ഗേറ്റിന്നടുത്ത് പഴത്തൊലി പോലെ വീണ് കിടക്കുന്ന പത്രമെടുത്ത് ഹെഡിങ്ങുകൾ നോക്കി സുഹാസിനി നമ്പ്യാർ അവിടെ തന്നെ നിന്നു. ആ നിൽപ്പും നാട്യവുമൊക്കെ കണ്ടാൽ സീരിയസ്സായി വായിക്കുകയാണെന്ന് തോന്നുമെങ്കിലും ആയമ്മയുടെ ഉദ്ദേശം വേറെയാണ്. പത്രമൊന്ന് ഓടിച്ച് വായിക്കുകയും ചെയ്യാം, വീടിന്റെ മുന്നിലൂടെ പോകുന്നവരോടും റോഡരികിലെ പൈപ്പിൽ വെള്ളമെടുക്കാൻ വരുന്ന പെണ്ണുങ്ങളോടും ആറും നൂറും പറയുകയും ചെയ്യാം. സുഹാസിനിയുടെ വീടിന്റെ മുന്നിൽ തന്നെ പബ്ലിക്ക് വാട്ടർ പൈപ്പുള്ളതിനാൽ അവിടെ ഒരു പെൺകൂട്ടായ്മ രൂപപ്പെടാറുണ്ട്. നല്ലവരും അല്ലാത്തവരും, ഏഷണിക്കാരും, വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരുമായി എല്ലാ വിഭാഗത്തിലുമുള്ള ഒരു കൂട്ടം പെണ്ണുങ്ങളുടെ വാർത്താ വിതരണ മേഖലയാണ് സുഹാസിനിയുടെ വീടിന്റെ മുൻവശം. അതിലൂടെ പോകുന്നവർക്ക് സുഹാസിനിയുടെ ഇന്റർവ്യൂ കഴിയാതെ അവരവരുടെ വീട് പിടിക്കാനാവില്ല.
ഈ വാർത്താ ശേഖരണ വിതരണ സംരംഭത്തിന് സുഹാസിനീ നമ്പ്യാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർക്കാണെങ്കിൽ ജോലിയില്ല, ജോലിയുള്ള ഭർത്താവാണെങ്കിൽ അങ്ങ് ഗൾഫിലാണുള്ളത്. വീട്ടിലാണെങ്കിൽ അമ്മായിയമ്മയും അഞ്ചിൽ പഠിക്കുന്ന പിങ്കിമോളും മാത്രമേയുള്ളൂ. സാമ്പത്തികമോ മാനസികമോ ആയ വിഷമമൊന്നുമില്ലാത്ത സുഖ ജീവിതം. കുക്കിങ്ങും ഈറ്റിങ്ങും വാഷിങ്ങും ബോറഡി മാറ്റാൻ ഇടക്കിടക്ക് വയസ്സായ അമ്മായിയമ്മയുമായി ചില വോക്കൽ ഫൈറ്റിങ്ങും കഴിഞ്ഞാലുള്ള ശൂന്യവേളകൾ ഗേറ്റിന്റെ മുന്നിലൂടെ പോകുന്നവരെ പിടിച്ച് നിർത്തി ചാറ്റ് ചെയ്താണ് തീർക്കുന്നത്. രൂപയേക്കാൾ ദിർഹത്തിനെ സ്നേഹിക്കുന്ന ഏതൊരു ഭാര്യയേയും പോലെ സുഹാസിനിയും മിനിമം കോമൺസെൻസും മാക്സിമം പൊങ്ങച്ചവുമുള്ളവളുമാണ്.
എന്നത്തേയും പോലെ പീഢനവാർത്തകളുടെ എണ്ണം പത്തിൽ കുറഞ്ഞിട്ടില്ല. വറൈറ്റിയായി ഒരുത്തൻ നമിതയുടെ സിനിമാ പോസ്റ്ററിനെ പീഠിപ്പിച്ച വാർത്തയുണ്ട്. ചരമ, സിനിമാ, സ്പോർട്സ് പേജുകളെ പോലെ ഭാവിയിൽ പത്രങ്ങൾ പീഢന പേജും തുടങ്ങാനുള്ള ചാൻസുണ്ട്. സാധനങ്ങളുടെ വില കുറഞ്ഞില്ലെങ്കിലും രൂപയുടെ മൂല്യം കുറഞ്ഞിട്ടുണ്ട്. അതേതായാലും ആശ്വാസമായി രവിയേട്ടന്റെ ഡ്രാഫ്റ്റിലും അതിന്റെ മാറ്റം കാണാമല്ലോ എന്നും, ഇന്ന് കത്തി വെക്കാനാരെയും കിട്ടിയില്ലല്ലോ എന്നുമൊക്കെ മനസ്സിൽ വിചാരിച്ച് നിൽക്കുമ്പോഴാണ് വെള്ളമെടുക്കാനായി റീന എന്ന യുവതിയും മീനാക്ഷിടീച്ചറും വന്നത്. മീനാക്ഷി ടീച്ചർ അമ്പത് വയസ്സ് കഴിഞ്ഞ, കാര്യഗൌരവവും പക്വതയുമുള്ളൊരു സ്ത്രീയാണ്. റീനയാണെങ്കിൽ കല്യാണം കഴിയാത്ത ചെറുപ്പക്കാരികളെപ്പോലെ ആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്നൊരു ടൈപ്പും. മൂന്നുപേർ ചേർന്നൊരു പെൺകൂട്ടവും അതിനോടനുബന്ധിച്ച് അന്തമില്ലാത്ത വർത്തമാനവും അവിടെ ഉണ്ടായി.
റീന പൈപ്പ് പിടിച്ച് പൊക്കിയ ശേഷം നിരാശയായി പറഞ്ഞു, “അയ്യോ.. വെള്ളമില്ലേ…?”
“ഇല്ലാന്നാ തോന്നുന്നേ…” രാവിലെ തന്നെ ഒരു സ്ലോ ഫുൾടോസ് ബോൾ കിട്ടിയ സന്തോഷത്തിൽ സുഹാസിനി പറഞ്ഞു.
റീന: “അയ്യോ.. എനിക്കിന്ന് കമ്പ്യൂട്ടർ ക്ലാസ്സുള്ളതാ.. കുളിക്കാതെങ്ങനെയാ പോകുന്നേ.. ഇനിയിപ്പോ എന്താ ചെയ്യുക…!“
സുഹാസിനി: “കാർ കഴുകാനും വെള്ളമില്ല..”
കുടിവെള്ളം കിട്ടാത്ത നിരാശയിൽ നിൽക്കുമ്പോഴാണ് സുഹാസിനിയുടെ ഓരോ വർത്താനം. മീനാക്ഷി ടീച്ചർ ആ ദ്വേഷ്യം സുഹാസിനിയോട് തീർത്തു. “ഇദാ ഇപ്പോ വല്യ കാര്യം..! വീട്ടിൽ ചോറ് വെക്കാൻ വെള്ളമില്ല, അതിന്റിടെക്കാണ് കാറു കഴുകല്…”
“അല്ല ടീച്ചറേ ഈ മഴയൊക്കെ എങ്ങോട്ട് പോയി..!“ സുഹാസിനി ചമ്മൽ മറക്കാൻ പ്ലേറ്റ് മറിച്ചു.
“ആളുകള് മരം മുറിച്ചും ചതുപ്പ് നിരത്തിയും വയൽ മണ്ണിടിച്ച് ഫ്ലാറ്റുണ്ടാക്കുകയും ചെയ്താൽ പിന്നെ മഴ എങ്ങനെ പെയ്യാനാണ്…” മീനാക്ഷി ടീച്ചർ ഇടക്ക് താൻ സ്കൂളിലാണെന്ന തോന്നലിൽ സംസാരിക്കും.
“ഗൾഫിലൊന്നും മഴയില്ലല്ലോ അതോണ്ട് കുളിക്കുന്നതിനു പകരം എല്ലാരും സ്പ്രേ അടിക്കുകയാ ചെയ്യുകാന്നാ രവിയേട്ടൻ പറയുന്നേ..” സുഹാസിനി തന്റെ ഗൾഫ് വിജ്ഞാനം പുറത്തെടുത്ത് നിലവാരം തെളിയിക്കാനുള്ള അവസരം കളഞ്ഞില്ല.
സുഹാസിനി ഗൾഫ് റേഡിയോ പ്രക്ഷേപണം തുടങ്ങിയല്ലോന്ന് വിചാരിക്കുമ്പോൾ റോഡരുകിലൂടെ ചാടിപ്പോകുന്ന ഒരു തവളയുടെ പിന്നാലെ പിങ്കി മോൾ “ഫ്രോഗ്.. ഫ്രോഗ്..” എന്ന് വിളിച്ച് വന്നു. സമകാലിക കാലത്തെ കുട്ടികളെയെല്ലാം പോലെ ഇതും ഒരു കുഞ്ഞിവായിൽ വെല്യ വർത്താനക്കാരിയാണ്.
മീനാക്ഷിടീച്ചർ : “ഇപ്പോ ശരിക്കും കണ്ടോ മോളെ.. കുറച്ച് കൊല്ലം കൂടി കഴിഞ്ഞാ ഇതിനെയൊന്നും ജീവനോടെ കണ്ടൂന്ന് വരില്ല..” ടീച്ചർ പറഞ്ഞത് അത്തരമൊരു സദസ്സിലാണെങ്കിൽ കൂടി അതിനൊരു പാരിസ്ഥിതിക ആകുലതയുണ്ടായിരുന്നു. തവളയടക്കമുള്ള ചെറുജീവികളൊക്കെ വംശനാശഭീഷണി നേരിടുന്നവയാണല്ലൊ.
പിങ്കി: “തവള കരഞ്ഞാൽ മഴ പെയ്യുമെന്നല്ലേ..” കല്ലെടുത്ത് തവളയെ എറിഞ്ഞു കൊണ്ട്, “കരയ് തവളേ.. കരയ് ഫ്രോഗേ…”
മീനാക്ഷിടീച്ചർ വിഷയം കിട്ടിയ ചാനലുകാരനെ പോലെ ആവേശത്തിൽ പറഞ്ഞു തുടങ്ങി : “ഒരു കഥ കേട്ടിട്ടില്ലേ പണ്ടൊരു രാജ്യത്തില് കുറേക്കാലം മഴ ഇല്ലായിരുന്നെത്രെ.. മഴ പെയ്യണമെങ്കിൽ പെണ്ണുങ്ങളെ കാണാത്ത ആരെയെങ്കിലും കൊണ്ട് യാഗം നടത്തിക്കണമെന്നായിരുന്നു പ്രശ്നത്തിൽ കണ്ടത്. അങ്ങനെയൊരാളെ കണ്ടെത്താൻ ആർക്കും പറ്റിയില്ല.. അവസാനം, അവിടത്തെ ഒരു ദാസിപെണ്ണ് കഷ്ടപ്പെട്ട് കാട്ടിൽ പോയി ഇത് വരെ പെണ്ണുങ്ങളെ കാണാത്ത ഒരു മുനികുമാരനെ കൊണ്ട് വന്ന് യാഗം നടത്തിയപ്പോൾ തോരാമഴ ആയി പോലും.. അത് പോലെങ്ങാനും ഇനി കേരളത്തിലും വേണ്ടി വരും...”
“അങ്ങനെയാണെങ്കിൽ യാഗത്തിന് മുനികുമാരനെ കണ്ടുപിടിക്കാൻ കഷ്ടപ്പെടേണ്ടി വരില്ല, ഇപ്പോഴത്തെ ആണുങ്ങളുടെ നോട്ടം കണ്ടാൽ അവരൊന്നും ഇത് വരെ പെണ്ണിനെ കണ്ടിട്ടില്ലെന്ന് ഉറപ്പാണ്…” റീന ആ പറഞ്ഞത് സുഹാസിനിയും സമ്മതിച്ചു.
“അല്ല ടീച്ചറേ, എല്ലാവർക്കും പുകയില്ലാത്ത അടുപ്പ് തരുമെന്ന നേതാവിന്റെ വാഗ്ദാനം എന്തായി…?” സുഹാസിനി ചോദിച്ചു.
“അതിപ്പോ അങ്ങനെ തന്നെയല്ലേ.. വിലക്കയറ്റം കാരണം വീടുകളിൽ അടുപ്പ് പുകയാറില്ലല്ലോ..” സാധനങ്ങളുടെ പിടിച്ചാൽ കിട്ടാത്ത വിലക്കയറ്റത്തിലുള്ള രോഷം ടീച്ചറിൽ തമാശരൂപത്തിൽ വന്നു.
വെള്ളത്തിനായി കാത്തിരിക്കുന്നതിന്റെ ഇടവേളയിൽ വിജ്ഞാനവും പൊങ്ങച്ചവും സാമൂഹികാലുതകളും ഒരു പോലെ മിക്സായ ആ ചർച്ച ഒരു ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ബ്ലൌസിന്റെ മുകളിൽ ഫുൾകൈ ഷർട്ടും ലുങ്കിയുമിട്ട് കൈയ്യിലൊരു കൈക്കോട്ടുമായി ജാനുവമ്മ അതിലൂടെ വന്നു.
“ജാന്യേച്ചീ.. ഏട്യാ പോന്നേ…?” സുഹാസിനീ നമ്പ്യാർ ലോഹ്യം ചോദിച്ച് അവരെയും ചർച്ചയിലേക്ക് ക്ഷണിച്ചു.
“തൊഴിലുറപ്പ് പദ്ധതിക്കാ സുനേ.. റോഡരൂലെ കാട് വൃത്തിയാക്കല്…” (സുഹാസിനീ നമ്പ്യാർ എന്നതിന്റെ ഷോർട്ടാണ് സുന.)
“ഈ കൈക്കോട്ടെടുത്ത് കൊത്തുന്നതൊക്കെ വല്യ ബുദ്ധിമുട്ടുള്ള പണിയല്ലേ ഏച്ചീ…”
“ഏയ്.. അങ്ങനെ വെഷമമൊന്നുല്ല.. പത്ത് പതിനെട്ട് ആളുകളുണ്ടാകും, അരമണിക്കൂർ പണിയെടുത്താൽ അടുത്ത അര മണിക്കൂർ റെസ്റ്റാ.. പിന്നെ ആഴ്ചയിലൊരു ദിവസം മാറ്റ് ആണ്. അന്ന് പണി എടുക്കണ്ടാ.. മേൽനോട്ടം വഹിച്ചാ മതി..”
“എന്നാലും കൈക്കോട്ടൊക്കെ എടുത്ത് കിളക്കുകയെന്ന് വെച്ചാൽ…” സുഹാസിനി പിന്നെയും സംശയിച്ചപ്പോൾ ജാനുവമ്മ പതുക്കെ പറഞ്ഞു.
“ശ്..ശ്... ഈ കൈക്കോട്ടിന്റെ നീളത്തിലുള്ള പിടി കണ്ടോ.. രണ്ട് മൂന്നാൾക്ക് ഒന്നിച്ചെടുത്ത് കൊത്താനാ ഇത്ര നീളമുള്ളതാക്കിയത്… ഒരു കൈക്കോട്ട് മൂന്നാള് ഒന്നിച്ച് പിടിച്ച് മെല്ലെ കൊത്തിയാ മതീന്നേ…”
അന്നേരം പിങ്കിമോൾ എവിടെന്നോ “പ്ലിങ്ങ്..“ എന്ന് പറയുന്ന ശബ്ദം കേട്ടു. അതാ സിറ്റ്വേഷന് കറക്റ്റ് മാച്ചായിരുന്നു താനും.
“ഈ കുറുന്തോട്ടിയൊക്കെ പറിക്കാനൊക്കെ കൊറേ സമയമെടുക്കോ..?” സു.ന. കണ്ടിന്യൂ ചെയ്തു.
“ഏയ്.. സൂപ്പർവൈസർ വന്ന് നോക്കിയാൽ മാത്രം പൊരിച്ചാ മതി.. ഇല്ലെങ്കിൽ കുറുന്തോട്ടി ആട തന്നെ കിടക്കും..”
അപ്പോൾ പിങ്കിമോൾ അവൾക്ക് ചേരാത്ത വിധം ചെറിയൊരു സൈക്കിൾ ഓടിച്ച് മുറ്റത്തൂടെ ഗേറ്റിലേക്ക് വന്നു പറഞ്ഞു. “മമ്മീ.. ഈ സർക്കാരിന് ഒരു വേളിയുറപ്പ് പദ്ധതി തൊടങ്ങിക്കൂടേ…?”
“എന്തിനാ…”
പിങ്കിമോൾ: “എന്നെങ്കില് റീന ചേച്ചിന്റെ കല്യാണം കഴിയുമായിരുന്നേനെ..” എല്ലാവരും പൊട്ടിച്ചിരിക്കുമ്പോൾ റീനയുടെ മുഖം ചമ്മലിൽ നാനാവിധ വർണങ്ങളിലായി. പിങ്കി മോൾ വന്നത് പോലെ സൈക്കിൾ വളച്ച് തിരിച്ച് ഒടിച്ച് പോയി.
അപ്പോഴാണ് സുഹാസിനിയുടെ കൈയ്യിലെ മൊബൈൽ റിങ്ങ് ചെയ്തത്. ലേറ്റസ്റ്റ് മോഡൽ ടച്ച് സ്ക്രീൻ ഫോൺ. നല്ലോണം അഹങ്കാരത്തിൽ അതിൽ തൊട്ട് നക്കി പഞ്ചായത്ത് മുഴുവൻ കേൾക്കാവുന്ന വിധത്തിൽ സംസാരിക്കാൻ തുടങ്ങി.
“ഹലോ… അതേ… സുഹാസിനി നമ്പ്യാരാണ്… ആരാണ്…? സീനാ മേനോനോ…. ഫേസ് ബുക്കിലെ…? ശോ.. എനിക്ക് ബിലീവ് ചെയ്യാൻ പറ്റുന്നേയില്ല.. വാട്ട് എ സർപ്രൈസ്..!! ഇങ്ങോട്ട് വരുന്നുണ്ടെന്നോ… ആയ്ക്കോട്ടേ… ജംഗ്ഷനിൽ നിന്നു വലത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞ് നാലാമത്തെ വീട്… മുറ്റത്ത് താർപ്പോളിൻ ഇട്ട് മൂടിയ ഒരു കറുപ്പ് വാഗണാറുള്ള വീട്… അതെ.. എന്നാൽ ഓകെ...”
ടാർപ്പോളിൻ ഇട്ട് മൂടിയ കാറ് എങ്ങനെ തിരിച്ചറിയുമെന്ന അത്ഭുതത്തിൽ സുഹാസിനിയുടെ പൊങ്ങച്ചം കണ്ട് മറ്റുള്ളവർ ചിരിയമർത്തി പരസ്പരം നോക്കി. “എന്റെ ഫേസ് ബുക്ക് ഫ്രന്റാ..” അഭിമാനത്തോടെ സുഹാസിനി പറഞ്ഞു.
“അല്ല ജാന്യേച്ചീ.. ഈ തൊഴിലുറപ്പ് പദ്ധതീല് എന്റെ അമ്മായിയമ്മയെ ചേർത്താലോ..?” സുഹാസിനി വീണ്ടും വിഷയത്തിലേക്ക് തിരികെ വന്നു.
“അതിനെന്താ പഞ്ചായത്തില് പോയി പേരു രജിസ്റ്റർ ചെയ്താ മതീന്നേ..”
“അവർക്കാണെങ്കിൽ വേറെ പണിയൊന്നുമില്ലല്ലോ… ഒരു ടൈംപാസ്സുമാകും.. ആളുകളെയൊക്കെ കണ്ടുംമിണ്ടീം നിന്നാൽ മൂഡൊഫൊക്കെ പോകുമല്ലോ..”
“അതെ അതെ.., ഞാൻ പോകുമ്പം എന്റെ കൂടെ വന്നാ മതിയല്ലോ..”
“അത് മതി.. എന്നാലും രണ്ട് മൂന്നാള് വേണ്ടി വരും…”
“അതെന്തിനാ.. ഞങ്ങൾ വർത്തമാനമൊക്കെ പറഞ്ഞ് ഒന്നിച്ച് പോകാംന്നേ...”
“അത് പറ്റില്ല.. കൊറച്ചാളുകൾ വേണ്ടി വരും…”
“അതെന്താ…” എല്ലാവരും ആശ്ചര്യപ്പെട്ട് ചോദിച്ചു.
ആവേശത്തിൽ സുഹാസിനി പറഞ്ഞു. “കൊണ്ട് പോകാൻ രണ്ട് മൂന്നാള് വേണ്ടി വരും.. അവിടെ കൊണ്ട് കിടത്തിയാ മതിയല്ലോ.. വൈകുന്നേരം ഇങ്ങോട്ട് കൂട്ടാം.. വീട്ടിൽ കിടക്കുന്നത് പോലെ പണി സ്ഥലത്തും വെറുതെ കിടന്നാ മതിയല്ലോ… അമ്മായിയമ്മ തളർവാതം വന്ന് കിടപ്പിലാണേയ്…“
പിളർന്ന മൂന്നു വായകൾക്ക് മുകളിലൂടെ ഒരു ഈച്ച അതിന്റെയുള്ളിലൊന്നും വീഴാതെ ഡ്രൈവിങ്ങ് ടെസ്റ്റിന് ‘എട്ട്‘ എടുക്കുന്നത് പോലെ സൂക്ഷിച്ച് പറന്നു പോയി.
:D kalakki!
ReplyDeleteവീട്ടിൽ കിടക്കുന്നത് പോലെ പണി സ്ഥലത്തും വെറുതെ കിടന്നാ മതിയല്ലോ… അമ്മായിയമ്മ തളർവാതം വന്ന് കിടപ്പിലാണേയ്…“
ReplyDeleteഹയ് ഹയ്....സൂപ്പര്‍
എന്നത്തേയും പോലെ പീഢനവാർത്തകളുടെ എണ്ണം പത്തിൽ കുറഞ്ഞിട്ടില്ല. വറൈറ്റിയായി ഒരുത്തൻ നമിതയുടെ സിനിമാ പോസ്റ്ററിനെ പീഠിപ്പിച്ച വാർത്തയുണ്ട്. ചരമ, സിനിമാ, സ്പോർട്സ് പേജുകളെ പോലെ ഭാവിയിൽ പത്രങ്ങൾ പീഢന പേജും തുടങ്ങാനുള്ള ചാൻസുണ്ട്..
ReplyDeleteവേണ്ടി വരും കുമാരാ..ഇപ്പോള്‍ തന്നെ വെബ് ദുനിയാക്കാര്‍ തുടങ്ങിയിട്ടുണ്ട് .
പീഡനങ്ങള്‍ ഇല്ലാതിരുന്നെങ്ങില്‍ .
മൂന്നാൾ ഒന്നിച്ചു ചവുട്ടി ഓടിക്കുന്ന സൈക്കിൾപോലെ മൂന്നാൾ ഒന്നിച്ചു പിടിച്ചു കൊത്തുന്ന കൈക്കോട്ട്, കൊള്ളാം ! തൊഴി ഉറപ്പ് തന്നെ.
ReplyDeleteരസകരം .
ReplyDelete“അങ്ങനെയാണെങ്കിൽ യാഗത്തിന് മുനികുമാരനെ കണ്ടുപിടിക്കാൻ കഷ്ടപ്പെടേണ്ടി വരില്ല, ഇപ്പോഴത്തെ ആണുങ്ങളുടെ നോട്ടം കണ്ടാൽ അവരൊന്നും ഇത് വരെ പെണ്ണിനെ കണ്ടിട്ടില്ലെന്ന് ഉറപ്പാണ്…” റീന ആ പറഞ്ഞത് സുഹാസിനിയും സമ്മതിച്ചു.
ReplyDelete“അല്ല ടീച്ചറേ, എല്ലാവർക്കും പുകയില്ലാത്ത അടുപ്പ് തരുമെന്ന നേതാവിന്റെ വാഗ്ദാനം എന്തായി…?” സുഹാസിനി ചോദിച്ചു.
“അതിപ്പോ അങ്ങനെ തന്നെയല്ലേ.. വിലക്കയറ്റം കാരണം വീടുകളിൽ അടുപ്പ് പുകയാറില്ലല്ലോ..” സാധനങ്ങളുടെ പിടിച്ചാൽ കിട്ടാത്ത വിലക്കയറ്റത്തിലുള്ള രോഷം ടീച്ചറിൽ തമാശരൂപത്തിൽ വന്നു.....
ഇതാണ് സത്യം!!!!!
Yes kumara ninte status uptodate aanallo,nice story!!!!!!
ReplyDeletenannayi..palarkitum kottiyalle.
ReplyDeleteപൊങ്ങച്ചം ഇങ്ങനെയുമാവാം അല്ലേ.........
ReplyDeleteഅമ്മായിഅമ്മ തളര്‍വാതം വന്ന് കിടപ്പിലായാലും വിടില്ല ല്ലേ...
ReplyDeleteരസമായി അവതരിപ്പിച്ചു
supervisor aakkuuu kumaaraa :)
ReplyDeleteഅങ്ങനെ ആ ഈച്ച ജസ്റ്റ് രക്ഷപ്പെട്ടു...:)
ReplyDeleteഉള്ളിന്റെ ഉള്ളീൽ പോയകാലത്തിന്റെ തിരതള്ളലുണ്ടായപ്പോൾ മരുമകളുടെ സ്നേഹപ്രകടന രീതി മറന്ന് തൊഴിലുറപ്പിനു പൊയ്ക്കോട്ടെയെന്നു ചോദിച്ചു പോയ ഒരു അമ്മൂമ്മയെ എനിക്കറിയാം.. കുമാർജി അതോർമ്മിപ്പിച്ചു.
ReplyDeleteതൊഴിലിരിപ്പിന്നാ നാട്ടില് പറയുന്നതുതന്നെ. ഈ തൊഴിൽകിടപ്പ് പരിപാടി കലക്കി :)
ReplyDeleteഓഹോ
ReplyDeleteഈ തിഴിലുറപ്പ് പരിപാടിക്ക് ഇങ്ങനേയും ചില തമാശകളുണ്ടല്ലെ...!
ReplyDeleteതമാശയോടൊപ്പം ഇത്തിരി കാര്യങ്ങളും...
ആശംസകൾ...
“.....മൂടിയിട്ട കറുത്ത വാഗണർ...” അറിയാതെ പറഞ്ഞു പോകുന്ന ചില തമാശകൾ!!!കുമാരാ കലക്കി.
ReplyDeleteപോസ്റ്റ് വായിച്ച് വാ പൊളിച്ചുപോയല്ലോ.ഇത്തിരി മെച്ച്യേഡ് ആയിട്ടുള്ളതുപോലെ.തോന്നലാണോ? ഹേയ് അല്ല.
ReplyDeleteക്ലൈമാക്സ് കലക്കീ ;)
ReplyDeletekakakki kumaretta
ReplyDeleteചിരിച്ചു ചിരിച്ചു മണ്ണു കപ്പി !ഇതാണ് ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന പദ്ധതി ,വോട്ടിനു വേണ്ടി ഇവരെ പ്രോത്സാഹിപ്പിക്കുന്നത് മാറി മാറി വരുന്ന നമ്മുടെ രാഷ്ട്രീയ കോമരങ്ങള്‍ തന്നെയല്ലെ ! ആക്ഷേപഹാസ്യം തുടരട്ടെ ആശംസകള്‍ !
Deleteആക്ഷേപ ഹാസ്യം ആക്ഷേപഹാസ്യം...ഭേഷായിരിക്കുണു.
ReplyDeleteശരിക്കും തൊഴി ഉറപ്പാക്കുന്ന പദ്ധതി തന്നെ...!
ReplyDelete
ReplyDeletegood oneHappy Diwali 2015
goodHappy Diwali
oneHappy Ganesh Chaturthi
goneHappy Ganesh Chaturthi 2015
gdoneHappy New Year 2016
gokneHappy New Year 2016 Images
goods sf oneHappy Diwali 2015
good sf oneHappy Diwali
good sf oneFree Movies Online
good one fds Full Movies
good one fds Watch Movies Online
good s f oneHappy Mother's Day Quotes 2015
good s f oneHappy Mother's Day Poem 2015