Thursday, February 19, 2009

ഇമ്മാതിരി അമ്മായി അപ്പനെ വേണോ?

പെണ്ണു കാണാന് പോകുന്നത് ആരുടെയെങ്കിലും ചെലവില്‍ ടൂര്‍ പോകുന്നതു പോലെ രസമുള്ള ഏര്‍പ്പാടാണു. നല്ല നല്ല സുന്ദരിമാരെ കാണാം, ചായയും ചിപ്സും ജിലേബിയും കഴിക്കാം, വൈകുന്നേരം അന്നന്നത്തെ എപിസോഡ് തീര്‍ന്നിട്ട് അവന്റെ ചെലവില്‍ ചപ്പാത്തിയും ചിക്കനുമടിക്കാം. ബിഫോര്‍ ദാറ്റ്, ആപ്പിറ്റൈസറായി തണുത്ത ബീയര്‍ ചൂടോടെ കഴിക്കാം. അതു കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ പെണ്ണിനെയും വീട്ടുകാരെയും കുറ്റം പറഞ്ഞു ചിരിക്കാം.

അങ്ങനെയൊക്കെ ആണെങ്കിലും ചെറിയ വിഷമങ്ങള്‍ ഇല്ലാതില്ല. പെണ്‍കുട്ടികളുടെ വാടി പരിഭ്രമിച്ച മുഖവും, ചില വീടുകളിലെ അവസ്ഥയുമൊക്കെ കണ്ടാല്‍ പിന്നെ ആ പണിക്ക് പോകാന്‍ തോന്നില്ല. വീടിന്റെ ആധാരം സഹകരണ ബാങ്കില്‍ പണയപ്പെടുത്തി, ബാങ്ക് ലോണ്‍ ഓവര്‍ഡ്യു ആയിട്ടും പലിശ പോലും തിരിച്ചടക്കാന്‍ പറ്റാത്തവന്റെയൊക്കെ ഡിമാന്റുകള്‍ കേട്ടാല്‍ പെണ്‍വീട്ടുകാര്‍ പീറ്റ തെങ്ങിന്റെ മുകളില്‍ കയറി നല്ല ഒന്നാന്തരം പച്ച മട്ടല്‍ വെട്ടിയെടുത്ത് പുറം നിറച്ച് തരും. അവനിട്ടല്ല, കൂടെ പോകുന്നവന്.

സുഹൃത്തായ സഹദേവന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയാണു ഞാന്‍ പെണ്ണു കാണാന് പോയത്. എനിക്ക് വേണ്ടിയല്ല. വിവരമുള്ളവരാരെങ്കിലും വേലിയില്‍ റെസ്റ്റെടുക്കുന്ന രാജവെമ്പാലയെ എടുത്ത് ഉമ്മ കൊടുക്കുമോ? സഹദേവന്‍ ബാംഗ്ലൂരില്‍ ഒരു ഐ.ടി.കമ്പനിയിലാണു ജോലി ചെയ്യുന്നത്. അച്ഛനുമമ്മയും ഗവ. ജോലിക്കാര്‍. ഡിഗ്രിക്കു പഠിക്കുന്ന ഡൂഡു എന്ന സച്ചിന്‍ ഏക അനിയനാണു. ഡൂഡു ആളു പൊന്നു മോനാണു. കോളേജില്‍ പോകുന്നത് ഡ്രെസ്സുകളും, ഷൂവും, ബൈക്കും, പുതിയ മൊബൈല്‍ ഫോണും വാങ്ങാനും, പാവപ്പെട്ട പെണ്‍പിള്ളേര്‍ക്ക് ഐസ്ക്രീമും ചുരിദാറുമൊക്കെ വാങ്ങിക്കൊടുത്ത് കുടുംബത്തിന്റെ കാശു തീര്‍ക്കാനാണു. ഇത്തരം സാമൂഹിക-സാംസ്കാരിക മേഘലകളിലെ നിരന്തരമായ ഇടപെടലുകള്‍ കാരണം മൂപ്പര്‍ക്ക് പഠനത്തിനൊന്നും സമയം കിട്ടാറില്ല.

സഹദേവന്റെ അച്ഛനോട് കൂടെ ജോലി ചെയ്യുന്ന ഒരാള്‍ കൊടുത്ത വിവരമനുസരിച്ച് ഒരു ഞായറാഴ്ച സഹദേവനും, ഡൂഡുവും, ഞാനും വേറെ രണ്ടു സുഹ്രുത്തക്കളും കൂടി കാറെടുത്ത് പുറപ്പെട്ടു. പത്തിരുപത് കിലോമീറ്റര്‍ അകലെയാണു പെണ്ണിന്റെ വീടു. കുട്ടി എം.സി.എ. കഴിഞ്ഞതാണു. അച്ഛന്‍ കൃഷി ആഫീസറാണു. എല്ലാം കൊണ്ടും സഹദേവനു ചേരുന്ന ആലോചനയാണെന്നു തോന്നി.

പോകുന്ന വഴിക്കുള്ള അമ്പലത്തിനടുത്ത് എത്തിയപ്പോള്‍ സഹദേവന്‍ തൊഴുതിട്ടു വരാമെന്നു പറഞ്ഞു. ഞങ്ങള്‍ വണ്ടി ആല്‍ത്തറയുടെ അടുത്ത് പാര്‍ക്ക് ചെയ്ത് വണ്ടിയില്‍ തന്നെയിരുന്നു. അവന്‍ അമ്പലത്തിലേക്ക് പോയി. തൊഴുത് വരുമ്പോള്‍ പിറകിലായി നാലഞ്ച് പെണ്‍കുട്ടികള്‍ പടികളിറങ്ങി വരുന്നുണ്ടായിരുന്നു. അവരെ കണ്ടതും ഡൂഡുവിന്റെ മുഖം ഒന്നാം തീയതി ഫുള്‍ ബോട്ടില്‍ ഓസിനു കിട്ടിയവനെ പോലെ തിളങ്ങി.

'എന്റെ കോളേജില്‍ പഠിക്കുന്ന കുട്ടികളാ..' അവന്‍ പറഞ്ഞു.
'സഹദേവാ ഈ കൂട്ടത്തില് പറ്റിയതേതെങ്കിലും ഉണ്ടോ എന്നു നോക്കിക്കോ' ഞാന്‍ പറഞ്ഞു...'
ഡൂഡു പെണ്‍കുട്ടികളോട് ചിരിച്ച് വിഷ് ചെയ്യുന്നതിനിടയില്‍ പറഞ്ഞു. 'ആ നീല ചുരിദാറിനെ വിട്ടേക്ക്....'
'ആ പെണ്ണിനെന്താ കുഴപ്പം..?' സഹദേവന്‍ ചോദിച്ചു.
'...അല്ല.. അതു..’
'എന്താടാ...' സഹദേവന്‍ വീണ്ടും ചോദിച്ചു.
‘അതു ….അതെന്റെ ലൈനാണു...' ഡൂഡു മടിച്ചു മടിച്ചു പറഞ്ഞു.
'അയ്യടാ നീയാളു കൊള്ളാലോ' ഞങ്ങള്‍ ഒന്നടങ്കം ചിരിച്ചു.
'ആ മുന്നിലുള്ള കുട്ടിയായാലോ?' സഹദേവന്‍ വെളുത്തു മെലിഞ്ഞു, ഫ്രണ്ട് ഏരിയയില്‍ അധികം തടസ്സങ്ങളൊന്നുമില്ലാത്ത ഒരു പെണ്‍കുട്ടിയെ കാണിച്ചു കൊണ്ട് ചോദിച്ചു.
'ഏതു….?' ഡൂഡു എത്തി നോക്കിയിട്ടു പെട്ടെന്നു പറഞ്ഞു 'ഏയ്.. അതു വേണ്ടപ്പ.. അതിനു തീരെ ചെസ്റ്റ് ഇല്ല..'
സഹദേവന് ഇടി വെട്ടിയ തെങ്ങു പോലെ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ ചിരിച്ചു മറിയുകയായിരുന്നു.

അങ്ങനെ റോഡരികിലുള്ള ഓരോ വീടുകളിലും ചുരിദാറോ മാക്സിയോ പാവാടയോ അലക്കി ഇട്ടിട്ടുണ്ടോ എന്ന് തിരഞ്ഞും, വഴിയിലുള്ള പെണ്‍കുട്ടികളെ മുഴുവന്‍ എപ്പോഴും നോക്കുന്നതു പോലെയല്ലെടീ നിന്നെയൊക്കെ കെട്ടാന്‍ വേണ്ടിയാ എന്ന ധൈര്യത്തില്‍ പതിവിലും വിശദമായി നോക്കിയും, ഞങ്ങള്‍ കൃഷി ആഫീസറുടെ വീട്ടിലെത്തി. നല്ല ഭംഗിയുള്ള ഇരു നില വീട്. കാര്‍ പുറത്ത് വെച്ച് മുറ്റത്തേക്ക് കയറി. വളപ്പിലും പറമ്പ് മുഴുവനും നാനാവിധ ചെടികളും മരങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. മരങ്ങളില്‍ മുഴുവന്‍ കുരുമുളക് വള്ളികളും തഴച്ചു വളരുന്നു. ഒക്കെ കൃഷി ഭവനില്‍ നിന്നും അടിച്ച് മാറ്റിയതാവുമെന്നതില്‍ സംശയമില്ല. സിറ്റൌട്ടില്‍ മരമില്ലിന്റെ മുന്നിലെ മരത്തടി പോലെ കറുത്ത് കഷണ്ടിയായ ഒരു കരിംഭൂതം ഇരുന്ന് പത്രം വായിക്കുന്നു. കട്ടി മീശ, കണ്ണട, ഒരു ലുങ്കിയാണുടുത്തിരിക്കുന്നത്. അയാള്‍ പത്രത്തില്‍ നിന്നും തലയുയര്‍ത്തി 'എന്തിനാ വന്നത്?' എന്ന ഭാവത്തില്‍ നോക്കി. ഞങ്ങള്‍ മുറ്റത്ത് നില്‍ക്കുകയാണു. കേട്ട ലക്ഷണങ്ങളോക്കെ വെച്ചു നോക്കുമ്പോള്‍ ഇതു തന്നെയാണു വീട് എങ്കിലും ഞാന്‍ ചോദിച്ചു,
'കൃഷി ആഫീസര്‍ തമ്പാന്‍ ചേട്ടനല്ലേ..?'
'അതേ...' ഭൂതം മുരണ്ടു. വളരെ സ്വീറ്റ് വോയിസ്. പാറപ്പുറത്തു ചിരട്ട കൊണ്ട് ഉരച്ചത് പോലെ.
‘ഞങ്ങള്‍ വന്നത്.. ഇവിടുത്തെ കുട്ടിയെ കാണാനാണു.' ഞാന്‍ പതുക്കെ വിനയനായി പറഞ്ഞു. എനിക്കാണെന്നു കരുതിയതു കൊണ്ടാവും തീരെ കണ്ണില്‍ പിടിക്കാതെ അയാള്‍ ചോദിച്ചു. 'ആരാ ആളു..?' ഞാന്‍ സഹദേവനെ കാണിച്ചു കൊടുത്തു.
'നിനക്കെന്താ പണി?' കരിംഭൂതം ഗൌരവത്തില്‍ തന്നെ.
'ഇവന്‍ ബാംഗ്ലൂരില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറാണു...., പിന്നെ ബ്ലോഗും എഴുതും..' ഞാന്‍ സഹദേവനെ ഒന്നു പൊക്കി വെച്ചു.
'ഓ.. അയിനൊക്കെ ഇപ്പോ എന്നാ കിട്ടാനാ, എപ്പം എല്ലാം ഫ്ലക്സല്ലേ..' കാട്ടാളന്‍ പുച്ഛത്തില്‍ ചിറികോട്ടി കൊണ്ട് പറഞ്ഞു. ദൈവമേ.. ഈ കാലമാടന്‍ ബോര്‍ഡെഴുതുന്ന കാര്യമാ വിചാരിച്ചത്.. ഇനി അതെങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന വിഷമത്തില്‍ ഞാന്‍ നിന്നു. സഹദേവന് എന്നെ നോക്കി പല്ലിറുമി.
'അതു… കമ്പ്യൂട്ടറില്‍ പോസ്റ്റുകള്‍ ഇടുന്ന കാര്യമാ.. മമ്മൂട്ടിയൊക്കെ ഇപ്പോ തുടങ്ങിയതല്ലേയുള്ളു...'

ഞാന്‍ പറഞ്ഞത് അയാള്‍ക്ക് മനസ്സിലായില്ലാന്നു പറയാനില്ലല്ലൊ. അപ്പോള്‍ ആദാമിന്റെ കാലത്തേതു പോലെയുള്ള മോട്ടോര്‍ സൈക്കിളില്‍ ഒരു മീന്‍കാരന്‍ ഹോണുമടിച്ചു കൊണ്ട് ഗേറ്റ് കടന്നു വന്നു.

ഞങ്ങളോട് ഇരിക്കാന്‍ പോലും പറയാതെ അയാള്‍ മുറ്റത്തിറങ്ങി മീന്‍കാരന്റെ അടുത്തെത്തി ചോദിച്ചു. 'എന്താടോ മീന്‍?'
'ആഓലി, അയില, ചെമ്മീന്‍, കുഞ്ഞുംമത്തി..' മീന്‍കാരന്‍ പറഞ്ഞു.
'ആഓലി എത്രയാ...'
'കിലോ 250...'
'ചെമ്മീന്‍...?'
'കിലോ 300...'
'അയില...?'
'കിലോ 50'
ഓരോന്നിന്റേയും വില കേള്‍ക്കുമ്പോള്‍ കരിംഭൂതം ചുണ്ട് കോട്ടുന്നുണ്ടായിരുന്നു.
'കുഞ്ഞുംമത്തി എത്രയാ...?'
'കിലോ പത്ത് ..' മീന്‍കാരന്‍ നിരാശനായി പറഞ്ഞു.
'അരക്കിലോ തന്നേക്ക്...' ഭൂതം ഏറണാകുളം ടൌണില്‍ അഞ്ചേക്കര്‍ സ്ഥലത്തിനു വിലപറയുന്നത് പോലെ പറഞ്ഞു.
എന്തോക്കെയോ പിറുപിറുത്തു കൊണ്ട് മീന്‍കാരന്‍ അര കിലോ ചെറിയ മത്തി തൂക്കി പ്ലാസ്റ്റിക് സഞ്ചിയിലാക്കി ഭൂതത്തിനു കൊടുത്തു.
'രണ്ടെണ്ണം കൂടി ഇട്..' ഭൂതം പറഞ്ഞു.
'അയ്യോ മൊതലാവൂല സാറേ..'
'ഏയ് അതു പറ്റില്ല... രണ്ടെണ്ണം കൂടി..'
'ഇല്ല സാറെ... കാശെട്… ഞാന്‍ പോകട്ടെ..'
'ഏയ് രണ്ടെണ്ണം ഇടെടോ'..'
മീന്‍കാരന്‍ പിറുപിറുത്തു കൊണ്ട് ഒരു മത്തിയെടുത്ത് സഞ്ചിയിലിട്ടു.
'നീ ഒരെണ്ണം കൂടി എടുക്കപ്പാ..'
'ഇല്ല.. സാറേ... തരാന്‍ പറ്റില്ല..'
'എടുക്കെടോ''

ഭൂതം ‍കൊട്ടയില്‍ കൈയിട്ട് ഒരെണ്ണം എടുത്തു. മീന്‍കാരന്‍ അയാളുടെ കൈയ്യില്‍ പിടിച്ചു. രണ്ടു പേരും തമ്മില്‍ പിടി വലി നടക്കെ ഞാന്‍ സഹദേവനെ നോക്കി. അവന്‍ നിന്നയിടം ശൂന്യം..

തിരിഞ്ഞു നോക്കിയപ്പോ അവന്‍ ടോപ് ഗീയറില്‍ പുറത്തേക്ക് കുതിക്കുന്നു... ടൈം ഒട്ടും വേസ്റ്റാക്കാതെ ഞാന്‍ അവന്റെ പിറകെ ഓടി..... പിന്നാലെ മറ്റെല്ലാവരും..

28 comments:

  1. ഏഴുപേരു ഓണ്‍ലൈനില്‍ ഉണ്ട്; കമെന്റിടം ശൂന്യം.( കട: നിന്നയിടം ശൂന്യം..) ..എന്റേതന്നേയാകണേ കൈ നീട്ടം.

    ReplyDelete
  2. എന്റേത് തന്നേയാകണേ.. കൈനീട്ടം. എന്നു തിരുത്തി വായിക്കുക..ഒരു ധിറുതിയേ...

    അനില്‍ ന്നല്ല ഒഴുക്കുണ്ടെടാ.. ഇനി ഒരാഴ്ചത്തേക്കു എഴുതരുത്.. ദൃഷ്ടി ദോഷം കിട്ടും.

    ReplyDelete
  3. തുടക്കം പിഴച്ചിട്ടില്ല കുമാരാ... നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ ഷോര്‍ട്ട് ആന്റ് സ്വീറ്റ് പോസ്റ്റ് പോരട്ടെ :-)

    ReplyDelete
  4. 'ആ നീല ചുരിദാറിനെ വിട്ടേക്ക്....'
    -കിളിമാക്സില്‍ ആ പെണ്ണ‍ ചായയും കൊണ്ട് വരുമെന്നാ വിചാരിച്ചേ...
    (കൃഷി ആപ്പീസറുടെ ചാള കൃഷി കൊള്ളാം....)

    ReplyDelete
  5. kollam machu krishi appisarum kollam pennine kurichulla varnanayum kollam keep posting machu

    ReplyDelete
  6. ഞാനും കരുതിയത് കൃഷി ആപ്പീസറുടെ മോളെ തന്നെ ആയിരിയ്ക്കും അമ്പല നടയില്‍ കണ്ടതെന്നാണ്.

    എന്തായാലും അവിടെ നിന്നും സ്ഥലം വിട്ടത് നന്നായി. ;)

    എഴുത്ത് സൂപ്പര്‍!

    ReplyDelete
  7. താങ്കളൊരു കുമാരസംഭവം തന്നെ :) നല്ല എഴുത്ത്

    ReplyDelete
  8. ബെസ്റ്റ്, നല്ല മനുഷ്യനെ വെറുതെ മോശം പറയല്ലെ. പെണ്മക്കളുള്ള അപ്പന്മാരുടെ വിഷമം ആരറിയാന്‍.
    :)

    രസമുണ്ട് കേട്ടോ.

    ReplyDelete
  9. കുമാരേട്ടാ സഹദേവന്‍ കലക്കി. എന്നിട്ട് പുള്ളിക്കാരന്‍ കെട്ടിയോ?

    ReplyDelete
  10. കുമാരേട്ടാ , സംഭവം കലക്കി ട്ടാ

    ReplyDelete
  11. പല സ്ഥലത്തും ചിപ്സും ജിലേബിയുമൊക്കെ തിന്നു് സുന്ദരിമാരെ കണ്ടു മടങ്ങാറില്ലേ, അപ്പോള്‍ ചില സ്ഥലത്തു് ഇങ്ങിനെയുമാവാം.

    ReplyDelete
  12. Ha ha ha...aa blog ezhuthunnathu kalakki :)
    [appo pennu kanan pokumbo oru blog kayyilundenkil oru added advantage aanalle!!]

    ReplyDelete
  13. കമാരന്‍ സാര്‍ [ അങ്ങനെ വിളിച്ചോട്ടെ പ്ലീസ് :)]
    നല്ല പോസ്റ്റു!!!
    ഇതു വരെ ഉള്ള എല്ലാ പോസ്റ്റും വയിച്ചു!
    എല്ലാം സൂപ്പര്‍!!!
    എതൊ ഒരു പോസ്റ്റില്‍ ഓര്‍ക്കട്ടെരി എന്നു കണ്ടു....ഞാന്‍ അവിടുന്നാണു.

    keep writing!!! waiting for next post.

    ReplyDelete
  14. കുമാര്‍ജി,
    നന്നായിട്ടുണ്ട്. അപ്പോ കരിംഭൂതത്തിന്റെ മോളെ ഒന്നു കാണാന്‍ കൂടി പറ്റിയില്ല?! ആട്ടെ, കൂട്ടുകാരന് പെണ്ണു കിട്ടിയോ (കെട്ടിയോ)?!

    ReplyDelete
  15. രസിച്ചു ഈ കുമാരസംഭവം.

    ReplyDelete
  16. കുമാര്‍ജീ..
    സംഭവം കിടു..എന്നാലും സഹദേവന്റെ അനിയന്‍ അവനാണനിയന്‍..!

    പിന്നെ അരക്കിലൊ ചാള ചോദിച്ചിട്ട് ഒരുകിലൊ ചാള കൊടുക്കുന്ന മീങ്കാരന്‍ ഒന്നല്ലങ്കില്‍ പൊട്ടന്‍ അല്ലെങ്കില്‍ ബിസിനസ്സ് തന്ത്രജ്ഞന്‍..! (അരക്കിലൊ ഒരുകിലൊയായതെങ്ങിനെ)

    ReplyDelete
  17. kumaaran.....sambhava bahulameee...jeevitham..hhhahhahhahhahhhh

    ReplyDelete
  18. കുമാരേട്ടാ കൊള്ളാമായിരുന്നു,നല്ല ട്വിസ്റ്റ് ഉണ്ടായിരുന്നു
    ഇഷ്ടപ്പെട്ടേ..:)

    ReplyDelete
  19. കുമാരാ,
    കൊള്ളാം. നന്നായി അവതരിപ്പിച്ചു.

    ReplyDelete
  20. കമന്റുകളെഴുതിയ എല്ലാവർ‌ക്കും‌ എന്റെ നന്ദി..!!

    ReplyDelete
  21. അവരെ കണ്ടതും ഡൂഡുവിന്റെ മുഖം ഒന്നാം തീയതി ഫുള്‍ ബോട്ടില്‍ ഓസിനു കിട്ടിയവനെ പോലെ തിളങ്ങി.

    എവിടുന്നാ ഇമ്മാതിരി അമിട്ടുകളൊക്കെ കിട്ടുന്നേ..

    ഇവിടെ വരാന്‍ അല്‍പ്പം വൈകി.

    ReplyDelete
  22. doodu aalu kollamllo .. avanaane aniyan. aalde comment vaayichu thalakuthi ninnu chirichu :-)

    ReplyDelete
  23. വശംവദൻ, Pandavas, ടിന്റുമോന് : നന്ദി.

    ReplyDelete