Saturday, May 31, 2014

ആചാരങ്ങൾ ഉണ്ടാക്കുന്നത്..



മനുഷ്യ ദൈവങ്ങൾ എന്ന് ആരെയെങ്കിലും വിളിക്കാൻ പറ്റുമെങ്കിൽ അത് തെയ്യങ്ങൾ കെട്ടുന്നവരെയാണ്.  സമൂഹത്തിലെ ജാതി വ്യവസ്ഥയിലെ താഴേക്കിടയിലുള്ളവരാണ് തെയ്യക്കാർ.  കെട്ടുന്നതിനു മുൻപ് ആരും ബഹുമാനിക്കാത്ത അവരെ മുഖത്തെഴുത്ത് നടത്തി ഉടയാടകൾ അണിഞ്ഞിറങ്ങിയാ‍ൽ ഏത് വലിയവനും താണു വഴങ്ങും.  മുദ്രാവാക്യം വിളിച്ച് സമരം നടത്തി പോലീസിന്റെ അടിയും കൊണ്ട് ആരും മൈൻഡാക്കാതെ നടന്നവൻ ഇലക്ഷനിൽ സ്ഥാനാർഥിയായി ജയിച്ചപ്പോൾ ആളുകൾ ബഹുമാനിക്കുന്നത് പോലെ.  ഈ രൌദ്രസുന്ദര കലാരൂപത്തിന്റെ പിറകിൽ തെയ്യക്കാരുടെ ത്യാഗപൂർണമായ ഭൂതകാലത്തിന്റെ തുടിപ്പുകളുണ്ട്.  ആസ്വദിച്ച് അൽ‌പ്പം കഴിഞ്ഞാൽ ഏതൊരു സത്കർമ്മത്തിന്റെയും മോശം വശം ചികയാൻ നമ്മൾക്ക് പ്രത്യേക ഇന്ററെസ്റ്റുണ്ടാകുമല്ലോ.  അതുകൊണ്ട് തെയ്യത്തിന്റെ വന്യസൌന്ദര്യ ചിത്രങ്ങൾ കെ.ടി.ഡി.സി.യുടെ സൈറ്റിൽ കിടക്കട്ടെ, നമുക്ക് കാവിന്റെ പിറകിൽ പ്രചരിക്കുന്ന ഒരു തമാശ കഥ കേൾക്കാം. 

പ്രകാശൻ ഉദ്യോഗസ്ഥനായ ഒരു തെയ്യം കലാകാരനാണ്.  ജോലിയും കലയും ഒന്നിച്ച് കൊണ്ട് പോകുന്നതിനാൽ കഞ്ഞിയല്ല ബിരിയാണി തന്നെ തിന്നു കഴിയാനുള്ള ജീവിത സാഹചര്യങ്ങളുണ്ട്.  തെയ്യം സീസണിലെ വർക്കില്ലാതിരുന്ന ഒരു ദിവസം അവൻ കള്ളടിച്ചാലോന്ന് ചിന്തിച്ച് ബാറിലേക്ക് വിട്ടു.  ബൈക്ക് കൈരളി ബാറിന്റെ മുന്നിലെ തെങ്ങിൻ ചോട്ടിൽ വെച്ച് അകത്തേക്ക് കേറണോ വേണ്ടയോ എന്നാലോചിച്ച് ഹാഫ് മൈഡി
ൽ കുറച്ച് സമയം നിന്നു.  ഒന്ന് രണ്ട് ആഴ്ച തെയ്യം കെട്ടലും വ്രതവുമായി നടന്നതിനാൽ കഴിപ്പുണ്ടായിരുന്നില്ല.  അതിനാൽ കുടിക്കാനൊരു മടി.  അല്ലെങ്കിലും ഇതങ്ങനെയാണ്.  നിർത്തിയാൽ പിന്നെ തുടങ്ങുവാൻ നല്ല മടി കാണും.  തുടങ്ങിയാൽ പിന്നെ നിർത്താനും. രണ്ടിലൊന്ന് തീരുമാനിക്ക് ഇനിയും ആലോചിച്ചാൽ കുടിക്കലുണ്ടാവില്ലെന്ന് മനസ്സിലെ കുടിയൻ വാണിങ്ങ് കൊടുത്തപ്പോൾ ബാറിന്റെ സ്റ്റെപ്പിൽ കാലു വെക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്.  അകന്ന ഒരു ബന്ധുവും അതിലുപരി അടുത്ത സുഹൃത്തുമായ മനോഹരനാണ്.

“നീ ഏട്യാ ഉള്ളേ?”
“ഞാൻ കൈരളീല്
“നീ തൊടങ്ങിയോ വ്രതം മുറിച്ചോ?”
“ഇല്ല, കേറാൻ നോക്ക്വാ
“എന്നാ കേറല്ല.. നാളെ കോറോത്തെ കാവിൽ കൂളിയൻ കെട്ടണം.. നീ വര്വോ?”
“അത് നിങ്ങളെ ജമ്മാരിയല്ലേ?”
“അതേട.. എന്റെ കാലിനു കുറ്റി കൊണ്ട് പഴുത്തിറ്റാ ഉള്ളേ അതോണ്ടാ.. നീ വന്ന് കെട്ടണം
“വരാം.. കാലിനെന്താ പറ്റിയേ..”
“അത് മാണിക്കകാവിൽ വീരൻ കെട്ടിയപ്പോ കാലിനു കുറ്റി തറച്ചതാ..”
“എന്നാ ശരി.. നാളെ കാണാം

എന്തായാലും പോസ് ചെയ്ത വെള്ളമടി നാളെ മനോഹരന്റെ കൂടെ ഐശ്വര്യമായി തുടങ്ങാമെന്നു കരുതി പ്രകാശൻ പ്ലാനിൽ വരുത്തിയ ഭേദഗതി അംഗീകരിച്ച് കുടിയനായ മനസ്സിനെ നിരാശപ്പെടുത്തി വീട്ടിലേക്ക് തിരിച്ചു.


മതിലിന്റെ പിൻഭാഗത്തെ മാവിന്റെ ചോട്ടിൽ ബൈക്ക് വെച്ച് ബാഗുമെടുത്ത് പ്രകാശൻ കാവിന്റെ മുറ്റത്തേക്കിറങ്ങി.  ആദ്യം നിലത്താണ് നോക്കിയത് കുറുന്തോട്ടിയുടെ കുറ്റിയോ മറ്റോ ഉണ്ടോ.. മനോഹരനു പറ്റിയത് പോലെ..  ഒന്നുമില്ല നന്നായി ചെത്തിക്കോരി വൃത്തിയാക്കിയിട്ടുണ്ട്.    അതിരിലെ വലിയ ചെമ്പകമരത്തിൽ നിന്നും പൂക്കൾ നിലത്ത് നിറയെ വീണു കിടക്കുന്നുണ്ട്.  അതിന്റെയേതോ കൊമ്പിൽ കെട്ടിയ മൈക്കിലൂടെ യേശുദാസ് പാടുന്നുണ്ട്.  കാവിനു പുറത്ത് വള ചാന്ത് കണ്മഷി തുടങ്ങിയതൊക്കെ വിൽക്കുന്ന വാണിഭക്കാരുടെ ചന്തകൾ കെട്ടുന്നുണ്ട്.  ചുറ്റുമുള്ള തെങ്ങുകളെ തമ്മിൽ ബന്ധിപ്പിച്ച് ജ്വല്ലറികളുടേയും ടെക്സ്റ്റൈൽ‌സുകാരുടേയും ഫ്ലെക്സുകൾ കെട്ടിയിട്ടുണ്ട്.  കാവും പരിസരവും ശ്രദ്ധിച്ചാൽ കമ്മിറ്റിക്കും നാട്ടുകാർക്കും അതിലുള്ള ആവേശവും വിശ്വാസവും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പറ്റും.  മൊത്തത്തിൽ സെറ്റപ്പൊക്കെ കണ്ടാൽ നല്ല വരവ് കിട്ടുന്ന ലക്ഷണമുണ്ട്.  പിന്നിലേക്ക് നടന്ന് തെയ്യക്കാർക്ക് വേണ്ടി കെട്ടി മറക്കിയ ഷെഡിലെത്തി അവിടെ കുരുത്തോല ചീകിക്കൊണ്ട് മനോഹരനുണ്ട്.   

“വേദനയുണ്ടോ..?”
“കൊറച്ച്
“അച്ഛനോട്ത്തു?”
“അപ്രത്ത്ണ്ട്” പിന്നെ ശബ്ദം താഴ്ത്തി, “നീ വ്രതം മുറിച്ചിട്ടില്ലല്ലോ?”
“ഇല്ല..”
“എന്നാലും കുഴപ്പമില്ല.. എന്നെക്കൊണ്ട് ഒട്ടും പറ്റുന്നില്ല.. നീയാകുമ്പോ പ്രശ്നമില്ലല്ലോ വാ കാവൊക്കെ കാണിച്ച് തരാം..”

കാവും ബലിത്തറയും ഗുരുതിത്തറയും കൽത്തറയും തൊഴണ്ട സ്ഥലവും നടത്തണ്ട ആചാര ക്രമങ്ങളും സ്ഥാനങ്ങളുമൊക്കെ മനോഹരൻ കൊണ്ട് പോയി കാണിച്ചു.  ഓരോ കാവിലും കെട്ടുന്നത് ഒരേ തെയ്യമാണെങ്കിലും സ്ഥലമനുസരിച്ച് അൽ‌പ്പ സ്വൽ‌പ്പം മാറ്റങ്ങളും ആചാരങ്ങളുമുണ്ടാകും. ഇവിടെ കാവിന്റെ പുറത്തുള്ള കുളത്തിനെ പൂജിക്കുന്ന ചടങ്ങുണ്ട്.  കുളത്തിന്റെ കരയിൽ നിന്ന് ആചാരത്തിന്റെ ഭാഗമായി തോറ്റങ്ങൾ ചൊല്ലി ചെമ്പകപ്പൂക്കൾ കുളത്തിൽ എറിയണം, അതു കഴിഞ്ഞ് തിരികെ കാവിലെത്തി തെയ്യത്തിന്റെ മുടി അഴിച്ച് വിശ്വാസികൾക്ക് അനുഗ്രഹം കൊടുക്കാം.  കുള പൂജയേ കാര്യമായിട്ട് നോക്കാനുള്ളൂ.  എല്ലാത്തിനും ഞാനും അച്ഛനും ഇടതും വലത്തുമുണ്ടാകും, പറയുന്നത് പോലെ ചെയ്താൽ മതി.  മനോഹരൻ പറഞ്ഞതൊക്കെ കേട്ട് പ്രകാശൻ തെയ്യത്തിന്റെ ഒരുക്കങ്ങളിലേക്ക് നീങ്ങി.  

രാത്രിയായി, ആളുകളൊക്കെ കൂടി, തോറ്റം കഴിഞ്ഞു.  മുഖത്തെഴുത്തും ഉടയാടയുമൊക്കെയിട്ട് വാദ്യത്തിന്റെ അകമ്പടിയുമായി പ്രകാശൻ തെയ്യം ഇറങ്ങി.  നല്ല തുടക്കമായിരുന്നു പ്രകാശൻ തെയ്യത്തിന്റേത്.  നല്ല ചടുലതാളം, രൌദ്രഭാവം.  കമ്മിറ്റിക്കാരൊക്കെ അത് പറയാൻ തുടങ്ങി. അല്ലെങ്കിലും ഈ നാട്ടുകാർ അങ്ങനെയാണ് സ്ഥിരമായി കെട്ടുന്നോൻ മാറി വേറൊരുത്തൻ വന്നാൽ ആദ്യം അവർ സമ്മതിക്കില്ല, കെട്ടിയാടാൻ തുടങ്ങിയാലോ ഗംഭീരം, ഇനിയെന്നും ഇയാൾ കെട്ടിയാൽ മതിയെന്ന് പറയും.  അത്രക്കേ ഉള്ളൂ ഇവരുടെ കാര്യം. 

പ്രകാശന്റെ ഓട്ടവും ആട്ടവും കണ്ട് ആൾക്കൂട്ടത്തിന്നിടയിൽ നിന്ന് ഓരോരുത്തന്മാർ പറയുന്നത് മനോഹരൻ കേൾക്കുന്നുണ്ടായിരുന്നു.  അത് കേട്ട് അവനു മനസ്സിൽ ചിരി വന്നു.  ഒലക്കയാണ് ഇവന്റെ ശരിയായ കെട്ടലെങ്ങാനും ഇവർ കണ്ടിറ്റ്ണ്ടെങ്കിൽ..  ഇതിനേക്കാൾ എത്രയോ നന്നായി ഞാൻ കെട്ടുമായിരുന്നു.  ഇവനെന്തോ പറ്റിയിട്ടുണ്ട്.  പണ്ടത്തെ ആവേശമൊന്നും ഇപ്പോഴില്ല, ഒട്ടും വേഗതയില്ല, ഓട്ടം ഇടക്കിടക്ക് നടത്തമാകുന്നുണ്ട്.  കൊറേ കെട്ടിത്തളർന്നിരിക്കും പോരാത്തേനു ചോപ്പ് അടിയുമുണ്ടാകും.  പണ്ടത്തെ പോലെയൊന്നും ഇപ്പോ കഴിയുന്നില്ലപ്പ.  വേഗം ക്ഷീണിക്കുന്നുണ്ട്.  ഏതായാലും ഇനി കുളത്തിൽ പൂവെറിയൽ ചടങ്ങ് കൂടി കഴിഞ്ഞാൽ തീർന്ന് കിട്ടിയല്ലോ.  മനോഹരനും അച്ഛനും പതുക്കെ പ്രകാശൻ തെയ്യത്തെ വാദ്യക്കാരുടെ അകമ്പടിയോടെ താളത്തിൽ നടന്ന് കുളത്തിന്നടുത്തേക്ക് കൊണ്ട് പോയി.  നാട്ടുകാരൊക്കെ വഴിയൊഴിഞ്ഞ് പിറകെയും.

മനോഹരനും നാട്ടുകാരും അന്നേവരെ കണ്ടിട്ടില്ലാത്ത കാവിന്റെ സിലബസ്സിലില്ലാത്ത തെയ്യാട്ടമായിരുന്നു പിന്നീടവിടെ നടന്നത്.  കുളത്തിന്റെ കരയിൽ കുറച്ച് സമയം ആട്ടം നടത്തിയതിനു ശേഷം പൂക്കൾ കുളത്തിലെറിഞ്ഞ് തിരിച്ച് കാവിൽ കയറലാണ് ചെയ്യേണ്ടിയിരുന്നത്.  പക്ഷേ പ്രകാശൻ തെയ്യം പൂക്കൾ കുളത്തിൽ അർപ്പിച്ചതിനു പിന്നാലെ ചുവടുകൾ വെച്ച് കുളത്തിലിറങ്ങി വെള്ളത്തിൽ ചില ചുവടുകളും മുദ്രകളും ആട്ടങ്ങളും നടത്തി.  മകരത്തിലെ മരം കോച്ചുന്ന തണുപ്പായിട്ടും തെയ്യം ഐസ് പോലെ തണുത്ത് കിടക്കുന്ന ആ വെള്ളത്തിൽ അരയോളം ഇറങ്ങി ക്രിയകൾ ചെയ്യുന്നത് കണ്ട് ആളുകളൊക്കെ ആശ്ചര്യത്തോടെ നോക്കി നിൽക്കുകയാണ്.  കാര്യം എന്തെന്ന് മനസ്സിലാകാത്ത വാദ്യക്കാർ സിലബസ്സിലില്ലാത്തതായിട്ടും കൊട്ട് നിർത്തിയില്ല.  അല്ലെങ്കിലും തെയ്യക്കാരും വാദ്യക്കാരും ഒരു പരസ്പര സഹായ സഹകരണ സംഘമാണ്.  തമ്മിൽ തമ്മിൽ ചുവടോ താളമോ തെറ്റിയാൽ അത് പുറത്ത് പ്രകടിപ്പിക്കില്ല, പറയുകയുമില്ല.  ആരുമറിയാതെ അഡ്ജസ്റ്റ് ചെയ്യും.  അതിനാൽ പുതിയ ചടങ്ങായിട്ടും ചെണ്ടക്കാർ അത്യാവേശത്തിൽ തോൽ കീറുമാറ് ആവേശത്തിൽ ചെണ്ടയുടെ മണ്ടക്കിട്ട് കീറി.  വിശ്വാസികളായ നാട്ടുകാർ ദൈവങ്ങളേന്ന് ആർത്ത് വിളിക്കാനും തുടങ്ങി. 

കുളത്തിൽ നിന്നും കയറിയതിനു ശേഷമായിരുന്നു ശരിയായ രൌദ്രതയിലും താളത്തിലും തിറയാട്ടമുണ്ടായത്.  ചടുല താളവുമായി പ്രകാശൻ തെയ്യം കാവിനെ ഇളക്കിമറിച്ചു.  അവന്റെയൊപ്പമെത്താൻ വാദ്യക്കാർ നന്നേ വിയർത്തു.  ആളുകൾ പരസ്പരം തലകുലുക്കി ഗംഭീരം എന്ന് പറഞ്ഞു. 

കമ്മിറ്റിയിലെ ചിലർ മനോഹരന്റെ അച്ഛനെ തോണ്ടി വിളിച്ച് തെയ്യമെന്തിനാ കുളത്തിലിറങ്ങിയതെന്ന് ചോദിച്ചപ്പോൾ  അത് പിന്നെ പറയാനുണ്ടോ കൂളിയൻ കൂടിയതാ ന്ന് മൂപ്പർ സർട്ടിഫൈ ചെയ്തു.  ഏതായാലും ഇത്തവണത്തെ തിറ ഗംഭീരമായി എന്ന അഭിപ്രായമായിരുന്നു കമ്മിറ്റിയിൽ എല്ലാവർക്കും.  തെയ്യത്തിന്റെ ആട്ടവും ഗംഭീരം ഇത് വരെ ചെയ്യാത്ത ചടങ്ങുകളും അതി ഗംഭീരം.  ഇത്ര കാലം കെട്ടിക്കൊണ്ടിരുന്ന മനോഹരൻ തെയ്യക്കാരൻ കുളത്തിലിറങ്ങാറുണ്ടായിരുന്നില്ല.  ശരിക്കും അങ്ങനെ ചെയ്യേണ്ടതുണ്ടാകും.  ദൈവം തെയ്യക്കാരനിൽ കൂടിയത് കൊണ്ടുമാകും.  മനോഹരൻ ചെയ്യാത്തത് തണുപ്പ് കൊണ്ടായിരിക്കും.  അത് തെറ്റായിപ്പോയി.  മനോഹരനൊക്കെ നാട്ടുകാരുടെയടുത്ത് പൈസ പിരിക്കാനുള്ള തിരക്കിൽ ചടങ്ങൊന്നും ചെയ്യാതെ തിരക്കിട്ട് നിർത്തുന്നതുമാകും.  പുതിയ തെയ്യക്കാരൻ വന്നത് കൊണ്ട് ഇങ്ങനെ ഒരു ആചാരം ഉണ്ടായിരുന്നെന്ന് അറിയാൻ പറ്റിയല്ലോ.  ഇനിയെപ്പോഴും അയാൾ കെട്ടിയാൽ മതി.

കണക്ക് തീർക്കാൻ വന്നപ്പോ കമ്മിറ്റിക്കാർ അത് മനോഹരനോടും അച്ഛനോടും ആ ചടങ്ങ് നിങ്ങൾ ഇത്രയും കാലം ചെയ്യാതിരുന്നത് തെറ്റായെന്ന് നീരസത്തിൽ സൂചിപ്പിക്കുകയുമുണ്ടായി. പ്രകാശനെ കൊണ്ട് വന്നത് തനിക്ക് പാരയായിയെന്ന് മനോഹരൻ നിരീച്ചു.   

വാദ്യമവസാനിപ്പിച്ച്, പ്രസാദം കൊടുക്കലും കഴിഞ്ഞ് ഉടയഴിക്കുമ്പോൾ മനോഹരൻ പ്രകാശനോട് ചോദിച്ചു.  “എടാ നീ എന്തിനാ കുളത്തിലിറങ്ങിയത്? കരയിൽ നിന്ന് പൂജ നടത്താനല്ലേ ഞാൻ പറഞ്ഞ് തന്നത്

“അത്.. പിന്നെ.. മനോഹരാട്ടാ.. ഞാൻ കുറേ നോക്കി.  പിടിച്ച് നിക്കാനായില്ല്ല.. ഒരു രക്ഷയുമില്ലായിരുന്നു..”

“എന്തിനു?”

“ അത്. ഞാൻ. രണ്ടിനു പോയതാ..

പോസ് ചെയ്ത വിഷ്വൽ പോലെ ചിരിയോ കരച്ചിലോ എന്നറിയാത്ത ഭാവവുമായി മനോഹരൻ സ്റ്റിൽ ആയി നിന്നു.

16 comments:

  1. ഓരോരോ അചാരങ്ങളേ...

    ReplyDelete
  2. standard writing, yaadharthyaththinte theevrathayum oppam narmavum

    ReplyDelete
  3. കുളത്തിനെ തീട്ടാട്ടമാക്കിയ ഒരു തിരയാട്ടം...!

    ReplyDelete
  4. ഇങ്ങനേം ഒരാചാരമുണ്ടായിരിയ്ക്കാം. ന്നാലും കുളത്തിലെങ്ങനെ സാധിച്ചാവോ ;)

    കലക്കി, കുമാരേട്ടാ

    ReplyDelete
  5. മുട്ടിയാൽ തടുക്കാനവാത്തതു ഇതോന്നല്ലേ ഉള്ളൂ ! എന്തായാലും തെയ്യാട്ടം തകർപ്പനായി .

    ReplyDelete
  6. അയ്യയ്യോ....ശരിയ്ക്കും ചിരിച്ചുപോയി അവസാനമെത്തിയപ്പോള്‍!
    പക്ഷെ “രണ്ട്“ പൊന്തിവരുമല്ലോ. അതിന്റെ സ്പെസിഫിക് ഗ്രാവിറ്റി അങ്ങന്യാ.....!!

    ReplyDelete
  7. അതു കലക്കി! അടുത്ത വര്‍ഷം മുതല്‍ തെയ്യം ആടുന്നവന്‍ കുളത്തിലിറങ്ങിയേ പറ്റൂ. 'കുളത്തിലിറങ്ങിയാട്ടം' ആ കാവിന്റെ സവിശേഷതയുമാവും.
    എന്റെ അജിത്തേട്ടാ, മിത്തോളജിയും ബയോളജിയും ചേര്‍ന്നലിയാന്‍ നോക്കുന്നിടത്ത് ഫിസിക്സ് കൊണ്ടുവരല്ലേ....

    ReplyDelete
  8. ഇത്തവണ കുമാരേട്ടന്റെ കഥ പഴയ സ്റ്റൈലിലേക്ക് തിരികെ എത്തി. അവസാനം ചിരിച്ച് മണ്ണു കപ്പി. കഥ അടിപൊളി. ഇത്തരം മണ്ടത്തരങ്ങളാകും പിന്നീട് ആചാരങ്ങളായി മാറുന്നത്.
    ആശംസകൾ...

    ReplyDelete
  9. കുമാരാ,ചിരിച്ചു മണ്ണ് കപ്പി.ആചാരങ്ങള്‍ ഉണ്ടാകുന്നത് ഇങ്ങിനെയാണ്.

    ReplyDelete
  10. ദൈവം കുളത്തില്‍ കലക്കിയ പ്രസാദം നാട്ടുകാര്‍ വീട്ടിലേക്ക്‌ കൊണ്ടുപോയിക്കാണും ല്ലേ...

    ReplyDelete
  11. നന്നയിട്ടുണ്ട് കുമാരാ

    ReplyDelete
  12. "നാലാളക്കണ്ടാലും നാലാഴം വെള്ളം കണ്ടാലും കണ്ണങ്ങാട്ടമ്മക്ക്‌ ആനമദപ്പാടാേേേേണേയ്‌്‌ ..... " എന്നാർത്തു വിളിച്ച്‌ തെയ്യം നീരാടിയ, അതായത്‌ കാര്യം സാധിച്ച കഥ ഞങ്ങളുടെ നാട്ടിലും കേട്ടിട്ടുണ്ട്‌. ഉള്ളതാണോന്നറിയില്ല..

    ReplyDelete