Tuesday, June 24, 2008

പ്രണയശിക്ഷ

ജീവിതമെന്ന മഹാത്ഭുതത്തില്‍ നിന്നൊരു ദിനം.

ഹൈവേയില്‍ നിന്നും ഞാന്‍ കാറൊരു കട്ട് റോഡിലേക്ക് തിരിച്ചു. അതുവഴി ബാറിലേക്ക് എളുപ്പമുണ്ട്. അല്‍പ്പം ഇടുങ്ങിയ വഴിയാണെങ്കിലും ടൌണിലെ തിരക്കുമൊഴിവാക്കാം പെട്ടെന്നു എത്തുകയും ചെയ്യാം. 'അരണ്ട വെളിച്ചത്തില്‍' കാത്തിരിക്കുന്നവന്മാര്‍ മിസ്സ്കാളിന്റെ പെരുമഴ തന്നെ തീര്‍ക്കുന്നുണ്ട്. ഗള്‍ഫില്‍ നിന്നും വന്ന ഒരു ഫ്രന്റിന്റെ വക പാര്‍ട്ടിയാണു. ഈ നട്ടുച്ച നേരത്ത് എ.സി.യിലിരുന്നു തണുപ്പിച്ച ബീയര്‍ കഴിക്കുകയെന്നത് ഒഴിവാക്കാന്‍ പറ്റാത്ത ഒരു പ്രലോഭനമാണു.

ഒരു വളവു കഴിഞ്ഞാല്‍ ചേരിപ്രദേശം പോലെ ചെറിയ കുടിലുകളുടെ ഒരു നിരയാണു. ടൌണിനടുത്ത് തന്നെയുള്ള ഒരു സകല മാലിന്യങ്ങളുടേയും ഗോഡൌണ്‍. റോഡരികില്‍ തകരപ്പാട്ടകളും വേസ്റ്റ് സാധനങ്ങളും, ചപ്പുചവറുകളും, ചാണകവുമൊക്കെ കൂട്ടിയിട്ടിരിക്കും. വല്ലാത്ത ദുര്‍ഗന്ധം. വണ്ടി ഞാന്‍ ശ്രദ്ധയോടെ ഓടിച്ചു. റോഡരികില്‍ നിറയെ ചെറിയ പിള്ളേര്‍ കളിക്കുകയും അടിപിടികൂടുകയുമൊക്കെ ചെയ്യുന്നുണ്ട്.

പെട്ടെന്നു ഒരു ചെറിയ കുട്ടി വലതു ഭാഗത്തു നിന്നും റോഡിനു കുറുകേ ഓടി. പ്രതീക്ഷിച്ചിട്ടും ഞാനൊന്നു ഞെട്ടി. ബ്രേക്ക് ആഞ്ഞു ചവിട്ടുകയും ഒപ്പം സ്റ്റീയറിങ് വലത്തേക്ക് തിരിക്കുകയും ചെയ്തു. ചാടിയിറങ്ങി. ചെക്കന്‍ ബമ്പര് തട്ടി താഴെ വീണു കിടക്കുകയാണു. ഉച്ചത്തില് കരയുന്നുണ്ട്. നാലോ അഞ്ചോ വയസ്സു വരും. ഒരു മുഷിഞ്ഞ പാന്റാണിട്ടിരിക്കുന്നത്. പിടിച്ചെഴുന്നേല്‍പ്പിച്ചു നോക്കി. പരിക്കൊന്നുമില്ല. കൈമുട്ടിന്റെ തൊലി അല്‍പ്പം പോയിട്ടുണ്ട്.

അപ്പോഴേക്കും പിള്ളേര്‍ കാറിന്റെ ചുറ്റും കൂടി. 'ഓടിവരണെ.. അഭീനെ കാറിടിച്ചു..' നശിച്ചവന്മാര്‍ വിളിച്ചു കൂവാന് തുടങ്ങി.
'എന്താ പറ്റിയെ.. വണ്ടി വിടല്ലേ..'
ഒന്നു രണ്ട് കിഴവന്‍മാരും കുറച്ച് പെണ്ണുങ്ങളും ചുറ്റും കൂടി. അവര് പരസ്പരം സംസാരിക്കാന് തുടങ്ങി.
'ഇതാരുടെ മോനാ?'
'ആ ശാദുലി ഹാജിയുടെ വാടക വീട്ടില്‍ താമസിക്കുന്ന, എപ്പോഴും വെള്ളമടിച്ചു നടക്കുന്ന ഓട്ടൊക്കാരനില്ലെ അവന്റേതാ.'
'അവന്‍ ആശുപത്രിയില്‍ നിന്നും വന്നോ?'
'മ്. വന്നു.'
'ആരെങ്കിലും പോയി അവന്റെ ഓളെ വിളിക്കു'
'പോയിട്ടുണ്ട്.'
'ഓനെ അന്വേഷിച്ചല്ലേ കഴിഞ്ഞയാഴ്ച പോലീസ് വന്നത്? കുത്തു കേസ്സ് എന്തായി?'
'അതു ഒത്തുതീര്‍പ്പാക്കി പോലും'

എന്റെ പിറകില്‍ നിന്നും ആള്‍ക്കൂട്ടത്തെ തള്ളി മാറ്റി 'എന്റെ മോനെന്താ പറ്റിയത്?' എന്നും ചോദിച്ച് മെലിഞ്ഞ് വെളുത്ത ഒരു യുവതി വെപ്രാളപ്പെട്ട് കടന്നു വന്നു. മുഷിഞ്ഞ് നിറം മങ്ങിയ ഒരു മേക്സിയാണു വേഷം. അത് അങ്ങിങു പിഞ്ഞിയിട്ടുണ്ട്. എണ്ണ മയമില്ലാത്ത പാറിപ്പറക്കുന്ന മുടി പിറകില്‍ വാരിക്കെട്ടിയിരിക്കുന്നു.
അവളവനെ വാരിയെടുത്തു. 'എന്താ മോനേ പറ്റിയത്?' അവനപ്പോ കരച്ചില് ഒന്നു ഉഷാറാക്കി.
'ചെറുതായി തൊലി പോയതേയുള്ളു. പേടിക്കാനൊന്നുമില്ല.' ഞാന്‍ പറഞ്ഞു.
അവള്‍ അവനെയെടുത്ത് തിരിഞ്ഞു എന്നെ നോക്കി.
എന്റെ ദൈവമേ... ലോകമിടിഞ്ഞു തലയില്‍ വീണ പോലെ ഞാന്‍ ഞെട്ടിത്തരിച്ചു. 'ലച്ചു...!' അവളും ഞെട്ടി. അത്ഭുതം കൊണ്ട് മുഖം വിടര്‍ന്നു. രണ്ടു വര്‍ഷം എന്റെ ജീവനും പ്രാണനുമായവളാണു എല്ലും തോലുമായി ഒരു ചേരിപ്രദേശത്ത് ഒരു നാടോടിയെപ്പോലെ നില്‍ക്കുന്നത്. പ്രണയത്തിന്റെ ഒരു വസന്തകാലത്തിനു പെട്ടെന്നു അവധി നല്‍കി എങ്ങോ പോയവള്‍.
'ലക്ഷ്മി എന്താ ഇവിടെ?' ഞാന്‍ ഞെട്ടലില്‍ നിന്നും മോചിതനായി ചോദിച്ചു.
'ഞാനിപ്പോ ഇവിടെയാ താമസിക്കുന്നത്.'
'നിങ്ങള് പരിചയക്കാരാണോ?' ഒരു കിഴവന്‍ ചോദിച്ചു.
'ങാ. എന്റെ കൂടെ പഠിച്ചതാ.' അവള്‍ മുഖം തിരിച്ച് അയാളോടായി പറഞ്ഞു.
'എവിടെക്കാ പോകുന്നത്?' അവള്‍ ചോദിച്ചു.
'ടൌണില്‍.' ഞാന്‍ പറഞ്ഞു.
'വരൂ. വീട്ടില്‍ കയറിയിട്ട് പോകാം.'

എല്ലാവരും പിരിഞ്ഞു പോകാന്‍ തുടങ്ങി. ഞാന്‍ കാറൊതുക്കിയിട്ട് ലോക്ക് ചെയ്തു അവളുടെ പിറകെ നടന്നു. മകന്‍ അവളുടെ ഒക്കത്തിരുന്നു സാകൂതം എന്നെത്തന്നെ നോക്കി. നല്ല ഓമനത്തമുള്ള മുഖം. ശരിയായി ഭക്ഷണം കഴിക്കാത്തതിന്റെ വിളര്‍ച്ചയുണ്ട്. വീടുകളുടെ അരികിലൂടെ ലക്ഷ്മിയെ പിന്തുടരുമ്പോള്‍ എന്റെ മനസ്സില്‍ നിറയെ അവളെ ഇത്തരമൊരു സാഹചര്യത്തില്‍ കണ്ടുമുട്ടിയതിന്റെ ഞെട്ടലിലായിരുന്നു.

നല്ലൊരു കുടുംബത്തില്‍ യാതൊരു വിഷമങ്ങളുമറിയാതെ വളര്‍ന്നവള്‍ ഇപ്പോളൊരു ചേരിയില്‍ വെറുമൊരു തെണ്ടിയെപ്പോലെ കഴിയുകയെന്നത് സങ്കല്‍പ്പിക്കാന്‍ പോലും പറ്റുന്നില്ല.

7 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഫ്രന്റിന്റെ കല്യാണത്തിനാണു ഞാന്‍ ലക്ഷ്മിയെ പരിചയപ്പെടുന്നത്. സുന്ദരി. അടുത്ത ജില്ലയില്‍ എംസിഎ ചെയ്യുന്നു. നല്ല സാമ്പത്തിക സ്ഥിതിയുള്ള കുടുംബം. അച്ഛനുമമ്മയും ജോലിക്കാര്. 2 മക്കള്. അനുജത്തി ഹൈസ്കൂളില് പഠിക്കുന്നു.

പിന്നീടൊരിക്കല്‍ അവിചാരിതമായി അവള്‍ എന്റെ ആഫീസിലേക്കു ഒരു സഹായം ചെയ്തു കൊടുക്കുവന് വേണ്ടി വിളിച്ചു. അന്നു അവളുടെ വീട്ടിലെ ഫോണ് നമ്പര്‍ തന്നു. പിന്നീട് ഇടക്കിടക്ക് ഞങ്ങള് ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. അതു പതുക്കെ അതിലോലവും തീവ്രവുമായ പ്രണയത്തിന്റെ വര്‍ണലോകത്തേക്ക് എന്നെ പതുക്കെ കൊണ്ടുപോയി. ആദ്യം നിരാകരിച്ചുവെങ്കിലും പിന്നെ ഇഷ്ടമാണെന്നു അവളും പറഞ്ഞു.


ആദ്യപ്രണയത്തിന്റെ അതിരറ്റ ആവേശത്തോടും കൂടി ഞാനവളെ ആത്മാര്‍ഥമായി സ്നേഹിച്ചു. നന്നായി കത്തുകളെഴുതുമായിരുന്നു അവള്‍. എല്ലാ ആഴ്ച്ചയിലും ഫോണില്‍ സംസാരിക്കുമെങ്കിലും കത്തുകളായിരുന്നു ഞങ്ങളുടെ പ്രധാന ആശ്രയം. പകര്‍ത്തിയെഴുതിയ പ്രണയ വാചകങ്ങളും കവിതകളുമായി പേജ് കണക്കിനു കത്തുകള്‍ ആഴ്ച്ചതോറും ഞാനവള്‍ക്കെഴുതി. അവളുടെ കത്തുകള്‍ കിട്ടുന്ന ദിവസമായിരുന്നു ഏറ്റവും സന്തോഷമുള്ള ദിവസം. കൈയ്യില്‍ കിട്ടിയാല്‍ വായിച്ച് മതിയാവില്ല.

വലിയ പിടിവാശിക്കാരിയായിരുന്നു അവള്‍. ഒരുകാര്യം തീരുമാനിച്ചാല്‍ പിന്നെ അതില്‍നിന്നും പിന്നോട്ടേക്കില്ല. അതുകൊണ്ട് അവള്‍ക്കു കത്തുകളെഴുതുമ്പോ ശരിയായ ഇനീഷ്യല്‍സിനു പകരം അവളെ ചൊടിപ്പിക്കാന്‍ ഞാന്‍ 'പി.വി.' എന്നാണെഴുതാറ്. (പിടിവാശി എന്നതിന്റെ ചുരുക്കം.) എന്ത് പ്രശ്നം വന്നാലും ഒന്നിച്ച് മാത്രമേ ജീവിക്കുകയുള്ളു എന്നു ഞങ്ങള്‍ തീരുമാനിച്ചു. വീക്കെന്റുകളില് ഞാനവളെ കൂട്ടിക്കൊണ്ടു വരാന്‍ പോകും. മൂന്നു മണിക്കൂര്‍ ക്ലാസ്സിലെ വിശേഷങ്ങളൊക്കെ ഒന്നിച്ചിരുന്നു ഒരു യാത്ര. നാട്ടിലെത്തി അവള്‍ അവളുടെ നാട്ടിലേക്കുള്ള ബസ്സിനു പോകുമ്പോള് സങ്കടംകൊണ്ട് കണ്ണു നിറയും.

സന്തോഷത്തിന്റെ ദിനങ്ങള്‍ പതിവുപോലെ ദൈവം അധികം തന്നില്ല. ഒരു ദിവസം ബസ്സില്‍ വെച്ച് കനത്ത മഴ പുതപ്പിച്ച ഇരുളിമയില്‍, ഞെരമ്പിലോടുന്ന ലഹരിയുടെ ധൈര്യത്തില്‍ ഞാനവളെ ഉമ്മ വെക്കാന്‍ ശ്രമിച്ചു. അവള്‍ എന്നെ തട്ടിമാറ്റിയതും 'മിണ്ടണ്ടാ എന്നോട്’ എന്നു പറഞ്ഞു ചീറിയതും ഒരുമിച്ചായിരുന്നു. ഞാന്‍ പതറിപ്പോയി. അവള്‍ തലകുനിച്ചിരുന്നു മുഖംപൊത്തി കുറേ നേരം കരഞ്ഞു. ഞാനൊരുപാട് സോറി പറഞ്ഞെങ്കിലും പിന്നീടു യാത്രയിലുടനീളം അവളെന്നോട് മിണ്ടിയില്ല. സ്റ്റാന്റിലെത്തിയപ്പോള്‍ തിരിഞ്ഞു നോക്കാതെ ഇറങ്ങിപ്പോയി. പിന്നെ പലവട്ടം വിളിച്ചിട്ടും, കത്തുകളെഴുതിയിട്ടും, നേരില്‍ കാണാന്‍ ശ്രമിച്ചിട്ടും ഒരു ഫലവുമുണ്ടായിരുന്നില്ല. അവളുടെ മനസ്സില്‍ നിന്നും ഞാന്‍ ആ നശിച്ച മഴക്കാലസന്ധ്യയില് തന്നെ ഇല്ലാതായിരുന്നു.

കുറേക്കാലം അവളുടെ യാതൊരു വിവരവുമുണ്ടായിരുന്നില്ല. അവളെയോര്‍ത്തും, എന്റെ ചെയ്തികള്‍ കാരണമാണല്ലോ ഇങ്ങനെ സംഭവിച്ചതെന്ന കുറ്റബോധത്തില് നീറിയും ഞാന്‍ കഴിഞ്ഞു. കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍ അവളുടെ കല്യാണം കഴിഞ്ഞുവെന്നറിഞ്ഞു. പ്രതീക്ഷിച്ചിരുന്നെങ്കിലും അതൊരു ഒളിച്ചോട്ടമായിരുന്നെന്ന വാര്‍ത്ത എന്നെ ഞെട്ടിപ്പിച്ചു. അതോട് കൂടി അവളോട് വെറുപ്പും പകയുമെല്ലാമായി. അതു പിന്നീട് സ്ത്രീകളോട് മുഴുവനുമായി. പിന്നീടൊരു പെണ്ണിനേയും സ്നേഹിക്കാനും കഴിഞ്ഞില്ല.

ആസ്ബറ്റോസ് ഷീറ്റുകള്‍ മേഞ്ഞ ഒരു വീടിന്റെ മുന്നിലെത്തി അവള്‍ നിന്നു. ചെറിയ ഒരു വരാന്ത. അതിന്റെ ഒരു ഭാഗത്തു കത്തിക്കുവാനുള്ള വിറക് അടുക്കിവെച്ചിരിക്കുന്നു. ഒരു പഴകിയ പ്ലാസ്റ്റിക് കസേലയിലുള്ള മുഷിഞ്ഞ തുണികളെടുത്ത് അവള്‍ പറഞ്ഞു. 'ഇരിക്കു'
ഞാനനുസരിച്ചു. അകത്തേക്കു നോക്കി. ചെറിയ ഒരു മുറിയും ഒരു അടുക്കളയുമുള്ള കൊച്ചു വീട്.

'ഒരിക്കലും പ്രതീക്ഷിച്ചില്ല അല്ലേ?' അവള്‍ ഒരു വിളറിയ ചിരിയോടെ പറഞ്ഞു.
'ഇല്ല.'
ഞാനവളെ തന്നെ നോക്കി. പാറക്കല്ലില്‍ അലക്കിയ ഒരു പഴന്തുണി പോലെ അവള്‍. ആര്‍ക്കും സഹതാപമുണ്ടാക്കുന്ന ഒരു പേക്കോലം. എന്റെ കണ്ണില്‍ നോക്കാതെ അവള്‍ എങ്ങോട്ടോ അലക്ഷ്യമായി നോക്കിക്കൊണ്ടു വാതില്‍പ്പടിയില് നിന്നു. മകന്‍ അവളുടെ വസ്ത്രത്തിന്റെ തുമ്പ് പിടിച്ച് എന്നെ നോക്കിനിന്നു.
'എന്താ മോന്റെ പേരു?' ഞാനവനോട് ചോദിച്ചു. അവനൊന്നും പറയാതെ നാണിച്ച് നിന്നു.
'പറഞ്ഞു കൊടുക്കു മോനെ.' അവള്‍ പ്രോത്സാഹിപ്പിച്ചു.
‘അഭിജിത്ത്.’ അവള്‍ തന്നെ പറഞ്ഞു.
എന്തു പറയണം എവിടെ തുടങ്ങണം എന്നു പറയാനാവാതെ ഞാനിരുന്നു.
'എന്താ നിനക്ക് പറ്റിയത്?' അവളൊന്നും മിണ്ടിയില്ല.
'എന്താ വീട്ടില്‍ നിന്നിറങ്ങിപ്പോയി കല്ല്യണം കഴിച്ചത്? അവര് സമ്മതിച്ചില്ലേ?'
കുറച്ച് സമയത്തെ നിശബ്ദതയ്ക്കു ശേഷം അവള്‍ പറഞ്ഞു തുടങ്ങി.
'എന്റെ വീട്ടിലാര്‍ക്കും ഇഷ്ടമായിരുന്നില്ല കല്യാണം.. രഞ്ജിത്തേട്ടന്റെ വീട്ടുകാര്‍ക്ക് പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. അവരുടെ വീട്ടില്‍ സാമ്പത്തികമായി മോശമായിരുന്നു. അന്നോടിച്ചിരുന്നത് സ്വന്തം കാറായിരുന്നു. ഇവന് ജനിച്ച് കുറച്ച് നാള് കഴിഞ്ഞ് ഒരു ആക്സിഡെന്റുണ്ടായി. വണ്ടിക്ക് ഇന്‍ഷൂറന്‍സ് ഉണ്ടായിരുന്നില്ല. അതു കാരണം വീടും സ്ഥലവും വിറ്റ് ആ പ്രശ്നങ്ങള് തീര്‍ത്തു. അഛനുമമ്മയേയും പെങ്ങളുടെ വീട്ടിലാക്കി. പിന്നെ ഓരൊരോ വാടക വീടുകള്‍ മാറി മാറി ഇങ്ങനെ കഴിയുന്നു. ഇപ്പോ ഇവിടെയുമെത്തി.' ലക്ഷ്മി നിര്‍വ്വികാരതയോടെ പറഞ്ഞു നിര്‍ത്തി.
'നല്ലവണ്ണം മദ്യപിക്കുമല്ലേ?'
കുറച്ച് സമയത്തെ നിശബ്ദതയ്ക്കു ശേഷം അവള്‍ പറഞ്ഞു തുടങ്ങി.
'പണ്ട് വല്ലപ്പോഴും കഴിക്കുമായിരുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടായപ്പോ അതു വല്ലാതെ കൂടി. എല്ലാം ഞാന്‍ കാരണമാണെന്നു പറഞ്ഞ്.. കുടിച്ച് വന്ന് തെറിയും.. അടിയും.. പോലീസ് കേസുകളും'
'നിനക്ക് സ്വന്തം വീട്ടില് പോയി നിന്നുകൂടെ?' ശബ്ദിച്ചു തുടങ്ങിയ ഫോണ്‍ ക്യാന്‍സല് ചെയ്ത് സൈലന്റിലിട്ടു ഞാന്‍ ചോദിച്ചു.
'അവര് വന്നു വിളിച്ചതാ. ഞാന്‍ പോയില്ല. എന്റെ ജീവിതം ഞാന്‍ നശിപ്പിച്ചതാ. ഇതാണെന്റെ വിധി. എനിക്കാരോടും പരിഭവമില്ല. ഒരാഗ്രഹവുമില്ല. ഒരിക്കലും ഞാന്‍ വീട്ടിലേക്കു പോവില്ല.'
വിധിയുടെ പ്രഹരത്തില്‍ തളര്‍ന്നു മരവിച്ച ആ പാവം പെണ്ണിന്റെ മുന്നിലധികം നില്‍ക്കാനെനിക്ക് കഴിയുമായിരുന്നില്ല. എന്റെ കണ്ണുകള് നിറഞ്ഞ് തുടങ്ങിയിരുന്നു. ഞാന്‍ എഴുന്നേറ്റു.
'നിങ്ങള്‍ സ്നേഹത്തിലായിട്ടും എന്തിനാണെന്നെ വെറുതെ മോഹിപ്പിച്ചത്?' ജീവിതത്തിലെന്നെങ്കിലും ഏതെങ്കിലും കോണില് വെച്ച് കണ്ടുമുട്ടിയാല് ചോദിക്കാന് വെച്ചിരുന്ന ഒരേയൊരു ചോദ്യം ഞാന്‍ ചോദിച്ചു.
'വേറെയാരെയും ഞാന്‍ സ്നേഹിച്ചിട്ടില്ല അനുവിനെയല്ലാതെ. ഈ നിമിഷം വരെ'
'പിന്നെ ഇക്കാണുന്നതൊക്കെ?'
'അത്.. എല്ലാമെന്റെ വിധിയാണു.'
'ഞാനന്നു ബസ്സില്‍വെച്ച് മോശമായി പെരുമാറിയത് കൊണ്ടാണോ?'
'ഹേയ്.. ഞാനത് സീരിയസായി എടുത്തിരുന്നില്ല.'
'പിന്നെ എന്തു കൊണ്ട്….'
കുറച്ച് നിമിഷം അവള്‍ മിണ്ടാതെ നിന്നു.
'ഭാര്യയാവുന്ന ഒരു പെണ്ണിനു എന്തൊക്കെ ഉണ്ടായിരിക്കണം?'
'വിദ്യാഭ്യാസം?'
'സൌന്ദര്യം?'
'സാമ്പത്തികം?'
ഞാന്‍ പറയുന്നത് അവളോരോന്നായി നിഷേധിച്ച് കൊണ്ടിരുന്നു. പിന്നെ ഒരിടര്‍ച്ചയുമില്ലാതെ പറഞ്ഞു.
'ഇതൊന്നുമല്ല. ഒരു പെണ്ണു കന്യകയായിരിക്കണം, ഞാനതല്ലായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ സംഭവിച്ചു പോയി.. പിന്നെ മറ്റൊരാളിനെ ചതിക്കാന്‍ തോന്നിയില്ല.....'
ഇലക്ട്രിക് ഷോക്കടിച്ചതു പൊലെ ഞാന്‍ ഞെട്ടിത്തരിച്ചു.
'നീ വെറുതെ പറയുന്നതല്ലേ..' ഞാന്‍ വരണ്ട ശബ്ദത്തില്‍ പറഞ്ഞു.
'ലോകത്തിലൊരു പെണ്ണും സ്വന്തം കന്യകാത്വത്തെ നിഷേധിക്കില്ല.' അവളുടെ ശബ്ദം പ്രപഞ്ചത്തിലെ ആദിമ നാദംപോലെ എന്റെ ചെവിയില്‍ മുഴങ്ങി.

യാത്രപോലും പറയാന്‍ മറന്ന് ഇടറുന്ന കാലുകളോടെ തലകുനിച്ച് ഞാനിറങ്ങി. അവളുടെ മകനു സ്വീറ്റ്സ് വാങ്ങുവാന് എന്തെങ്കിലും കൊടുക്കാമായിരുന്നു. അവള്‍ വാങ്ങുമായിരുന്നോ?

ക്ഷണഭംഗുരമായ ഈ ജീവിതത്തിലിനിയും എത്രയോ കണ്ണീര്‍ച്ചാലുകള് താണ്ടണം?

ബാറിലേക്ക് തിരിയാനുള്ള ട്രാഫിക് അയലന്റില്‍ തലയില്‍ നിറയെ പക്ഷികളുടെ വിസര്‍ജ്യങ്ങളുമായി ഏതോ മഹാന്റെ പ്രതിമ തലയുയര്‍ത്തി നില്‍ക്കുന്നുണ്ടായിരുന്നു. അതുംകടന്നു വണ്ടി ഞാന് മുന്നോട്ടേക്ക് ഓടിച്ചു. ഫോണില്‍ മിസ്ഡ് കാളുകള് നിറഞ്ഞുകവിഞ്ഞിരുന്നു.

Friday, June 6, 2008

ഒരു ക്രൂരമായ ‘റണ്ണൌട്ട്’

"എന്നെന്നേക്കുമായി എന്റെ ക്രിക്കറ്റ് ജീവിതം തകര്‍ക്കുന്നതിനു വേണ്ടി എന്നേക്കാള്‍ ഇളയ സചിന്‍ ടെന്‍ഡുല്‍ക്കര്‍ പല കളികളും കളിച്ചു." - സുഭാഷ്ചന്ദ്രന്‍. (ഒരു ടീനേജറുടെ ഡയറി)

എല്ലാവരും ഫുട്ബാള് കളിക്കുന്ന കാലത്ത് ഞങ്ങള്‍ കളിച്ചിരുന്നത് ക്രിക്കറ്റായിരുന്നു. മംഗലാപുരത്ത് പഠിക്കാന്‍ പോയ അപ്പനു ആണു വരുന്ന വഴിക്ക് കാട്ടാമ്പള്ളി പുഴയ്ക്കിപ്പുറത്തേക്കു കിറുക്ക് പിടിച്ച ഈ കളി കൊണ്ടുവന്നത്. 1983ലെ ഇന്ത്യയുടെ ലോകകപ്പു വിജയവും തുടര്‍ന്നുവന്ന ആസ്ത്രലേഷ്യാ കപ്പ്, ബെന്‍സണ്‍ & ഹെഡ്ജസ് കപ്പ് വിജയങ്ങളും ടെലിവിഷന്റെ കടന്നുവരവും ഞങ്ങളില്‍ ഭക്ഷണമില്ലെങ്കിലും ക്രിക്കറ്റ് കളിക്കാന്‍‍ പറ്റിയാല്‍ മതിയെന്ന അവസ്ഥയുണ്ടാക്കി. ക്രിക്കറ്റ് കളിക്കുന്ന ഞങ്ങളൊക്കെ അന്ന് കളിയറിയാത്തവന്മാരുടെ മുന്‍പില് ഷൈന്‍ ചെയ്തു. തൊപ്പി വെക്കുകയും ചൂയിങ്ഗം ചവക്കുകയും ചെയ്താലേ ക്രിക്കറ്റ് കളിക്കാന്‍ പറ്റുകയുള്ളൂ എന്നാണു അക്കാലത്തെ വിചാരം.

ഇന്നത്തെപ്പോലെ ടെന്നിസ് ബോള്‍ അല്ലായിരുന്നു സ്റ്റിച്ച് ബോള്‍ കൊണ്ടാണു കളിച്ചിരുന്നതു. ആ ബോളിന്റെ ഒരു ഏറു കൊണ്ടവര്‍ക്കറിയാം അതിന്റെ വേദന. യാതൊരു വിധ പാഡുകളുടേയും സഹായമില്ലാതെ റോഡുകള്‍ പോലെ പൊട്ടിപ്പൊളിഞ്ഞ പിച്ചുകളില്‍ കുറ്റി അല്ലെങ്കില്‍ ബാറ്റുമായി നില്‍ക്കുന്നവന്റെ ശരീരം മാത്രം ലക്ഷ്യമാക്കി സകല ശക്തിയുമുപയോഗിച്ച് ബോളര് എന്ന 'മാങ്ങയേറുകാരന്‍' എറിയുമ്പോള്‍ ആയുസ്സ് തന്നത് ദൈവത്തിന്റെ കാരുണ്യം മാത്രമാവാം. കാലുകളില്‍ ഏറുകൊള്ളാത്ത സ്ഥലങ്ങളില്ല. എത്ര ഏറു കൊണ്ടാലും പിറ്റേന്നും ഞങ്ങള്‍ കളിക്കാന്‍ റെഡിയായിരിക്കും. വീട്ടുകാരും നാട്ടുകാരുമൊക്കെ ക്രിക്കറ്റിനെ അപകടസാദ്ധ്യത കാരണം ശക്തിയായെതിര്‍ത്തിരുന്നു. എന്നാലും ഞങ്ങള്‍ ക്രിക്കറ്റ് മാത്രം കളിച്ചു.

അന്ന് ലെഗ് ബിഫോര്‍ വിക്കറ്റ് നിയമമൊന്നും ശരിക്കും ആര്‍ക്കും അറിയില്ലായിരുന്നു. അതോ തീരുമാനിക്കാനുള്ള എളുപ്പത്തിനൊ എന്നറിയില്ല.. വലതുകാലിനു ബോള് കൊണ്ടാല്‍ ഔട്ട് എന്നായിരുന്നു നിയമം. ഒരിക്കല് ഒരാള്‍ വലതു കാലിനു ഏറു കൊണ്ടിട്ടും ഇടതു കാല്‍ വേദനയെടുത്തത് പോലെ തടവി. എന്നിട്ട് ഔട്ട് അല്ലെന്നു പറഞ്ഞു
രക്ഷപ്പെട്ടു. (സംശയിക്കെണ്ട ഞാനാരാ മോന്!)

ടോസ്സ് കിട്ടിയാല്‍ ബാറ്റിനു വേണ്ടിയുള്ള ഓട്ടം, ബാറ്റിങ്ങ് കഴിഞ്ഞാല്‍ നേരെ ബോളിനും. കളിക്കുന്നവരെല്ലാം ആള്‍റൌണ്ടര്‍മാരാണു. എന്നാലും സ്ഥിരം വിക്കറ്റ് കീപ്പറായിരുന്ന പങ്കന്‍, ഓപ്പണിങ്ങ് ബോളിങ്ങ് ചെയ്യുന്ന രാജു, നന്ദു. ക്യാപ്റ്റന്‍മാര്‍ ആകാറുള്ള രാജീവന്‍, അജു. ബാറ്റില്‍ നിന്നും മൂളിപ്പറന്നു വരുന്ന എല്ലാവരും തൊടാന് മടിക്കുന്ന പന്തുകള്‍ സ്ലിപ്പില് ഒറ്റക്കൈയ്യില് ഡൈവ് ചെയ്തു പിടിച്ച് ഒരു ചെറുചിരിയോടെ വട്ടം കറങ്ങി ആഘോഷിക്കുന്ന ബ്രുസ് റീഡ് എന്ന ബാബു, മനോഹരമായ ബോളിങ്ങ് ആക്ഷനുള്ള ശശി, ഷാജി, പ്രമോദ്, കുട്ടന്‍, തുടങ്ങിയവരെയൊക്കെ നല്ല കളിക്കാരായിരുന്നു.

ഞങ്ങളെ ക്ലാസ്സിക് ക്രിക്കറ്റ് പഠിപ്പിച്ചു തന്നത് അജുവായിരുന്നു. മനോഹരമായി ബാറ്റ് ചെയ്യും, നല്ലൊരു സ്പിന്‍ ബോളറുമായിരുന്നു അവന്‍‍. ഒരു ടീമെന്ന നിലയില് ‍അവന്‍ ഞങ്ങളെ ഒത്തിണക്കിക്കൊണ്ടുപോയി. കൂട്ടത്തില്‍ അവനായിരുന്നു സാമ്പത്തികമായി നല്ല സ്ഥിതിയിലെന്നതിനാലല്ല, അവന്‍ ടൌണില് പഠിക്കുന്നത് കൊണ്ടാണു എപ്പൊഴും ബോളും ബാറ്റും വാങ്ങുന്ന പണിയൊക്കെ അവന്റെ തലയിലായത്. കാശൊന്നും കൊടുത്തില്ലെങ്കിലെന്താ ഞങ്ങള്‍ അവന്‍ വാങ്ങിക്കൊണ്ടു വരുന്നതൊക്കെ അടിച്ചു പൊട്ടിക്കുന്നില്ലെ. (സഹാറയും, നൈക്കിയുമൊക്കെ ഇപ്പോ വന്നവരല്ലെ, നമ്മളിതൊക്കെ എപ്പൊഴെ നടപ്പിലാക്കിയതാ)

അന്നത്തെ ആസ്ട്രേല്യന്‍ ടീമിലെ ഒരു പ്രധാന ഫാസ്റ്റ് ബോളറായിരുന്നു ബ്രൂസ് റീഡ്. അയാളെപ്പോലെ മെലിഞ്ഞു നീളം കൂടിയവനായത് കൊണ്ടാണു ബാബുവിനു ആ പേരു വീണത്. സ്ലിപ്പില് അവന്‍ അസാധ്യമായ ക്യാച്ചുകള്‍ ഈസിയായി എടുത്തിരുന്നു. റ്റീമിലെ ഉത്സാഹകമ്മിറ്റിക്കാരന്‍. ആരോടും ദേഷ്യപ്പെടാന്‍ കഴിയാത്ത, എല്ലാവരോടും വിനയത്തോടും ബഹുമാനത്തോടും മാത്രം ഇടപെടുന്നവന്‍. പരീക്ഷകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചു തന്നെയും ഭാവന പോലുമില്ലാതിരുന്ന അക്കാലത്ത് അവനൊരു വഴികാട്ടിയായിരുന്നു. ഞങ്ങളുടെ നാട്ടില്‍ ഒരു വായനശാല തുടങ്ങിയാലോ എന്ന് ആദ്യം ആലോചിച്ചത് അവനായിരുന്നു. ഭാരവാഹികളെ തീരുമാനിച്ചപ്പോ നാട്ടിലെ വലിയവര്‍ അകത്തും ഞങ്ങള്‍ പുറത്തുമായെങ്കിലും അതിന്റെ കെട്ടിടം പണിക്ക് കല്ലും മണ്ണും ചുമക്കുവാന്‍ അവന്‍ പാതിരാത്രിയിലും ഞങ്ങളോടൊപ്പം ഉറക്കമിളച്ചു. അവനു പണ്ടൊരിക്കല്‍ അപസ്മാരം വന്നിരുന്നെന്നു കുറേക്കാലം കഴിഞ്ഞാണു ഞങ്ങളറിഞത്.

അന്നു ക്രിക്കറ്റ് കളിക്കുന്ന ടീമുകള്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടു ഞങ്ങള്‍ക്ക് മാച്ചുകള്‍ കളിച്ചു 'ശക്തി തെളിയിക്കാന്‍' ടീമുകളെ തേടി ദൂരെ പൊകേണ്ടി വന്നിരുന്നു. അങ്ങനെ ഒരിക്കല്‍ അടുത്ത പഞ്ചായത്തിലൊരു ടീമുമായി അവരുടെ 'ഹോംഗ്രൌണ്ടില്' വെച്ച് ഒരു മാച്ച് കളിക്കാന്‍ ഞങ്ങള്‍ പോയി. എന്തോ എന്നറിയില്ല അന്നു ഞങ്ങള്‍ ദയനീയമായി തോറ്റു. തൊപ്പിയുമിട്ട് നാട്ടിലേക്ക് നടന്നു വരുന്നതിനടുത്തായി ഒരു പുഴയുണ്ടായിരുന്നു. കൂട്ടത്തിലാരോ പറഞ്ഞു അവിടെപ്പോയി കുളിച്ചിട്ടു പോകാമെന്ന്. നീന്തലറിയാത്ത എന്നെ കരയിലാക്കി എല്ലാവരും വെള്ളത്തില്‍ അര്‍മാദിക്കാന്‍ തുടങ്ങി. നന്നായി നീന്തുന്നവന് വെള്ളത്തിലിറങ്ങിയാല്‍ പിന്നെ ജലപ്പിശാച് പിടിച്ചത് പോലാണു. കയറുകയേ ഇല്ല. എന്നെപ്പോലത്തെ നീന്തലറിയാതെ ആട്ടം കാണുന്നവര്‍ ഇവന്മാരോട് മതിയെടാ.. കയറെടാ.. എന്നു പറഞ്ഞു മടുക്കും.

എല്ലാവരും കളി തോറ്റ സങ്കടം മറക്കാന്‍ വെള്ളത്തില്‍ കിടന്നു മറിയുകയായിരുന്നു. ഞാനൊരു തെങ്ങിന്റെ ചുവട്ടില്‍ ചാരി ദൂരെ മണല് വാരുന്ന തോണിക്കാരേയും നോക്കിയിരുന്നു. പെട്ടെന്നു ബാബു കൈകാലുകളിട്ടടിച്ച് പിടക്കാന്‍ തുടങ്ങി. അവന്റെ കണ്ണുകള് തുറിച്ച് വായില്‍നിന്നും നുരയും പതയും വെള്ളത്തില്‍ കലര്‍ന്നു. 'എടാ.. ബാബുവിനെ പിടിക്കെടാ...' കരയില് നിന്നും ഞാനലറി. നന്ദുവും രാജുവും ശശിയും അവനെ പിടിക്കാന്‍ നോക്കി. അവര്‍ക്കാവുന്നില്ല. അവന്‍ അമാനുഷികമായ ശക്തിയിലായിരുന്നു കൈകാലുകളിട്ടടിക്കുന്നത്. പിടിക്കാന്‍ പോയവരെല്ലാം തെറിച്ചുപോയി. രക്ഷിക്കാന്‍ വരുന്ന കൈകളെയാണു അവന്റെ അസുഖം അടിച്ചു തെറിപ്പിക്കുന്നതെന്ന് പാവം അവനറിയില്ലല്ലോ.

ഞങ്ങള്‍ പൂഴിയിലൂടെ 'ഓടിവായോ.. രക്ഷിക്കണേ..' എന്നു ചങ്കുപൊട്ടി നിലവിളിച്ചു ഓടി നടന്നു. ആരൊക്കെയോ ഓടിവരുന്നതും ചാടുന്നതും കണ്ണീര്‍മഴയിലൂടെ അവ്യക്തമായി ഞാന്‍ കണ്ടു. കുറേനേരത്തെ തിരച്ചിലിനു ശേഷം അവര്‍ ബാബുവിന്റെ ശരീരവുമായി കരയിലെത്തി. 'പോയി....' ആരോ പറഞ്ഞു. അതുകേട്ടു ഞാന്‍ വിറച്ച് ശരീരം തളര്‍ന്നു വീണു. ചങ്കില് കത്തി കുത്തിയിറക്കിയതു പോലത്തെ വേദനയില്‍ ഒന്നും ചെയ്യാനാവാതെ ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ചു തലതല്ലിക്കരഞു. ഓടിക്കൂടിയ ആ പ്രദേശത്തുള്ളവര്‍ ഞങ്ങളുടെ നാട്ടില്‍ വിവരമറിയിച്ചു. ആളുകള്‍ വന്നു അവന്റെ ദേഹം നാട്ടിലെത്തിച്ചു. കരഞ്ഞു കലങ്ങിയ കണ്ണുകളും മരവിച്ച മനസ്സുകളുമായി ഞങ്ങളുമവരെ അനുഗമിച്ചു. വീട്ടുകാരുടേയും നാട്ടുകാരുടേയും ശകാരവും കുറ്റപ്പെടുത്തലുകളും ധാരാളം കിട്ടി.

പിന്നീടൊരിക്കലും ഞങ്ങള്‍ ക്രിക്കറ്റ് കളിച്ചില്ല. മാറിയ പന്തും സാഹചര്യങ്ങളൂം സ്റ്റിച്ച് ബോളുമായി കളിച്ച് പരിചയിച്ച ഞങ്ങള്‍ക്ക് വഴങ്ങുമായിരുന്നില്ല.

അടിസ്ഥാനപരമായി നോക്കിയാല്‍ ജീവിതമെന്നത് എത്ര ചെറിയ ഇന്നിങ്സാണു! എപ്പോള്‍ വേണമെങ്കിലും ആരും പുറത്താകാം. വാഴ്ത്തിയ നാവുകള് തന്നെ നിന്ദിക്കും. ജീവിതത്തിന്റെ പരിമിതമായ ക്രീസില് ജീവിക്കാന്‍ നെട്ടോട്ടമോടുമ്പോള് ഒരു 'ലൈഫ്' പോലും കൊടുക്കാതെ ദൈവം എന്തിനവനെ റണ്ണൌട്ടാക്കി? പതിനൊന്നു പേരും പിന്നെ ആയിരങ്ങളും നിഷ്കരുണം ആക്രോശിക്കുമ്പോള്‍ കളി ജയിപ്പിക്കാന്‍ ബാധ്യതപ്പെട്ട ബാറ്റ്സ്മാനെപ്പോലെ അവന്‍ മൈതാനമധ്യത്ത് ഒറ്റപ്പെട്ടതെനന്തേ??

ക്രിക്കറ്റെന്ന ചോര ഞെരമ്പിലോടുന്നിടത്തോളം കാലം അവന്റെ കാച്ച് എടുത്തതിനു ശേഷമുള്ള ആഘോഷം എങ്ങനെ മറക്കാനാണു!

പ്രിയപ്പെട്ട ബാബൂ, നീ തുടങ്ങിവെച്ച വായനശാലയുടെ ചുമരിലൊരു ഫോട്ടോയില്‍ നിന്നും തൂമന്ദഹാസം പൊഴിച്ച് നീ എന്നും ഞങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത് സ്നേഹതിന്റെ മാധുര്യത്തെക്കുറിച്ചല്ലെ?