Monday, October 19, 2015

പ്രതിഷേധം

കയിൽക്കണ കൊണ്ട് ടോപ്പപ്പ് ചെയ്ത് ഒരു കിണ്ണം ചോറ് മോരൊഴിച്ച മത്തിക്കറി ചേർത്ത് ഫിനിഷ് ചെയ്തതിനു ശേഷം കുറ്റ്യേറയത്ത് പെരുമ്പാമ്പിനെ പോലെ റെസ്റ്റെടുക്കുമ്പോഴാണ് നാട്ടിലെ ചെറുപ്പക്കാരുടെ നിദ്രാവിഹീനരാത്രികളിലെ കൊതുകുറാണിയായിരുന്ന അങ്ങ്ട്ടേലെ സുലുവും ഫ്രന്റ്സും കൂടി സിനിമാപ്പടം കാണാൻ പോകുന്നത് ഓമനക്കുട്ടൻ കണ്ടത്. കണ്ട സിനിമയാണെങ്കിലും കൂടെ പോയാൽ ഒന്നിച്ചോ പിന്നിലോ ഇരിക്കാൻ പറ്റിയാലോ എന്നൊരു ചിന്ത പെട്ടെന്നു പൊട്ടിമുളച്ച് വളർന്ന് വിരിഞ്ഞ് പൂവായി കായായി മാറി.
മഹദ്കാര്യങ്ങൾ മറ്റന്നാളത്തേക്ക് മാറ്റിവെക്കരുതെന്നല്ലേ സീനിയേഴ്സ് പറഞ്ഞിരിക്കുന്നത്. ലെവളുമാരുടെ ഒരു പത്തടി ഗ്യാപ്പിൽ കണ്ട സിനിമ തന്നെ കാണാൻ കൊട്ടകയിലേക്ക് കുട്ടനും ചൽത്താ രഹാ ഹെ.
ആണുങ്ങളുടെ ക്യൂവിൽ തിരക്കുണ്ടെങ്കിൽ അവളെ കൊണ്ട് ടിക്കറ്റെടുത്ത് തരാൻ പറയണം അപ്പോ അവരുടെ മുന്നിലോ പിന്നിലോ ഒപ്പരമോ ഇരിക്കാം, ടിക്കറ്റെടുക്കാൻ പറയുമ്പോൾ മുണ്ട് മാടിക്കെട്ടണോ അഴിച്ചിടണോ, ഒന്നിച്ചിരുന്നാൽ എന്തൊക്കെ ചെയ്യണ്ട.. ഇമ്മാതിരിയുള്ള ചിന്തകൾ ടാക്കീസിലെത്തിയപ്പോ തന്നെ പൊളിഞ്ഞ് പാളീസായി. കാരണം ആണുങ്ങളുടെ ക്യൂവിൽ വളരെ കുറച്ചാളുകൾ മാത്രം. പോട്ടെ, സാരമില്ല എല്ലാ കാര്യങ്ങളും നുമ്മ വിചാരിച്ച പോലെ നടന്നാൽ പിന്നെ ദൈവത്തിനു പണിയില്ലാണ്ടായിപ്പോകില്ലേ..
ടാക്കീസിനകത്ത് കയറി അവളുടെ തൊട്ട് പിന്നിൽ ഇരിക്കാം എന്നാൽ ടച്ചപ്പെന്തെങ്കിലും നടത്താം എന്ന ആലോചനയും മാലപ്പടക്കത്തിന്റെ അവസാന എണ്ണം പോലെ പൊട്ടിത്തീർന്നു. അവളുമാർ ലാസ്റ്റ് വരിയിലെ ചുമരിന്നടുത്താണിരുന്നത്, നേരെമുന്നിലായി ഏതോ ഫാമിലീസും. ദൈവത്തിന്റെ പണി തന്നെ.
പിന്നെ വന്നവരൊക്കെ ആ വരിയിൽ മാത്രമായിരുന്നു ഇരുന്നത്. കുട്ടൻ മാത്രം പിറകിൽ ഒരു കസേരയിൽ, മുന്നിലൊക്കെ കളം കാലി.
സീനിമ തുടങ്ങി ഇടക്ക് കറന്റ് പോയപ്പോൾ ആൺപിറന്നവന്മാർ കൂവാനും കസേരയിൽ ചവിട്ടി ഒച്ചപ്പാടുണ്ടാക്കിയും തങ്ങളുടെ സർഗശേഷി പുറത്തെടുത്തു. അത് കണ്ട് ഇവനൊരാണാണോ ആണോ എന്നൊന്നു സുലൂം ടീമും സംശയിച്ചാലോന്ന് വെച്ച് ഓമനക്കുട്ടനും തന്നാലായ രീതിയിൽ മുന്നിലെ കസേരയിൽ ചവിട്ടി പ്രതിഷേധിച്ചു.
കഷ്ടകാലം! അത് ഒരു വരിയിൽ നിരനിരയായി ഉറപ്പിച്ച കസേരകളായിരുന്നു. ചവിട്ട് കൊണ്ടത് പോയി അതിന്റെ മുന്നിലത്തേതിന്റെ മോളിൽ വീണു, അത് പോയി മറ്റതിന്റെ മോളിലും, അത് അതിനടുത്തതിന്റെ മോളിലും.. ചടെ പടെ എന്ന് പറഞ്ഞ് പത്ത് വരി കസേരകളും മറിഞ്ഞുവീണു..
അമ്മാതിരി ചെയ്ത്ത് ചെയ്തവനെ ലേഡീസെല്ലാം ബഹുമാനത്തോടെ നോക്കി, കുട്ടൻ ചെസ്റ്റും വിരിച്ച് ജിമ്മായി നിന്നു. അപ്പോഴേക്കും കറന്റും വന്നു, യുവവിപ്ലവകാരിയെ അന്വേഷിച്ച് ടാക്കീസിലെ നടത്തിപ്പുകാരായ തടിയന്മാരും വന്നു. ഒരു സപ്പോർട്ടിനു കുഴപ്പം ഉണ്ടാക്കിയവന്മാരെ നോക്കിയെങ്കിലും ഒരുത്തനും മൈൻഡാക്കിയില്ല. കർണനെ വിശ്വസിച്ച് മഹാഭാരത യുദ്ധത്തിന്റെ ക്വട്ടേഷൻ എടുത്ത ദുര്യോധനന്റെ അവസ്ഥ.
ഓരോന്നായി വീണുകിടന്ന കസേരകൾ കഷ്ടപ്പെട്ട് നിവർത്തി വെക്കുമ്പോൾ സുലുവും ടീമും ആർത്തട്ടഹസിച്ച് ചിരിക്കുന്നത് സിനിമയിൽ കോമഡി സീൻ കണ്ടായിരിക്കും എന്നാകണേ എന്നായിരുന്നു ഓമനക്കുട്ടന്റെ പ്രാർത്ഥന.

5 comments:

  1. തിയറ്റര്‍കാര് ചെയ്ത ചതി!! ഈ കസേരയെല്ലാം ബോള്‍ട്ടിട്ട് ഉറപ്പിക്കേണ്ടതല്ലാരുന്നോ!!

    ReplyDelete
  2. വായിച്ചു എഫ് ബി യിൽ.. :) കുമാരന്റെ ഓരോ ലീലാ വിലാസങ്ങൾ

    ReplyDelete
  3. ഇതൊരു കുമാരാനുഭവമായി ഫീൽ ചെയ്യുന്നുണ്ടല്ലോ? എന്താ അങ്ങിനെ?

    ReplyDelete