മരങ്ങളെല്ലാം നിലാവെള്ളിലകൾ ചൂടി നിന്നൊരു രാത്രിയിൽ വീടിന്റെ മുകളിലത്തെ മുറിയിൽ ഗീതാഗോവിന്ദം മറിച്ച് നോക്കിയിരിക്കെയാണ് പാർവ്വതിക്കുട്ടിയിൽ ഗന്ധർവ്വൻ കൂടിയത്.
വിലങ്ങനെ കമ്പികളുള്ള ജാലകത്തിലെ നീലവിരികളെ പാടേ തോൽപ്പിച്ച് കാറ്റിൽ പാലപ്പൂമണം ഇരച്ചുകയറി വന്ന് മുറിയിൽ നിറഞ്ഞപ്പോൾ പാർവ്വതി കണ്ണടച്ച് ദീർഘമായൊരു ഉൾശ്വാസത്തിൽ അതിനെ അകത്തേക്ക് നിറച്ചു. എഴുന്നേറ്റ് ജനലരികിൽ ചെന്ന് പുറത്തേക്ക് നോക്കിയപ്പോൾ വീട്ടുപറമ്പിന്റെ പുറത്ത് റോഡരികിലെ വലിയ പാലമരം മലർ പുടവയുടുത്ത് നിൽക്കുന്നത് കണ്ടു. നിലാവിൽ അധികരിച്ച ശ്വേതാംബരവുമണിഞ്ഞ പാലമരത്തെ നോക്കി നിന്നും, ഉൾപ്പുളകമുണർത്തുന്ന മണം എത്ര വട്ടം നുകർന്നിട്ടും മടുത്തതേയില്ല. ഭാരമില്ലാതായി ഏതോ മായിക ലോകത്തെത്തുന്നതായും ദേഹത്തെ ഓരോ ബിന്ദുവിലും ഉമ്മവെച്ചുണർത്തി എന്തൊക്കെയോ ഇഴഞ്ഞ് നടക്കുന്നത് പോലെയും അവൾക്ക് അനുഭവപ്പെട്ടു. അങ്ങനെ തന്നെ നിന്നപ്പോൾ പാലമരത്തിൽ നിന്നുമൊരു പ്രകാശകിരണം പതുക്കെ ഇറങ്ങിവരുന്നത് കണ്ടു. സ്വപ്നമോ യാഥാർത്ഥ്യമോ എന്നതിൽ വിഭ്രമിച്ച് നിൽക്കേ അത് കാറ്റിലൊഴുകി വീടിനു നേർക്ക് വന്ന് വിരികൾക്കിടയിലൂടെ മുറിയിലേക്ക് കടന്നപ്പോൾ പാർവ്വതി പേടിച്ച് പിന്നിലേക്ക് ഞെട്ടിമാറി, ഒന്നും മിണ്ടാനാവാതെ നിന്നു. അത് മുറിയിലാകെ ചുറ്റി മേശമേലിരുന്ന സെൽഫോണിന്റെ മുകളിലേക്കിറങ്ങി പിന്നെ കാണാതായി.
ഉടനെ ഫോൺ റിങ്ങ് ചെയ്തു.
“ഹലോ… പാർവ്വതിയല്ലേ..?”
“അതെ, ആരാ..?”
“നല്ല രസണ്ട് കേട്ടോ, നീലപ്പാവാടയും ബ്ലൌസുമിട്ട് കാണാൻ.. സുന്ദരിയാണ്”
“നിങ്ങളാരാ.. എവിടന്നാ സംസാരിക്കുന്നേ…?” ഞെട്ടി ചുറ്റും തിരിഞ്ഞ് നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
“ഞാൻ.. നിന്റെ അടുത്തുണ്ട്… ഈ പാലമരത്തിനടുത്ത്..”
“പാലമരത്തിലോ.. നിങ്ങളാരാ ഗന്ധർവ്വനാ..?”
“ഹഹഹ… അതെ.. നിന്നെ കാണാനായി മാത്രം വന്ന ഗന്ധർവ്വൻ..”
മറുതലക്കലെ ഹൃദ്യമായ ചിരിയിൽ എതിർത്ത് പറയാനോ ഫോൺ വെക്കാനോ അവൾക്കായില്ല. അയാൾ പിന്നെയും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നെങ്കിലും അവൾ ഒന്നിനും പ്രതികരിച്ചില്ല. പിന്നെ അവന്റെ സ്വരമാധുരിയിലും വാക്ചാതുര്യത്തിലും അലിഞ്ഞ് വാക്കുകൾക്ക് മറുകുറി പറഞ്ഞു തുടങ്ങി. കൌമാര വസന്തത്തിന്റെ പരാഗമേറ്റ് നിൽക്കുന്ന അവൾക്ക് നവാനുഭൂതിയായിരുന്നത്. വെറുതെ മുറിയിലൂടെ അലസം നടന്നും, പിന്നെ ഇരുന്നും, കട്ടിലിൽ കിടന്നും ഒട്ടും ഉറക്കമില്ലാതെ ആ രാവ് പൂർണ്ണതയിലേക്ക് നീങ്ങി കൊഴിയുന്നത് വരെ സംസാരിച്ചു കൊണ്ടിരുന്നു. പിന്നെയെപ്പോഴോ അങ്ങനെ തന്നെ കിടന്ന് ഉറങ്ങിപ്പോയി. രാവിലെ വൈകി എഴുന്നേറ്റപ്പോൾ ഫോണിൽ ഒരു സുപ്രഭാതാശംസ അവളെ കാത്തിരിപ്പുണ്ടായിരുന്നു. തലേന്ന് രാത്രി സംസാരിച്ച് ഉറങ്ങാൻ വൈകിയതോർത്ത് ലജ്ജിച്ച് കോളേജിലേക്ക് പോകാനുള്ള ഒരുക്കങ്ങളിലേക്കിറങ്ങി.
അന്ന് മുതൽ പിന്നെ അവളുടെ ഇരവുകളും പകലുകളുമെല്ലാം അവനോടൊത്ത് മാത്രമായിരുന്നു. അവനുമായി മിണ്ടിയും കൊഞ്ചിയും മനപൂർവ്വം അടിപിടി കൂടിയും പിണങ്ങിയും ഇണങ്ങിയും സ്വപ്നം കണ്ടും പുലർച്ച വരെ മിണ്ടിപ്പറഞ്ഞും നിമിഷങ്ങളോടൊത്ത് നടന്നു. അവന്റെ പ്രതിരൂപമായ സെൽ ഫോൺ ആരും കാണാതിരിക്കാൻ സ്തനദ്വയങ്ങൾക്കിടയിൽ ഒളിച്ചു വെച്ചു. കലാലയത്തിലെ വിരസമായ പകലുകൾ ദുസ്സഹമായി തള്ളി നീക്കി അവനോട് മിണ്ടിയുറങ്ങുന്ന രാത്രികൾക്കായി കൊതിയോടെ കാത്തിരുന്നു.
ആരാലും ശ്രദ്ധിക്കാതെ പൂക്കാതെ തളിർക്കാതെ നിന്ന കൊന്നമരം മേട സ്പർശനത്താൽ പൂത്ത് വിടർന്ന് പൂമരങ്ങളിൽ റാണിയാവുന്നത് പോലെയായിരുന്നു അവളിലുണ്ടായ മാറ്റങ്ങൾ. തെങ്ങിൻ കതിരോല പോലെ നീണ്ട് മെലിഞ്ഞ് വെളുത്തവൾ പൊടുന്നനെ എല്ലാ അഴകളവുകളും തികഞ്ഞൊരു പെൺകിടാവായി മാറി. വിടർന്ന കണ്ണുകളിൽ കൺമഷിയും വാഴക്കാമ്പ് പോലത്തെ കൈകളിൽ കിലുങ്ങും കുപ്പിവളകളും പട്ടുപാവാടയുമിട്ട് ഗ്രാമീണ സൌന്ദര്യത്തിന്റെ പ്രതിരൂപമായി പാറിപ്പറന്നു നടന്നു. കവിളോരങ്ങൾ സൌന്ദര്യവർദ്ധകങ്ങളൊന്നും ഉപയോഗിക്കാതെ തന്നെ ചെമന്ന് തുടുത്തു, ആ ചൊടികളോട് മത്സരിക്കാനാവാതെ അസ്തമന സൂര്യൻ മേഘങ്ങൾക്കിടയിൽ ഒളിച്ച് കടലിൽ മുങ്ങി മറഞ്ഞു. കറുത്ത് ചുരുണ്ട മുടിയിഴകൾ ഓടിക്കളിക്കുന്ന നെറ്റിത്തടത്തിലെ ചന്ദനക്കുറികൾ അവയെ ആരും തിരിച്ചറിയാഞ്ഞ് വരച്ച മാത്രയിൽ പിണങ്ങിപ്പൊടിഞ്ഞ് വീഴും. സ്വപ്നങ്ങളിൽ മുഴുകി ചിരിക്കുന്നത് കാണാനും ലജ്ജ പൂക്കുമ്പോൾ മൊട്ടിടുന്ന നുണക്കുഴികൾ കാണാനും അസൂയാലുക്കൾ പോലും കാത്തിരുന്നു. കൂട്ടുകാരികളുടെ ചെറുതമാശകൾ പോലും അവളിലൊരു വെള്ളച്ചാട്ടത്തിന്റെ കിലുകിലാരവത്തെ സൃഷ്ടിച്ചിരുന്നു.
പക്ഷേ നിമിഷനേരം പോലും ഇടകൊടുക്കാതെ നിശ്വാസങ്ങളും സ്വപ്നങ്ങളും പകുത്ത് രാവുകൾ ഉത്സവങ്ങളാക്കുമ്പോഴും അവനെ കാണാത്തതിൽ വിഷമം പൊടിയുന്നുണ്ടായിരുന്നു. ഇഷ്ടം കൂടിക്കൂടി ഒരിക്കലും പിരിയാത്തവിധം ഒന്നായിത്തീരുമ്പോഴും അത്രയും കാണാത്തതിലുള്ള വേദനയും വളരുന്നുണ്ടായിരുന്നു. അവൻ എങ്ങനെയിരിക്കുമെന്ന് അലോചിച്ച് മനസ്സിൽ ഒരായിരം ചിത്രങ്ങൾ അവൾ സങ്കൽപ്പിച്ചു. ഒന്ന് കാണണമെന്ന് പറഞ്ഞ് കുറുമ്പ് കാട്ടിയാൽ എല്ലാ പിണക്കങ്ങൾക്കുമെന്നതു പോലെ കുട്ടിക്കളിയെന്ന് ചൊല്ലി ചിരിച്ച് തള്ളി ആ പറച്ചിൽ അവസാനിപ്പിക്കുമായിരുന്നു.
ഒടുക്കം മോഹത്തിന്റെയും പിണക്കത്തിന്റെയും പരിഭവങ്ങൾക്കും അറുതിയായി ധനുമാസത്തിലെ തിരുവാതിര രാത്രിയിൽ കാണാമെന്ന് അവൻ സമ്മതിച്ചു. ദേഹം മുഴുവൻ വ്യാപിച്ച് അലിയുന്നൊരു കോരിത്തരിപ്പോടെയായിരുന്നു അവളത് കേട്ടത്. പിന്നെ ഇഴഞ്ഞ് പോകുന്ന ദിവസങ്ങളെ വേഗം പോകാഞ്ഞ് പ്രാകിയും അവനെ കാണാൻ സർവ്വാത്മനാ കൊതിച്ചും ദിനസരികളെ കഴിച്ചുകൂട്ടി.
അങ്ങനെ കന്യകമാർ മംഗല്യ സാക്ഷാത്ക്കാരത്തിനു വേണ്ടി നോമ്പ് എടുക്കുന്ന ധനുമാസത്തിലെ തിരുവാതിര വന്നു ചേർന്നു…
അന്ന് രാവിലെ നോമ്പെടുത്ത് കുളിച്ചൊരുങ്ങി കരിമഷി കണ്ണുകളിൽ പ്രണയജ്വാലകൾ തെളിച്ച്, പിടക്കും തനു ഇടക്ക് എവിടെയെങ്കിലും ചാരി നിർത്തി വിറക്കും മനവുമായ് അവൾ രാത്രിയാവാൻ കാത്തിരുന്നു. അതുവരെ ഇടാതെ മാറ്റിവെച്ച സ്വർണ്ണ തൊങ്ങലുകൾ അതിരിട്ട പുതിയ വെള്ള പട്ടുപാവാടയായിരുന്നു ഉടുത്തിരുന്നത്. ദീർഘങ്ങളായ നിമിഷങ്ങൾക്കൊടുവിൽ പാലമരത്തെയും നോക്കിക്കിടന്ന് ജനവാതിലുകൾ അടക്കാതെ അൽപ്പനേരം കണ്ണടച്ചുപോയി. ഏതോ നിമിഷത്തിൽ മയിൽപ്പീലി കൊണ്ടുള്ള ലാളനയാൽ ഉണർത്തപ്പെട്ടപ്പോൾ കട്ടിലിൽ ഒരു ചെറുപ്പക്കാരനെ കണ്ട് ഒന്ന് ഞെട്ടിത്തരിച്ച് പിന്നെ നാണിച്ച് ഹർഷപുളകിതയായി.
ആദ്യമായ് കണ്ട പരിഭ്രമത്താൽ അവൾക്കൊന്നും മിണ്ടാൻ പോലുമായില്ല. ഈറനുണക്കിയ ഇടതൂർന്ന മുടിയിൽ അവൻ ദശപുഷ്പം ചൂടിച്ചപ്പോൾ മനസ്സിലുറപ്പിച്ച മുഖത്തിന്റെ സാമ്യചേരുവകൾ തേടുകയായിരുന്നവൾ. കാണുമ്പോൾ പറയാൻ കരുതിയിരുന്നതെല്ലാം മറന്ന് ലജ്ജാഭാരത്താൽ ശിരസ്സുയർത്താനാവാതെ നിൽക്കുമ്പോൾ മേഘക്കൂട്ടം പോലെ ഇടതിങ്ങിയ ചുരുൾ മുടിയിഴകൾ കോരിയൊതുക്കി തിങ്കൾ മുഖം ഇരുകൈകളാലും പതുക്കെ തഴുകിയടുപ്പിച്ച് അവൻ ആ തരളിത കന്യയിൽ ആദ്യ ചുംബനത്തിന്റെ മധു പകർന്നു. കാമുക സമാഗമത്തിൽ ആസക്തയായിരുന്ന ആ തന്വാംഗി മലർലത പോലെ അവന്റെ കരുത്തുറ്റ കരങ്ങളിൽ വാടിയമർന്നു. പിന്നെ നിശ പോലും നാണിച്ച് പോകുന്ന മദിരോത്സവമായിരുന്നു ആ മുറിയിൽ. അസംഖ്യം രതിപുഷ്പങ്ങൾ മൊട്ടിട്ട് വിടർന്ന ആ പൂത്തിരുവാതിര രാത്രി മറ്റാരും കാണാതിരിക്കാൻ പവന കരങ്ങൾ വാതിലുകൾ ശബ്ദലേശമന്യേ തഴുകിയടച്ചു. കാറ്റിനൊപ്പം ഒളിച്ചു കടന്ന പാലപ്പൂമണം മാത്രമായിരുന്നു മറക്കാനാവാത്ത ആ രാവിന്റെ നേർസാക്ഷ്യം.
രാവിലെ, മേനിയിലെ നഖ-ദന്തമുനകളുടെ വേദനയിലും രതിസുഖത്തിന്റെ ആലസ്യത്തിലും എഴുന്നേൽക്കാൻ വൈകി കണ്ണു തുറക്കാതെ കൈകളാൽ അവനെ തിരഞ്ഞപ്പോൾ പാതിയിടം ശൂന്യമായിരുന്നു. കട്ടിലിലും മുറിയിലും ചതഞ്ഞ പൂക്കളുടെ മൃതഗന്ധം മാത്രം. തണുത്തുറഞ്ഞ സെൽഫോണിൽ പതിവ് ശുഭദിനാശംസയും കാണാഞ്ഞ് അവൾ പരിഭ്രമിച്ച് അവനെ വിളിച്ചു. പക്ഷേ വിളി കേള്‍ക്കുന്ന ലോകത്തിനുമപ്പുറത്തായിരുന്നു അവൻ. കന്യാഛേദം കഴിഞ്ഞാൽ ഗന്ധർവ്വൻമാർ പെൺകൊടിമാരെ എന്നെന്നേക്കുമായി വിസ്മരിക്കുമെന്ന് പാർവ്വതിക്കുട്ടിക്ക് അറിയില്ലായിരുന്നല്ലോ.
കരിക്കട്ട പോലത്തെ സെൽഫോണും പിടിച്ച് പാര്‍വ്വതിക്കുട്ടി കാത്തിരിക്കുകയാണ്...