Wednesday, October 21, 2015

കഥാവശേഷൻ ഗോയിന്നൻ



മരിച്ച് മോളിലെ ലോകത്തിന്റെ സിറ്റൌട്ടിൽ നിൽക്കുകയാണ് ഗോയിന്നൻ.  താഴന്ന് മോളിലേക്കുള്ള ദൂരം വെറും സെക്കന്റുകൾ മാത്രമാണ്.  സാധാരണ നിലക്ക് അവിടെ എത്തിയാൽ ഉടനെ തന്നെ സ്വർഗമോ നരകമോ എന്ന് തീരുമാനിച്ച് സ്പോട്ട് അഡ്മിഷൻ കിട്ടേണ്ടതാണ്.  കാത്ത് നിന്ന് അക്ഷമനായപ്പോൾ ഗോയിന്നൻ കാവൽക്കാരനോട് ചൂടായി.  അല്ല ചങ്ങായീ ഞാൻ വന്നിറ്റെത്ര നേരായി.. ബിവറേജസിൽ പോലും ഞാനിത്ര നിക്കാറില്ലല്ലോ..”
മൂപ്പർ കക്കൂസിൽ പോയതാ.. ഇപ്പോ വരും.. നിനക്ക് വേറെ പണിയൊന്നുമില്ലല്ലോ.. ആട നിക്കടാ..”
ആ എന്നാ ശരി എന്നും പറഞ്ഞ് ആ ചാറ്റ് ഫിനിഷ് ചെയ്തപ്പോ ദൈവം വന്ന് ഗോയിന്നന്റെ കേസ് വിളിച്ചു.
.. നീയും തൂങ്ങിച്ചത്തതാ അല്ലേ.. ഇമ്മാതിരി കേസാണല്ല്ലോ ഇപ്പോ ഈട കൂടുതൽ വെരുന്നത്..”
അല്ല, പിന്നെ, ഞാൻ പണീം കയിഞ്ഞ് വെരുമ്പോ ഓളു വേറൊരുത്തന്റെ ഒപ്പരം കെടക്ക്ന്ന്.. പിന്നെ ഞാനെന്ത് ചെയ്യാനാ.. നിങ്ങള് പറ മൂപ്പരേ..”
നീ പ്രേമിച്ച് കെട്ടിയതല്ലേടൊ.. എന്നിറ്റെന്താടോ ഇങ്ങനെ ചെയ്തേ..”
കൊറേ പ്രാവിശ്യം ഞാനോളെ പറഞ്ഞ് നന്നാക്കാൻ നോക്കിയതാ.. ഇനി ഓനെ കാണൂല്ലാ, മിണ്ടൂല്ലാ എന്ന് പറഞ്ഞപ്പം പിള്ളേരെയോർത്ത് ഞാൻ ഷെമിച്ച്.. ഇന്നും കയ്യോടെ പിടിച്ചപ്പം ഞാൻ പിന്നെന്ത് ചെയ്യാനാ..”
നീ വേറെ പാപമൊന്നും ചെയ്തിറ്റില്ലാ.. എന്നാലും ആത്മഹത്യ ചെയ്തോണ്ട് ചെറിയൊരു പണിഷ്മെന്റ് കഴിഞ്ഞാ നിനക്ക് സ്വർഗത്തിൽ പോകാം..”
ഓ ശരി.. ശരി...”
അന്നേരം വിറച്ച് വിറച്ച് ആടിയാടി ഒരു ചെറുപ്പക്കാരി സിറ്റൌട്ടിലെത്തി.
അല്ല പെണ്ണുമ്പിള്ളേ.. നിങ്ങളെന്താ വെള്ളമടിച്ച് ചത്തതാണോ..”
അയ്യോ.. അല്ല.. എന്നെ ഭർത്താവ് കുത്തിയതാ.. അയാളേം ഒരുത്തിയേം എന്റെ വീട്ടിൽ ഞാൻ കണ്ടു.. കലമ്പായി.. അടിപിടിയായി.. ഓനെന്നെ കുത്തി.. എനിക്ക് ഓനെ ഒന്നും ചെയ്യാൻ പറ്റിയില്ല..”
അത് കഷ്ടമായിപ്പോയി.. എനിറ്റും നീ ചത്തില്ലല്ലോ..”
ഇവൾടെ ജീവൻ പോയിറ്റില്ലാ.. ഇവളെ ഓൻ ആസ്പത്രീലാക്കീറ്റ്ണ്ട്..”
എനിക്കോനെ കൊല്ലണം.. എന്നെ ഒന്ന് താഴേക്ക് വിട്..”
അതൊന്നും പറ്റില്ല..” ദൈവം.
പ്ലീസ് .. ഞാൻ ഓനെ കുത്തിക്കൊന്നിറ്റ് ഇപ്പം വരാം..”
ഹേയ്.. ചത്തുകൊണ്ടിരിക്കുന്നയാളാ നീ.. ഇപ്പത്തന്നെ പകുതി ചത്തു.. അമ്മാതിരി കുത്തല്ലേ..”
വെർതെ കാഴ്ച കണ്ടിരിക്കുന്ന ഗോയിന്നൻ അപ്പോ ഇടപെട്ടു. “അല്ല കാർന്നോരേ.. നിങ്ങളു ഓളെ വിടപ്പാ.. ഓൾ ഓനെ കൊന്നിറ്റ് ഇപ്പം വെരൂലേ..”
ജീവിപ്പിക്കണമെങ്കില് സ്വർഗത്തിൽ പോകുന്ന ഒരാളെ റെക്കമെന്റ് ഉണ്ടെങ്കിലേ വിടാൻ പറ്റൂ.. ഇവിടെ റൂൾസൊക്കെ സ്ട്രിക്റ്റാ...”
എന്നാലെന്റെ കേറോപ്പിൽ ഓളെ ജീവിപ്പിക്ക്...”
ഇവളിങ്ങ് തിരിച്ച് വന്നില്ലെങ്കിൽ നിന്റെ കാര്യം പോക്കാ.. നീ നരകത്തിൽ പോകേണ്ടി വരും..”
ഓ അങ്ങനെയാണോ..”
ചെറുപ്പക്കാരി ഗോയിന്നന്റെ കാലുപിടിച്ചു പറഞ്ഞു. “ഞാൻ പോയിറ്റ് ഓനെ കൊന്നിറ്റ് ഞാനും ചത്ത് വേഗം വരും.. നിങ്ങളെന്നെ ഒന്ന് റെക്കമെന്റ് ചെയ്യ്...”
അവളുടെ കണ്ണീരു കണ്ട് ഗോയിന്നൻ ദൈവത്തിന്റെ ഫയലിൽ ഗ്യാരണ്ടർ ആയി ഒപ്പ് വെച്ചു.  ആ പെണ്ണ് ഗോയിന്നന് നന്ദിയുടെ പാലും തേനുമർപ്പിച്ച് തിരിച്ച് പോകുകയും ചെയ്തു.
പിറ്റേന്ന് ദൈവം വന്ന് ഗോയിന്നനെ നരകത്തിലേക്ക് റിക്രൂട്ട് ചെയ്തു.  “അല്ലപ്പാ നിങ്ങളല്ലേ പറഞ്ഞത് എന്നെ സ്വർഗത്തിലാക്കാമെന്ന്.. എന്നിറ്റിപ്പോ.. ഞാൻ കൊടിപിടിക്കും കേട്ടാ..” ഗോയിന്നൻ പ്രതിഷേധിച്ചു.
“എടാ മണ്ടൻ ഗോയിന്നാ നീ താഴേക്ക് നോക്ക്.. നീ ഗാരണ്ടി തന്ന് വിട്ട പെണ്ണതാ ഓൾടെ കെട്ടിയോന്റെ കൂടെ ഇരുന്ന് കഞ്ഞി കുടിക്ക്ന്ന്.. ഓളിനി വരൂല്ല മോനേ..”
“പണ്ടാരാണ്ട് പറഞ്ഞത് പോലെ നായിന്റെ വാല് ഓടക്കൊഴലിലിട്ടത് പോലെ ആയല്ലോ ദൈവമേ..” പാവം ഗോയിന്നൻ.

5 comments:

  1. ചേലേരിയിലെ കഥകളൊക്കെ എഴുതിക്കഴിഞ്ഞ് ഇങ്ങള് സ്വര്‍ഗ്ഗത്തിലെത്തിയോ?

    ReplyDelete
  2. അവിടെ റൂളൊക്കെ വളരെ സ്ട്രിക്റ്റാ!!

    ReplyDelete
  3. അങ്ങിനെ ഗോവിന്ദൻ ഗോവിന്ദനായി :) കൊള്ളാം കുമാരാ

    ReplyDelete