Saturday, March 30, 2013

തൊഴിയുറപ്പ് പദ്ധതി


ഗേറ്റിന്നടുത്ത് പഴത്തൊലി പോലെ വീണ് കിടക്കുന്ന പത്രമെടുത്ത് ഹെഡിങ്ങുകൾ നോക്കി സുഹാസിനി നമ്പ്യാർ അവിടെ തന്നെ നിന്നു.  ആ നിൽ‌പ്പും നാട്യവുമൊക്കെ കണ്ടാൽ സീരിയസ്സായി വായിക്കുകയാണെന്ന് തോന്നുമെങ്കിലും ആയമ്മയുടെ ഉദ്ദേശം വേറെയാണ്.  പത്രമൊന്ന് ഓടിച്ച് വായിക്കുകയും ചെയ്യാം, വീടിന്റെ മുന്നിലൂടെ പോകുന്നവരോടും റോഡരികിലെ പൈപ്പിൽ വെള്ളമെടുക്കാൻ വരുന്ന പെണ്ണുങ്ങളോടും ആറും നൂറും പറയുകയും ചെയ്യാം.  സുഹാസിനിയുടെ വീടിന്റെ മുന്നിൽ തന്നെ പബ്ലിക്ക് വാട്ടർ പൈപ്പുള്ളതിനാൽ അവിടെ ഒരു പെൺകൂട്ടായ്മ രൂപപ്പെടാറുണ്ട്.  നല്ലവരും അല്ലാത്തവരും, ഏഷണിക്കാരും, വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരുമായി എല്ലാ വിഭാഗത്തിലുമുള്ള ഒരു കൂട്ടം പെണ്ണുങ്ങളുടെ വാർത്താ വിതരണ മേഖലയാണ് സുഹാസിനിയുടെ വീടിന്റെ മുൻ‌വശം.  അതിലൂടെ പോകുന്നവർക്ക് സുഹാസിനിയുടെ ഇന്റർവ്യൂ കഴിയാതെ അവരവരുടെ വീട് പിടിക്കാനാവില്ല. 
ഈ വാർത്താ ശേഖരണ വിതരണ സംരംഭത്തിന് സുഹാസിനീ നമ്പ്യാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.  അവർക്കാണെങ്കിൽ ജോലിയില്ല, ജോലിയുള്ള ഭർത്താവാണെങ്കിൽ അങ്ങ് ഗൾഫിലാണുള്ളത്.  വീട്ടിലാണെങ്കിൽ അമ്മായിയമ്മയും അഞ്ചിൽ പഠിക്കുന്ന പിങ്കിമോളും മാത്രമേയുള്ളൂ.  സാമ്പത്തികമോ മാനസികമോ ആയ വിഷമമൊന്നുമില്ലാത്ത സുഖ ജീവിതം.  കുക്കിങ്ങും ഈറ്റിങ്ങും വാഷിങ്ങും ബോറഡി മാറ്റാൻ ഇടക്കിടക്ക് വയസ്സായ അമ്മായിയമ്മയുമായി ചില വോക്കൽ ഫൈറ്റിങ്ങും കഴിഞ്ഞാലുള്ള ശൂന്യവേളകൾ ഗേറ്റിന്റെ മുന്നിലൂടെ പോകുന്നവരെ പിടിച്ച് നിർത്തി ചാറ്റ് ചെയ്താണ് തീർക്കുന്നത്.  രൂപയേക്കാൾ ദിർഹത്തിനെ സ്നേഹിക്കുന്ന ഏതൊരു ഭാര്യയേയും പോലെ സുഹാസിനിയും മിനിമം കോമൺസെൻസും മാക്സിമം പൊങ്ങച്ചവുമുള്ളവളുമാണ്.

എന്നത്തേയും പോലെ പീഢനവാർത്തകളുടെ എണ്ണം പത്തിൽ കുറഞ്ഞിട്ടില്ല.  വറൈറ്റിയായി ഒരുത്തൻ നമിതയുടെ സിനിമാ പോസ്റ്ററിനെ പീഠിപ്പിച്ച വാർത്തയുണ്ട്.  ചരമ, സിനിമാ, സ്പോർട്സ് പേജുകളെ പോലെ ഭാവിയിൽ പത്രങ്ങൾ പീഢന പേജും തുടങ്ങാനുള്ള ചാൻസുണ്ട്.  സാധനങ്ങളുടെ വില കുറഞ്ഞില്ലെങ്കിലും രൂപയുടെ മൂല്യം കുറഞ്ഞിട്ടുണ്ട്.  അതേതായാലും ആശ്വാസമായി രവിയേട്ടന്റെ ഡ്രാഫ്റ്റിലും അതിന്റെ മാറ്റം കാണാമല്ലോ എന്നും, ഇന്ന് കത്തി വെക്കാനാരെയും കിട്ടിയില്ലല്ലോ എന്നുമൊക്കെ മനസ്സിൽ വിചാരിച്ച് നിൽക്കുമ്പോഴാണ് വെള്ളമെടുക്കാനായി റീന എന്ന യുവതിയും മീനാക്ഷിടീച്ചറും വന്നത്.  മീനാക്ഷി ടീച്ചർ അമ്പത് വയസ്സ് കഴിഞ്ഞ, കാര്യഗൌരവവും പക്വതയുമുള്ളൊരു സ്ത്രീയാണ്.  റീനയാണെങ്കിൽ കല്യാണം കഴിയാത്ത ചെറുപ്പക്കാരികളെപ്പോലെ ആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്നൊരു ടൈപ്പും.  മൂന്നുപേർ ചേർന്നൊരു പെൺകൂട്ടവും അതിനോടനുബന്ധിച്ച് അന്തമില്ലാത്ത വർത്തമാനവും അവിടെ ഉണ്ടായി.

റീന പൈപ്പ് പിടിച്ച് പൊക്കിയ ശേഷം നിരാശയായി പറഞ്ഞു, “അയ്യോ.. വെള്ളമില്ലേ?”
“ഇല്ലാന്നാ തോന്നുന്നേ” രാവിലെ തന്നെ ഒരു സ്ലോ ഫുൾടോസ് ബോൾ കിട്ടിയ സന്തോഷത്തിൽ സുഹാസിനി പറഞ്ഞു.
റീന: “അയ്യോ.. എനിക്കിന്ന് കമ്പ്യൂട്ടർ ക്ലാസ്സുള്ളതാ.. കുളിക്കാതെങ്ങനെയാ പോകുന്നേ.. ഇനിയിപ്പോ എന്താ ചെയ്യുക!“
സുഹാസിനി: “കാർ കഴുകാനും വെള്ളമില്ല..”
കുടിവെള്ളം കിട്ടാത്ത നിരാശയിൽ നിൽക്കുമ്പോഴാണ് സുഹാസിനിയുടെ ഓരോ വർത്താനം.  മീനാക്ഷി ടീച്ചർ ആ ദ്വേഷ്യം സുഹാസിനിയോട് തീർത്തു. “ഇദാ ഇപ്പോ വല്യ കാര്യം..! വീട്ടിൽ ചോറ് വെക്കാൻ വെള്ളമില്ല, അതിന്റിടെക്കാണ് കാറു കഴുകല്
“അല്ല ടീച്ചറേ ഈ മഴയൊക്കെ എങ്ങോട്ട് പോയി..!“ സുഹാസിനി ചമ്മൽ മറക്കാൻ പ്ലേറ്റ് മറിച്ചു.
“ആളുകള് മരം മുറിച്ചും ചതുപ്പ് നിരത്തിയും വയൽ മണ്ണിടിച്ച് ഫ്ലാറ്റുണ്ടാക്കുകയും ചെയ്താൽ പിന്നെ മഴ എങ്ങനെ പെയ്യാനാണ്” മീനാക്ഷി ടീച്ചർ ഇടക്ക് താൻ സ്കൂളിലാണെന്ന തോന്നലിൽ സംസാരിക്കും.
“ഗൾഫിലൊന്നും മഴയില്ലല്ലോ അതോണ്ട് കുളിക്കുന്നതിനു പകരം എല്ലാരും സ്പ്രേ അടിക്കുകയാ ചെയ്യുകാന്നാ രവിയേട്ടൻ പറയുന്നേ..” സുഹാസിനി തന്റെ ഗൾഫ് വിജ്ഞാനം പുറത്തെടുത്ത് നിലവാരം തെളിയിക്കാനുള്ള അവസരം കളഞ്ഞില്ല.

സുഹാസിനി ഗൾഫ് റേഡിയോ പ്രക്ഷേപണം തുടങ്ങിയല്ലോന്ന് വിചാരിക്കുമ്പോൾ റോഡരുകിലൂടെ ചാടിപ്പോകുന്ന ഒരു തവളയുടെ പിന്നാലെ പിങ്കി മോൾ “ഫ്രോഗ്.. ഫ്രോഗ്..” എന്ന് വിളിച്ച് വന്നു.  സമകാലിക കാലത്തെ കുട്ടികളെയെല്ലാം പോലെ ഇതും ഒരു കുഞ്ഞിവായിൽ വെല്യ വർത്താനക്കാരിയാണ്.

മീനാക്ഷിടീച്ചർ : “ഇപ്പോ ശരിക്കും കണ്ടോ മോളെ.. കുറച്ച് കൊല്ലം കൂടി കഴിഞ്ഞാ ഇതിനെയൊന്നും ജീവനോടെ കണ്ടൂന്ന് വരില്ല..”  ടീച്ചർ പറഞ്ഞത് അത്തരമൊരു സദസ്സിലാണെങ്കിൽ കൂടി അതിനൊരു പാരിസ്ഥിതിക ആകുലതയുണ്ടായിരുന്നു.  തവളയടക്കമുള്ള ചെറുജീവികളൊക്കെ വംശനാശഭീഷണി നേരിടുന്നവയാണല്ലൊ.
പിങ്കി: “തവള കരഞ്ഞാൽ മഴ പെയ്യുമെന്നല്ലേ..” കല്ലെടുത്ത് തവളയെ എറിഞ്ഞു കൊണ്ട്, “കരയ് തവളേ.. കരയ് ഫ്രോഗേ

മീനാക്ഷിടീച്ചർ വിഷയം കിട്ടിയ ചാനലുകാരനെ പോലെ ആവേശത്തിൽ പറഞ്ഞു തുടങ്ങി : “ഒരു കഥ കേട്ടിട്ടില്ലേ പണ്ടൊരു രാജ്യത്തില് കുറേക്കാലം മഴ ഇല്ലായിരുന്നെത്രെ.. മഴ പെയ്യണമെങ്കിൽ പെണ്ണുങ്ങളെ കാണാത്ത ആരെയെങ്കിലും കൊണ്ട് യാഗം നടത്തിക്കണമെന്നായിരുന്നു പ്രശ്നത്തിൽ കണ്ടത്.  അങ്ങനെയൊരാളെ കണ്ടെത്താൻ ആർക്കും പറ്റിയില്ല.. അവസാനം, അവിടത്തെ ഒരു ദാസിപെണ്ണ് കഷ്ടപ്പെട്ട് കാട്ടിൽ പോയി ഇത് വരെ പെണ്ണുങ്ങളെ കാണാത്ത ഒരു മുനികുമാരനെ കൊണ്ട് വന്ന് യാഗം നടത്തിയപ്പോൾ തോരാമഴ ആയി പോലും.. അത് പോലെങ്ങാനും ഇനി കേരളത്തിലും വേണ്ടി വരും...”

“അങ്ങനെയാണെങ്കിൽ യാഗത്തിന് മുനികുമാരനെ കണ്ടുപിടിക്കാൻ കഷ്ടപ്പെടേണ്ടി വരില്ല, ഇപ്പോഴത്തെ ആണുങ്ങളുടെ നോട്ടം കണ്ടാൽ അവരൊന്നും ഇത് വരെ പെണ്ണിനെ കണ്ടിട്ടില്ലെന്ന് ഉറപ്പാണ്  റീന ആ പറഞ്ഞത് സുഹാസിനിയും സമ്മതിച്ചു.
“അല്ല ടീച്ചറേ, എല്ലാവർക്കും പുകയില്ലാത്ത അടുപ്പ് തരുമെന്ന നേതാവിന്റെ വാഗ്ദാനം എന്തായി?” സുഹാസിനി ചോദിച്ചു.
“അതിപ്പോ അങ്ങനെ തന്നെയല്ലേ.. വിലക്കയറ്റം കാരണം വീടുകളിൽ അടുപ്പ് പുകയാറില്ലല്ലോ..” സാധനങ്ങളുടെ പിടിച്ചാൽ കിട്ടാത്ത വിലക്കയറ്റത്തിലുള്ള രോഷം ടീച്ചറിൽ തമാശരൂപത്തിൽ വന്നു.

വെള്ളത്തിനായി കാത്തിരിക്കുന്നതിന്റെ ഇടവേളയിൽ വിജ്ഞാനവും പൊങ്ങച്ചവും സാമൂഹികാലുതകളും ഒരു പോലെ മിക്സായ ആ ചർച്ച ഒരു ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ബ്ലൌസിന്റെ മുകളിൽ ഫുൾകൈ ഷർട്ടും ലുങ്കിയുമിട്ട് കൈയ്യിലൊരു കൈക്കോട്ടുമായി ജാനുവമ്മ അതിലൂടെ വന്നു.

“ജാന്യേച്ചീ.. ഏട്യാ പോന്നേ?” സുഹാസിനീ നമ്പ്യാർ ലോഹ്യം ചോദിച്ച് അവരെയും ചർച്ചയിലേക്ക് ക്ഷണിച്ചു.
“തൊഴിലുറപ്പ് പദ്ധതിക്കാ സുനേ.. റോഡരൂലെ കാട് വൃത്തിയാക്കല്” (സുഹാസിനീ നമ്പ്യാർ എന്നതിന്റെ ഷോർട്ടാണ് സുന.)
“ഈ കൈക്കോട്ടെടുത്ത് കൊത്തുന്നതൊക്കെ വല്യ ബുദ്ധിമുട്ടുള്ള പണിയല്ലേ ഏച്ചീ
“ഏയ്.. അങ്ങനെ വെഷമമൊന്നുല്ല.. പത്ത് പതിനെട്ട് ആളുകളുണ്ടാകും, അരമണിക്കൂർ പണിയെടുത്താൽ അടുത്ത അര മണിക്കൂർ റെസ്റ്റാ.. പിന്നെ ആഴ്ചയിലൊരു ദിവസം മാറ്റ് ആണ്. അന്ന് പണി എടുക്കണ്ടാ.. മേൽനോട്ടം വഹിച്ചാ മതി..”
“എന്നാലും കൈക്കോട്ടൊക്കെ എടുത്ത് കിളക്കുകയെന്ന് വെച്ചാൽ” സുഹാസിനി പിന്നെയും സംശയിച്ചപ്പോൾ ജാനുവമ്മ പതുക്കെ പറഞ്ഞു.
“ശ്..ശ്... ഈ കൈക്കോട്ടിന്റെ നീളത്തിലുള്ള പിടി കണ്ടോ.. രണ്ട് മൂന്നാൾക്ക് ഒന്നിച്ചെടുത്ത് കൊത്താനാ ഇത്ര നീളമുള്ളതാക്കിയത് ഒരു കൈക്കോട്ട് മൂന്നാള് ഒന്നിച്ച് പിടിച്ച്  മെല്ലെ കൊത്തിയാ മതീന്നേ

അന്നേരം പിങ്കിമോൾ എവിടെന്നോ “പ്ലിങ്ങ്..“ എന്ന് പറയുന്ന ശബ്ദം കേട്ടു. അതാ സിറ്റ്വേഷന് കറക്റ്റ് മാച്ചായിരുന്നു താനും.

“ഈ കുറുന്തോട്ടിയൊക്കെ പറിക്കാനൊക്കെ കൊറേ സമയമെടുക്കോ..?” സു.ന. കണ്ടിന്യൂ ചെയ്തു.
“ഏയ്.. സൂപ്പർവൈസർ വന്ന് നോക്കിയാൽ മാത്രം പൊരിച്ചാ മതി.. ഇല്ലെങ്കിൽ കുറുന്തോട്ടി ആട തന്നെ കിടക്കും..”
അപ്പോൾ പിങ്കിമോൾ അവൾക്ക് ചേരാത്ത വിധം ചെറിയൊരു സൈക്കിൾ ഓടിച്ച് മുറ്റത്തൂടെ ഗേറ്റിലേക്ക് വന്നു പറഞ്ഞു. “മമ്മീ.. ഈ സർക്കാരിന് ഒരു വേളിയുറപ്പ് പദ്ധതി തൊടങ്ങിക്കൂടേ?”
“എന്തിനാ

പിങ്കിമോൾ: “എന്നെങ്കില് റീന ചേച്ചിന്റെ കല്യാണം കഴിയുമായിരുന്നേനെ..”  എല്ലാവരും പൊട്ടിച്ചിരിക്കുമ്പോൾ റീനയുടെ മുഖം ചമ്മലിൽ നാനാവിധ വർണങ്ങളിലായി.  പിങ്കി മോൾ വന്നത് പോലെ സൈക്കിൾ വളച്ച് തിരിച്ച് ഒടിച്ച് പോയി.

അപ്പോഴാണ് സുഹാസിനിയുടെ കൈയ്യിലെ മൊബൈൽ റിങ്ങ് ചെയ്തത്.  ലേറ്റസ്റ്റ് മോഡൽ ടച്ച് സ്ക്രീൻ ഫോൺ.  നല്ലോണം അഹങ്കാരത്തിൽ അതിൽ തൊട്ട് നക്കി പഞ്ചായത്ത് മുഴുവൻ കേൾക്കാവുന്ന വിധത്തിൽ സംസാരിക്കാൻ തുടങ്ങി.

“ഹലോ അതേ സുഹാസിനി നമ്പ്യാരാണ് ആരാണ്? സീനാ മേനോനോ. ഫേസ് ബുക്കിലെ? ശോ.. എനിക്ക് ബിലീവ് ചെയ്യാൻ പറ്റുന്നേയില്ല.. വാട്ട് എ സർപ്രൈസ്..!!  ഇങ്ങോട്ട് വരുന്നുണ്ടെന്നോ ആയ്ക്കോട്ടേ ജംഗ്ഷനിൽ നിന്നു വലത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞ് നാലാമത്തെ വീട് മുറ്റത്ത് താർപ്പോളിൻ ഇട്ട് മൂടിയ ഒരു കറുപ്പ് വാഗണാറുള്ള വീട് അതെ.. എന്നാൽ ഓകെ...”

ടാർപ്പോളിൻ ഇട്ട് മൂടിയ കാറ് എങ്ങനെ തിരിച്ചറിയുമെന്ന അത്ഭുതത്തിൽ സുഹാസിനിയുടെ പൊങ്ങച്ചം കണ്ട് മറ്റുള്ളവർ ചിരിയമർത്തി പരസ്പരം നോക്കി.  “എന്റെ ഫേസ് ബുക്ക് ഫ്രന്റാ..” അഭിമാനത്തോടെ സുഹാസിനി പറഞ്ഞു.  

“അല്ല ജാന്യേച്ചീ.. ഈ തൊഴിലുറപ്പ് പദ്ധതീല് എന്റെ അമ്മായിയമ്മയെ ചേർത്താലോ..?” സുഹാസിനി വീണ്ടും വിഷയത്തിലേക്ക് തിരികെ വന്നു.

“അതിനെന്താ പഞ്ചായത്തില് പോയി പേരു രജിസ്റ്റർ ചെയ്താ മതീന്നേ..”
“അവർക്കാണെങ്കിൽ വേറെ പണിയൊന്നുമില്ലല്ലോ ഒരു ടൈംപാസ്സുമാകും.. ആളുകളെയൊക്കെ കണ്ടുംമിണ്ടീം നിന്നാൽ മൂഡൊഫൊക്കെ പോകുമല്ലോ..”
“അതെ അതെ.., ഞാൻ പോകുമ്പം എന്റെ കൂടെ വന്നാ മതിയല്ലോ..”
“അത് മതി.. എന്നാലും രണ്ട് മൂന്നാള് വേണ്ടി വരും
“അതെന്തിനാ.. ഞങ്ങൾ വർത്തമാനമൊക്കെ പറഞ്ഞ് ഒന്നിച്ച് പോകാംന്നേ...”
“അത് പറ്റില്ല.. കൊറച്ചാളുകൾ വേണ്ടി വരും
“അതെന്താ” എല്ലാവരും ആശ്ചര്യപ്പെട്ട് ചോദിച്ചു.
ആവേശത്തിൽ സുഹാസിനി പറഞ്ഞു. “കൊണ്ട് പോകാൻ രണ്ട് മൂന്നാള് വേണ്ടി വരും.. അവിടെ കൊണ്ട് കിടത്തിയാ മതിയല്ലോ..  വൈകുന്നേരം ഇങ്ങോട്ട് കൂട്ടാം..  വീട്ടിൽ കിടക്കുന്നത് പോലെ പണി സ്ഥലത്തും വെറുതെ കിടന്നാ മതിയല്ലോ അമ്മായിയമ്മ തളർവാതം വന്ന് കിടപ്പിലാണേയ്…“

പിളർന്ന മൂന്നു വായകൾക്ക് മുകളിലൂടെ ഒരു ഈച്ച അതിന്റെയുള്ളിലൊന്നും വീഴാതെ ഡ്രൈവിങ്ങ് ടെസ്റ്റിന് ‘എട്ട്‘ എടുക്കുന്നത് പോലെ സൂക്ഷിച്ച് പറന്നു പോയി.

Wednesday, February 27, 2013

ന്യൂ മീഡിയ, ന്യൂ ഫാൻസ്

“ചരിത്രമുറങ്ങുന്ന കോലത്തുനാട്ടിലേക്ക് കാലു കുത്തുന്നു..” എന്ന് മൊബൈലിലൂടെ ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയ്ത് രവി പാറക്കോടൻ കണ്ണൂർ റെയിൽ‌വേ സ്റ്റേഷനിൽ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു.  ടൌൺഹാളിലെ സാഹിത്യവിചാര സംഗമമായിരുന്നു വരവിന്റെ ലക്ഷ്യം.  അവിടെ നവമാധ്യമത്തിനെപ്പറ്റി ഒരു പ്രസംഗവും തന്റെ പുസ്തകത്തിന്റെ വിൽ‌പ്പനയുമാണ് മറ്റൊരു ഉദ്ദേശം.  പറയാനുള്ള കാര്യങ്ങളൊക്കെ നോട്ടാക്കി വെച്ചിട്ടുണ്ട്.  ഒരു അരമണിക്കൂറെങ്കിലും ശ്യാംലാൽ തരാതിരിക്കില്ല.  മുഖ്യധാരക്കാരെ ഒന്ന് അലക്കി വിടണം, എതിർപ്പുണ്ടാകും എന്നാലും ശ്രദ്ധിക്കപ്പെടും.  നാളത്തെ പത്രത്തിലൊക്കെ അതൊരു ചർച്ചയായേക്കും.   ഫേസ്ബുക്കിലും ബ്ലോഗിലും നിന്നുമായി നെറ്റിൽ ആയിരക്കണക്കിന് കമന്റുകളും ഹിറ്റുകളുമേറ്റു വാങ്ങുന്ന നമ്പർവൺ എഴുത്തുകാരനായ തനിക്കൊരു അവസരം തന്നില്ലെങ്കിൽ പിന്നെ ആർക്കാ കിട്ടുക.  നെറ്റിൽ നിന്നും പുറത്ത് വന്നതിൽ ശ്രദ്ധേയമായ രചന എന്ന് ബ്ലോഗർ അരിങ്ങോടൻവർക്കി തന്റെ പുസ്തകത്തെ വിശേഷിപ്പിച്ചിട്ടുമുണ്ടല്ലൊ.  അതൊക്കെ എല്ലാർക്കുമറിയുന്നതാണ്. 

''മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർ  അവർക്ക് പ്രിയപ്പെട്ട എഴുത്തുകാരന്റെ/കാരിയുടെ കൃതി  വിശകലനം ചെയ്ത് അവതരിപ്പിക്കുന്ന പുതിയൊരു സാഹിത്യവിചാരം... സാഹിത്യസംഗമത്തിലെ  പ്രത്യേക പരിപാടി. നിങ്ങളും വരിക... ടൌൺ ഹാളിലേക്ക് സംവദിക്കാൻ...''  എന്ന  ശ്യാം ലാലിന്റെ ഫെയിസ്ബുക്ക് സ്റ്റാറ്റസ്  ലൈക്കിയപ്പോഴാണ് ഓണ്‍ലൈനിൽ നിന്നു ചാറ്റിലേക്ക് ഒരു ക്ഷണവും ചാടിവീണത്.  “ലൈക്കിയാൽ പോര, വരണം കേട്ടോ. ഞാനാണ്  പ്രോഗ്രാം കോ ഓര്‍ഡിനേറ്റർ. താങ്കളെപ്പോലുള്ളവർ തീര്‍ച്ചയായും അവിടെ ഉണ്ടാവണം, എന്തെങ്കിലും സംസാരിക്കണം. പുതിയ എഴുത്തുകാരെ ലോകം അറിയട്ടെ. സാഹിത്യ കാരണവന്‍മാരുടെ അനുഗ്രഹം വാങ്ങാനുള്ള അവസരം കൂടിയല്ലേ..” അതും കൂടി ആയപ്പോൾ പിന്നെ മടിച്ച് നിൽക്കാനായില്ല.  ഒന്നുമില്ലെങ്കിലും ഏതെങ്കിലുമൊരു സാഹിത്യകാരന്റെ കൂടെ ഇതൊക്കെ നിസ്സാരമെന്ന പോസ്സിൽ നിൽക്കുന്ന പടമെടുത്ത് എഫ്.ബി.യിലിട്ടാൽ താനൊരു സംഭവമാണെന്ന് കാണുന്നവർ വിചാരിക്കുമല്ലോ.  ഇനി അവന്മാർക്ക് കുപ്പി വാങ്ങിക്കൊടുത്താലേ പടമെടുക്കാൻ സമ്മതിക്കൂ എങ്കിൽ അതിനും റെഡി.  കുപ്പി വാങ്ങിക്കൊടുത്ത് പടം എടുക്കുന്നതാണല്ലോ പൊതുവെ കണ്ടു വരുന്നത്. 

നെറ്റിലെ താപ്പാനകളെ തിരിച്ചറിയാന്‍ കഴിഞ്ഞതും അവരുടെ വാളുകളിൽ തിരിച്ചൊന്നും പ്രതീക്ഷിക്കാ‍തെ ചളിപ്പില്ലാതെ കമന്റാൻ കഴിയുന്നതുമാണ് തന്റെ വിജയരഹസ്യമെന്ന് രവിക്കറിയാം. വലിയ എഴുത്തുകാരെന്ന് ലോകം പറയുന്നവരെ തിരഞ്ഞു പിടിച്ച് ഫ്രണ്ട് ലിസ്റ്റിൽ ചേര്‍ക്കുക, അവരുടെ എഴുത്തുകളിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുക എന്നത് മറ്റൊരു നേരമ്പോക്ക്. നെറ്റിൽ അവരൊന്നും അത്രക്ക് ആക്റ്റീവല്ലാത്തതിനാൽ അക്രമമുണ്ടാവുകയുമില്ല. നെറ്റിലെ വായന കുറഞ്ഞ ചെറുപ്പക്കാരികൾക്ക് താനെന്തോ കാര്യപ്പെട്ട ഇനമാണെന്ന് വരുത്തിതീർക്കുകയുമാവാം.  അവരുടെ ആരാധനകൾ, ലൈക്കുകൾ എന്നിവയിൽ മുങ്ങിക്കുളിക്കാം. കമന്റാത്തവന്മാരെ ആദ്യം മയത്തിൽ ചാറ്റിയും വഴങ്ങാത്തവരെ ഫോണിൽ തെറി പറഞ്ഞും പോസ്റ്റ് കൊള്ളില്ലാന്ന് പറഞ്ഞവന്മാരുടെ ബ്ലോഗിലും വാളിലും അനോണി ഐ.ഡി.യുണ്ടാക്കി കമന്റിട്ട് ഒതുക്കിയും ഓടിച്ച് വിട്ടുമൊക്കെയാണ് ഇന്ന് കാണുന്ന പേരും പെരുമയും കമന്റുകളും ഉണ്ടാക്കിയെടുത്തത്.  ഒരു പോസ്റ്റിട്ടാൽ പത്തു സെക്കന്റിനകം ഇത്ര കമന്റ് വീണിരിക്കണമെന്ന് കണക്കും നിർബ്ബന്ധവുമുണ്ട്.  അതിനു വേണ്ടി കുറേയെണ്ണത്തിനെ സോപ്പിട്ടും ചെറിയ സാമ്പത്തികമൊക്കെ കൊടുത്ത് സഹായിച്ചും ഒരുക്കി വെച്ചിട്ടുമുണ്ട്.  പോരാത്തതിനു പത്തോളം അനോണി ഐ.ഡി.കളുമുണ്ട്.  ആനുകാലികത്തിൽ ഒരു കഥ വരുന്നതിന്റെ ഇരട്ടിപ്പണിയുണ്ട് ബ്ലോഗിലൊക്കെ ഒന്ന് നിന്ന് പിഴച്ച് പോകാനെന്ന് ആര് അറിയാനാണ്. 

ഓട്ടോ ടൌൺഹാളിന്റെ മുന്നിലെത്തി.  പുറത്ത് അവിടവിടയായി മരത്തിന്റെ ചുവട്ടിൽ ചിലർ നിന്നുമിരുന്നും സംസാരിക്കുന്നുണ്ട്. എന്റെ ഫാൻസ് ആരെങ്കിലും കണ്ടാൽ ഇപ്പോൾ ഓടിവന്ന് കെട്ടിപ്പിടിക്കുമായിരിക്കും. ഒന്ന് മസിൽ പിടിച്ച് വളരെ ബുദ്ധിമുട്ടിയെത്തി എന്ന നിലയിൽ നിന്നു.  പക്ഷേ ചെറുപ്പക്കാരെയൊന്നും കാണുന്നില്ല, പെണ്ണുങ്ങൾ ഒട്ടുമില്ല, വന്നത് നഷ്ടമായോ. ഇങ്ങനെ പോയി രവിയുടെ ചിന്തകൾ.  എന്നാൽ ഹാളിൽ കയറിച്ചെല്ലുമ്പോൾ കണ്ട കാഴ്ച്ച അതിശയിപ്പിക്കുന്നതായിരുന്നു.  ഉള്ളിൽ ഇത്രയേറെ ആളുകൾ കൂടിയിരിക്കുന്നുണ്ടെന്ന് അറിയുകയേ ഇല്ല. അത്ര നിശ്ശബ്ദം.  വേദിയിൽ തല നരച്ചതും അല്ലാത്തതുമായ സാഹിത്യ നായകന്മാരുടെ നിര തന്നെയുണ്ട്.

ബുക്കിന്റെ പത്തമ്പത് കോപ്പികൾ കുത്തിത്തിരുകിയ ബാഗുമായി ഹാളിനകത്ത് രവിയൊന്നു വട്ടം കറങ്ങി. ശ്യാമെവിടെയാണ്? പരസ്പരം പ്രൊഫൈൽ ഫോട്ടോയിൽ കണ്ട പരിചയമേ ഉള്ളു. രവിക്കാണെങ്കിൽ കാഴ്ച്ചയിൽ പ്രായം അൽ‌പ്പം കൂടുതലാണെന്നാണ് നേരിട്ടു കണ്ടവരുടെ അഭിപ്രായം. വേദിയുടെ മൂലയിൽ നിന്നു ഫോൺ ചെയ്യുന്നയാള്‍ക്ക് അവന്റെ ഛായ ഉണ്ട്.  രവി ബാഗിന്റെ വള്ളി വലിച്ചു നേരെയാക്കി അടുത്തു ചെന്നു. ഒരു നിമിഷം സംശയത്തോടെ നോക്കി രണ്ടുപേരും ചിരിച്ചു. “ശ്യാം?” “അതേടോ ഇരിക്കു.. എല്ലാരുമെത്തിക്കൊണ്ടിരിക്കുന്നു” അവൻ തിരക്കിൽ കൈയ്യൊന്ന് പിടിച്ചെന്ന് വരുത്തി എങ്ങോട്ടോ പോയി.  സംഘാടകന്റെ ബദ്ധപ്പാട്.

വേദിയിലിരിക്കുന്നവരിൽ ചിലരെ രവിക്കറിയാം. ആനുകാലികങ്ങളിൽ കാണുന്ന മുഖങ്ങളാണ്.  അങ്ങോട്ട് പോയി മിണ്ടേണ്ട ഗതികേടിലൊന്നുമല്ല താൻ. നെറ്റിലെ ആൺപെൺ ആൾക്കാരുടെ ആരാധനാ പാത്രമാണ് താനെന്ന് അവരറിയില്ലല്ലോ. കണ്ണടയെടുത്ത് തുടച്ച് കനത്തിൽ തന്നെ ഇരുന്നു. ശ്യാം വരട്ടെ, എന്നിട്ട് തീരുമാനിക്കാം, എവിടെ, ആരുടെ അടുത്ത് ഇരിക്കണമെന്ന്. വിശിഷ്ടാതിഥിയും പരിവാരങ്ങളും വേദിയിലേക്ക് വരുന്നുണ്ട്. ഇനി വൈകിക്കൂടാ. രവി ശ്യാമിനെ നോക്കി. അവനറിയുന്നേയില്ല. അടുത്തെത്തിയപ്പോൾ മെല്ലെ കയ്യിൽ പിടിച്ചൊന്നു വലിക്കുക തന്നെ ചെയ്തു. അവന്റടുത്ത് തനിക്കങ്ങനെ ഫോര്‍മാലിറ്റിയൊന്നും വേണ്ടല്ലോ. “ങ്ഹാ, രവി, ഇവിടെത്തന്നെ ഉണ്ടാവുമല്ലോ, കാണണം വിശദമായി. ഇതൊന്നു കഴിയട്ടെ..” കൈ കുടഞ്ഞെടുത്ത്  ശ്യാം തിടുക്കത്തിൽ അവര്‍ക്കൊപ്പം നടന്നു. ഇതെന്താ ശ്യാമീ കാട്ടുന്നത്? അല്ലെങ്കിൽ അവര്‍ക്കൊപ്പം നടന്നാലോ. രവി പിറകെ ചെന്നു. നിരത്തി വച്ച കസേരകളിൽ ഓരോരുത്തരായി ഉപവിഷ്ടരായി. വേദി നിറഞ്ഞ് കവിഞ്ഞ് തുളുമ്പി. സീറ്റൊന്നും ബാക്കിയില്ല്. മ്യൂസിക്കൽ ചെയറിൽ ഔട്ടായ പാര്‍ട്ടിസിപ്പെന്റിന്റെ അവസ്ഥ. കലശയായ അമര്‍ഷം തോന്നി രവിക്ക്. ശ്യാമിതൊക്കെ ശ്രദ്ധിക്കേണ്ടെ? വെറുതെ ആളെ വിളിച്ച് വരുത്തിയിട്ട്.. ഇടയിലൊരു തവണ കണ്ണുകളിടഞ്ഞപ്പോൾ ശ്യാം മുഖം തിരിച്ചു.
കുറച്ചു നേരം അവിടെ കാത്ത് നിന്ന് രവി ഓഡിറ്റോറിയത്തിലെ ഒരു മൂലയിൽ പോയിരുന്നു. സമ്മേളനം  ഔപചാരികതയും കടന്ന് ചര്‍ച്ചകളിലേക്ക്. സര്‍ഗ്ഗ വേളയിലെ കൌതുകങ്ങളിലേക്ക്, ഭൂഖണ്ഡങ്ങൾ ഭേദിച്ചുള്ള സമാനതകളിലേക്ക്, ഇതിഹാസങ്ങളിലെ ഇനിയും ബാക്കിയുള്ള പുല്‍പ്പരപ്പുകളിലേക്ക്, ഉത്തരാധുനികതയും അനന്തരാധുനികതയും. കാടും മലയും കടന്ന് ചിറകടിച്ചു പറക്കുന്ന സര്‍ഗ്ഗ സംവാദം. രവിക്ക് പക്ഷേ, ഇരിപ്പുറയ്ക്കുന്നേയില്ല. ശ്യാമാണെങ്കിൽ മൈൻഡാക്കുന്നുമില്ല, പേരുകേട്ട സാഹിത്യകാരന്മാർക്ക് വെള്ളം കൊടുത്തും ചെവി തിന്നും അവൻ ഓടി നടക്കുകയാണ്.  ഇടക്ക് ചില പെണ്ണുങ്ങളോട് പോയി എന്തൊക്കെയോ സംസാരിക്കുന്നുമുണ്ട്.

എഫ്.ബി.യിൽ താൻ കണ്ണൂരിലുണ്ടെന്ന് സ്റ്റാറ്റസിട്ടിട്ടും ഒരാൾ പോലും വിളിക്കുകയോ കാണാൻ വരികയോ ചെയ്തില്ലല്ലോ.  ഫേസ്ബുക്കിലോ ബ്ലോഗിലോ പ്ലസ്സിലോ ഉള്ള ഒരുത്തനും ഒരുത്തിയും ഈ ഭാഗത്തൊന്നുമില്ലാന്ന് തോന്നുന്നു, കൺ‌ട്രി കണ്ണൂരുകാർ.  വെറുതെ വന്ന് കാശ് കളഞ്ഞു.  എല്ലാത്തിനും കാരണം ആ തെണ്ടി ശ്യാമാണ്.  വീട്ടിലെത്തട്ടെ അവന്റെ പോസ്റ്റുകളിൽ അനോണി ഐ.ഡി.യിൽ പോയി വെട്ടിനിരത്തണം. നെറ്റിന് പുറത്ത് എല്ലാവനും പ്രിന്റിലെ കാരണവന്മാരെ തൊഴുത് നിൽക്കുന്ന പച്ചത്തുള്ളന്മാർ തന്നെ.  വെറുതെയല്ല ബ്ലോഗുകാർ രക്ഷപ്പെടാത്തത്. കെട്ടിപ്പേറി കൊണ്ട് വന്ന പുസ്തകത്തിനാണെങ്കിൽ പണ്ടാരക്കനം. ഇവിടെ എങ്ങാനും കളഞ്ഞ് പോകാമെന്ന് തോന്നുന്നു.  കോമ്പൌണ്ടിൽ ഇറങ്ങി, ‘ഹേ മലയാളമേ, എന്നും മഹത്തായ സൃഷ്ടികളെ ഇരുട്ടിലൊളിപ്പിച്ചു വെക്കാനാണ് നിന്റെ വിധി.‘ തന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത്  കമന്റുകളോ ലൈക്കുകളോ കാത്തു നില്‍ക്കാതെ  രവി പുറത്തേക്ക് നടന്നു. 

അന്നേരമാണ് ഒരു ഓട്ടോ ഗേറ്റ് കടന്ന് വരുന്നത്. കണ്ടത് ഇനി അത് പിടിച്ച് റെയിൽ‌വേ സ്റ്റേഷനിലേക്ക് പോകാം. അപ്പോൾ വെളുത്ത ടോപ്പും ജീൻസും ധരിച്ച സുന്ദരിയായ ഒരു പെൺ‌കുട്ടി അതിൽ നിന്നിറങ്ങി ഓട്ടോക്കാരന് കാശ് കൊടുക്കുകയായിരുന്നു.  രവി അതിലേക്ക് കേറാനായി ഒരുങ്ങി. 

“സർ രവി പാറക്കോടൻ അല്ലേ?” ഇറങ്ങിയ പെൺകുട്ടി വിടർന്ന മിഴികളിൽ സംശയം ചാലിച്ച് ചോദിച്ചു. 
തൃശ്ശൂർ പൂരത്തിന്റെ അമിട്ടുകളെല്ലാം രവിയുടെ മനസ്സിലും മുഖത്തും ഒന്നിച്ച് വിരിഞ്ഞു.  ഈ കണ്ണൂർ അത്ര മോശം സ്ഥലമൊന്നുമല്ല, അത് പിന്നെ ടി.പത്മനാഭന്റെ സ്ഥലമല്ലേ മോശമാകുമോ.  തന്നെ അറിയുന്ന ഒരാളെങ്കിലും ഇവിടെ എത്തിയല്ലോ.  അതും എണ്ണം പറഞ്ഞ സിനിമാനടി പോലൊരു സുന്ദരിക്കൊച്ച്.  കണ്ണട ഒന്ന് ഒതുക്കി ഉള്ളിലെ അർമാദത്തിരകളിൽ മുഖത്തിന്റെ ഗൌരവതീരങ്ങൾ ഒലിച്ച് പോകാതെ രവി പഞ്ചസാര നാണിക്കുന്ന ശബ്ദത്തിൽ അതെ എന്ന് പറഞ്ഞു. 

“സാർ കണ്ണൂരിലുണ്ടെന്ന്‌ ഫേസ്ബുക്കിൽ കണ്ടു.. ഒന്ന് കാ‍ണാനായി വന്നതാണ്” 

ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ എന്ന് വാളിലെഴുതാൻ രവിയുടെ കൈകൾ തരിച്ചു.  ഓട്ടോഡ്രൈവർ അസൂയ കലർന്ന കണ്ണുകളുമായി ഓട്ടോ വളച്ചെടുത്ത് ഓടിച്ചു പോയി.  ഈ ആരാധികയുമൊത്ത് നിൽക്കുന്ന പടമെടുത്ത് വാളിൽ ഇടണമെന്ന് രവി ആലോചിക്കുമ്പോൾ “എന്നെ അറിയോ..?”  എന്ന മധുരസ്വരമുണർത്തി.  ഫേസ്ബുക്കിലോ ബ്ലോഗിലോ ഇങ്ങനെയൊരു മുഖം ഓർമ്മയില്ല. കണ്ടാൽ വിടുകയുമില്ലല്ലോ.  താനറിയാതെ ഇത്രയും സുന്ദരിയായൊരു ആരാധികയോ..!   അറിയുമെങ്കിലും ഇല്ലാന്ന് പറയുന്നതാണ് ശീലം, എന്നാൽ ഇത്തവണ അറിയില്ലാന്ന് പറഞ്ഞത് സത്യസന്ധമായിരുന്നു.

“എന്നാൽ ഇനി മറക്കില്ല” സർവ്വശക്തിയുമെടുത്ത് രവിയുടെ മുഖത്ത് ഒരെണ്ണം പൊട്ടിച്ചു കൊണ്ട് അവൾ അലറി. “ഞാൻ മേഘയാണെടാ.. നിന്റെ കഥ ബോറാണെന്ന് പറഞ്ഞതിന് നീയൊക്കെ ബ്ലോഗിൽ നിന്നും ഓടിച്ച മേഘ.. അതും പോരാഞ്ഞ് നീയെന്റെ സ്വഭാവം മോശമാണെന്ന് ഭർത്താവിനോട് വരെ വിളിച്ചു പറഞ്ഞില്ലേടാ.. പത്തിരുന്നൂറ്‌ കമന്റ് കിട്ടിയാൽ വിശ്വസാഹിത്യകാരൻ ആയെന്നല്ലേ നീയൊക്കെ വിചാരിക്കുന്നത്. നെറ്റെന്താ നിനക്ക് സ്ത്രീധനം കിട്ടിയതാണോടാ @#$%^%.”  

ഒരു കുത്ത് ഇട്ടാൽ പോലും കൊട്ടക്കണക്കിന് കമന്റുകളും ലൈക്കുകളും ഏറ്റുവാങ്ങാറുള്ള സീനിയർ നെറ്റിസൺ കം ബ്ലോഗർ രവിപാറക്കോടൻ ഓടിയ വഴിയിലൂടെയായിരുന്നു മുനിസിപ്പാലിറ്റിക്കാർ പിന്നീട് പുതിയ റോഡ് നിർമ്മിച്ചത്.

Thursday, January 31, 2013

കല്യാണം മുടക്കികൾ

നീലാണ്ടൻ ആശാരിയുടേയും ഭാര്യ മാധവിയമ്മയുടേയും ഒരേയൊരു ആഗ്രഹമായിരുന്നു മകൻ ജഗദീശന്റെ കല്യാണം.  പക്ഷേ കണ്ടമാനം പെണ്ണുകാണലുകൾ നടത്തിയിട്ടും ഗണപതികല്യാണം പോലെ ഒന്നും ശരിയായില്ല.  മുപ്പത്തിയഞ്ച് വയസ്സ് കം‌പ്ലീറ്റാക്കിയ, നീണ്ട് വെളുത്ത് കട്ടിമീശയുമുള്ളൊരു യുവജനപ്രസ്ഥാനമാണ് ജഗദീശൻ.  സിമന്റ് പൊടിയിൽ വെള്ളത്തുള്ളികൾ വീണത് പോലെ ചിക്കൻ പോക്സ് വന്നതിന്റെ ചില അടയാളങ്ങൾ മുഖത്തുണ്ട്.  എന്നാൽ ബ്യൂട്ടിസ്പോട്ട്സ് കൂടിപ്പോയത് കൊണ്ടാണ് കല്യാണം നടക്കാത്തതെന്ന് തോന്നുന്നില്ല.  കാരണം ചന്ദ്രന് കല പോലെ, ആമ്പലിന് മുള്ള് പോലെ, ചന്ദനത്തിന് പോട് പോലെ നല്ല സാധനങ്ങൾക്ക് ചെറിയ ഡാമേജുണ്ടായേക്കും എന്നാണല്ലോ.

പുകവലി, മദ്യപാനം, സ്ത്രീപീഠനം ഇങ്ങനത്തെ എന്തെങ്കിലും ഹോബി ഇല്ലാത്തയാളുകൾ അഴിമതിയില്ലാത്ത ഭരണം പോലെ അപൂർവ്വമാണല്ലോ.  മദ്യം കണ്ടാൽ ഐസ്ക്രീം മാതിരി അലിയുന്ന മലയാളി  മനസ്സായത് കൊണ്ട് ജഗദീശനും കുറച്ച് മദ്യപിക്കും.  കുറച്ചെന്ന് പറഞ്ഞാൽ എത്ര പെഗായിരിക്കുമെന്ന് മലയാളത്തിലെ ടി.വി.ചാനലുകൾ പോലെ എണ്ണിത്തീർക്കാൻ പറ്റില്ലാന്ന് മാത്രം.  ചെറുപ്പകാലം മുതലേ തുടങ്ങിയൊരു ശീലമായിരുന്നത്.  വിദ്യാലയത്തിൽ നിന്നും മൂപ്പർ നേരെ മദ്യാലയത്തിലേക്കായിരുന്നു പോയത്.  മദ്യപിക്കുന്ന സ്വന്തം പടം സ്ത്രീകൾ പോലും പോസ്റ്റുന്ന ഈ ഫേസ്ബുക്ക് കാലത്ത് കല്യാണം കഴിയാണ്ടിരിക്കാൻ മാത്രം അതത്രക്ക് വലിയ കുറ്റമൊന്നുമല്ലല്ലോ. 

പത്ത് നാനൂറ് പെണ്ണുകാണൽ കഴിഞ്ഞിട്ടും അതൊന്നും സർക്കാരിന്റെ ക്ഷേമ പദ്ധതികൾ പോലെ ലക്ഷ്യം കൈവരിച്ചില്ല.  കെ.പി.സി.സി.ജനറൽ സെക്രട്ടറിമാരെ മുട്ടിയിട്ട് റോഡിലൂടെ നടക്കാൻ പറ്റാത്തത് പോലെ എവിടെ പോയാലും അവിടെയെല്ലാം കാണാൻ പോയ ഏതെങ്കിലും പെണ്ണുമുണ്ടാകുമെന്ന അവസ്ഥയായി.  വലിയ ഡിമാൻഡുകൾ ഇല്ലാതിരുന്നിട്ടും ആലോചനകളൊന്നും തിരികെ വരികയോ മോക്ഷപ്രാപ്തിയടയുകയോ ഉണ്ടായില്ല.  പെണ്ണിനെ ഇഷ്ടമായാൽ ജാതകം ചേരില്ല; ജാതകം ചേർന്നാൽ പെണ്ണിനെ ഇഷ്ടപ്പെടുകയുമില്ല.  സൈക്കിളിന്റെ പെഡൽ പോലെ ഒന്ന് ചവിട്ടുമ്പോൾ മറ്റേത് പൊന്തും എന്നുള്ള അവസ്ഥ.  എല്ലാം ഒത്തു; താൽപ്പര്യമാണെന്ന് വിവരമറിയിച്ചാൽ ആരും മറുപടിയുമായി തിരിച്ച് വരുന്നുമില്ല.  ഇങ്ങോട്ട് വന്നതിൽ അപൂർവ്വം ചിലത് അങ്ങാടിവരെ എത്തിയതായി റിപ്പോർട്ടുണ്ട്.  ഭ്രമണപഥത്തിൽ നിന്ന് തമോഗർത്തത്തിൽപ്പെട്ട ഗ്രഹങ്ങളെ പോലെ അതൊക്കെ പിന്നെ എങ്ങോട്ട് പോകുന്നെന്ന് ആർക്കുമറിയില്ല.   

അങ്ങാടിയിൽ നിന്നും കുറച്ചകലെ റോഡരികിൽ പൂട്ടിയിട്ട രണ്ട് മുറി പീടികയുടെ മുകളിൽ ഒരു ക്ലബ്ബുണ്ട്.  ക്ലബ്ബെന്നത് ഒരു സങ്കൽ‌പ്പം മാത്രമാണ്.  കള്ളുകുടി ചീട്ടുകളി എന്നിവക്കുള്ളൊരു ആവാസകേന്ദ്രമാണത്.  പണികഴിഞ്ഞ് വന്നാലും പണിയില്ലാത്ത ദിവസവും ജഗദീശന്റെ ക്യാമ്പ് ഓഫീസ് അവിടെയാണ്.  കള്ളിന്റെ കാര്യത്തിൽ അവൻ കർണ്ണനെ പോലെ ദാനശീലനാണ്; ആരു ചോദിച്ചാലും വാങ്ങിക്കൊടുക്കും.  അവന്റെ കൈയ്യിൽ നിന്ന് രണ്ട് പെഗ് കിട്ടാത്ത കുടിയന്മാർ നാട്ടിലുണ്ടാവില്ല.  കള്ളുണ്ടെങ്കിൽ ആളും വാളുമുണ്ടെന്നല്ലേ; അതിനാൽ എന്ത് കാര്യത്തിനും സഹായത്തിനായി കൂടെ ഒരു പട തന്നെയുണ്ടാകും.

വണ്ടിക്കാശിനും കൂടെ പോകുന്നവരുടെ കലവറ നിറക്കലിനുമായി രണ്ട് കല്യാണത്തിന്റെയെങ്കിലും പൈസ തീർന്നിട്ടും കാര്യമൊന്നും ഇല്ലാത്തതിനാൽ ക്രമേണ ജഗദീശനും അതിൽ താൽ‌പ്പര്യം കുറഞ്ഞു.  പെണ്ണുകാണലൊക്കെ വഴിപാട് പോലെയായി.  ഏതെങ്കിലും ആൾക്കൂട്ടത്തിൽ വെച്ച് കല്യാണക്കാര്യം പറയുമ്പോൾ അത് വരെ ഒച്ചയിട്ട് കൊണ്ടിരുന്നവൻ പിന്നെ വിലക്കയറ്റമെന്ന് കേട്ട പ്രധാനമന്ത്രിയെ പോലെ സൈലന്റാകും. 

ഫ്യൂസായ ബൾബിന്റെ സ്വിച്ച് തപ്പി നടക്കുന്നതിൽ കാര്യമില്ലെങ്കിലും കല്യാണം നടക്കാത്തതിന്റെ നേര് നേരത്തെ അറിയാൻ എല്ലാവർക്കും ക്യൂരിയോസിറ്റി ഉണ്ടാകുമല്ലോ.  അതിനായി നാട്ടിലെ അസൂയക്കാരായ സദാചാരക്കാർ പലവിധത്തിലും അദ്ധ്വാനിച്ചു.  പ്രണയമുണ്ടോ മറ്റെന്തെങ്കിലും ബന്ധമുണ്ടോ എന്നൊക്കെ ഡാറ്റാസ് പെറുക്കിയെടുത്ത് അരിച്ചു നോക്കി.  ആൽക്കഹോൾ ഉള്ളിലുണ്ടെങ്കിൽ ദർശനം കിട്ടിയ വെളിച്ചപ്പാടാണെങ്കിലും അല്ലാത്തപ്പോൾ വായിൽ കൈയ്യിട്ടാൽ പോലും കടിക്കാത്ത പച്ചപ്പാവം എന്ന ഏകാഭിപ്രായമായിരുന്നു എല്ലാവർക്കും. 

തികച്ചും നിഷ്കളങ്കൻ എന്നതായിരുന്നു ജഗദീശന്റെ ജനിതകപരമായ പ്രത്യേകത.  വായിൽ തോന്നിയത് വിളിച്ച് പറയുന്ന നിഷ്കളങ്കനായത് കൊണ്ട് തളിപ്പറമ്പിലെ ഒരു വീട്ടിൽ പെണ്ണുകാണാൻ പോയപ്പോൾ ഒരു സംഭവമുണ്ടായി.  പോയി മടുത്തതിനാൽ ഒരു വക ഒപ്പിക്കാൻ കൊള്ളുമെങ്കിൽ ജഗദീശൻ ഓകെ പറയുമായിരുന്നു.  പക്ഷേ സ്ത്രീരൂപങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത, തുണിയിൽ ചുറ്റിയ പുകയിലക്കെട്ട് പോലത്തെ പെൺകോലം കണ്ട് എല്ലാവരും ഡെസ്പായി.  പക്ഷേ അതൊന്നും ആരും അപ്പോൾ പറയാതെ പിന്നെ വിളിച്ച് ജാതകം കൊണ്ടില്ലാന്ന് പറയുകയാണ് പതിവ്.  അങ്ങനെ ജാതകകുറിപ്പ് വാങ്ങി വിവരം ഫോണിൽ അറിയിക്കാമെന്ന മര്യാദ വാക്കും പറഞ്ഞ് കൂടെ പോയവർ എഴുന്നേറ്റു.  അപ്പോൾ ജഗദീശൻ നിഷ്കളങ്കമായി പെണ്ണിന്റെ മുന്നിൽ വെച്ച് അമ്മയോട് ചോദിച്ചു. “ഇവിടെ അടുത്ത് വേറെ പെൺ‌കുട്ടികളുണ്ടോ..?”    

തളിപ്പറമ്പുകാർ നല്ല മനുഷ്യരായത് കൊണ്ട് പെണ്ണുകാണാൻ പോയവർ കേടു കൂടാതെ തിരിച്ച് വന്നു. 

ഇന്ത്യയുടെ ലോകകപ്പ് ഫുട്ബോൾ ശ്രമങ്ങൾ പോലെ ഇങ്ങനത്തെ അനേക പാഴ്ശ്രമങ്ങൾക്ക് ശേഷം പെണ്ണുകാണലൊക്കെ മതിയാക്കി നിരാശനായി കാന്തത്തിൽ ഇരുമ്പ് പൊടി വീണത് പോലെ കുറ്റിത്താടിയും വെച്ച് ആശാരിപ്പണിയും വെള്ളമടിയുമായി സന്തോഷ ജീവിതം നയിക്കുകയായിരുന്നു ടിയാൻ.  അപ്പോഴാണ് ആയിടക്ക് വെറുതെ ഒരു പ്രതീക്ഷയുമില്ലാതെ പോയി കണ്ടൊരു ആലോചന ശരിയായത്.  കാണാൻ തരക്കേടില്ലാത്ത പെണ്ണും നല്ല ചുറ്റുപാടുമൊക്കെയായതിനാൽ ഇതും നടക്കില്ലാന്ന് കരുതി ഉപേക്ഷിച്ചതായിരുന്നു.  എന്നാൽ അപ്രതീക്ഷിതമായി പെണ്ണിന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്നും സമ്മതവാർത്ത വരികയും കല്യാണാലോചന ചൂടാവുകയും ചെയ്തു.  പോക്കുവരവുകൾക്കും ആലോചനകൾക്കും പരസ്പരധാരണക്കും ശേഷം കല്യാണം ഉറപ്പിച്ചു.

കടവത്ത് തോണി അടുത്തതിനു ശേഷം ജഗദീശന്റെ സ്വഭാവം ആകെ മാറിപ്പോയി.  മുൻപ് കള്ള്‌ കുടിച്ച് ക്ലബ്ബിൽ തന്നെ ഓഫാകുന്നവൻ ഇപ്പോൾ പാതിരക്കെങ്കിലും വീട്ടിൽ പോകാൻ തുടങ്ങി.  പണ്ട് താമരയെ പോലെ മൂക്കറ്റം വെള്ളത്തിൽ കഴിഞ്ഞിരുന്നവൻ ഇപ്പോൾ ആമ്പലിനെപ്പോലെ കഴുത്തെങ്കിലും പുറത്ത് കാട്ടുന്ന വിധത്തിലേക്ക് പുരോഗമിച്ചു.  എല്ലാ ദിവസവും കൃത്യമായി പണിക്ക് പോകുന്നു, എല്ലാരോടും അങ്ങോട്ട് ലോഹ്യം പറയുന്നു, വൈകുന്നേരം ക്ലബ്ബിൽ ഡ്രിങ്ക്സ് ഒഴുക്കുന്നു, അടിക്കുന്നു, അർമാദിക്കുന്നു.  എല്ലാ കല്യാണ രോമാഞ്ചങ്ങളോടെയും കൂടി ഒരുങ്ങുമ്പോഴാണ് കല്യാണത്തിന് ജസ്റ്റ് ഒരാഴ്ച മുൻപ് ഞായറാഴ്ച വൈകുന്നേരം രണ്ട് സുഹൃത്തുക്കളുമായി ഒരു ചെറുപ്പക്കാരൻ കാറിൽ ജഗദീശനേയും അന്വേഷിച്ച് വന്നത്.  അങ്ങാടിയിൽ നിന്ന് ജഗദീശനെപ്പറ്റി ചോദിച്ചയുടനെ രണ്ട് ഭാഗത്തു നിന്നുമുള്ള പീടികകളിൽ നിന്നായി ഒരു ലോഡ് ആളുകൾ “ഞാൻ കാണിച്ച് തരാം.. ഞാൻ കാണിച്ച് തരാം..” എന്ന് പറഞ്ഞ് കാറിൽ ഇടിച്ച് കയറി.  ജഗദീശന്റെ നാട്ടിലുള്ള പൊതുജനസമ്മിതി കണ്ട് വന്നവർ അത്ഭുതപ്പെട്ടു.  ഗുഡ്‌സ് ഓട്ടോയിൽ വാഴക്കുലകൾ നിറച്ചത് പോലെ ആ വണ്ടി മന്ദം മന്ദം ക്ലബ്ബ് ലക്ഷ്യമാക്കി നീങ്ങി.  ക്ലബ്ബിന്റെ താഴെയെത്തിയപ്പോൾ വഴികാട്ടികൾ എല്ലാവരും ചാടിയിറങ്ങി മുകളിലേക്ക് നോക്കി കോറസ്സായി വിളിച്ചുകൂവി.  “ഓയ്.. ജഗദീശോ.. ഇദാടാ നിന്നെക്കാണാൻ രണ്ട് ചങ്ങായിമാർ വന്നിറ്റ്ണ്ട്..”

കുറച്ച് കഴിഞ്ഞപ്പോൾ അഴിഞ്ഞ് പോയ കാവിലുങ്കി വാരിപ്പൊത്തി, കോണിപ്പടിയിറങ്ങി ആടിയാ‍ടി ജഗദീശൻ വന്നു.  മുടിയൊക്കെ പാറിപ്പറന്നിരിക്കുന്നു, ടച്ചിങ്ങ്സിന്റെ ഭൌതികാവശിഷ്ടങ്ങൾ മീശയിൽ തോരണം ചാർത്തിയിട്ടുണ്ട്, ഫുൾകൈ ഷർട്ടിന്റെയുള്ളിൽ കൈ ഇടാൻ മറന്നതിനാൽ ഒറ്റക്കൈയ്യനെ പോലെയുണ്ട്.  വെള്ളമടിയുടെ സന്തോഷം നശിപ്പിച്ചതിന്റെ അരിശത്തിൽ ജഗദീശൻ ഇറങ്ങിയ ഉടനെ അലറി.  “എന്താൺഡാ.. ആരിക്കാടാ ജഗദീശനെ കാണേണ്ടത്?”

അവന്റെ ഒച്ചകേട്ട് ഗൾഫുകാർ പെട്ടി തുറക്കുന്നിടത്ത് പിള്ളേർ വട്ടംചുറ്റി നിൽക്കുന്നത് പോലെ ചങ്ങാതിമാരെല്ലാം കാര്യമറിയാൻ ചുറ്റും കൂടി.  കാണാൻ വന്നവർക്ക് ആ ലൊക്കേഷനോ അഭിനേതാക്കളേയൊ ഡയലോഗോ തീരെ പിടിച്ചില്ല.  “വാ നമ്മക്ക് അപ്രത്ത് മാറി നിന്ന് സംസാരിക്കാം
” എന്ന് പറഞ്ഞ് ജഗദീശനേയും കൂട്ടി അവർ അൽ‌പ്പം മാറിനിന്നു.  എന്തെങ്കിലുമാകട്ടെ, പറഞ്ഞ് തുലക്കെന്ന് പിറുപിറുത്ത് അവനും അവരെ പിന്തുടർന്നു.  ജഗദീശന്റെ ചുറ്റും നിന്ന് വന്നവരിൽ ഒരാൾ പറഞ്ഞു.

"ഞാൻ ഇന്നാണ് എത്തിയത്, കാര്യങ്ങളെല്ലാം അവളെ വിളിച്ചപ്പോൾ പറഞ്ഞു... ഒന്ന് നേരിട്ട് കാണാൻ വന്നതാ..."

അത് കേട്ടതും ജഗദീശൻ ഇടിതട്ടിയ തെങ്ങ് പോലെ നിന്നു പോയി.  ഇത്രയും നാൾ വിഷമിച്ചിട്ട് അവസാനം ഒന്ന് ഒത്ത് വന്നപ്പോൾ ദയയില്ലാത്ത ദൈവം വീണ്ടും തനിക്കിട്ട് പണി തരികയാണല്ലോ എന്നാലോചിച്ചതും അവശേഷിച്ചിരുന്ന നൂല് പോലത്തെ നിയന്ത്രണവും തെറ്റി.  കെട്ടാൻ പോകുന്ന പെണ്ണിന്റെ കാമുകനോട് സഹതാപം കാണിക്കാൻ സൂചികുത്താൻ പോലും സ്ഥലം അവന്റെ മനസ്സിലുണ്ടായിരുന്നില്ല.  അലറിക്കൊണ്ട് അവൻ പറഞ്ഞു.

"എഡാ‍ നായിന്റെ മോനെ, നീ ഓൾക്ക് വയറ്റിലുണ്ടാക്കിക്കൊഴുത്തു എന്നു പഴഞ്ഞാലും എനക്കൊരു $@$മില്ല... ഞാൻ ഈല്ന്ന് ഒഴിയൂല്ല.. നീ പോയി വേറെ ആളെ നോക്കെടാ പട്ടീ.."
“അല്ല, അങ്ങനെയല്ല
“നീ പോടാ… #$@%..  നിന്റെ @#$%&*

ജഗദീശന്റെ ഒച്ചത്തിലുള്ള വർത്താനവും അലർച്ചയും കേട്ടപ്പോൾ കമ്പ്യൂട്ടർ ഓൺ ചെയ്യുമ്പോൾ ചാടിവീഴുന്ന ആഡ്‌വെയറുകളെയും മാൽ‌‌വെയറുകളേയും പോലെ ചങ്ങാതിമാരെല്ലാം ഓടിവന്നു.  വിഷയമെന്താണെന്ന് നോക്കാതെ കമന്റിടുന്ന സോഷ്യൽ മീഡിയക്കാരെ പോലെ അവരൊക്കെ ചേർന്ന് വന്നവർക്കിട്ട് പെരുമാറാൻ തുടങ്ങി.  അതൊക്കെ കണ്ടപ്പോൾ ജഗദീശനും ട്രോളിങ്ങ് നിരോധനം നീക്കിയ ബോട്ടുകാരനെപ്പോലെ നല്ല ആവേശത്തിലായി.  ഇത്ര നാളും മുടങ്ങിപ്പോയതിന്റെ എല്ലാ ദ്വേഷ്യവും തീർക്കാൻ പറ്റിയ ഒരവസരമായിരുന്നത്.  വന്നവരുടെ പുറം കോൺഗ്രസുകാർ വേണ്ടി ബുക്ക് ചെയ്ത മതിലു പോലായി.  അടിക്കുന്ന കൈകൾ റെസ്റ്റെടുത്ത ഇടവേളയിൽ വന്നവർ ഓരോരുത്തരായി രക്ഷപ്പെട്ട് ഓടിപ്പോയി കാറിൽ കയറി പറപ്പിച്ച് വിട്ടു.  വീടെടുക്കുന്നയാൾക്ക് പൂഴി കിട്ടിയത് പോലെ ജഗദീശന്റെ സന്തോഷം പാകിസ്ഥാനും ചൈനയും നേപ്പാളും ബംഗ്ലാദേശും കടന്നുപോയി.  വിജയാഘോഷത്തിനായി രണ്ട് ഫുള്ള് വാങ്ങാൻ ബിവറേജസിലേക്ക് ഒരു ബൈക്ക് അന്നേരം സ്റ്റാർട്ടായി.  പവേർഡ് ബൈ ജഗദീശൻ സൺ ഓഫ് നീലാണ്ടൻ ആശാരി. 

പക്ഷേ മോൻ കെട്ടിക്കൊണ്ട് വരുന്ന പെണ്ണിന്റെ കൈയ്യിൽ നിന്ന് ഒരു ഗ്ലാസ്സ് കട്ടൻ ചായ കുടിക്കാനുള്ള യോഗം മിസ്റ്റർ ആൻഡ് മിസിസ്സ് നീലാണ്ടൻ ആശാരിമാർക്ക് എന്നിട്ടും ഉണ്ടായിരുന്നില്ല.  ഉറപ്പിച്ചിരുന്ന ആ കല്യാണവും അകാലചരമമടഞ്ഞു.  ഇത്തവണ മുടക്കിയവനെ ജഗദീശനും കൃത്യമായും വ്യക്തമായും അറിയാമായിരുന്നു, പക്ഷേ ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു...

പെണ്ണിന്റെ ഗൾഫിലുള്ള ചേട്ടൻ നാട്ടിലെത്തിയ ഉടനെ നിയുക്ത അളിയനെ കാണാൻ വന്നേക്കുമെന്ന് വെള്ളമടിച്ച് പൂക്കുറ്റിയായിരിക്കുന്ന പാവം ജഗദീശൻ എങ്ങനെ അറിയാനാണ്...!!!