Friday, April 24, 2020

ലോക്ക് ഡൗൺ ലവ്

കൊറോണക്കാലത്തിന് ഒരു മാസം മുമ്പാണ് കുട്ടന്‍ പോലീസിന് ഭാര്യവീടിനടുത്തുള്ള സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. എല്ലാ പുതുക്കക്കാരായ ഭര്‍ത്താക്കന്മാരെയും പോലെ ടി പോലീസുകാരനും ഭാര്യാഗൃഹം പൂകല്‍ വളരെയധികം സന്തോഷപ്രദമായ കാര്യമായിരുന്നു. അമ്മായിയമ്മ-അപ്പന്മാരുടെ മോനേ.. ന്നുള്ള ഇളംകുളിരുള്ള വിളി, ചിക്കന്‍ മീനുള്‍പ്പെടെയുള്ള ഭക്ഷണസല്‍ക്കാരം, ബന്ധുക്കളുടെയും അയല്‍വീട്ടുകാരുടെയും സ്നേഹാന്വേഷണം-ബഹുമാനം, ഗള്‍ഫിലുള്ള അളിയന്റെ ഇടവിട്ടുള്ള വിളികള്‍-ഗിഫ്റ്റുകള്‍, സര്‍വ്വോപരി അമ്മായിയപ്പന്‍ എക്സ് മിലിട്ടറി പട്ടാളം പുരുഷുവിന്റെ മിലിട്ടറി ക്വോട്ടയിലെ വിഹിതം.. അങ്ങനെ ഭാര്യാഗൃഹം സുഖം, സമാധാനം, സന്തോഷം, സമൃദ്ധം.

സ്വന്തം വീട്ടിലാണെങ്കില്‍ അമ്മയും ഭാര്യയുമായുള്ള ശംഖ് വിളി പോലെ മെല്ലെ തുടങ്ങി ഉച്ഛസ്ഥായിയിലെത്തി തീരുന്ന വഴക്കുകള്‍, ഭാര്യയുടെ തീരാപരാതികള്‍, അമ്മയുടെ കുറ്റപ്പെടുത്തലുകള്‍, അനിയത്തിയുടെ കുശുമ്പ്.. ഇങ്ങനെ താരതമ്യം ചെയ്തപ്പോള്‍ കുട്ടന്‍ പോലീസിന് സ്വന്തം വീട് മടുത്തു. ആയതിന്റെ കൂടെ എന്റെ വീട്ടില്‍ പോയി നില്‍ക്കാം അവിടെയവര്‍ ഒറ്റക്കല്ലേ എന്ന തലയിണമന്ത്രം കൂടിയായപ്പോളാ‍ണ് ഭാര്യാഗൃഹത്തിനടുത്തേക്ക് റിക്വസ്റ്റ് കൊടുത്തതും അത് അനുവദിക്കപ്പെട്ടതും. ഓര്‍ഡര്‍ കിട്ടിയതും അമ്മ അച്ഛന്‍മാരുടെയും കല്ല്യാണം കഴിയാത്ത അനിയത്തിയുടെയും കണ്ണീര്‍ എപ്പിസോഡുകള്‍ കാണാതെ കുട്ടന്‍പോലീസും ഭാര്യയും വസ്ത്രങ്ങള്‍ കുത്തിനിറച്ച ബാഗുകളുമായി ഭാര്യാവീട്ടിലെ മുകളിലെ നിലയിലെ അളിയന്റെ എ.സി.മുറിയിലേക്ക് മെെഗ്രേറ്റ് ചെയ്തു സുഖജീവിതം ആരംഭിച്ചു. കട്ടിലും അലമാരയും എടുക്കണമെന്ന ഒരു പ്ലാനുണ്ടായെങ്കിലും നാട്ടുകാരെന്ത് വിചാരിക്കും.. ലേശം കഴിഞ്ഞിട്ടാവാം എന്ന് കരുതി മാറ്റിവെച്ചു.

ശേഷം ഒരു മാസം കഴിഞ്ഞ് കൊറോണക്കാലം വന്ന് ലോക്കൗട്ട് പ്രഖ്യാപിച്ചപ്പോള്‍ കുട്ടന്‍ പോലീസ് പുതിയ സ്റ്റേഷനിലും നാട്ടിലും ഹീറോ നമ്പര്‍ വണ്ണായി.

ആരെ വേണമെങ്കിലും ഓടിക്കാം, നടുപ്പുറത്ത് ലാത്തി കൊണ്ടടിക്കാം, തെറിപറയാം, വഴിതടഞ്ഞ് മടക്കിയയക്കാം, ചെറുവാല്യക്കാരെ മൂക്ക്കൊണ്ട് ഹിന്ദി വരപ്പിക്കാം, അത് വാട്സാപ്പിലിട്ട് അടികൊണ്ടവന്റെ ഒഴിച്ച് ബഹുജനസാമാന്യത്തിന്റെ ലെെക്ക് വാങ്ങാം. അങ്ങനെ പോലീസുകാര്‍ക്ക് നാട്ടുകാരുടെ അസുലഭ സ്നേഹം നിര്‍ലോഭം കിട്ടാനിടയായ ആ കൊറോണക്കാലത്ത് ഭാര്യയുടെ നാട്ടില്‍ കുട്ടന്‍പോലീസ് കടലാസില്‍ പറഞ്ഞതു പോലെ ജോലി ചെയ്ത് പേരും പെരുമയും നേടി പെരും ആളായി.

ഭാര്യാവീട്ടുകാരും ബന്ധുക്കളും മരുമകന്റെ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും വര്‍ണിച്ചുള്ള ഗാഥാഗീതികള്‍ കണ്ടും കേട്ടും പുളകിതരായി. പാകിസ്ഥാന്‍ അതിര്‍ത്തിപോലെ ബാരിക്കേഡ് കെട്ടി മാലോകരെ തടയുന്ന ഡ്യൂട്ടി സ്ഥലത്തേക്ക് കുട്ടന്‍പോലീസിനും എസ്.എെ.ക്കും സഹപോലീസുകാര്‍ക്കും ഭാര്യവീട്ടുകാര്‍ നിത്യേന വെപ്പുകാരനെ വെച്ച് പുഴമീനും ചിക്കനും ചേര്‍ത്തുള്ള ഉച്ചഭക്ഷണം ഉണ്ടാക്കി കൊടുത്തയച്ചു. കിടിലന്‍ ഫുഡ് ഡെയിലി കിട്ടിയതിനാല്‍ എസ്.എെ.യുടെ മുന്നില്‍ കുട്ടന്‍പോലീസിന്റ ഗ്രാഫ് കൊറോണ പടരുന്നത് പോലെ ഉയര്‍ന്നുപൊന്തി. കഴിക്കുന്ന സമയത്ത് ഭാര്യാമാതാവിന്റെ വിളി വരും. "മോന്‍കുട്ടാ.. മീന്‍കൂട്ടാന്‍ ഇഷ്ടമായോ..?” സ്വന്തം അമ്മ മരുന്ന് വാങ്ങിക്കാന്‍ വേണ്ടി വിളിച്ചാല്‍ "എന്ത്ന്നാമ്മേ വെറുതെ വിളിച്ചോണ്ടിരിക്കുന്നേ..” എന്നു പറയുന്ന കുട്ടന്‍ പോലീസ് "നന്നായിരിക്കുന്നു മമ്മാ..” എന്ന് പറയും. അത് അങ്ങനെയാണ്, കല്യാണം കഴിഞ്ഞാല്‍ ഭാര്യവീട്ടില്‍ പോയാല്‍ പുയ്യാപ്ലമാര്‍ക്ക് അമ്മ മമ്മയും മമ്മിയുമാകും. ഒരു പൊങ്ങച്ചം, അത്രേള്ളൂ.. ക്രമേണ മാറിക്കോളും.

ഇതൊക്കെ കണ്ട് സഹപ്രവര്‍ത്തകരായ പോലീസുകാര്‍ക്ക് താന്താങ്ങളുടെ ഭാര്യാഗൃഹങ്ങളിലെ പരിതാപകതയോര്‍ത്ത് കലിപ്പായി. ആയത് അവര്‍ തങ്ങളുടെ മുന്നില്‍പ്പെടുന്ന ഹതഭാഗ്യരായ ചെക്കന്മാരുടെ മേല്‍ തീര്‍ത്തു.

അന്നും വെെകിട്ട് അനുസരണയില്ലാത്ത മലയാളികള്‍ സമുഹത്തില്‍ കൊറോണയുടെ മൊത്ത വ്യാപനം നടത്തുന്നുണ്ടോ എന്ന് നോക്കാന്‍ ജീപ്പില്‍ കറങ്ങുമ്പോഴാണ് കവലയിലെ കടയില്‍ പത്തോളം പേര്‍ കൂട്ടംകൂടിനില്‍ക്കുന്നത് കുട്ടന്‍പോലീസും കൂട്ടരും കണ്ടത്. എസ്.എെ.യുടെ മുന്നില്‍ ആളാകാനുള്ള പോലീസുകാരുടെ ആരാദ്യം ഇറങ്ങുമെന്ന ഇറക്കുമതി മല്‍സരത്തില്‍ വിജയിച്ചത് സ്മാര്‍ട്ട്കുട്ടന്‍പോലീസായിരുന്നു. മൂപ്പര്‍ ഉടനെ കടയിലേക്ക് ഓടിച്ചെന്ന് കൂടിയിരുന്നയാളുകളെ മുഖംനോക്കാതെ പിന്‍ഭാഗം മൊത്തത്തില്‍ സെലക്ട് ചെയ്ത് ലാത്തികൊണ്ട് അറിഞ്ഞുപെരുമാറി. ആരോഗ്യസ്ഥിതിക്കനുസരിച്ച് പ്രാണരക്ഷാര്‍ത്ഥം അടിയുംകൊണ്ട് വിരണ്ടോടിയ ആ കൂട്ടത്തില്‍ ബാലകന്‍മാരില്ലെങ്കിലും ആബാലവൃദ്ധം എന്ന് ധെെര്യമായി പറയാം. കാരണം ആ കൂട്ടത്തില്‍ ഒരു ബാലകൃഷ്ണനുണ്ടായിരുന്നു.
അന്നു രാത്രി പോലീസുകാരുടെ ബ്രാന്റ് വെഹിക്കിളായ സ്കൂട്ടറില്‍ ഭാര്യാഗൃഹത്തിലെത്തിയ കുട്ടന്‍ പോലീസിന് അവളില്‍ നിന്നും ഊഷ്മളതക്ക് പകരം തണുതണുപ്പന്‍ സ്വീകരണമാണ് കിട്ടിയത്.

സാധാരണ ഓടിവന്ന് ബാക്ക്പാക്ക് വാങ്ങി "അച്ഛാ.. അമ്മേ.. കുട്ടേട്ടന്‍ വന്നൂ..” എന്ന് വിളിച്ചു പറഞ്ഞ് അയല്‍ക്കാരെ പോലും കൊഞ്ചിക്കൊഞ്ചി അറിയിക്കുന്നവള്‍ മൂ‍ഡോഫായത് കുട്ടന്‍പോലീസിനും സ്ട്രെെക്ക് ചെയ്തു. അതൊന്ന് സോള്‍വാക്കാന്‍ "ഇന്നത്തെ ഫുഡ് സൂപ്പറായി.. കേട്ടോ..” എന്ന് പറഞ്ഞ് നാവ് വായിന്റെ അകത്തിട്ടതും വീടിന്റെ അകത്ത് നിന്നും കുട്ടന്‍ പോലീസിന്റെ ബാഗ് പറന്നു മേത്ത് വന്നു വീണു. പിന്നാലെ വന്ന അമ്മായിയപ്പന്‍ റിട്ട. പട്ടാളം പുരുഷു ഉറഞ്ഞു തുള്ളി ഇങ്ങനെ പറഞ്ഞു.

"ഇത്രയും ദിവസം എന്റെ വീട്ടില്‍ നിന്ന്, എന്റെ വീട്ടിലുറങ്ങി, എന്റെ ചോറ് തിന്നിട്ട് നിനക്ക് അടിച്ചുപൊളിക്കാനും എന്റെ പുറം തന്നെ വേണമല്ലെടാ.. ഈ നിമിഷം ഇറങ്ങിക്കൊള്ളണം എന്റെ വീട്ടില്‍ നിന്ന്....”

1 comment:

  1. കൊറോണക്കാലത്തെ കോപ്രായമായിട്ട്
    അമ്മയപ്പനേയും നല്ല ചാമ്പ് ചാമ്പി പടിക്ക് 
    പുറത്തായ കുട്ടൻ പോലീസ്  

    ReplyDelete