
ഏപ്രിൽ മാസം തിരൂർ തുഞ്ചൻ പറമ്പിൽ ഒരു മീറ്റ് നടന്നിരുന്നല്ലോ. വളരെ നേരത്തെ തീരുമാനിച്ച് വിപുലമായ രീതിയിൽ നല്ല നിലയിൽ സംഘടിപ്പിക്കപ്പെട്ടതായിരുന്നു ആ മീറ്റ് എന്നതിൽ കുറ്റം പറയാനില്ല. പക്ഷേ ആ മീറ്റിൽ പങ്കെടുത്ത ഒരു പാവം ചെറുപ്പക്കാരനുണ്ടായ അനുഭവം വളരെ ക്രൂരമായിരുന്നു. മീറ്റുകളിൽ പങ്കെടുക്കുന്ന ഒരാൾക്കും അതു പോലൊരു ദുരനുഭവം ഇനിയുണ്ടാകരുതെന്ന് കരുതിയാണ് ഈ പോസ്റ്റ്. ഇത്തരം മീറ്റുകൾക്ക് ഇറങ്ങി പുറപ്പെടും മുൻപ് ആരായാലും ഒന്നു കൂടി ആലോചിക്കുന്നത് നന്നായിരിക്കും.
സൌകര്യത്തിനു വേണ്ടി നമുക്ക് ഈ ബാച്ചിലർ യൌവനത്തെ ശ്രീക്കുട്ടൻ എന്നു വിളിക്കാം. കേവലം ഇരുപത്തിയഞ്ച് വയസ്സ് പ്രായമുള്ള, ഊർജ്ജ്വസ്വലനും പുരോഗമന തൽപ്പരനും സാഹിത്യ കലാ വാസനയുള്ളവനുമാണ് കക്ഷി. ബസ്സിലോ ബ്ലോഗിലോ എവിടെ വെച്ചു പോലും ഒരു നാരിയുടെ മുന്നിലും നാറിയിട്ടില്ല. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ ഗൾഫിലെ ഉന്നത ജോലി പോലും ഉപേക്ഷിച്ചവൻ. വല്ലപ്പോഴും സൌഹൃദത്തിനു വേണ്ടി അൽപ്പം ബീയർ രുചിക്കുമെന്നല്ലാതെ ഒരു ദുശ്ശീലവുമില്ല. ഇന്നത്തെ കാലത്ത് അതൊരു പറയാൻ മാത്രമുള്ള കുറ്റമല്ലല്ലോ.
ഗൾഫിൽ നിന്നും നാട്ടിലെത്തി കുറച്ച് കഴിഞ്ഞ് ഒരു ദിവസം ചാറ്റിങ്ങിന്നിടയിൽ ഞാനാണ് തിരൂരിലെ ബ്ലോഗ് മീറ്റിനെപ്പറ്റി പറഞ്ഞത്. സി.വി. ഫോർവേഡ് ചെയ്യൽ മാത്രമല്ലാതെ വേറേ പണിയൊന്നുമില്ലാത്തത്ത് കൊണ്ട് കേട്ടയുടനെ അവനും വരുന്നുണ്ടെന്ന് പറഞ്ഞു. ബ്ലോഗേഴ്സായ ലുട്ടുവും, ഷമിത്തും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. തിരൂരിലേക്ക് പുലർച്ചെ അഞ്ച് മണിക്ക് കണ്ണൂരിൽ നിന്നുള്ള ട്രെയിനിൽ പോകാമെന്നായിരുന്നു തീരുമാനം. ശ്രീക്കുട്ടൻ കാസർഗോഡു നിന്നും വന്ന് സ്റ്റേഷനിൽ കാത്ത് നിൽക്കുമെന്നായിരുന്നു പറഞ്ഞത്. പക്ഷേ പുലർച്ചെ നാലരയോടെ സ്റ്റേഷനിലെത്തിയ ഞങ്ങൾക്ക് അവനെ അവിടെയൊന്നും കാണാൻ പറ്റിയില്ല. മൊബൈലിൽ ഒരുപാട് വിളിച്ചെങ്കിലും ഫോണെടുക്കുന്നുമില്ല.
അവൻ കണ്ണൂരിൽ ലാൻഡ് ചെയ്തിട്ടുണ്ടെന്ന് തലേന്ന് രാത്രി പന്ത്രണ്ട് മണിക്ക് എസ്.എം.എസ് അയച്ചിരുന്നു. പിന്നെ ഇവനെവിടെ പോയെന്നോർത്ത് ഞങ്ങൾ ടെൻഷനിലായി. ട്രെയിൻ കറക്റ്റ് അഞ്ച് മണിക്ക് എടുക്കും. എവിടെയെങ്കിലും കിടന്നുറങ്ങിപ്പോയിരിക്കും എന്ന് വിചാരിച്ച് പ്ലാറ്റ്ഫോം മുഴുവൻ പരതി. എവിടെയും അവനെ കണ്ടില്ല. അങ്ങനെ നടന്ന് തളർന്ന് ഞാനൊരു സിമന്റ് ബെഞ്ചിലിരുന്നു. അപ്പോഴേക്കും ട്രെയിൻ എടുക്കാനായിരുന്നു. അവൻ ഇല്ലാതെ പോകാമെന്ന് തീരുമാനിച്ച് അവസാനമായി ഒരിക്കൽ കൂടി റിങ്ങ് ചെയ്തു. ഇരിക്കുന്ന ബെഞ്ചിന്റെ തൊട്ടു പിറകിൽ നിന്നും മൊബൈൽ അടിക്കുന്നത് കേട്ടു. ഏതോ അണ്ണാച്ചിയാണെന്ന് തോന്നുന്നു പുതച്ച് ചുരുണ്ട് കൂടി ഉറങ്ങുകയാണ്. അതിന്റകത്ത് നിന്നാണ് മൊബൈൽ അടിക്കുന്നത്. പുതപ്പിന്റെ സ്റ്റാൻഡേർഡ് വെച്ച് അത് അവനാകാൻ ഒട്ടും സാധ്യതയില്ലാത്തത് കൊണ്ട് മൊബൈൽ കട്ട് ചെയ്ത് ഒന്നു കൂടി റിങ്ങ് ചെയ്തു. അപ്പോഴും മാറ്റമില്ല. അവന്റെ ഫോൺ ഇയാൾ അടിച്ചു മാറ്റിയോ എന്ന കൺഫ്യൂഷനിലായ ഞങ്ങൾ പതുക്കെ ആ കീറപ്പുതപ്പ് പൊന്തിച്ചു. അതിന്റെയുള്ളിലെ സീൻ കണ്ടപ്പോ ഞങ്ങൾ ഞെട്ടിപ്പോയി..
ശ്രീക്കുട്ടനെയും കെട്ടിപ്പിടിച്ച് ഒരു അണ്ണാച്ചി പെണ്ണ് കിടന്നുറങ്ങുന്നു…! റെയിൽവേ സ്റ്റേഷനിലെ ആളൊഴിഞ്ഞ മൂലയിലെ സിമന്റ് ബെഞ്ചിലൊരു രതിച്ചേച്ചിയും പപ്പുവും..!
ഞങ്ങളുടനെ അവനെ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു. നിലാവത്ത് എണീറ്റ കോഴിയെപ്പോലെ അവനൊന്നും മനസ്സിലാകാതെ നിന്നു. ട്രെയിൻ വിടാറായി. വേഗം കയറെന്നു പറഞ്ഞ് എല്ലാവരും ട്രെയിനിലേക്ക് ഓടിക്കയറി. പിറകിലെ പുതപ്പിനുള്ളിൽ നിന്നും കൈ നീട്ടി “കുട്ടാ പോങ്കക്കൂടാതടാ… മുത്തേ..” എന്നൊരു പിൻവിളി അതിന്നിടയിൽ കേട്ടു.
കയറി ഇരിക്കാൻ നോക്കിയപ്പോൾ കംപാർട്ട്മെന്റ് മുഴുവൻ കാലി. അത് കണ്ണൂരിൽ നിന്നെടുക്കുന്ന ട്രെയിനായത് കൊണ്ടാവുമെന്നു ആശ്വസിച്ചപ്പോൾ “എണീക്കടാ..“ എന്ന് ഒരു പെണ്ണ് അലറി. “അയ്യോ ഇറങ്ങിക്കോ.. ഇത് ലേഡീസാ..“ എന്നും പറഞ്ഞ് നാലു പേരും അതിൽ നിന്നും ചാടി തൊട്ടടുത്ത കംപാർട്ട്മെന്റ് പിടിച്ചു. ഗോവിന്ദച്ചാമി ഇറങ്ങിയ കാലമായതിനാൽ അതിൽ കൂടുതൽ അവിടെ നിന്നിരുന്നെങ്കിൽ ആ പെണ്ണിന്റെ കൈക്ക് പണിയായേനേ.
ഒരു സീറ്റിലിരുന്ന ശേഷം ഞങ്ങൾ ശ്രീക്കുട്ടനോട് കൂടെ ഉറങ്ങുന്നത് കണ്ട പെണ്ണ് ഏതാണെന്ന് ചോദിച്ചു.
“അയ്യോ അതെനിക്കറിയില്ല.. ഞാനാ ആട ആദ്യം കിടന്നേ.. ആ പെണ്ണ്ങ്ങ രാത്രി എപ്പോ വന്ന് കെടന്നതാ… തണുപ്പ് കൊണ്ട് ഞാൻ ഉറക്കത്തിൽ പുതപ്പ് വലിച്ച് മേത്തിട്ടതായിരിക്കും.. ഞാനങ്ങനത്തെ ടൈപ്പല്ലെന്ന് നിങ്ങക്കറീല്ലേ…”
“പിന്നെ അവളെന്തിനാ നിന്റെ പേരു വിളിച്ചേ..?”
“അങ്ങനെ വിളിച്ചോ.. അതൊന്നും എനിക്കറീല്ലാ…”
“ഉറക്കത്തിലെന്തെങ്കിലും നടന്നിരിക്കുമോ.. ശ്രീക്കുട്ടാ…?”
ആ ചിന്ത താങ്ങാനാവാതെ ശ്രീക്കുട്ടൻ തലയിൽ കൈ കൊടുത്തിരുന്നു. അവന്റെ കഷ്ടകാലം അവിടെ തീർന്നെന്ന് കരുതിയെങ്കിൽ തെറ്റി. പിടിച്ചതിനേക്കാൾ വലിയത് മാളത്തിൽ എന്ന് പറഞ്ഞത് പോലായിരുന്നു മീറ്റ് സ്ഥലത്ത് നടന്നത്.

മീറ്റ് ഹാളും പരിസരവും വൻ ആൾക്കൂട്ടമായിരുന്നു. ഫോട്ടോ എടുപ്പും, സൌഹൃദ സംഭാഷണങ്ങളും പരിചയപ്പെടലുമൊക്കെയായി സമയം പോയതറിഞ്ഞതില്ല. ഇടക്ക് എപ്പോഴോ ശ്രീക്കുട്ടൻ മിസ്സായി എന്ന് ഞങ്ങൾ അറിയാൻ വൈകി. എവിടേം തിരഞ്ഞിട്ട് കണ്ടില്ല; പഴയത് പോലെ ഫോണെടുക്കുന്നില്ല. ഇവനെക്കൊണ്ട് ചൊറ ആയല്ലോ ദൈവമേ എന്ന് ഞങ്ങൾ വിചാരിച്ചു. അപ്പോഴുണ്ട് അവൻ ഓടിക്കിതച്ച് വരുന്നു.
“അത് പിന്നെ,, ഞാൻ വേറെ സ്ഥലത്തായിപ്പോയി…”
“വാ വേഗം ചോറു തിന്നാം…”
അവൻ അടുത്ത് വന്ന് നാണപ്പനായി പറഞ്ഞു. “കുമാരേട്ടാ… അതില്ലേ… എന്റെ ബ്ലോഗ് സുഹൃത്തില്ലേ ഹിമശൈല സൈകത ഭൂമിണി…, അവളിപ്പോ ഫോൺ വിളിച്ചു ഫുഡ് പുറത്ത് നിന്നുമാക്കാമെന്ന്… അത് കഴിച്ച് ഞാനവളുടെ വീട്ടിലേക്ക് പോകും.. നിങ്ങൾ മീറ്റ് കഴിഞ്ഞ് നാട്ടിലേക്ക് വിട്ടോ… ചിലപ്പോ ഞാൻ ഇന്ന് വരലുണ്ടാവില്ല…”
“ആരാടാ അത്.. ഞങ്ങൾക്കും കൂടി ഒന്ന് കാണിച്ച് താ..”
“അവളിവിടെ വന്നിട്ടില്ല. ടൌണിലുണ്ട്. എന്നോടങ്ങോട്ട് പോകാൻ പറഞ്ഞു… ഇങ്ങോട്ട് വരുന്നില്ലെന്ന്… ഈട ഈ ലോക്കൽ പരിപാടിയൊക്കെ അല്ലേ… ആരു വരാനാ… അപ്പോ പറഞ്ഞ പോലെ, നാട്ടിൽ വെച്ച് കാണാം…”
അതും പറഞ്ഞ് ശ്രീക്കുട്ടൻ ബാഗും തൂക്കി സ്ഥലം വിട്ടു. അസൂയ കൊണ്ട് എനിക്ക് പിന്നെ ഒരു മണി വറ്റ് ഇറങ്ങിയില്ല. ബാക്കിയുള്ളോൻ കുറേ കാലമായി ബ്ലോഗും ബുക്കിലുമൊക്കെ ചൂണ്ടയിട്ട് ഇരിക്കാൻ തുടങ്ങീറ്റ്. ഇന്നേ വരെ പെണ്ണ് പോയിറ്റ് ആണൊരുത്തൻ പോലും ഒരു കാലിച്ചായ വാങ്ങിത്തന്നിറ്റില്ല. മീറ്റെന്ന് കേട്ടപ്പോ ഇവൻ ചാടിക്കേറി വന്നതിന്റെ ഗുട്ടൻസ് ഇതായിരുന്നു.

നാലു മണിയോടെ മീറ്റിൽ നിന്നും ഇറങ്ങി അടുത്ത ട്രെയിനിൽ നാട് പിടിക്കാനായി ഞങ്ങൾ ഒരു ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു. ഇടക്ക് വെറുതെ ഒരു കട്ടുറുമ്പാവാൻ വേണ്ടി ശ്രീക്കുട്ടന്റെ മൊബൈലിലേക്ക് അടിച്ചു. അത് സ്വിച്ച് ഓഫ് എന്നാണ് കേട്ടത്.
ഓട്ടോ ഹോട്ടൽ ഹൈവേ പ്ലാസയുടെ മുന്നിലെത്തിയപ്പോൾ “ഊൺ തയ്യാർ” എന്നെഴുതിയ ഒരു ബോർഡും പിടിച്ച് ഒരുത്തൻ നിൽക്കുന്നത് കണ്ടു.
“ഇവനൊക്കെ നാട്ടിൽ തേപ്പിന്റെ പണിക്കെങ്ങാനും പോയിക്കൂടേ.. ദിവസം ചെലവും കയിച്ച് നാനൂറ് രൂപ കിട്ടും.. വെറുതെ ഇവിടെ നിന്ന് നേരം കളയുന്നു…” ഷമിത്ത് പറഞ്ഞു.
അതെ എന്ന് പറയാൻ തുറന്ന വായ പിന്നെ എനിക്ക് അടക്കാൻ പറ്റിയില്ല. ക്ഷീണിച്ച് കരുവാളിച്ച ആ മുഖവും ബോഡിയും ശ്രീക്കുട്ടന്റേത് മാത്രമായിരുന്നു….!
വായിൽ കൈ ഇട്ടാൽ പോലും കടിക്കാത്തൊരു പാവം ചെറുപ്പക്കാരനെ മീറ്റിനു വന്നാൽ പലതും തരാമെന്ന് പറഞ്ഞ് മോഹിപ്പിക്കുക, എന്നിറ്റ് ഹോട്ടലിൽ കൊണ്ട് പോയി മൂക്കും മുട്ടെ തട്ടിയിട്ട് പേഴ്സും മൊബൈലും ബാഗുമൊക്കെ അടിച്ചു മാറ്റി സ്ഥലം വിടുക.. ആ പാവം അനാക്രാന്ത കുസുമൻ ഹോട്ടലുകാരുടെ ഇടി പേടിച്ച് അവരു പറയുന്ന പണികളെടുക്കുക.. ഇതൊക്കെ തിരൂർ മീറ്റിൽ നടന്ന ചാനൽകാർ പോലുമറിയാത്ത കാര്യങ്ങളാണ്.
അതു കൊണ്ട് ഇമ്മാതിരി മീറ്റുകൾ ഇനീം വേണോ? അല്ല നിങ്ങള് തന്നെ പറ.