ആസന്നമരണയായ പ്രകൃതിയെ ഹരിതാഭയാക്കാനും കമുക് കൃഷി പ്രോത്സാഹിപ്പിക്കുവാനുമായി കേരളം മുഴുവന്‍ കമുകിന്‍പാളയില്‍ ആസനം കുത്തിയിരുന്ന് സഞ്ചരിച്ച് കമുകിന്‍തെെ നടീലും കമുക് ബോധവല്‍ക്കരണവും നടത്താനുള്ള പാളതീര്‍ത്ഥാനന്ദ നിന്തിരുവടി സ്വാമികളുടെ പ്രഖ്യാപനം വെറുമൊരു ഫേസ്‍ബുക്ക് പോസ്റ്റായി വലയുലകത്തിന്റെ ഏതോ കോണില്‍ മാറാല പിടിച്ചിരിക്കുകയേ ഉണ്ടായിരുന്നുള്ളൂ. അപ്രധാനകാര്യങ്ങളെ വിമര്‍ശിച്ച് മെന്‍ഷന്‍ ചെയ്ത് മെയിന്‍സ്ട്രീമില്‍ കൊണ്ട് വന്ന് കാണാത്തവരെ അറിയിക്കുകയെന്ന സെെബര്‍ ലോകത്തിന്റെ പൊതു സ്വഭാവമാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. പ്രശസ്ത ആക്ടിവിസ്റ്റും കോളമിസ്റ്റും സെല്‍ഫിയിസ്റ്റും നിത്യേന ഫേസ്‍ബുക്കില്‍ പോസ്റ്റിട്ടില്ലെങ്കില്‍ ശോധന കിട്ടാത്തവരുമായ ഒരു ടീച്ചറമ്മയാണ് പാളസ്വാമിയുടെ കേരള പൃഷ്ഠചലനസഞ്ചയത്തെ ആഗോളപ്രശസ്തമാക്കിയത്.
പോസ്റ്റ് വന്നതും മാങ്ങക്കെറിഞ്ഞ കല്ല് കാക്കയുടെ വീട്ടില്‍ വീണത് പോലെ ടീച്ചര്‍ഫാന്‍സ് കരിമലയിറങ്ങി വന്ന് പരിഹാസവും വിമര്‍ശനവും സ്വാമീപിതൃസ്മരണകളുമായി ചറപറാ കമന്റുകളിട്ട് സജീവമായി. സ്വാമിയുടെ പോസ്റ്റിലെ ഡിസ്‍ലെെക്ക് ബട്ടന് നീരുവന്നു വേദനിച്ചു. എന്നാല്‍ ഒരു പരിധി കഴിഞ്ഞപ്പോള്‍ ആ ടെെപ്പ് ആളുകളെ വകഞ്ഞ്മാറ്റി മനുഷ്യാവകാശം, വ്യക്തിസ്വാതന്ത്ര്യം, പരിസ്ഥിതിസ്നേഹം തുടങ്ങിയ ടീമുകള്‍ യാത്ര സപ്പോര്‍ട്ട് ചെയ്ത് ടീച്ചറമ്മയെ ആക്രമിച്ച് കുടഞ്ഞിട്ട് തൂത്തുവാരി വേസ്റ്റ്ബിന്നിലിട്ടു. ലക്ഷക്കണക്കിന് അംഗങ്ങളുള്ള പാളസ്വാമി ആര്‍മി പേജ് പോലും പൊടുന്നനെ രൂപീകരിക്കപ്പെട്ടു. വിമര്‍ശനം ഒട്ടും ഇഷ്ടമല്ലാതിരുന്നിട്ടും സെെബര്‍ ആര്‍മിയുടെ അംഗബലം കണ്ടിട്ട്, 25 ക്വിന്റല്‍ ലെെക്കും കുന്നോളം കമന്റ്സും കിട്ടിയതിനാല്‍ ടീച്ചറമ്മ ഹാപ്പിയമ്മയായി നിറകുളിരുമായി പിന്‍വാങ്ങി.
ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വരുന്നത് നാളെ പത്രദൃശ്യമാധ്യമങ്ങള്‍ ഏറ്റുപിടിക്കുമല്ലോ. അങ്ങനെ പാളസ്വാമിയുടെ അടക്കാമരപത്ര പൃഷ്ഠചലനയാത്ര ചാനലുകളില്‍ ചര്‍ച്ചയായും പത്രങ്ങളില്‍ ഒന്നാം പേജില്‍ വാര്‍ത്തകളായും നിറഞ്ഞുതുളുമ്പി. അഞ്ച് പെെസയുടെ ചെലവില്ലാതെ ലക്ഷക്കണക്കിന് കാശിന്റെ പരസ്യം വാര്‍ത്തയായി കിട്ടിയതിനാല്‍ സ്വാമി ക്യാമ്പും യാത്രക്ക് സജീവമായി. ആഗോളമലയാളി സമൂഹം മുഴുവന്‍ സ്വാമികളുടെ കേരളയാത്രയില്‍ ഫോക്കസ്ഡായി.
ആറടി ഉയരത്തില്‍ കഴുത്തോളം മുടിയും ട്രിം ചെയ്ത താടിയും വെച്ച, കാവിമുണ്ടും ജുബ്ബയുമിട്ട സുമുഖസുന്ദരനാണ് അടക്കാനന്ദസ്വാമികള്‍. നാടായ നാരികളെല്ലാം ആ യവനസൌന്ദര്യത്തില്‍ ആകൃഷ്ടരായി യാത്രയില്‍ പങ്കാളികളാകാന്‍ പുത്തന്‍ പുടവ വാങ്ങി ഒരുങ്ങി.
വന്‍ സെറ്റപ്പാണ് സ്വാമികളുടെ യാത്രക്ക് ഒരുക്കിയിരുന്നത്. പൃഷ്ഠചലന യാത്രയുടെ ഏറ്റവും മുന്നില്‍ കമുകിന്‍ പാളയില്‍ നെല്ലിമരച്ചപ്പ് കൊണ്ടുണ്ടാക്കിയ കുഷനില്‍ സ്വാമികളിരിക്കും. രണ്ട് സഹായികളോ ആരാധകരോ റോഡിലൂടെ ആ എണ്‍പത് കിലോ ഇറച്ചി പതുക്കെ വലിക്കും. സ്വാമികള്‍ അതിലിരുന്ന് റോഡിനിരുവശത്തുമുള്ള ആരാധകരെ കെെവീശി അനുഗ്രഹിക്കും. വിശ്രമിക്കുന്നയിടത്തെല്ലാം കമുകിന്‍ തെെകെള്‍ നടും. പാളപത്രം വലിക്കാന്‍ അവസരം കിട്ടാത്ത അഭ്യസ്ഥവിദ്യരും നിരക്ഷരന്‍മാരും കൂടെ നടന്ന് ഇടക്കിടക്ക് പാള തൊട്ട് തലയില്‍വച്ച് ആനന്ദനിര്‍വൃതിയടയും.
പാളവണ്ടിയുടെ പിന്നിലായി സ്വാമികള്‍ക്ക് ഓരോ മണിക്കൂര്‍ കഴിഞ്ഞാല്‍ വിശ്രമിക്കാനായി കാരവന്‍ മെല്ലെ വരുന്നുണ്ടാകും. അതില്‍ വെച്ചാണ് സ്വദേശിവിദേശി മാധ്യമങ്ങള്‍ക്ക് സ്വാമികള്‍ ഇന്റര്‍വ്യൂ കൊടുക്കുന്നത്. അതില്‍ തന്നെ തയ്യാറാക്കിയ ഓഫീസിലിരിക്കുന്ന രണ്ട് സുന്ദരികളാണ് മെയിലുകളും സംഭാവനകളും സോഷ്യല്‍ മീഡിയ അക്കൌണ്ടുകളും ബാങ്ക് അക്കൌണ്ടും കെെകാര്യം ചെയ്യുന്നത്. തൊട്ടുപിന്നിലെ രണ്ട് പിക്കപ്പ് വാനുകളിലാണ് കീറിപ്പോകുന്ന പാളകള്‍ മാറ്റിയിടാനുള്ള സ്പെയര്‍പാളകളും നടുവാനുള്ള കമുകിന്‍ തെെകളും സൂക്ഷിച്ചിട്ടുള്ളത്. വലിക്കുമ്പോള്‍ കീറിപ്പോകുന്ന നിന്തിരുവടി സ്വാമികളുടെ പൂജനീയ പൃഷ്ഠം പതിഞ്ഞ പാളകള്‍ അപ്പപ്പോള്‍ കഷണങ്ങളായി മുറിച്ചെടുത്ത് ഭക്തജനങ്ങള്‍ക്ക് വില്‍ക്കും. അവരത് കൊണ്ടുപോയി വീടുകളിലെ പൂജാമുറികളില്‍ ഭക്തിയോടെ സൂക്ഷിക്കും.
പിന്നിലെ ആംബുലന്‍സിലുള്ള മെഡിക്കല്‍ സംഘം ഒാരോ വിശ്രമവേളകളിലും സ്വാമിയുടെ ആരോഗ്യസ്ഥിതിയും പൃഷ്ഠത്തിന്റെ തേയ്മാനവും പരിശോധിച്ച് വിലയിരുത്തി നാസക്ക് റിപ്പോര്‍ട്ട് നല്‍കും. പാളയും ടാറിലെ കാര്‍ബണും അധോവായുവും ചേര്‍ന്നുരയുമ്പോളുള്ള വാതകം ഓസോണ്‍പാളികളുടെ ഓട്ടയടയാന്‍ സാധിക്കുമെന്നാണ് അവരുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഹാള്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളിലെ ആരാധകഭക്തരുടെ വീടുകളിലാണ് സ്വാമികളുടെ താമസ ഭക്ഷണ വിശ്രമങ്ങള്‍ ഒരുക്കിയിരുന്നത്. ആയതിനു പോലും പ്രീബുക്കിങ്ങ് വേണ്ടിയിരുന്നു. സ്വാമികള്‍ കേരളക്കരയെ കോരിത്തരിപ്പിച്ച് മുന്നേറുമ്പോള്‍ മറ്റെല്ലാ വിഷയങ്ങളും വഴിമാറി. കച്ചവടക്കാരും കള്ളന്മാരും മതവ്യാപാരികളും ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളെ സ്വകാര്യത്തില്‍ കണ്ട് തങ്ങള്‍ക്കാവശ്യമായ സഹായങ്ങളും ഓര്‍ഡറുകളും ആരുമറിയാതെ നേടിയെടുക്കാന്‍ തുടങ്ങി.
ആസനംകുത്തിയാത്രയുടെ വടക്കന്‍ മേഖലയിലെ ഒരു ദിവസത്തെ ഹാള്‍ട്ട് അധ്യാപകദമ്പതികളായ കുക്കുമേനോന്റെയും ഭാസ്കരന്‍സാറിന്റെയും വീട്ടിലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഒരു എഴുത്തുകാരിയും ആത്മചിത്രപ്രദര്‍ശകയുമായിരുന്നു ടി വനിതാരത്നം. സ്വന്തം ചിത്രങ്ങളോ കവിതയോ ആയി ഒരു പോസ്റ്റെങ്കിലും അവരുടേതായി ദിവസവും കണ്ടില്ലെങ്കില്‍ ആയമ്മ തട്ടിപ്പോയെന്ന് ഉറപ്പിക്കാം. സാറിനാണെങ്കില്‍ സ്വയംപൊക്കലിന്റെയും പുറംചൊറിയലിന്റെയും പാതാളനിലവാര സൃഷ്ടികളുള്ള ആ പുതിയ വന്‍കര തീരെ ഇഷ്ടമല്ലായിരുന്നു. പ്രായം രണ്ടുപേര്‍ക്കും മധ്യമാവതി രാഗം പാടിത്തീര്‍ത്തുവെങ്കിലും അനപത്യതാദുഃഖം അനുഭവിക്കുവാനായിരുന്നു അവരുടെ നിയോഗം. വലിയൊരു വീട്ടില്‍ സ്വയമകന്ന് അത്യാവശ്യത്തിനു മാത്രം സംസാരിച്ച് താഴെയും മുകളിലുമായി ജീവിക്കുകയായിരുന്നു രണ്ടുപേരും. കുക്കുമേനോത്തി കോളേജ് വിട്ടുവന്നാല്‍ മുകളിലത്തെ മുറിയില്‍ ഫേസ്ബുക്കില്‍ സാഹിത്യരചനകള്‍ ഉല്‍പ്പാദിപ്പിക്കുകയും ലെെക്കിയും ചാറ്റിയും ഇഷ്ടരചയിതാക്കള്‍ക്ക് ഹൃദയചിഹ്നമിട്ടും നവംനവങ്ങളായ ആരാധകരെ നേടിയും ജീവിതം ആസ്വദിക്കുമ്പോള്‍ താഴെ ഭാസ്കരന്‍സാര്‍ പുസ്തകങ്ങള്‍ വായിച്ചും വിമര്‍ശനാത്മകമായി ചിന്തിച്ചും പക്വതയാര്‍ന്ന സാത്വിക ജീവിതം നയിച്ചു.
സ്വാമിയേയും പരിവാരങ്ങളെയും സല്‍ക്കരിക്കാന്‍ കുക്കുമേനോന്‍ ഭക്ഷണസാമഗ്രികളും താമസസൗകര്യവുമൊരുക്കി ആറുമണി മുതല്‍ ആടയാഭരണങ്ങളണിഞ്ഞ്‍ പൂമുഖത്ത് പൂര്‍ണേന്ദുവായി നില്‍പ്പുണ്ടായിരുന്നു. സാറിന് പാളസ്വാമിയുടെ വരവിലോ അയാളുടെ പ്രവൃത്തിയിലോ യാതൊരു താല്‍പ്പര്യവുമുണ്ടായിരുന്നില്ല. കേരളം മുഴുവന്‍ മരം നടാന്‍ ഈ രീതിയില്‍ പണം ചെലവഴിക്കുന്നതിനു പകരം അതു കൊണ്ട് ഏതെങ്കിലും തരിശ് ഭൂമിയോ മൊട്ടക്കുന്നോ വാങ്ങി മരം നട്ടുപിടിപ്പിച്ച് കാടാക്കിക്കൂടേ ? ഈ മരങ്ങളൊക്കെ നട്ടുപോകുന്നതല്ലാണ്ട് ആരാണതിന് വെള്ളമൊഴിക്കുക, പരിപാലിക്കുക ? എന്നൊക്കെയുള്ള സിമ്പിള്‍ ഹമ്പിള്‍ ആന്റ് റിലയബിള്‍ ലോജിക്ക് ആയിരുന്നു അദ്ദേഹത്തിന്റെയുള്ളില്‍. മരമാകുമ്പോള്‍ എളുപ്പത്തില്‍ കുഴികുത്തി നട്ടു പോകാം ഒരാളും എതിര്‍ക്കില്ല, നല്ലതേ പറയൂ, ബയോഡാറ്റയില്‍ ലക്ഷം മരം നട്ടെന്ന് പറഞ്ഞ് പൊന്നാടകളും ആയിരമായിരം ആരാധകരേയും അവാര്‍ഡുകളും വേണമെങ്കില്‍ താമര സമ്മാനവും വരെ നേടാം. പിന്നെ അനേകായിരം പെണ്‍ ഈയാംപാറ്റകളുടെ ആരാധനാലിംഗന സൗഹൃദങ്ങള്‍ വേറെയും. ഇതൊക്കെ സാറിനെപ്പോലെ നിര്‍മ്മമനായി നില്‍ക്കുന്ന ഭൂമദ്ധ്യരേഖാവയസ്കര്‍ക്ക് മനസ്സിലാകില്ലല്ലോ.
നിത്യവും രാത്രികളില്‍ ഓണ്‍ലെെനിലും ഫോണ്‍ലെെനിലും ബിസിയായത് കണ്ട് സാര്‍ ചോദിച്ചാല്‍ സ്വാതന്ത്ര്യം എന്റെ ജന്‍മാവകാശം എന്നു പറഞ്ഞ് കുക്കുറാണി കാളിറാണിയായി താണ്ഡവമാടുമായിരുന്നു. ഓൺലെെന്‍ ഭിന്നശേഷിക്കാരെങ്കിലും ബീഫ് എന്ന ഒറ്റലക്ഷ്യമുള്ള സെെബര്‍ യൗവനങ്ങളോടൊപ്പമുള്ള കറക്കങ്ങളും വീട്ടില്‍ വരുത്തിയുള്ള സല്‍ക്കാരങ്ങളിലും എതിര്‍പ്പാണെങ്കിലും ഭാര്യയെ നിയന്ത്രിക്കുവാനുള്ള ശേഷി ഫിസിക്കലല്ലാത്ത മറ്റൊരു കാരണത്താല്‍ ഭാസ്കരന്‍സാറിനില്ലായിരുന്നു. എന്നാലും വെറും മര്യാദകൊണ്ട് കുക്കുമേനോത്തി അണിഞ്ഞൊരുങ്ങി താലമേന്തി മുറ്റത്ത് പാളസ്വാമിയെ സ്വീകരിക്കുമ്പോള്‍ സാറും സാന്നിദ്ധ്യം കാണിച്ച് വേഗം സ്വന്തം മുറിയിലേക്ക് അവധൂതനായി.
സര്‍വ്വസജ്ജമായ മുകളിലത്തെ മുറിയുടെ വാതില്‍ക്കലെത്തിയപ്പോള്‍ സ്വാമി ആ മുറിയില്‍ ഒരു കട്ടിലുണ്ടല്ലോ എന്ന പ്രവചിച്ച് തന്റെ ഉള്‍ക്കാഴ്ച കുക്കുവിന് വെളിപ്പെടുത്തി. ആദ്യമായി വരുന്ന വീട്ടിലെ അടച്ചിട്ട മുറിയില്‍ ഒരു കട്ടിലുണ്ടെന്ന പ്രവചനത്തോടെ സ്വാമികളിലുള്ള ആരാധന ആയമ്മയില്‍ അനേകായിരമായി അധികരിച്ചു. കുളി, തേവാരം, (പിന്നെ രഹസ്യമായി ആബ്സലൂട്ട് വോഡ്ക പ്ലസ് പെഗ് പാകത്തിന് കോഴിക്കാല്‍), സര്‍വ്വാഭരണഅത്താഴ ശേഷം കുക്കുവും സ്വാമികളും സംസാരിക്കാനിരുന്നു. നവകവിതയേയും നടക്കാന്‍ പോകുന്ന കവിതയേയും പ്ലാസ്റ്ററിട്ട കവിതയേയും പറ്റി സംസാരിച്ച് പാതിരാ വന്‍കരയായതറിഞ്ഞില്ല. അതങ്ങനെയാണല്ലോ, ഉല്‍ക്ക വന്ന് വീണ് സര്‍വ്വലോകവും നശിച്ചാലും കേരളത്തിലെ ഏതെങ്കിലും ഒരാണും പെണ്ണും കവിതയെപ്പറ്റി ചര്‍ച്ച ചെയ്യുന്നുണ്ടാകും. എല്ലാത്തിലും ഇടങ്ങഴി കണക്കിന് 'ഇടങ്ങള്‍' എന്ന പദമുണ്ടാകും, അത് സെെബറുകാരുടെ ഒരു വീക്നെസ്സാണ്.
നേരത്തെ കിടന്നതുകൊണ്ടാവണം പാതിരാത്രിക്ക് ഉറക്കം ഞെട്ടിയ ഭാസ്കരന്‍സാര്‍ എന്തൊക്കെയോ ശബ്ദം കേട്ട് സ്വാതന്ത്ര്യലംഘനമാകുമോയെന്ന് മടിച്ച് മടിച്ച് മുകളിലേക്ക് കയറി. അവിടെ കാലുറക്കാതെ മുണ്ട് വാരിപ്പൊത്തി ഭാര്യയുടെ പിന്നാലെ ഓടുന്ന സ്വാമിയെയും അയാളുടെ പിടിയില്‍പ്പെടാതിരിക്കാന്‍ കുചകവചങ്ങള്‍ കെെ കൊണ്ട് കവര്‍ ചെയ്ത് കരയുന്ന കുക്കുഭാര്യയേയുമാണ് ഭാസ്കരന്‍ സാര്‍ കണ്ടത്. പൊടുന്നനെ ഉയിര്‍ത്തെഴുന്നേറ്റ് മാഷൊന്ന് കര്‍മ്മധീരപുരുഷനായി. നേരെ പോയി സ്വാമിയുടെ ആസനത്തില്‍ സകല ശക്തിയുമുപയോഗിച്ച് ഒരു ചവിട്ട് കൊടുത്തു. പാള പോയി കട്ടിലിന്റെ നെറ്റിയില്‍ തലയിടിച്ചുവീണു. പിന്നെ രക്ഷപ്പെട്ട ആശ്വാസത്തില്‍ നില്‍ക്കുന്ന കുക്കുമേനോത്തിയുടെ മുഖമടച്ച് ഒരടി കൊടുത്തിട്ട് പറഞ്ഞു. "എന്ത് പ്രലോഭനത്തിലും സ്വന്തം സംസ്കാരവും അസ്തിത്വവും വലിച്ചെറിയരുത്..” മാനം കെട്ട് ചൂളിപ്പോയ ആ നവമാധ്യമകവയിത്രിക്ക് വായ അടക്കാനോ തുറക്കാനോ മിണ്ടാനോ ആയില്ല.
ശേഷം ഭാസ്കരന്‍സാര്‍ നാലഞ്ച് കാലുകളാല്‍ പൊന്താന്‍ തുടങ്ങിയ പാളതീര്‍ത്ഥാനന്ദ നിന്തിരുവടി സ്വാമികളെ ഇരുകാലുകളില്‍ പൊക്കിയെടുത്ത് സെെക്കിള്‍ റിക്ഷ വലിക്കുന്നത് പോലെ ഗോവണിയിലൂടെ വലിച്ചിഴച്ച്കൊണ്ടുപോയി കീറിയ പാളപോലെ മുറ്റത്തേക്ക് എന്നന്നേക്കുമായി വലിച്ചെറിഞ്ഞു.
പാളതീര്‍ത്ഥാനന്ദ നിന്തിരുവടി സ്വാമികളുടെ പതനം...!
ReplyDelete