Sunday, January 15, 2012

അഗദതന്ത്രം






ടതു കൈ ഞാലിയുടെ വളയിൽ പിടിച്ച് വലതു കൈപ്പത്തിയാൽ വെയിലിനെ പ്രതിരോധിച്ച് കരുവൻ വൈദ്യർ വയലിനെ പിളർന്ന് വരുന്ന വഴിയുടെ അറ്റത്തെ കാലിപ്പറമ്പിലേക്ക് നോക്കി.  ചാഞ്ഞ് തുടങ്ങുന്ന ഉച്ചവെയിലിൽ കുളിച്ച് കായച്ചിറ, പെരുമാച്ചേരി, കടൂർ, മുണ്ടേരി നിന്നുമെല്ലാമുള്ള വഴികൾ ഒന്നായി വയലിലേക്ക് ചേരുന്ന കോണിയിൽ ഒരു സംഘം ആളുകൾ പ്രത്യക്ഷപ്പെട്ടു.  അവരെ കണ്ടപ്പോൾ വൈദ്യർ “ഉം” എന്ന് മൂളി മുണ്ട് അഴിച്ച് കുടഞ്ഞുടുത്ത് മുറ്റത്തൂടെ നടന്ന് തെക്ക് ഭാഗത്തെ കോട്ടത്തിന്റെ വാതിൽ തുറന്ന് അകത്ത് കയറി. 
 
കുറച്ച് കഴിഞ്ഞപ്പോൾ നാലു പേർ മരക്കസേരയിൽ ഒരാളെ എടുത്തു കൊണ്ട് വന്നു.  കസേരയിലുള്ളയാൾക്ക് ബോധമില്ല.  കസേര മുറ്റത്ത് വെച്ച് വന്നവർ നടുവ് നീർത്തു. മുന്നിൽ നടന്ന വഴികാട്ടിയായ അഞ്ചാമൻ “ബൈശ്യറേ” എന്ന് വിളിക്കാൻ തുടങ്ങിയപ്പോൾ കോട്ടത്തിന്റെ വാതിൽ തുറന്ന് കത്തിച്ചു വെച്ച നിലവിളക്കുമെടുത്ത് വൈദ്യർ പുറത്ത് വന്നു.  “പാമ്പ് കടിച്ചതാ” എന്ന് പറഞ്ഞപ്പോൾ വൈദ്യർ കനത്ത മൂളലിൽ അത് പറഞ്ഞവനെ നിശബ്ദനാക്കി,  “ആ കോലായിലെ കട്ടിലിൽ കിടത്ത്”  വൈദ്യരുടെ മുഖ ഭാവത്തിലും ശബ്ദത്തിലെ ആജ്ഞാശക്തിയിലും പേടിച്ച അവർ ധൃതിയിൽ അനുസരിച്ചു.

കടിയേറ്റയാൾക്ക് ഒരു പത്തറുപത് വയസ്സ് കാണും, കണ്ണോത്തെ പറമ്പിൽ തൈ തുറക്കുമ്പോഴാണ് പാമ്പിന്റെ കടിയേറ്റതെത്രെ.  വൈദ്യർ ഒരു നിമിഷം രോഗിയെ നോക്കി, പിന്നെ കണ്ണടച്ച് പ്രാർത്ഥിച്ച് കൈക്കുമ്പിളിലുണ്ടായിരുന്ന ചന്ദനം വെള്ളത്തിൽ അലിയിച്ച് വായിൽ ഇറ്റിച്ചു കൊടുത്തു.  കൺപോളകൾ പൊന്തിച്ച് വലതു കൈയ്യുടെ നാഡി പിടിച്ച് നോക്കി എന്നിട്ട് കോലായിയുടെ തൊട്ടുള്ള മുറിയിൽ ചെന്ന് ചില ഭരണികൾ എടുത്തു കൊണ്ടു വന്നു.  മുറിവാ വൃത്തിയാക്കി ഭരണിയിൽ നിന്നും ചില ഔഷധങ്ങൾ ശ്രദ്ധാപൂർവ്വം കലർത്തി കാരമുള്ളു കുത്തിയത് പോലത്തെ മുറിവിൽ വെച്ചമർത്തി.  എന്നിട്ടും അനക്കമില്ലെന്ന് കണ്ട്, വന്നവരോടായി “മുന്തിയ ഇനാ.. വേറെ പണി എടുക്കേണ്ടി വരും ഇയാൾ അനങ്ങാണ്ട് നോക്കണം, എണീറ്റാൽ പച്ചവെള്ളമല്ലാതെ ഒരു സാധനവും കൊടുക്കരുത്.. ഇപ്പോ വരാം..” എന്ന് പറഞ്ഞ് ഒരു രണ്ടാം മുണ്ടെടുത്ത് തോളത്തിട്ട് ധൃതിയിൽ പുറത്തേക്ക് ഇറങ്ങി.  അതിന്നിടയ്ക്ക് വീട്ടിനുള്ളിൽ നോക്കി ഞാൻ പുറത്തേക്ക് പോകുന്നു എന്ന് പറഞ്ഞ് മറുപടിക്ക് നിൽക്കാതെ നടന്നു.

വൈദ്യർ പോയത് പാടിക്കുന്നിലേക്കായിരുന്നു.  അങ്ങിങ്ങ് പാറക്കൂട്ടങ്ങളും കുറ്റിക്കാടുകളും കാട്ടുമരങ്ങളും മാത്രമുള്ള ആൾതാമസമില്ലാത്ത വലിയൊരു മലയാണ് പാടിക്കുന്ന്.  കുന്നിന്റപ്പുറം അരിമ്പ്ര, മയ്യിൽ, നണിയൂർ എന്നീ സ്ഥലങ്ങളും പിന്നെ പറശ്ശിനിപ്പുഴയും.  വൈദ്യർക്ക് മാത്രം അറിയുന്ന ചില അപൂർവ്വ ഔഷധച്ചെടികൾ അവിടെയുണ്ട്.  വിജനമായ കുന്നിന്റെ മുകളിലേക്ക് കരുത്തുറ്റ കാലടികൾ നീട്ടി നടക്കുമ്പോൾ കോലായിൽ പുറപ്പാട് കാത്ത് കിടക്കുന്ന ജീവൻ മാത്രമായിരുന്നു ഉള്ളിൽ.  പകുതി കയറിയപ്പോൾ തലയിൽ വിറകുകെട്ടുമായി എള്ളിൻ കറുപ്പുള്ളൊരു ചെറുപ്പക്കാരി എതിരെ ഇറങ്ങി വന്നു.  രണ്ടുപാറക്കെട്ടുകൾക്കിടയിലുള്ള ഒരാൾക്ക് മാത്രമുള്ളൊരു ഇറക്കമായിരുന്നു അത്.  അതിനാൽ രണ്ടു പേരും ആരാദ്യം എന്ന സന്ദേഹത്തിൽ നിന്നു.  മുട്ടിന്റെ അൽ‌പ്പം താഴെ ഇറക്കമുള്ളൊരു ലുങ്കിയും വെളുപ്പിൽ കറുപ്പ് പുള്ളികളുള്ളൊരു ബ്ലൌസുമാണ് അവൾ ഉടുത്തിരിക്കുന്നത്.  കറുത്തതെങ്കിലും എന്തോ പ്രത്യേകതകളുള്ള മുഖം, വിടർന്ന് വലിയ കണ്ണുകൾ, നെടുകെ കൃത്യം ഛേദിച്ച നാളികേരപ്പാതികൾ പോലെ കൂർത്ത മാറിടം, അവിടെ നിന്നുറവയെടുത്ത വിയർപ്പ് മണികൾ ചാലിട്ട് പൊക്കിൾ തടാകത്തിലേക്ക് ചെന്ന് അവസാനിക്കുന്നു. 

തന്റെ മുന്നിൽ ആറടിപ്പൊക്കത്തിൽ നിൽക്കുന്ന ഘനഗാംഭീര പുരുഷരൂപത്തെ അവളും കണ്ണെടുക്കാതെ നോക്കിപ്പോയി.  അൽ‌പ്പം കഷണ്ടി കേറി പിന്നിലേക്ക് ചീകിയൊതുക്കിയ കറുത്ത മുടികൾ, വീതിയേറിയ നെറ്റിയിൽ ഭസ്മക്കുറി, നെഞ്ചത്ത് സ്വർണ്ണത്തിൽ കെട്ടിയ കനത്തൊരു രുദ്രാക്ഷ മാല, കസവ് മുണ്ടും തോളിലൂടെയൊരു രണ്ടാം മുണ്ടും.  ആ തലയെടുപ്പ് കണ്ടാൽ ആരായാലും ബഹുമാനിച്ചു പോകും.  അവൾ പരിഭ്രമിച്ച് പിന്നോക്കം മാറിക്കൊടുത്തപ്പോൾ വൈദ്യർ കുന്നുകയറി നടന്നു.   അടക്കാൻ നോക്കിയിട്ടും നിൽക്കാത്ത കൌതുകത്തിൻ പിടിയിൽ തിരിഞ്ഞ് നിന്ന് നോക്കിയപ്പോൾ അവളുടെ നിറഞ്ഞ പിൻഭാഗത്തിന്റെ ഇളക്കങ്ങളിൽ കണ്ണുകൾ ഉടക്കിപ്പോയി.  മനസ്സിന്റെ വിജന കോണിൽ നിന്നും വിലക്കുകളെ മറികടന്നൊരു തരംഗമുയർന്നു.  മരുന്നു മണക്കുന്ന ഈ കാട്ടിൽ ഒരു പെണ്ണിന്റെ ഗന്ധം ഇതുവരെ അറിഞ്ഞിട്ടില്ല. തെരുവക്കാടുകൾ ഒതുക്കി മുകളിലേക്കു കേറുമ്പോ ഉള്ളിലുമെന്തൊക്കെയോ ഞെരിയുന്നു.  തേടി വന്ന പച്ചമരുന്ന് പറിച്ചെടുത്ത് തിരിച്ചിറങ്ങുമ്പോഴും കണ്ണുകൾ അവളെ തേടുന്നുണ്ടായിരുന്നു. വീട്ടിലെത്തി ചെടിയുടെ നീരു കലർത്തി ഔഷധം കൊടുത്ത് രോഗിയെ എഴുന്നേൽ‌പ്പിച്ച് നടത്തി പറഞ്ഞയച്ചതിനു ശേഷവും ഉൾക്കാട്ടിൽ നിന്നെവിടെയോ നിന്നൊഴുകി വന്ന കാട്ടുചന്ദനഗന്ധം പോലെ കറുത്തൊരു പെണ്ണ് മനസ്സിന്റെ ഉമ്മറത്ത് വന്ന് പോയ്‌ക്കൊണ്ടിരുന്നു.

അവളും അതുതന്നെ ഓർക്കുകയായിരുന്നു. ഈ കാട്ടിൽ ഇന്നു വരെ ഇയാളെ കണ്ടിട്ടില്ല. ആ നോട്ടം.. ഹൊ..! കൊളുത്തി വെലിക്കുന്നത് പോലെ.. ആരാപ്പാ അത്.. അടുത്തൂടെ പോയപ്പോൾ എന്താ ഒരു മണം.. അറിയാതെ രോമമെല്ലാം എണീറ്റു പോയി.  കുടിയിലെത്തിയ ഉടൻ അവൾ അമ്മ മന്ദിയോട്  ഇന്നൊരാളെ പാടിക്കുന്നിൽ വെച്ച് കണ്ടെന്ന് പറഞ്ഞു.  ആളുടെ രൂപമൊക്കെ കേട്ടപ്പോൾ മന്ദി അത് കറുവൻ വൈദ്യരായിരിക്കുമെന്ന് പറഞ്ഞു.  പാമ്പ് കടിക്ക് വൈദ്യരെ കഴിഞ്ഞേ വേറാരുമുള്ളൂ പോലും.  ഇരിക്കൂർ, കുറുമാത്തൂർ, കടലായി, തലശ്ശേരി നിന്നും വരെ ആളുകൾ തേടി വരാറുണ്ടെത്രെ.  അസാധ്യ കൈപ്പുണ്യമാണു.  വീണു അനങ്ങാൻ പറ്റാതെ കിടപ്പിലായ ആളുകൾ പോലും വൈദ്യർകണ്ടിയിൽ പോയാൽ എണീറ്റ് നടക്കുമെത്രെ.  ഇത്രയും പ്രശസ്തനായ അദ്ദേഹത്തെ താൻ മതിയാംവണ്ണം ബഹുമാനിച്ചില്ലേ എന്ന് അവൾക്കൊരു തോന്നലുണ്ടായി.

അയ്യപ്പനയുടെ ഇല തേടി നട്ടുച്ചവെയിലത്ത് കുന്ന് കേറിയതാ വൈദ്യർ. വെയിലാറിത്തുടങ്ങി. എന്നിട്ടും തേടി വന്നതു മാത്രം കിട്ടിയില്ല. സന്ധ്യയായാൽ പിന്നെ മരുന്നിനു ഫലമുണ്ടാവില്ല.  ചില ചെടികൾ ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരുപോലെയിരിക്കും, മാറിപ്പോയാൽ സർവ്വതും തീർന്നു.  ഇനി നാളെ നേരത്തെ വന്ന് നോക്കാമെന്ന് കരുതി തിരിച്ചിറങ്ങുമ്പോൾ പാടി തീർത്ഥമെന്ന് വിളിക്കുന്ന കാട്ടുചോലക്കരികിലായി വീണ്ടും അവൾ..! കണങ്കാലിൽ സ്ഥാനം തെറ്റിക്കിടക്കുന്ന മുണ്ട്
കോന്തലയെടുത്ത് ചോര ഒഴുകുന്ന കൈത്തണ്ട തുടക്കുകയാണ്.  അടുത്ത് ചെന്ന് കൈ പിടിച്ചു നോക്കി.  ഉണക്ക കൊള്ളി കൊണ്ട് മുറിഞ്ഞതാണ്.  അധികം ആഴമൊന്നുമില്ല.  ചോര കണ്ട് പേടിച്ചരണ്ട് ആകെ വിയർത്തിട്ടുണ്ടവൾ. പാവം! ‘‘സാരൂല്ല. പേടിക്കേണ്ട’‘  ശബ്ദത്തിൽ പരമാവധി മൃദുത്വം കലർത്തി അടുത്തുള്ള അരയാൽത്തണലിലേക്ക് കിടത്തി കാട്ടപ്പയുണ്ടോന്ന് ചുറ്റും പരതി നോക്കി.  അത് പിഴിഞ്ഞു മുറിവിലൊഴിച്ചപ്പോഴേക്കും തളർന്ന ആ ശരീരം കൊഴിഞ്ഞ തളിരില പോലെ വാടിക്കുഴഞ്ഞു പോയി. അലസമായിക്കിടക്കുന്ന വേഷം, വിയർപ്പുചാലിൽ കുതിർന്ന് നെറ്റിയിലൊട്ടിയ നേർത്ത മുടിയിഴകൾ, നേർത്ത ശ്വാസത്തിനനുസരിച്ച് താണുയരുന്ന മാറിടം, മാന്തളിർ പോലത്തെ അണിവയറിൽ കാക്കപ്പൂ പൊക്കിൾ,  മൃദുമേനിയിൽ നിന്നുയരുന്ന ചെമ്പകപ്പൂ ഗന്ധം.. വൈദ്യർ കണ്ണടക്കാതെ ആ കാഴ്ച കണ്ട് നിന്നു. 

തിരിച്ച് കുന്നിറങ്ങിയത് രണ്ടു പേരും കൂടെയായിരുന്നു.  കരുമാരത്തില്ല പറമ്പിൽ കുടികിടപ്പുകാരായ ചാത്തുവിന്റെയും മന്ദിയുടെയും മോളാണവൾ.  നാണി.  താഴ്ന്ന ജാതിയായിരുന്നിട്ടും അവളോട് കൂടെ നടക്കാനും മിണ്ടാനും വൈദ്യർക്ക് മടിയേതുമുണ്ടായില്ല.  പിറ്റേന്നും അവർ പാടിക്കുന്നിൽ കണ്ടുമുട്ടി. കാട്ടിൽ അറിയാത്ത വഴികളില്ലെന്ന ധാരണ തെറ്റാണെന്നറിഞ്ഞത് അവൾക്കൊപ്പം നടന്നപ്പോഴാണ്.  കാട്ടരുവി പോലെ കിലുങ്ങുന്ന സ്വരത്തിൽ പലതും പറഞ്ഞുകൊണ്ട് ആ കാടിന്റെ വന്യ ഭംഗി മുഴുവൻ കണ്ടു. അപൂർവ്വമായ പലതരം മരുന്നുകളും ആ യാത്ര വൈദ്യർക്ക് സമ്മാനിച്ചു. വിശന്നപ്പോൾ നിക്കനെയുള്ളൊരു പാറക്കെട്ടിന്നിടയിൽ നിന്നു പശിതാങ്ങിയുടെ ഓരോ ഇല രണ്ടുപേരും കഴിച്ചു.  നടന്നു മടുത്തപ്പോൾ തണലിലിരുന്നു.  നെല്ലിമരച്ചോട്ടിൽ അവളുടെ മടിയിൽ തലവെച്ച് കിടക്കുമ്പോൾ നെല്ലിക്കയോളം വലിപ്പത്തിൽ ഉരുണ്ടുകൂടിയൊരു മോഹത്തെ അവൾ പതുക്കെ അവളുടേതുമാക്കി. കാട്ടുകിളികളൊരുക്കിയ കുരവയിൽ കാട്ടുപൂക്കളുടെ മെത്തയിൽ, സൌഗന്ധികപൂവിൻ ധൂമവലയത്തിൽ അവരൊന്നു ചേർന്നു.

ഒരു പെണ്ണിനു തന്നെ ഇത്രയേറെ സ്വാധീനിക്കാനാകുമെന്നു വൈദ്യർ കരുതിയതേയില്ല.  എത്ര പെട്ടെന്നാണു അവൾ തനിക്കൊരു സഹായി ആയത്.  ഇതു പക്ഷേ വെറുമൊരു പെണ്ണുമല്ലല്ലൊ.  വിറകിനൊപ്പം മരുന്നുകളും അവൾ തന്നെ ശേഖരിക്കും.  ഒന്നും ബാക്കിയില്ല ഇനി അവൾക്കു കൊടുക്കാൻ.  തലമുറ കൈ മാറി വന്ന പാമ്പിൻ വിഷത്തിന്റെ മറുമരുന്നു പോലും അവളുടെ കാതിൽ ഓതുമ്പോൾ ഒരു സമർപ്പണത്തിന്റെ ധന്യതയാണറിഞ്ഞത്.  മിടുക്കിയാണ്. എല്ലാം പെട്ടെന്ന് പഠിച്ചെടുക്കും.  പറഞ്ഞു കൊടുത്ത മരുന്നുകൾ ഏതു കാട്ടിനുള്ളിലും അവൾ തിരിച്ചറിയും.

ഒരു ദിവസം കുളി കഴിഞ്ഞ് ഒരു കയ്യിൽ നനഞ്ഞ തുണികളും തൂക്കി കുളക്കടവിൽ നിന്ന് ഇടവഴിയിലേക്ക് ഇറങ്ങുകയായിരുന്നു നാണി.  അപ്പോൾ പത്തുവയസ്സു പ്രായം വരുന്നൊരു പെൺകുഞ്ഞുമായി നിലവിളിച്ചു കരഞ്ഞു കൊണ്ട് ഒരു പറ്റം ആളുകൾ എതിരെ വരുന്നത് കണ്ടു.  പൂ പറിക്കാൻ കാട്ടിൽ പോയപ്പോൾ കാലിൽ പാമ്പു കടിച്ചതാണു.  വൈദ്യർ സ്ഥലത്തില്ലാത്തതു കൊണ്ട് അശരണരായി മടങ്ങുന്നു.  വൈദ്യർ മൂകാംബിയിൽ തൊഴാൻ പോയതാണ്.  രണ്ട് ദിവസം കഴിഞ്ഞേ വരൂ.  വേറെ വിഷവൈദ്യന്മാർ അടുത്തൊന്നുമില്ല.  നേരം വൈകും തോറും കുഞ്ഞിന്റെ ജീവൻ ഭീഷണിയിലാണ്.  ഒരു നിമിഷം ആലോചിച്ചു.  ജീവനേക്കാൾ വലുതല്ല മറ്റൊന്നുമെന്നേ തോന്നിയുള്ളു.  “ഞാനൊന്ന് നോക്കിക്കോട്ടേ
?” നാണി അവരോട് ചോദിച്ചു.  “നീയോ..? നിനക്ക് അറിയുഓ?”  എന്നൊക്കെ സംശയിച്ചെങ്കിലും വേറെ വഴിയൊന്നുമില്ലാത്തതിനാൽ അവർ കുട്ടിയെ നോക്കിക്കോളാൻ സമ്മതിച്ചു.  വേഗം തന്നെ അവൾ താഴെ കിടത്തി മുറിവു വൃത്തിയാക്കി. ഞൊടിയിടകൊണ്ട് മരുന്നുകളൊരുക്കി.  പിഞ്ചു കുഞ്ഞല്ലേ.  മരുന്നു വേഗം തന്നെ ഏറ്റു; അവൾ ചിരിച്ചുകൊണ്ടെഴുന്നേറ്റു.

വാർത്ത മിന്നൽ വേഗത്തിൽ പരന്നു.  കൊല്ലൂർ പോയി തിരിച്ചെത്തിയ വൈദ്യർ ഞെട്ടിപ്പോയി.  നാട്ടുകാരുടെ നാവിൽ മുഴുവനും പുലയപ്പെണ്ണ് പാമ്പ് കടിയേറ്റ പെൺകുട്ടിയെ രക്ഷിച്ച കഥ മാത്രം.  തന്നെ കാണുമ്പോൾ ആളുകൾക്കൊരു പരിഹാസമുണ്ടോ.  സർവ്വസ്വവുമായിരുന്ന പാരമ്പര്യ രഹസ്യം പോലും പങ്കുവെച്ച് കൊടുത്തിട്ടും പെണ്ണ് ചതിച്ചെന്നത് ഉൾക്കൊള്ളാനായില്ല.  തറവാട്ടിന്റെ നിലയും വിലയും പാരമ്പര്യവും ഒക്കെ നശിക്കുന്നുവോ.  ചികിത്സയ്ക്കായി ഇനി ഒരാളും ഈ വൈദ്യർ കണ്ടിയിലേക്ക് വരാതാകുമോ..  കലശലായ വെറുപ്പും സങ്കടവും ഉള്ളിൽ വന്ന് നിറയുന്നു.  പിന്നീട് പാടിക്കുന്നിൽ പോയതേയില്ല.  അവളെ കാണാവുന്ന വഴികളൊക്കെ ഒഴിവാക്കി.

കാട്ടിലോ, വഴിവക്കിലോ എവിടെയും വൈദ്യരെ ഒന്നു കാണാൻ പോലും കിട്ടാതെ അവളുരുകി.  ഒരു പിഞ്ചു ജീവൻ രക്ഷിച്ചതല്ലാതെ വേറെ തെറ്റ് ചെയ്തതായി അവൾക്ക് ഓർമ്മയില്ല.  വിഷമിറക്കി കുട്ടിയെ രക്ഷിച്ചത് നാട്ടിലും കുടിയിലും വലിയ വർത്താനമായിരുന്നു.  അതിനു ശേഷം ചിലർ വന്ന് അസുഖം നോക്കാൻ പറഞ്ഞെങ്കിലും അതൊന്നും അറിയില്ലാന്ന് പറഞ്ഞ് ഒഴിവാകുകയായിരുന്നു.  വൈദ്യരുടെ കൈപ്പുണ്യമോ പാരമ്പര്യമോ ഇല്ലാന്ന് അറിയാം.  അങ്ങനെയൊരു മോഹവുമുണ്ടായിരുന്നില്ല.  ആ പിഞ്ചുകുട്ടിയുടെ മുഖം കണ്ടപ്പോൾ ഒന്ന് ശ്രമിച്ചു നോക്കിയെന്ന് മാത്രം.  അത് വൈദ്യർക്ക് പിടിച്ചില്ലാന്നു തോന്നുന്നു.  അത് കൊണ്ടല്ലേ പിന്നെ എവിടെയും കാണാത്തത്.  ആ സമയത്ത് മയ്യിൽ നിന്നു വന്നൊരു കല്യാണ ആലോചന ഉറക്കുകയും ചെയ്തു.  അതും കൂടി ആയപ്പോൾ തകർന്നു പോയി.  ഉറങ്ങാൻ പറ്റുന്നില്ല, ഒരു മണി വറ്റിറങ്ങുന്നില്ല,  എന്ത് വേണമെന്ന് തിരിയുന്നില്ല.  വൈദ്യരെ കണ്ട് വിവരം പറയാൻ കാത്ത് നിന്ന് കാലും മനസ്സും ഉരുകിയിട്ടും ഫലമില്ലാതായപ്പോൾ അവൾ വൈദ്യർകണ്ടിയിലേക്ക് തിരിച്ചു.   

കിണറ്റുകരയിൽ പച്ചീർക്കിലി കൊണ്ട് വലിയ ശബ്ദത്തിൽ നാക്കു വടിച്ച് നിവരുമ്പോഴാണു മുന്നിൽ അവളെ കാണുന്നത്.  വിറയോടെ മുരുടയും വെള്ളവും താഴെ വീണു.  വീട്ടുകാരാരെങ്കിലും കണ്ടാലോ.. എന്ത് ധൈര്യത്തിലാണിവളുടെ വരവ്..? ചെയ്ത് വെച്ചതൊന്നും പോരേ
? “എന്തിനാ വന്നേ..?” അയാളുടെ അപരിചിത മുഖവും ശബ്ദവും കേട്ട് അവളൊന്ന് പരിഭ്രമിച്ചു.  എന്നാലും വിറയലോടെ പറഞ്ഞു.  “എന്റെ മംഗലം നിശ്ചയിച്ചു

അടുക്കളയിൽ നിന്നും എന്താന്നുള്ള ഭാവത്തിൽ ഭാര്യ തലനീട്ടി.  വയറു വേദനയായിറ്റ് വന്നതാ.. എന്ന് പറഞ്ഞൊപ്പിച്ചപ്പോൾ തിരിച്ചു പോയി.

“അതിനു?” നിഷ്കരുണം നിർവ്വികാരം വാക്കുകൾ പുറത്തേക്ക് വന്നു.

പതുക്കെ പരിഭ്രമിച്ച് അങ്ങേയറ്റം നിസ്സഹായമായി,  “അദ് ഞാൻ ഞാനിപ്രാവിശ്യം കുളിച്ചില്ല ഞാനെന്താ ചെയ്യുആ അച്ഛനറിഞ്ഞാൽ എന്നെക്കൊല്ലും” പെണ്ണിന്റെ കണ്ണിൽ നിന്നും പൊടിഞ്ഞത് ചോരത്തുള്ളികളായിരുന്നു.

എന്തുവേണമെന്നറിയാതെ പതറി നിന്നു വൈദ്യർ.  തലയിൽ എന്തോ വന്ന് വീണത് പോലെ മൊത്തം മരവിപ്പായിരുന്നു. 
ഭൂമിയിൽ തനിക്ക് ആദ്യമായി ഒരു അംശം രൂപം കൊണ്ടിരിക്കുന്നു !!! പത്തിരുപത്തിയഞ്ച് വർഷത്തെ ദാമ്പത്യത്തിനു തരാൻ കഴിയാതിരുന്നത്...  വൈദ്യർകണ്ടി തറവാടിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കേണ്ട അനന്തരാവകാശി..!  ഊർദ്ധ്വൻ വലിക്കുന്നതിനു മുൻപ് വിഷപ്രതിരോധ രഹസ്യം ചെവിയിലോതാൻ, തെക്ക് ഭാഗത്തെ കാരണോൻ‌മാരുടെ കോട്ടത്തിൽ നിത്യവിളക്ക് വെക്കാൻ, അഗദതന്ത്രം ഹൃദിസ്തമാക്കി അശരണർക്ക് അമൃതേകാൻ, നിജത്തിലും ആഗന്തുകത്തിലും ഒരുപോലെ പ്രഗത്ഭനാകാൻ, സ്ഥാരവര വിഷത്തിലും ജംഗമ വിഷത്തിലും അതുല്യനാകാൻ.. ദംശഭേദങ്ങളിലും സദ്യ:കരണീയങ്ങളിലും വേഗവേഗാന്തര ചികിത്സകനാകാൻ ഒരു പിന്തുടർച്ചാവകാശി! പക്ഷേ, തറവാട്ടിന്റെ മാനം, സമുദായത്തിന്റെ മഹിമ... നാട്ടിലും മറുനാട്ടിലും കേൾവികേട്ട തന്റെ പേരും പെരുമയും.. വേണ്ട, വേണ്ട.. അത്.. അങ്ങനെ സംഭവിച്ചാൽ പിന്നെ ലോകർ കാർക്കിച്ച് തുപ്പും വേച്ചു വേച്ച് ചുമർ പിടിച്ച് ഇരുട്ട് നിറഞ്ഞ കണ്ണുമായി അകത്തു ചെന്നു.  

ഉള്ളിൽ കിടന്ന് പിടക്കുകയാണ് ഒരു പിഞ്ചുകുഞ്ഞ്, മരുന്ന് കഴിപ്പിക്കുമ്പോഴെന്ന പോലെ മുഖമിട്ടുരുട്ടിക്കൊണ്ട് പിഞ്ചുകൈകളാൽ കയ്യിൽ മാന്തിപ്പറിക്കുന്നു, വാവിട്ട് കരയുന്നു..  സർവ്വാംഗം തളരുന്നു.. നിമിഷനേരം കൊണ്ട് ആയിരമായിരം തോന്നലുകൾ വന്നു പോകുന്നു..  മരുന്നുകൂട്ടുകളോ അളവുകളൊ ഓർമ്മ വരുന്നില്ല.  കൈയ്യിൽ കിട്ടിയതൊക്കെ ചേർത്ത് ഒരു കുപ്പിയിലാക്കി കൊടുത്ത് രാത്രി ഉറങ്ങാൻ നേരം കുടിക്കാൻ പറഞ്ഞു.  പതക്കുന്ന അഗ്നിശരങ്ങളെ ഭയന്ന് മുഖത്ത് നോക്കാൻ കഴിഞ്ഞില്ല.  അവളെന്ത് വിചാരിക്കുമെന്ന് ചിന്തിച്ചുമില്ല, തന്നെ അനുസരിക്കുമോ എന്ന ഭയമുണ്ടായിരുന്നു.  ഒന്നും ഉരിയാടാതെ അതും വാങ്ങി തിരിഞ്ഞ് നോക്കാതെ പോയി... അവളെപ്പറ്റി തോന്നിയതൊക്കെ പൊയ് ആയിരുന്നുവോ..!

കുളിരുള്ള രാത്രിയിലും അകം വേവുന്ന മനസ്സുമായിക്കഴിഞ്ഞ വൈദ്യരെത്തേടി കാലത്തു തന്നെ ആ വാർത്ത എത്തി. അവൾ പോയി
!  വൈദ്യ ജീവിതത്തിലെ ആദ്യത്തെ കയ്യബദ്ധം.  അതു കേട്ടതും പിടിച്ചു നിന്ന തൂണിൽ നിന്നു വൈദ്യർ പിന്നോക്കം മറിഞ്ഞു.  പിന്നെ അനങ്ങിയില്ല.