പതിനെട്ട് വയസ്സ് കംപ്ലീറ്റ് ചെയ്ത് പ്രായപൂര്‍ത്തി തെളിച്ചും, അത്യാവശ്യ സമയത്ത് തെളിയാതെയും നില്‍ക്കുന്നൊരു ചെറുബാല്യക്കാരനാണ് അയ്‌മൂട്ടി. തോട്ടിലും കുളത്തിലുമൊക്കെ കാണുന്ന കണ്ണിക്കുറുവൻ മീനിന്റെ സെയിം ടൈപ്പ് ബോഡി ഷെയ്പ്പ്. പുരിക രോമം പോലുമില്ലാത്ത ഫേസ് ബുക്ക്, വയലിൽ നട്ടയുടനെയുള്ള ഞാറ് പോലത്തെ ഒരിഞ്ച് കുറ്റിമുടി, ഫുൾ സ്ക്വയർ ലുങ്കിയും ബനിയനും ആടയാഭരണങ്ങൾ. വേറെ കവച്ച കുണ്ഡലങ്ങൾ ഒന്നും നഹി.
ബൈ ബേര്‍ത്ത് ഇന്നർ ബ്രൈറ്റ്നെസ്സ് ലേശം കുറവുണ്ടെങ്കിലും അതു കൊണ്ടല്ല അയ്‌മൂട്ടി ഫെയ്മസായത്. സ്മാര്‍ട്ട്നെസ്സ് തെളിയിക്കാൻ നടത്തിയ ചില ശ്രമങ്ങളാണ് അയ്‌മൂട്ടിക്ക് പോപ്പുലാരിറ്റി കൂട്ടിയത്. നാട്ടിലെ ക്ലബ്ബായ കെ.കെ.സി.സി.യിലെ (കച്ചറയെങ്കിൽ കച്ചറ, ചൊറയെങ്കിൽ ചൊറ) ഷറഫുദ്ദീൻ എന്ന ചാഫി, പ്രകാശൻ, സതീശൻ എന്നിവരാണ് ക്ലോസ് ഫ്രന്റ്സ്. എല്ലാവരോടും ഈക്വൽ ലവ് ആണെങ്കിലും കൂടുതൽ അടുപ്പം ചാഫിയോടാണ്. എപ്പോഴും കൂടെ നിൽക്കുന്നവനായിരിക്കുമല്ലോ പാര വെക്കുന്നത്. അതു പോലെ അയ്‌മൂട്ടിയെ പോപ്പുലർ ആക്കിയ കഥകളിൽ മിക്കതിന്റേയും മാനേജിങ്ങ് പാർട്ണറും പ്രചാരകനും ചാഫി തന്നെ.
ചാഫി തിരക്കഥയെഴുതി സംവിധാനം ചെയ്ത് പുറത്തിറക്കിയ അയ്‌മൂട്ടി കഥകൾ ഇവയാണ്.
സൌണ്ട് ടെസ്റ്റിങ്ങ്:
അയ്‌മൂട്ടി മൊബൈൽ ഫോൺ വാങ്ങി. ചാഫി അയ്‌മൂട്ടിയെ കളിപ്പിക്കാൻ കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞ് ശബ്ദം മാറ്റി വിളിച്ചു. അയ്‌മൂട്ടി അപ്പോൾ ബസ്സില്‍ പോകുകയായിരുന്നു. ഫോൺ കണക്ഷനെടുത്ത ദിവസം തന്നെ വിളി വന്നതിൽ സന്തോഷിച്ച് അവന്‍ ഫോണെടുത്തു.
“ഹലോ, സാർ.. എയർടെല്ലിൽ നിന്നാണേ. നിങ്ങളുടെ ഫോണിന്റെ സൌണ്ട് സിസ്റ്റം എത്രയുണ്ടെന്ന് ടെസ്റ്റ് ചെയ്യാനാണ്.. ഒന്ന് കൂവാമോ..?”
സംഗതി സത്യമാണെന്ന് കരുതി അയ്‌മൂട്ടി “കൂയ്..” എന്ന് കൂവി.
“പോരാ, ഒച്ചത്തിൽ കൂവണം..”
അയ്‌മൂട്ടി പിന്നെയും മാക്സിമം ഉച്ചത്തിൽ കൂവി.
“നിർത്താതെ കൂവണേ.. “ അയ്‌മൂട്ടി കൂവാൻ തുടങ്ങി, പട്ടാപ്പകൽ നല്ല തിരക്കുള്ള ബസ്സിൽ, കുറുക്കന്റെ സെയിം പിച്ചിലും, ബാസ്സിലും, വോള്യത്തിലും. ചാഫി അങ്ങനെ അങ്ങനെ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ബസ്സിലുള്ള ആളുകൾ വട്ടൻ എന്ന് പറഞ്ഞ് ഇറക്കി വിടൂന്നത് വരെ അയ്‌മൂട്ടി കൂവൽ നിർത്തിയില്ല.
ഇദ് അയ്‌മൂട്ടി, അദ് മുബാറക് :
പെരുന്നാൾ ദിവസം ബസ് സ്റ്റോപ്പിലിരുന്ന് കത്തി വെക്കുകയായിരുന്നു അയ്‌മൂട്ടിയും ചങ്ങാതിമാരും. അപ്പോള്‍ അവന്റെ ഫോണിൽ ‘ഈദ് മുബാറക്’ എന്ന മെസേജ് വന്നു. അയ്‌മൂട്ടി ഉടനെ ‘ഇദ് അയ്‌മൂട്ടി’ എന്ന് റിപ്ലൈ അയച്ചു. അയ്‌മൂട്ടിക്ക് മെസേജ് അയച്ചത് ഗൾഫിലുള്ള ചങ്ങാതി മുബാറക് ആയിരുന്നു.
വാനിഷിങ്ങ് ഓഫ് ബത്തക്ക :
ഗായത്രി ടാക്കീസിന്നടുത്തുള്ള ഇബ്രായിന്റെ വണ്ടിപ്പീടികയിൽ ഒരു ബത്തക്ക (തണ്ണിമത്തൻ എന്നും പറയാം) വാങ്ങി തിന്നാൻ തുടങ്ങുകയായിരുന്നു അയ്‌മൂട്ടി. പെട്ടെന്നാണ് ചാഫി നടന്ന് വരുന്നത് കണ്ടത്. കണ്ടാൽ അവനും വാങ്ങിക്കൊടുക്കേണ്ടി വരും. കൈയ്യിലാണെങ്കിൽ രൂപയുമില്ല ചിഹ്നവുമില്ല, ഓസി കൊടുക്കാൻ മാത്രം സ്പെയ്സുള്ള ഹാര്‍ട്ടുമില്ല. അയ്‌മൂട്ടി ഉടനെ ബുദ്ധിപരമായും അഭിനയകലാപരമായും പ്രവര്‍ത്തിച്ചു. അവൻ ബത്തക്ക പുറകിലാക്കി രണ്ടു കൈയ്യും പിന്നിൽ പിടിച്ച് നിഷ്കളങ്കനായി ഐ ഡോണ്ട് നോ നത്തിങ്ങ് എന്ന ഭാവത്തിൽ നിന്നു. കള്ളത്തരമൊന്നും അറിയാതിരുന്ന ചാഫി ഞാൻ പോട്ടേ എന്നും പറഞ്ഞ് നടന്നു. ചാഫി ദൂരെ എത്തിയതിനു ശേഷം അയ്‌മൂട്ടി ബത്തക്ക തിന്നാൻ നോക്കുമ്പോള്‍ കൈയ്യിലൊന്നുമില്ല. ഇതെന്തൊരത്ഭുതം എന്ന് വിചാരിച്ച് പിന്നോട്ടേക്ക് നോക്കിയപ്പോൾ ഊശാന്താടി വെച്ചൊരു മുട്ടനാട് ടങ്ങ് ക്ലീൻ ചെയ്ത് താങ്ക്സ് പറഞ്ഞ് നില്‍ക്കുന്നു.
എ ഫൈനാൻഷ്യൽ സൊലൂഷൻ :
ആ കൊല്ലം ചേലേരി അമ്പലത്തിലെ ഉത്സവത്തിന് ഒരു അത്ഭുതമുണ്ടായിരുന്നു. ലണ്ടന്‍ ഐ യിൽ നിന്ന് പ്രചോദനം നേടി നിർമ്മിച്ച കൈ കൊണ്ട് കറക്കുന്നൊരു ഊഞ്ഞാൽ. നാല് സീറ്റുകളുള്ള അതിൽ എട്ടു പേര്‍ക്ക് ആടാം. എല്ലാത്തിലും ആളുകൾ കയറിയാൽ കറുത്ത് തടിച്ചൊരു തടിമാടൻ അത് വലത്തോട്ടേക്ക് ആട്ടി കറക്കിവിടും. അധികമൊന്നുമില്ല, ഒരു പത്ത് റൌണ്ട്. കയറിയ പിള്ളേരുടെ കൂവലും ആവേശവുമൊക്കെ കണ്ട് അയ്‌മൂട്ടിക്കും കൊതിയായി. അടുത്ത കളിക്ക് അവനും കയറി. പത്ത് റൌണ്ട് കറക്കിയ ശേഷം തൊട്ടിൽ നിർത്തി. ഓരോ ആളെയായി നിലത്ത് ഇറക്കിയ ശേഷം കാശ് വാങ്ങിക്കുകയാണ് തടിയൻ. അയ്‌മൂട്ടി കാശ് കൊടുക്കാൻ നോക്കിയപ്പോൾ പോക്കറ്റിൽ കാശ് നിൽ. കാശ് ഇല്ലാന്ന് പറഞ്ഞപ്പോൾ തടിയൻ ചീത്ത വിളിക്കാൻ തുടങ്ങി. തലമുറ തലമുറ ആയി റിവേഴസ് ഗിയറിൽ. നാല് തലമുറ വരെ അയ്‌മൂട്ടി പിടിച്ചു നിന്നു. പിന്നെയും പുറകോട്ടുള്ളവരെ കൂടി ബഹുമാനിക്കാൻ തുടങ്ങിയപ്പോൾ അയ്‌മൂട്ടി സഹികെട്ട് പറഞ്ഞു. “നിങ്ങൾ എന്നെ വലത്തേക്ക് കറക്കിയതിന്റെ കൂലിയാണല്ലോ തരേണ്ടത്? അതിനു പകരമായി നിങ്ങളെന്നെ കുറേ ഇടത്തോട്ടേക്ക് കറക്കിക്കോ.“ അപ്പോ തീരുമല്ലോ പ്രശ്നം!
നീഡ് എ ഹെൽപ്പിങ്ങ് ഹാൻഡ് :
കൈപ്പാട്ട് വയലിൽ ടെന്നീസ് ബോൾ ക്രിക്കറ്റ് കളിക്കുകയായിരുന്നു എല്ലാവരും. അയ്‌മൂട്ടിയാണ് ബാറ്റ് ചെയ്യുന്നത്. പ്രകാശന്റെ ഒരു ഏറ് അയ്‌മൂട്ടിയുടെ ബാറ്റിൽ കൊള്ളാതെ കറക്റ്റ് കാലിന്നിടയിൽ ചക്കക്കുരുവിനാണ് കൊണ്ടത്. വേദന കൊണ്ട് പുളഞ്ഞ് അവൻ നിലത്തിരുന്ന് പോയി. എല്ലാവരും കളി നിർത്തി ചുറ്റും കൂടി. കുറച്ച് കഴിഞ്ഞപ്പോൾ ആശ്വാസമായി. സതീശനും പ്രകാശനും പരസ്പരം കണ്ണിട്ട് ഒരു തമാശ ഒപ്പിക്കാൻ തീരുമാനിച്ചു. സതീശൻ അയ്‌മൂട്ടിയോട് സങ്കടത്തിൽ പറഞ്ഞു.
“എടാ ഒരു കുഴപ്പമുണ്ട്…”
“എന്താടാ..?” അയ്‌മൂട്ടി ചോദിച്ചു.
സതീശൻ വളരെ വിഷമത്തിൽ പറഞ്ഞു. “അതിന് ഏറ് കൊണ്ടാൽ ഇനി കുട്ടികളുണ്ടാവില്ല..“ പ്രകാശനും ചാഫിയും അവൻ പറഞ്ഞതിനെ സപ്പോർട്ട് ചെയ്തു. ടെൻഷനടിച്ച അയ്‌മൂട്ടിയുടെ കോൺസൻട്രേഷൻ മൊത്തമായും ചില്ലറയായും ഒലിച്ചു പോയി. അതിന്റെ ഫലമായി ആദ്യ ബോളിൽ തന്നെ അവന്‍ ഔട്ട്. ഗ്രൌണ്ടിൽ പിന്നെയും പ്രൊഡക്റ്റിവിറ്റിയെക്കുറിച്ച് മാത്രമായിരുന്നു ചർച്ച. അയ്‌മൂട്ടി കളി തീർന്നതിന് ശേഷം ചാഫിയെ ഒറ്റയ്ക്ക് മാറ്റി നിർത്തി ഒരു സഹായാഭ്യർത്ഥന നടത്തി. “എടാ, കല്യാണം കഴിഞ്ഞ് എനിക്ക് കുട്ടി ഇല്ലാണ്ട് ആയാൽ നീ ഒന്ന് സഹായിക്കണേ..”
മോർഫിംഗ് :
തവളപ്പാറയിലെ വിജനമായ കശുമാവിൻ പറമ്പിൽ കയറി അണ്ടി മാട്ടുകയായിരുന്നു അയ്‌മൂട്ടി. പാട്ടക്കാരൻ ഉമ്പായിക്ക അത് കണ്ടു പിടിച്ചു. അയ്‌മൂട്ടി മോഷ്ടിച്ച അണ്ടിയും ഉപേക്ഷിച്ച് തിരിഞ്ഞ് നോക്കാതെ ഓടി. പിറകേ ഉമ്പായിക്കയും. അയ്‌മൂട്ടി ഓടി വീട്ടിന്നകത്തേക്ക് കയറി. എന്നിട്ട് അടുക്കളയിൽ പോയി കുറച്ച് വെളിച്ചെണ്ണയെടുത്ത് മുടി പറ്റിച്ച് വാരിയ ശേഷം ബനിയൻ മാറ്റി വേറൊരെണ്ണം ഇട്ട് പുറത്തേക്ക് വന്നു. അപ്പോഴേക്കും ഉമ്പായിക്ക വീട്ടു മുറ്റത്ത് എത്തിയിരുന്നു. അയ്‌മൂട്ടി നിഷ്കളങ്കമായി ഉമ്പായിക്കയോട് ചോദിച്ചു. “ഇപ്പോ എന്നെക്കണ്ടാൽ തിരിച്ചറിയുമോ..?”
ദി ഇൻകംപ്ലീറ്റ് അയിഷ:
ലുങ്കിയുടെ ഇന്നറിൽ നാനോ ഡ്രസ്സുകൾ ഇടാതെ സ്വതന്ത്ര സോഫ്റ്റ് വെയറായി നടക്കുന്നത് അയ്‌മൂട്ടിയുടെ ഒരു ഹോബിയും ഹാബിറ്റുമാണ്. ചങ്ങാതിമാർക്ക് അതറിയാമെങ്കിലും എത്ര പറഞ്ഞാലും അക്കാര്യത്തിൽ മാത്രം അയ്‌മൂട്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. അയ്‌മൂട്ടിയുടെ ഈ സ്വകാര്യം നാട്ടിൽ മുഴുവൻ പാട്ടായത് ക്ലബ്ബിന്റെ പിരിവിന്റെ സമയത്തായിരുന്നു. ക്ലബ്ബിന്റെ നടത്തിപ്പ് ചെലവിനും നടത്തിപ്പുകാരുടെ ചെലവിലേക്കുമായി കാശ് പിരിക്കുകയായിരുന്നു അയ്മൂട്ടിയും, സതീശനും ചാഫിയും പ്രകാശനുമൊക്കെ. നല്ലോണം തെണ്ടിയും വായി അടിച്ചും പിരിച്ച് പിരിച്ച് മാലിനി ടീച്ചറുടെ വീട്ടിലെത്തി.
ടീച്ചറും ഹൈസ്കൂളിലും കോളേജിലുമായി പഠിക്കുന്ന മക്കൾ മായയും മഞ്ജുവും സിറ്റൌട്ടിലും, അയ്‌മൂട്ടിയും ടീമും വീടിന്റെ മുറ്റത്തും നിന്ന് സംഭാവനയുടെ അനുപാതത്തെപ്പറ്റി തര്‍ക്കിക്കുകയായിരുന്നു. പത്ത് രൂപ തരാം അതും വാങ്ങി സ്ഥലം കാലിയാക്കെന്ന് ടീച്ചർ. അത് പോരാ, അമ്പത് വേണമെന്ന് അയ്‌മൂട്ടി. അതൊന്നും നടപ്പില്ല പത്തേ തരൂ എന്ന് ടീച്ചർ പറഞ്ഞ് നിര്‍ത്തിയപ്പോൾ അയ്‌മൂട്ടി ആവേശത്തിൽ ഒരു കാൽ വീടിന്റെ ഇറയത്ത് കയറ്റി വെച്ച് പോര ടീച്ചറേ, അത് പോരാ.. എന്ന് പറഞ്ഞു. അപ്പോൾ യോഗദണ്ഡും ഭസ്മസഞ്ചിയും ആലില മഞ്ചലിൽ ആടുന്നത് കണ്ട് ടീച്ചർ മക്കളുടെ കണ്ണും പൊത്തിപ്പിടിച്ച് കൊണ്ട് വീട്ടിന്നകത്തേക്കോടി.
ഇനിയും നിന്നെ കൂട്ടി പിരിക്കാൻ പോയാൽ, നാട്ടുകാർ നമ്മളെ പിരിയ്ക്കും, നീ വരുന്നെങ്കിൽ വീട്ടിൽ പോയി അണ്ടർവെയറിട്ട് വാ എന്നും പറഞ്ഞ് അയ്‌മൂട്ടിയെ പ്രകാശൻ വീട്ടിലേക്കോടിച്ചു. അയ്‌മൂട്ടി പോയി തിരിച്ച് വന്ന് സംഗതികൾ ഇട്ടു എന്ന് പറഞ്ഞെങ്കിലും കാണിച്ച് തന്നാലേ നിന്നെ വിശ്വസിക്കൂ എന്ന് ചാഫി പറഞ്ഞു. അപ്പോൾ അയ്‌മൂട്ടി ചൂടായി, “ഞാൻ ഇട്ടിറ്റ്ണ്ട്.. നോക്കെഡാ, നോക്ക്..” എന്ന് പറഞ്ഞ് ബനിയൻ പൊക്കി ലുങ്കി കൊറച്ച് താഴ്ത്തി അണ്ടര്‍വെയറിന്റെ ‘അയിഷ‘ എന്നെഴുതിയ മുകളറ്റം കാണിച്ച് കൊടുത്തു. അങ്ങനെ ജീവിതത്തിൽ ആദ്യമായി അയ്‌മൂട്ടിയുടെ അധോലോക ദാമോദരന്മാർ അയിഷ ബ്രീഫിന്റെ ആഢംബരം അനുഭവിച്ചു.
പിരിവിന്റെ സെക്കന്റ് റൌണ്ട് കമ്പിൽ അങ്ങാടിയിലേക്ക് ആക്കാമെന്ന് തീരുമാനിച്ച് കച്ചറ ബ്രദേഴ്സ് ആ വഴിക്ക് നടക്കുമ്പോഴാണ് അങ്ങോട്ട് പോകുന്ന മൂസാന്റെ കാലി ജീപ്പ് വന്ന് നിര്‍ത്തിയത്. ഉടനെ എല്ലാവരും അതിന്റെ പിറകിൽ ഓടിക്കയറി. പ്രകാശനും സതീശനും ചാഫിയും കയറി ഇരുന്നതിന് ശേഷമാണ് അയ്‌മൂട്ടി കയറിയത്. കാലു പൊന്തിച്ച് അകത്തേക്ക് കയറുമ്പോള്‍ അദാ വീണ്ടും ദാമോദരന്മാർ ട്രപ്പീസ് കളിക്കുന്നു..! ഇതെന്ത് മാജിക്ക് ! ജീപ്പിൽ കയറുന്ന സമയത്ത് ഇവൻ അത് അഴിച്ച് കളഞ്ഞോ എന്ന് അത്ഭുതപ്പെട്ട് പ്രകാശൻ അവന്റെ ലുങ്കി താഴ്ത്തി നോക്കിയപ്പോൾ അടിവശത്ത് ഒന്നുമില്ലാതെ അയിഷ ബ്രീഫിന്റെ ബെല്‍റ്റ് മാത്രം അരയിൽ !!!