Friday, April 24, 2020

തൊഴിലധിഷ്ഠിത കോഴ്സ്

താലൂക്ക് സപ്ലെെ ഓഫീസിലെ യു.ഡി.ടെെപ്പിസ്റ്റ് മനോഹരന്‍ അവധി ദിവസത്തെ ആലസ്യത്തില്‍ രാവിലെ പരസ്യക്കളങ്ങള്‍ക്കിടയില്‍ കഷ്ടപ്പെട്ട് ഞെരുങ്ങിയിരിക്കുന്ന വാര്‍ത്തകളെ ചികയുമ്പോഴാണ് മകള്‍ വന്ന് പത്രത്തില്‍ പിടിമുറുക്കിയത്. പത്രം വായിക്കാനല്ല, ആ പരിപാടി ഇപ്പോളത്തെ പിള്ളേര്‍ക്കില്ലല്ലോ.
നേരത്തെ "അവള്‍ വിശക്കുന്നച്ഛാ.. ചായ താ..” എന്ന് കുറേ പ്രാവശ്യം പറ‍ഞ്ഞത് വായനക്കിടയില്‍ കേള്‍ക്കാത്ത ഭാവത്തില്‍ ഇരുന്നതായിരുന്നു. എന്നത്തെയും പോലെ ഭാര്യ ഉണ്ടാക്കി കൊടുക്കുമെന്ന വിശ്വാസത്തിലാണത് അവഗണിച്ചത്. ആ സാധനം ഇതുവരെ പള്ളിയുറക്കം കഴിഞ്ഞ് എഴുന്നേറ്റില്ലാന്നു തോന്നുന്നു. അടുക്കളയില്‍ പാത്രങ്ങളുടെ തമ്മിലടി കേള്‍ക്കുന്നില്ല. പ്ലസ്ടു കഴിഞ്ഞ മകന്റെ തുടര്‍പഠനവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി അവളും മകനും നല്ല വാക‍്‍തര്‍ക്കമായിരുന്നു. എഞ്ചിനീയറിങ്ങ് മതിയെന്ന് ഭാര്യ, ഡിഗ്രിക്ക് പോകണമെന്ന് മകന്‍. ചേരിചേരാനയം പരമാവധി പാലിച്ചെങ്കിലും അവസാനം അവന്റെ ഇഷ്ടമുള്ള കോഴ്സിന് ചേര്‍ന്നോ എന്ന് മനോഹരന്‍ കഷ്ടകാലത്തിന് പറഞ്ഞുപോയി. അപ്പോള്‍ തുടങ്ങിയ വഴക്കിന്റെ തുടര്‍ചലനങ്ങളാണ് ഈ അടുക്കള ബഹിഷ്കരണം.

വായന മുടങ്ങിയതിന്റെ അസ്വസ്ഥതയില്‍ ഒരു താല്‍പ്പര്യവുമില്ലാണ്ട് അറവിന് നയിക്കപ്പെടുന്ന മാടിനെ പോലെ അയാള്‍ അടുക്കളയിലേക്ക് നടന്നു, മകള്‍ ടി.വിയിലേക്കും. മകന്‍ പതിവ് പോലെ മൊബെെലില്‍ വിളവെടുക്കുന്നു, ഫാര്യ മരമില്ലിന്റെ മുന്നിലെ തടിപോലെ ബെഡില്‍ കിടപ്പുണ്ട്. ടീപ്പോയില്‍ പല പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മള്‍ട്ടികളര്‍ ബ്രോഷറുകള്‍ ചിതറിക്കിടക്കുന്നു. എഞ്ചിനീയറിങ്ങിനല്ലാണ്ട് ചേര്‍ന്നാല്‍ ഓഫീസില്‍ എനിക്കെങ്ങനെ തലയുയര്‍ത്തി നടക്കാന്‍ പറ്റുമെന്നാണ് ഭാര്യയുടെ ചോദ്യം. പിള്ളേരെ നിര്‍ബ്ബന്ധിക്കരുത് ഇഷ്ടമുള്ളതിന് പഠിച്ചോട്ടെ എന്നാണ് മനോഹരന്റെ അഭിപ്രായം. അത് ആ വീട്ടില്‍ നടക്കാന്‍ ചാന്‍സ് കുറവാണ്. നാരി മികച്ചിടമാണ്, കണ്ടും കേട്ടും അനുസരിച്ച് നിന്നില്ലെങ്കില്‍ മനസ്സമാധാനം നിഘണ്ടുവിലേ കാണൂ.

വെറെ വഴിയില്ലാത്തതു കൊണ്ട് വല്ലതും ഉണ്ടാക്കാന്‍ അയാള്‍ തീരുമാനിച്ചു. ആകെ അറിയാവുന്നത് പുട്ടുണ്ടാക്കാനാണ്. അരി പൊടിപ്പിച്ചു കൊണ്ട് വെച്ചത് പാത്രത്തിലുണ്ട്, സമാധാനം. ഫ്രിഡ്ജില്‍ നിന്നും ഒരു മുറി തേങ്ങയെടുത്ത് ചിരകാന്‍ തുടങ്ങി. എഞ്ചിനീയറിങ്ങ് കഴിഞ്ഞവര്‍ക്ക് ഇപ്പോള്‍ ബംഗാളികളുടെ അത്രക്ക് പോലും ശമ്പളമില്ലെന്നാണ് ഓഫീസിലെ സുരേന്ദ്രന്‍ പറഞ്ഞത്. ശരിയാകും.. സിനിമയിലും വാട്സാപ്പിലുമൊക്കെ എഞ്ചിനീയര്‍മാരെ കളിയാക്കി കൊല്ലുകയാണ്. ഒരു കല്ലെടുത്ത് പട്ടീനെ എറിഞ്ഞാലത് ഒരു ബീടെക്‍കാരന്റെ മേത്ത് കൊള്ളുമെന്ന സ്ഥിതിയായിട്ടുണ്ട്. ഇതൊക്കെ ഇവളുമാരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഒടേ തമ്പുരാന് പോലുമാകില്ല. പിന്നെയല്ലേ പേരിനൊരു ഭര്‍ത്താവധികാരമുള്ള താന്‍.
“ഊശ്......“ ഓരോന്നാലോചിച്ച് ചിരകിയപ്പോള്‍ കെെ തെറ്റി ചിരവയുടെ നാക്കില്‍ കെെ കൊണ്ടു. തലയില്‍ നക്ഷത്രചിഹ്നങ്ങള്‍ വന്നുദിച്ചു. ദ്വേഷ്യം മാറ്റാന്‍ കാലിച്ചിരട്ട വലിച്ചെറിഞ്ഞ് കെെകുടഞ്ഞ് കുറച്ച് നേരം നിന്നു. വേദനയുടെ കൂടെ ദ്വേഷ്യം വരുന്നത് വേദന കുറക്കാനായിരിക്കും.. ചിരകിയതെടുത്ത് പുട്ടുപാത്രം തപ്പിയെടുത്ത് ഗ്യാസ് സ്റ്റൌവില്‍ വെച്ചു. ഒരു ഗ്ലാസില്‍ വെള്ളമെടുത്ത് പൊടിയുപ്പ് ചേര്‍ത്തിളക്കി പാത്രത്തിലെ അരിപ്പൊടിയിലത് ചേര്‍ത്ത് ചിരകിയ തേങ്ങയും ഇടകലര്‍ത്തി പുട്ടുകുറ്റിയില്‍നിറച്ചു. എന്നിട്ടത് പുട്ടുംകുടത്തിന്റെ മുകളില്‍ വെച്ച് മൂടിയിട്ടു. പണ്ട് സ്കോട്ട്‍ലാന്റില്‍ ജെയിംസ്‍വാട്ട് ആവിയന്ത്രം കണ്ടുപിടിച്ചപ്പോള്‍ നമ്മള്‍ ആവിയില്‍ നിന്ന് പുട്ടുണ്ടാക്കാനാണ് പഠിച്ചത്. തിന്നാന്‍ വേണ്ടി മാത്രം ജീവിക്കുന്ന വര്‍ഗമാണ് ഈ മലയാളീസ്.

അത്രയായപ്പോളേക്കും കെെ വേദന മൂര്‍ദ്ധന്യത്തിലായി. മുറിയില്‍ മൂടിപ്പുതച്ചു കിടക്കുന്ന മുടിയുള്ള മൂധേവീ.. നീ മുടിഞ്ഞു പോകുമെടീ.. ഭാര്യാപദവിയില്‍ വിരാജിക്കുന്നവളെ മനസ്സില്‍ തെറിപറഞ്ഞ് അയാള്‍ ആശ്വാസമടഞ്ഞു.

ഫ്രിഡ്ജ് തുറന്ന് പാല്‍ പാക്കറ്റെടുത്ത് ഇന്‍ഡക്ഷന്‍ കുക്കറില്‍ തിളപ്പിക്കാന്‍ വെച്ചു. പുട്ടിന്റെ കാര്യത്തില്‍ ഒരു തീരുമാനമായിക്കാണുന്നില്ലല്ലോ. വത്തിക്കാനില്‍ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നത് പോലെ വെളുത്തതോ കറുത്തതോ ആയ യാതൊരു പുകയും വരുന്നില്ല. ഫ്ലെയിം കൂട്ടി വെച്ചിട്ടും അനക്കമേയില്ല. കെെക്കിലതുണി കൂട്ടിപ്പിടിച്ച് കുറ്റി പൊക്കി നോക്കി. അപ്പോള്‍ ആവി പുകപോലെ പുറത്തേക്ക് സ്വതന്ത്രരായി. പൊടിയെ ഭേദിച്ച് താഴെയുള്ള ആവിക്ക് മുകളിലേക്ക് പോകാനാകുന്നില്ലെന്നതാണ് പ്രശ്നം. വാട്ട് ക്യാന്‍ ഡു.‍‍..?
അപ്പോള്‍ ആര്‍ക്കെമെഡീസ് അയാളുടെ ക്ലീഷെയായ ആ വാക്ക് ഓര്‍മ്മിപ്പിച്ചു. പപ്പടംകുത്തിയെടുത്ത് മുകളിലൂടെ താഴേക്ക് കുത്തി കുറേ ദ്വാരങ്ങളുണ്ടാക്കി കൊടുത്തു. കേറി വാ പുക മക്കളേ മുകളിലോട്ട്... പുകയും, മണ്ണാങ്കട്ടയും, ജ്യോതിയും, ജ്യോതിലക്ഷ്മിയും ആരും വന്നില്ല. കുടത്തിലെ വെള്ളം പോലെ അയാളില്‍ ദ്വേഷ്യം തിളക്കാന്‍‌ തുടങ്ങി. സമാധാനത്തിന് ആലക്കണ്ടി നാരായണനെ രണ്ട് തെറി വിളിച്ചു. (ഓള്‍ടെ അപ്പനാ..)
കുറ്റിയെടുത്ത് പ്ലേറ്റിലിട്ട് പിന്നില്‍ നിന്ന് കുത്തി, നിറച്ച പോലെ വേവാത്ത പൊടിയായി പുറത്തേക്ക് വന്നു. അടിയില്‍ കോര്‍ക്ക് പോലെ കട്ടിയായി ലേശം കിടപ്പുണ്ട്. ഇതിനെ ഇനിയെന്ത് ചെയ്യാനാണ്.. അപ്പോളാണ് മുറിയില്‍ പുക നിറയുന്നത് കണ്ടത്.. ഇന്‍ഡക്ഷന്‍ കുക്കറില്‍ വെച്ച പാലു തിളച്ച് മറിയുന്നു.. പാത്രം കരിപിടിച്ച് കറുത്തിരിക്കുന്നു.. കുക്കറിന്റെയും പാലിന്റെയും കാര്യം ശരിക്കും കട്ടപ്പൊക.. ആ ഭദ്രകാളി ഇന്ന് കൊന്നത് തന്നെ..!! ഉടനെ ‌ഒന്നുമാലോചിക്കാണ്ട് രണ്ട് കെെകൊണ്ടും അതെടുത്തു.... ''അമ്മേ.......’’ ഒരു ദയനീയ നിലവിളി ആ വീട്ടില്‍ മുഴങ്ങി.

അല്‍പ്പം ക​ഴിഞ്ഞ് മനോഹരനെന്ന പരാജയപ്പെട്ട ഷെഫ് വേദനയടക്കി ടീപ്പോയില്‍ ചിതറിക്കിടക്കുന്ന വിവിധങ്ങളായ ബ്രോഷറില്‍ നിന്നും കുക്കറി കോഴ്സിന്റെ ഒരെണ്ണമെടുത്ത് മകന്റെ കെെയ്യില്‍ കൊടുത്ത് അതീവ ശാന്തനായി പറഞ്ഞു.

"നീ ഈ കോഴ്സ് പഠിച്ചാ മതി...”

1 comment: