Wednesday, January 19, 2011

പുതിയോത്ര


ചേലേരിക്കാരുടെ ദേശീയോത്സവമാണ് കൊളച്ചേരിപ്പറമ്പ് ഉരക്കുഴിപ്പാറയിലെ പുതിയോത്ര. പുതിയ ഭവവതി തിറ മഹോത്സവം എന്നത് ഒതുക്കത്തിൽ ചുരുക്കിപ്പറയുന്നതാണ് പുതിയോത്ര. സാധാരണ അമ്പലങ്ങളെയോ കാവുകളെയോ പോലെ വലിയ കെട്ടിടങ്ങളോ ചുറ്റുമതിലുകളോ പ്രതിഷ്ഠയോ നിത്യ പൂജയോ ഒന്നുമില്ല. മേൽക്കൂരയില്ലാത്ത നാലു ചുവരുകളും മരയഴി ഇട്ട വാതിലും മുന്നിൽ കാട്ടുകല്ലുകൾ അടുക്കി വെച്ചൊരു തേക്കാത്ത തറയും മുറ്റത്ത് രണ്ട് ചെമ്പകമരങ്ങളും ഒരു ആൽ മരവുമുണ്ട്. അത്രമാത്രം.

ചേലേരി വയൽ കടന്ന് കനാലിന്റരികിലൂടെ കുത്തനെയുള്ള മൊട്ടക്കുന്ന് കയറിയാൽ പുതിയോത്ര കാവിലെത്താം. ചുറ്റും അണ്ടിത്തോട്ടവും പഴയ കൽ‌പ്പണകളും മാത്രമുള്ളൊരു കാട്ടുമൂലയിലാണ് കാവ്. മുന്നിലായി മഴക്കാലത്ത് മാത്രം കൃഷി ചെയ്യുന്ന ചെറിയൊരു വയലുണ്ട്. അതിന്റപ്പുറം കൊളച്ചേരിയാണ്. പുതിയോത്ര ഉത്സവമായാൽ കാവും പരിസരവും കാട്ടുചെടികൾ വെട്ടിക്കളഞ്ഞും ചെത്തിക്കോരിയും വൃത്തിയാക്കും. കണ്ടാൽ പേടിയാവുന്ന വിജനമായ ആ സഥലം കുരുത്തോലച്ചമയങ്ങളും, ട്യൂബ് ലൈറ്റും, ചന്തകളും, മൈക്ക് സെറ്റ് പാട്ടും, ആൾപ്പെരുമാറ്റവുമൊക്കെയായി പൊടുന്നനെ രൂപം മാറി കല്യാണ വീട് പോലെ സുന്ദരമായിത്തീരും. വായ്ക്കോട്ട് കൊണ്ട് ചെത്തിക്കോരിയ നിലത്തൊക്കെ ചെമ്പകപ്പൂക്കൾ വീണ് കിടപ്പുണ്ടാകും. സൂക്ഷിച്ച് നടന്നില്ലെങ്കിൽ പകുതി ചെത്തിയ കുറുന്തോട്ടി കാലിൽ തറിച്ചേക്കും. തെയ്യം കാണാൻ ദൂരെ ജോലി ചെയ്യുന്നവരും, ബന്ധുക്കളും, നാട്ടിൽ നിന്ന് കല്യാണം കഴിഞ്ഞ് പോയവരുമൊക്കെ തലേന്ന് തന്നെ എത്തും. അവർ ബസ്സിറങ്ങി വീടുകളിലേക്ക് പോകുമ്പോൾ ആളുകൾ “തെയ്യായിറ്റ് വെരുന്നതായിരിക്ക്വല്ലേ..?” എന്ന് ലോഹ്യം ചോദിക്കും.

“ആപ്പാ.. അതെ..” എന്ന് മറുപടിയും കേൾക്കും. തെയ്യമായി വരുന്നതല്ല, തെയ്യം ആയത് കൊണ്ട് അത് കാണാൻ വരുന്നതാണ്.

കുട്ടിക്കാലത്ത് കൃസ്തുമസിന് സ്കൂൾ പൂട്ടിയാൽപ്പിന്നെ പുതിയോത്രക്ക് ആവേശത്തോടെ കാത്തിരിക്കുമായിരുന്നു. നല്ല തണുപ്പുള്ള പുലർകാലത്ത് ചൂട്ടും കത്തിച്ച് മഞ്ഞ് വീണ പുൽനാമ്പുകളെ മുടിപ്പകുപ്പ് പോലെ വിഭജിക്കുന്ന ഒറ്റവഴിയിലൂടെ തണുത്ത് വിറച്ച് അമ്മയുടെയും അടുത്ത വീട്ടുകാരുടെയും കൂടെ പുതിയോത്രമൊട്ടയിലേക്ക് പോകും. അവിടെത്തിയാൽ തെയ്യം കാണാനൊന്നുമായിരുന്നില്ല തിരക്ക്. പുതിയോത്രക്ക് മാത്രമായി കെട്ടിയുണ്ടാക്കുന്ന ‘ചന്ത’യിൽ നിന്നും കളിപ്പാട്ടങ്ങളായ തോക്ക്, പുലി നഖമാല, ഒരു പാത്രത്തിൽ കൊത്തുന്ന രണ്ട് കോഴികളുടെ കളിപ്പാട്ടം, കാറുകൾ, ബലൂണുകൾ, സിനിമാ-ക്രിക്കറ്റ് താരങ്ങളുടെ പോസ്റ്ററുകൾ, കലണ്ടറുകൾ ഇവയൊക്കെ വാങ്ങലായിരുന്നു പ്രധാന ഉദ്ദേശ്യം. പുതിയോത്രപ്പറമ്പ് നിറയെ ആളുകളായിരിക്കും. മുത്തുമാലകളും കുപ്പിവളകളും, ചാന്തും, കൺ‌മഷീം, ചൊറവളയും വാങ്ങാൻ നിൽക്കുന്ന ലേഡീസിനെ ചുറ്റിപ്പറ്റി തിരിഞ്ഞുകളിയും മാടിക്കെട്ടുമായി കുറേ വാലന്റൈൻസുണ്ടാകും. സമീപത്ത് താമസിക്കുന്ന മുസ്ലീങ്ങളും ഉത്സവത്തിന് കാര്യമായ സംഭാവന കൊടുക്കുകയും രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് തെയ്യം കാണാൻ നിൽക്കുകയും ചെയ്യും. അവർക്കിതൊക്കെ കൌതുകകരമായ കാഴ്ചയാണ്. മാത്രവുമല്ല, കൊള്ളിക്കിഴങ്ങ്, ഓം‌ലറ്റ്, കാപ്പി കച്ചവടമൊക്കെ നടത്തുന്നത് മിക്കവാറും ഇവരായിരിക്കും. പാതിരാത്രിക്ക് ചൂട് വെല്ലക്കാപ്പി ഊതിക്കുടിച്ച് തണുപ്പിനെ ഓടിക്കുമ്പോൾ അതിനേക്കാളൊരു ടേസ്റ്റൻ സാധനം വേറെയില്ലെന്ന് തോന്നിപ്പോകും.

പ്രൈസ് ബോർഡ് കളിയും, ചട്ടികളിയുമാണ് വേറെ അട്രാക്ഷൻസ്. തെയ്യപ്പറമ്പിൽ നിന്നും കുറച്ച് മാറി പെട്രോമാക്സ് കത്തിച്ച് വെച്ച് നാലഞ്ച് ആൾകൂട്ടങ്ങൾ ഇരുട്ടിൽ കാണാം. ഒന്നു മുതൽ ആറു വരെ എഴുതിയ ചതുരക്കട്ട ഒരു സെറാമിക് പ്ലേറ്റിലിട്ട് കറക്കും, അതേ നമ്പരുകളെഴുതിയ താഴെ വിരിച്ച ഷീറ്റുകളിൽ കാശു വെക്കാം. കട്ട വീണ നമ്പറുള്ള കള്ളിയിൽ വെച്ചയാൾക്ക് ഇരട്ടി കിട്ടും. തെയ്യപ്പറമ്പുകളിൽ ഏറ്റവും ആളു കൂടുന്ന സ്ഥലമാണിത്. ഇവരിൽ നിന്നും കമ്മിറ്റിക്കാർ ചട്ടിപ്പിരിവ് എന്ന് പറഞ്ഞ് ഉത്സവചെലവിലേക്ക് കാശ് പിരിക്കാറുണ്ട്. ചിലപ്പോൾ കാശ് വെച്ച് കളിക്കുന്ന ഇവരെ പിടിക്കാൻ പോലീസുകാർ വരും. അപ്പോൾ എല്ലാരും കൈയ്യിൽ കിട്ടിയതൊക്കെ വാരി ഇരുട്ടിലൂടെ ഒരോട്ടമാണ്. പോലീസിനെ എപ്പോഴും പ്രതീക്ഷിക്കുന്നത് കൊണ്ട് കളി നടത്തുന്നവർ ഷീറ്റ് മടക്കി ഓടാനുള്ള പൊസിഷനിൽ നോട്ടുകളൊക്കെ കൈയ്യോടെ ഷീറ്റിന്റെ അടിയിൽ പൂഴ്ത്തിവെച്ചാണ് ഇരിക്കുക. കച്ചറ ടീമിനെ ഒതുക്കാൻ ഇവരുടെ കൂടെ തണ്ടും തടിയുമുള്ള സഹായികളുമുണ്ടാവും.

ഞങ്ങൾ പിള്ളേർ കൈയ്യിലുള്ള കാശൊക്കെ തീർത്താൽ പിന്നെ തെയ്യത്തിനു മുഖത്തെഴുതുന്നിടത്തും തോറ്റം പാട്ടു നടക്കുന്നിടത്തുമൊക്കെ കറങ്ങി നടക്കും. തെയ്യത്തിന് മുൻ‌പായി അതിന്റെ ഐതീഹ്യം ഒറ്റച്ചെണ്ടകൊട്ടി മൈക്കിന്റെ മുന്നിൽ നിന്ന് പാടുന്നതാണ് തോറ്റം പാട്ട്. തെയ്യത്തിന് പോയാൽ തീർച്ചയായും കാണേണ്ടൊരു കാഴ്ചയാണ് മുഖത്തെഴുത്ത്. മഷിക്കൂട്ടുകളുപയോഗിച്ച് ഈർക്കിലി കൊണ്ട് നാടൻ ഫേസ്‌ പെയിന്റർമാരുടെ കരവിരുതുകൾ മുഖങ്ങളിൽ രൌദ്ര വിസ്മയങ്ങൾ തീർക്കുന്നുണ്ടാകും. അത് കണ്ട് കണ്ണുമിഴിച്ച്, അരികിൽ ചാഞ്ഞു വീണുറങ്ങുന്ന കുഞ്ഞുശരീരങ്ങളിൽ തട്ടിയും തട്ടാതെയും പെരങ്ങി കുറേ സമയം നിൽക്കും. തണുപ്പ് സഹിക്കാഞ്ഞാൽ പുരപ്പുല്ല് നിറഞ്ഞ പറമ്പിൽ ചുള്ളിക്കമ്പും കടലാസ്സുമൊക്കെ ഇട്ട് തീകൂട്ടി അതിനു ചുറ്റുമിരിക്കും. നാട്ടിലെ ചെക്കൻ‌മാരൊക്കെ ബീഡി വലിച്ചും കള്ളുകുടിച്ചും മച്യൂരിറ്റി തെളിയിക്കുന്നത് പുതിയോത്രക്കാണ്. പണ്ടുകാലത്ത് പെണ്ണുകാണലുകൾ നടക്കുന്ന സ്ഥലങ്ങളായിരുന്നു തെയ്യക്കാവുകൾ. കാലമൊരുപാട് വറൈറ്റി സാധ്യതകൾ കല്യാണാലോചനാ സംരംഭങ്ങൾക്ക് പ്രദാ‍നം ചെയ്തെങ്കിലും, ഇന്നും ആൺ‌പെൺ കണ്ടുമുട്ടലിന്റെ ഇടങ്ങൾ തന്നെയാണ് തെയ്യപ്പറമ്പുകൾ.

രാവിലെ തുടങ്ങി അടുത്ത ദിവസം പുലർച്ചെ വരെ എത്തുന്നതാണ് തെയ്യച്ചടങ്ങുകൾ. മേലേരി തുള്ളൽ, കോഴിയെ അറക്കൽ, തിളക്കുന്ന അപ്പം വാരൽ, കായക്കഞ്ഞി, കാഴ്ചവരവ്, കലാ പരിപാടികൾ ഇതൊക്കെയാണ് ഉണ്ടാവുക. പുതിയ ഭഗവതി തെയ്യത്തിന് പുറമേ വീരൻ, വിഷ്ണുമൂർത്തി, ഭദ്രകാളി, വീരാളി എന്നീ തെയ്യങ്ങളുമുണ്ടാകും. ചെമ്പകത്തിന്റെയോ പുളിയുടേയോ പച്ചവിറക് കൊണ്ടാണ് ഒരാൾ പൊക്കത്തിൽ മേലേരി കൂട്ടുന്നത്. മേലേരിക്ക് ചുറ്റും കൂടി നിന്ന് ആളുകൾ ഫ്രണ്ടും ബാക്കും മാറിമാറി കാണിച്ച് തണുപ്പകറ്റുന്നത് കാണാം. തീയ്യസമുദായത്തിൽ‌പ്പെട്ട ചെറുപ്പക്കാർക്കാണ് തീത്തുള്ളാനുള്ള അവകാശം. അവർ കൊടും തണുപ്പത്ത് ഒറ്റത്തോർത്ത് മുണ്ടുടുത്ത് കുളിച്ച് വന്ന് “ഓ…ഹേ…യ്…” എന്ന് വിളിച്ച് തീക്കനലുകൾ തട്ടിത്തെറുപ്പിച്ച് മൂന്നു റൌണ്ട് ഓടും. അതിനു ശേഷമാണ് പുതിയ ഭഗവതി തെയ്യം ഇറങ്ങുന്നത്. പുതിയോതിയുടെ തെയ്യത്തിന് നാലു പന്തങ്ങളുണ്ടാകും. കുറച്ച് നേരം ആടിക്കഴിയുമ്പോൾ തീപ്പന്തത്തിന്റെ ചൂട് കാരണം പുതിയോതിയുടെ കൈയ്യിലെ ഓട്ടുവളകൾ ചൂടാവും. അപ്പോൾ സഹായികളായ ബന്ധുക്കൾ വെള്ളം മുക്കിയ തുണി കൊണ്ട് ഇടക്കിടക്ക് കൈ നനച്ച് കൊടുക്കും.

പുതിയോതി കത്തിച്ച് കൊടുത്ത കുത്ത് വിളക്കുമായി വെളിച്ചപ്പാട് അൽ‌പ്പം അകലെയുള്ള മായൻകുന്നിലേക്ക് പോകലാണ് പിന്നെയുള്ളൊരു ആചാരം. ആരോടും മിണ്ടാതെയും എവിടെയും നിൽക്കാതെയും തനിയെ പോയി മായൻ‌കുന്നിലെ കൽ‌വിളക്കിൽ തീ കൊളുത്തി അത് പോലെ മടങ്ങി വരണം. കൂരാപ്പി ഇരുട്ടിലൂടെ തണുപ്പും സഹിച്ച് ഒറ്റയ്ക്ക് കാട്ടു വഴിയിലൂടെ മായൻകുന്നിലേക്ക് പോകുന്ന വെളിച്ചപ്പാടിനെ സമ്മതിക്കാതെ വയ്യ. അവിടെ പോയി തിരിച്ച് വന്നാൽ മാത്രമേ എന്തെങ്കിലും ഉരിയാടാൻ പോലും പറ്റൂ. അത്രയ്ക്ക് പ്രാധാന്യമുള്ള കടുപ്പപ്പെട്ടൊരു ആചാരമാണ് മായൻ കുന്നിൽ വിളക്ക് വെക്കാൻ പോകൽ.

എല്ലാ പുതിയോത്രക്കും തെയ്യവും തോറ്റവും പോലെ സ്ഥിരമായി അടിപിടിയും ഉണ്ടാകും. ആചാരാനുഷ്ഠാനവുമായി യാതൊരു ബന്ധവുമില്ലെങ്കിലും തല്ല് ഇല്ലാത്തൊരു പുതിയോത്ര ഉണ്ടാവില്ല. ഒരു കൊല്ലക്കാലത്തെ വൈരാഗ്യങ്ങൾ പറഞ്ഞും അടിച്ചും തീർക്കുന്നത് പുതിയോത്രക്കായിരിക്കും. നാട്ടിൽ പുതിയ ദാദമാർ ഉദയം ചെയ്യുന്നതും പലരുടേയും പല്ലു കൊഴിയുന്നതും വിസ്മൃതരാകുന്നതും അന്നാണ്. അടി തുടങ്ങി എന്ന് കേട്ടാൽ പിന്നെ ആളുകളൊക്കെ ചുറ്റും പൊതിഞ്ഞ് കൂടും. അപ്പോൾ തല്ലുന്നവർക്ക് ആവേശം കയറും.

ചീരൻ ആണ് നാട്ടിലെ പ്രധാന തല്ലുകാരൻ. എല്ലാ പുതിയോത്രക്കും മൂപ്പർ അടിയുണ്ടാക്കിയിരിക്കും. അതിനിപ്പോ വെല്യ കാരണങ്ങളൊന്നും വേണ്ട. മൂപ്പർക്കിഷ്ടമല്ലാത്ത എന്തെങ്കിലും കാര്യം, അത് ശരിയായാലും തെറ്റായാലും മൂപ്പർ ഉടക്കും. കാണാൻ അത്ര വലിയ ഗുണ്ടാ ലുക്കൊന്നുമില്ലെങ്കിലും ഉള്ളിൽ കഴിക്കുന്ന വെളുത്തതും ചുവന്നതുമായ മിക്സ്ഡ് ടോണിക്കിന്റെ സപ്പോർട്ടിൽ മൂപ്പർ കുഴപ്പങ്ങളുണ്ടാക്കും. കമ്മിറ്റിക്കാരെയും കാണുന്നവരെയുമെല്ലാം ചീത്ത വിളിക്കും. ചട്ടി കളിച്ച് മൂപ്പരുടേ കാശ് പോയാൽ എല്ലാത്തിനേയും പേടിപ്പിച്ച് ഓടിക്കും. പുതിയോത്ര പറമ്പിനടുത്തുള്ള വയലിലിട്ട് ചീരൻ ഒരുപാട് പേരെ തച്ച് വലിച്ചിട്ടുണ്ട്. മൂപ്പർക്കിട്ട് രണ്ടെണ്ണം കൊടുക്കണമെന്ന് പലരും ആഗ്രഹിച്ചെങ്കിലും ജന്മസിദ്ധമായ ധൈര്യത്തിന്റെയും ദേശപാരമ്പര്യമായ ഒത്തൊരുമയുടെയും കുറവുണ്ടായതിനാൽ ഒരിക്കലുമത് നടന്നില്ല.

രണ്ടായിരത്തിയഞ്ചിലെ പുതിയോത്ര പോലെ രസമുള്ളൊരു പുതിയോത്ര പിന്നെ ഉണ്ടായിട്ടില്ല. അറുപത്തിയഞ്ചിലെ വെള്ളപ്പൊക്കം, മമ്മൂട്ടിയുടെ നായർ സാബ്, മോഹൻലാലിന്റെ ഇരുപതാം നൂറ്റാണ്ട്, സിൽക്കിന്റെ ലയനം എന്നൊക്കെ പറയുന്നത് പോലെ രണ്ടായിരത്തിയഞ്ചിലെ പുതിയോത്രയെന്ന് പറയുമ്പോ ആളുകൾക്കൊക്കെ ഒരു കോരിത്തരിപ്പാണ്. അതിനു മുൻപും പിൻപും അടിയുണ്ടായിട്ടുണ്ടെങ്കിലും അന്നത്തെ അടിയെന്ന് വെച്ചാൽ അതൊരു ഗംഭീര സംഭവമായിരുന്നു. അടിയെന്ന് കേട്ടാൽ പേടിക്കുന്നവർ പോലും അന്ന് അടിക്കാൻ മുന്നിലുണ്ടായിരുന്നു. അത്തവണയാണ് രാമൻ വെളിച്ചപ്പാടിന്റെ മകൻ ഷിബു ആദ്യമായി വെളിച്ചപ്പാടായതും മായൻ‌കുന്നിൽ വെച്ച് ദിവ്യദൃഷ്ടി കിട്ടിയതും. വെളിച്ചപ്പാടാവുന്നതിന് മുൻപ് ഷിബു ലേഡീസിലും ടോഡീസിലും മാത്രം ഇന്ററെസ്റ്റുള്ളൊരു പക്കാ ചെറു വാലിയക്കാരനായിരുന്നു. നാട്ടിലെ ആണുങ്ങളെപ്പറ്റി ഒട്ടും അറിയില്ലെങ്കിലും ലേഡീസിന്റെയെല്ലാം കം‌പ്ലീറ്റ് ഡീറ്റെയിൽ‌സ് ഷിബുവിനറിയാം. അവന് എന്തിന്റെ സൂക്കേടാണെന്ന് പെണ്ണുങ്ങൻ‌മാർക്കുമറിയാം. പാരമ്പര്യം തുടരാൻ അച്ഛൻ നിർബ്ബന്ധിച്ചത് കൊണ്ടും മോശമില്ലാത്ത കാശ് കിട്ടുമെന്നുള്ളത് കൊണ്ടുമാണ് തുള്ളലുകളും സ്റ്റെപ്പുകളുമൊക്കെ ഒതുക്കത്തിൽ പഠിച്ച് അവൻ പാർ‌ട്ട് ടൈം വെളിച്ചപ്പാടായത്. എന്നിട്ടും ആദ്യ കെട്ടലിൽ തന്നെ മായൻ‌കുന്നിൽ വെച്ച് പരദേവതയുടെ അനുഗ്രഹത്താൽ ദിവ്യദൃഷ്ടി കിട്ടി ഒരു ഞെട്ടിപ്പിക്കുന്ന പ്രവചനം നടത്തി ചേലേരിയിലും പുറനാട്ടിലും അതിപ്രശസ്തനാവുകയും ചെയ്തു.

അക്കൊല്ലം കമ്മിറ്റിക്കാർ സമാധാനപരമായൊരു തിറ ആഗ്രഹിച്ച് ചീരനെ സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. തെയ്യമൊക്കെ ഗംഭീരമായിരുന്നെങ്കിലും അടിയൊന്നും ഇല്ലാത്തതിനാൽ പഴയ ഒരു ഇദ് കിട്ടിയില്ല. പുതിയോതി കീയുന്നത് വരെ ഒരു ചെറിയ അടിപിടി പോലുമുണ്ടായിരുന്നില്ല. തല്ലുണ്ടാക്കണ്ട ചീരൻ തെയ്യത്തിന്റെയൊപ്പരം കാര്യക്കാരനായി നടക്കുകയാണ്. ചീരനില്ലാതെ എന്ത് തല്ല്‌ ! തല്ലില്ലാതെ എന്ത് പുതിയോത്ര !

“ഗുണം വരട്ടേ പൈതങ്ങളേ…. ഞാൻ കനിഞ്ഞരുളും പൈതങ്ങളെ….. “ എന്ന് അരുളി ചെയ്ത് പുതിയോതി ഉറഞ്ഞ് തുള്ളുന്നതിന്റെയടുത്ത് ആളുകൾ നേർച്ചയായി കൊണ്ട് വരുന്ന വെളിച്ചെണ്ണ വാങ്ങി പന്തത്തിന് ഒഴിച്ച് ഷൈൻ ചെയ്ത് നിൽക്കുകയാണ് ചീരൻ. തെയ്യത്തിന്റെയടുത്ത് ഭക്തവൽ‌സലനായി നിൽക്കുന്ന ചീരനെ കണ്ടാൽ റാഷമോൺ സിനിമയുടെയും കിന്നാരത്തുമ്പിയുടെയും സി.ഡി.കൾ അടുത്തടുത്ത് വെച്ചത് പോലെയുണ്ട്. മൂപ്പർക്ക് ലൈഫിൽ അത് വരെ ഇല്ലാത്ത പരിപാടിയായിരുന്നു അതൊക്കെ. നാട്ടുകാരൊക്കെ ബഹുമാനിക്കുന്നു, കമ്മിറ്റിക്കാരൊക്കെ വന്ന് ഓരോ കാര്യത്തിലും അഭിപ്രായം ചോദിക്കുന്നു, പെണ്ണുങ്ങളൊക്കെ കൌതുകത്തോടെ നോക്കുന്നു. ആകെ മൊത്തം സംഗതികൾ രസായി തോന്നി. രാവിലെ മുതൽ കള്ളുകുടിക്കാതെയും അടിപിടി ഉണ്ടാക്കാതെയും ചീത്ത വിളിക്കാതെയും നിന്നത് കൊണ്ട് മൂപ്പർ ഒട്ടും എനർജെറ്റിക് ആയിരുന്നില്ല. എന്തെങ്കിലും ഉള്ളിൽ ചെന്നാലല്ലേ ഒരു ധൈര്യം കിട്ടുകയുള്ളൂ. ഈ ചടങ്ങുകളുമായി ബന്ധപ്പെടുന്നവർക്ക് അതൊന്നും കഴിക്കാനും പാടില്ല. പക്ഷേ,ഗാന്ധിയേയും ശ്രീശാന്തിനെയും പോലുള്ള വലിയ വലിയ മഹാന്മാർ വരെ വികാരങ്ങൾക്ക് മുൻപിൽ തോറ്റ് മാച്ച് ഫീ കട്ടായിട്ടുണ്ട്. പിന്നെയാണ് വെറുമൊരു ഗുണ്ടയായ ചീരൻ..! പുകവലിക്കാനുള്ള കഠിനമായ ടെൻ‌ഡൻസിയെ അതിജീവിക്കാൻ മൂപ്പർക്ക് സാധിച്ചില്ല. തലേന്നു മുതൽ സുകുമാരകലകൾ ഒന്നുമില്ലാതെ തണുപ്പ് സഹിച്ച് നിൽക്കുകയല്ലേ. അവസാനം ക്ഷമകെട്ട് ചീരൻ ഒരു കാര്യം ചെയ്തു. മടിയിൽ നിന്നൊരു സിഗരറ്റെടുത്ത് പുതിയോതിയുടെ പന്തത്തിൽ വെച്ച് കത്തിച്ച് ആഞ്ഞ് വലിച്ചു.

ഒരു ഗുണ്ട ഡീസന്റാവുന്നത് സമൂഹം അത്ര പെട്ടെന്ന് അംഗീകരിക്കില്ലല്ലോ. ചീരൻ ചെയ്തത് കണ്ട് അവിടെയുണ്ടായിരുന്ന നാട്ടു മനുഷ്യർ പെട്ടെന്ന് കാട്ടുമനുഷ്യരായി മാറി. ഒരു മടക്കു പിച്ചാത്തി പോലും കൈയ്യിൽ ഇല്ലാത്ത നേരം നോക്കി പണ്ട് കർണ്ണനെ തട്ടിയത് പോലെ വെള്ളമടിക്കാത്തതിനാൽ നിരായുധനായ ചീരന്റെ മേൽ താണ്ഡവത്തിനായി ആളുകൾ ക്യൂ നിൽക്കുകയായിരുന്നു. വന്നവർ വന്നവർ എടുത്തിട്ട് പെരുമാറി. ചീരന്റെ ജീവനുള്ള ബോഡി അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടി വലിച്ച് വയലിലെ മൺ‌കട്ടകൾ ലെവൽ ചെയ്തു. എന്നിട്ടും അവിടെ കൂടിയവരിൽ കുറച്ചാൾക്ക് ഇടപെടാൻ അവസരം കിട്ടിയില്ല.

അപ്പോഴായിരുന്നു ഷിബു വെളിച്ചപ്പാട് മായൻ‌കുന്നിൽ വിളക്കും കൊളുത്തി തിരിച്ച് വരുന്നത്. സ്വീകരിച്ച് കൊണ്ടു വരാൻ കോമരവും കാര്യക്കാരും വാദ്യക്കാരും ചീരനെ കായിത്തോലു പോലെ വയലിൽ ഉപേക്ഷിച്ച് നാട്ടുകാരും അങ്ങോട്ട് പോയി. കാവിൽ കയറിയ ഉടനെ ഷിബു വാളും ചിലമ്പുമൊക്കെ ഇളക്കി തുള്ളി വിറച്ച് ഇങ്ങനെ അരുളി ചെയ്തു. “ദൈവങ്ങളേ.…ഏഴി…. ഏഴീ…. സുഖം ലാ…. സുഖം..ലാ‍… നാട്ട് പരദേവതേ… സുഖം ലാ… ജാനൂന്… സുഖം ലാ… ജാനൂന്…..”

തെയ്യസിലബസ്സിലിൽ ഇല്ലാത്ത വിചിത്രമായ വെളിച്ചപ്പെടുത്തൽ കേട്ട് ആർക്കും ഒന്നും മനസ്സിലായില്ല. അപ്പോൾ ഷിബു കാൽ ചിലമ്പുകൾ കുലുക്കി, മണി കെട്ടിയ വാൾ മായൻ‌കുന്നിന്റെ താഴേക്ക് ചൂണ്ടി ഒന്നൂടി ദൈവവിളി റിപ്പീറ്റ് ചെയ്തു. “…ഏഴി…. ഏഴീ…. സുഖം ലാ…. സുഖം..ലാ‍… ജാനൂന്… പനീ… ജാനൂന്…. പനീ...”

ഷിബു വെളിച്ചപ്പാട് ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്ക് എല്ലാവരും നോക്കി. മായൻ‌കുന്നിലേക്ക് പോകുന്നതിന്റെ വഴിക്കുള്ള, സുന്ദരിയും മദാലസയും ചേലേരിയുടെ രോമാഞ്ചവും മോറോവർ മങ്ങലം കഴിയാതെ ഒറ്റയ്ക്ക് താമസിക്കുന്നവളുമായ ജാനുവിന്റെ വീടിനെ നോക്കിയാണ് ഷിബു വെളിച്ചപ്പാട് അരുളിപ്പാട് നടത്തിയത് എന്ന് കണ്ട് എല്ലാരും അങ്ങോട്ടേക്ക് ഓടി. വീട്ടിലെത്തിയപ്പോ അവരൊക്കെ അത്ഭുതപ്പെട്ടുപോയി. കാരണം ജാനു അവിടെ പനിച്ച് വിറച്ച് ബോധമില്ലാതെ കിടപ്പായിരുന്നു !!

ദിവ്യദൃഷ്ടിയിൽ ഒരു ജീവൻ രക്ഷാ പ്രവചനം നടത്തിയതിനും കാവിന്റെ പേരും പെരുമയും വർദ്ധിപ്പിച്ചതിനും ഷിബുവിന് എന്തെങ്കിലും കൊടുക്കണമെന്ന് കൂടി നിന്നവരൊക്കെ തീരുമാനിച്ചു. വെളിച്ചപ്പാടിന്റെ ഉടയാടകൾ അഴിച്ചതും ചീരനെ കൈവെക്കാൻ ചാൻസ് കിട്ടാത്തവർ ആ വിഷമം ഷിബുവിന്റെ മേൽ തീർത്തു.

മാർബിളിട്ട നിലത്തൂടെ ആട് നടക്കുന്നത് പോലെ ഉരുണ്ട് പിരണ്ടെണീറ്റ് നടക്കുമ്പോൾ "എന്തെങ്കിലും കൊണം ചെയ്യുന്നോരെ ഈറ്റ്ങ്ങൾക്കൊന്നും കണ്ടൂടാ.." എന്നായിരുന്നു ചീരനും ഷിബുവും പറഞ്ഞത്.

പടം വര : സ്നേഹ

75 comments:

  1. തേങ്ങ ഞാന്‍ ഉടക്കുന്നു!!

    ReplyDelete
  2. കുമാരേട്ട, കലക്കി, വളരെ നന്നായി. നിങ്ങള്‍ ഇത്ര നാളായിട്ടും തെയ്യത്തിനെ കുറിച്ച് ഒന്നും എഴുതുന്നില്ലല്ലോ എന്ന് വിചാരിച്ചായിരുന്നു.
    ഇതിപ്പോ വളരെ നന്നായി. ഉത്സവം നിങ്ങള്‍ വിവരിച്ചതൊക്കെ വായിച്ചപ്പോള്‍ നാട്ടിലെ ഉത്സവം നടന്നത് പോലെ ഒരു നൊസ്റ്റാള്‍ജിയ. വളരെ നന്നായി കുമാരേട്ട.

    ReplyDelete
  3. ente kumaaretta....

    oru rakshayum illa, naattil theyyam thudangaanayi, officil ninnu leave engane oppikkum, eathellam theyyathinu ponam ennellam aalochichu praanthaayi irikkumbo aanu ee post. eni ippa enganelum poye pattu.

    njaanum oru kannoorkkaran aane....

    ReplyDelete
  4. തെയ്യം എന്നും മനസിനെ മോഹിപ്പിക്കുന്ന ഒരുത്സവമാണ്‌ ..പത്തനം തിട്ടയില്‍ കടമ്മനിട്ടയുടെ നാട്ടിലെ പടയണിയും മറ്റും കണ്ടിട്ടുണ്ട് ..ഞാനും വരും ഒരിക്കല്‍ കണ്ണൂരിലെ തെയ്യം കൂടാന്‍ ..

    ReplyDelete
  5. ന്റെ കുമാര, ഗംഭീര്‍.. ഗംഭീര്‍..
    തെയ്യ സിലബസ്സില്‍ ഇല്ലാത്ത ആ വാക്കുകള്‍ രണ്ടായിരത്തഞ്ചിലെ പുതിയോത്ര ശരിക്കും ഗംഭീരമാക്കി..


    നടുവില്‍-ലെ തെയ്യത്തിന്റെ കൊറച്ച് ഫോട്ടോസ് ഇവിടെ ഉണ്ട്..
    http://naduvil.blogspot.com/2008/06/blog-post.html

    ReplyDelete
  6. തെയ്യം... ഇഷ്ട്ടമാണ് ഒരുപാട്. പക്ഷെ ഇന്നേ വരെ തെയ്യം അതിന്റേതായ രീതിയില്‍ കണ്ട് ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല. കുമാരേട്ടനില്‍ നിന്നും പ്രതീക്ഷിച്ചിരിക്കാന്‍ ഇടയില്ലാത്ത ഒരു പോസ്റ്റ്‌!

    ReplyDelete
  7. തെയ്യം. കേട്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്, പക്ഷേ ഇതുവരെ കണ്ടിട്ടില്ല.

    ReplyDelete
  8. തെയ്യം കാണുക എന്നത് എന്റെയും ഒരു മോഹമാണ്. എനിക്കറിയാം, എന്റെ ഈ കമന്റ് കാണുമ്പോള്‍ തന്നെ കുമാരന്‍ എന്നെ ഫോണില്‍ വിളിക്കുമെന്നും സകുടുംബം കണ്ണൂര്‍ക്ക് ക്ഷണിക്കുമെന്നും തെയ്യവും തിറയും കാട്ടിതന്ന് ഉഗ്രന്‍ ഒരു സദ്യയും ഒക്കെ തന്നേ വിടുകയുള്ളൂ എന്ന്.. എനിക്കറിയില്ലേ കുമാരന്റെ ആ നല്ല മനസ്സ്..

    പോസ്റ്റ് രസകരമായിരുന്നു.

    ReplyDelete
  9. കുമാരേട്ടാ വായിച്ചു...
    ശരിക്കും നാടിനെ മിസ്സ്‌ ചെയ്യുന്നു
    ഞങ്ങളുടെ ഗ്രാമത്തിന്റെ ദേശീയോല്സവ്മായ കല്ലേരി അമ്മയുടെ തെയ്യം...
    വിഷു കഴിഞു പത്താം നാള്‍..
    കൈനീട്ടം കിട്ടിയ മുഴുവന്‍ കാശും പൊട്ടിക്കാന്‍ കാത്തിരുന്ന ആ നാളുകള്‍..
    രാത്രിയിലെ അച്ഛനും മകനും തെയ്യം, രാവിലെ പൊട്ടന്‍ തെയ്യം,കലാശ കോട്ടായി അമ്മയുടെ വരവ്



    മൂന്ന് വര്ഷം ആയി ഇതൊക്കെ മിസ്സ്‌ ആയിട്ട്...

    ReplyDelete
  10. കുമാരാ ,ഈ പോസ്റ്റ്‌ വായിച്ചപോള്‍ ,ഷമിന്‍ ടെ വീടിന് അടുത്ത് ഒരു പതി (ഈ വാക്ക് ആണ് അവിടെ ഉള്ളവര്‍ പറയുന്നത് )ഉണ്ട് ,അവിടെ ഇത് പോലെ സാധാരണ അമ്പലങ്ങളെയോ കാവുകളെയോ പോലെ വലിയ കെട്ടിടങ്ങളോ ചുറ്റുമതിലുകളോ പ്രതിഷ്ഠയോ നിത്യ പൂജയോ ഒന്നുമില്ല...

    പക്ഷേ ഉത്സവം ഉണ്ടാവും .രാത്രിയില്‍ ആണ് അത് നടക്കുന്നത് . ഞാന്‍ ഒരിക്കല്‍ അത് കാണാന്‍ പോയിരുന്നു .ഈ പോസ്റ്റ്‌ വായിച്ചപോള്‍ അതൊക്കെ ഓര്‍മ്മ വന്നു .അതുപോലെ ഒരു തെയ്യം കാണണം അതും വലിയ ആശ ആണ് . കണ്ണൂര്‍ക്ക്പോയിട്ടുമില്ല ,ഒരിക്കല്‍ പോകണം .

    ഈ പോസ്റ്റ്‌ ഇതിന്‌ മുന്‍പ് വായിച്ചപ്പോലെ തോന്നി ,ഇല്ലല്ലേ ?എനിക്ക് തോനിയത് ആവാം

    ReplyDelete
  11. ഹിഹി... കൊള്ളാം..
    അല്ലേലുംകൊണം ചെയ്യുന്നോരെ നാട്ടാര്‍ക്ക് കണ്ടൂട.

    ReplyDelete
  12. നര്‍മ്മതിലുപരി... ഒരു നാടിന്റെ ഹൃദയ തുടിപ്പായ ഉത്സവം മനോഹരമായി വര്‍ണിച്ചു..

    ReplyDelete
  13. തെയ്യത്തെക്കുറിച്ച് ടീവിയില്‍ കൂടിയാണ് കണ്ടിട്ടുള്ളത്. അതില്‍ മായാതെ ഇപ്പോഴും ഓര്‍മ്മയില്‍ തെളിയുന്നത് തിയ്യാട്ടാണ്. ഫ്രണ്ടും ബാക്കും മാറിമാറി ചൂടാക്കുന്നത് പോലുള്ള അവിടുത്തെ പ്രയോഗങ്ങളും നന്നായി.
    ചീരുവും വെളിച്ചപ്പാടും കൂടി എത്തിയതോടെ രംഗം ഉഷാറായി.

    ReplyDelete
  14. Rakesh : പൊന്നിൻ തേങ്ങയ്ക്ക് നന്ദി.
    Rajesh : തെയ്യത്തിന്റെ ഒരു കഥ ഇവിടെ ഉണ്ട്. http://dreamscheleri.blogspot.com/2008/11/blog-post_25.html
    കമന്റിന് നന്ദി.
    ദേവാസുരം : ആദ്യമായാണല്ലോ ഇവിടെ. നന്ദി.
    രമേശ്‌അരൂര്‍ : രമേശ്ജി. തീർച്ചയായും വരിക. സ്വാഗതം.
    നാട്ടുപടങ്ങള്‍ : നടുവിൽ‌കാരനാണോ? നമ്മൾ അയലോക്കക്കാരാണല്ലോ.. പരിചയപ്പെട്ടതിൽ സന്തോഷം, നന്ദി.
    ആളവന്‍താന്‍, Typist | എഴുത്തുകാരി : നന്ദി.
    Manoraj : പോസ്റ്റ് എഴുതുമ്പോഴേ വിളിക്കുന്നതാ, നീ റേഞ്ചൌട്ട്.. :(
    Nambiar : ഇവിടെ വന്നതിലും കമന്റിട്ടതിലും വളരെ നന്ദി.
    siya : നന്ദി. വേറെ എവിടെയെങ്കിലും വായിച്ചോ? ഇത് പോലൊരു ചെറിയ കഥ ഞാൻ മുൻപെഴുതിയിരുന്നു. അതിന്റെ ലിങ്ക് http://dreamscheleri.blogspot.com/2008/11/blog-post_25.html. ചിലപ്പോൾ അതാവാം.
    അബ്കാരി : നന്ദി മച്ചു.
    ഹാക്കർ : നന്ദി. തീർച്ചയായും വരാം.
    കണ്ണനുണ്ണി. നന്ദി.
    പട്ടേപ്പാടം റാംജി : നന്ദി. ചീരുവല്ല, ജാനു.. അവിടെ ചീരു ആണല്ലേ. ഗൊള്ളാം.

    ReplyDelete
  15. വായിച്ചു .. രസിച്ചു.. ഉത്സവം ശരിക്കും കണ്മുന്നില്‍ കാണും പോലെ വിവരിച്ചു ...

    ReplyDelete
  16. കുമാരേട്ടോ, പുതിയോത്രക്ക് പോയി വന്നപോലെയായി ..

    അവസാനം ഒരു ഏലായില്ല.. ഒരു കിക്ക് വന്നില്ല..

    ReplyDelete
  17. നന്നായിരുന്നു കുമാരേട്ടാ....

    ReplyDelete
  18. ആഹാ... കൊള്ളാം
    കുറേ കാര്യങ്ങള്‍ ഒന്നിച്ച് നന്നായി തന്നെ പറഞ്ഞിരിക്കുന്നു.. ഇഷ്ട്ടായി

    ReplyDelete
  19. തെയ്യായിറ്റ് ബെരണേ....അങ്ങനേയും പറയാറില്ലേ? പിന്നെ പന്തത്തില്‍ നിന്നും ബീഡി കത്തിച്ചതും ,ഹ ഹ എന്റെ കുമാരോ...തെയ്യവും അതു കഴിഞ്ഞ് നല്ല തല്ലും കണ്ട പ്രതീതി...നന്നായിട്ടുണ്ട്.

    ReplyDelete
  20. ഹ..എത്ര കാലത്തിനു ശേഷാ ഒരു കിടിലന്‍ പൂരം കാണുന്നതെന്ന് അറിയ്വോ ? സന്തോഷായി ..കുമാരോ..

    ReplyDelete
  21. തുടക്കം വായിച്ചപ്പോള്‍ തോന്നി ഇത് കുമാരന്‍ തന്നെയല്ലേ എന്ന്.....പിന്നെ പിന്നെ മനസ്സിലായി ഇത് കുമാരന്‍ തന്നെയാണ് എന്ന് ...!!!

    ചിരിപ്പിച്ചു....ചീരനും ഷിബുവും കലക്കി...

    ReplyDelete
  22. വടക്കോട്ടുള്ള ഒരു ഉത്സവപ്പറമ്പ് എനിക്ക് പരിചയമില്ല, അതിന്റെ ഒരു ഹരം കൃത്യമായി പകർന്നു തന്നതിന് വളരെ നന്ദി.

    ReplyDelete
  23. നന്നായിട്ടുണ്ട് കുമാരന്‍!! സ്നേഹയുടെ വരയും നന്നായി. ആശംസകള്‍!!

    ReplyDelete
  24. കുമാരെട്ടന്റെ മഹനീയ സാന്നിധ്യത്തില്‍ പുതിയോത്രയും സംഭവമായി . ഹോ ! വീട്ടിന്റടുത്തെ അറേക്കാലും തെയ്യായിറ്റ് പുവാനായല്ലോ .

    ഓഫ് : തെയ്യങ്ങള് വരെ പെണ്ണ് കാണല് നടത്തുന്നത് പുതിയോത്രക്കാണോ കുമാരേട്ടാ . നാട്ടിലൊരിക്കാ കുളിയന്‍ കെട്ടിയ വിദ്വാന്‍ “ഏച്ചി വന്നിറ്റേ മോളേ”ന്ന് ചോയിച്ചതായി ഒരു അപശ്രുതി കേട്ടിരുന്നു :)

    ReplyDelete
  25. തെയ്യം വിവരണം അസ്സലായി.ചീരനും,ഷിബുവും പുതിയ തലമുറയുടെ വെളിച്ചപ്പാടുകള്‍.

    ReplyDelete
  26. തെയ്യത്തിനെ കുറിച്ച് മനോഹരമായി വര്‍ണിച്ചു...

    ReplyDelete
  27. kidilan........
    velichappatinte oru jnjanadrishtiye........sammathkkanam.

    ReplyDelete
  28. kidilan........
    velichappatinte oru jnjanadrishtiye........sammathkkanam.

    ReplyDelete
  29. ‘കുമാരൻ‌ടച്ച്’ തെളിഞ്ഞുകാണുന്ന മറ്റൊരു കിടിലൻ പോസ്റ്റ്. അറിഞ്ഞാസ്വദിച്ചുവായിച്ചു. നന്നായി.

    ReplyDelete
  30. തെയ്യത്തിനും സിലബസോ ?
    സമകാലീനം ആർക്കും ഇഷ്ടമല്ല,
    പുരാണ കഥ മാത്രമേ ഇഷ്ടപ്പെടൂ..

    ReplyDelete
  31. തെയ്യത്തെക്കുരിച്ച്ചു അസ്സലായി എഴുതി.
    ഷിബുവിന്റെ വെളിപാട് വിശ്വസിക്കാത്ത നിങ്ങള്‍ എന്തു മനുഷേരാ..?

    ReplyDelete
  32. വായിച്ചുതീര്‍ന്നപ്പോള്‍ ഒരു ഉത്സവപ്പറമ്പില്‍ നിന്നും ഇറങ്ങിയ പ്രതീതി

    ReplyDelete
  33. നല്ല എഴുത്ത്
    നന്നായി കുമാരാ.കുമാരന്‍റെ എഴുത്തില്‍ക്കൂടി ഒരു ഉത്സവം കണ്ടു..

    ReplyDelete
  34. ഇപ്പ്രാവശ്യം ഹാസ്യത്തോടൊപ്പം ഒരു നാടിന്റെ നേര്ചിത്രവും കാണിച്ചു.

    ReplyDelete
  35. വളരെ നന്നായി.....
    അഭിനന്ദനങ്ങള്‍ .....

    ReplyDelete
  36. കുമാരാ ....ഞാനും ഒരു കണ്ണൂര്‍ കാരനയത് കൊണ്ട് ആവാം
    തിരയും,വെള്ളാട്ടവും എല്ലാം മനസ്സില്‍ തങ്ങി നിക്കുന്നു ...
    ഒരു കണ്ണൂര്‍ കാരനയത് ഞാന്‍ അഭിമാനിക്കുന്നു .ഇത് ഒക്കെ കാണാ കഴിഞ്ഞല്ലോ ...മഹാ ഭാഗ്യമായി കരുതുന്നു
    പിന്നെ ഞാന്‍ ആദ്യാമായി എന്റെ മുഖത്ത് ചായം തേച്ചത് തിരക്ക് ശേഷം നടക്കുന്ന ഒരു നാടകത്തിനു വേണ്ടി ആണ്

    ReplyDelete
  37. കുമാരാ,
    മൊത്തം ഇഷ്ടപ്പെട്ടു!
    പ്രത്യേകിച്ചും “ഗാന്ധിയേയും ശ്രീശാന്തിനെയും പോലുള്ള വലിയ വലിയ മഹാന്മാർ” എന്ന പ്രയോഗം വായിച്ച് അർമാദിച്ചു ചിരിച്ചു.
    ഉഷാർ!

    ReplyDelete
  38. തെയ്യം കണ്ടിട്ടുണ്ട്. ടിവിയിൽ കൂടീ മാത്രം.

    അതിലേറെ ഇതിൽ കൂടി.
    കാണാൻ സാധിച്ചു ട്ടൊ.
    ക്ലൈമാക്സിൽ എന്തൊപ്പിക്കുമെന്നായിരുന്നു വാസനയുടെ അവസാനം വരെ.


    വെളിച്ചപ്പാട് ഷിബു മായൻ‌കുന്നിൽ വിളക്ക് കൊളുത്തിയ ശേഷമായിരിക്കാം ജാനൂനെ കണ്ടത് ല്ലെ. അതൊ വെളക്ക് കൊളുത്താൻ പോണ സമയം തണുപ്പ് മാറ്റിയൊ?

    ReplyDelete
  39. ഹംസ : നന്ദി.
    ശ്രീലാല്‍ : നന്ദി. അവസാനം പോര അല്ലേ.. :(
    വേണുഗോപാല്‍ ജീ : നന്ദി.
    കൂതറHashimܓ : നന്ദി.
    pravasi : നന്ദി. അതെ, തെയ്യായിറ്റ് ബെരണേ..
    zephyr zia : നന്ദി.
    സിദ്ധീക്ക.. : നന്ദി.
    faisu madeena : നന്ദി.
    ശ്രീനാഥന്‍ : നന്ദി.
    ഞാന്‍:ഗന്ധര്‍വന്‍ : നന്ദി.
    ജീവി കരിവെള്ളൂര്‍ : നന്ദി. ആ കഥ ഞാൻ ഒരു പോസ്റ്റാക്കിയിട്ടുണ്ട്.
    സ്മി.. : നന്ദി.
    jyo : നന്ദി.
    Jishad Cronic : നന്ദി.
    ജിനേഷ് : നന്ദി.
    പള്ളിക്കരയില്‍ : നന്ദി.
    Kalavallabhan : തോറ്റത്തിനാണ് സിലബസ്സ്. നന്ദി.
    the man to walk with : നന്ദി.
    റോസാപ്പൂക്കള്‍ : നന്ദി. വിശ്വസിച്ചതിന്റെ ഫലമല്ലേ അവൻ അനുഭവിച്ചത്..!
    kARNOr(കാര്‍ന്നോര്) : നന്ദി.
    തെച്ചിക്കോടന്‍ : നന്ദി.
    റാണിപ്രിയ : നന്ദി.
    MyDreams : ഇതെഴുതുമ്പോൾ ഞാൻ നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു.
    jayanEvoor : നന്ദി.
    OAB/ഒഎബി : വളരെ നന്ദി.

    ReplyDelete
  40. ജന്മസിദ്ധമായ ധൈര്യത്തിന്റെയും ദേശപാരമ്പര്യമായ ഒത്തൊരുമയുടെയും കുറവുണ്ടായതിനാൽ ഒരിക്കലുമത് നടന്നില്ല. കിടീലൻ മച്ചാ.. കിടു കിടിലൻ .. നിന്റെ പഴയ പേര് ചീരൻ എന്നാണല്ലെ നീ എന്നോടെന്തെ പറയാഞ്ഞേ... ?

    ReplyDelete
  41. കുമാരേട്ടാ ഒരു തെയ്യം കണ്ട പ്രതീതി

    ReplyDelete
  42. തെയ്യം കാണാൻ പോയി കണ്ടത്തിൽ ഉറങ്ങിയ ഓർമകൾ...

    ReplyDelete
  43. ആഹാ..ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു ഉത്സവം കാണാന്‍ കഴിഞ്ഞു...
    ഉത്സവ പറമ്പും, തെയ്യവും, ചീരന്റേയും,ഷിബുവിന്റെയും വെടിക്കെട്ടും
    എല്ലാം കൂടി ഉത്സവം അങ്ങട് തകര്‍ത്തു...

    ReplyDelete
  44. നന്നായി, നന്നായി, നന്നായി!

    മേല്‍ക്കൂരയില്ലാത്ത നാലു ചുവരുകളും മരയഴി ഇട്ട വാതിലും മുന്നില്‍ കാട്ടുകല്ലുകള്‍ അടുക്കി വെച്ചൊരു തേക്കാത്ത തറയും മുറ്റത്ത് രണ്ട് ചെമ്പകമരങ്ങളും....
    വായ്ക്കോട്ട് കൊണ്ട് ചെത്തിക്കോരിയ നിലത്തൊക്കെ ചെമ്പകപ്പൂക്കള്‍ വീണ് കിടപ്പുണ്ടാകും...
    ചുറ്റും അണ്ടിത്തോട്ടവും പഴയ കല്‍പ്പണകളും മാത്രമുള്ളൊരു കാട്ടുമൂലയിലാണ് കാവ്. മുന്നിലായി മഴക്കാലത്ത് മാത്രം കൃഷി ചെയ്യുന്ന ചെറിയൊരു വയലുണ്ട്. അതിന്റപ്പുറം കൊളച്ചേരിയാണ്....
    മേലേരി തുള്ളല്‍, കോഴിയെ അറക്കല്‍, തിളക്കുന്ന അപ്പം വാരല്‍, കായക്കഞ്ഞി, കാഴ്ചവരവ്...
    നല്ല തണുപ്പുള്ള പുലര്‍കാലത്ത് ചൂട്ടും കത്തിച്ച് മഞ്ഞ് വീണ പുല്‍നാമ്പുകളെ മുടിപ്പകുപ്പ് പോലെ വിഭജിക്കുന്ന ഒറ്റവഴിയിലൂടെ...

    ലളിതമായ, സുന്ദരമായ, നാടന്‍ മലയാളം!

    ReplyDelete
  45. പുതിയോത്ര കണ്ട പ്രതീതി

    ReplyDelete
  46. ജീവിതത്തില്‍ നേരിട്ട് ഒരു തെയ്യം പോലും കണ്ടിട്ടില്ല...പക്ഷെ.....ദാ..ഇവിടെ വന്നപ്പോള്‍ കണ്ടു...ആ കാവും...ആ നാടും എല്ലാത്തിന്റെയും മനോഹരമായ ചിത്രം കിട്ടി...പിന്നെ ചീരനും...ഷിബു വെളിച്ചപ്പാടും...കൊള്ളാം...രസിച്ച് വായിച്ചു..:)

    ReplyDelete
  47. ഹഹഹ... നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘അടിച്ചപ്പുറത്തിട്ടു’
    നന്നായി ചിരിച്ചു.
    തെയ്യം കണ്ടിട്ടില്ലാത്തതുകൊണ്ട് അതിന്റെ കാര്യങ്ങള്‍ എഴുതിയതും ആസ്വദിച്ചു...
    എങ്കിലും ആ ഷിബൂന്റെ ആത്മാര്‍ത്ഥത സമ്മതിക്കണ്ടേ!
    :D

    ReplyDelete
  48. തകർത്തണ്ണോ തകർത്തു! തെയ്യവും കാവും രാത്രി ഉൽസവങ്ങളും ഇന്നുമൊരു ഹരം തന്നെ. ഞാനും വരുന്നുണ്ടു്‌ കണ്ണൂർക്ക് - തെയ്യം കാണാൻ. അതിന്റെയൊപ്പം മനോരാജ് പറഞ്ഞതൊക്കെ ഞാനും പ്രതീക്ഷിക്കുന്നു!!
    ഇനി ഒരു സംശയം - എന്ത് കണ്ടിട്ടാ ജാനൂനു്‌ പനിവന്നത്?

    ReplyDelete
  49. തെയ്യവും തല്ലും... അടിപിടി ഇല്ലാത്ത ഒരു തെയ്യക്കാവ് നമ്മുടെ നാട്ടില്‍ കാണാന്‍ പറ്റാറില്ല. എല്ലാം അനുഷ്ഠാനത്തിന്റെ ഭാഗമായിരിക്കാം അല്ലെ? ഇനിയുള്ള അഞ്ചു മാസങ്ങള്‍ തെയ്യക്കാലമാണ്.. പ്രവാസികള്‍ക്ക്‌ എല്ലാം നഷ്ടമാവുന്നു. എന്നാണാവോ ഇതൊക്കെ പഴയപോലെ ഒന്നാസ്വദിക്കാന്‍ സാധിക്കുക.. വായിച്ചപ്പോള്‍ നാട്ടിലെ തെയ്യങ്ങളും കാവുകളും എല്ലാം മനസ്സില്‍ ഒരു സിനിമ പോലെ കാണാനായി. വളരെ നന്നായി..

    ReplyDelete
  50. തെയ്യം ഞാനും കണ്ടിട്ടില്ല.

    കുഞ്ഞായിരുന്നപ്പോള്‍ കാണാനുള്ള അവസരമുണ്ടായിരുന്നപ്പോള്‍ പേടിയായിരുന്നു.

    :)

    ReplyDelete
  51. കുമാരേട്ടാ...നിങ്ങക്ക് ഇതും അറിയാമല്ലേ...
    എന്നാലും പാവം ചീരന്‍സ് പാവം ഷിബൂസ്...

    ReplyDelete
  52. കുമാരേട്ടാ, തെയ്യം കാണാന്‍ കണ്ണൂരിലേക്ക് വരുന്നവര്‍ക്ക് കണ്ണൂരാന്‍ വക സ്വാഗതം.

    (

    ReplyDelete
  53. നല്ല എഴുത്ത്.
    നല്ല വിവരണം. രസകരaമായി.

    അവർ ബസ്സിറങ്ങി വീടുകളിലേക്ക് പോകുമ്പോൾ ആളുകൾ “തെയ്യായിറ്റ് രുന്നതായിരിക്ക്വല്ലേ..?” എന്ന് ലോഹ്യം ചോദിക്കും. “ആപ്പാ.. അതെ..” എന്ന് മറുപടിയും കേൾക്കും

    ആ ചോദ്യത്തെയും ഉത്തരത്തെയുംകുറച്ചുനേരം ഉള്ളിലിട്ടു കൊഞ്ചിച്ചു. അത്രയ്ക്കു ഓമനത്തമുള്ള ചോദ്യോത്തരങ്ങൾ.

    ReplyDelete
  54. ഒരു തെയ്യം അങിനെ തന്നെ ഇങ് തന്നു!
    ഉത്സവപ്പറംബിൽ പോയ പ്രതീതിയുളവാക്കി ഈ പോസ്റ്റ്.
    നന്നായി.

    ReplyDelete
  55. കുമാരേട്ടാ.. അങ്ങനെ ഒരു തെയ്യവും കൂടിപ്പിരിയലും തരമായി.. ഒപ്പം കുറെ ‘കണ്ണൂരിയന്‍’ പ്രയോഗങ്ങളും.. ഇതൊക്കെയല്ലേ നമ്മള്‍ കണ്ണൂരുകാരുടെ സൌഭാഗ്യങ്ങളല്ലേ.. നന്ദി..

    'കരിപ്പാല്‍ നാഗ'ത്തില്‍ വച്ച് പല തവണ കണ്ട തെയ്യങ്ങളും 'കൂവേരി'യില്‍ നിറഞ്ഞാടിയ കരിഞ്ചാമുണ്ഡിയും മനസ്സില്‍ തെളിയുന്നു..

    ReplyDelete
  56. ഒന്നാം തരം കുമാര സംഭവം. ആ പഴയ ലത് തിരിച്ചു വന്നു.... ഒഴുക്കുള്ള ഭംഗിയുള്ള എഴുത്ത്

    ReplyDelete
  57. kidilan detailing about native...
    thanks...

    ReplyDelete
  58. കുമാരേട്ടാ ....കൊട് കൈ ..... കലക്കിട്ടോ .......

    ReplyDelete
  59. കുമാരാ...
    ശരിക്കും പൂരപറമ്പില്‍ പെട്ടുപോയ പ്രതീതി... പൂരത്തിന്റെ ഒടുവില്‍ വെടിക്കെട്ടും.... ശരിക്കും കലക്കി...

    ReplyDelete
  60. കൊള്ളാം കേട്ടോ......ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/

    ReplyDelete
  61. ഹഹ...ഇഷ്ടായി...ഓരോ തെയ്യക്കാലത്തും ഇങ്ങനെ ഒരുപാടു സംഭവങ്ങൾ അരങ്ങേറാറുണ്ട് വടക്കൻ കേരളത്തിൽ...

    ReplyDelete
  62. രസാവഹം !
    ഒരിക്കലെങ്കിലും തെയ്യം ഒന്നു കണ്ടാസ്വദിക്കണം എന്നൊരു പൂതി..
    അടുത്ത കൊല്ലാവട്ടെ..

    ReplyDelete
  63. വായിക്കാന്‍ ഒരു പാട് താമസിച്ചു........ഉത്സവം തകര്‍ത്തു കുമാരാ..

    ReplyDelete
  64. തെയ്യങ്ങളുടെ സിലബസ്സിലില്ലാത്ത സിലബലുകൾ ...
    ഏറെ രസിച്ചു കേട്ടൊ കുമാർജി

    ReplyDelete
  65. നന്നായിട്ട് ആസ്വദിച്ചു തെയ്യവും യഥാര്‍ത്യവും. ഒപ്പം വരയും

    ReplyDelete
  66. നാടിനെ നന്നായി വരച്ചിരിക്കുന്നു.

    ReplyDelete
  67. കുമാരേട്ടോ, സൂപ്പർ പോസ്റ്റ്. വളരെഭംഗിയായി ആ സ്ഥലത്തേയും തെയ്യത്തേയും ഒക്കെ വർണിച്ചിരിക്കുന്നു. വായനക്കാരുടെ കണ്ണിന്റെ മുന്നിൽ തെളിയുന്ന തരത്തിലുള്ള വർണ്ണന.

    സ്നേഹയുടെ വരയും കൊള്ളാം

    ReplyDelete
  68. കിടിലന്‍ കുമാരേട്ടാ... നാട്ടിലെ ഉത്സവപ്പറമ്പും തെയ്യവും ഓര്‍മ്മ വന്നു. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ആര്‍ത്തിരമ്പി വരുന്നു. ഉത്സവത്തലേന്ന്‌ വെള്ളാട്ടം കാണാന്‍ വരുന്നത്‌ തോര്‍ത്തും വിരിയുമെല്ലാമെടുത്താണ്‌. രത്രി വെള്ളാട്ടം കഴിഞ്ഞാല്‍ നാടകമോ ഗാനമേളയോ ഉണ്ടാകും. നാടകവും കണ്ട്‌ അമ്പലത്തിണ്റ്റെ തിണ്ണയിലെവിടെയെങ്കിലും കിടന്നുറങ്ങി രാവിലെയേ വീട്ടില്‍ പോകൂ. മകരത്തിലെ കൊടും തണുപ്പില്‍ നിന്ന്‌ രക്ഷനേടാന്‍ ഉത്സവപ്പറമ്പില്‍ കടലാസ്‌ കൂട്ടി തീക്കാഞ്ഞതും ചുക്കുകാപ്പി കുടിച്ചതും എല്ലാമെല്ലാം ഇന്നലെ കഴിഞ്ഞതു പോലെ........ ഫിബ്രവരി 27ഉം 28ഉം എണ്റ്റെ വീടിനടുത്ത്‌ തിറയുണ്ട്‌. പൊട്ടന്‍ ദൈവവും ഗുളികന്‍, കുട്ടിച്ചാത്തന്‍, കാരണവര്‍, പോതി, മുത്തപ്പന്‍ എന്നീ തിറകളെല്ലാമുണ്ട്‌.. കുമാരേട്ടന്‍ തീര്‍ച്ചയായും വരണം...

    ReplyDelete
  69. കിടിലന്‍ കുമാരേട്ടാ... നാട്ടിലെ ഉത്സവപ്പറമ്പും തെയ്യവും ഓര്‍മ്മ വന്നു. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ആര്‍ത്തിരമ്പി വരുന്നു. ഉത്സവത്തലേന്ന്‌ വെള്ളാട്ടം കാണാന്‍ വരുന്നത്‌ തോര്‍ത്തും വിരിയുമെല്ലാമെടുത്താണ്‌. രത്രി വെള്ളാട്ടം കഴിഞ്ഞാല്‍ നാടകമോ ഗാനമേളയോ ഉണ്ടാകും. നാടകവും കണ്ട്‌ അമ്പലത്തിണ്റ്റെ തിണ്ണയിലെവിടെയെങ്കിലും കിടന്നുറങ്ങി രാവിലെയേ വീട്ടില്‍ പോകൂ. മകരത്തിലെ കൊടും തണുപ്പില്‍ നിന്ന്‌ രക്ഷനേടാന്‍ ഉത്സവപ്പറമ്പില്‍ കടലാസ്‌ കൂട്ടി തീക്കാഞ്ഞതും ചുക്കുകാപ്പി കുടിച്ചതും എല്ലാമെല്ലാം ഇന്നലെ കഴിഞ്ഞതു പോലെ........ ഫിബ്രവരി 27ഉം 28ഉം എണ്റ്റെ വീടിനടുത്ത്‌ തിറയുണ്ട്‌. പൊട്ടന്‍ ദൈവവും ഗുളികന്‍, കുട്ടിച്ചാത്തന്‍, കാരണവര്‍, പോതി, മുത്തപ്പന്‍ എന്നീ തിറകളെല്ലാമുണ്ട്‌.. കുമാരേട്ടന്‍ തീര്‍ച്ചയായും വരണം...

    ReplyDelete
  70. കളിയും,കാര്യവുമായി വളരെ നല്ല ഒരു പോസ്റ്റ്‌.
    അഭിനന്ദനങ്ങള്‍ !
    തെയ്യം ഞാനും ടിവിയിലെ കണ്ടിട്ടുള്ളൂ...
    ഒരിക്കല്‍ തെയ്യം ഒരു കോഴീടെ കഴുത്ത്‌ മുറിച്ചു ചൂടുചോര ഫ്രൂട്ടി കുടിക്കുന്നപോലെ കണ്ടു...
    ഹെന്റമ്മോ.... അതിനു ശേഷം ഇന്നേവരെ ചിക്കന്‍ ഞാന്‍ മനസ്സമാധാനത്തോടെ കഴിച്ചിട്ടില്ല.:((

    ReplyDelete
  71. “തെയ്യായിറ്റ് വെരുന്നതായിരിക്ക്വല്ലേ..?”......

    ReplyDelete
  72. " തെയ്യസിലബസ്സിലിൽ ഇല്ലാത്ത വിചിത്രമായ വെളിച്ചപ്പെടുത്തൽ .." - അതില്‍ ഞാന്‍ വീണു പോയി കുമാരേട്ടാ ...!

    ReplyDelete
  73. പാലായിൽ താമസിക്കുന്ന എനിക്ക്‌ തെയ്യമെന്ന കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ.മുന്നിൽ കണ്ടതു പോലെ തോന്നി.
    അവസാനം പൊലിച്ചു.

    ReplyDelete