Sunday, May 23, 2010

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

മഞ്ഞചുരിദാറണിഞ്ഞ ഒരു സുന്ദരിയുമായി ഊട്ടി തടാകത്തിലൂടെ ബോട്ടിങ്ങ് നടത്തുകയായിരുന്നു ഞാന്‍‌. നല്ല തണുപ്പുണ്ടായിരുന്നു. കാറ്റടിച്ചപ്പോള്‍ അവളുടെ ഷാമ്പൂ വാഷ്ഡ് മുടിയിഴകളെന്റെ മുഖത്തൂടെ തഴുകി നീങ്ങി. അത് കോതിയൊതുക്കി നാണത്തോടെ അവളെന്നെ നോക്കി. ഞാനവളുടെ മുല്ലമൊട്ട് പോലത്തെ മൂക്കില്‍ പിടിക്കാന്‍ കൈകള്‍ നീട്ടി. അപ്പോഴാണ്‌ ഒരു ശബ്ദം. ഡും ഡും..

ഞാന്‍ തിരിഞ്ഞ് നോക്കി. എവിടുന്നാണീ ശബ്ദം.. മുറ്റത്ത് മൈനയൊന്നുമില്ലല്ലോ.. നോ ഐഡിയ. അതാ വാതില്‍ കുലുങ്ങുന്നു. ഇതാരാ ഊട്ടി തടാകത്തില്‍ ഡോര്‍ ഫിറ്റ്‌ ചെയ്തത്...? അയ്യോ ഇത് ഊട്ടിയല്ലല്ലോ, എന്റെ മുറിയാണ്..!

നാശം പിടിക്കാന്‍..! അമ്മയാണ്‌. ജീവിതത്തിലെ ആദ്യ ഹണിമൂണ്‍ നശിപ്പിച്ചു. തുടയുടെ ഇടയില്‍ ഫിക്സഡ് ഇട്ട (7 % ഇന്ററെസ്റ്റ് ആണേ..) കൈകളെടുത്ത് പുതപ്പ് വലിച്ച് മാറ്റി ക്ലോക്കിലേക്ക് നോക്കി. അയ്യോ.. ഏഴ് മണിയായി. ഏഴേ പതിനഞ്ചിനാണ്‌ പാസഞ്ചറിന്റെ റൈറ്റ് ടൈം. അത് കിട്ടിയില്ലെങ്കില്‍ ഓഫീസിലെത്താന്‍ വൈകും.

പട്ടാളക്കാരന്‍ പവിയുടെ പാര്‍ട്ടിയുണ്ടായിരുന്നു ഇന്നലെ. ഹാര്‍പിക് പോലത്തെ ഒരു സാധനം. ഓസിന്‌ കിട്ടിയാല്‍ മൂസ ഗ്രീസും കുടിക്കും എന്നാണല്ലോ ബനാന ടോക്ക്. വലിച്ച് കുടിച്ചു. കുടിക്കാന്‍ കഴിയാത്തത് വായിലാക്കി തുപ്പിക്കളഞ്ഞു. വഴിയില്‍ ഒന്ന്‌ രണ്ട് തവണ രാജാപാര്‍ട്ട് കെട്ടി, വാളു വീശിയ ശേഷം ഒരു വിധം വീട്ടിലെത്തി മുറിയില്‍ കയറി കുറ്റിയിട്ടത് ഓര്‍മ്മയുണ്ട്. പിന്നെ പരിധിക്ക് പുറത്തായി. രാവിലത്തെ ഹണിമൂണിന്റെയിടയില്‍ അമ്മ വാതില്‍ തല്ലിപ്പൊളിച്ചപ്പോഴാണ്‌ ബോധം വീണത്.

മാനേജറുടെ വീര്‍ത്ത മോന്ത ഓര്‍ത്ത് ബാത്ത്‌റൂമിലേക്ക്‌ ഓടി. ഒരു വിധത്തില്‍ മുട്ടു ശാന്തി പോലെ സംഗതികളൊക്കെ ചെയ്തു. പുറത്ത് നിന്ന് ആദി താളത്തില്‍ അമ്മയുടെ വെടിക്കെട്ടും. ചോദിക്കാനും പറയാനും ആരുമില്ലാത്തത് കൊണ്ട് മൂക്കില്‍ പല്ല്‌ മുളച്ച ഒരു ബാച്ചിലറോട് അമ്മയ്ക്കൊക്കെ എന്തു വേണേലും പറയാമല്ലോ. കല്യാണം കഴിഞ്ഞ് ഒരു പെണ്ണിവിടെ കാലു കുത്തട്ടെ, കാണിച്ച് തരാം. എങ്ങനെയൊക്കെയോ പാന്റും ഷര്‍ട്ടും വാരി വലിച്ചുടുത്ത് പുറത്തിറങ്ങി. പുറത്ത് ഒരു മരുന്ന് ശീട്ടുമായി അമ്മ കാത്ത് നില്‍ക്കുന്നുണ്ട്. "വരുമ്പോ ഈ മരുന്നുകളെല്ലാം വാങ്ങണം.." അതും വാങ്ങി സ്റ്റേഷനിലേക്ക് ഓടി. ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. ഓടി എത്തിയപ്പോഴേക്കും വണ്ടി മൂവായിക്കഴിഞ്ഞിരുന്നു. വണ്ടിയിലുള്ള കിങ്കരന്‍മാര്‍ ആര്‍പ്പ്‌ വിളിതുടങ്ങി. “കുയോ കുയോ ആ.. ആ.. ആ.. വാ..മോനേ.. വാ വാ…” അപ്പഴേക്കും വണ്ടിയുടെ സ്പീഡ് കൂടി. അവന്‍മാരുമായി വണ്ടി കടന്ന്‌ കളഞ്ഞു. പശ്ചാത്തല സംഗീതമായി ആ കുരങ്ങന്മാരുടെ ആര്‍പ്പ്‌വിളിയും.. “കുയോ… കുയോ…” തീവണ്ടി ഒരു തരത്തില്‍ പറഞ്ഞാല്‍ തെണ്ടിയാണ്. നമ്മള്‍ നേരത്തെ വന്നാല്‍ മൂപ്പര്‍ ലേറ്റാവും. നമ്മള്‍ ലേറ്റായാല്‍ മൂപ്പര്‍ കൃത്യ സമയത്ത്‌ വരും. സ്മാര്‍ട്ട് ബോയ്‌! ഇനിയിപ്പോ ഏതെങ്കിലും ബസ്സിന്‌ പോകുകയേ രക്ഷയുള്ളു. ഞാന്‍ ബസ്സ് സ്റ്റോപ്പിലേക്ക് നീങ്ങി.


നമ്മുടെ നാട് അണ്‍ലിമിറ്റഡ് ആണല്ലോ, സോ ലിമിറ്റഡ്‌ സ്റ്റോപ്പ് ബസ്സ്‌ സാധാരണ ഞങ്ങളുടെ നാട്ടില്‍ നിര്‍ത്താറില്ല. അഥവാ നിര്‍ത്തിയാല്‍ തന്നെ ഒന്നുകില്‍ സ്റ്റോപ്പിന്ന്‌ അര കിലോമീറ്റര്‍ അപ്പുറം അല്ലങ്കില്‍ ഇപ്പുറം. ‍ നമ്മള്‍ ഓടി എത്തുമ്പോഴേക്കും ബസ്സ്‌ റ്റാറ്റാ എന്നു മാത്രമല്ല, ബിര്‍ല അംബാനി എന്നു കൂടി പറഞ്ഞു കഴിഞ്ഞിരിക്കും. ഇതൊരു നാടന്‍ ഗെയിം ആയി ഞങ്ങള്‍ കുറെക്കാലമായി അംഗീകരിച്ചു പോരുന്നു. പക്ഷേ ഗപ്പൊന്നും ഇല്ല. സ്ഥിരമായി ലിമിറ്റഡ് ബസ്സിന്ന്‌ പോകുന്നവനെ കണ്ടാലറിയാം. നല്ല കട്ട കട്ടയാ ബോഡി.


സാരിചുറ്റിയ ഒരു രൂപമെങ്കിലും കൈകാണിച്ചാലേ സാധാരണ ബസ്സ് നിര്‍ത്തൂ. ബസ്സ്റ്റോപ്പിലാണെങ്കില്‍‍ വേറെ ആരും ഇല്ല. ഇന്നത്തെകാര്യം കട്ടപ്പൊക തന്നെ. അകലെ നിന്നൊരു ബസ്സ് കൊടുങ്കാറ്റ്‌ പോലെ പറന്ന് വരുന്നുണ്ട്. രണ്ടും കല്‍പിച്ച്‌ ഞാന്‍ റോഡിന്റെ നടുവിലേക്ക് നീങ്ങി നിന്നു. മുഖം കൊണ്ടും കൈകള്‍ കൊണ്ടും നവരസങ്ങള്‍ ആവാഹിച്ച് കാണിച്ചു. സംഗതി ഏറ്റു. സ്റ്റോപ്പിന്ന് കുറച്ച്‌ മുന്നോട്ടായി ബസ്സ്‌ നിന്നു. ഞാന്‍ പറന്ന്‌ ബസ്സിന്റെ മുന്‍ ഡോറിലൂടെ അകത്തേക്ക് ലാന്‍ഡ് ആയി. ബസ്സില്‍ വലിയ തിരക്കൊന്നുമില്ല. സീറ്റിങ്ങ് യാത്രക്കാരേയുള്ളു. ഫ്രന്റ്‌ ഡോറിന്ന്‌ പിന്നിലായി രണ്ടാമത്തെ വരിയില്‍ ഒരു സീറ്റ് ഒഴിവുണ്ട്. ഞാന്‍ വേഗം സീറ്റിലേക്ക് ചാടിവീണു. ചാടി വീഴേണ്ട തിരക്കൊന്നും ഇല്ല. പക്ഷേ എല്ലാറ്റിനോടും ഒരു ആക്രാന്തം നമ്മളുടെ കൂടപ്പിറപ്പായിപ്പോയില്ലേ. .

തൊട്ടടുത്തുള്ള സീറ്റില്‍ ഒരു കിഴവന്‍ ചാരിക്കിടന്നുറങ്ങുന്നു. കുറച്ച് ദൂരം പോകേണ്ടതല്ലേ ഒരു ആശ്വാസത്തിനായി ഞാന്‍ ‍വലത് ഭാഗത്തിരിക്കുന്ന സ്ത്രീ പക്ഷം നോക്കി. ഹോ.. നിലവിളക്ക് കത്തിച്ച്‌, മുകളില്‍ CFL ഫിറ്റ്‌ ചെയ്തതു പോലത്തെ ഒരു മാന്‍ മിഴിയാള്‍. നെറ്റിയില്‍ മഞ്ഞള്‍ വരയും ചന്ദനനിറത്തിലുള്ള ചൂരിദാറും. രാവിലെ ഹണിമൂണിന്‌ കൂടെയുണ്ടായ അതേ ഹീറോയിന്‍! ഞാന്‍ ഒന്നുകൂടി ഇടംകണ്ണിട്ട് ആ സുന്ദരിയെ നോക്കി. എന്തൊരത്ഭുതം..! അവള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു..!

അങ്ങനെ ഒരു അബദ്ധം ഇന്നേ വരെ പെണ്ണായ് പിറന്നവള്‍ക്കൊന്നും തോന്നിയിട്ടില്ലല്ലോ. എന്നോടായിരിക്കില്ല. ഞാന്‍ അരികിലിരിക്കുന്ന കിളവനെ നോക്കി. ടിയാന്‍ നല്ല ഉറക്കമാ. തിരിഞ്ഞും മറിഞ്ഞും സഹയാത്രികരെ നോക്കി. അവരില്‍ ആരോടെങ്കിലുമാണോ ചിരിച്ചത്‌? ‌പക്ഷേ അവരൊക്കേ ഏതോ ലോകത്താണ്‌. അപ്പോള്‍ ചിരിച്ചത് എന്നോട് തന്നെയാണ്‌!! എന്റെ ശ്വാസഗതി കൂടി, നെഞ്ചത്ത് പഞ്ചവാദ്യം തുടങ്ങി. തിരിച്ച്‌ ചിരിക്കാത്തത്‌ മോശമായിപ്പോയി. എന്നെപറ്റി ആ കുട്ടി എന്തു കരുതിയിരിക്കും..! ഞാന്‍‍ മസില്‍ കുറച്ച്‌ അവളെ നോക്കി ചിരിച്ചു. പക്ഷേ അത്‌ ഒരു മാതിരി പക്ഷാഘാതം വന്ന്‌ മോന്ത കോച്ചിപ്പോയത് പോലെയായിരുന്നു. ഞാനവളെ ഒന്നൂടെ നോക്കി. അവളപ്പോഴും ചിരിക്കുന്നുണ്ട്. ആശ്വാസമായി പിണക്കമൊന്നും ഇല്ലല്ലൊ.

ഞാന്‍ അവളുടെ മുഖം ‌സേര്‍ച്ച്‌‌ ചെയ്തു നോക്കി. സ്ക്കൂളില്‍ വെച്ചോ കോളേജില്‍ വെച്ചോ ബസ് സ്റ്റോപ്പിലോ, എത് ഡയറക്ടറിയില്‍ വെച്ചായിരുന്നു പരിചയം? പക്ഷേ "വെരി സോറി ഡാ.. സേര്‍ച്ച് ഐറ്റം നോട്ട് ഫൌണ്ട്.." മുജ്ജന്മത്തിലെവിടെയോ ആയിരിക്കും ഈ അപ്സരസിനെ കണ്ടത്. എന്തായാലും ഇന്ന്‌ വണ്ടി കിട്ടാത്തത് നന്നായി. കരിയോയില്‍ പൊലത്തെ റമ്മിനും അത് ഒഴിച്ച് തന്ന പവിക്കും ഇന്ത്യന്‍ റെയില്‍‌വേക്കും താങ്ക്‌സ്. തല പെന്റുലം കണക്കെ അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ട് ഞാന്‍ അവളെ തന്നെ നോക്കി. അവളും എന്നെ നോക്കി ചിരിച്ച്‌ കൊണ്ടിരുന്നു. അവളുടെ രണ്ട് കൈകളിലും ഒരുപാട് മന്ത്രചരടുകള്‍ കെട്ടിയിട്ടുണ്ട്. അമ്മയാണെന്ന്‌ തോന്നുന്നു കൂടെയുള്ളത്. അവര്‍ മകളുടെ ഒരു കൈ മുറുകേ പിടിച്ച് പാതി മയക്കത്തിലാണ്‌. പാവം അമ്മ. പ്രായപൂര്‍ത്തിയായ മകളെകുറിച്ചുള്ള ആധികൊണ്ടായിരിക്കും കൈനിറയെ ചരട് കെട്ടിയത്. അമ്മേ.. അമ്മ പേടിക്കേണ്ട നിങ്ങളുടെ മകള്‍ക്ക് ഞാനുണ്ട്. ഇവള്‍ എന്റെ പെണ്ണാണ്‌. എനിക്ക് ഉച്ചത്തില്‍ വിളിച്ച്‌ പറയാന്‍‍ തോന്നി.

ഞാന്‍ കൈകള്‍ കൊണ്ട്‌ ചില ആംഗ്യങ്ങളൊക്കെ കാട്ടി. അവളപ്പോഴും പുഞ്ചിരിച്ചു. ഹോ.. നീ എന്നെ കൊല്ലല്ലേ പൊന്നേ.. ഞാന്‍ അപ്പൂപ്പന്‍ താടിപോലെ മേലോട്ട് പൊങ്ങിപോയി. സ്വപ്നം മാത്രം കണ്ടത് കൊണ്ട് കാര്യമില്ലല്ലോ. സ്ഥലമെത്തിയാല്‍ അവള്‍ ഇറങ്ങിപ്പോവും. അതിനു മുമ്പ് അവളുമായി ഒരു കമ്യൂണിക്കേഷന്‍ മീഡിയ ഉണ്ടാക്കി വെക്കണം. ബീ പ്രാക്ടിക്കല്‍.. ക്വിക്ക്. പോക്കറ്റില്‍ വല്ല കടലാസ്സുമുണ്ടോ എന്ന്‌ നോക്കി. ഒന്നുമില്ല. ആകെയുള്ളത് അമ്മ മരുന്ന് വാങ്ങാന്‍ തന്ന ശീട്ടാണ്. മരുന്നൊക്കെ പിന്നെയും വാങ്ങാം. ഇവളെ പിന്നെ കിട്ടില്ലല്ലോ. അതിന്റെ പിറകില്‍ എന്റെ മൊബൈല്‍ നമ്പരെഴുതി തിരിഞ്ഞും മറഞ്ഞും നോക്കി ആരും കാണാതെ വിറച്ച് വിറച്ച് അതവളുടെ മടിയിലേക്കിട്ടു.

യാതൊരു ഭാവപകര്‍ച്ചയുമില്ലാതെ എന്തോ ഒരു അത്ഭുതവസ്തു കിട്ടിയത് പോലെ അവള്‍ ആ കടലാസ്‌ തിരിച്ചും മറിച്ചും നോക്കിയ ശേഷം വായിലേക്കിട്ട് ആട്‌ പ്ലാവില ചവക്കുന്നത് ചവച്ചു. ഓ, നമ്പര്‍ ബൈഹാര്‍ട്ടാക്കി വേറെ ആരും കാണാതിരിക്കാന്‍ അത് നശിപ്പിക്കുകയാണല്ലേ. എന്തൊരു ബുദ്ധി..! എന്തൊരു ബുദ്ധി..! എനിക്കവളെയോര്‍ത്ത് അഭിമാനം തോന്നി. ഇവള്‍ തന്നെ എന്റെ ഭാവി വധു. ഞാന്‍ ഉറപ്പിച്ചു. പെട്ടെന്ന് അവളെന്നെ തറപ്പിച്ച് നോക്കി ഒറ്റ തുപ്പല്‍..! മുഖം മുഴുവന്‍ പേപ്പര്‍ തുപ്പല്‍ സ്പ്രേയുമായി ഞാന്‍ അന്തം വിട്ട് നിന്നു. എനിക്കൊന്നും മനസ്സിലായില്ല. എന്തോ പന്തികേട് ഫീല്‍ ചെയ്തു. മുങ്ങിക്കോ എന്ന് തലയിലൊരു മെസേജ് കിട്ടി. പക്ഷേ അതിനു മുമ്പ് അവള്‍ എഴുന്നേറ്റ്‌ ‌എന്റെ ഷര്‍ട്ടില്‍ കയറിപ്പിടിച്ച് അലറി. "നീ ആണോടാ അരുണ്‍..? പട്ടീ.. ചതിയാ.. *$*!X**@*..."

അപ്പോഴേക്കും കം‌പ്ലീറ്റ് കൈവിട്ട് പോയിരുന്നു. പിന്നില്‍ നിന്ന് കുറച്ച് കുണ്ടന്മാര്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കെന്ന വണ്ണം മുന്നിലേക്ക് ഓടിവന്നു. സര്‍ക്കിളിട്ട ആദ്യാക്ഷര പടത്തിന്റെ ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ അടുത്ത ഷോ തുടങ്ങുന്നത് വരെ പോസ്റ്ററും നോക്കി നില്‍ക്കുന്നവരൊക്കെ ഇങ്ങനത്തെ കാര്യത്തില്‍ ഭയങ്കര സദാചാരക്കാരാവുമല്ലോ. ഇതിനും മാത്രമെന്ത് പുണ്യമാ ഈ പെണ്ണുങ്ങളൊക്കെ ചെയ്തിരിക്കുന്നത് എന്റെ ആണ്‍ ദൈവങ്ങളെ.. ഇത്ര നേരവും ഈ ലോകത്തേയല്ല എന്നത് പോലെ ഇരുന്നവരാ. എന്തൊരു ശുഷ്കാന്തിയാണിപ്പോള്‍. കുടക്കമ്പി പോലത്തെ എന്നെ അവരു ഈസിയായി കൈകാര്യം ചെയ്യാന്‍ തുടങ്ങി. ബോഡി വെയ്റ്റ് കംപ്ലീറ്റ് പോയി. ചെവിയിലൂടെ തീവണ്ടി പോകുന്നു. കണ്ണില്‍ നിന്ന് പൊന്നീച്ചകള്‍ പറക്കുന്നു. ഇത്രയേറേ പൊന്നീച്ചകള്‍ എന്റെ കണ്ണില്‍ ഉണ്ടായിരുന്നോ. “അവനെ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്ക്‌.. ബസ്സ്‌ നിര്‍ത്തൂ.. ബസ്സ്‌ നിര്‍ത്തൂ.. ഞരമ്പ്‌ രോഗിയായിരിക്കും..” ബസ്സില്‍ നിന്നും മുറവിളി, ആക്രോശം, കൂട്ടച്ചിരി. ബസ്സ് സഡന്‍ ബ്രേക്കിട്ട് നിന്നു. പെട്ടെന്ന് അവളുടെ അമ്മ ചാടിവീണ്‌ അവളെ പിടിച്ച് മാറ്റി പറഞ്ഞു. “അയ്യോ സുഖമില്ലാത്ത കുട്ടിയാ.. അയാളെ ഒന്നും ചെയ്യല്ലേ…”

അത് കേട്ടപാടേ എന്റെ ബോഡി റീബില്‍‌ഡിങ്ങ് ചെയ്ത് കൊണ്ടിരുന്നവര്‍ ഞണ്ട് മാളത്തിലേക്ക്‌ വലിയുന്നത് പോലെ പിന്നിലേക്ക് വലിഞ്ഞു. ഞാന്‍ എങ്ങനെയൊക്കെയോ എഴുന്നേറ്റ്‌ പുറത്തേക്ക്‌ ചാടി. ബസ്സ് എന്നെ കടന്ന് പോയി. പിറകിലിരിക്കുന്ന ആരൊക്കെയോ കൂവിയോ.. ഏയ് തോന്നിയതായിരിക്കും. കീറിയ കുപ്പായവുമായി പ്രാഞ്ചി പ്രാഞ്ചി നാട്ടിലേക്കുള്ള ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ഞാന്‍ വെറുതെ ആലോചിക്കുകയായിരുന്നു. ചക്കപ്പശയില്‍പ്പെട്ട ഈച്ചയെപ്പോലെ എന്ത് കൊണ്ടാ നരന്മാരിങ്ങനെ നാരികളില്‍ ആകൃഷ്ടരാവുന്നത്..!

82 comments:

  1. ചക്കപ്പശയില്‍പ്പെട്ട ഈച്ചയെപ്പോലെ എന്ത് കൊണ്ടാ നരന്മാരിങ്ങനെ നാരികളില്‍ ആകൃഷ്ടരാവുന്നത്...
    ഇങ്ങനൊക്കെ കിട്ടുമ്പോള്‍ ന്യായമായ സംശയം തന്നെ..
    കുമാരേട്ടാ കലക്കി....

    ReplyDelete
  2. കൊള്ളാം പക്ഷെ ക്ലൈമാക്സ്‌ നേരത്തേ മനസ്സിലായി കേട്ടൊ

    ReplyDelete
  3. പിന്നില്‍ നിന്ന് കുറച്ച് കുണ്ടന്മാര്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കെന്ന വണ്ണം മുന്നിലേക്ക് ഓടിവന്നു.

    വായിച്ചുരസിച്ചു

    ReplyDelete
  4. പാവം കുട്ടി.. :(
    പോസ്റ്റ് വായിക്കാന്‍ നല്ല രസം,
    (ഇന്ററെസ്റ്റ് ഒത്തിരി കുറവാണല്ലോ കുരാമാ, 7 % കണ്ടാപോരല്ലോ.. :)

    ReplyDelete
  5. ഇടിവെട്ട് ലാംഗ്വേജ് (ഭാഷ..... ഭാഷ )

    ReplyDelete
  6. കുമാരാ പോസ്റ്റ് നന്നായി.,ചിരിച്ചുപണ്ടാരമടങ്ങി.,കരഞ്ഞു കണ്ണുനീര്‍ വറ്റി, എന്നൊന്നും നുണപറയാന്‍ ഞാന്‍ ഇല്ല ..! എനിക്കിഷ്ടമായില്ല എന്നു ഒറ്റവാക്കില്‍ പറയുന്നു. ! കുമാരന്‍റെ ബ്ലോഗില്‍ വരുമ്പോള്‍ ഒരു പ്രതീക്ഷയുണ്ട് ആ പ്രതിക്ഷക്കൊത്ത് ഈ കഥ വന്നില്ല.! “കുമാരന്‍ടച്ച്” ഈ കഥക്കില്ല.!

    ReplyDelete
  7. അമ്മയോട് നല്ല സ്നേഹമുള്ള മകന്‍!
    മരുന്ന് വാങ്ങി വരാത്തതിന് അമ്മെടടുത്തു നിന്നും ബാക്കിയുള്ളത് കിട്ടിയിരിക്കും.

    ReplyDelete
  8. പ്രയോഗങ്ങള്‍ പതിവ് പോലെ കിടിലന്‍ !!! 7 ഏഴു ശതമാനം പോരല്ലോ മോനെ ഇന്ടരസ്റ്റ്. :P :D

    ReplyDelete
  9. ചക്കപ്പശയില്‍പ്പെട്ട ഈച്ചയെപ്പോലെ എന്ത് കൊണ്ടാ നരന്മാരിങ്ങനെ നാരികളില്‍ ആകൃഷ്ടരാവുന്നത്..!

    ReplyDelete
  10. ന്റെ കുമാരേട്ടൊ..
    കലക്കി.
    കലകലക്കി..

    ഒരു ഒന്നൊന്നര എഴുത്തല്ലോ..
    പഹയാ..

    ReplyDelete
  11. യാത്രക്കാര്‍ ശ്രദ്ധിക്കുക.
    പിന്നില്‍ നിന്ന് ഓടി വന്ന് മുന്നിലെ ഡോറില്‍ (ധുരുദ്ദേശം വച്ച്)കേറുന്നവര്‍ക്ക് പിന്നീട് പ്രാഞ്ചി പ്രാഞ്ചി നടക്കേണ്ടതായി വരും എന്ന് മനസ്സിലാക്കാം.

    ReplyDelete
  12. പാവം കുട്ടി...
    അവളുടെ കയ്യില്‍ മുറുകെ പിടിച്ചു കൊണ്ടുള്ള അമ്മയുടെ പാതി മയക്കവും, കയ്യിലെ മന്ത്രചരടുകളും കണ്ടപ്പോഴേ സംഗതി പിടികിട്ടി....

    എന്നാലും പ്രയോഗങ്ങളെല്ലാം വായിച്ചുരസിച്ചു....

    ReplyDelete
  13. കിട്ടേണ്ടത് കിട്ടിയല്ലൊ; എന്നാലും നാളെ മറ്റൊരുത്തിയെ കാണുമ്പോൾ കിട്ടിയതെല്ലാം മറക്കും. അല്ലെ? ഉഗ്രൻ,,,

    ReplyDelete
  14. junaith, quwatul, സോണ ജി, സലാഹ്, കൂതറHashimܓ, ആയിരത്തിയൊന്നാംരാവ്, ഹംസ, ഇസ്മായില് കുറുമ്പടി ( തണല്), അബ്കാരി, RIYA'z കൂരിയാട്, »¦ മുഖ്താര് ¦ udarampoyil ¦«, OAB/ഒഎബി, Naushu, mini//മിനി.....

    എല്ലാവര്‍ക്കും ഒരു പാട് നന്ദി.

    ReplyDelete
  15. കടലാസു വായിലിട്ടു തിന്നപ്പോഴേ ഒരടി ഉറപ്പിച്ചിരുന്നു....

    പക്ഷെ, കൊണ്ടില്ല അല്ലെ..

    ReplyDelete
  16. കുമാരാ.. അല്ല അരുൺകായംകുളത്തോട് ഇത്രക്ക് ദ്വേഷ്യമോ.. ഹ..ഹ..:)(ചുമ്മാ.. സ്മൈലിയുണ്ടേ!!) പോസ്റ്റ് കൊള്ളാം. പക്ഷെ കുമാരന്റെ മുഖമുദ്രകളായ ഉപമ, ഉൽ പ്രേക്ഷ, അലങ്കാരം ഒന്നും അധികം ഉപയോഗിച്ചില്ല.. അല്ലേ.. പക്ഷെ സുഖകരമായ വായന..

    ReplyDelete
  17. അയ്യേ കുമാരേട്ടാ അപ്പൊ അകെ മൊത്തം നാറി അല്ലെ :)

    ReplyDelete
  18. സുഖകരമായ വായന ലഭിച്ചു.

    ReplyDelete
  19. നരന്മാര്‍ നാരികളില്‍ ,അക്രിഷ്ടന്‍ ആകുന്നതു , ചക്കപശ കയ്യില്‍ പറ്റിയ പോലെ നാറുവാന്‍ തന്നെ ...

    ReplyDelete
  20. മനോരാജ് പറഞ്ഞത് ശരിയാണ്. എനിക്കുമതു തോന്നി. ഉപമകള്‍ അല്പം കുറഞ്ഞു പോയില്ലേ എന്നൊരു സംശയം. എങ്കിലും ഉപമയുടെ പ്രതിഭാവിലാസം ഇവിടെയും കാണാതിരുന്നില്ല കേട്ടോ.

    ഉദാ: "പിന്നില്‍ നിന്ന് കുറച്ച് കുണ്ടന്മാര്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കെന്ന വണ്ണം മുന്നിലേക്ക് ഓടിവന്നു."

    ഇത്തവണ എന്‍റെ പ്രിയപത്നിയെയും കൂട്ടിയാണ് കഥവായിക്കാനിരുന്നത്. കഥ ഞാന്‍ വായിക്കവേ, ഇടയ്ക്കിടയ്ക്കുള്ള ഒരു ചിരി കേള്‍ക്കുമ്പോള്‍ മനസ്സിനൊരു സന്തോഷം തോന്നാതിരുന്നില്ല. ഇതൊക്കെയല്ലേ മാഷേ ജീവിതത്തിലെ ഒരു രസം.

    ReplyDelete
  21. ഞാനപ്പഴേ വിചാരിച്ചു ഇതു തന്നെയാ നടക്കാന്‍ പോണതെന്ന്....

    ReplyDelete
  22. ഗ്രാമീണ അടിയുറപ്പു പദ്ധതി!

    ReplyDelete
  23. അങ്ങനെ വേണം, ആക്രാന്തം കാണിച്ചിട്ടല്ലേ!

    ReplyDelete
  24. രസിച്ചു.എന്നാലും ആ ചരട് കണ്ടപ്പോഴേ ഒരു ചുകപ്പ് സിഗ്നല്‍ തെളിഞ്ഞു കത്തിയിരുന്നു.:)

    ReplyDelete
  25. അല്ല ആരാണീ അരുണ്‍ ?!
    :)

    ReplyDelete
  26. അവൾ നോക്കി ചിരിച്ചപ്പോഴേ എനിക്ക് മനസ്സിലായി കുമാരൻ മേടിച്ചിട്ടേ പോകൂ എന്ന് :))

    ReplyDelete
  27. ചിലര്‍ക്കൊക്കെ ക്ലൈമാക്സ് നേരത്തെ മനസ്സിലായെന്നു പറയുന്നു...എനിക്കങ്ങനെ തോന്നീല്ലാട്ടോ...അവസാന നിമിഷം വരെയുള്ള സസ്പെന്‍സ് ശരിക്കും ആസ്വദിച്ചു....അടിപൊളി...

    ReplyDelete
  28. ശരിക്കും ആസ്വദിച്ചു..

    ReplyDelete
  29. കുമാരേട്ടാ 7% എന്നൊക്കെ പറയുമ്പോള്‍ വളരെ വീക്കാണല്ലോ ? കള്ളുകുടിച്ചതിന്റെ ക്ഷീണം ആയിരിക്കും അല്ലേ ?

    ReplyDelete
  30. യാത്രാ വിവരണം കലക്കി

    ReplyDelete
  31. കുറെ പേര്‍ക്ക് ക്ലൈമാക്സ്‌ പിടികിട്ടിയെങ്കില്‍, എനിക്ക്, ആ കുട്ടിക്ക് അസുഖമാണെന്ന് കുമാരനെ നോക്കി പുഞ്ചിരിച്ചു എന്ന് വായിച്ചപ്പോള്‍ തന്നെ തോന്നി. :)

    ReplyDelete
  32. കൊള്ളാം കുമാരേട്ടാ സംഭവം കലക്കി


    ചക്കപ്പശയില്‍പ്പെട്ട ഈച്ചയെപ്പോലെ എന്ത് കൊണ്ടാ നരന്മാരിങ്ങനെ നാരികളില്‍ ആകൃഷ്ടരാവുന്നത്..!

    ReplyDelete
  33. ശരിക്കും ആസ്വദിച്ചു..

    ReplyDelete
  34. ($nOwf@ll), Manoraj, ഒഴാക്കന്., പട്ടേപ്പാടം റാംജി, Readers Dais, Hari | (Maths), പയ്യന്സ്, ഗീത, അലി, Vinayan, Typist | എഴുത്തുകാരി, Rare Rose, തെച്ചിക്കോടന്, ഭായി, ചാണ്ടിക്കുഞ്ഞ്, ramanika, Rakesh, ടിജോ തൃശ്ശൂര്, മാത്തൂരാൻSukanya, അഭി, lekshmi. lachu...


    എല്ലാവര്‍ക്കും വളരെ വളരെ നന്ദി.

    ReplyDelete
  35. ടൈം നല്ലതാണേല്‍ ഇതു കുറുക്കനും ഒരു ചിക്കെന്‍ ബിരിയാണി കഴിക്കാന്‍ തോന്നും..
    എന്ന് കേട്ടിട്ടില്ലേ

    ReplyDelete
  36. ഹഹ.. ‘തൊഴി’ലുറപ്പ് പദ്ധതിക്കാര്‍ പഞ്ചാരിമേളം നടത്തിയിട്ടും വല്യ കുഴപ്പമൊന്നുമില്ലാതെ രക്ഷപെട്ടല്ലോ. ‘ഭാവിവധു’വിന്റെ അമ്മ സമയത്ത് ഉണര്‍ന്ന് ഇടപെട്ടില്ലെങ്കില്‍..ഓ..അതൊരു കുമാര’സംഭവം’ ആയേനെ.
    ഈ പോസ്റ്റിന്റെ ടൈറ്റില്‍ ‘മൂക്കില്‍ പല്ല് മുളച്ച ബാച്ചിലേര്‍സിന്റെ ശ്രദ്ധക്ക്’ ‘ എന്നാക്കാമായിരുന്നു. :)

    ReplyDelete
  37. :)
    നായികയുടെ കൈയ്യിൽ കെട്ടിയ ചരടിൽ കഥാന്ത്യത്തിന്റെ ക്ളൂവുണ്ടായിരുന്നു..

    ReplyDelete
  38. 'സാരി ചുറ്റിയ ഒരു രൂപമെങ്കിലും കൈ കാണിച്ചാലേ ബസ്‌ നിർത്തൂ.'ആ കണ്ടക്ടർ ചുരിദാർ വിരോധിയാണോ?

    ReplyDelete
  39. ഒരു ചുള്ളിക്കമ്പില്‍ ചുരീദാര്‍ ഓണക്കാനിട്ടാലും നോക്കി വെള്ളമിറക്കുന്നവന്മാര്‍ക്ക് ഇത് തന്നെ കിട്ടണം :)
    ഹോ എന്തായിരുന്നു ഒരാക്രാന്തം... ഷാമ്പൂ മണം, മുടി തഴുകല്‍, മഞ്ഞ ചുരീദാര്‍... കിട്ടേണ്ടത് കിട്ടിയാല്‍ തോന്നേണ്ടത് തോന്നും.

    ReplyDelete
  40. പോക്കറ്റില്‍ വല്ല കടലാസ്സുമുണ്ടോ എന്ന്‌ നോക്കി. ഒന്നുമില്ല. ആകെയുള്ളത് അമ്മ മരുന്ന് വാങ്ങാന്‍ തന്ന ശീട്ടാണ്. മരുന്നൊക്കെ പിന്നെയും വാങ്ങാം

    ഇത്തരം സംഭവങ്ങള്‍ അനുഭവം ഉള്ളകാരണം എന്റെ അനുഭവമാണോ എന്ന തോന്നി....പക്ഷെ അടി കിട്ടീട്ടില്ലട്ടോ....

    ReplyDelete
  41. അങ്ങനെ ആ സുന്ദരിയും പോയി...

    പോസ്റ്റ്‌ ഇഷ്ടായി ട്ടോ..

    ReplyDelete
  42. വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  43. കൊണ്ടത് കുറവായെന്നേ ഞാന്‍ പറയുള്ളൂ :)

    നിനക്ക് എന്നെപ്പോലെ നന്നായിക്കൂടെടാ? :)

    ReplyDelete
  44. കുമാരന്റെ ഒരു കാര്യം

    ReplyDelete
  45. ന്നാലും കുമാരേട്ടാ ,കിട്ടേണ്ടത് കിട്ടിയാലെ തോന്നേണ്ടത് തോന്നത്തുള്ളൂ അല്ലേ - “ചക്കപ്പശയില്‍പ്പെട്ട ഈച്ചയെപ്പോലെ എന്ത് കൊണ്ടാ നരന്മാരിങ്ങനെ നാരികളില്‍ ആകൃഷ്ടരാവുന്നത്..!“

    :)

    ReplyDelete
  46. പതിവില്ലാത്ത വിധം കൈ നിറയേ ചരട് കണ്ടപ്പഴെങ്കിലും അപകടം തിരിച്ചറിയേണ്ടിയിരുന്നു...

    അത് പറഞ്ഞപ്പഴേ വായിച്ചു കൊണ്ടിരുന്ന എനിയ്ക്കു പോലും സംഗതി പിടി കിട്ടി :)

    ReplyDelete
  47. വളരെ നന്നായി. ചിരിപ്പിച്ചു, ചിന്തിപ്പിച്ചു.
    ഉപമകള്‍ ആണേറെ ഇഷ്ട്ടപെട്ടത്‌.

    ReplyDelete
  48. ayyo..
    ചക്കപ്പശയില്‍പ്പെട്ട ഈച്ചയെപ്പോലെ എന്ത് കൊണ്ടാ നരന്മാരിങ്ങനെ നാരികളില്‍ ആകൃഷ്ടരാവുന്നത്..?

    ReplyDelete
  49. kumaretta,
    chila prayogangal ishtappettu.. :) motham no :(
    next oru variety aavtte..

    ReplyDelete
  50. സസ്പെൻസ് ഉണ്ടായില്ലെങ്കിലും കൊള്ളാം കുമാരാ!രസകരമായി വായിച്ചു.(പെണ്ണു കെട്ടിയതോടെ ഈ പണിയൊക്കെ നിർത്തിക്കാണുമല്ലോ, അല്ലേ!!?)

    ReplyDelete
  51. നല്ലോണം കിട്ടി ല്ലേ...

    സുഖമില്ലാത്ത കുട്ടിയാ, നിങ്ങക്ക് ലേശം അസുഖമുണ്ടെന്ന് എന്നെങ്ങനെ അവര്‍ക്ക് മനസ്സിലായി.

    ReplyDelete
  52. ഹ..ഹ..ഹ..ഹ
    ഇതെന്താ വെള്ളരിക്കാ പട്ടണമോ..?
    ഒരു ആണു പെണ്ണിനെ നോക്കി ചിരിച്ചാൽ ഉടനെ കേറിയങ്ങ് പുറം ചെണ്ടപ്പുറമാക്കാൻ.,
    ഈ കപട സദാചാരപ്രേമികളുടേ നടപടിയിൽ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു..,
    കുമാരേട്ടനെ മർദ്ധിച്ചതിൽ പ്രതിഷേധിച്ച് ഈ വരുന്ന മുപ്പതാം തിയ്യതി (അന്ന് എനിക്ക് ലീവാ..)ആൾ കേരള പൂവാലൻ അസോഷിയേഷന്റെ ആഭിമുഖ്യത്തിൽ ഒരു ദേശീയ ഹർത്താൽ ആചരിക്കുന്നതായിരിക്കും, പത്രം , പാൽ,ബീവറേജ്, വിമൻസ് കോളേജ് , ഗേൾസ് സ്കൂൾ എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്..,
    എന്താ പോരേ കുമാരേട്ടാ...

    (ഏതാ കുമാരേട്ടാ..ആ സാധനം, ഹാർപ്പിക്ക് പോലോത്തെ...അതും കഴിച്ചേച്ച് കിടന്നാൽ സുന്ദരികളെ സ്വപനം കാണുമല്ലേ...ഇതെന്താ നേരത്തേ പറയാതിരുന്നത്..)

    ReplyDelete
  53. കണ്ണനുണ്ണി, krish | കൃഷ്, ദീപു, ശാന്ത കാവുമ്പായി, വഷളന് | Vashalan, എറക്കാടൻ / Erakkadan, Jenshia, jyo, നന്ദകുമാര്, biju p, ജീവി കരിവെള്ളൂര്, ശ്രീ, SULFI, the man to walk with, suchand scs, jayanEvoor, ചെലക്കാണ്ട് പോടാ : എല്ലാവര്‍ക്കും നന്ദി.
    കമ്പർ : പറഞ്ഞത് പോലെ നാളെ ഹര്‍ത്താലാണല്ലോ.. ഹഹഹ.. അത് നമുക്ക് എപ്പോഴെങ്കിലും കാണുമ്പോ പറയാം. കമന്റിന് നന്ദി.

    ReplyDelete
  54. സര്‍ക്കിളിട്ട ആദ്യാക്ഷര പടത്തിന്റെ ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ അടുത്ത ഷോ തുടങ്ങുന്നത് വരെ പോസ്റ്ററും നോക്കി നില്‍ക്കുന്നവരൊക്കെ ഇങ്ങനത്തെ കാര്യത്തില്‍ ഭയങ്കര സദാചാരക്കാരാവുമല്ലോ.

    ha ha kumarettante nattukar okke inganeyanallo....kittanulalthonum vazhiyil thangilla ennu manasilayille
    ?

    ReplyDelete
  55. സ്ഥിരമായി ലിമിറ്റഡ് ബസ്സിന്ന്‌ പോകുന്നവനെ കണ്ടാലറിയാം. നല്ല കട്ട കട്ടയാ ബോഡി.

    thats good

    ReplyDelete
  56. ചക്കപ്പശയില്‍പ്പെട്ട ഈച്ചയെപ്പോലെ എന്ത് കൊണ്ടാ നരന്മാരിങ്ങനെ നാരികളില്‍ ആകൃഷ്ടരാവുന്നത്...

    ഹഹഹ...

    ReplyDelete
  57. നല്ല തെളിനീര് പോലെയുള്ള ഭാഷ. :)

    ReplyDelete
  58. കീറിയ കുപ്പായവുമായി പ്രാഞ്ചി പ്രാഞ്ചി നാട്ടിലേക്കുള്ള ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ഞാന്‍ വെറുതെ ആലോചിക്കുകയായിരുന്നു. ചക്കപ്പശയില്‍പ്പെട്ട ഈച്ചയെപ്പോലെ എന്ത് കൊണ്ടാ നരന്മാരിങ്ങനെ നാരികളില്‍ ആകൃഷ്ടരാവുന്നത്..!

    കൊള്ളാം കേട്ടോ

    ReplyDelete
  59. അയ്യോ! ചിരിച്ച്...ചിരിച്ച്‌..
    എന്തൊരു ഭാവനാ!
    ആ പെണ്ണ് നോക്കി ചിരിച്ചു എന്ന് വായിച്ചപ്പോഴെ എനിക്കെന്തോ പന്തിക്കേട് തോന്നിയിരുന്നു. പേപ്പറ് ചുരുട്ടി വായിലിട്ടപ്പോള്‍ അത് മുഴുവനായി.. :)

    ReplyDelete
  60. ..
    ആരപ്പാ ഈ അരുണ്‍..

    പണ്ട് വേളൂര്‍ കൃഷ്ണന്‍കുട്ടീടെയും ചേറപ്പായി കഥകളിലൂടെയും വായിച്ചറിഞ്ഞ ഹാസ്യം..

    ആശംസകള്‍.
    ..

    ReplyDelete
  61. ഹഹ, നല്ലത് പോലെ കിട്ടി അല്ലെ. തല്ലും കിട്ടി നടക്കുമ്പോള്‍ ഉള്ള ചിന്ത കലക്കി.

    ReplyDelete
  62. narimarorotharam, naranmr mattorotharam... ongrads

    ReplyDelete
  63. ഹാ...തെറി വിളിച്ച സ്ഥിതിക്ക് അതിന് അസുഖം ഒന്നും ഉണ്ടാവാന്‍ വഴിയില്ല,

    ReplyDelete
  64. “അവനെ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്ക്‌.. ബസ്സ്‌ നിര്‍ത്തൂ.. ബസ്സ്‌ നിര്‍ത്തൂ.. ഞരമ്പ്‌ രോഗിയായിരിക്കും..” ബസ്സില്‍ നിന്നും മുറവിളി, ആക്രോശം, കൂട്ടച്ചിരി. ബസ്സ് സഡന്‍ ബ്രേക്കിട്ട് നിന്നു. പെട്ടെന്ന് അവളുടെ അമ്മ ചാടിവീണ്‌ അവളെ പിടിച്ച് മാറ്റി പറഞ്ഞു. “അയ്യോ സുഖമില്ലാത്ത കുട്ടിയാ.. അയാളെ ഒന്നും ചെയ്യല്ലേ…”
    “ പാവം...........”

    ReplyDelete
  65. ആരാണ്‌ അരുണെന്ന് പോലും അറിയാതെ, അരുണിനെ പ്രേമിച്ച ഒരു പാവം പെണ്‍കുട്ടിയുടെ കഥ....
    ആരാണ്‌ കുമാരനെന്ന് അറിയാതെ, നോക്കി ചിരിച്ച ഒരു പാവം പെണ്‍കുട്ടിയുടെ കഥ....
    ഒരു കദനകഥ!!

    നന്നായിരിക്കുന്നു :)

    ReplyDelete
  66. aa manthra charadu aadhyame parayendaayirunnu, kumaaraa....
    nammalokke varikalkkidayil vaayikkunnavaralle...
    enthayaalum ninte ezhuthu aapaaram thanne....

    ReplyDelete
  67. ഇടയ്ക്കിടയ്ക്ക് ഓരോ പ്രയോഗങ്ങളുണ്ടല്ലോ...കിടിലന്‍ !!ശരിക്കും ചിരിച്ചു :-D

    ReplyDelete
  68. ആദ്യമായാണ് കുമാര സംഭവങ്ങള്‍ അനുഭവിക്കുന്നത്!. തലക്കെട്ട് ഇതു പോരാ എന്നൊരു തോന്നല്‍?.തുടങ്ങിയിട്ടല്ലെയുള്ളൂ( എന്റെ വായനയെപ്പറ്റിയാ പറഞ്ഞത് !).പ്രയോഗങ്ങളെല്ലാം ഉഗ്രന്‍!.ഇനിയും വരാം.

    ReplyDelete
  69. തകർപ്പൻ എഴുത്ത്! നന്നായി ചിരിച്ചു.

    ReplyDelete
  70. സസ്പെൻസില്ലായിരുന്നു, എനിക്കും കൂടി മനസ്സിലായി എന്താണുണ്ടാകാൻ പോകുന്നതെന്ന്.
    ഇതിൽ കുമാരത്തം കുറവുണ്ട്. ശക്തിയായി പ്രതിഷേധിയ്ക്കുന്നു.

    ReplyDelete
  71. മഞ്ഞ നിറത്തോടുള്ള അടുപ്പം.........???

    ReplyDelete
  72. നരനായിങ്ങനെ ജനിച്ചൂ ഭൂമിയിൽ
    നരകാവാരിധി...........ഈ
    നരകത്തിൽ നിന്നെന്നെ...(ഈ സംഭവത്തിന്റെ ചിരിക്കുഴിയിൽ പെട്ടുപോയ എന്നെ ഒന്നു പിടിച്ചു കേറ്റണേ....)

    ReplyDelete
  73. vigeeth, JAYARAJ, greeshma, Visala Manaskan, പകല്കിനാവന് | daYdreaMer, Raveena Raveendran, Vayady, രവി, കവിത - kavitha, suresh, kvmadhu, സന്ദീപ് കളപ്പുരയ്ക്കല്, sm sadique, അരുണ് കായംകുളം, sreejith, വരയും വരിയും : സിബു നൂറനാട്, nikkithapremnath, Mohamedkutty മുഹമ്മദുകുട്ടി, വശംവദൻ, Echmukutty, surajbhai, ബിലാത്തിപട്ടണം / BILATTHIPATTANAM : എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  74. വളരെ നന്നായിരിക്കുന്നു. നല്ല നര്‍മ്മം .
    തുടയിടുക്കിലെ ബാങ്കില്‍ പ്രഭാത നിക്ഷേപത്തിന്' ഇന്ററസ്റ്റ് വളരെ കൂടുതലാണ്' ഞങ്ങളുടെ നാട്ടില്‍. 90-92% വരെയുണ്ട്.

    ReplyDelete
  75. കൂയ് .. കുമാരാ ... ഐ ലൌ യൂ.. ഹ ഹ ഹ

    ReplyDelete
  76. കയ്യിലിരിപ്പു വെച്ചു നോക്കുന്പോള്‍
    അത്രയല്ലേ കിട്ടിയുള്ളൂ എന്നു ആശ്വസിക്ക് കുമാരേട്ടാ...

    ReplyDelete
  77. Abdulkader kodungallur, ഹംസ, മിഴിനീര്ത്തുള്ളി : നന്ദി.

    ReplyDelete
  78. CV Editing:Thanks for this post very much! I think it really is great!

    ReplyDelete