അമേരിക്കയിലെ ഐ.ടി. എഞ്ചിനീയർ പി.പി.തംബറുമായുള്ള സിനിമാതാരം
റാണിപിങ്കിയുടെ കല്യാണവാർത്ത നെറ്റിസൺസിനും മാധ്യമങ്ങൾക്കും മാലോകർക്കും മഹോത്സവമായിരുന്നു.
പീഢന വാർത്തകൾകൊണ്ട് അലങ്കരിച്ചിരുന്ന പത്രകള്ളികളും പ്രൈംടൈം ന്യൂസും ബ്രേക്കിങ്ങ് ന്യൂസുമൊക്കെ
പിന്നെ കല്യാണവിശേഷങ്ങൾ കൊണ്ട് ഹൌസ്ഫുള്ളായി.
എണ്ണവിലയോ അരിവിലയോ ഏതാണ് നൂറ് രൂപ ആദ്യം തികയ്ക്കുകയെന്ന നെഞ്ചുരുക്കുന്ന
വാർത്തകൾ പെട്ടെന്ന് റാണിപിങ്കിയുടെ കവിളിലും ചുണ്ടിലും തേക്കുന്ന ചായങ്ങൾക്ക്
വേണ്ടി വഴിമാറി. കല്യാണപ്പുടവ മുതൽ
അടിപ്പുടവ വരെയുള്ള ജംഗമവസ്തുക്കൾ സ്പോൺസർ ചെയ്യുന്ന ടെൿസ്റ്റൈൽകാരന്റെയും
ജ്വല്ലറിക്കാരന്റെയും കത്ത് അച്ചടിച്ചവന്റെയും, പൂക്കാരൻ
പൊള്ളാച്ചിമുത്തുവിന്റെയും പന്തലുകാരൻ സുൽഫിയുടെയും എന്തിന് സദ്യ ഉണ്ടാക്കുന്ന
മണിയാശാന്റെ പോലും ഇന്റർവ്യൂകൾ കൊണ്ട് ചാനലുകൾ നിറഞ്ഞു. കല്യാണത്തെക്കുറിച്ച് എന്തെങ്കിലും ഒരു വാർത്തയില്ലാതെ
ഒരു ദിവസത്തെ പത്രം പോലും ഇറങ്ങിയിരുന്നില്ല.
റാണിപിങ്കിയുടെ നേഴ്സറി സ്കൂൾ, പഠിച്ച സ്കൂൾ, പഠിക്കാനുദ്ദേശിച്ച
കോളേജിന്റെ (കുമാരി റാണി എട്ടാം ക്ലാസ്സിലെ കലോത്സവം കഴിഞ്ഞയുടനെ സിനിമയിലേക്ക്
പോകുകയായിരുന്നല്ലോ.) വിവരണങ്ങളും, കൂടെ പഠിച്ചവരുടെ ഇന്റർവ്യൂവുമൊക്കെയായി
മാധ്യമങ്ങൾ മത്സരിച്ച് വാർത്ത കൊട്ടിക്കയറ്റി.
താരറാണിയുടെ പെട്ടെന്നുള്ള കല്യാണവാർത്ത അവരുടെ
ലക്ഷക്കണക്കായ ആരാധകരിൽ ഭയങ്കരമായ ഞെട്ടലാണുണ്ടാക്കിയത്. അവരിൽ പലരും സിനിമകാണൽ നിർത്തുകയും, ചിലർ
ഇനിമുതൽ മറ്റ് നടിമാരുടെ ഫാൻസാണെന്ന് പ്രഖ്യാപിക്കുകയും, ചിലർ അന്നേ ദിവസം
ആത്മഹത്യ ചെയ്യുമെന്ന് പരസ്യമായി പറയുകയും ചെയ്തു. എന്തെങ്കിലും ചോരത്തുള്ളികൾ കിട്ടുമെന്ന്
വിചാരിച്ച് ചിലരുടെ വീടിന്റെ മുന്നിൽ മാധ്യമമുതലാളിമാർ പ്രത്യേക ലേഖകനെ സ്ഥിരമായി ഡെപ്യൂട്ട്
ചെയ്തു. റാണിയുടെ പടങ്ങൾ മാത്രം ഓടിച്ച്
കഞ്ഞി കുടിച്ചിരുന്ന ചില ടാക്കീസ് മുതലാളിമാർ കൊട്ടക ആക്രിസാധനത്തിന്റെ
ഗോഡൌണാക്കാൻ തീരുമാനിച്ചു. എന്നാൽ
കല്യാണവാർത്തയറിഞ്ഞ് സിനിമയിലെ മറ്റ് യുവനടിമാർ തുള്ളിച്ചാടി ഐറ്റം ഡാൻസ് കളിച്ചു. തങ്ങളുടെ മുന്നിൽ ഇടുങ്ങിയ റോഡിലെ ക്യാപ്സ്യൂൾ
ലോറി പോലെ തടസ്സമായിരുന്ന റാണി ഇന്ത്യാ വൻകര കടക്കാൻ പോകുന്നെന്ന വാർത്ത
അവരെയൊക്കെ ലോ ബജറ്റ് പടം കോടികൾ നേടിക്കൊടുത്തത് പോലെ ആനന്ദമുഖികളാക്കി.
വലയുലകം പൊതുവെ മരണവീട് പോലെ ശൂന്യമൂകമായിരുന്നു. ചില എഫ്.ബി. വികാരികൾ റാണിപിങ്കിയുടെ കൂടെ
നിൽക്കുന്ന പടം ഫേസ്ബുക്കിലിട്ട് അഭിമാൻസ് ആവുകയും അതിൽ ആയിരക്കണക്കിന് ലൈക്ക്
വീഴുകയും ചെയ്തു. റാണിപിങ്കിക്ക് വേണ്ടി
തുടങ്ങിയ ‘അഭിനയം നിർത്തരുത് ഏഴകളെ അനാഥരാക്കരുത്‘ എന്ന എഫ്.ബി.പേജ് ലക്ഷങ്ങളാണ്
സപ്പോർട്ട് ചെയ്തത്. റാണിയുടെ സിനിമകളിലെ
വസ്ത്രദാരിദ്ര്യത്തെപ്പറ്റി വിമർശിച്ച് പോസ്റ്റിട്ട ഒരു പാവം സിനിമാ സ്നേഹിയുടെ
മാതാപിതാക്കളെ പച്ചത്തെറി വിളിക്കാൻ വിദ്യാസമ്പന്ന ഐ.ടി. ഉപയോക്താക്കൾ ഒരേ
മനസ്സോടെ കീബോർഡമർത്തി.
ചാനലുകളായ ചാനലുകളൊക്കെ റാണിപിങ്കി കൈയ്യും കാലും
മാറും കാണിക്കുന്ന വിധത്തിൽ നിന്നുമിരുന്നുമുള്ള വിവിധങ്ങളായ ഇന്റെർവ്യൂ കൊണ്ട്
നിറഞ്ഞു. മുതലാളിവർഗ ചാനലും തൊഴിലാളിവർഗ
ചാനലും അക്കാര്യത്തിൽ കിടമത്സരമായിരുന്നു.
ശ്രദ്ധേയങ്ങളായ ചില ചോദ്യോത്തരങ്ങൾ ഇങ്ങനെയായിരുന്നു:
“മാഡം വുഡ്ബി ഏത് രാജ്യക്കാരനാണ്? തംബർ എന്ന പേരു റെയർ
നെയിം ആയത് കൊണ്ടാണ് ചോദിച്ചത്…?”
അവതാരകൻ.
“ആക്ച്വലി.. അദ്ദേഹം മലയാളി തന്നെയാണ്.. തംബുവിന്റെ റിലേറ്റീവ്സ് കേരളത്തിലാണ്.. ഞങ്ങൾ
എൽ.കെ.ജി.യിൽ ഒന്നിച്ചായിരുന്നു സ്റ്റഡി ചെയ്തത്.. യു.കെ.ജി. കഴിഞ്ഞയുടനെ അദ്ദേഹം
ഹയർ സ്റ്റഡീസിന് അമേരിക്കയിലേക്ക് പോയി..”
പിങ്കിറാണി മുഖത്തേക്ക് വീണ ആലിന്റെ വേരുകൾ പോലെയുള്ള മുടികളെ കൈകൊണ്ട്
ചെവിയുടെ പിന്നിലേക്ക് കൊണ്ട് പോയി വെച്ചുകൊണ്ട് മൊഴിഞ്ഞു.
(കോഴിക്കോട്ടുകാരൻ കുഞ്ഞിരാമാട്ടന്റെ നാലാമത്തെ മകനായ
കല്യാണ ചെക്കന്റെ പേരു പുളിയാങ്കണ്ടി പീതാംബരൻ എന്നാണെന്നും അത് ആൾട്ടർ ചെയ്താണ്
പി.പി.തംബർ എന്ന വെയ്റ്റുള്ള വറൈറ്റി പേരുണ്ടാക്കിയതെന്നും ആരുമറിയാത്ത രഹസ്യം.)
“മാഡം അപ്പോൾ ഇതൊരു പ്രണയവിവാഹമായിരുന്നോ..?”
“നോ.. നോ.. പരിചയമുണ്ടായിരുന്നെങ്കിലും ഞങ്ങൾ
പ്രണയത്തിലായിരുന്നില്ല. യു.എസ്സില്
പ്രൊഗ്രാംസിന് പോകുമ്പോൾ തംബുവിന്റെ ഫ്ലാറ്റിലായിരുന്നു എന്റെ അക്കമ്മഡേഷനും
മറ്റെല്ലാകാര്യങ്ങളും.. അത് കൊണ്ട് അപരിചിതത്വം എന്നത് ഫീൽ ചെയ്യാറേയില്ല..
ആക്ച്വലി അന്നൊക്കെ ഞങ്ങൾ വെറും ഫ്രന്റ്സായിരുന്നു. വളരെ ഇൻസിഡെന്റലായി എന്റെ ഒരു കൂട്ടുകാരിയാണ്
ചോദിച്ചത് നിനക്ക് തംബുവിനെ മാരി ചെയ്തൂടേ എന്ന്.. അപ്പോഴാണ് ഞങ്ങൾക്കും അത് തോന്നിയത്. ആ കൂട്ടുകാരി ഇല്ലായിരുന്നെകിൽ ഞങ്ങൾ ഇപ്പോഴും
സുഹൃത്തുക്കളായി തുടർന്നേനേ… ശോ...!!”
(പലതവണ ഒരുമുറിയിൽ ഒരുമിച്ച് കഴിഞ്ഞിട്ടും തംബു എന്റെ
കൈ പോലും ടച്ച് ചെയ്തിട്ടില്ലെന്ന് പറഞ്ഞ് കേൾക്കാനുള്ള മഹായോഗം
പ്രേക്ഷേകർക്കില്ലാതെ പോയി)
“മാഡത്തിന്റെ സിനിമയിലേക്കുള്ള എൻട്രി
എങ്ങനെയായിരുന്നു..?”
“ആക്ചലി ഫിലിം ഫീൽഡിൽ എനിക്ക് ഇന്ററെസ്റ്റുണ്ടായിരുന്നില്ല. ഒരിക്കൽ ഞാൻ ഡാൻസ്ക്ലാസ്സിൽ പോകാൻ ബസ്‌സ്റ്റോപ്പിൽ
നിൽക്കുമ്പോൾ അതിലേ പോയ ഡയറക്ടർ ജാപ്പീക്ക എന്നെ കാണുകയും സെലക്റ്റ്
ചെയ്യുകയുമാണുണ്ടായത്... സ്റ്റോറിക്ക് ആപ്റ്റ് ആയ ഫേസ് എനിക്ക് മാത്രേള്ളൂ, കുട്ടി
ഇല്ലെങ്കിൽ ഈ പ്രൊജെക്ട് ലീവ് ചെയ്യുമെന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ പാരന്റ്സിനോട്
ആസ്ക് ചെയ്യാൻ പറഞ്ഞൊഴിഞ്ഞു..”
(മകളെയൊരു നടിയാക്കണമെന്ന് കരുതി താരമാതാവ് കാണാത്ത
സംവിധായകരും അടക്കാത്ത വാതിലുകളും ഉണ്ടായിരുന്നില്ലെന്നത് പൂട്ടിയ ടാക്കീസുകൾ പോലെ
സത്യം.)
“ആ സിനിമ ഭയങ്കര ഹിറ്റായിരുന്നല്ലോ…”
“യാ.. യാ.. പൂഞ്ചോലയിൽ പൂങ്കുരുവിയുടെ കഥ കേട്ടപ്പോൾ
തന്നെ ഞാൻ ഭയങ്കരമായി ഇന്റെറെസ്റ്റായിപ്പോയി.
ഉദ്യോഗസ്ഥരായ മാതാപിതാക്കൾക്ക് ഒരു നേരത്തെ ഫുഡിനു വേണ്ടി സ്വന്തം ശരീരം
വിൽക്കുന്ന ഒരു കോളേജ് സ്റ്റുഡെന്റിന്റെ സ്റ്റോറിയായിരുന്നു അത്. ശോ.. റീയലി ടച്ചിങ്ങ്.!! യൂ സീ.. ഫ്രീഡം
കിട്ടിയിട്ട് ഇത്രേം ഇയേഴ്സായിട്ടും നാടിന്റെ ഒരു അവസ്ഥ…!” റാണി മുടി പിന്നെയും
ചെവിയിൽ വലിച്ച് വെച്ചു. ഇത്
ഓരോമിനുട്ടിലും റിപ്പീറ്റ് ചെയ്ത് കൊണ്ടിരിക്കും. ബോധപൂർവ്വമുള്ള ഒരു അശ്രദ്ധ.
“ആദ്യ സിനിമയുടെ പ്രതികരണം എങ്ങനെയായിരുന്നു.. ഐ മീൻ
ക്രിടിക്സ്…”
“അതിൽ ഞാൻ പാന്റീസ് മാത്രമിട്ടഭിനയിച്ചു.. നായകനെ ഉമ്മ
വെച്ചു എന്നൊക്കെയാണല്ലോ ക്രിട്ടിക്സ് ടെൽ ചെയ്യുന്നത്.. അതിൽ കാര്യമില്ല, യൂ സീ..
കഥാപാത്രം റിക്വസ്റ്റ് ചെയ്യുന്നതാണെങ്കിൽ വസ്ത്രം പോലും അവോയിഡ് ചെയ്യാൻ റിയൽ
ആക്ടർ റെഡിയാവണം എന്നാണെന്റെ ഒപ്പിനിയൻ.. അല്ലെങ്കിലും വസ്ത്രം എന്നത് ഒരു
എൿസ്ട്രാ ഫിറ്റിങ്ങല്ലേ ശരീരത്തിൽ?
ആക്ടിങ്ങെന്ന് വെച്ചാൽ ബോഡി മൊത്തം ചേർന്നതല്ലേ.? നാച്വറലായി ആക്റ്റ്
ചെയ്യുമ്പോൾ ബോഡി കവർ ചെയ്താൽ ആക്റ്റിങ്ങ് എങ്ങനെ പെർഫെക്റ്റാകും...”
(കോസ്റ്റ്യുംസ് എക്പെൻസ് ലാഭിക്കാൻ എല്ലാ പടങ്ങളിലും
താൻ ഇനി ബിക്കിനിയിട്ടേ അഭിനയിക്കൂ എന്നും കൂടി പറയാമായിരുന്നു.)
“നടി സരിതാമേനോന്റെ പ്രസവരംഗം സിനിമയ്ക്കായി ഷൂട്ട്
ചെയ്തതിനെപ്പറ്റി മാഡത്തിന്റെ ഒപ്പിനിയൻ.?“
“സ്റ്റോറി അത് നീഡ് ചെയ്യുന്നെങ്കിൽ അതിലെന്താണ്
തെറ്റ്? യൂ സീ.. അത്തരമൊരു റോൾ
കിട്ടുമെങ്കിൽ പ്രെഗ്നന്റ് ആകാൻ പോലും ഞാൻ റെഡിയാണ്.. ബട്ട് ബ്രെസ്റ്റ് ഫീഡിങ്ങ്
ഇസ് എ ചലഞ്ച്.. എന്റെ ഫസ്റ്റ്നൈറ്റും വെർജിനിറ്റി ബ്രേക്ക് ചെയ്യുന്നതും കാണിക്കാൻ
ഞാൻ റെഡിയായിരുന്നു..”
“എങ്കിലത് ചെയ്തൂടേ മാഡം.. മുസലി പവർ
എക്സ്ട്രാക്കാരൊക്കെ സ്പോൺസർ ചെയ്യാൻ റെഡിയാകും..”
“ആവാമായിരുന്നു, ബട്ട്, പോയ വിസ്ഡം എലിഫന്റ്
പിടിച്ചാലും തിരിച്ച് കിട്ടില്ലല്ലോ..”
(പതിനാലു വയസ്സിൽ പ്രൊഡ്യൂസർ അണ്ണാച്ചിക്ക് അത്
ഡെഡിക്കേറ്റ് ചെയ്തപ്പോൾ ഷൂട്ട് ചെയ്ത് വെക്കാൻ തോന്നാത്തതിന്റെ നിരാശ പിങ്കിറാണിയുടെ
മുഖകമലങ്ങളിൽ.)
“മാഡം ഹണിമൂൺ എവിടെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്..?“
“ആക്ചലി ഞങ്ങൾ ഇനി പോകാൻ ഒരു രാജ്യവും ബാക്കിയില്ല..
അത് കൊണ്ട് ഹണിമൂൺ വർഷങ്ങളായി പോയിട്ടില്ലാത്ത എന്റെ വീട്ടിൽ തന്നെയായിരിക്കും..”
“ഡെൽഹിയിലെ കൂട്ടമാനഭംഗത്തിനെപ്പറ്റി…”
“കേട്ടപ്പോൾ ഞാൻ ഷോക്ക്ഡായി... എന്ത് ക്രൂരമായ
ലോകമാണിത്… ഇന്ത്യ എന്റെ രാജ്യമാണെന്ന് പറയാൻ പോലും ഞാൻ
മടിക്കുന്നു.. ഷെയിം ഫുൾ.. ആ കുട്ടിയുടെ ഒരു കാര്യം….
ആക്ചലി, അങ്ങനെ എതിർത്തിരുന്നെങ്കിൽ ആ കുട്ടിയുടെ അവസ്ഥ എനിക്ക് പണ്ടേ
വരുമായിരുന്നു…”
“വിവാഹശേഷം
മാഡം അഭിനയിക്കുമോ..?”
“യെസ്.. ഐയാം എ ബോൺ ആക്ടർ.. സോ ആക്ടിങ്ങ് ഞാൻ
വിടത്തില്ല.. തംബു സമ്മതിക്കുന്നില്ലെങ്കിൽ എനിക്ക് ജീവിതത്തിലും ആക്റ്റ്
ചെയ്യേണ്ടി വരും…”
അങ്ങനെ റാണിപിങ്കിയുടെ കല്യാണത്തിന് ലോകം മുഴുവനും ഒരുങ്ങി. കുറി കിട്ടിയവർ എല്ലാവരോടും പറഞ്ഞു അന്തരംഗത്തെ
അഭിമാനപുളകിതമാക്കി. കല്യാണത്തിനു
പോകുന്നവർക്ക് വേണ്ടി കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ ബസ്സും, റെയിൽവേ സ്പെഷ്യൽ
ട്രെയിനും എയർഇന്ത്യക്കാർ പ്രത്യേക ചാർജ്ജിളവും ഓഫർ ചെയ്തു. കിട്ടാത്തവർ കുറി കിട്ടി പക്ഷേ പോകാൻ
പറ്റില്ല, അന്ന് അർജന്റായ വേറെ പരിപാടികളുണ്ടെന്ന് പറഞ്ഞ് ചമ്മൽ മറച്ചു.
മുനിസിപ്പൽ സ്റ്റേഡിയത്തിലായിരുന്നു കല്യാണവും സദ്യയും
അറേഞ്ച് ചെയ്തത്. ഒക്കെ ഒരു മാസം മുൻപ്
തന്നെ അറേഞ്ച് ചെയ്തിരുന്നു. രാവിലെ മുതൽ
സ്റ്റേഡിയവും പരിസരവും ആളുകളേയും വാഹനങ്ങളേയും കൊണ്ട് നിറഞ്ഞു. കല്യാണം കഴിഞ്ഞതും ആളുകളെല്ലാം സദ്യ
ഏർപ്പാടാക്കിയ സ്ഥലത്തേക്ക് നീങ്ങി. അന്നവിചാരം
മുന്നവിചാരം എന്നുള്ളവർ ആദ്യം തന്നെ ഭക്ഷണസ്ഥലത്ത് പോയി ക്യൂ നിന്നു. കനത്ത പോളിങ്ങായതിനാൽ നാലഞ്ച്
റൌണ്ടായപ്പോഴേക്കും ചോറ് കാലിയാകാറായി.
ഭക്ഷണം തികയില്ലെന്നുറപ്പായതിനാൽ കൂടുതൽ ചോറ് വെക്കാൻ വെപ്പുകാരൻ
മണിയാശാനും ടീമും തയ്യാറെടുത്തു.
അടുപ്പിൽ തിളക്കുന്ന വെള്ളത്തിലേക്ക് കഴുകിയ അരി ഇടാനായി
നിൽക്കുന്ന മണിയാശാനോട് റാണിപിങ്കിയുടെ സെക്രട്ടറി പന്തളം പുരുഷോത്തമൻ ഓടി വന്ന്
പറഞ്ഞു, “ആശാനേ.. മണിയാശാനേ… നിർത്ത് നിർത്ത്…”
സദ്യയിലെന്തോ കുഴപ്പം പറ്റിയെന്നുറപ്പിച്ച് പേടിച്ച്
വിറച്ച മണിയാശാൻ എന്തേന്ന് ചോദിക്കാൻ പോലും മറന്നു കണ്ണ് തള്ളി വായ തുറന്ന്
നിന്നു. ഓടിവന്നപ്പോൾ ബാലൻസ് തെറ്റി
വെള്ളച്ചെമ്പിലേക്ക് പോകുമായിരുന്ന ബോഡിയെ നിയന്ത്രണത്തിലാക്കി പന്തളം പുരുഷു
കിതപ്പിന്നിടയിലൂടെ പറഞ്ഞു.
“ആശാനേ.. വിളമ്പൽ നിർത്തിക്കോ… ഇനി ചോറിന് അരിയിടണ്ട….,, റാണിപിങ്കി മാഡം…..”
“റാണിപിങ്കി മാഡം……..?!?!“
“മാഡം ഡൈവോഴ്സായി…..!!!”