Friday, June 19, 2020

പ്രതി വലയിലാണ്


ടൌണ് സ്റ്റേഷനിലെ പോലീസുകാര്ക്ക് അതൊരു തിരക്കുപിടിച്ച ദിനാരംഭമായിരുന്നു. നഗരഹൃദയത്തിലെ ഷോപ്പിങ്ങ് കോംപ്ലക്സിന്റെ വരാന്തയില് ഒരു മധ്യവയസ്കന് ക്രൂരമായി വെട്ടിക്കൊലചെയ്യപ്പെട്ട നിലയില് കിടക്കുന്നു. പത്രക്കാരും ചാനലുകാരും നാട്ടുകാരും സെല്ഫിക്കാരും ഗതാഗതം തടസ്സപ്പെടുത്തി സംഭവസ്ഥലത്ത് വളഞ്ഞു നില്ക്കുന്നു. സകല ചാനലിലും പോലീസിന്റെ അനാസ്ഥയെപ്പറ്റി ചര്ച്ചകള്. ക്രമസമാധാനം തകര്ന്നു തരിപ്പണമായി, പോലീസ് മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷത്തിന്റെ മുറവിളി. മുകളിലുള്ള ഉദ്യോഗസ്ഥരുടെ തെറിവിളി, ആകെ ബഹളമയം, സ്വെെര്യക്കേട്.
എസ്.എെ.യും, സി.എെ.യും ഉള്പ്പെടെ സകല പോലീസുകാരും പോസ്റ്റ്മോര്ട്ടത്തിനും കൊലപാതകിയെ തിരയാനുമായി വലയുമെടുത്ത് പറന്നു നടക്കുകയാണ്. സ്റ്റേഷനില് മാധവന് പോലീസും ബീനപ്പോലീസും മാത്രമേയുള്ളു. മാധവന് പോലീസ് നിര്ത്താതെ അടിക്കുന്ന ഫോണ് അറ്റന്ഡ് ചെയ്ത് മറുപടി പറഞ്ഞും തലപ്പത്തിരിക്കുന്നവരുടെ ചീത്ത കേട്ടും വലഞ്ഞിരിക്കുകയാണ്. ബീനപോലീസാണെങ്കില് ഒന്നാം ക്ലാസിലെ വാട്സാപ്പ് ഗ്രൂപ്പ് നോക്കി മുഖത്ത് നവരസങ്ങള് വിരിയിച്ചുകൊണ്ടിരിക്കുന്നു. ഇത്ര തിരക്ക്പിടിച്ച് പണിയെടുക്കുമ്പോഴും ആയമ്മ ഒന്നു സഹായിക്കുന്നില്ലാന്ന് മാത്രമല്ല, യാതൊരു ടെന്ഷനുമില്ലാതെ ഫോണില് കുത്തി വരച്ച് എന്ജോയ് ചെയ്തിരിക്കുന്നു.
ആ സമയത്താണ് കുളിച്ച് വൃത്തിയായി വെളിച്ചെണ്ണയിട്ട് മുടിചീകി നല്ല വസ്ത്രങ്ങളിട്ട ഒരുത്തന് കയറി വന്ന് എസ്.എെ.യെ ചോദിക്കുന്നത്.
"എസ്.എെ. സ്ഥലത്തില്ല.. എന്താ കാര്യം..?”
"എപ്പോള് വരും‍‍..?”
"അതൊന്നും പറയാന് പറ്റില്ല.. ഉച്ചയാകും..”
"എന്നാ വരുന്നത് വരെ കാത്തിരിക്കാം.”
“എന്നാ നീ ആ തോക്കും പിടിച്ച് അവിടെങ്ങാനുമിരുന്നോ. ഇവിടെയൊരു കാവലായല്ലോ..” അത് മാധവന് പോലീസ് പതുക്കെയാണ് പറഞ്ഞത്.
ഫോണ് എടുക്കലും ബാക്കി പണികളുമായി മാധവന് പോലീസ് പിന്നെയും തിരക്കുകളിലേക്ക് നീങ്ങി. ചുവരിലെ ടി.വി.യില് വാര്ത്താവതാരക താരങ്ങള് വെട്ടുകിളിക്കൂട്ടങ്ങളായി കുടഞ്ഞ് കീറി മല്സരിച്ച് ആര്ത്തലക്കുകയാണ്. മരിച്ചയാളുടെ വീട്, മുറി, പോകുന്ന വഴികള്, ധരിക്കുന്ന വസ്ത്രങ്ങള്, സ്ഥിരം മൂത്രമൊഴിക്കുന്ന പറമ്പ്.. എല്ലാത്തിന്റെയും തല്സമയ സംപ്രേഷണ ശകലങ്ങള് പരസ്യങ്ങളുടെ തണുത്ത ഇടവേളകളെ ചൂടാക്കുന്നു. ബീനപോലീസ് വാട്സാപ്പില് നിന്നും ഷോര്ട്ട് ബ്രേക്കെടുത്ത് മുഖം കഴുകി വന്ന് താണും ചരിഞ്ഞും സെല്ഫി എടുക്കാന് തുടങ്ങി.
ഒരു മണിക്കൂര് കഴിഞ്ഞ് മാധവന് പോലീസ് വെറുതെ പുറത്ത് നോക്കുമ്പോ നേരത്തെ വന്നവന് വരാന്തയില് തന്നെ ഇരിക്കുന്നു. അത് കണ്ടപ്പോ മൂപ്പര്ക്ക് കലിപ്പിളകി. "എടാ നിന്നോടല്ലേ പറഞ്ഞത് എസ്.എെ. ഇല്ലാന്ന്.. നീ പോയി നാളെ വാ..”
"അത് പറ്റില്ല സാറേ.. ഞാന് കാത്ത് നിന്നോളാം.."
"നീ നിക്ക്വോ ഇരിക്ക്വോ എന്ത് വേണേലുമാക്ക്.. മനുഷ്യനിവിടെ കാലിച്ചായ കുടിക്കാന് പോലും സമയമില്ലാണ്ട് നിക്ക്വാ.."
സമയം ഒച്ചിന്റെയല്ല. മുയലിന്റെ വേഗതയില് ഓടി. ഉച്ചയാകുമ്പോഴേക്കും പോലീസ് ജീപ്പുകള് ഇന്റര്ലോക്ക് ചെയ്ത മുറ്റത്തൂടെ പൊടി പറത്താണ്ട് പറന്നു വന്നു. മാധവന് പോലീസും ബീനപോലീസും ചാടിയെണീറ്റ് അറ്റന്ഷനായി. ഒരു ബംഗാളിപ്പയ്യനേയും വലിച്ചുകൊണ്ട് എസ്.എെ.യും പോലീസുകാരുമെല്ലാം അകത്തേക്ക് ഇരച്ചു കയറി. സെല്ലിലേക്ക് കൊണ്ട് പോകുമ്പോഴുള്ള അടി അതിനകത്ത് വെച്ചും തുടര്ന്നു. അവന്റെ രാഷ്ട്രാഭാഷാ നിലവിളി ഉച്ഛസ്ഥായിയില് നിന്നും കീഴ്സ്ഥായിയിലേക്ക് രൂപാന്തരം പ്രാപിച്ചപ്പോള് ലോകഭാഷാകരച്ചിലായി മാറി. കുറച്ച് കഴിഞ്ഞ് ഒരു പോലീസുകാരന് എസ്.എെ.യുടെ മുറിയിലേക്ക് വന്ന് പറഞ്ഞു.
"സാറേ കൊന്നത് അവന് തന്നെ.. കുറ്റം സമ്മതിച്ചു.."
"ഓകെ.. വെരി ഗുഡ്... എല്ലാവരെയും ഇങ്ങോട്ട് വിളിക്ക്.." പോലീസുകാരെല്ലാം ഹാളില് ഫാളിന്നായി.
"എസ്.പി.യും പത്രക്കാരും ഉടനെയെത്തും.. കേസിന്റെ കടലാസൊക്കെ വേഗം ശരിയാക്ക്.. പത്രസമ്മേളത്തില് പ്രതിയെ പിടിച്ച ന്യൂസ് പുറത്ത് വിടുകയാണ്.. ഇത്ര നേരം നമ്മളെ കുറ്റം പറഞ്ഞവനൊക്കെ നാണം കെടണം.. നമ്മളുടെ ടീമിന്റെ കാര്യക്ഷമത എല്ലാരുമറിയട്ടെ.. വേഗം..."
പോലീസുകാരൊക്കെ യേസ് സാര്.. പറഞ്ഞ് പോയി. അപ്പോള് മാധവന് പോലീസ് പറഞ്ഞു.
"സാര്.. കുറേ നേരമായി ഒരുത്തന് സാറിനെ കാത്ത് നില്ക്കുന്നു.."
"എന്തിന്..?"
"എന്തോ പേഴ്സണല് കാര്യം പറയാനാണെന്ന്.."
"ഉം.. വരാന് പറയ്.."
രാവിലെ മുതല് ക്ഷമയോടെ പുറത്ത് നിന്നവന് മാധവന് പോലീസിനാല് ആനയിക്കപ്പെട്ട് എസ്.എെ.യുടെ മുന്നിലേക്ക് വന്നു മണങ്ങി വണങ്ങി നിന്നു. എന്നിട്ട് കെെയ്യിലെ പ്ലാസ്റ്റിക് കവറില് നിന്നും ചോരപുരണ്ട ഒരു കൊടുവാളെടുത്ത് നിഷ്കളങ്കനായി പറഞ്ഞു.
"സാറേ.. ഞാന് കീഴടങ്ങാന് വന്നതാ.. ഇന്നലെ രാത്രി ടൌണിലെ ഷോപ്പിംഗ് കോംപ്ലക്സിലിട്ട് ഒരാളെ കൊന്നു..."
"അപ്പോള് സെല്ലില് കിടക്കുന്നവനോ..?" എസ്.എെ.യുടെ അര്ത്ഥഗര്ഭമായ ചിരി കണ്ട് പുറത്ത് ചാടാന് വന്ന വാക്കുകളെ മാധവന് പോലീസ് കടിച്ചമര്ത്തി.