Friday, April 24, 2020

തൊഴില്‍രഹിതര്‍


കൊറോണ ലോക്ക് ഡൗണ്‍ കാലത്ത് പണിയില്ലാണ്ടായ അനേകമാളുകളെ നമ്മള്‍ നിത്യവും കാണുന്നുണ്ടല്ലോ. അവരെയൊക്ക സര്‍ക്കാര്‍ ഫ്രീ ഫുഡും അരിയും കിറ്റുമൊക്കെ കൊടുത്ത് പൊന്നുപോലെ നോക്കുന്നുമുണ്ട്. എന്നാല്‍ ഭീകരമായ സ്വത്വനഷ്ട പ്രതിസന്ധിയിലകപ്പെട്ട ഒരു വിഭാഗം ആളുകളുടെ വലിയൊരു പ്രതിനിധിയെയാണ് ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയമായി ഇവിടെ തൊട്ടുകാണിക്കുന്നത്.

മേല്‍പ്പടിയാന്‍ ആഴ്ചയില്‍ രണ്ട് പ്രസംഗ സ്റ്റേജെങ്കിലും കിട്ടുന്ന പ്രശസ്ത എഴുത്തുകാരനും സാംസ്കാരികനായകജുബ്ബ എടുത്തണിഞ്ഞയാളും വാഴ്ത്തപ്പെട്ട ബുദ്ധിജീവിയുമാണ്. കോളേജ് കലാപരിപാടികളുടെ കാലത്ത് അത് സ്റ്റേജ് അഞ്ചെണ്ണമെങ്കിലും ആകാറുണ്ട്. ജനുവരി കഴിഞ്ഞാല്‍ ക്ലബുകളുടെ സാംസ്കാരിക സമ്മേളനങ്ങളുടെ ബഹളമായി. അതിന്നിടക്ക് പ്രമുഖ സാഹിത്യകാരന്മാരെങ്ങാനും മരിച്ചാല്‍ അനുസ്മരണം ദിവസവും രണ്ടോ മൂന്നോ സ്റ്റേജുകളുണ്ടാകും. ഇതിനൊക്കെ ജില്ല മുഴുവനും അല്ലെങ്കില്‍ കേരളം മുഴുവന്‍ ഓടി തൊണ്ട വറ്റിച്ച് പ്രബോധിപ്പിക്കുന്നതാണ്. ചിലപ്പോള്‍ മഹാഭാരതരാജ്യത്തിന് പുറത്ത് പോയി പ്രവാസകൊഴുപ്പുകളെ ബോധവല്‍ക്കരിക്കണം, ഉദ്ധരിക്കണം. ഫോറിന്‍ട്രിപ്പുകള്‍ക്ക് നല്ല യാത്രപ്പടിയും കെെയ്യിലൊതുങ്ങാത്ത സമ്മാനങ്ങളും കിട്ടും. കൂടാതെ അവിടങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനാകും എന്നതിനാല്‍ നല്ല വരുമാനവും ലഹരിയും ആസ്വാദനവുമുള്ള പാക്കേജാണ് ഓവര്‍സീസ് ട്രിപ്പ്.
കഥ എന്നൊരു ഹെഡിംഗുമിട്ട് നാലു പേജ് മുഴുവന്‍ തറപറ പറതറ എന്നെഴുതി അയച്ചാല്‍ ഏത് പത്രത്തിന്റെ അധിപനും‍ പേജിനു നാലായിരം വെച്ച് ഇപ്പോഴും കൊടുക്കാറുണ്ട്. പണ്ട് നൂറു ദിവസം ഓടിയ പടത്തിന്റെ സംവിധായകന്‍ ഇപ്പോള്‍ എടുക്കുന്ന പടങ്ങളില്‍ ഒരു നിലവാരമില്ലാഞ്ഞിട്ടും കാശ് മുടക്കാന്‍ പ്രൊഡ്യൂസര്‍മാരും കാണാന്‍ ആളുകളും ജാതകദോഷത്താല്‍ വന്നു പെട്ടുപോകാറുണ്ടല്ലോ. അതു പോലെയാണ് ഈ ദേഹിയുടേയും കഥഇടപാടുകള്‍. അടുത്തകാലത്തായി എഴുതിയതൊന്നും ജലരേഖകള്‍ പോലെ ആരും എവിടെയും സൂചിപ്പിക്കുന്നു പോലുമില്ല.

പെന്‍ഷനും എഴുത്ത്കൂലിയുമായി നല്ല തുക ടിയാന്റെ ബാങ്ക് അക്കൗണ്ടിലിരുന്ന് പൂപ്പല്‍ പിടിക്കുന്നുണ്ടെങ്കിലും പരിപാടികള്‍ക്ക് വിളിക്കുന്നവന്‍മാരെ മുറിച്ച് കിട്ടുന്ന കാശിന് ഒരു പ്രത്യേക ഇക്കിളി മണമാണെത്രെ. അവരുമായി‍ മുന്‍കൂര്‍ ധാരണയാക്കിയ പ്രകാരം തരുന്ന കിഴിക്ക് പുറമേ ഓട്ടോക്കൂലി ഇനത്തില്‍ ചെറിയ അഡ്ജസ്റ്റുമെന്റ് വരുമാനം വേറെയുമുണ്ട്. ഇത്ര കാശ് വാങ്ങിക്കണമെന്ന് സ്ഥിരം ഓട്ടോക്കാരനോട് ആദ്യമേ ധാരണപ്പെട്ടിട്ടുണ്ട്. അതിന്റെ അമ്പത് ശതമാനം അവനോട് കൃത്യമായി വാങ്ങിക്കും. ഇതിനൊക്കെ പുറമെ ദ്വേഷ്യം തോന്നുന്നവരെ പ്രസംഗത്തില്‍ അറുത്ത് മുറിക്കും, വിമര്‍ശിച്ച് കൊല്ലാക്കൊല ചെയ്യും. എല്ലാ വാര്‍ത്തയും പടവും‍ പിറ്റേന്നത്തെ പത്രത്തില്‍ വരുത്താന്‍ റിപ്പോര്‍ട്ടര്‍മാരെ ഏല്‍പ്പിക്കും. അഥവാ വന്നില്ലെങ്കില്‍ പത്രമുതലാളിയെ വിളിച്ച് പരാതിപ്പെടും.

ഇങ്ങനെ സ്വയം ഉദ്ധരിച്ച് ലോകത്തെ ഉത്ബോധിപ്പിച്ച് നടന്ന സാംസ്കാരികലോകത്തെ കരിയാത്ത കാഞ്ഞിരമരം പോലത്തെ അതികായനാണ് വെറുതെ ടി.വിയും കണ്ട് പത്രം വായിച്ച് സമയത്തെ കത്തിയെടുത്ത് കുത്തി ഒാടിക്കാന്‍ പാടുപെടുന്നത്. നേരം കൂട്ടാന്‍ വെളിച്ചിങ്ങ പോലത്തെ ചെക്കന്മാരുടെ ഫ്രീ കിട്ടിയ പുസ്തകങ്ങള്‍ കുറേയുണ്ട്. ഒക്കെ തന്റെയത്ര നിലവാരമില്ലാത്ത ജാതിമത, കള്ളുകുടി, പി.പി. കഥകളാ, കുളിക്കാനുള്ള വെള്ളം ചൂടാക്കാന്‍ ബെസ്റ്റാണെന്നാ കഥാധികാരിയുടെ അഭിപ്രായം. അല്ലെങ്കിലും മൂപ്പര്‍ക്ക് ശേഷം പ്രളയങ്ങള്‍ മാത്രമല്ലേ കേരളത്തില്‍ ഉണ്ടായിട്ടുള്ളൂ.

പണ്ട് വീട്ടില്‍ വരുന്നവനെയൊക്കെ കെെയ്യില്‍ കിട്ടിയത് എടുത്തെറിഞ്ഞ് തെറി പറഞ്ഞ് ഓടിച്ചയാളാണ്. ഇപ്പോള്‍ പുറത്തിറങ്ങാനും പറ്റില്ല, ആരും കയറി വരുന്നുമില്ല. ഭക്ഷണം ഉണ്ടാക്കിത്തരുന്നവന്‍ മാത്രം സ്ഥിരമായി വരുന്നുണ്ട്. പണ്ട് അവനോടൊന്നും മിണ്ടാത്തയാള്‍ ഇപ്പോ നാവിന്റെ പണിയും അക്ഷരങ്ങളും മറന്നു പോകാതിരിക്കാന്‍ അവനെ പിടിച്ചിരുത്തി സംസാരിക്കുകയാണ്.

വെറുതെയിരിക്കലിന്റെ ഏതോ നേരത്ത് ഇടിമിന്നല്‍ കഴിഞ്ഞ് കൂണ്‍ മുളക്കുന്നത് പോലെയാണ് കാലഭെെരവയുഗപുരുഷന് ചാനലില്‍ സാഹിത്യം വിഷയമാക്കിയ ഒരു പരിപാടി തുടങ്ങുകയെന്ന ആലോചനയുണ്ടായത്. സാഹിത്യകൃതികളെ പരിചയപ്പെടുത്തുക, പഠിക്കുക, നിലവാരം ചൂണ്ടിക്കാണിക്കുക അത്തരമൊരു പരിപാടി സാഹിത്യ വിദ്വാന്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇഷ്ടപ്പെടും, കാക്ക പ്ലസ് പശു പഴഞ്ചൊല്ല് പോലെ തനിക്കും കിട്ടും മന:സുഖം. ചാനലിലെ പരിപാടികള്‍ക്ക് നല്ല കാശുണ്ട് ലോകം മുഴുവന്‍ റീച്ചുമുണ്ട്. മറ്റുള്ള എഴുത്ത് കോമരങ്ങള്‍ക്ക് ആ പുത്തി തോന്നുന്നതിനു മുന്‍പ് തന്നെ കഥാകാരണവര്‍ പ്രമുഖരില്‍ പ്രമുഖ ചാനലിന്റെ പ്രോഗ്രാം മുതലാളിയെ വിളിച്ച് സംഗതി പറഞ്ഞു. തള്ളി പുറത്തിട്ട പുട്ട് പിന്നെയും കുറ്റിയില്‍ കയറ്റുന്നത് പോലെ ഭൂതകാല പരിപാടികള്‍ കാണിച്ച് കാണിച്ച് നാളെയെന്നത് ഒരു ഭൂതമായി അയാളെ പേടിപ്പിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. പ്രത്യേക സെറ്റ് വേണ്ടാ, യാത്രാചെലവില്ല വാര്‍ത്താവണ്ടി എഴുത്തമ്പ്രാന്റെ വീട്ടിലേക്ക് അയച്ചാ മതി. അവിടെ ഷൂട്ട് ചെയ്ത് സ്റ്റുഡിയോയില്‍ നിന്ന് വെട്ടി ചെത്തിമിനുക്കി ഗുളിക രൂപത്തിലാക്കാം. കോപ്പിലെ കുടയുടെ പോലും പരസ്യമില്ലാത്ത കാലത്ത് ഇത് ക്ലിക്കായാല്‍ രക്ഷപ്പെട്ടു. വേറൊന്നും ആലോചിക്കാണ്ട്‍ പ്രോഗ്രാം മുതലാളി കഥാമുതലാളിയുടെ സാഹിതീസല്ലാപം എയര്‍ ചെയ്യാനുള്ള പെെലറ്റ് ആഡുകള്‍ ഡിസെെന്‍ ചെയ്യാന്‍ ഉത്തരവിട്ടു.

ഉത്തമസാഹിത്യകാരന്‍ വളരെക്കാലം കൂടി വാരികകള്‍ നോക്കി പുതിയ സൃഷ്ടികള്‍ തപ്പിയെടുത്ത് പരിപാടി ഗംഭീരമായി അവതരിപ്പിച്ചു. തന്റെ സൃഷ്ടികളെ വിമര്‍ശിച്ച് ശ്രദ്ധ നേടിയവന്‍മാരെ ആസനത്തില്‍ മുളക് തേച്ച് വിടുകയും, കാലുപിടിക്കാനും തൊട്ട് സായൂജ് ആകാനും വന്നവന്മാരെ വീതിയുള്ള സ്വന്തം ചുമലുകളില്‍ പൊക്കിവെക്കുകയും ചെയ്തു. പറശ്ശിനിക്കടവ് മുത്തപ്പന്റെ ഫോട്ടോയില്‍ കാണുന്ന പട്ടിയെ പോലെ തന്റെ കൂടെ എപ്പോഴും സര്‍ക്കീട്ടിനു വരുന്ന അമ്പത് കഴിഞ്ഞ യുവകഥാകൃത്തിനെ എന്റെ സിംഹാസനത്തിന്റെ അവകാശിയെന്ന് വില്‍പ്പത്രം കൊടുത്തു. കൂട്ടത്തില്‍ നാട്ടുനടപ്പനുസരിച്ച് സംഘികളെ വിമര്‍ശിക്കുകയും, കോയാ മായാ ചന്ദനത്തിരികളൊരുക്കി സര്‍ക്കാരിനെ പൂജിക്കുകയും ചെയ്തു. ഒരു സര്‍ക്കാര്‍ അവാര്‍ഡ് കൂടി ഇനി കിട്ടാനുണ്ട്‍. ആ മുന്തിരി പുളിക്കാണ്ടിരിക്കാന്‍ ഇപ്പൊളേ നോക്കണമല്ലോ. കമ്പ്യൂട്ടറില്‍ എഴുതുന്ന കൊറേ കൊറോണകളെ "കെെകൊണ്ട് ചോറുണ്ണുന്നത് പോലെയാണ് കടലാസ്സിലെഴുതുന്നത്, കമ്പ്യൂട്ടറില്‍ എഴുതിയാല്‍ കഥയാകില്ല കറയേ ആകൂ" എന്ന് പറഞ്ഞ് ചൊറിഞ്ഞു വിട്ടു. കടന്നല്‍ക്കൂടിളകിയത് പോലെ ലവന്‍മാര്‍ പോസ്റ്റുകളിട്ട് ചാനല്‍ ഷോ നാലില്‍ നിന്ന് നാല്‍പ്പതിനായിരമാക്കും. സ്വന്തം അച്ഛനമ്മമാരെ പറഞ്ഞാലവര്‍ക്ക് പ്രശ്നമില്ല, നെറ്റില്‍ എഴുതുന്നത് മോശമാണെന്ന് പറഞ്ഞാല്‍ ബാക്കി വെക്കില്ല.

ഒരു ദിവസം അര മണിക്കൂര്‍ വീതം ഒരാഴ്ച പറത്തേണ്ടത് അര ദിവസം ഷൂട്ട് ചെയ്ത് അവര്‍ കൊണ്ടു പോയി. ചാനല്‍ വണ്ടിക്കാര്‍ക്ക് കട്ടന്‍ചായ കൊടുക്കേണ്ടി വന്നതില്‍ ചെറിയ സങ്കടം മൂപ്പര്‍ക്ക് ഉണ്ടായിരുന്നു. കാശ് കൂടുതല്‍ കിട്ടുമെന്ന് സമാധാനിച്ചു സഹിച്ചു.

എന്നാല്‍ മെനക്കെട്ട് ഷൂട്ട് ചെയ്ത പരിപാടി ഒരൊറ്റ ദിവസമേ ചാനലില്‍ വന്നുള്ളൂ. ആറിത്തണുത്ത കോമഡി പരിപാടികളുണ്ട്, വീപ്പക്കുറ്റിനായകന്‍മാരുടേയും ഈച്ച കണ്ണില്‍ കുത്തിയാല്‍ അടക്കാന്‍ പറ്റാത്ത വികാരരഹിതരുടെയുെമൊക്കെ സിനിമകളുമുണ്ട്, സാഹിതീസപര്യ മാത്രമില്ല. കഥാചാര്യന്‍ കൊലാചാര്യനായി ചൂടായി ചാനലിലേക്ക് വിളിച്ചു. ഫോണെടുത്തതും പ്രൊഡ്യൂസര്‍ ഒരു സങ്കല്‍പ്പത്തിന് അയാളുടെ തന്നെ മേശയുടെ കാലുപിടിച്ച് പറഞ്ഞു. "എന്റെ പൊന്നു സാറേ.. ഇനി അത് കൊടുത്താ എന്റെ പണി പോകും.. ഒരൊറ്റയാള്‍ പോലുമത് കാണ്ടില്ല, പരസ്യം തന്നവര്‍ പോലും പിന്‍വലിച്ചു... റേറ്റിങ്ങാണെങ്കില്‍ സൂചി ഫിറ്റായി താഴെ എണീക്കാനാകാതെ കിടക്കുന്നു.. ദയവ് ചെയ്ത് എന്നെക്കൊണ്ട് റേഷന്‍ വാങ്ങിപ്പിക്കരുത്.. അത് ഏതെങ്കിലും പാവപ്പെട്ടവന്‍ വാങ്ങിക്കോട്ടെ..”

അന്ന് വെെകിട്ട് ആറു മണിക്കുള്ള കൊറോണ ബ്രീഫിംഗില്‍ മുഖ്യമന്ത്രി ഇങ്ങനെ പറയുകയുണ്ടായി. "സാഹിത്യനായകരുടെ.. വിരക്തി (വിരകടി) ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.. ആയത് പരിഹരിക്കാന്‍.. പൂട്ടിയിട്ട ഓഡിറ്റോറിയങ്ങള്‍ അവര്‍ക്കു മാത്രമായി... പ്രസംഗിക്കാന്‍ തുറന്നു കൊടുക്കുന്നത്‍ സര്‍ക്കാരിന്റെ‍ പരിഗണനയിലുണ്ട്..”

3 comments:

  1. സംഭവം ക്ലാസ്സായിട്ടുണ്ട് ...കലക്കീട്ടാ ഭായ് 

    ഈ അടച്ചുപൂട്ടൽ ഇങ്ങനെ പോകുയാണേൽ 
    നാട്ടിലുള്ള വിരമിച്ച പല കലാ സാഹിത്യ സാംസ്‌കാരിക 
    നായകരുടെയും ഗതി കട്ടപ്പൊക തന്നെയാകും  കേട്ടോ കുമാർ ഭായ് 

    ReplyDelete
  2. കൊറോണ കാലത്തെ കഥകൾ . സീരീസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

    ReplyDelete
  3. കുറേ കാലമായി കുമാരസമ്പവം വായിച്ചിട്ട്... കൊളച്ചേരി യിൽനിന്ന് എതാനും വാര അകലെയാണ് ടിയാണെന്ന്.ഇപ്പയാ അറിഞ്ഞാത്...ഭാവുകങ്ങൾ സഹോ

    ReplyDelete