു ബന്ധവും നമ്മക്ക് വേണ്ട..”

ഭാനുമതിയമ്മ വിധി പ്രഖ്യാപിച്ചു കുടുംബകോടതി പിരിച്ചുവിട്ടു. നളിനാക്ഷന്‍ ടാറില്‍ ചവിട്ടിയതു പോലെ നടന്ന് മുറിയിലേക്ക് പോയി. അമ്മയുടെ അപ്രതീക്ഷിതമായ ആക്രമണം അവനെ തളര്‍ത്തി, റെസിഷന്‍ വന്ന് ജോലി പോയ ഐ.ടി.ക്കാരനെ പോലെയാക്കി. രാത്രി മുഴുവന്‍ ആലോചിച്ച് ഇനിയും വനജയുമായി സംസാരിച്ച് പ്രശ്നമുണ്ടാക്കേണ്ടെന്ന് തീരുമാനിച്ചു. അങ്ങോട്ട് വിളിക്കാതിരുന്നും അവള്‍ വിളിച്ചപ്പോ എന്തൊക്കെയോ പറഞ്ഞ് ഒഴിഞ്ഞു മാറിയും, ബസ് സ്റ്റോപ്പില്‍ പോകാതിരുന്നും ഒന്നു രണ്ടു ദിവസം കഴിച്ചുകൂട്ടി. വനജ എന്നും രാവിലെ ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കും. അവള്‍ ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ട് ടാക്സി ഡ്രൈവര്‍മാര്‍ “മോളേ അവനിനി വരില്ല നീ വേറെ നോക്കിക്കോ” എന്നു പറഞ്ഞു കളിയാക്കി ചിരിച്ചു. വനജ അതു കേട്ട് സങ്കടപ്പെട്ട് നേരെ നളിനാക്ഷന്റെ ബാങ്കിലേക്ക് പോയി എന്താ എന്നെ ഒഴിവാക്കുന്നതെന്നു ചോദിച്ചു. നളിനാക്ഷന്‍ ഒന്നുമില്ലെന്നു പറഞ്ഞെങ്കിലും വനജയ്ക്ക് വിശ്വാസമായില്ല. നല്ല തിരക്കാണു, പിന്നെ വിളിക്കാമെന്നു പറഞ്ഞ് നളിനാക്ഷന്‍ തല്‍ക്കാലം അവളെ പറഞ്ഞു വിട്ടു.

നളിനാക്ഷന് നാട്ടിലുള്ള ഏക സുഹ്രുത്താണ് ആട്ടോ ഡ്രൈവര്‍ സുഗുണന്‍ ‍. രണ്ടു പേരും ഒന്നിച്ചു പഠിച്ചവരാണു. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായത് കാരണം സുഗുണന്‍ പഠിപ്പൊക്കെ നേരത്തെ നിര്‍‌ത്തി ആട്ടോറിക്ഷാ ഡ്രൈവറായതാണു. അന്നു വൈകുന്നേരം നളിനാക്ഷന്‍ സുഗുണനെ കണ്ട് തന്റെ വിഷമാവസ്ഥയെ പറ്റി പറഞ്ഞു. വെവ്വേറെ ജാതി ആയത് കാരണം ഭാനുമതിയമ്മ സമ്മതിച്ച് വനജയെ കല്ല്യാണം കഴിക്കുകയെന്നതൊന്നും ഒരു കാലത്തും നടക്കുന്ന കാര്യമല്ലെന്നും, വനജയെ മറക്കുന്നതാണ് നല്ലതെന്നുമായിരുന്നു സുഗുണന്റെ അഭിപ്രായം. വീട്ടുകാരെ ധിക്കരിച്ച് കല്ല്യാണം കഴിച്ചാല്‍‌ തന്നെ അതൊന്നും വിജയിക്കില്ലെന്നു പല ആളുകളുടെയും അനുഭവം കാണിച്ചു സുഗുണന്‍ പറഞ്ഞു. പ്രണയ വിവാഹമൊക്കെ ഒരു താല്‍ക്കാലികമായ ആക്രാന്തമാണെന്നും ഇതിലൊന്നും ഒരു കാര്യമില്ലെന്നും നിനക്ക് ജോലിയുള്ള നല്ല പെണ്‍പിള്ളേരെ കിട്ടുമെന്നും പറഞ്ഞു സുഗുണന്‍ നളിനാക്ഷന്റെ മനസ്സിളക്കി. വനജയെ കല്ല്യാണം കഴിച്ചാല്‍ ഭാനുമതി അമ്മ പോയി ചത്താല്‍ ആ പാപം എങ്ങനെ തീരുമെന്നു കൂടി ചോദിച്ചു കഴിഞ്ഞപ്പോള്‍ നളിനാക്ഷന് പിന്നെ പിടിച്ചു നില്‍ക്കാനായില്ല. അവസാനം വനജയെ മറക്കാന്‍ നളിനാക്ഷന്‍ തീരുമാനിച്ചു. പക്ഷേ അവളോടത് പറയാനുള്ള ധൈര്യം അവനുണ്ടായില്ല. അപ്പോള്‍ സുഗുണന്‍ പറഞ്ഞു.

“എടാ ഈ പെണ്‍പിള്ളേരെയൊക്കെ ഒരു നേക്കില് കൈകാര്യം ചെയ്യണം.. ഈറ്റ്ങ്ങളുടേത് ഒരു വല്ലാത്ത മനസ്സാണ്… ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് പോയി തൂങ്ങിച്ചത്തു കളയും.. നീ പേടിക്കണ്ടാ.. ഞാന്‍ അവളോട് നേക്കില് പറഞ്ഞ് മനസ്സിലാക്കിക്കോളാം… നാളെ അവളോട് ഏതെങ്കിലും ഐസ്ക്രീം പാര്‍ലറില്‍ വരാന്‍ പറ..”

അതനുസരിച്ച് അടുത്ത ദിവസം അപ്പൂസില് വരാന്‍ വനജയോട് വിളിച്ചു പറഞ്ഞു നളിനാക്ഷന്‍ വീട്ടിലേക്ക് പോയി. പിറ്റേന്ന് സുഗുണനേയും കൂട്ടി ഒരു മണിയോടെ ഐസ്ക്രീം പാര്‍ലറിലെത്തി. കുറച്ച് കഴിഞ്ഞപ്പോള്‍ വനജയും അവളുടെ ഒരു കൂട്ടുകാരിയും വന്നു. നളിനാക്ഷന്‍ നാലു പേര്‍ക്കും ഓരോ ഐസ്ക്രീം ഓര്‍ഡര്‍ ചെയ്തു. വനജയുടെ കൂ‍ട്ടുകാരി ചക്ക കണ്ട സോമാലിയക്കാരിയെ പോലെ ഐസ്ക്രീം വെട്ടി വിഴുങ്ങാന്‍ തുടങ്ങി. ആരുമൊന്നും മിണ്ടുന്നില്ല.

“എന്താണു പറയാനുണ്ടെന്നു പറഞ്ഞത്?” ഐസ്ക്രീമില് വെറുതെ സ്പൂണ് കൊണ്ടിളക്കികൊണ്ട് വനജ ചോദിച്ചു.
“അതു… പിന്നെ..” നളിനാക്ഷന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അപ്പോള്‍ സുഗുണന്‍ ഇടപെട്ടു പറഞ്ഞു.
“അതായത് വനജേ… നളിനാക്ഷന്റെ അമ്മയ്ക്കിഷ്ടമല്ല വനജയെ. അതോണ്ട് നിങ്ങളുടെ കല്ല്യാണമൊന്നും നടക്കില്ല. അതു പറയാനാ ഞങ്ങള് വന്നത്…”

സുഗുണന്റെ എടുത്തടിച്ചതു പോലെയുള്ള സംസാരം കേട്ട് വനജ ഞെട്ടിപ്പോയി. അവളുടെ വട്ടമുഖത്തെ ഉണ്ടക്കണ്ണുകള്‍ അന്തംവിട്ടു വണ്ണംവെക്കുന്നതും പിന്നെ അവിടെ ഒരു ഉറവ പൊട്ടി വെള്ളപ്പൊക്കം ഉണ്ടാകുന്നതും, കോറത്തുണി കീറിയതു പോലെ പൊട്ടിക്കരയുന്നതും കണ്ട്, ഐസ്ക്രീം പോലെ നളിനാക്ഷന്‍ ഉരുകി നില്‍ക്കുമ്പോഴും സുഗുണന്‍ പലതും നേക്കില് പറഞ്ഞുകൊണ്ടിരുന്നു.

കൂട്ടുകാരിയുടെ ആശ്വാസവചനങ്ങള്‍ക്കും വനജയുടെ കരച്ചില്‍ നിര്‍ത്താനായില്ല. കുറേ കഴിഞ്ഞ് കര്‍ക്കിടക മഴ പോലെ എങ്ങനെയോ പെയ്തൊഴിഞ്ഞു ശാന്തയായി. പിന്നെ അവള്‍ മുഖം തുടച്ച് ബാഗ് തുറന്ന് അമ്പത് രൂപയെടുത്ത് മേശയിലിട്ട് നളിനാക്ഷനെ നോക്കാതെ ഇറങ്ങിപ്പോയി. വേണ്ടെന്ന് നളിനാക്ഷന്‍ പറയുമ്പോഴേക്കും വനജ പുറത്തെത്തിയിരുന്നു.

* * * * * *

ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഒരു സുഹൃത്തിന്റെ കൂടെ പയ്യാമ്പലം ബീച്ചിലൂടെ നടക്കുമ്പോള്‍ ആളൊഴിഞ്ഞ ഒരു മൂലയിലെ പാറക്കെട്ടിലിരുന്ന് ഉമ്മം കൊടുക്കുന്ന രണ്ടു യുവമിഥുനങ്ങളെ കണ്ടപ്പോള്‍ നളിനാക്ഷന് അതു വനജയാണോ എന്നു തോന്നി. അവന്‍ ഒരിക്കല്‍ കൂടി നോക്കി. അതെ, അതു വനജയായിരുന്നു. ഒന്നു പതറിയ നളിനാക്ഷന്‍ അവളുടെ കൂടെയുള്ളത് ആരാണെന്നു കണ്ടപ്പോ‍ള്‍ ഞെട്ടിത്തരിച്ചു പോയി........ കാരണം, അതു സുഗുണനായിരുന്നു!!!

പ്രസന്റ് ടെന്‍സ്:- വനജയും സുഗുണനും ഒളിച്ചോടിപ്പോയി കല്ല്യാണം കഴിച്ചു. വനജയുടെ വീട്ടുകാരും പിന്നീട് അവരെ സ്വീകരിച്ചു. വനജയ്ക്ക് ഗവണ്മെന്റ് ജോലി കിട്ടി. ഒരു മകളുണ്ടായി. സുഖമായികഴിയുന്നു. സുഗുണന്‍ ഇപ്പോള്‍ ഗള്‍ഫിലാണു. നളിനാക്ഷന്‍ അമ്മ പറഞ്ഞ കല്ല്യാണവും കഴിച്ച്, അമ്മയ്ക്കും ഭാര്യയ്ക്കുമിടയില്‍ ഒരു ഷട്ടില്‍കോക്കു പോലെ റെസ്റ്റ് ലെസ്സായി കഴിഞ്ഞു കൂടുന്നു.