നിരാശ ഇനി
പരിഹരിക്കാനാവാത്ത വിധം എവറെസ്റ്റ് കൊടുമുടി പുൽകിയപ്പോഴാണ് ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. മുൻപ് കൈ മുറിക്കൽ, തല റോഡിലിടിക്കൽ,
അമിതമായി സേവിക്കൽ തുടങ്ങിയ വിനാശപ്രവൃത്തികൾ ചെയ്തത് വഴി അതിന്റെ പ്രാരംഭ
നടപടികൾ തുടങ്ങിയിരുന്നു. അതിനാൽ ഇതൊരു സഡൻ
ഡെത്ത് പ്രോഗ്രാമ്മാണെന്ന് തെറ്റിദ്ധരിക്കണ്ട. ഇനിയിപ്പോൾ എല്ലാരുടെയും ആകാംക്ഷ
എന്തിനാണീ പൊട്ടൻ ചാകാൻ പോകുന്നത്
എന്നായിരിക്കും. ഒരാൾ
ചത്തതിനേക്കാൾ വിഷമം ആളുകൾക്ക് അതിന്റെ
കാരണം അറിയാഞ്ഞിട്ടായിരിക്കുമല്ലോ.
ഇതൊരു പബ്ലിക്
ന്യൂസാക്കി നാലാൾക്കാരെ അറിയിക്കാൻ
എനിക്ക് താൽപ്പര്യമേയുണ്ടായിരുന്നില്ല. ജീവിതത്തിൽ സുതാര്യത
പുലർത്തിയൊരാൾക്ക് മരണത്തിലെങ്കിലും അൽപ്പം
ദുരൂഹതക്ക് അർഹതയില്ലേ. ആയതിനാൽ ഒരു കത്ത്
പോലും എഴുതി ആരെയും ആശ്വസിപ്പിക്കാൻ തോന്നിയില്ല. മായാമോഹിനിക്ക് മാത്രം ഒരു എസ്.എം.എസ്. അയച്ചു ഇന്നു
രാത്രി പതിനൊന്നിന്റെ ട്രെയിനിനു
തല സമർപ്പിക്കുന്നു എന്ന്. അത് ഡെലിവേഡായോന്ന് പോലും
നോക്കാതെ ഫോണിന്റെ കഴുത്ത് പിടിച്ച്
ഞെക്കിക്കൊന്നു. രാത്രി
ഒൻപത് മണിക്കായിരുന്നു അത്.
റെയിൽപ്പാളത്തിന്റെ ഇരുവശത്താണ്
ഞങ്ങളുടെ വീടുകൾ. അന്നേക്ക് ഞങ്ങൾ പിണങ്ങി
രണ്ടാഴ്ചയോളമായിരുന്നു. ഓളം
എന്നത് ഒരു ഒഴുക്കിന് പറഞ്ഞതാണ്
ശരിക്കും രണ്ടാഴ്ച. അബ്സ്ട്രാക്റ്റായിട്ട് പറയാൻ ഞാൻ
ഉത്തരാധുനിക കാലത്തെ കഥാകൃത്തൊന്നുമല്ലല്ലോ. മായയെന്നൊരു
മോഹചിന്ത മാത്രല്ലാണ്ട് നാലഞ്ച്
വർഷമായി എനിക്ക് വേറൊന്നുമില്ലായിരുന്നു. (പിന്നേയും ഓളം അല്ലേ.. സാരമില്ല
കറക്റ്റ് അഞ്ച് കൊല്ലം.)
ഒൻപത് മണിക്കും
പതിനൊന്ന് മണിക്കുമിടയിൽ രണ്ട്
മണിക്കൂറുള്ളതിനാൽ അപ്പോഴേക്കും വെറുപ്പും
പിണക്കവും മാറി അവൾ എന്നെ
പിന്തിരിപ്പിക്കാൻ വരുമെന്ന ചിന്ത കൊണ്ട്
ജീവിതത്തിലേക്ക് ഒരു തിരിച്ച് വരവിനു
ചാൻസുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. വരില്ലാന്ന് ഏകദേശം
ഉറപ്പായിരുന്നു. ഈ രണ്ടാഴ്ച
പലതവണ ഞാൻ വിളിച്ചിട്ടും കുന്നോളം
മെസേജുകൾ അയച്ചിട്ടും ആ സബ്സ്ക്രൈബർ
പ്രതികരിച്ചില്ലായിരുന്നു.
പത്തേമുക്കാൽ ആയിട്ടും
മായയോ നിഴലോ കാണുന്നില്ല. ഇനി ഒന്നും ആലോചിക്കാനില്ല. അവൾ വരാനൊന്നും പോകുന്നില്ലെന്ന് ഉറപ്പായി. മനസ്സിളകാതിരിക്കാൻ ഞാൻ
അവളെന്നെ ചെയ്ത ദ്രോഹങ്ങൾ ചിന്തയുടെ
മുന്നണിയിലെത്തിച്ചു. അവൾ
പാവം നിഷ്കളങ്ക, എന്തായാലും എന്നെ
സ്നേഹിച്ചിരുന്നവളല്ലേ എന്നൊക്കെ ആലോചിച്ചാൽ
ചിലപ്പോ പിന്നോക്കം പോകാനിടയുണ്ട്.
പാളത്തിന്റെ നടുക്ക്
നിന്ന് വെറുതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി
കൈ ഒക്കെ ഒന്നു വിടർത്തി
വിറ മാറ്റുമ്പോഴാണ് ആരോ
ഓടി വരുന്നത് കണ്ടത്. ഏത് മിഡ് നൈറ്റിലും
സുപരിചിതമായ മായ തന്നെയായിരുന്നു ഓടിക്കുതിച്ച്
വരുന്നത്. ഓട്ടത്തിന്നിടയിൽ അവൾ ഫോൺ ഞെക്കലും
നോക്കലും ഓണാക്കലുമായി എന്തൊക്കെയോ
ചെയ്യുന്നുണ്ട്, ആകെ ടെൻഷനടിച്ച് വിയർത്ത്
വിളറിയിരിക്കുകയാണ്. ഇപ്പോഴെങ്കിലും വന്നല്ലോയെന്ന
ആശ്വാസത്തോടൊപ്പം എനിക്കൊരു കുസൃതി ഒപ്പിക്കാനാണ്
തോന്നിയത്. അവളെന്നെ നോക്കി
കൊറച്ച് കഷ്ടപ്പെടട്ടെ, ട്രെയിൻ വരാനാകുമ്പോ
സിനിമയിലേതൊക്കെ പോലെ പിന്നോട്ട് വലിച്ച്
കെട്ടിപ്പിടിക്കാം. അതൊരു
ഉഗ്രൻ സീനായിരിക്കും..!
അവളെന്നെ കാണുന്നതിനു
മുൻപ് ഞാൻ പിന്നിലെ കുറ്റിക്കാട്ടിലേക്ക് ഒളിച്ചു. അവൾ കറക്റ്റ് ഞാൻ
നിന്ന സ്ഥലത്ത് വന്ന് പിന്നോട്ട്
നോക്കി പാളത്തിൽ മലർന്ന് കിടന്നു. അയ്യോ പാവം,, എന്നെ കാണാഞ്ഞ്
അവളും ചാകാൻ പോകുകയാണല്ലോ.. അതിനെ അധികം വിഷമിപ്പിക്കണ്ട എന്ന് ചിന്തിച്ച് എണീക്കാൻ തുടങ്ങുമ്പോഴാണ് ഒരുത്തൻ ഓടി വന്ന് അവളെ
എണീപ്പിക്കുന്നത് കണ്ടത്. ഞങ്ങൾക്ക് രണ്ടുപേർക്കും അറിയുന്ന
ടാക്സിക്കാരൻ വിജയനായിരുന്നു അത്. നശിപ്പിച്ചു... ഇവൻ ഇനി
ഇതൊക്കെ നാട്ടിൽ പാട്ടാക്കുമല്ലോ..
എന്തെങ്കിലുമാകട്ടെ, ഇനിയും നിന്നാൽ
പ്രശ്നമാകുമെന്ന് കരുതി ഞാൻ എണീക്കാൻ
നോക്കുകയായിരുന്നു...
വിജയൻ അവളെ പിടിച്ച്
പൊക്കിയതും അവൾ അവന്റെ നെഞ്ചത്ത്
വീണ് കരയുകയും ഇടിക്കുകയും നിലവിളിക്കുകയും ചെയ്യാൻ തുടങ്ങി. “നീ ചാകല്ലേടാ.. എന്റെ മുത്തല്ലേ..
പൊന്നല്ലേ.. ഞാൻ നാളെതന്നെ വന്ന് നിന്നെ
കെട്ടിച്ച് തരാൻ പറയാം....” വിജയൻ അവളെ
ആശ്വസിപ്പിക്കുകയാണ്..!!!!
അവർ പരസ്പരം
കെട്ടിപ്പിടിക്കുന്നതും ഉമ്മ വെക്കുന്നതും
കൈ കോർത്ത് നടക്കുന്നതും ട്രെയിൻ
പോകുന്നതും ഒന്നും ഞാൻ കണ്ടതേയില്ല..
ഒന്നോർത്താൽ നമ്മൾ
പ്ലാൻ ചെയ്ത സീനൊക്കെ നമുക്ക്
മുൻപേ ആരൊക്കെയോ അഭിനയിക്കുന്നുണ്ടല്ലേ..