Sunday, March 13, 2011

വണ്ണാത്തിമാറ്റ്

വിശാലമായ വയലിനെ കൈതത്തോടും ഇരു കരകളെ കൂട്ടിയിണക്കുന്ന നടവരമ്പും അധികചിഹ്നം പൂ‍ണ്ട് നാലായി വേർതിരിച്ചിരിക്കുന്നു. മഴ, വേനൽ ഭേദമില്ലാതെ സദാ നിറസ‌മൃദ്ധിയിലൊഴുകുന്ന ആ തോടിലാണ് വയലിന്റെ കരകളിലുള്ള നാട്ടുകാരുടെ അലക്കും കൃഷിയും. തോടിന്റെ ഏകദേശം നടുഭാഗത്തായുള്ള കടവിലാണ് എല്ലാവരും അലക്കുന്നത്. അവിടെ തോടിന് ആഴം കുറവും അലക്കാൻ കുറേ കല്ലുകളുമുണ്ട്. കുറേ താഴേക്ക് മാറി കൈതക്കാടിന്റെ ഇടയിൽ ചെറിയൊരു കടവുണ്ട്. വണ്ണാത്തി ചിരുതൈ അല്ലാതെ വേറാരും അവിടെ അലക്കാൻ പോകാറില്ല. പ്രസവം, പുറത്താകൽ, പുലവാലായ്മ, തിരണ്ട് കല്യാണം എന്നീ സമയത്ത് വലിയ വീടുകളിലെ തുണികൾ അലക്കുന്നത് ചിരുതൈയാണ്. മെലിഞ്ഞ് ചുളിവുകൾ വീണ ശരീരം, കഴുത്തില്‍ കറുത്ത ചരടില്‍ തൂക്കിയ ഒരു കാശ് , മുട്ടോളം കയറ്റിയുടുത്ത മുണ്ടും റൌക്കയുമാണ് വേഷം. മടിയിൽ എപ്പോഴും മുറുക്കാൻ പൊതിയുണ്ടാകും, അതില്ലാത്തപ്പോൾ മുണ്ടിന്റെ കോന്തല താഴ്ത്തിയിട്ടിരിക്കും.

അന്ന് രാവിലെ താഴത്തെ കടവിൽ തുണി അലക്കുകയായിരുന്നു ചിരുതൈ. കറ പോകാനും വെളുക്കാനുമായി തുണികളിൽ ചാണകം തളിച്ച് കാരം കൊണ്ട് കഴുകി, കല്ലിൽ തച്ചലക്കിയ ശേഷം നീലത്തിൽ മുക്കി എല്ലാം ആറാനിട്ടു. കുറച്ചധികം അലക്കാനുണ്ടായതിനാൽ അപ്പോഴേക്കും ക്ഷീണിച്ചു പോയി. പിന്നെ ‌കരയിലെ കൈതയുടെ ചോട്ടിൽ കാലുകൾ നീട്ടി ചാരിയിരുന്ന് മടിയഴിച്ച് മുറുക്കാൻ പൊതി തുറന്ന് ചവക്കാൻ തുടങ്ങി. അതിന്നിടെ തുണിയിൽ വെക്കാൻ കുറച്ച് കൈതപ്പൂവുകൾ നോക്കിവെച്ചു. ചവച്ചു കൊണ്ടിരുന്നപ്പോൾ നേരം പോകാൻ ഓരോരോ കാര്യങ്ങൾ ആലോചിച്ച് കിടന്നു. ഈ തുണികളെല്ലാം ആറിയിട്ട് കരുവാരത്തില്ലത്തേക്കാണ് പോകേണ്ടത്. ഇല്ലത്തമ്മയുടെ ഇളയ മോളുടെ തിരണ്ടു കല്യാണമാണ്. അവർ നല്ല മാതിരിയാണ്. പോയാൽ കാര്യമായിട്ട് എന്തെങ്കിലും തരും. എന്നിട്ട് വേണം കാരവും സോപ്പുമെല്ലാം വാങ്ങിക്കാൻ. വയലിലെ തണുത്ത കാറ്റിൽ ഉറക്കം വരുന്നത് പോലെ തോന്നി. അങ്ങനെ അറിയാതെ കുറച്ച് നേരം കണ്ണടച്ചു പോയി. എന്തോ ശബ്ദം കേട്ട് ഉണർന്നപ്പോൾ രാമൻ കൈക്കോറുടെ അനന്തരവൻ മാധവനുണ്ട് മുന്നിൽ നിൽക്കുന്നു. അവനെ കണ്ടാൽ ഉറക്കത്തിൽ നിന്നെണീറ്റ് വരുന്നത് പോലെയുണ്ട്. കണ്ണുമ്മുന്നില്‍ വളര്‍ന്ന ചെക്കനാണെങ്കിലും ആണൊരുത്തന്റെ മുന്നിലങ്ങനെ കെടന്നൂടല്ലോ. പെടഞ്ഞെണീറ്റപ്പോൾ അഴിഞ്ഞുവീണ മുടിയിഴകൾ ഒരു കയ്യാലൊതുക്കി “എന്തേനും..” എന്ന് ചോദിക്കുന്നതിന് മുൻപ് അവൻ കിതച്ചു കൊണ്ട് പറഞ്ഞു.

“ചിരുതേയീനോട് അമ്മോൻ ആട്‌ത്തേക്ക് വരാൻ പറഞ്ഞിന്..”
“എന്തിനാ..?”
“നീ അറീല്ലേ… സരസു തൂങ്ങി മരിച്ചു…”

“ഉയ്യെന്റെ ദൈവേ…” ഒരു ഞെട്ടൽ ചിരുതൈയുടെ നെറ്റിയിൽ വീണ് പൊട്ടിത്തെറിച്ചു. ചുളിവുകൾ പിന്നെയും കൂടി, കണ്ണുകൾ പുറത്തേക്ക് വന്നു. നടുങ്ങിയതിനാൽ വായ താനേ തുറന്ന് പോയി.

“എപ്പോ..? ഞാൻ രാവിലേ ഈട വന്നതല്ലേ… ഒന്നുമറീല്ലേനു… എന്തിനാപ്പാ എന്നോട് ബെരാൻ പറഞ്ഞേ…?”
“ആട ഒര്പാട് ആള് കൂടീറ്റ്‌ണ്ട്... അവരെന്തെല്ലോ കച്ചറയാക്ക്ന്ന്.. നീ വേഗം വാ..”

രാമൻ കൈക്കോറുടേതാണ് നാടിലെ മുക്കാൽ ഭാഗം സ്ഥലവും. ആളൊരു പഞ്ചദുഷ്ടനും മുൻ‌കോപിയുമാണ്. നാട്ടുകാർക്കൊന്നും അയാളെ കണ്ണെടുത്താൽ കണ്ടുകൂടായിരുന്നു. രാമൻ കൈക്കോറുടെ മകളാണ് സരസ്വതി. ഏകദേശം ഒരു ഇരുപത്തിയഞ്ച് വയസ്സുണ്ടാകും. സുന്ദരി. അച്ഛന്റെ ദുഷ്ടത്തരമൊന്നുമില്ലാത്ത ഒരു പാവം പെൺ‌കുട്ടി.

ചിരുതൈയുടെ മകൾ വാസന്തിക്കും സരസ്വതിക്കും ഒരേ വയസ്സാണ്. അത് കൊണ്ട് സരസ്വതിയോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. ആ കുട്ടി എന്തിനാണത് ചെയ്തതെന്ന് ചിന്തിച്ച് നിൽ‌ക്കുമ്പോൾ വേറൊരു കാര്യമോർത്ത് നടുങ്ങിപ്പോയി. കഴിഞ്ഞ മൂന്ന് പ്രാവശ്യവും മാറ്റാൻ തുണി കൊടുക്കാൻ പോയപ്പോൾ സരസ്വതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾ മാറ്റിയിട്ട തുണികളിൽ തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് ഒരു ഞെട്ടലോടെയാണ് കണ്ടത്. രണ്ടെണ്ണേ ബാക്കിയുള്ളു എങ്കിലും അഞ്ചാറു പെറ്റതല്ലേ ചിരുതൈ. അവൾ എന്തൊക്കെയോ ഒളിക്കുന്നുണ്ടെന്നു തോന്നിയതാ. പക്ഷേ, “ചിരുതൈയേച്ചി ഇത് കൊണ്ട് പോണം, ആരോടും പറയരുതേ.., അച്ഛനറിഞ്ഞാൽ എന്നെ…” എന്ന് ദൈന്യമായി കേണു പറഞ്ഞപ്പോൾ അതനുസരിക്കാനേ തോന്നിയുള്ളൂ. എപ്പോഴും തരുന്നതിൽ കൂടുതൽ പൈസ വെച്ച് നീട്ടിയത് വാങ്ങിയില്ല. എന്താ മോളേ ഇങ്ങനെയെന്ന് ചോദിക്കാൻ പോലും സരസ്വതി നിന്ന് കൊടുത്തില്ല. അമ്മ ഇപ്പോ വരും പോയ്ക്കോ എന്ന് പറഞ്ഞൊഴിയും. അന്ന് മുതൽ തന്നെ സരസ്വതി മൂടിയ കനലുകൾ ചിരുതൈയുടെ ഉള്ളിലേക്കും കയറിയിരുന്നു.

എന്തിനായിരിക്കും കൈക്കോർ വിളിച്ചതെന്ന് ആലോചിച്ച് പേടിച്ച് കൊണ്ടും സരസ്വതിയെക്കുറിച്ച് ഓർത്ത് നെഞ്ചുരുകിയും ചിരുതൈ തുണികളെല്ലാം മടക്കി കെട്ടാക്കിവെച്ചു. മുടി അഴിച്ച് കൈകൊണ്ട് കോതി കെട്ടിയ ശേഷം കൈതക്കാടിലേക്ക് തിരിഞ്ഞ് മുണ്ട് അഴിച്ച് കുലുക്കിയുടുത്തു, ഒരു വെള്ള തോർത്തെടുത്ത് നെഞ്ചത്തിട്ടു. എന്നിട്ട് തുണിക്കെട്ടെടുത്ത് തോളിലിട്ട ശേഷം മാധവനോട് പോകാമെന്ന് പറഞ്ഞു.

കൈതക്കാടൊഴിഞ്ഞ് അലക്ക് കടവിന്റെ മുകളിലെ തെങ്ങിൻ പാലം കയറിയിറങ്ങി വയൽ‌വരമ്പിലൂടെ കൈക്കോറുടെ വീട്ടിലേക്ക് നടക്കുമ്പോൾ മാധവൻ കണ്ണോത്ത് തറവാട്ടിലെ ദുരന്തത്തിനെപ്പറ്റി പറഞ്ഞു.

രാവിലെ മുറി അടിക്കാൻ പോയ വേലക്കാരി നാണിയാണ് സരസ്വതി തൂങ്ങിക്കിടക്കുന്നത് കണ്ടത്. ഞെട്ടിവിറച്ച അവൾ നിലവിളിച്ച് കൊണ്ടോടി രാമൻ കൈക്കോറിന്റെ മുറിയുടെ വാതിലിൽ മുട്ടി. ഉറങ്ങുകയായിരുന്ന കൈക്കോറും ഭാര്യ ഭാഗീരഥിയമ്മയും ചാടിയെണീറ്റ് വന്നപ്പോൾ കരഞ്ഞ് കൊണ്ട് നിൽക്കുന്ന നാണിയെയാണ് കണ്ടത്. അവളെ കണ്ട് രാമൻ കൈക്കോർ ദ്വേഷ്യപ്പെട്ടു. “എന്താടീ നായീന്റെ മോളേ രാവിലെന്നെ…?”

“സരസു മോൾ… ആട…!” കിതപ്പും കരച്ചിലും കാരണം നാണിക്ക് പിന്നെയൊന്നും പറയാനായില്ല. ഞെട്ടിത്തരിച്ചുപോയ രാമൻ കൈക്കോറും ഭാഗീരഥിയമ്മയും സരസ്വതിയുടെ മുറിയിലേക്ക് ഓടി. കണ്ണ് തുറിച്ച് തൂങ്ങിയാടി നിൽക്കുന്ന ശരീരം കണ്ടതും “എന്റെ മോളേ…” എന്ന് പറഞ്ഞ് നിലവിളിച്ച് ഭാഗീരഥിയമ്മ പിന്നോട്ടേക്ക് വീണു. കൈക്കോർ സർവ്വാംഗം തളർന്ന് അനങ്ങാനാവാതെ ഇരുന്നു പോയി.

ഒച്ചപ്പാടും കരച്ചിലുമൊക്കെ കേട്ട് മാധവനും അയൽക്കാരും നാട്ടുകാരുമൊക്കെ ഓടി വന്നു. ആരൊക്കെയോ ചേർന്ന് ശവശരീരമഴിച്ച് പായയിൽ കിടത്തി. ബന്ധുക്കളെ അറിയിക്കാൻ കുറച്ച് പേർ പലവഴിക്ക് പോയി. ശവം അഴിക്കാനും തേങ്ങ മുറിച്ച് വെക്കാനും കാലും മുഖവും തുണികൊണ്ട് കെട്ടാനുമൊക്കെ മുന്നിലുണ്ടായിരുന്ന നക്സലൈറ്റ് സത്യനാണ് ആ സം‌ശയം പതുക്കെ പറഞ്ഞത്. “അവൾക്ക് വയറ്റിലുണ്ട്..!” കേട്ടവർ അവൻ മന:പൂർവ്വം പറയുന്നതാണെന്ന് കുറ്റപ്പെടുത്തി. വയലിലെ പണിക്കാർക്ക് കൂലി കുറച്ച് കൊടുക്കുന്നതിന്ന് സത്യൻ കൈക്കോറെ എതിർക്കാറുണ്ടായിരുന്നു. പക്ഷേ സരസ്വതിയുടെ വീർത്ത വയർ അവരെയും കുഴക്കി. ആളുകളൊക്കെ സംശയാലുക്കളായി പലതും പറയാൻ തുടങ്ങി.

കൈക്കോറുടെ അടുത്ത ബന്ധുവായ ശങ്കരമാമ അകത്ത് പോയി കൈക്കോറുമായി എന്തൊക്കെയോ കുശുകുശുത്ത് പുറത്ത് വന്ന്, “ഇനിയാരും വെരാനില്ല, ശവസം‌സ്കാരത്തിനുള്ള ഏർപ്പാടുകൾ ചെയ്തൂടേ… ആരെങ്കിലും പോയി കുന്നുമ്പുറത്തെ മാവ് മുറിക്ക്… എല്ലാം വേഗായ്ക്കോട്ടെ...“ എന്ന് പറഞ്ഞു.

“പോലീസ് വരട്ടെ, എന്നിറ്റെടുത്താൽ മതി..” സത്യൻ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടിപ്പോയി. കുറച്ച് സമയം ആരുമൊന്നും മിണ്ടിയില്ല. പിന്നെ കരിയിലകളിൽ മഴ പെയ്യുന്നത് പോലെ ചില മുറുമുറുപ്പുകളായി അത് വർദ്ധിച്ചു. ആളുകൾ എല്ലാവരും സത്യനെ വളഞ്ഞ് തർക്കിക്കാൻ തുടങ്ങി. അവരോടൊക്കെ അവൻ ഒച്ചയുയർത്തി സംസാരിക്കാനും തുടങ്ങി. അപ്പോൾ രാമൻ കൈക്കോർ പുറത്തേക്ക് വന്ന് എല്ലാരോടും മിണ്ടാതിരിക്കാൻ പറഞ്ഞു. കണ്ണുകൾ കലങ്ങി മുഖം അൽ‌പ്പം ക്ഷീണിച്ചിരുന്നെങ്കിലും ആ തലയെടുപ്പിനോ ശബ്ദത്തിനോ യാതൊരു തളർച്ചയുമുണ്ടായിരുന്നില്ല. “വണ്ണാത്തിമാറ്റിന് ചിരുതൈ എല്ലാ മാസവും ഈട വന്നിനല്ലോ.. പിന്നെങ്ങനെയാ..? ആവശ്യമില്ലാത്തത് പറഞ്ഞുണ്ടാക്കരുത്…” കൈക്കോർ സത്യനോടായി ഘനഗംഭീര ശബ്ദത്തിൽ പറഞ്ഞു. കൈക്കോറിന്റെ കൂർപ്പിച്ച നോട്ടത്തിലും ഇടിവെട്ട് പോലത്തെ ശബ്ദത്തിലും അൽ‌പ്പം പതറിയെങ്കിലും, സത്യൻ “എന്നാ വണ്ണാത്തി ചിരുതൈയെ കൂട്ടി വാ… ഓള് പറയട്ടെ…” എന്ന് പറഞ്ഞു. അക്കാര്യം കൈക്കോറും നാട്ടുകാരുമെല്ലാം സമ്മതിച്ചു. അങ്ങനെയാണ് മാധവൻ ചിരുതൈയെ കൂട്ടാൻ വന്നത്.

ചിരുതൈ കൈയ്യിലെ തുണിക്കെട്ട് വീട്ടിലേക്കുള്ള പടികൾ കഴിഞ്ഞുള്ള ഇരുത്തിയിൽ വെച്ചു. അരയിൽ കുത്തിയ കോന്തലയഴിച്ച്, തോർത്ത് ശരിക്ക് നെഞ്ചിൽ പിടിച്ചിട്ട് ഒന്നു കുനിഞ്ഞ് വലത്തു കൈയ്യിലെ രണ്ട് വിരലുകൾ ചുണ്ടിൽ വെച്ച് മുറുക്കാൻ അതിന്നിടയിലൂടെ തുപ്പിക്കളഞ്ഞ് മാധവന്റെ പിറകെ നടന്നു. മുറ്റത്തുള്ള ആളുകൾ ആകാംക്ഷാ ശബ്ദങ്ങളുമായി അവർക്ക് മാറിക്കൊടുത്തു. സത്യൻ ഒരു മൂലയ്ക്ക് തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു. മാധവൻ ആളുകളുൾക്കിടയിലൂടെ പടിഞ്ഞാറേ മുറ്റത്തേക്ക് നടന്നു. ചിരുതൈ തല പൊക്കാതെ മാധവന്റെ കാലുകൾ മാത്രം നോക്കി നടന്നു. ഇറയത്ത് ചാരു കസേലയിൽ രാമൻ‌കൈക്കോർ ഇരിക്കുന്നുണ്ടായിരുന്നു. ചിരുതൈ കൈക്കോറെ കണ്ട് കൈകൾ നെഞ്ചത്ത് പിടിച്ച് കുനിഞ്ഞ് ബഹുമാനിച്ചു.

“നീ കയിഞ്ഞ മാസം സരസ്വതിക്ക് മാറ്റാൻ തുണി കൊണ്ട് കൊടുത്തിറ്റില്ലേ…”

ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ പൊള്ളലേറ്റത് പോലെ ചിരുതൈ നടുങ്ങി. ഞെട്ടി തല പൊന്തിച്ച് നോക്കിയപ്പോൾ രാമൻ കൈക്കോറിന്റെ കണ്ണുകൾ മുഖത്ത് തന്നെ തറിച്ചിരിക്കുകയായിരുന്നു. അതും കൂടി കണ്ടപ്പോൾ ചിരുതേയിയെ വിറക്കാൻ തുടങ്ങി. ഒരില വീണാൽ വേർതിരിക്കാവുന്ന നിശബ്ദതയിൽ നെഞ്ചിൽ അസുരവാദ്യത്തിമർപ്പുമായി ചിരുതൈ വിറക്കുന്ന കാലുകൾ നിലത്തുറപ്പിക്കാൻ പാടുപെട്ടു. ചുറ്റും അനേകം ചെവികൾ മഴയോ കനലോ എന്നറിയാൻ നെഞ്ചിടിപ്പ് പോലുമില്ലാതെ കാത്തിരുന്നു. തൊഴിലിനും പെണ്ണിന്റെ മാനത്തിനും ഒരേ സമയം താൻ കാവലാളാകുന്നുവെന്നു ആ പഴമനസ്സ് അറിഞ്ഞു. ഉള്ളിൽ സരസ്വതിയുടെ വലിയ നിഷ്കളങ്കമായ കണ്ണുകൾ ദീനം വിധി കാത്തു നിന്നു.

“സരസൂന് തുണി മാറ്റിക്കൊടുത്തിന് കൈക്കോറെ..” അൽ‌പ്പം ഇടറിയ വാക്കുകൾ വഴിതുറക്കാൻ വിസമ്മതിച്ചെങ്കിലും പുറമേക്ക് അത് സുവ്യക്തമായിരുന്നു. നിശബ്ദതയുടെ നിമിഷ ദൈർഘ്യങ്ങൾക്കൊടുവിൽ പൊടുന്നനെ അഗ്നികുണ്ഠങ്ങൾ തണുത്തുറഞ്ഞു. അധികസ്പന്ദനങ്ങൾ ക്രമരൂപം കൈവരിച്ചു.

“ഇപ്പം എല്ലാർക്കും തൃപ്തിയായല്ലോ… ഓരോ നായീന്റെ മോനൊക്കെ പറയുന്ന കേട്ട് തുള്ളാൻ കൊറേയെണ്ണം.. ഇവനെയൊക്കെ തച്ച് കൊല്ലാനാളില്ലാഞ്ഞിട്ടാ‍ന്ന്...” കൈക്കോർ സത്യനെ കലമ്പിക്കൊണ്ടിരിക്കെ ചിരുതൈ തിരിഞ്ഞ് നടന്ന് തുണിക്കെട്ടെടുത്ത് പടിയിറങ്ങി.

സരസ്വതിയെ കണ്ടില്ലല്ലോ എന്നാലോചിച്ചപ്പോൾ കാലുകൾ ഒരു ഞൊടിയിട  അനങ്ങാതിരുന്നെങ്കിലും അനന്തരം സദൃഢം മുന്നോട്ട് നീങ്ങി.

85 comments:

  1. ...മുമ്പു മുതല്‍ തന്നെ സമുദായത്തില്‍ നല്ല നിലയില്‍ ജീവിച്ചവരാണ് വണ്ണാന്മാര്‍. പുരുഷന്മാരുടെ പ്രധാന തൊഴില്‍ തെയ്യം കെട്ടലാണ്. മുത്തപ്പന്‍, തമ്പുരാട്ടി, തെയ്യങ്ങള്‍ കെട്ടുന്നത് ഇവരാണ്. മറ്റു സമയങ്ങളില്‍ കാര്‍ഷികവ്യത്തിയില്‍ ഏര്‍പ്പെട്ടിരുന്നു. വിദ്യാഭ്യാസപരമായി ഉന്നതനിലവാരത്തിലെത്തിയില്ലെങ്കിലും സാമാന്യ വിദ്യാഭ്യാസം നേടിയിരുന്നു. പുല, വാലായ്മ, ഋതുമതിയാകല്‍ എന്നീ അശുദ്ധകാലത്തിനു ശേഷം ഇവര്‍ കൊണ്ടു വരുന്ന വസ്ത്രം ഉടുത്തു കുളിച്ചാലേ ശുദ്ധമാകൂ എന്ന ഒരാചാരം നിലനിന്നിരുന്നു. ഇങ്ങനെ കൊണ്ടു വരുന്ന വസ്ത്രത്തിന് വണ്ണാത്തിമാറ്റ് എന്നു പറയും. ഇതിനു പ്രതിഫലമായി പണവും അരിയും മറ്റു സാധനങ്ങളും കൊടുക്കും. ഇന്ന് ഈ രീതി നിലവിലില്ല... - ഗൂഗിളേടത്തി

    ReplyDelete
  2. "വണ്ണാത്തി ചിരുതൈ അല്ലാതെ വേറാരും അവിടെ അലക്കാൻ പോകാറില്ല. പ്രസവം, പുറത്താകൽ, പുലവാലായ്മ, തിരണ്ട് കല്യാണം എന്നീ സമയത്ത് വലിയ വീടുകളിലെ തുണികൾ അലക്കുന്നത് ചിരുതൈയാണ്. മെലിഞ്ഞ് ചുളിവുകൾ വീണ ശരീരം, കഴുത്തില്‍ കറുത്ത ചരടില്‍ തൂക്കിയ ഒരു കാശ് , മുട്ടോളം കയറ്റിയുടുത്ത മുണ്ടും റൌക്കയുമാണ് വേഷം. മടിയിൽ എപ്പോഴും മുറുക്കാൻ പൊതിയുണ്ടാകും, അതില്ലാത്തപ്പോൾ മുണ്ടിന്റെ കോന്തല താഴ്ത്തിയിട്ടിരിക്കും."

    മനോഹരമായ പാത്ര വിവരണം.
    വണ്ണാത്തി ചിരുത കമ്പ്യൂട്ടര്‍ ടേബിളിനു വശത്തുള്ള വയല്‍ വരമ്പിലൂടെ നടന്നു പോയ പോലെ.....

    മൂന്നാമതൊരാളുടെ ഭാവത്തെ നോക്കി കണ്ട രീതിയും ഹൃദ്യം.
    വളരെ വളരെ ഇഷ്ടമായി.....

    ReplyDelete
  3. നമ്മുടെ ഇന്നലെകൾ തേടി കുമാരസംഭവത്തിൽ വരേണ്ടി വരും ഇനിയുള്ള കുട്ട്യോള്..
    ഭാഷ,പ്രമേയങ്ങളിലെ വ്യത്യസ്തതകൾ....സമ്മതിച്ചിരിക്കുന്നു മാഷേ..
    വളരെ മനോഹരമായിരിക്കുന്നു ഈ കഥ.പഴയ കാലം, നാട്ടിൻപുറത്തിന്റെ തണുപ്പ്..എല്ലാം അനുഭവിച്ചറിഞ്ഞു.

    ReplyDelete
  4. ഉഗ്രന്‍, ഉഗ്രന്‍, ഉഗ്രന്‍ !!! വേറൊന്നും പറയാനില്ല...

    എല്ലായ്പോഴും തമാശ പറഞ്ഞാല്‍ പോരാ..ഇടയ്ക്ക് ഇതുപോലെ ഭ്രമിപ്പിക്കുന്ന രചനകളും വേണം, കേട്ടോ,കുമാര്‍ജി..

    ReplyDelete
  5. കഥയും വിവരണവും നന്നായി. പിന്നെ???

    ReplyDelete
  6. കുമാരാ,

    അഭിനന്ദനങ്ങള്‍.. കഥയുടെ പുതിയ മേഖലകളിലേക്ക് വായനക്കാരെ നയിക്കുന്നതിന്. തികച്ചും സാദാരണമാകുമായിരുന്ന ഒരു പ്രമേയത്തെ മറ്റൊരു രീതിയില്‍ ഒരു മാറ്റാത്തുണിയുടെ പിന്‍ബലത്തോടെ ഇത്രയും ക്രിസ്പ് ആയി ഡവലപ്പ് ചെയ്തതിന് കൈയടി മാത്രം പോര എന്ന് തോന്നുന്നു. അഗമ്യഗമനത്തിന് ശേഷം കുമാരന്റെ ബ്ലോഗില്‍ ഞാന്‍ വായിച്ച കാതലുള്ള കാമ്പുള്ള മറ്റൊരു പോസ്റ്റ്. ഒരു പക്ഷെ കുമാരനില്‍ നിന്നും പ്രതീക്ഷിക്കുന്നതിതാവാത്തതിനാല്‍ വിരുദ്ധാഭിപ്രായങ്ങള്‍ കണ്ടേക്കാം. പക്ഷെ അതിലൊന്നും മനമിടറാതെ ഇത്തരം കഥകളിലൂടെ പുത്തന്‍ കുമാരസംഭവങ്ങള്‍ രചിക്കാനാവട്ടെ.. വ്യത്യസ്തമായ കഥകള്‍ എഴുതുവാന്‍ കുമാരനുള്ള കഴിവിന് ഒരിക്കല്‍ കൂടെ സലാം.

    ReplyDelete
  7. കഥ അസ്സല്‍.
    കഥാപാത്രങ്ങള്‍ എല്ലാം മുന്നില്‍ തന്നെ...

    ReplyDelete
  8. കുമാരാ.. പറയാതെ വയ്യ , നന്നായി ഈ ചുവടു മാറ്റം...സസ്നേഹം

    ReplyDelete
  9. വണ്ണാത്തിമാറ്റിന്റെ മാറ്റ് കുറഞ്ഞ് കുറഞ്ഞില്ലാണ്ടായില്ലേ . കാലം മാറിക്കൊണ്ടിരിക്കുകയല്ലേ ,അപ്പോ ചില ആചാരങ്ങളും അനാചാരങ്ങലുമൊക്കെ ഒഴിവാക്കാം.ഇപ്പം തെയ്യംകെട്ട് മാത്രം വലിയമാറ്റന്നുമില്ലാണ്ട് തുടരുന്നുണ്ടല്ലോ .
    കേട്ട വഴികളിലൂടെ വീണ്ടും നടത്തി കുമാരേട്ടാ .പാത്രവര്‍ണ്ണന മറവിയിലെ രൂപത്തെ വീണ്ടും കാണിച്ചു തന്നു .

    ReplyDelete
  10. കുമാരന്റെ വ്യത്യസ്ഥമായ രചന വളരെ ഇഷ്ടമായി.

    ReplyDelete
  11. വണ്ണാത്തിമാറ്റ് , ഒരു പുതിയ അറിവാട്ടോ...
    നന്ദി.
    നല്ല നിരീക്ഷണ പാടവം ഉണ്ട്, അവതരണ ശൈലി സൂപ്പർ
    അഭിനന്ദനങ്ങൾ

    ReplyDelete
  12. ഈ അടുത്ത കാലത്ത് വായിച്ചതില്‍ എനിക്കേറ്റവും ഇഷ്ടമായ ഒരു കഥ. വണ്ണാത്തി ചിരുത വളരെ നാല്‍ മനസ്സില്‍ തങ്ങിനില്‍ക്കും. എന്റെ വ്യക്തിപരമായിട്ടുള്ള ഒരഭിപ്രായം പറയട്ടെ, ഇതിന് തൊട്ടു മുമ്പ് കുമാരന്‍ പോസ്റ്റ് ചെയ്ത രണ്ടു കഥകളോട് തുലനം ചെയ്യുമ്പോള്‍ ഇത് കാതങ്ങള്‍ മുമ്പില്‍ നില്‍ക്കുന്നു. മാസ്റ്റര്‍ ക്രാഫ്റ്റ്.

    ReplyDelete
  13. നല്ല വായന, ഇഷ്ട്ടായി
    അവിടെ ഞാനും വന്നുപോയ അവതരണം.
    കുമാരന്റെ ഈ എഴുത്തുകളെ കൂടുതല്‍ ഇഷ്ട്ടം,
    ചിരിച്ചില്ലെങ്കിലും ചിരിച്ചതിനെക്കാള്‍ നല്ല മനസ്സുഖം

    ReplyDelete
  14. തൊഴിലിനും പെണ്ണിന്റെ മാനത്തിനും ഒരേ സമയം താൻ കാവലാളാകുന്നുവെന്നു ആ പഴമനസ്സ് അറിഞ്ഞു

    നാട്ടാചാരങ്ങള്‍ നശിക്കുമ്പോഴും അതിന്റെ കാഴ്ചകള്‍ ഇന്നത്തെ തലമുറയിലേക്ക് പകര്‍ന്നുകൊണ്ട് രൂപപ്പെടുത്തിയ കഥ നന്നായിരിക്കുന്നു.

    ReplyDelete
  15. കുമാരേട്ടാ , പതിവ് ഉപമകളില്‍ നിന്ന് മാറി കാമ്പുള്ള ഒരു പ്രമേയം അവതരിപ്പിച്ചപ്പോള്‍ ഭാഷയ്ക്കും വളരെയധികം ഇരുത്തം വന്ന പോലെ... ഇതിനു മുന്‍പും പല തവണ വിത്യസ്തതയുടെ , പ്രതിഭയുടെ രശ്മികള്‍ കുമാരേട്ടന്റെ അപൂര്‍വ്വം ചില രചനകളില്‍ കണ്ടിരുന്നു... നന്നായി...
    ഈ അപൂര്‍വ്വം ചിലത് എന്നത് മാറി കൂടുതല്‍ വിത്യസ്തമായ പോസ്റ്റുകള്‍ വരട്ടെ..

    ReplyDelete
  16. ഇത് പോലെ ചിലത് എഴുതുംപോളാണ് എഴുത്തുകാരന്‍ എന്ന ഉത്തരവാദിത്വം നിറവേറ്റ പ്പെടുന്നത് ....മികച്ച ഒരവതരണം ...

    ReplyDelete
  17. പിന്നെയും മറ്റൊരു കുമാരന്‍! നന്നായീട്ടാ :)

    ReplyDelete
  18. ഇതൊരു പുതിയ ശൈലി ആണല്ലോ കുമാരാ ...വളരെ നന്നായി പറഞ്ഞു .

    ReplyDelete
  19. ഒരു സാധാരണ കഥാതന്തു , വ്യത്യസ്ത പശ്ചാത്തലത്തിലും അവതരണ രീതിയിലും ഇതിനേക്കാള്‍ മനോഹരമായി എവിടെയും വായിച്ചിട്ടില്ല.... വണ്ണാത്തിമാരുടെ (മണ്ണാത്തി എന്നാ ഞങ്ങളുടെ നാട്ടില്‍ പറയുക) ജീവിതരീതികള്‍ , പണ്ടുകാലങ്ങളില്‍ അവര്‍ക്കുണ്ടായിരുന്ന പ്രാധാന്യം ഒക്കെ നന്നായി വരച്ചു കാട്ടി...

    ReplyDelete
  20. കുമാരന്‍ കുമാരേട്ടനായ് ഈ രചന കൊണ്ട്..ഇങ്ങള് പുല്യാ കേട്ടോ മോഞ്ഞേ..(കു.പപ്പു ചൊല്ലല്‍ )

    ReplyDelete
  21. ആദ്യമായാണു ഇവിടെയെത്തിയത്,
    വരവ് ശരിക്കും ആഘോഷിച്ചു, ആശംസകള്‍...

    ReplyDelete
  22. ഇവരെ ഒക്കെ വരും തലമുറ ഓര്‍ത്തിരിക്കാന്‍ ഇതുപോലെ ഓരോ പോസ്റ്റുകള്‍ തന്നെ വേണ്ടി വരും .ഞാന്‍ പോലും ഇവരെ എന്റെ നാട്ടില്‍ കണ്ടിട്ടില്ല .പക്ഷെ എന്റെ അപ്പന്റെ അമ്മ ഇവരെ കുറിച്ച് ഒരുപാടു പറഞ്ഞു കേട്ടിട്ടുണ്ട് .

    പോസ്റ്റ്‌ വളരെ ഇഷ്ട്ടായി ..

    ReplyDelete
  23. വ്യത്യസ്തമായ ഈ പോസ്റ്റ് നന്നായി

    ReplyDelete
  24. വണ്ണാത്തി എന്ന് കേട്ടിട്ടേ ഉള്ളൂ, കണ്ടിട്ടില്ല.
    വണ്ണാത്തിമാറ്റ് എന്ന് കേട്ടിട്ട് പോലുമില്ല,
    ഇതെന്താ സംഭവം എന്ന് കരുതിയാണ്
    വായിച്ചു തുടങ്ങിയത്. ഏതായാലും
    സംശയങ്ങള്‍ ഒക്കെ തീര്‍ന്നുട്ടോ..... :)
    നന്നായിട്ടുണ്ട്.

    ReplyDelete
  25. പഴമയുടെ മണമുള്ള കഥ. ‘വണ്ണാത്തിമാറ്റ്” എന്ന് ആദ്യമായാണ് കേള്‍ക്കുന്നത്. മറ്റുള്ളവരുടെ തുണി അലക്കി ജീവിക്കുന്ന മണ്ണാത്തിമാരെ കണ്ടിട്ടുണ്ട്. അവരുടെ മണ്ണാന്മാര്‍ തെങ്ങുകയറ്റം തൊഴിലാക്കിയിരുന്നു.

    ReplyDelete
  26. രാവിലെ ചിരിക്കനായി വന്നതാ...പക്ഷെ നല്ല ഒരു കഥ വായിച്ചു തിരികെ പോകുന്നു...ചില ഭാഗത്ത്‌ രണ്ടു തവണ വായിക്കേണ്ടി വന്നു ഭാഷാപ്രയോഗം മനസിലാക്കാന്‍..........തനി നാട്ടിന്‍പുറം കഥ അതിന് ചേരുന്ന രീതിയില്‍ തന്നെ പറഞ്ഞു...ഒരുപാട് ഇഷ്ടമായി.......ഇനിയും ഉണ്ടാകട്ടെ ഇത് പോലെ നല്ല രചനകള്‍.....

    ReplyDelete
  27. വളരെ നല്ല രചന കുമാരാ. നല്ല അവതരണം. അവസാനം എന്തു പറയും ചിരുത എന്നുള്ള ഉത്കണ്ഠ.. നന്നായി. ഒരു നല്ല കഥയുടെ എല്ലാ ലക്ഷണങ്ങളും ഒത്ത കഥ.
    അഭിനന്ദനങ്ങൾ.

    ReplyDelete
  28. ഈ നിരീക്ഷണപാടവം അത്ഭുതപ്പെടുത്തുന്നു..അല്ലാ ഈ പെണ്ണുങ്ങളുടെ കാര്യമൊക്കെ എങ്ങിനെ ഇത്ര കൃത്യമായി മനസ്സിലാക്കുന്നു...-എന്തിനായിരിക്കും കൈക്കോർ വിളിച്ചതെന്ന് ആലോചിച്ച് പേടിച്ച് കൊണ്ടും സരസ്വതിയെക്കുറിച്ച് ഓർത്ത് നെഞ്ചുരുകിയും ചിരുതൈ തുണികളെല്ലാം മടക്കി കെട്ടാക്കിവെച്ചു. മുടി അഴിച്ച് കൈകൊണ്ട് കോതി കെട്ടിയ ശേഷം കൈതക്കാടിലേക്ക് തിരിഞ്ഞ് മുണ്ട് അഴിച്ച് കുലുക്കിയുടുത്തു, ഒരു വെള്ള തോർത്തെടുത്ത് നെഞ്ചത്തിട്ടു-വളരെ നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍...

    ReplyDelete
  29. തനിമയാർന്ന, മനോഹരമായ ആഖ്യാനം. ഏറെ ഇഷ്ടമായി. ആശംസകൾ

    ReplyDelete
  30. കുറച്ചുദിവസങ്ങൾക്കു ശേഷം ബ്ലോഗിൽ വായിച്ച മനോഹരമായ കഥ. ആഡ്യത്ത്യമുള്ള ഒരു കുടുംബത്തിന്റെ അഭിമാനം ഒരു വണ്ണാത്തിയുടെ വാക്കിൽ മറഞ്ഞിരുന്നു എന്ന ആശയം നന്നായി അവതരിപ്പിച്ചു. ഭാവുകങ്ങൾ...

    ReplyDelete
  31. നല്ല കഥ നന്നായിട്ടുണ്ട്

    ReplyDelete
  32. പുതിയ അറിവുകള്‍.. അസൂയാവഹമായ അവതരണം. ആ സ്ഥലത്തെ വര്‍ണ്ണിച്ചത് അതിമനോഹരം. അലക്ക് കടവിന്റെ മുകളിലെ തെങ്ങിൻ പാലം കയറിയിറങ്ങി വയൽ‌വരമ്പിലൂടെ കൈക്കോറുടെ വീട്ടിലേക്ക് ചിരുതയോടൊപ്പം ഞാനും നടന്നു...

    ReplyDelete
  33. ഹാസ്യത്തിന്റെ ഗമനം വരികളില്‍ പ്രതീക്ഷിച്ചതിനാലാവാം ആദ്യ വായന പൂര്‍ണഗ്രാഹ്യമായില്ല. രണ്ടാമതൊരാവര്‍ത്തി വായിച്ചപ്പോള്‍ കഥയുടെ ഗൌരവ മുഹൂര്‍ത്തങ്ങള്‍ ബോധ്യമായി.
    നന്നായിത്തന്നെ അവതരിപ്പിച്ചു .
    ഭാവുകങ്ങള്‍.

    ReplyDelete
  34. നല്ല കഥ. വ്യത്യസ്തമായ അവതരണരീതിയും പ്രമേയവും.

    ReplyDelete
  35. കുമാരേട്ടാ തകര്‍ത്തു ട്ടാ ..........

    ReplyDelete
  36. കുമാരേട്ടാ തകര്‍ത്തു ട്ടാ ..........

    ReplyDelete
  37. കുമാരന്‍ വളരെ മനോഹരമായിരിക്കുന്നു.. ഭാഷയും കഥയും..

    ReplyDelete
  38. അസ്സലായി കുമാരാ, അസ്സലായി

    ReplyDelete
  39. അസ്സലായി! മനോരാജിന്റെ കമന്റ് എന്റെയും അഭിപ്രായമായി കൂട്ടുക.. പുതിയ മാറ്റം നന്നായി വഴങ്ങുന്നുണ്ട്.

    ReplyDelete
  40. പതിവ് കുമാരന്‍ പോസ്റ്റില്‍ നിന്നും തികച്ചും വിത്യസ്ഥം ....

    ReplyDelete
  41. ആദ്യ വാചകം:

    “വിശാലമായ വയലിനെ കൈതത്തോടും ഇരു കരകളെ കൂട്ടിയിണക്കുന്ന നടവരമ്പും അധികചിഹ്നം പൂ‍ണ്ട് നാലായി വേർതിരിച്ചിരിക്കുന്നു“.

    വിശാലൻ, കൈത..പിന്നെ എന്റെ നാട് നടവർമ്പ്:
    ഇതെങ്ങനെ സാധിച്ചൂ, കുമാരാ!
    (കമെന്റ് ഇട്ടു. ഇനി വായിക്കാം)

    ReplyDelete
  42. [തൊഴിലിനും പെണ്ണിന്റെ മാനത്തിനും ഒരേ സമയം താൻ കാവലാളാകുന്നുവെന്നു ആ പഴമനസ്സ് അറിഞ്ഞു.]

    മനസ്സലിവ് ഇല്ലാത്ത വണ്ണാത്തിയാണെങ്കിൽ നാട്ടിലെ പെണ്ണുങ്ങളുടെ മാനം കപ്പല് കേറും.

    ('വിഷഹാരി’ വായിച്ചപ്പോൾ ഈ നാടൻ ഭാഷ ഇത്തിരി ഇഷ്ടപ്പെട്ടിരുന്നു.)
    കുമാരേട്ടാ,
    വളരെ കുറച്ച് വാചകങ്ങളെ കഥാപാത്രങ്ങളുടെതായിട്ടുള്ളൂ എങ്കിലും കഥ മുഴുവൻ ആ ഗ്രാമീണഭംഗി നിലനിർത്താൻ കഴിഞ്ഞു.

    ReplyDelete
  43. കൊച്ചീച്ചി പറഞ്ഞപോലെ പഴയകാലത്തെ അറിയണമെങ്കില്‍ കുമാരജീയുടെ അടുത്ത് വരണം..നന്നായിരിക്കുന്നു

    ReplyDelete
  44. വണ്ണാത്തി ചിരുതൈ മൊഴി മാറ്റാതിരിക്കാന്‍ കൊക്കോര്‍ എന്തൊക്കെ കൊടുത്തുകാണും. സത്യം പുറത്തുവരാതിരിക്കില്ല...

    ReplyDelete
  45. വിത്യസ്തമായ അവതരണം
    ശരിക്കും ഗംഭീരം !!!!

    ReplyDelete
  46. കുമാരേട്ടന്റെ കഥയാണല്ലൊ.. എന്തെങ്കിലും ചിരിക്കാൻ കാണുമെന്നു കരുതിയാണ് ഓടി വന്നത്.

    കഥ കൊള്ളാം.
    ഞങ്ങളുടെ നാട്ടിലും ഇത്തരം ആൾക്കാർ ഉണ്ടായിരുന്നു. വണ്ണാത്തി എന്നായിരുന്നില്ല അവരെ വിളിച്ചിരുന്നത്. ‘വെളുത്തേടത്തി‘ എന്നായിരുന്നുവെന്നു തോന്നുന്നു അവരെ വിളീച്ചിരുന്നത്.
    അന്ത:പുര രഹസ്യങ്ങളുടെ കാവൽക്കാരും വളരെ സത്യസന്തരുമെന്ന നാട്ടുകാരുടെ വിശ്വാസവും ഈ കഥയിലൂടെ വെളിവാകുന്നു.

    ആശംസകൾ...

    ReplyDelete
  47. നര്മംച മാത്രമല്ല കഥയും കുമാരനാശാന്റെ കൈകളില്‍ സുഭദ്രം. അന്യം നിന്ന് പോയ ആചാരങ്ങളെയും ഒരു കാലഘട്ടത്തെയും തിരികെ കൊണ്ട് വന്നു!

    ReplyDelete
  48. കേമായീന് മോനേ..

    ReplyDelete
  49. പുതിയ ശൈലി വളരെ ഇഷ്ടമായി,

    ReplyDelete
  50. കുമാരാ നന്നായിട്ടുണ്ട് കെട്ടോ! വ്യത്യസ്തം!

    ReplyDelete
  51. kumara vannathi chirutha original alle..? enik orma und vannathi chiruthaye ente kuttikalath varunna. pazhayakalathek ormaye thirichu kondupoyathinu nandi und.. keep posting...

    ReplyDelete
  52. ഒന്നു മാറ്റിച്ചവിട്ടീതു് കൊള്ളാം..

    എന്നാലും സാധാരണ പോലെ ആ പിടിച്ചിരുത്തുന്ന വായന അല്ലായിരുന്നു...

    കുമാരന്റെ ശക്തി ആ കലകലക്കൻ ഉപമകളാണു്... അതിന്റെ കുറവുണ്ടെന്നു തോന്നി...

    ആശംസകൾ!

    ReplyDelete
  53. താങ്കളുടെ തികച്ചും വ്യത്യസ്തമായ ഒരു കഥ. ചിരുതയും കൈക്കോറും അതിശക്തമായ കഥാപാത്രങ്ങളായി. വണ്ണാത്തി മകളൊപ്പം കണ്ട പെൺകിടാവിന്റെ അഭിമാനത്തെ അവളുടെ മരണത്തിൽ കാത്തുകൊള്ളുന്നു, തീർച്ചയായും ഒന്നും കൈക്കോറിൽ നിന്ന് മണ്ണാത്തി പ്രതീക്ഷിച്ചിട്ടില്ല. മകളുടെ ദുർമരണത്തിലും ഉലയാത്ത മാടമ്പിത്വത്തിന്റെ തലയെടുപ്പും ധാർഷ്ട്യവും സമചിത്തതയും- നല്ല പാത്ര സൃഷ്ടീ തന്നെ. വള്രെ സൂക്ഷമമായ സാമൂഹ്യനിരീക്ഷണം ഈ കഥയിലുണ്ട്. ഉന്നതനിലവാരം പുലർത്തുന്നു കഥ. വണ്ണാത്തി മാറ്റ് തെക്കോട്ടുമുണ്ടായിരുന്നു.

    ReplyDelete
  54. കുമാരാ. നന്നായിട്ടുണ്ട്. പലതും പുതിയ അറിവുകള്‍. പാത്രവിവരണം പഷ്ട്

    ReplyDelete
  55. VERY GOOD & NOSTALGIC TITLE..

    NOW A DAYS HOME NURSES RULING HERE

    ReplyDelete
  56. This comment has been removed by the author.

    ReplyDelete
  57. "തൊഴിലിനും പെണ്ണിന്റെ മാനത്തിനും ഒരേ സമയം താൻ കാവലാളാകുന്നുവെന്നു ആ പഴമനസ്സ് അറിഞ്ഞു" - കുമാരേട്ടാ.. ഗംഭീരം.കൂടുതല്‍ എന്തിനു പറയുന്നു?

    ReplyDelete
  58. കുമാരാ ..........നര്‍മ്മം വിട്ടു ഇത് കട്ട സീരൌസ് ആയി എഴുതാന്‍ തുടങ്ങിയോ ?
    വേറിട്ട ഒരു ബ്ലോഗ്‌ ..ഇത് വരെ കുമാരന്റെ ബ്ലോഗില്‍ കാണാത്ത ഒരു അനുഭവം .........

    ReplyDelete
  59. വളരെ വ്യത്യസ്തമായ രചന. ഇപ്പോള്‍ കാണാന്‍ കിട്ടാത്ത ഒരു കഥാപാത്രം മുന്നിലൂടെ നടന്നു പോയത് പോലെ...മുറുക്കി തുപ്പിയുള്ള ആ നടപ്പ്...പണ്ടെങ്ങോ കണ്ടു മറന്ന പോലെ...മുറുക്കാന്‍ ചവച്ചു കറ പിടിച്ച പല്ലുകള്‍...എല്ലാം വീണ്ടും ഓര്‍മയില്‍ എത്തി.

    " തൊഴിലിനും പെണ്ണിന്റെ മാനത്തിനും ഒരേ സമയം താൻ കാവലാളാകുന്നുവെന്നു ആ പഴമനസ്സ് അറിഞ്ഞു"

    ഇത് തന്നെയാണ് കഥയുടെ ഹൈലൈറ്റ് ..
    ഇനിയും ഇത് പോലെയുള്ള കഥകള്‍ പ്രതിക്ഷിക്കുന്നു..

    ReplyDelete
  60. പുതിയ രൂപത്തില്‍
    ഒരു കഥ , നല്ല അവതരണം .കഥാതന്തു പഴത് തന്നെയല്ലേ എന്നൊരു സംശയം

    ReplyDelete
  61. നന്നായിട്ടുണ്ടെടാ. പതിവു രീതികളില്‍ നിന്നുള്ള വ്യതിയാനവും ഇഷ്ടമായി. എല്ലാം കൊണ്ടും വളരെ ഇഷ്ടപ്പെട്ടു. പതിവു തമാശകളില്‍, ഇടക്ക് ഇത്തരത്തിലുള്ള കഥകളും ആവാം.

    ReplyDelete
  62. ഇതിന്റെ ക്ലൈമാക്സ് ഒരു പുരൊഗമനവാദിയെ തീർതും നിരാശയിലാക്കുന്നതായിപൊയി സത്യന്റെ ഗതി എനിക്ക് ചിന്തിക്കാൻ വയ്യ.., എന്തായാലും വളരേനന്നായിട്ടുണ്ട്

    ReplyDelete
  63. കുമാര സംഭവത്തിലെ സ്ഥിരം വെടിക്കെട്ട് വർണ്ണത്തിളക്കങ്ങളുള്ള മാറ്റുകൾക്ക്പകരം വണ്ണാത്തി മാറ്റിലൂടെ ഒരു വേറിട്ട മാറ്റ് ഉള്ള ഒരു കഥ...!

    ReplyDelete
  64. വണ്ണാത്തിമാറ്റ് പുതിയൊരു അറിവാണ്....

    കുമാരസംഭവത്തിലെ വ്യത്യസ്തമായ പോസ്റ്റ്....

    ReplyDelete
  65. കുമാരേട്ടനിൽ നിന്നും അപ്രതീക്ഷിതമായൊരു പോസ്റ്റ്. തീർച്ചയായും പതിവ് ശൈലിയിൽ നിന്നും വിത്യസ്തമാക്കിയെങ്കിലും വളരെ നല്ല നിലവാരം പുലർത്തി. പഴയ നാട്ടിൻ പുറക്കാഴചകളുടെ കുളിരുണർത്തുന്ന അവതരണം.. മണ്ണാത്തിമാർ തന്നെയാണോ വണ്ണാത്തിമാർ?

    അയാലും അല്ലങ്കിലും എന്റെ ഓർമ്മകളിൽ മുട്ടുവരെ തുണിയെടുത്ത, കോന്തലയിൽ വെറ്റിലയും ചുണ്ണാമ്പും കെട്ടിവെച്ച, ചുക്കിച്ചുളിഞ്ഞ സിക്സ് പാക്ക് അടിവയറും കാട്ടി, ഒരു തുണിക്കെട്ട് എപ്പോഴും ഒക്കത്ത് വെച്ച് [അരയിൽ] പുഞ്ചിരിയോടെ വീട്ടിൽ വരാറുൺടായിരുന്ന ഞങ്ങളുടെ ചക്കിയേടത്തിയെ ഓർത്ത് പോയി..

    ഇനിയും ഭൂതകാലത്തിന്റെ കുളിരുള്ള കഥകൾ വരട്ടേ..

    ReplyDelete
  66. നല്ല കഥ കുമാരാ.....എവിടെയും മരുന്നിനു പോലും തമാശിക്കാന്‍ തോന്നാതിരുന്നത് തന്നെ കഥയുടെ വിജയം....
    പിന്നെ ഈ സരസൂന്റെ വയറ്റിലുണ്ടാക്കിയത് ആരാ???

    ReplyDelete
  67. പുസ്തകം നേരത്തേ വായിച്ചു. ബ്ലോഗിൽ ഇതാദ്യം. അഭിനന്ദനം...

    ReplyDelete
  68. വ്യത്യസ്തമായ പോസ്റ്റ്
    kollam

    ReplyDelete
  69. നല്ല കഥ. ഞാന്‍ ആദ്യായിട്ടാണു ഇവിടെ.
    അഭിനന്ദനങ്ങള്‍

    ReplyDelete
  70. വ്യത്യസ്തമായ ഈ പോസ്റ്റും ഇഷ്ടമായി.
    അവതരണ ശൈലിയും.

    ReplyDelete
  71. ഹൃദയ സ്പര്‍ശിയായ കഥ

    ReplyDelete
  72. വ്യത്യസ്തമായ ഒരു നല്ല കഥ.
    നര്‍മ്മം ഇല്ലാത്തത് കൊണ്ട് ഇത് ഒട്ടും മോശമായില്ല എന്ന് മാത്രമല്ല വളരെ ആകര്‍ഷണീയമായി ഇതിന്റെ അവതരണം.

    ഇടയ്ക്കിടയ്ക്ക് ഇങ്ങിനെയും ആവാം

    ReplyDelete
  73. puthiya vayananubhavam , valare hridhyamayi...... bhavukangal.....

    ReplyDelete
  74. കുമാരാ നിനക്ക് തമാശ മാത്രമല്ല, എല്ലാം വഴങ്ങും. കൈക്കോര്‍ എന്ന വാക്ക് പുതിയ തലമുറയ്ക്ക് അറിയുമോ ആവോ?

    ReplyDelete
  75. അമ്മൂമ്മ ഒക്കെ പണ്ട് പറഞ്ഞു തന്നിട്ടുള്ള,ഞങ്ങള്‍ കാണാത്ത വണ്ണാത്തിയെ കുമാരേട്ടന്‍ വരച്ചു തന്നു.

    നല്ല ഒരു മാറ്റം

    ReplyDelete
  76. നല്ല കൈയ്യടക്കം തോന്നി എഴുത്തിന്.കണ്മുന്നില്‍ തെളിഞ്ഞ് കാണാവുന്ന കഥാപാത്രങ്ങളും.നന്നായി ഇഷ്ടപ്പെട്ടു..

    ReplyDelete
  77. കുമാരേട്ടാ....
    പതിവു തമാശകളില്‍ നിന്നും മാറി
    നല്ലൊരു കഥയുമായി....
    വളരെ മനോഹരമായ അവതരണം.
    "വണ്ണാത്തിമാറ്റ്" ഞാനും ആദ്യായിട്ട് കേള്‍ക്കുകയാണ്...

    ReplyDelete
  78. ഇത്ര നന്നായി കഥ വഴങ്ങുന്ന ആൾ കൂടുതൽ നല്ല കഥകളുമായി വരുമെന്ന പ്രതീക്ഷയോടെ....... അഭിനന്ദനങ്ങൾ.
    ഒത്തിരി ഇഷ്ടമായി ഈ കഥ.

    ReplyDelete
  79. ഒന്ന് ചിരിക്കാനുള്ള വക പ്രതീക്ഷിച്ചാണ് ഇവിടെ എത്തിയത്...വായിച്ചു തുടങ്ങിയപ്പോള്‍ പഴയ കാലം ഓര്‍ത്തു. എന്റെ കുട്ടിക്കാലത്ത് തറവാടിന്റെ വടക്കേ മുറ്റത്ത്‌ ഇത് പോലെ ഒരു സ്ത്രീ വരുമായിരുന്നു... അവരെന്തിനാണ് വരുന്നത് എന്ന് ചോദിച്ചാല്‍ കുട്ടികള്‍ അതൊന്നും അറിയേണ്ട എന്ന് പറഞ്ഞു ഓടിക്കും....പിന്നീട് ഭര്‍ത്താവിന്‍റെ വീട്ടില്‍ എത്തിയപ്പോള്‍ ഒരു അമ്മാളുവിന്റെ രൂപത്തില്‍ അവിടെയും കണ്ടു മുട്ടി ഇത് പോലെ ഒരു രൂപം.... ഇവിടെ വന്നപ്പോള്‍ അവരെ വീണ്ടും കണ്മുന്നില്‍ കൊണ്ട് വന്നു നിറുത്തിയ പോലെ തോന്നി.
    വേറിട്ട ഒരു വായനാനുഭവം തന്നു കുമാരന്‍.പഴയ കാലത്തിന്റെ കുളിര്‍മയുള്ള ഓര്‍മകളിലേക്ക് കൊണ്ടെത്തിച്ചതില്‍ വളരെ സന്തോഷം...ഒത്തിരി ഇഷ്ട്ടായി.....

    ReplyDelete
  80. വളരെ മനോഹരമായ രചന. നന്ദി കുമാരാ

    ReplyDelete
  81. വളരെ ഇഷ്ടപ്പെട്ടു..

    ReplyDelete