Monday, April 27, 2020

ചില പാവങ്ങള്‍




കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്നൊരു കഥാപുസ്തകമുണ്ട് അന്തരിച്ച ചലചിത്രകാരന്‍ ജോണ്‍ അബ്രഹാമിന്റേതായിട്ട്. അത് പോലെ എത്ര വാട്സാപ്പ് ഗ്രൂപ്പുണ്ട് എന്ന് ഉത്തരം പറയാനാകാത്ത വിധം സകലത്തിലും‍ സജീവയായ രുഗ്മിണി എന്ന യുവതിക്ക് ഏതോ ഒരു ഗ്രൂപ്പില്‍ നിന്നും പകര്‍ച്ച കിട്ടിയ ആകാശദൃശ്യ ചലനചിത്രത്തില്‍‍ നിന്നാണ് നാട്ടിലെ പലരുടെയും കള്ളക്കളികള്‍ വെളിപ്പെട്ടത്.

തന്റെ നാട്ടിലെ വിശാലമായ വയലിന്റെ മുകളിലൂടെ ഡ്രോണ്‍ എടുത്ത വഡിയോയില്‍ ഓടിയൊളിക്കുന്ന നാട്ടുകൂട്ടങ്ങളുടെ കൂടെ ചേരാതെ ദൂരെ മാറി കെെപ്പപ്പന്തലിനുള്ളില്‍ ചുംബനസമരത്തിലേര്‍പ്പെടുന്ന രണ്ട് കമിതാക്കളുടെ അവ്യക്തമായ രൂപങ്ങള്‍ തന്റെ കെട്ടിയോനായ വിശ്വനാഥന്റേതാണെന്ന് വസ്ത്രങ്ങളുടെ നിറസാമ്യതയില്‍ രുഗ്മിണിക്കുട്ടിക്ക് മനസ്സിലായി. നെഞ്ചിടിപ്പോടെ ആവര്‍ത്തിച്ചുകണ്ട് അവളത് ഉറപ്പിച്ചു. ഗള്‍ഫില്‍ നിന്നും വന്നിട്ട് നാലു മാസമായി പോകാന്‍ നോക്കുമ്പോ കൊറോണയില്‍ ഫ്ലെെറ്റ് കാന്‍സലായത് കാരണം കുടുങ്ങി വീട്ടിലിരിപ്പായിരുന്നു കക്ഷി. ഇത്രമാസവും പുറത്തധികം കറങ്ങാറില്ലായിരുന്നു. പക്ഷേ രണ്ടാഴ്ചയായി സ്ഥിരമായി അച്ഛനുമമ്മയേയും കാണാനെന്ന് പറഞ്ഞ് തറവാട്ടിലേക്ക് രാവിലെ പതിനൊന്ന് മണിയാകുമ്പോള്‍ പോകും പിന്നെ വെെകുന്നേരം അഞ്ചു മണിക്കാണ് തിരികെ വരുന്നത്. ആ പോക്ക് ഇമ്മാതിരി ചുറ്റിക്കളിക്കായിരുന്നെന്ന് അവള്‍ക്കപ്പോഴാണ് മനസ്സിലായത്.

കല്ല്യാണം കഴിഞ്ഞ നാളിലെപ്പോഴോ ഹരിശ്ചന്ദ്രനായ ഒരു ദിവസം വയലിന്റെ കരയിലെ വീട്ടിലെ ഒരുത്തിയുമായി ലെെനായിരുന്നെന്നും അത് വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ നടന്നില്ലെന്നും അയാള്‍ പറഞ്ഞിരുന്നത് അവളപ്പോള്‍ ഓര്‍മ്മിച്ചു. വീട്ടിലെ അടിപിടികളില്‍ അവളുടെ ബ്രഹ്മാസ്ത്രമായിരുന്നു ആ ഓള്‍ഡി ലവറിന്റെ പേര്. അത് കേട്ടാല്‍ പിന്നെ അയാള്‍ അമേരിക്കയുടെ മുന്നിലെന്നത് പോലെ ഉത്തരം മുട്ടി നില്‍ക്കുമായിരുന്നു. ദ്വേഷ്യവും സങ്കടവും പ്രതികാരവും ഒക്കെ ചേര്‍ന്ന എന്തൊക്കെയോ ആലോചനകളില്‍ പെട്ടുഴറിയ രുഗ്മിണി ഒരു കടുകടുത്ത തീരുമാനമെടുത്തു.

വയലില്‍ നിന്നും മെയിന്‍റോഡിലേക്ക് കയറി അല്‍പ്പം നടന്നയുടനെ വിശ്വനാഥന്റെ പിറകില്‍ പോലീസ് ജീപ്പ് വന്ന് ചവിട്ടി നിര്‍ത്തുകയും ക്രൂരന്‍മാരായ രണ്ടെണ്ണം ചാടിയിറങ്ങുകയും കൊളസ്ട്രോളും പഞ്ചാരയും അതിര്‍വരമ്പിട്ട ആ ദേഹത്തെ ഞൊടിയിടയില്‍ സ്വന്തമാക്കി ലാളിച്ച് സീറ്റില്‍ കൊണ്ടിരുത്തുകയുമുണ്ടായി. ശേഷം ഇര ഓടിപ്പോകാതിരിക്കാന്‍ ആ രണ്ട് പോലീസ് ജീവികളും ലെഫ്റ്റിലും റെെറ്റിലും സാന്റ് വിച്ചായി ഇരിക്കുകയും വണ്ടി ലജ്ജാവിവശത മാറ്റി സ്റ്റേഷനിലേക്ക് ഓടുകയും ചെയ്തു.

"എന്തിനാ നിങ്ങളെന്നെ പിടിച്ചത്.. ഞാന്‍ മാസ്ക് ഇട്ടിട്ടുണ്ടല്ലോ.. വയസ്സായ അച്ഛനമ്മമാരെ കാണാന്‍ പോയതാണ്... നിങ്ങള്‍ക്ക് ആളുമാറിപ്പോയതായിരിക്കും..” വിശ്വനാഥന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചു.
"നീ വിശ്വനാഥനല്ലേ.. ദുബായില്‍ നിന്നു വന്ന..”
"അതേ.. പക്ഷേ എനിക്ക് കൊറോണയൊന്നുമില്ലല്ലോ.. പിന്നെന്തിനാ എന്നെ കൊണ്ട് പോകുന്നത്.. ഞാന്‍ വന്നിട്ട് നാലു മാസമായല്ലോ..” തന്റെ പേരെങ്ങനെ ഇവര്‍ക്കറിയാമെന്നുള്ള സംശയത്തിലും പ്രതിരോധിക്കാനുള്ള ശ്രമത്തിലായിരുന്നു ലോകനാഥന്‍.
"ഒക്കെ പറയാം.. സ്റ്റേഷനിലെത്തട്ടെ..” ഒരാഴ്ച ഫുഡ് കിട്ടാണ്ട് പട്ടിണിയിലായ പുലിയെപ്പോലെ നില്‍ക്കുന്ന ഇവന്‍മാരോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായ വിശ്വന്‍ പിന്നെ ഫ്ലോര്‍മാറ്റിലെ 'വെല്‍ക്കം' എന്ന ഡിസെെനും നോക്കി മിണ്ടാണ്ടിരുന്നു.

സ്റ്റേഷനിലെത്തിയ ഉടനെ വിശ്വനാഥന്‍ എസ്.എെ.യുടെ മുന്നിലേക്ക് ആനയിക്കപ്പെട്ടു.
"നീ ലോക്ക് ഡൗണ്‍ അനുസരിക്കാണ്ട് ഫുള്‍ ടെെം കറങ്ങി നടക്കലാണെന്ന് പരാതി കിട്ടിയിട്ടുണ്ട്.. അറസ്റ്റ് ചെയ്യട്ടേ.. രണ്ടാഴ്ച ആശുപത്രിയില് കിടക്കാം...” എസ്.എെ. തുടങ്ങി.
"അയ്യോ സര്‍.. ഞാന്‍ തറവാട്ടില്‍ പോകുന്നതാണ്..”
"നീ അവിടെ എത്താറില്ലെന്നാണല്ലോ പരാതിക്കാരി‍ പറയുന്നത്..” പിടിച്ചുകൊണ്ടു വന്നതിലെ നിഗൂഢത എസ്.എെ. പറഞ്ഞുപോയി.
".. പരാതിക്കാരിയോണോ.. എന്നാലത് എന്റെ ഭാര്യ തന്നെ..”
"ഭാര്യ സ്വന്തം ഭര്‍ത്താവിനെതിരെ പരാതി പറയുമോടോ..” തങ്ങള്‍ക്ക് കിട്ടിയ അനോണിമസ് കാളിന്റെ പിറകെ പോയി സംഗതി ഹോട്ട്സ്പോട്ട് മേഖലയിലെത്തിയെന്ന് പോലീസുകാര്‍ക്ക് മനസ്സിലായി.

"അവളു പറയും.. സാറേ... ഫ്ലെെറ്റ് കാന്‍സല്‍ ചെയ്ത് ഞാനിവിടെ കുടുങ്ങിയ മുതല്‍ ഓള്‍ടെ സ്വഭാവം മാറി സാറേ.. രാവിലെ എണീക്കണം.. ചായ വെക്കണം.. ദോശ ചുടണം.. കറിക്കരിയണം.. ചോറു വെക്കണം.. അതിനു കറി.. വറവ്.. അതു കഴിഞ്ഞാല്‍ നിലമടിക്കണം.. തുടക്കണം.. മാറാല തൂക്കണം.. ഓള്‍ക്ക് കുളിക്കാന്‍ വെള്ളം വലിച്ച് കൊടുക്കണം.. എല്ലാം ചെയ്താലും എല്ലാത്തിനും കുറ്റം പറഞ്ഞോണ്ടിരിക്കും. അതും മിണ്ടാണ്ട് കേട്ടിരിക്കണം.. പണ്ടൊക്കെ എന്റെ അച്ഛനൊക്കെ ഇമ്മാതിരി എന്തെങ്കിലും പണി എടുത്തിട്ടുണ്ടോ.. എല്ലാ പണിയും അമ്മ തന്നെയല്ലേ ചെയ്തിരുന്നത്.. ഇപ്പോളോ.. എന്റെ ചെലവിലാണ് അവളു കഴിയുന്നത്.. എന്നിട്ടും അവളു പറയുന്നതെല്ലാം കേള്‍ക്കണം.. അല്ലെങ്കില്‍ ഇത് പോലെ പോലീസ് സ്റ്റേഷനിലും കേറേണ്ടി വരും.. ഈ നാട്ടിലെ സകല നിയമങ്ങളും പെണ്ണുങ്ങള്‍ക്ക് അനുകൂലമല്ലേ.. എന്ത് ചെയ്യാനാണ്.. എന്ത് ജീവിതമാണ്.. സാര്‍.. ഇനി വീടിന്റെ മുകളിലിട്ട ഓടിന്റെ പൂപ്പല കൂടി ക്ലീനാക്കിക്കും അവളെന്നെക്കൊണ്ട്.. തലേന്ന് വെെകുന്നേരം തുടങ്ങും നാളെ ഈ പണി ചെയ്യണം.. ആ പണി ചെയ്യണം.. രാത്രി പോലും സ്വെെര്യം തരൂല്ല.. ഒരു സമാധാനം കിട്ടാന്‍ വേണ്ടിയാ സാറേ ഞാന്‍ തറവാട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുന്നത്.. ഞാനാ കുളത്തിന്റെ അടുത്തുള്ള മരത്തിന്റെ മുകളിലിരുന്ന് പുസ്തകം വായിക്കലാണ് സാറേ...”

വിശ്വനാഥന്റെ വര്‍ത്താനമെല്ലാം, നിര്‍ത്തലും നീട്ടലും എല്ലാം ഒന്നും വിടാണ്ട് സി.പി.. സജീവന്‍ എഴുതിയെടുക്കുന്നത് കണ്ട് എസ്.എെ. ചോദിച്ചു. "എടോ ഇത് കേസാക്കണോ.. നീ എഴുതിക്കൂട്ടുന്നുണ്ടല്ലോ..”
"ഇല്ല സര്‍... അത് പിന്നെ... അയാള് പറഞ്ഞതെല്ലാം കാര്യമല്ലേ.. എനിക്കിത് ഉപയോഗപ്പെടുമെന്ന് തോന്നുന്നു..” സി.പി.. സജീവന്‍ ചമ്മലോടെ പറഞ്ഞ് നിര്‍ത്തി.

"എന്നാലതിന്റെ ഒരു കോപ്പി കൂടി എടുത്തോ..” നീണ്ടൊരു ശ്വാസം മൂക്കിലൂടെ വിട്ട് എസ്.എെ. ഇങ്ങനെ പറഞ്ഞു.

Friday, April 24, 2020

തൊഴില്‍രഹിതര്‍


കൊറോണ ലോക്ക് ഡൗണ്‍ കാലത്ത് പണിയില്ലാണ്ടായ അനേകമാളുകളെ നമ്മള്‍ നിത്യവും കാണുന്നുണ്ടല്ലോ. അവരെയൊക്ക സര്‍ക്കാര്‍ ഫ്രീ ഫുഡും അരിയും കിറ്റുമൊക്കെ കൊടുത്ത് പൊന്നുപോലെ നോക്കുന്നുമുണ്ട്. എന്നാല്‍ ഭീകരമായ സ്വത്വനഷ്ട പ്രതിസന്ധിയിലകപ്പെട്ട ഒരു വിഭാഗം ആളുകളുടെ വലിയൊരു പ്രതിനിധിയെയാണ് ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയമായി ഇവിടെ തൊട്ടുകാണിക്കുന്നത്.

മേല്‍പ്പടിയാന്‍ ആഴ്ചയില്‍ രണ്ട് പ്രസംഗ സ്റ്റേജെങ്കിലും കിട്ടുന്ന പ്രശസ്ത എഴുത്തുകാരനും സാംസ്കാരികനായകജുബ്ബ എടുത്തണിഞ്ഞയാളും വാഴ്ത്തപ്പെട്ട ബുദ്ധിജീവിയുമാണ്. കോളേജ് കലാപരിപാടികളുടെ കാലത്ത് അത് സ്റ്റേജ് അഞ്ചെണ്ണമെങ്കിലും ആകാറുണ്ട്. ജനുവരി കഴിഞ്ഞാല്‍ ക്ലബുകളുടെ സാംസ്കാരിക സമ്മേളനങ്ങളുടെ ബഹളമായി. അതിന്നിടക്ക് പ്രമുഖ സാഹിത്യകാരന്മാരെങ്ങാനും മരിച്ചാല്‍ അനുസ്മരണം ദിവസവും രണ്ടോ മൂന്നോ സ്റ്റേജുകളുണ്ടാകും. ഇതിനൊക്കെ ജില്ല മുഴുവനും അല്ലെങ്കില്‍ കേരളം മുഴുവന്‍ ഓടി തൊണ്ട വറ്റിച്ച് പ്രബോധിപ്പിക്കുന്നതാണ്. ചിലപ്പോള്‍ മഹാഭാരതരാജ്യത്തിന് പുറത്ത് പോയി പ്രവാസകൊഴുപ്പുകളെ ബോധവല്‍ക്കരിക്കണം, ഉദ്ധരിക്കണം. ഫോറിന്‍ട്രിപ്പുകള്‍ക്ക് നല്ല യാത്രപ്പടിയും കെെയ്യിലൊതുങ്ങാത്ത സമ്മാനങ്ങളും കിട്ടും. കൂടാതെ അവിടങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനാകും എന്നതിനാല്‍ നല്ല വരുമാനവും ലഹരിയും ആസ്വാദനവുമുള്ള പാക്കേജാണ് ഓവര്‍സീസ് ട്രിപ്പ്.
കഥ എന്നൊരു ഹെഡിംഗുമിട്ട് നാലു പേജ് മുഴുവന്‍ തറപറ പറതറ എന്നെഴുതി അയച്ചാല്‍ ഏത് പത്രത്തിന്റെ അധിപനും‍ പേജിനു നാലായിരം വെച്ച് ഇപ്പോഴും കൊടുക്കാറുണ്ട്. പണ്ട് നൂറു ദിവസം ഓടിയ പടത്തിന്റെ സംവിധായകന്‍ ഇപ്പോള്‍ എടുക്കുന്ന പടങ്ങളില്‍ ഒരു നിലവാരമില്ലാഞ്ഞിട്ടും കാശ് മുടക്കാന്‍ പ്രൊഡ്യൂസര്‍മാരും കാണാന്‍ ആളുകളും ജാതകദോഷത്താല്‍ വന്നു പെട്ടുപോകാറുണ്ടല്ലോ. അതു പോലെയാണ് ഈ ദേഹിയുടേയും കഥഇടപാടുകള്‍. അടുത്തകാലത്തായി എഴുതിയതൊന്നും ജലരേഖകള്‍ പോലെ ആരും എവിടെയും സൂചിപ്പിക്കുന്നു പോലുമില്ല.

പെന്‍ഷനും എഴുത്ത്കൂലിയുമായി നല്ല തുക ടിയാന്റെ ബാങ്ക് അക്കൗണ്ടിലിരുന്ന് പൂപ്പല്‍ പിടിക്കുന്നുണ്ടെങ്കിലും പരിപാടികള്‍ക്ക് വിളിക്കുന്നവന്‍മാരെ മുറിച്ച് കിട്ടുന്ന കാശിന് ഒരു പ്രത്യേക ഇക്കിളി മണമാണെത്രെ. അവരുമായി‍ മുന്‍കൂര്‍ ധാരണയാക്കിയ പ്രകാരം തരുന്ന കിഴിക്ക് പുറമേ ഓട്ടോക്കൂലി ഇനത്തില്‍ ചെറിയ അഡ്ജസ്റ്റുമെന്റ് വരുമാനം വേറെയുമുണ്ട്. ഇത്ര കാശ് വാങ്ങിക്കണമെന്ന് സ്ഥിരം ഓട്ടോക്കാരനോട് ആദ്യമേ ധാരണപ്പെട്ടിട്ടുണ്ട്. അതിന്റെ അമ്പത് ശതമാനം അവനോട് കൃത്യമായി വാങ്ങിക്കും. ഇതിനൊക്കെ പുറമെ ദ്വേഷ്യം തോന്നുന്നവരെ പ്രസംഗത്തില്‍ അറുത്ത് മുറിക്കും, വിമര്‍ശിച്ച് കൊല്ലാക്കൊല ചെയ്യും. എല്ലാ വാര്‍ത്തയും പടവും‍ പിറ്റേന്നത്തെ പത്രത്തില്‍ വരുത്താന്‍ റിപ്പോര്‍ട്ടര്‍മാരെ ഏല്‍പ്പിക്കും. അഥവാ വന്നില്ലെങ്കില്‍ പത്രമുതലാളിയെ വിളിച്ച് പരാതിപ്പെടും.

ഇങ്ങനെ സ്വയം ഉദ്ധരിച്ച് ലോകത്തെ ഉത്ബോധിപ്പിച്ച് നടന്ന സാംസ്കാരികലോകത്തെ കരിയാത്ത കാഞ്ഞിരമരം പോലത്തെ അതികായനാണ് വെറുതെ ടി.വിയും കണ്ട് പത്രം വായിച്ച് സമയത്തെ കത്തിയെടുത്ത് കുത്തി ഒാടിക്കാന്‍ പാടുപെടുന്നത്. നേരം കൂട്ടാന്‍ വെളിച്ചിങ്ങ പോലത്തെ ചെക്കന്മാരുടെ ഫ്രീ കിട്ടിയ പുസ്തകങ്ങള്‍ കുറേയുണ്ട്. ഒക്കെ തന്റെയത്ര നിലവാരമില്ലാത്ത ജാതിമത, കള്ളുകുടി, പി.പി. കഥകളാ, കുളിക്കാനുള്ള വെള്ളം ചൂടാക്കാന്‍ ബെസ്റ്റാണെന്നാ കഥാധികാരിയുടെ അഭിപ്രായം. അല്ലെങ്കിലും മൂപ്പര്‍ക്ക് ശേഷം പ്രളയങ്ങള്‍ മാത്രമല്ലേ കേരളത്തില്‍ ഉണ്ടായിട്ടുള്ളൂ.

പണ്ട് വീട്ടില്‍ വരുന്നവനെയൊക്കെ കെെയ്യില്‍ കിട്ടിയത് എടുത്തെറിഞ്ഞ് തെറി പറഞ്ഞ് ഓടിച്ചയാളാണ്. ഇപ്പോള്‍ പുറത്തിറങ്ങാനും പറ്റില്ല, ആരും കയറി വരുന്നുമില്ല. ഭക്ഷണം ഉണ്ടാക്കിത്തരുന്നവന്‍ മാത്രം സ്ഥിരമായി വരുന്നുണ്ട്. പണ്ട് അവനോടൊന്നും മിണ്ടാത്തയാള്‍ ഇപ്പോ നാവിന്റെ പണിയും അക്ഷരങ്ങളും മറന്നു പോകാതിരിക്കാന്‍ അവനെ പിടിച്ചിരുത്തി സംസാരിക്കുകയാണ്.

വെറുതെയിരിക്കലിന്റെ ഏതോ നേരത്ത് ഇടിമിന്നല്‍ കഴിഞ്ഞ് കൂണ്‍ മുളക്കുന്നത് പോലെയാണ് കാലഭെെരവയുഗപുരുഷന് ചാനലില്‍ സാഹിത്യം വിഷയമാക്കിയ ഒരു പരിപാടി തുടങ്ങുകയെന്ന ആലോചനയുണ്ടായത്. സാഹിത്യകൃതികളെ പരിചയപ്പെടുത്തുക, പഠിക്കുക, നിലവാരം ചൂണ്ടിക്കാണിക്കുക അത്തരമൊരു പരിപാടി സാഹിത്യ വിദ്വാന്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇഷ്ടപ്പെടും, കാക്ക പ്ലസ് പശു പഴഞ്ചൊല്ല് പോലെ തനിക്കും കിട്ടും മന:സുഖം. ചാനലിലെ പരിപാടികള്‍ക്ക് നല്ല കാശുണ്ട് ലോകം മുഴുവന്‍ റീച്ചുമുണ്ട്. മറ്റുള്ള എഴുത്ത് കോമരങ്ങള്‍ക്ക് ആ പുത്തി തോന്നുന്നതിനു മുന്‍പ് തന്നെ കഥാകാരണവര്‍ പ്രമുഖരില്‍ പ്രമുഖ ചാനലിന്റെ പ്രോഗ്രാം മുതലാളിയെ വിളിച്ച് സംഗതി പറഞ്ഞു. തള്ളി പുറത്തിട്ട പുട്ട് പിന്നെയും കുറ്റിയില്‍ കയറ്റുന്നത് പോലെ ഭൂതകാല പരിപാടികള്‍ കാണിച്ച് കാണിച്ച് നാളെയെന്നത് ഒരു ഭൂതമായി അയാളെ പേടിപ്പിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. പ്രത്യേക സെറ്റ് വേണ്ടാ, യാത്രാചെലവില്ല വാര്‍ത്താവണ്ടി എഴുത്തമ്പ്രാന്റെ വീട്ടിലേക്ക് അയച്ചാ മതി. അവിടെ ഷൂട്ട് ചെയ്ത് സ്റ്റുഡിയോയില്‍ നിന്ന് വെട്ടി ചെത്തിമിനുക്കി ഗുളിക രൂപത്തിലാക്കാം. കോപ്പിലെ കുടയുടെ പോലും പരസ്യമില്ലാത്ത കാലത്ത് ഇത് ക്ലിക്കായാല്‍ രക്ഷപ്പെട്ടു. വേറൊന്നും ആലോചിക്കാണ്ട്‍ പ്രോഗ്രാം മുതലാളി കഥാമുതലാളിയുടെ സാഹിതീസല്ലാപം എയര്‍ ചെയ്യാനുള്ള പെെലറ്റ് ആഡുകള്‍ ഡിസെെന്‍ ചെയ്യാന്‍ ഉത്തരവിട്ടു.

ഉത്തമസാഹിത്യകാരന്‍ വളരെക്കാലം കൂടി വാരികകള്‍ നോക്കി പുതിയ സൃഷ്ടികള്‍ തപ്പിയെടുത്ത് പരിപാടി ഗംഭീരമായി അവതരിപ്പിച്ചു. തന്റെ സൃഷ്ടികളെ വിമര്‍ശിച്ച് ശ്രദ്ധ നേടിയവന്‍മാരെ ആസനത്തില്‍ മുളക് തേച്ച് വിടുകയും, കാലുപിടിക്കാനും തൊട്ട് സായൂജ് ആകാനും വന്നവന്മാരെ വീതിയുള്ള സ്വന്തം ചുമലുകളില്‍ പൊക്കിവെക്കുകയും ചെയ്തു. പറശ്ശിനിക്കടവ് മുത്തപ്പന്റെ ഫോട്ടോയില്‍ കാണുന്ന പട്ടിയെ പോലെ തന്റെ കൂടെ എപ്പോഴും സര്‍ക്കീട്ടിനു വരുന്ന അമ്പത് കഴിഞ്ഞ യുവകഥാകൃത്തിനെ എന്റെ സിംഹാസനത്തിന്റെ അവകാശിയെന്ന് വില്‍പ്പത്രം കൊടുത്തു. കൂട്ടത്തില്‍ നാട്ടുനടപ്പനുസരിച്ച് സംഘികളെ വിമര്‍ശിക്കുകയും, കോയാ മായാ ചന്ദനത്തിരികളൊരുക്കി സര്‍ക്കാരിനെ പൂജിക്കുകയും ചെയ്തു. ഒരു സര്‍ക്കാര്‍ അവാര്‍ഡ് കൂടി ഇനി കിട്ടാനുണ്ട്‍. ആ മുന്തിരി പുളിക്കാണ്ടിരിക്കാന്‍ ഇപ്പൊളേ നോക്കണമല്ലോ. കമ്പ്യൂട്ടറില്‍ എഴുതുന്ന കൊറേ കൊറോണകളെ "കെെകൊണ്ട് ചോറുണ്ണുന്നത് പോലെയാണ് കടലാസ്സിലെഴുതുന്നത്, കമ്പ്യൂട്ടറില്‍ എഴുതിയാല്‍ കഥയാകില്ല കറയേ ആകൂ" എന്ന് പറഞ്ഞ് ചൊറിഞ്ഞു വിട്ടു. കടന്നല്‍ക്കൂടിളകിയത് പോലെ ലവന്‍മാര്‍ പോസ്റ്റുകളിട്ട് ചാനല്‍ ഷോ നാലില്‍ നിന്ന് നാല്‍പ്പതിനായിരമാക്കും. സ്വന്തം അച്ഛനമ്മമാരെ പറഞ്ഞാലവര്‍ക്ക് പ്രശ്നമില്ല, നെറ്റില്‍ എഴുതുന്നത് മോശമാണെന്ന് പറഞ്ഞാല്‍ ബാക്കി വെക്കില്ല.

ഒരു ദിവസം അര മണിക്കൂര്‍ വീതം ഒരാഴ്ച പറത്തേണ്ടത് അര ദിവസം ഷൂട്ട് ചെയ്ത് അവര്‍ കൊണ്ടു പോയി. ചാനല്‍ വണ്ടിക്കാര്‍ക്ക് കട്ടന്‍ചായ കൊടുക്കേണ്ടി വന്നതില്‍ ചെറിയ സങ്കടം മൂപ്പര്‍ക്ക് ഉണ്ടായിരുന്നു. കാശ് കൂടുതല്‍ കിട്ടുമെന്ന് സമാധാനിച്ചു സഹിച്ചു.

എന്നാല്‍ മെനക്കെട്ട് ഷൂട്ട് ചെയ്ത പരിപാടി ഒരൊറ്റ ദിവസമേ ചാനലില്‍ വന്നുള്ളൂ. ആറിത്തണുത്ത കോമഡി പരിപാടികളുണ്ട്, വീപ്പക്കുറ്റിനായകന്‍മാരുടേയും ഈച്ച കണ്ണില്‍ കുത്തിയാല്‍ അടക്കാന്‍ പറ്റാത്ത വികാരരഹിതരുടെയുെമൊക്കെ സിനിമകളുമുണ്ട്, സാഹിതീസപര്യ മാത്രമില്ല. കഥാചാര്യന്‍ കൊലാചാര്യനായി ചൂടായി ചാനലിലേക്ക് വിളിച്ചു. ഫോണെടുത്തതും പ്രൊഡ്യൂസര്‍ ഒരു സങ്കല്‍പ്പത്തിന് അയാളുടെ തന്നെ മേശയുടെ കാലുപിടിച്ച് പറഞ്ഞു. "എന്റെ പൊന്നു സാറേ.. ഇനി അത് കൊടുത്താ എന്റെ പണി പോകും.. ഒരൊറ്റയാള്‍ പോലുമത് കാണ്ടില്ല, പരസ്യം തന്നവര്‍ പോലും പിന്‍വലിച്ചു... റേറ്റിങ്ങാണെങ്കില്‍ സൂചി ഫിറ്റായി താഴെ എണീക്കാനാകാതെ കിടക്കുന്നു.. ദയവ് ചെയ്ത് എന്നെക്കൊണ്ട് റേഷന്‍ വാങ്ങിപ്പിക്കരുത്.. അത് ഏതെങ്കിലും പാവപ്പെട്ടവന്‍ വാങ്ങിക്കോട്ടെ..”

അന്ന് വെെകിട്ട് ആറു മണിക്കുള്ള കൊറോണ ബ്രീഫിംഗില്‍ മുഖ്യമന്ത്രി ഇങ്ങനെ പറയുകയുണ്ടായി. "സാഹിത്യനായകരുടെ.. വിരക്തി (വിരകടി) ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.. ആയത് പരിഹരിക്കാന്‍.. പൂട്ടിയിട്ട ഓഡിറ്റോറിയങ്ങള്‍ അവര്‍ക്കു മാത്രമായി... പ്രസംഗിക്കാന്‍ തുറന്നു കൊടുക്കുന്നത്‍ സര്‍ക്കാരിന്റെ‍ പരിഗണനയിലുണ്ട്..”

അടക്കാമരപത്ര പൃഷ്ഠചലനയാത്ര


ആസന്നമരണയായ പ്രകൃതിയെ ഹരിതാഭയാക്കാനും കമുക് കൃഷി പ്രോത്സാഹിപ്പിക്കുവാനുമായി‍ കേരളം മുഴുവന്‍ കമുകിന്‍പാളയില്‍ ആസനം കുത്തിയിരുന്ന് സഞ്ചരിച്ച് കമുകിന്‍തെെ നടീലും കമുക് ബോധവല്‍ക്കരണവും നടത്താനുള്ള പാളതീര്‍ത്ഥാനന്ദ നിന്തിരുവടി സ്വാമികളുടെ പ്രഖ്യാപനം വെറുമൊരു ഫേസ്‍ബുക്ക് പോസ്റ്റായി വലയുലകത്തിന്റെ ഏതോ കോണില്‍ മാറാല പിടിച്ചിരിക്കുകയേ ഉണ്ടായിരുന്നുള്ളൂ. അപ്രധാനകാര്യങ്ങളെ വിമര്‍ശിച്ച് മെന്‍ഷന്‍ ചെയ്ത് മെയിന്‍സ്ട്രീമില്‍ കൊണ്ട് വന്ന് കാണാത്തവരെ അറിയിക്കുകയെന്ന സെെബര്‍ ലോകത്തിന്റെ പൊതു സ്വഭാവമാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. പ്രശസ്ത ആക്ടിവിസ്റ്റും കോളമിസ്റ്റും സെല്‍ഫിയിസ്റ്റും നിത്യേന ഫേസ്‍ബുക്കില്‍ പോസ്റ്റിട്ടില്ലെങ്കില്‍ ശോധന കിട്ടാത്തവരുമായ ഒരു ടീച്ചറമ്മയാണ് പാളസ്വാമിയുടെ കേരള പൃഷ്ഠചലനസഞ്ചയത്തെ ആഗോളപ്രശസ്തമാക്കിയത്.

പോസ്റ്റ് വന്നതും മാങ്ങക്കെറിഞ്ഞ കല്ല് കാക്കയുടെ വീട്ടില്‍ വീ‍ണത് പോലെ ടീച്ചര്‍ഫാന്‍സ് കരിമലയിറങ്ങി വന്ന് പരിഹാസവും വിമര്‍ശനവും സ്വാമീപിതൃസ്മരണകളുമായി ചറപറാ കമന്റുകളിട്ട് സജീവമായി. സ്വാമിയുടെ പോസ്റ്റിലെ ഡിസ്‍ലെെക്ക് ബട്ടന് നീരുവന്നു വേദനിച്ചു. എന്നാല്‍ ഒരു പരിധി കഴിഞ്ഞപ്പോള്‍ ആ ടെെപ്പ് ആളുകളെ വകഞ്ഞ്മാറ്റി മനുഷ്യാവകാശം, വ്യക്തിസ്വാതന്ത്ര്യം, പരിസ്ഥിതിസ്നേഹം തുടങ്ങിയ ടീമുകള്‍ യാത്ര സപ്പോര്‍ട്ട് ചെയ്ത് ടീച്ചറമ്മയെ ആക്രമിച്ച് കുടഞ്ഞിട്ട് തൂത്തുവാരി വേസ്റ്റ്ബിന്നിലിട്ടു. ലക്ഷക്കണക്കിന് അംഗങ്ങളുള്ള പാളസ്വാമി ആര്‍മി പേജ് പോലും പൊടുന്നനെ രൂപീകരിക്കപ്പെട്ടു. വിമര്‍ശനം ഒട്ടും ഇഷ്ടമല്ലാതിരുന്നിട്ടും സെെബര്‍ ആര്‍മിയുടെ അംഗബലം കണ്ടിട്ട്, 25 ക്വിന്റല്‍ ലെെക്കും കുന്നോളം കമന്റ്സും കിട്ടിയതിനാല്‍ ടീച്ചറമ്മ ഹാപ്പിയമ്മയായി നിറകുളിരുമായി പിന്‍വാങ്ങി.

ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വരുന്നത് നാളെ പത്രദൃശ്യമാധ്യമങ്ങള്‍ ഏറ്റുപിടിക്കുമല്ലോ. അങ്ങനെ പാളസ്വാമിയുടെ അടക്കാമരപത്ര പൃഷ്ഠചലനയാത്ര ചാനലുകളി‍ല്‍ ചര്‍ച്ചയായും പത്രങ്ങളില്‍ ഒന്നാം പേജില്‍ വാര്‍ത്തകളായും നിറഞ്ഞുതുളുമ്പി. അഞ്ച് പെെസയുടെ ചെലവില്ലാതെ ലക്ഷക്കണക്കിന് കാശിന്റെ പരസ്യം വാര്‍ത്തയായി കിട്ടിയതിനാല്‍ സ്വാമി ക്യാമ്പും യാത്രക്ക് സജീവമായി. ആഗോളമലയാളി സമൂഹം മുഴുവന്‍ സ്വാമികളുടെ കേരളയാത്രയില്‍ ഫോക്കസ്ഡായി.

ആറടി ഉയരത്തില്‍ കഴുത്തോളം മുടിയും ട്രിം ചെയ്ത താടിയും വെച്ച, കാവിമുണ്ടും ജുബ്ബയുമിട്ട സുമുഖസുന്ദരനാണ് അടക്കാനന്ദസ്വാമികള്‍. നാടായ നാരികളെല്ലാം ആ യവനസൌന്ദര്യത്തില്‍ ആകൃഷ്ടരായി യാത്രയില്‍ പങ്കാളികളാകാന്‍ പുത്തന്‍ പുടവ വാങ്ങി ഒരുങ്ങി.

വന്‍ സെറ്റപ്പാണ് സ്വാമികളുടെ യാത്രക്ക് ഒരുക്കിയിരുന്നത്. പൃഷ്ഠചലന യാത്രയുടെ ഏറ്റവും മുന്നില്‍ കമുകിന്‍ പാളയില്‍ നെല്ലിമരച്ചപ്പ് കൊണ്ടുണ്ടാക്കിയ കുഷനില്‍ സ്വാമികളിരിക്കും. രണ്ട് സഹായികളോ ആരാധകരോ റോഡിലൂടെ ആ എണ്‍പത് കിലോ ഇറച്ചി പതുക്കെ വലിക്കും. സ്വാമികള്‍ അതിലിരുന്ന് റോഡിനിരുവശത്തുമുള്ള ആരാധകരെ കെെവീശി അനുഗ്രഹിക്കും. വിശ്രമിക്കുന്നയിടത്തെല്ലാം കമുകിന്‍ തെെകെള്‍ നടും. പാളപത്രം വലിക്കാന്‍ അവസരം കിട്ടാത്ത അഭ്യസ്ഥവിദ്യരും നിരക്ഷരന്‍മാരും കൂടെ നടന്ന് ഇടക്കിടക്ക് പാള തൊട്ട് തലയില്‍വച്ച് ആനന്ദനിര്‍വൃതിയടയും.

പാളവണ്ടിയുടെ പിന്നിലായി സ്വാമികള്‍ക്ക് ഓരോ മണിക്കൂര്‍ കഴിഞ്ഞാല്‍ വിശ്രമിക്കാനായി കാരവന്‍ മെല്ലെ വരുന്നുണ്ടാകും. അതില്‍ വെച്ചാണ് സ്വദേശിവിദേശി മാധ്യമങ്ങള്‍ക്ക് സ്വാമികള്‍ ഇന്റര്‍വ്യൂ കൊടുക്കുന്നത്. അതില്‍ തന്നെ തയ്യാറാക്കിയ ഓഫീസിലിരിക്കുന്ന രണ്ട് സുന്ദരികളാണ് മെയിലുകളും സംഭാവനകളും സോഷ്യല്‍ മീഡിയ അക്കൌണ്ടുകളും ബാങ്ക് അക്കൌണ്ടും കെെകാര്യം ചെയ്യുന്നത്. തൊട്ടുപിന്നിലെ രണ്ട് പിക്കപ്പ് വാനുകളിലാണ് കീറിപ്പോകുന്ന പാളകള്‍ മാറ്റിയിടാനുള്ള സ്പെയര്‍പാളകളും നടുവാനുള്ള കമുകിന്‍ തെെകളും സൂക്ഷിച്ചിട്ടുള്ളത്. വലിക്കുമ്പോള്‍ കീറിപ്പോകുന്ന നിന്തിരുവടി സ്വാമികളുടെ പൂ‍ജനീയ പ‍ൃഷ്ഠം പതിഞ്ഞ പാളകള്‍ അപ്പപ്പോള്‍ കഷണങ്ങളായി മുറിച്ചെടുത്ത് ഭക്ത‍ജനങ്ങള്‍ക്ക് വില്‍ക്കും. അവരത് കൊണ്ടുപോയി വീടുകളിലെ പൂജാമുറികളില്‍ ഭക്തിയോടെ സൂക്ഷിക്കും.

പിന്നിലെ ആംബുലന്‍സിലുള്ള മെഡിക്കല്‍ സംഘം ഒാരോ വിശ്രമവേളകളിലും സ്വാമിയുടെ ആരോഗ്യസ്ഥിതിയും പൃഷ്ഠത്തിന്റെ തേയ്മാനവും പരിശോധിച്ച് വിലയിരുത്തി നാസക്ക് റിപ്പോര്‍ട്ട് നല്‍കും. പാളയും ടാറിലെ കാര്‍ബണും അധോവായുവും ചേര്‍ന്നുരയുമ്പോളുള്ള വാതകം ഓസോണ്‍പാളികളുടെ ഓട്ടയടയാന്‍ സാധിക്കുമെന്നാണ് അവരുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഹാള്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളിലെ ആരാധകഭക്തരുടെ വീടുകളിലാണ് സ്വാമികളുടെ താമസ ഭക്ഷണ വിശ്രമങ്ങള്‍ ഒരുക്കിയിരുന്നത്. ആയതിനു പോലും പ്രീബുക്കിങ്ങ് വേണ്ടിയിരുന്നു. സ്വാമികള്‍ കേരളക്കരയെ കോരിത്തരിപ്പിച്ച് മുന്നേറുമ്പോള്‍ മറ്റെല്ലാ വിഷയങ്ങളും വഴിമാറി. കച്ചവടക്കാരും കള്ളന്മാരും മതവ്യാപാരികളും ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളെ സ്വകാര്യത്തില്‍ കണ്ട് തങ്ങള്‍ക്കാവശ്യമായ സഹായങ്ങളും ഓര്‍ഡറുകളും ആരുമറിയാതെ നേടിയെടുക്കാന്‍ തുടങ്ങി.

ആസനംകുത്തിയാത്രയുടെ വടക്കന്‍ മേഖലയിലെ ഒരു ദിവസത്തെ ഹാള്‍ട്ട് അധ്യാപകദമ്പതികളായ കുക്കുമേനോന്റെയും ഭാസ്കരന്‍സാറിന്റെയും വീട്ടിലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഒരു എഴുത്തുകാരിയും ആത്മചിത്രപ്രദര്‍ശകയുമായിരുന്നു ടി വനിതാരത്നം. സ്വന്തം ചിത്രങ്ങളോ കവിതയോ ആയി ഒരു പോസ്റ്റെങ്കിലും അവരുടേതായി ദിവസവും കണ്ടില്ലെങ്കില്‍ ആയമ്മ തട്ടിപ്പോയെന്ന് ഉറപ്പിക്കാം. സാറിനാണെങ്കില്‍ സ്വയംപൊക്കലിന്റെയും പുറംചൊറിയലിന്റെയും പാതാളനിലവാര സ‍ൃഷ്ടികളുള്ള ആ പുതിയ വന്‍കര തീരെ ഇഷ്ടമല്ലായിരുന്നു. പ്രായം രണ്ടുപേര്‍ക്കും മധ്യമാവതി രാഗം പാടിത്തീര്‍ത്തുവെങ്കിലും അനപത്യതാദുഃഖം അനുഭവിക്കുവാനായിരുന്നു അവരുടെ നിയോഗം. വലിയൊരു വീട്ടില്‍ സ്വയമകന്ന് അത്യാവശ്യത്തിനു മാത്രം സംസാരിച്ച് താഴെയും മുകളിലുമായി ജീവിക്കുകയായിരുന്നു രണ്ടുപേരും. കുക്കുമേനോത്തി കോളേജ് വിട്ടുവന്നാല്‍ മുകളിലത്തെ മുറിയില്‍ ഫേസ്ബുക്കില്‍ സാഹിത്യരചനകള്‍ ഉല്‍പ്പാദിപ്പിക്കുകയും ലെെക്കിയും ചാറ്റിയും ഇഷ്ടരചയിതാക്കള്‍ക്ക് ഹൃദയചിഹ്നമിട്ടും നവംനവങ്ങളായ ആരാധകരെ നേടിയും ജീവിതം ആസ്വദിക്കുമ്പോള്‍ താഴെ ഭാസ്കരന്‍സാര്‍ പുസ്തകങ്ങള്‍ വായിച്ചും വിമര്‍ശനാത്മകമായി ചിന്തിച്ചും പക്വതയാര്‍ന്ന സാത്വിക ജീവിതം നയിച്ചു.

സ്വാമിയേയും പരിവാരങ്ങളെയും സല്‍ക്കരിക്കാന്‍ കുക്കുമേനോന്‍ ഭക്ഷണസാമഗ്രികളും താമസസൗകര്യവുമൊരുക്കി ആറുമണി മുതല്‍ ആടയാഭരണങ്ങളണിഞ്ഞ്‍ പൂമുഖത്ത് പൂര്‍ണേന്ദുവായി നില്‍പ്പുണ്ടായിരുന്നു. സാറിന് പാളസ്വാമിയുടെ വരവിലോ അയാളുടെ പ്രവൃത്തിയിലോ യാതൊരു താല്‍പ്പര്യവുമുണ്ടായിരുന്നില്ല. കേരളം മുഴുവന്‍ മരം നടാന്‍ ഈ രീതിയില്‍ പണം ചെലവഴിക്കുന്നതിനു പകരം അതു കൊണ്ട് ഏതെങ്കിലും തരിശ് ഭൂമിയോ മൊട്ടക്കുന്നോ വാങ്ങി മരം നട്ടുപിടിപ്പിച്ച് കാടാക്കിക്കൂടേ ? ഈ മരങ്ങളൊക്കെ നട്ടുപോകുന്നതല്ലാണ്ട് ആരാണതിന് വെള്ളമൊഴിക്കുക, പരിപാലിക്കുക ? എന്നൊക്കെയുള്ള സിമ്പിള്‍ ഹമ്പിള്‍ ആന്റ് റിലയബിള്‍‍ ലോജിക്ക് ആയിരുന്നു അദ്ദേഹത്തിന്റെയുള്ളില്‍. മരമാകുമ്പോള്‍ എളുപ്പത്തില്‍ കുഴികുത്തി നട്ടു പോകാം ഒരാളും എതിര്‍ക്കില്ല, നല്ലതേ പറയൂ, ബയോഡാറ്റയില്‍ ലക്ഷം മരം നട്ടെന്ന് പറഞ്ഞ് പൊന്നാടകളും ആയിരമായിരം ആരാധകരേയും അവാര്‍ഡുകളും വേണമെങ്കില്‍ താമര സമ്മാനവും വരെ നേടാം. പിന്നെ അനേകായിരം പെണ്‍ ഈയാംപാറ്റകളുടെ ആരാധനാലിംഗന സൗഹൃദങ്ങള്‍ വേറെയും. ഇതൊക്കെ സാറിനെപ്പോലെ നിര്‍മ്മമനായി നില്‍ക്കുന്ന ഭൂമദ്ധ്യരേഖാവയസ്കര്‍ക്ക് മനസ്സിലാകില്ലല്ലോ.

നിത്യവും രാത്രികളില്‍ ഓണ്‍ലെെനിലും ഫോണ്‍ലെെനിലും‍ ബിസിയായത് കണ്ട് സാര്‍ ചോദിച്ചാല്‍ സ്വാതന്ത്ര്യം എന്റെ ജന്‍മാവകാശം എന്നു പറഞ്ഞ് കുക്കുറാണി കാളിറാണിയായി താണ്ഡവമാടുമായിരുന്നു. ഓൺലെെന്‍ ഭിന്നശേഷിക്കാരെങ്കിലും ബീഫ് എന്ന ഒറ്റലക്ഷ്യമുള്ള സെെബര്‍ യൗവനങ്ങളോടൊപ്പമുള്ള കറക്കങ്ങളും വീട്ടില്‍ വരുത്തിയുള്ള സല്‍ക്കാരങ്ങളിലും എതിര്‍പ്പാണെങ്കിലും ഭാര്യയെ നിയന്ത്രിക്കുവാനുള്ള ശേഷി ഫിസിക്കലല്ലാത്ത മറ്റൊരു കാരണത്താല്‍ ഭാസ്കരന്‍സാറിനില്ലായിരുന്നു. എന്നാലും വെറും മര്യാദകൊണ്ട് കുക്കുമേനോത്തി അണിഞ്ഞൊരുങ്ങി താലമേന്തി മുറ്റത്ത് പാളസ്വാമിയെ സ്വീകരിക്കുമ്പോള്‍ സാറും സാന്നിദ്ധ്യം കാണിച്ച് വേഗം സ്വന്തം മുറിയിലേക്ക് അവധൂതനായി.

സര്‍വ്വസജ്ജമായ മുകളിലത്തെ മുറിയുടെ വാതില്‍ക്കലെത്തിയപ്പോള്‍ സ്വാമി ആ മുറിയില്‍ ഒരു കട്ടിലുണ്ടല്ലോ എന്ന പ്രവചിച്ച് തന്റെ ഉള്‍ക്കാഴ്ച കുക്കുവിന് വെളിപ്പെടുത്തി. ആദ്യമായി വരുന്ന വീട്ടിലെ അടച്ചിട്ട മുറിയില്‍ ഒരു കട്ടിലുണ്ടെന്ന പ്രവചനത്തോടെ സ്വാമികളിലുള്ള ആരാധന ആയമ്മയില്‍ അനേകായിരമായി അധികരിച്ചു. കുളി, തേവാരം, (പിന്നെ രഹസ്യമായി ആബ്സലൂട്ട് വോഡ്ക പ്ലസ് പെഗ് പാകത്തിന് കോഴിക്കാല്‍), സര്‍വ്വാഭരണഅത്താഴ ശേഷം കുക്കുവും സ്വാമികളും സംസാരിക്കാനിരുന്നു. നവകവിതയേയും നടക്കാന്‍ പോകുന്ന കവിതയേയും പ്ലാസ്റ്ററിട്ട കവിതയേയും പറ്റി സംസാരിച്ച് പാതിരാ വന്‍കരയായതറിഞ്ഞില്ല. അതങ്ങനെയാണല്ലോ, ഉല്‍ക്ക വന്ന് വീണ് സര്‍വ്വലോകവും നശിച്ചാലും കേരളത്തിലെ ഏതെങ്കിലും ഒരാണും പെണ്ണും കവിതയെപ്പറ്റി ചര്‍ച്ച ചെയ്യുന്നുണ്ടാകും. എല്ലാത്തിലും ഇടങ്ങഴി കണക്കിന് 'ഇടങ്ങള്‍' എന്ന പദമുണ്ടാകും, അത് സെെബറുകാരുടെ ഒരു വീക്നെസ്സാണ്.

നേരത്തെ കിടന്നതുകൊണ്ടാവണം പാതിരാത്രിക്ക് ഉറക്കം ഞെട്ടിയ ഭാസ്കരന്‍സാര്‍ എന്തൊക്കെയോ ശബ്ദം കേട്ട് സ്വാതന്ത്ര്യലംഘനമാകുമോയെന്ന് മടിച്ച് മടിച്ച് മുകളിലേക്ക് കയറി. അവിടെ കാലുറക്കാതെ മുണ്ട് വാരിപ്പൊത്തി ഭാര്യയുടെ പിന്നാലെ ഓടുന്ന സ്വാമിയെയും അയാളുടെ പിടിയില്‍പ്പെടാതിരിക്കാന്‍ കുചകവചങ്ങള്‍ കെെ കൊണ്ട് കവര്‍ ചെയ്ത് കരയുന്ന കുക്കുഭാര്യയേയുമാണ് ഭാസ്കരന്‍ സാര്‍ കണ്ടത്. പൊടുന്നനെ ഉയിര്‍ത്തെഴുന്നേറ്റ് മാഷൊന്ന് കര്‍മ്മധീരപുരുഷനായി. നേരെ പോയി സ്വാമിയുടെ ആസനത്തില്‍ സകല ശക്തിയുമുപയോഗിച്ച് ഒരു ചവിട്ട് കൊടുത്തു. പാള പോയി കട്ടിലിന്റെ നെറ്റിയില്‍ തലയിടിച്ചുവീണു. പിന്നെ രക്ഷപ്പെട്ട ആശ്വാസത്തില്‍ നില്‍ക്കുന്ന കുക്കുമേനോത്തിയുടെ മുഖമടച്ച് ഒരടി കൊടുത്തിട്ട് പറഞ്ഞു. "എന്ത് പ്രലോഭനത്തിലും സ്വന്തം സംസ്കാരവും അസ്തിത്വവും വലിച്ചെറിയരുത്..” മാനം കെട്ട് ചൂളിപ്പോയ ആ നവമാധ്യമകവയിത്രിക്ക് വായ അടക്കാനോ തുറക്കാനോ മിണ്ടാനോ ആയില്ല.

ശേഷം ഭാസ്കരന്‍സാര്‍ നാലഞ്ച് കാലുകളാല്‍ പൊന്താന്‍ തുടങ്ങിയ പാളതീര്‍ത്ഥാനന്ദ നിന്തിരുവടി സ്വാമികളെ ഇരുകാലുകളില്‍ പൊക്കിയെടുത്ത് സെെക്കിള്‍ റിക്ഷ വലിക്കുന്നത് പോലെ ഗോവണിയിലൂടെ വലിച്ചിഴച്ച്കൊണ്ടുപോയി കീറിയ പാളപോലെ മുറ്റത്തേക്ക് എന്നന്നേക്കുമായി വലിച്ചെറിഞ്ഞു.

ലോക്ക് ഡൗൺ ലവ്

കൊറോണക്കാലത്തിന് ഒരു മാസം മുമ്പാണ് കുട്ടന്‍ പോലീസിന് ഭാര്യവീടിനടുത്തുള്ള സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. എല്ലാ പുതുക്കക്കാരായ ഭര്‍ത്താക്കന്മാരെയും പോലെ ടി പോലീസുകാരനും ഭാര്യാഗൃഹം പൂകല്‍ വളരെയധികം സന്തോഷപ്രദമായ കാര്യമായിരുന്നു. അമ്മായിയമ്മ-അപ്പന്മാരുടെ മോനേ.. ന്നുള്ള ഇളംകുളിരുള്ള വിളി, ചിക്കന്‍ മീനുള്‍പ്പെടെയുള്ള ഭക്ഷണസല്‍ക്കാരം, ബന്ധുക്കളുടെയും അയല്‍വീട്ടുകാരുടെയും സ്നേഹാന്വേഷണം-ബഹുമാനം, ഗള്‍ഫിലുള്ള അളിയന്റെ ഇടവിട്ടുള്ള വിളികള്‍-ഗിഫ്റ്റുകള്‍, സര്‍വ്വോപരി അമ്മായിയപ്പന്‍ എക്സ് മിലിട്ടറി പട്ടാളം പുരുഷുവിന്റെ മിലിട്ടറി ക്വോട്ടയിലെ വിഹിതം.. അങ്ങനെ ഭാര്യാഗൃഹം സുഖം, സമാധാനം, സന്തോഷം, സമൃദ്ധം.

സ്വന്തം വീട്ടിലാണെങ്കില്‍ അമ്മയും ഭാര്യയുമായുള്ള ശംഖ് വിളി പോലെ മെല്ലെ തുടങ്ങി ഉച്ഛസ്ഥായിയിലെത്തി തീരുന്ന വഴക്കുകള്‍, ഭാര്യയുടെ തീരാപരാതികള്‍, അമ്മയുടെ കുറ്റപ്പെടുത്തലുകള്‍, അനിയത്തിയുടെ കുശുമ്പ്.. ഇങ്ങനെ താരതമ്യം ചെയ്തപ്പോള്‍ കുട്ടന്‍ പോലീസിന് സ്വന്തം വീട് മടുത്തു. ആയതിന്റെ കൂടെ എന്റെ വീട്ടില്‍ പോയി നില്‍ക്കാം അവിടെയവര്‍ ഒറ്റക്കല്ലേ എന്ന തലയിണമന്ത്രം കൂടിയായപ്പോളാ‍ണ് ഭാര്യാഗൃഹത്തിനടുത്തേക്ക് റിക്വസ്റ്റ് കൊടുത്തതും അത് അനുവദിക്കപ്പെട്ടതും. ഓര്‍ഡര്‍ കിട്ടിയതും അമ്മ അച്ഛന്‍മാരുടെയും കല്ല്യാണം കഴിയാത്ത അനിയത്തിയുടെയും കണ്ണീര്‍ എപ്പിസോഡുകള്‍ കാണാതെ കുട്ടന്‍പോലീസും ഭാര്യയും വസ്ത്രങ്ങള്‍ കുത്തിനിറച്ച ബാഗുകളുമായി ഭാര്യാവീട്ടിലെ മുകളിലെ നിലയിലെ അളിയന്റെ എ.സി.മുറിയിലേക്ക് മെെഗ്രേറ്റ് ചെയ്തു സുഖജീവിതം ആരംഭിച്ചു. കട്ടിലും അലമാരയും എടുക്കണമെന്ന ഒരു പ്ലാനുണ്ടായെങ്കിലും നാട്ടുകാരെന്ത് വിചാരിക്കും.. ലേശം കഴിഞ്ഞിട്ടാവാം എന്ന് കരുതി മാറ്റിവെച്ചു.

ശേഷം ഒരു മാസം കഴിഞ്ഞ് കൊറോണക്കാലം വന്ന് ലോക്കൗട്ട് പ്രഖ്യാപിച്ചപ്പോള്‍ കുട്ടന്‍ പോലീസ് പുതിയ സ്റ്റേഷനിലും നാട്ടിലും ഹീറോ നമ്പര്‍ വണ്ണായി.

ആരെ വേണമെങ്കിലും ഓടിക്കാം, നടുപ്പുറത്ത് ലാത്തി കൊണ്ടടിക്കാം, തെറിപറയാം, വഴിതടഞ്ഞ് മടക്കിയയക്കാം, ചെറുവാല്യക്കാരെ മൂക്ക്കൊണ്ട് ഹിന്ദി വരപ്പിക്കാം, അത് വാട്സാപ്പിലിട്ട് അടികൊണ്ടവന്റെ ഒഴിച്ച് ബഹുജനസാമാന്യത്തിന്റെ ലെെക്ക് വാങ്ങാം. അങ്ങനെ പോലീസുകാര്‍ക്ക് നാട്ടുകാരുടെ അസുലഭ സ്നേഹം നിര്‍ലോഭം കിട്ടാനിടയായ ആ കൊറോണക്കാലത്ത് ഭാര്യയുടെ നാട്ടില്‍ കുട്ടന്‍പോലീസ് കടലാസില്‍ പറഞ്ഞതു പോലെ ജോലി ചെയ്ത് പേരും പെരുമയും നേടി പെരും ആളായി.

ഭാര്യാവീട്ടുകാരും ബന്ധുക്കളും മരുമകന്റെ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും വര്‍ണിച്ചുള്ള ഗാഥാഗീതികള്‍ കണ്ടും കേട്ടും പുളകിതരായി. പാകിസ്ഥാന്‍ അതിര്‍ത്തിപോലെ ബാരിക്കേഡ് കെട്ടി മാലോകരെ തടയുന്ന ഡ്യൂട്ടി സ്ഥലത്തേക്ക് കുട്ടന്‍പോലീസിനും എസ്.എെ.ക്കും സഹപോലീസുകാര്‍ക്കും ഭാര്യവീട്ടുകാര്‍ നിത്യേന വെപ്പുകാരനെ വെച്ച് പുഴമീനും ചിക്കനും ചേര്‍ത്തുള്ള ഉച്ചഭക്ഷണം ഉണ്ടാക്കി കൊടുത്തയച്ചു. കിടിലന്‍ ഫുഡ് ഡെയിലി കിട്ടിയതിനാല്‍ എസ്.എെ.യുടെ മുന്നില്‍ കുട്ടന്‍പോലീസിന്റ ഗ്രാഫ് കൊറോണ പടരുന്നത് പോലെ ഉയര്‍ന്നുപൊന്തി. കഴിക്കുന്ന സമയത്ത് ഭാര്യാമാതാവിന്റെ വിളി വരും. "മോന്‍കുട്ടാ.. മീന്‍കൂട്ടാന്‍ ഇഷ്ടമായോ..?” സ്വന്തം അമ്മ മരുന്ന് വാങ്ങിക്കാന്‍ വേണ്ടി വിളിച്ചാല്‍ "എന്ത്ന്നാമ്മേ വെറുതെ വിളിച്ചോണ്ടിരിക്കുന്നേ..” എന്നു പറയുന്ന കുട്ടന്‍ പോലീസ് "നന്നായിരിക്കുന്നു മമ്മാ..” എന്ന് പറയും. അത് അങ്ങനെയാണ്, കല്യാണം കഴിഞ്ഞാല്‍ ഭാര്യവീട്ടില്‍ പോയാല്‍ പുയ്യാപ്ലമാര്‍ക്ക് അമ്മ മമ്മയും മമ്മിയുമാകും. ഒരു പൊങ്ങച്ചം, അത്രേള്ളൂ.. ക്രമേണ മാറിക്കോളും.

ഇതൊക്കെ കണ്ട് സഹപ്രവര്‍ത്തകരായ പോലീസുകാര്‍ക്ക് താന്താങ്ങളുടെ ഭാര്യാഗൃഹങ്ങളിലെ പരിതാപകതയോര്‍ത്ത് കലിപ്പായി. ആയത് അവര്‍ തങ്ങളുടെ മുന്നില്‍പ്പെടുന്ന ഹതഭാഗ്യരായ ചെക്കന്മാരുടെ മേല്‍ തീര്‍ത്തു.

അന്നും വെെകിട്ട് അനുസരണയില്ലാത്ത മലയാളികള്‍ സമുഹത്തില്‍ കൊറോണയുടെ മൊത്ത വ്യാപനം നടത്തുന്നുണ്ടോ എന്ന് നോക്കാന്‍ ജീപ്പില്‍ കറങ്ങുമ്പോഴാണ് കവലയിലെ കടയില്‍ പത്തോളം പേര്‍ കൂട്ടംകൂടിനില്‍ക്കുന്നത് കുട്ടന്‍പോലീസും കൂട്ടരും കണ്ടത്. എസ്.എെ.യുടെ മുന്നില്‍ ആളാകാനുള്ള പോലീസുകാരുടെ ആരാദ്യം ഇറങ്ങുമെന്ന ഇറക്കുമതി മല്‍സരത്തില്‍ വിജയിച്ചത് സ്മാര്‍ട്ട്കുട്ടന്‍പോലീസായിരുന്നു. മൂപ്പര്‍ ഉടനെ കടയിലേക്ക് ഓടിച്ചെന്ന് കൂടിയിരുന്നയാളുകളെ മുഖംനോക്കാതെ പിന്‍ഭാഗം മൊത്തത്തില്‍ സെലക്ട് ചെയ്ത് ലാത്തികൊണ്ട് അറിഞ്ഞുപെരുമാറി. ആരോഗ്യസ്ഥിതിക്കനുസരിച്ച് പ്രാണരക്ഷാര്‍ത്ഥം അടിയുംകൊണ്ട് വിരണ്ടോടിയ ആ കൂട്ടത്തില്‍ ബാലകന്‍മാരില്ലെങ്കിലും ആബാലവൃദ്ധം എന്ന് ധെെര്യമായി പറയാം. കാരണം ആ കൂട്ടത്തില്‍ ഒരു ബാലകൃഷ്ണനുണ്ടായിരുന്നു.
അന്നു രാത്രി പോലീസുകാരുടെ ബ്രാന്റ് വെഹിക്കിളായ സ്കൂട്ടറില്‍ ഭാര്യാഗൃഹത്തിലെത്തിയ കുട്ടന്‍ പോലീസിന് അവളില്‍ നിന്നും ഊഷ്മളതക്ക് പകരം തണുതണുപ്പന്‍ സ്വീകരണമാണ് കിട്ടിയത്.

സാധാരണ ഓടിവന്ന് ബാക്ക്പാക്ക് വാങ്ങി "അച്ഛാ.. അമ്മേ.. കുട്ടേട്ടന്‍ വന്നൂ..” എന്ന് വിളിച്ചു പറഞ്ഞ് അയല്‍ക്കാരെ പോലും കൊഞ്ചിക്കൊഞ്ചി അറിയിക്കുന്നവള്‍ മൂ‍ഡോഫായത് കുട്ടന്‍പോലീസിനും സ്ട്രെെക്ക് ചെയ്തു. അതൊന്ന് സോള്‍വാക്കാന്‍ "ഇന്നത്തെ ഫുഡ് സൂപ്പറായി.. കേട്ടോ..” എന്ന് പറഞ്ഞ് നാവ് വായിന്റെ അകത്തിട്ടതും വീടിന്റെ അകത്ത് നിന്നും കുട്ടന്‍ പോലീസിന്റെ ബാഗ് പറന്നു മേത്ത് വന്നു വീണു. പിന്നാലെ വന്ന അമ്മായിയപ്പന്‍ റിട്ട. പട്ടാളം പുരുഷു ഉറഞ്ഞു തുള്ളി ഇങ്ങനെ പറഞ്ഞു.

"ഇത്രയും ദിവസം എന്റെ വീട്ടില്‍ നിന്ന്, എന്റെ വീട്ടിലുറങ്ങി, എന്റെ ചോറ് തിന്നിട്ട് നിനക്ക് അടിച്ചുപൊളിക്കാനും എന്റെ പുറം തന്നെ വേണമല്ലെടാ.. ഈ നിമിഷം ഇറങ്ങിക്കൊള്ളണം എന്റെ വീട്ടില്‍ നിന്ന്....”

തൊഴിലധിഷ്ഠിത കോഴ്സ്

താലൂക്ക് സപ്ലെെ ഓഫീസിലെ യു.ഡി.ടെെപ്പിസ്റ്റ് മനോഹരന്‍ അവധി ദിവസത്തെ ആലസ്യത്തില്‍ രാവിലെ പരസ്യക്കളങ്ങള്‍ക്കിടയില്‍ കഷ്ടപ്പെട്ട് ഞെരുങ്ങിയിരിക്കുന്ന വാര്‍ത്തകളെ ചികയുമ്പോഴാണ് മകള്‍ വന്ന് പത്രത്തില്‍ പിടിമുറുക്കിയത്. പത്രം വായിക്കാനല്ല, ആ പരിപാടി ഇപ്പോളത്തെ പിള്ളേര്‍ക്കില്ലല്ലോ.
നേരത്തെ "അവള്‍ വിശക്കുന്നച്ഛാ.. ചായ താ..” എന്ന് കുറേ പ്രാവശ്യം പറ‍ഞ്ഞത് വായനക്കിടയില്‍ കേള്‍ക്കാത്ത ഭാവത്തില്‍ ഇരുന്നതായിരുന്നു. എന്നത്തെയും പോലെ ഭാര്യ ഉണ്ടാക്കി കൊടുക്കുമെന്ന വിശ്വാസത്തിലാണത് അവഗണിച്ചത്. ആ സാധനം ഇതുവരെ പള്ളിയുറക്കം കഴിഞ്ഞ് എഴുന്നേറ്റില്ലാന്നു തോന്നുന്നു. അടുക്കളയില്‍ പാത്രങ്ങളുടെ തമ്മിലടി കേള്‍ക്കുന്നില്ല. പ്ലസ്ടു കഴിഞ്ഞ മകന്റെ തുടര്‍പഠനവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി അവളും മകനും നല്ല വാക‍്‍തര്‍ക്കമായിരുന്നു. എഞ്ചിനീയറിങ്ങ് മതിയെന്ന് ഭാര്യ, ഡിഗ്രിക്ക് പോകണമെന്ന് മകന്‍. ചേരിചേരാനയം പരമാവധി പാലിച്ചെങ്കിലും അവസാനം അവന്റെ ഇഷ്ടമുള്ള കോഴ്സിന് ചേര്‍ന്നോ എന്ന് മനോഹരന്‍ കഷ്ടകാലത്തിന് പറഞ്ഞുപോയി. അപ്പോള്‍ തുടങ്ങിയ വഴക്കിന്റെ തുടര്‍ചലനങ്ങളാണ് ഈ അടുക്കള ബഹിഷ്കരണം.

വായന മുടങ്ങിയതിന്റെ അസ്വസ്ഥതയില്‍ ഒരു താല്‍പ്പര്യവുമില്ലാണ്ട് അറവിന് നയിക്കപ്പെടുന്ന മാടിനെ പോലെ അയാള്‍ അടുക്കളയിലേക്ക് നടന്നു, മകള്‍ ടി.വിയിലേക്കും. മകന്‍ പതിവ് പോലെ മൊബെെലില്‍ വിളവെടുക്കുന്നു, ഫാര്യ മരമില്ലിന്റെ മുന്നിലെ തടിപോലെ ബെഡില്‍ കിടപ്പുണ്ട്. ടീപ്പോയില്‍ പല പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മള്‍ട്ടികളര്‍ ബ്രോഷറുകള്‍ ചിതറിക്കിടക്കുന്നു. എഞ്ചിനീയറിങ്ങിനല്ലാണ്ട് ചേര്‍ന്നാല്‍ ഓഫീസില്‍ എനിക്കെങ്ങനെ തലയുയര്‍ത്തി നടക്കാന്‍ പറ്റുമെന്നാണ് ഭാര്യയുടെ ചോദ്യം. പിള്ളേരെ നിര്‍ബ്ബന്ധിക്കരുത് ഇഷ്ടമുള്ളതിന് പഠിച്ചോട്ടെ എന്നാണ് മനോഹരന്റെ അഭിപ്രായം. അത് ആ വീട്ടില്‍ നടക്കാന്‍ ചാന്‍സ് കുറവാണ്. നാരി മികച്ചിടമാണ്, കണ്ടും കേട്ടും അനുസരിച്ച് നിന്നില്ലെങ്കില്‍ മനസ്സമാധാനം നിഘണ്ടുവിലേ കാണൂ.

വെറെ വഴിയില്ലാത്തതു കൊണ്ട് വല്ലതും ഉണ്ടാക്കാന്‍ അയാള്‍ തീരുമാനിച്ചു. ആകെ അറിയാവുന്നത് പുട്ടുണ്ടാക്കാനാണ്. അരി പൊടിപ്പിച്ചു കൊണ്ട് വെച്ചത് പാത്രത്തിലുണ്ട്, സമാധാനം. ഫ്രിഡ്ജില്‍ നിന്നും ഒരു മുറി തേങ്ങയെടുത്ത് ചിരകാന്‍ തുടങ്ങി. എഞ്ചിനീയറിങ്ങ് കഴിഞ്ഞവര്‍ക്ക് ഇപ്പോള്‍ ബംഗാളികളുടെ അത്രക്ക് പോലും ശമ്പളമില്ലെന്നാണ് ഓഫീസിലെ സുരേന്ദ്രന്‍ പറഞ്ഞത്. ശരിയാകും.. സിനിമയിലും വാട്സാപ്പിലുമൊക്കെ എഞ്ചിനീയര്‍മാരെ കളിയാക്കി കൊല്ലുകയാണ്. ഒരു കല്ലെടുത്ത് പട്ടീനെ എറിഞ്ഞാലത് ഒരു ബീടെക്‍കാരന്റെ മേത്ത് കൊള്ളുമെന്ന സ്ഥിതിയായിട്ടുണ്ട്. ഇതൊക്കെ ഇവളുമാരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഒടേ തമ്പുരാന് പോലുമാകില്ല. പിന്നെയല്ലേ പേരിനൊരു ഭര്‍ത്താവധികാരമുള്ള താന്‍.
“ഊശ്......“ ഓരോന്നാലോചിച്ച് ചിരകിയപ്പോള്‍ കെെ തെറ്റി ചിരവയുടെ നാക്കില്‍ കെെ കൊണ്ടു. തലയില്‍ നക്ഷത്രചിഹ്നങ്ങള്‍ വന്നുദിച്ചു. ദ്വേഷ്യം മാറ്റാന്‍ കാലിച്ചിരട്ട വലിച്ചെറിഞ്ഞ് കെെകുടഞ്ഞ് കുറച്ച് നേരം നിന്നു. വേദനയുടെ കൂടെ ദ്വേഷ്യം വരുന്നത് വേദന കുറക്കാനായിരിക്കും.. ചിരകിയതെടുത്ത് പുട്ടുപാത്രം തപ്പിയെടുത്ത് ഗ്യാസ് സ്റ്റൌവില്‍ വെച്ചു. ഒരു ഗ്ലാസില്‍ വെള്ളമെടുത്ത് പൊടിയുപ്പ് ചേര്‍ത്തിളക്കി പാത്രത്തിലെ അരിപ്പൊടിയിലത് ചേര്‍ത്ത് ചിരകിയ തേങ്ങയും ഇടകലര്‍ത്തി പുട്ടുകുറ്റിയില്‍നിറച്ചു. എന്നിട്ടത് പുട്ടുംകുടത്തിന്റെ മുകളില്‍ വെച്ച് മൂടിയിട്ടു. പണ്ട് സ്കോട്ട്‍ലാന്റില്‍ ജെയിംസ്‍വാട്ട് ആവിയന്ത്രം കണ്ടുപിടിച്ചപ്പോള്‍ നമ്മള്‍ ആവിയില്‍ നിന്ന് പുട്ടുണ്ടാക്കാനാണ് പഠിച്ചത്. തിന്നാന്‍ വേണ്ടി മാത്രം ജീവിക്കുന്ന വര്‍ഗമാണ് ഈ മലയാളീസ്.

അത്രയായപ്പോളേക്കും കെെ വേദന മൂര്‍ദ്ധന്യത്തിലായി. മുറിയില്‍ മൂടിപ്പുതച്ചു കിടക്കുന്ന മുടിയുള്ള മൂധേവീ.. നീ മുടിഞ്ഞു പോകുമെടീ.. ഭാര്യാപദവിയില്‍ വിരാജിക്കുന്നവളെ മനസ്സില്‍ തെറിപറഞ്ഞ് അയാള്‍ ആശ്വാസമടഞ്ഞു.

ഫ്രിഡ്ജ് തുറന്ന് പാല്‍ പാക്കറ്റെടുത്ത് ഇന്‍ഡക്ഷന്‍ കുക്കറില്‍ തിളപ്പിക്കാന്‍ വെച്ചു. പുട്ടിന്റെ കാര്യത്തില്‍ ഒരു തീരുമാനമായിക്കാണുന്നില്ലല്ലോ. വത്തിക്കാനില്‍ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നത് പോലെ വെളുത്തതോ കറുത്തതോ ആയ യാതൊരു പുകയും വരുന്നില്ല. ഫ്ലെയിം കൂട്ടി വെച്ചിട്ടും അനക്കമേയില്ല. കെെക്കിലതുണി കൂട്ടിപ്പിടിച്ച് കുറ്റി പൊക്കി നോക്കി. അപ്പോള്‍ ആവി പുകപോലെ പുറത്തേക്ക് സ്വതന്ത്രരായി. പൊടിയെ ഭേദിച്ച് താഴെയുള്ള ആവിക്ക് മുകളിലേക്ക് പോകാനാകുന്നില്ലെന്നതാണ് പ്രശ്നം. വാട്ട് ക്യാന്‍ ഡു.‍‍..?
അപ്പോള്‍ ആര്‍ക്കെമെഡീസ് അയാളുടെ ക്ലീഷെയായ ആ വാക്ക് ഓര്‍മ്മിപ്പിച്ചു. പപ്പടംകുത്തിയെടുത്ത് മുകളിലൂടെ താഴേക്ക് കുത്തി കുറേ ദ്വാരങ്ങളുണ്ടാക്കി കൊടുത്തു. കേറി വാ പുക മക്കളേ മുകളിലോട്ട്... പുകയും, മണ്ണാങ്കട്ടയും, ജ്യോതിയും, ജ്യോതിലക്ഷ്മിയും ആരും വന്നില്ല. കുടത്തിലെ വെള്ളം പോലെ അയാളില്‍ ദ്വേഷ്യം തിളക്കാന്‍‌ തുടങ്ങി. സമാധാനത്തിന് ആലക്കണ്ടി നാരായണനെ രണ്ട് തെറി വിളിച്ചു. (ഓള്‍ടെ അപ്പനാ..)
കുറ്റിയെടുത്ത് പ്ലേറ്റിലിട്ട് പിന്നില്‍ നിന്ന് കുത്തി, നിറച്ച പോലെ വേവാത്ത പൊടിയായി പുറത്തേക്ക് വന്നു. അടിയില്‍ കോര്‍ക്ക് പോലെ കട്ടിയായി ലേശം കിടപ്പുണ്ട്. ഇതിനെ ഇനിയെന്ത് ചെയ്യാനാണ്.. അപ്പോളാണ് മുറിയില്‍ പുക നിറയുന്നത് കണ്ടത്.. ഇന്‍ഡക്ഷന്‍ കുക്കറില്‍ വെച്ച പാലു തിളച്ച് മറിയുന്നു.. പാത്രം കരിപിടിച്ച് കറുത്തിരിക്കുന്നു.. കുക്കറിന്റെയും പാലിന്റെയും കാര്യം ശരിക്കും കട്ടപ്പൊക.. ആ ഭദ്രകാളി ഇന്ന് കൊന്നത് തന്നെ..!! ഉടനെ ‌ഒന്നുമാലോചിക്കാണ്ട് രണ്ട് കെെകൊണ്ടും അതെടുത്തു.... ''അമ്മേ.......’’ ഒരു ദയനീയ നിലവിളി ആ വീട്ടില്‍ മുഴങ്ങി.

അല്‍പ്പം ക​ഴിഞ്ഞ് മനോഹരനെന്ന പരാജയപ്പെട്ട ഷെഫ് വേദനയടക്കി ടീപ്പോയില്‍ ചിതറിക്കിടക്കുന്ന വിവിധങ്ങളായ ബ്രോഷറില്‍ നിന്നും കുക്കറി കോഴ്സിന്റെ ഒരെണ്ണമെടുത്ത് മകന്റെ കെെയ്യില്‍ കൊടുത്ത് അതീവ ശാന്തനായി പറഞ്ഞു.

"നീ ഈ കോഴ്സ് പഠിച്ചാ മതി...”