മംഗലാപുരത്തേക്കുള്ള എക്സ്പ്രസ്സ് ട്രെയിൻ തലശ്ശേരി സ്റ്റേഷനിൽ വന്നു നിന്നു.
കംപാർട്ട്മെന്റിന്റെ വാതിൽക്കൽ തന്നെ നിന്നിരുന്ന ആനന്ദ് ഷോൾഡർ ബാഗ് നേരെ
പിടിച്ചിട്ട് സ്റ്റേഷനിലിറങ്ങി. അവിടെ ഇറങ്ങാൻ
വളരെക്കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളൂ.
ഇറങ്ങിയ ഉടനെ അവരൊക്കെ പുറത്തേക്കുള്ള വാതിൽ ലക്ഷ്യമാക്കി കുതിച്ചു. ഏതോ ട്രെയിനിനു പോകാനുള്ള ആളുകൾ ബെഞ്ചുകളിൽ
ലഗേജുമായി ഇരിക്കുന്നുണ്ട്. ആനന്ദ്
അവരെയൊക്കെ കടന്ന് മുന്നോട്ട് നടന്ന് പ്ലാറ്റ്ഫോമിലെ അവസാന ബെഞ്ചിലിരുന്ന് ഷൂ
അഴിച്ചു കെട്ടി ചാരിയിരുന്നു.
അപ്പോഴേക്കും ട്രെയിൻ കടന്നു പോയി, സ്റ്റേഷൻ നിശബ്ദമായി. അവൻ വാട്ടർ ബോട്ടിലെടുത്ത് മുഖവും വായും കഴുകി
ചീപ്പെടുത്ത് മുടി ചീകി എന്നിട്ട് മൊബൈലിൽ “സെറീനാ ഞാനെത്തി…
സ്റ്റേഷനിൽ തന്നെ ഇരിക്കുവാ.. ശരി.. എന്നിട്ട് വരാം.. ഓകെ..” എന്ന് പറഞ്ഞു. കുറച്ച് സമയം കൂടി അവിടെ ഇരുന്നതിനു ശേഷം ഇരുട്ടാകാൻ തുടങ്ങിയപ്പോൾ
ബാഗുമെടുത്ത് ട്രെയിൻ പോയതു വഴിയേ പാളത്തിലൂടെ മുന്നോട്ടേക്ക് നടന്നു.
കുറച്ച് ദൂരം കഴിഞ്ഞ് ഒരു പുഴയുടെ
മുകളിലെ പാലത്തിലെത്തി. അതിന്റെ മുകളിൽ നിന്നും അസ്തമയം വളരെ മനോഹരമായിരുന്നു.
മൊബൈലിൽ കുറച്ച് ചിത്രങ്ങളെടുത്ത ശേഷം വീണ്ടും നടന്നു. അൽപ്പം കഴിഞ്ഞപ്പോൾ റോഡ് റെയിൽപ്പാളം
മുറിച്ചു കടന്നു പോകുന്ന ലെവൽ ക്രോസ്സിലെത്തി. അവിടെ
നിന്നും ഇടത് ഭാഗത്തെ റോഡിലൂടെ നടന്നു. ഇരു
വശത്തും മതിൽക്കെട്ടിനുള്ളിൽ വലിയ വീടുകൾ.
സ്ട്രീറ്റ് ലൈറ്റില്ലാത്തതിനാൽ മങ്ങിയ സന്ധ്യാ വെളിച്ചം സഹായകമായി. അപ്പോൾ ഇടതുഭാഗത്തെ വീടിന്റെ ഗേറ്റ്
തുറന്ന് മധ്യ വയസ്കയായ ഒരു സ്ത്രീ കൈയ്യിലൊരു പാക്കറ്റുമായി ധൃതി
പിടിച്ച് നടന്നു വന്നു. അവൻ പിന്നെയും ഫോണെടുത്ത് സംസാരിച്ചു.
“വീട് കണ്ടു… ഒകെ... ശരി വെക്കട്ടെ…”
ആ വീടിന്റെ മതിൽ കഴിഞ്ഞപ്പോൾ
റോഡിൽ നിന്നും ഇടത്തേക്ക് വേറൊരു ചെറിയ റോഡ് കണ്ടു. ഇടതും വലതും രണ്ട് വലിയ വീടുകളുടെ ഇടയിലൂടെ
പുഴക്കരയിലേക്ക് പോകുന്ന റോഡാണത്. മുന്നിലും
പിറകിലും അശ്രദ്ധമായെന്ന പോലെ സൂക്ഷിച്ചു നോക്കി ആരും കാണുന്നില്ലെന്നു ഉറപ്പ്
വരുത്തി അയാളങ്ങേക്ക് തിരിഞ്ഞു. വലതു
ഭാഗത്തെ വീട് വെളിച്ചമൊന്നുമില്ലാതെ നിശ്ശബ്ദം ഇരുട്ടിൽ മുങ്ങിയിരിക്കുന്നു. ഇടതു ഭാഗത്തെ മതിലിനോട് ചേർന്ന ടെലഫോൺ
പോസ്റ്റിലും മതിലിന്റെ വിള്ളലിലും ചവിട്ടിക്കയറി കോംപൌണ്ടിലേക്ക് ഇറങ്ങി. പിന്നെ ശബ്ദമുണ്ടാക്കാതെ
മരങ്ങളുടെ മറപറ്റി നടന്ന് വീടിന്റെ പിന്നിൽ അടുക്കള ഭാഗത്തിനടുത്തുള്ള മാവിന്റെ
ചുവട്ടിലെത്തി. നൂറ്റാണ്ടോളം
പഴക്കമുള്ളൊരു മൂന്നു നില ഓടിട്ട വീടായിരുന്നത്. വലിയൊരു പറമ്പിൽ നിശബ്ദ ഗാംഭീര്യത്തോടെ
അത് നിറഞ്ഞു നിന്നു. അവിടെ ഇരുമ്പ് ഗ്രില്ലിന്റെ
വാതിൽക്കൽ വെളുത്ത ചുരിദാറിട്ടൊരു യുവതി പ്രത്യക്ഷപ്പെട്ടു. അവളെ കണ്ടപ്പോൾ ആനന്ദ് മരത്തിന്റെ മറവിൽ
നിന്നും പുറത്തേക്ക് വന്നു. അവൾ
വീട്ടിന്നകത്തേക്ക് പാളി നോക്കി അവനെ കൈ മാടി വേഗം വാ എന്ന് വിളിച്ചു. അവിടെയെത്തിയപ്പോൾ അവനെ വേഗത്തിൽ കൈ പിടിച്ച് അകത്തേക്ക്
കയറ്റി ഗ്രിൽ അടച്ചു പൂട്ടിയ ശേഷം മുറികൾ കടന്ന് കോണിപ്പടിയിലൂടെ മുകളിലേക്ക്
കയറി. മൂന്നാം നിലയിലെ മുറിയിലെത്തി വാതിലടച്ച
ശേഷം അതിൽ ചാരി കണ്ണടച്ച് അവൾ ദീർഘശ്വാസം വിട്ടു.
അയാൾ ഒരു നിമിഷം അത് കൌതുകത്തോടെ നോക്കി നിന്നതിനു ശേഷം പതുക്കെ അവളുടെ
മുടികൾ പിന്നിലേക്ക് കോതിയൊതുക്കി താടി പിടിച്ച് നെറ്റിയിലൊരു ഉമ്മ കൊടുത്തു. ഒരു നിമിഷം അതിൽ ലയിച്ചു നിന്ന ശെഷം അകന്നു
മാറി. “ഞാൻ ചായ കൊണ്ട് വരാം അപ്പോഴേക്കും
കുളിച്ച് ഫ്രെഷാവൂ.. പുറത്തെ വരാന്തയിൽ കുളിമുറിയുണ്ട്..” കുളിച്ച് ഫ്രെഷായി വന്നപ്പോൾ
അവൾ ചായയും പലഹാരങ്ങളും കൊണ്ട് വെച്ചിരുന്നു.
“താഴെ ആരൊക്കെയുണ്ട്..?” അയാളത് കഴിച്ചു കൊണ്ട് ചോദിച്ചു.
“ഇപ്പോ ഗ്രാൻപായും ഗ്രാൻമായുമേയുള്ളൂ..
അവർ ടി.വി.കാണുകയാ… ഒരു സെർവന്റ് ഉള്ളത് അൽപ്പം
മുൻപേ പോയി.. നാളെ രാവിലെ വരും...”
“ഇതൊരു കൊച്ചു കൊട്ടാരം
തന്നെയാണല്ലോ.. എന്തോരം മുറികളുണ്ടാകുമിതിൽ..!“ അവൻ അത്ഭുതത്തോടെ ചോദിച്ചു.
“കൊറേ ഉണ്ട് എല്ലാം
അടച്ചിട്ടിരിക്കുവാ… ഗ്രാൻപായുടെ ഫാദർ
ബ്രിട്ടീഷ് ഗവർൺമെന്റിൽ ഉദ്യോഗസ്ഥനായിരുന്നു. അന്ന് കൺസ്ട്രക്റ്റ് ചെയ്തതാ
ഇത്..”
അയാൾ ഭക്ഷണം കഴിച്ച് ടവലിൽ കൈ
തുടച്ചു. “ഞാൻ അവരൊക്കെ ഉറങ്ങിയ ശേഷം വരാമേ..
അത് വരെ എന്തെങ്കിലും വായിച്ചിരിക്ക്..”
അതും പറഞ്ഞ് പാത്രങ്ങളെടുച്ച് അവൾ താഴേക്ക് പോയി. ആനന്ദ് ടീപ്പോയിലിരുന്ന പുസ്തകങ്ങളെടുത്ത്
മറിച്ച് നോക്കി ബെഡിലിരുന്നു. ഇടക്ക് ഒന്ന് രണ്ട് ഫോൺ വിളിച്ചു. എന്നിട്ടും സമയം
പോകാഞ്ഞ് ലാപ് എടുത്ത് നെറ്റ് കണക്ട് ചെയ്തു.
ഒൻപത് മണി കഴിഞ്ഞപ്പോൾ അവൾ
ഒരു കാസറോളിൽ ഫ്രൈഡ് റൈസുമായി വന്നു.
കസേരയിലിരുന്ന് അവൾ അത് അവനെക്കൊണ്ട് കഴിപ്പിച്ചു. ഇടക്ക് അവൻ അവൾക്കും വാരിക്കൊടുത്തു.
“നെറ്റിൽ കാണുന്നതിലും
ഒരുപാട് ക്ഷീണിച്ചത് പോലെ...” ബെഡിൽ കിടന്ന്
അവൾ പറഞ്ഞു.
“അത് ജെനറൽ കംപാർട്ട്മെന്റിൽ
ഗുസ്തി പിടിച്ച് വന്നത് കൊണ്ടാ...“ അവൻ പറഞ്ഞു.
“പെട്ടെന്നാണ് വിസ വന്നത്..
ഞാൻ പ്രതീക്ഷിച്ചതേയില്ല. അവിടെ പപ്പ ജോബ് റെഡിയാക്കിയിട്ടുണ്ട്.“
“പോയാൽ പിന്നെ നീയെന്നെ
ഓർക്കുമോ..?” അവൻ ചോദിച്ചു. അത് കേട്ടവൾ
പോ.. എന്ന് പരിഭവിച്ച് തിരിഞ്ഞു കിടന്നു. കുറച്ച് കഴിഞ്ഞപ്പോൽ അവന്റെ അനുനയത്തിൽ കീഴടങ്ങി അവൾ തിരിഞ്ഞു കിടന്നു. അവൾ ചാറ്റിങ്ങിൽ കാണുന്നതിലും സുന്ദരിയാണെന്നു അവനും തിരിച്ച് അവളും പറഞ്ഞു. പല വിശേഷങ്ങൾ പറഞ്ഞ് പാതിരാത്രി കഴിഞ്ഞപ്പോഴേക്കും അവൻ യാത്രാക്ഷീണം കാരണം ഉറങ്ങിപ്പോയി. അവൾ കുറേ സമയം മുഖം നോക്കി ഉറങ്ങാതിരുന്ന് പിന്നെ അവന്റെ മടക്കിയ കൈകൾ തലയിണയാക്കി കണ്ണടച്ചു.
രാവിലെ എഴുന്നേറ്റ് ബാത്ത്റൂമിൽ
പോയി വന്നപ്പോഴേക്കും ചായയും പലഹാരവും മുറിയിൽ റെഡിയായിരുന്നു. “കുറച്ച് കഴിഞ്ഞാൽ സെർവന്റ് വരും, പിന്നെ
ഞാനിങ്ങോട്ട് വല്ലപ്പോഴുമേ വരൂ.. ഉച്ചക്ക് ചോറ് അവർ കാണാതെ കൊണ്ടു തരാം.. ക്ഷമയോടെ
ഇരിക്കണം കേട്ടൊ...” അവൾ കൊഞ്ചലോടെ പറഞ്ഞു. അവൻ വായിച്ചും ഇരുന്നും നെറ്റിൽ സമയം കളഞ്ഞും
കഴിച്ചു കൂട്ടി. അവൾ ഇടയ്ക്ക് വന്ന്
പോയിക്കൊണ്ടിരുന്നു. രണ്ടു മണിയായപ്പോൾ
ഇതേ കൊണ്ടു വരാൻ പറ്റിയുള്ളൂ എന്ന സങ്കടവുമായി അവൾ അൽപ്പം ചോറു കൊണ്ടു വന്നു. അത് കഴിച്ച് കുറേ നേരം കിടന്നുറങ്ങി.
അന്നു രാത്രി അവളവനെയും
കൂട്ടി ഉറങ്ങിക്കിടക്കുന്ന ഉപ്പൂപ്പയേയും ഉമ്മൂമ്മയേയും പിന്നെ വീട്ടിലെ മുറികളുമൊക്കെ
കാണിച്ചു കൊടുത്തു. ആ വീട്ടിലെ ആന്റിക് സാധനങ്ങളിൽ പലതും അവൻ ജീവിതത്തിലാദ്യമായിട്ട്
കാണുകയായിരുന്നു. വീട്ടിൽ വന്ന കൂട്ടുകാരിക്ക് കൌതുക വസ്തുക്കൾ കാണിച്ചു കൊടുക്കുന്ന ഒരു സ്കൂൾ കുട്ടിയെ പോലെ അവളവന്റെ കൈപിടിച്ച്
കൊണ്ട് പോയി ഓരോന്നും കാണിച്ചു. പുറത്തെ വരാന്തയിൽ കസേരയിട്ടിരുന്ന് കുറേ സമയം സംസാരിച്ചു.
പിന്നെ പുലരാറായപ്പോൾ മുറിയിൽ പോയിക്കിടന്നു.
അന്നു പകലും തലേന്നത്തതിന്റെ
തനിയാവർത്തനമായിരുന്നു. എങ്കിലും
അവനതൊന്നും മടുപ്പിച്ചതേയില്ല.
മരങ്ങൾക്കിടയിലൂടെ ഒളിച്ച് വിഷമിച്ച് ജനലിലൂടെ എത്തുന്ന പുലരികളും
ശ്രദ്ധിച്ചാൽ കേൾക്കാവുന്ന പുഴയുടെ ആരവങ്ങളും പാലത്തിന്റെയടുത്തെത്തുമ്പോൾ വേഗത
കുറച്ച് ഡ്രംബീറ്റ്സുമായി പോകുന്ന ട്രെയിനിന്റെ ശബ്ദവീചികളും നഗരത്തിരക്കിൽ
നിന്നും പാടേ വ്യത്യസ്തമായ അനുഭൂതിയായിരുന്നു. ഓൺലൈൻ
വഴി ജോലി ചെയ്തും സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തും പുസ്തകം വായിച്ചും
വിശക്കുമ്പോൾ പഴങ്ങളെടുത്ത് കഴിച്ചും അജ്ഞാതവാസം ആസ്വദിച്ചു. അവളെ കാണണമെന്ന് മനസ്സിൽ വിചാരിക്കുമ്പോഴേക്കും
കുളിർക്കാറ്റ് പോലെ അവളെത്തുകയും നെറ്റിയിലൊരുമ്മ തന്ന് ഓടിപ്പോവുകയും
ചെയ്തിരുന്നു.
മൂന്നാമത്തെ ദിവസം രാത്രി
ഭക്ഷണം കഴിക്കുന്നതിനു മുൻപായി അവൻ ബാഗിൽ നിന്നൊരു കുപ്പി എടുത്തു. “ഇതൊക്കെ വാങ്ങിയിട്ടാണോ വന്നേ..!“ അതു കണ്ട് പരിഭവിച്ച് അവൾ പറഞ്ഞു. അവൻ നിശ്ശബ്ദമായൊന്ന് ചിരിച്ച ശേഷം ഡ്രിങ്ക്സ്
മിക്സ് ചെയ്ത് കഴിക്കാൻ തുടങ്ങി.
അവൾ കട്ടിലിൽ കിടന്ന് ലാപ് തുറന്ന് മെയിൽ ചെക്ക് ചെയ്തു. ഭക്ഷണമൊക്കെ കഴിച്ച ശേഷം ഒരു ഗ്ലാസ്സ് അവൾക്കും കൊടുത്തു.
“അയ്യോ... എനിക്ക് വേണ്ടാ…”
“വോഡ്കയാ.. ഒന്നും
ആവില്ല കഴിക്ക്..” അവൻ നിർബ്ബന്ധിച്ചപ്പോൾ അവൾ മടിയോടെ കഴിച്ച് ഗ്ലാസ്സ്
കാലിയാക്കി.
“പുറത്ത് നല്ല
തണുത്ത കാറ്റുണ്ടെന്ന് തോന്നുന്നു..”
“നമുക്ക് പുഴക്കരയിലേക്ക്
പോയാലോ…” അവൾ ചോദിച്ചു.
ഒച്ചയുണ്ടാക്കാതെ
താഴെ ഇറങ്ങി, ഗ്രിൽ പുറത്തു നിന്നും പൂട്ടി തെങ്ങിൻ തടത്തിലെ വരമ്പിലൂടെ
മൊബൈലിന്റെ വെളിച്ചത്തിൽ കൈ കോർത്ത് പിടിച്ച് അവർ പുഴക്കരയിലേക്ക് നടന്നു. മതിൽക്കെട്ടിന്റെ വശത്തുള്ള പുറത്തേക്ക് തള്ളിയ കൽപ്പടികൾ ചവിട്ടി മുകളിലെത്തി. ആവിടെ രണ്ടടി വീതിയിൽ പുഴയിലേക്ക് നീട്ടി ഇരുമ്പ് കൈവരികൾ
കെട്ടിയ ഒരു പ്ലാറ്റ് ഫോം ഉണ്ടായിരുന്നു.
അവിടെ നിന്നും നോക്കിയാൽ കണ്ടൽക്കാടുകൾ അതിരിട്ട് ശാന്തമായൊഴുകുന്ന പുഴയും അകലെ റെയിൽപ്പാലവും കാണാം. “ഇവിടെ
ഇരുന്ന് ഞങ്ങൾ ചൂണ്ടൽ ഇടാറുണ്ട്…”
“ചൂണ്ടൽ ഉണ്ടെങ്കിൽ
ഇടാമായിരുന്നു…”
“നിന്റെ ചൂണ്ടയിൽ
ഞാൻ വീണില്ലേഡാ..”
“അത് ചൂണ്ടയല്ലല്ലോ..
നെറ്റ് അല്ലേ…” ഒരേ താളത്തിലുള്ള പൊട്ടിച്ചിരിയിൽ അവർ
ലയിച്ചു. പിന്നെ നേർത്ത നിലാവെളിച്ചത്തിൽ വെളുത്ത് തിളങ്ങിയൊഴുകുന്ന ഓളങ്ങൾ നോക്കി നിന്നു. അപ്പോൾ മഴയുടെ ആദ്യ തുള്ളികൾ വന്നു
പൊതിഞ്ഞു. “അയ്യോ.. മഴ പെയ്യും.. വാ
പോകാം..” അവൾ ധൃതി കൂട്ടി. അവൻ വേണ്ടെന്ന് വിലക്കി. നനയുമെന്ന്
പറഞ്ഞപ്പോൾ നനയട്ടെ എന്ന് അവൻ. മഴ പതുക്കെ
കനത്തു തുടങ്ങി. തലയിലെ ഷാളെടുത്ത് അവൾ
രണ്ടു പേരെയും അതിനകത്താക്കി. മഴത്തുള്ളികൾ അവളുടെ കൺപോളകളിലൂടെ തഴുകിയപ്പോൾ മുഖം
കൊണ്ടവൻ കുടയായി. കുടുക്കുകൾ അഴിക്കാൻ അവൻ വിഷമിച്ചപ്പോൾ എളുപ്പത്തിൽ അവളത് അഴിച്ചു കാണിച്ചു. മേഘമാലകൾ അകന്ന്
ചന്ദ്രബിംബം പോലെ അവൾ അനാവൃതയായി.
അസക്തിയുടെ അഗ്നിനാളങ്ങൾ തണുപ്പിനെ മറികടന്നു. തനുവിന്റെ ഓരോ അണുവിലും നീർപ്പളുങ്കുകൾ
ചുംബനവർഷം നടത്തി. പരസ്പരം
കെട്ടിപ്പുണർന്നും ചുംബിച്ചും രതിമഴയിൽ ഒന്നായൊഴുകി. നേർത്തും
കരുത്താർജ്ജിച്ചും പിന്നെ വന്യമായും പുഴയിലലിഞ്ഞ് കുത്തിയൊഴുകി ഏറെ സമയത്തിനു ശേഷം
ശാന്തമായി.
മുറിയിൽ കട്ടിലിൽ
അടുത്ത് കിടന്ന് അനന്തതയിലെങ്ങോ നോക്കി കിടക്കുകയായിരുന്നു അവർ. പാതിരാത്രിയും കഴിഞ്ഞ് എത്രയോ
നേരമായിരുന്നു. അവളിൽ നിന്നൊരു
വിതുമ്പലുയർന്നപ്പോൾ അവളുടെ കണ്ണീർച്ചാലുകൾ മായ്ച്ച് വൃഥായെന്നറിഞ്ഞിട്ടും
സോറിയെന്ന് പറഞ്ഞു. “സാരമില്ല, എനിക്കും ഇഷ്ടമായിരുന്നു... ഒക്കെ അറിഞ്ഞ് തന്നത് തന്ന്യാ.. അത് കൊണ്ടല്ല നിനക്ക് പോകാനായല്ലോ എന്നോർത്തപ്പോ
സഹിക്കാനാവുന്നില്ല..” നിറഞ്ഞ് മറിയുന്ന ഗദ്ഗദം അടക്കി അവൻ അവളെ
ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“നീ എന്നെ
മറക്കുമെന്ന് എന്റെ മനസ്സ് പറയുന്നു… ഗൾഫിലെത്തിയാൽ പിന്നെ പുതിയ
സാഹചര്യം.. ആളുകൾ.. പപ്പേം മമ്മീം പറയുന്നത് നിനക്ക് കേൾക്കാതിരിക്കാൻ പറ്റില്ല..
ഇത് നമ്മുടെ അവസാന കാഴ്ചയാവുമെന്ന് എന്തോ എന്റെ ഉള്ളിലാരോ പറയുന്നു..” പിന്നെ പറയാൻ അനുവദിക്കാതെ അവൾ അവന്റെ വായ പൊത്തി.
“ഞാൻ അവിടെ എത്തി
ജോയിൻ ചെയ്തയുടനെ നിനക്ക് വിസിറ്റിംഗ് എടുത്ത് തരാം.. നിനക്കവിടെ നല്ല പോസ്റ്റെന്തേലും
കിട്ടും.. എന്നിട്ട് പപ്പേം മമ്മീം കണ്ട് കാര്യം പറഞ്ഞാൽ മതി. അവർ
സമ്മതിക്കാതിരിക്കാൻ വഴിയില്ല, ഇല്ലെങ്കിലും നമുക്ക് അവിടെ ജീവിക്കാം. വേണ്ട എമൌണ്ട് ഞാൻ നിന്റെ അക്കൌണ്ടിലേക്ക്
ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്…” അവൾ പറഞ്ഞു.
ഒന്നും പറയാതെയും ഒരുപാട്
പറഞ്ഞും അവരാ രാത്രി ഒട്ടുമുറങ്ങാതെ തീർത്തു.
അഞ്ചു മണിയായപ്പോൾ അവൻ യാത്രക്ക് റെഡിയായി. “ടിക്കറ്റ് കൺഫേമായിട്ടുണ്ട്.. സ്റ്റേഷനിലെത്തിയാൽ വിളിക്കണെ... പോകുമ്പോ ശ്രദ്ധിക്കണം..” ബാഗ് എടുത്ത് മുറിയിൽ നിന്നിറങ്ങുമ്പോൾ അവൾ പറഞ്ഞു. പിരിയാൻ ഒട്ടും മനസ്സില്ലാതെ കഠിനമായി വിഷമിച്ചു കൊണ്ട്
അവർ രണ്ടും താഴേക്കിറങ്ങി. “നീ പറയുന്നതൊന്നും നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല, ചെയ്യാൻ പറ്റുമെന്ന തോന്നൽ മാത്രമാണ്... അവർ നിന്റെ പാസ്സ്പോർട്ട് എടുത്ത് വെച്ചാൽ നീയെന്താ ചെയ്യുക.. ഇത് നമ്മുടെ അവസാന കാഴ്ചയാവാം.....” അടഞ്ഞ ഗ്രില്ലിൽ
വെച്ച അവളുടെ തണുത്ത കൈത്തലത്തിൽ തൊട്ട് അവൻ പിൻതിരിഞ്ഞു. അവൾ നടുങ്ങി ഞെട്ടി നിഷേധാർത്ഥത്തിൽ തലയാട്ടി എന്നിട്ട്
വായ് പൊത്തിപ്പിടിച്ചു കൊണ്ട് അകത്തേക്ക് ഓടി.
തിരിച്ചു പോകുമ്പോൾ വരുമ്പോഴത്തെ ശ്രദ്ധയൊന്നും ഉണ്ടായിരുന്നില്ല. ആരെങ്കിലും കണ്ടോട്ടെ എന്ത് വേണമെങ്കിലുമാവട്ടെ ഒക്കെ നശിച്ചു പോട്ടെ
എന്നൊക്കെ കരുതി കുറച്ച് സമയം വെറുതെ പാളത്തിൽ കിടന്നു. പിന്നെ എഴുന്നേറ്റ് സ്റ്റേഷനിലേക്ക്
നടന്നു. പാലത്തിനു മുകളിലെത്തിയപ്പോൾ
പുഴയിലേക്ക് ചാടിയാലോ എന്ന് കരുതി കുറേ ആലോചിച്ചു നിന്നു. പിന്നെ ബാഗിൽ നിന്നും കുപ്പിയെടുത്ത് രണ്ട്
കവിൾ വിഴുങ്ങിയ ശേഷം അത് പുഴയിലേക്ക് വലിച്ചെറിഞ്ഞു ആടിയാടി സ്റ്റേഷനിലേക്ക്
നടന്നു.
പ്ലാറ്റ്ഫോമിലെ
ബെഞ്ചിലിരുന്ന് മുഖം കൈയിൽ താങ്ങി അവൻ പൊട്ടിക്കരഞ്ഞു. സങ്കടം കൊണ്ട്
ഭ്രാന്ത് പിടിച്ച അവസ്ഥയിലെത്തിയിരുന്നു.
ദൂരെ ട്രെയിനിന്റെ ചൂളം വിളി കേട്ടു. പെട്ടെന്ന് പിന്നിൽ നിന്നും ഒരു തണുത്ത കൈ വന്നു ചുമലിൽ തൊട്ടു. ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോൾ നിറമിഴികളുമായി ചുണ്ടു കടിച്ചമർത്തി അവൾ നിൽക്കുന്നു...
ട്രെയിൻ വരാനായി അവർ കാത്തിരുന്നു.