Wednesday, December 24, 2014

ആനന്ദചന്ദ്രൻ മാഷ് ഒരു ചോദ്യചിഹ്നമാ‍ായ വിധം



ആനന്ദചന്ദ്രൻ മാഷിനു അതൊരു ആനന്ദവെള്ളിയാഴ്ചയായിരുന്നു. 
പുതുതായി വാങ്ങിച്ച സ്കൂട്ടർ ഓടിച്ച് സ്കൂളിലേക്ക് പോകുകയെന്നത് മാഷിന്റെ എന്നുമുള്ള ആഗ്രഹമായിരുന്നു.  വണ്ടിയുടെ പകുതി കാഷ് മാഷിന്റേതും ആയിരുന്നെങ്കിലും ആർ.സി. ബുക്കിൽ ഭാര്യ വിനോദിനി ടീച്ചറുടെ പേരാണ് ഉണ്ടായിരുന്നത്.  മാഷും ടീച്ചറും രണ്ട് റൂട്ടിലുള്ള സ്കൂളുകളിലായതിനാൽ ഒന്നിച്ച് പോകുമ്പോഴെങ്കിലും വണ്ടി ഓടിക്കാനുള്ള അവസരവുമില്ല.  മാഷിന്റെ എല്ലാ കാര്യത്തിലും പൊതുവെയുള്ള തണുപ്പൻ സംശയ സമീപനങ്ങൾ, എന്ത് ചെയ്യുമ്പോഴും പല തവണ ആലോചിച്ച് മാത്രം ചെയ്യുക തുടങ്ങിയ രീതികൾ ടീച്ചർക്ക് ഒട്ടും പിടിക്കില്ല.  രണ്ട് മൂന്ന് ഷോറൂമുകളിൽ പോയി ലിസ്റ്റെടുത്ത് മത്സ്യത്തിനു വിലപേശുന്നത് പോലെ പേശിയിട്ടാണ് മാഷ് വണ്ടി ബുക്ക് ചെയ്യാൻ പോയത്.  തേഡ് പാർട്ടി ഇൻഷുറൻസ് പോരേ? ആർ.ടി. ഓഫീസിൽ കൊടുക്കുന്നതിൽ നിന്നും ഏജന്റിന്റെ കമ്മീഷൻ കുറച്ച് തന്നൂടേ ? ഗ്രിൽ‌സ് വെച്ചില്ലെങ്കിലും വണ്ടിക്ക് കുഴപ്പമില്ലല്ലോ ? മൈലേജ് എത്ര കിട്ടും ? ഇതൊക്കെ കേട്ട് ആഫീസിലിരിക്കുന്ന പെൺകുട്ടികൾ ചിരിക്കുന്നത് കണ്ട് ക്ഷമ നശിച്ച വിനോദിനി ടീച്ചർ നിങ്ങളൊന്ന് മിണ്ടാണ്ടിരിക്ക് എന്ന് പറഞ്ഞ്  മൊത്തം തുകയെടുത്ത് കൊടുത്ത് വണ്ടി ബുക്ക് ചെയ്ത് മടങ്ങുകയായിരുന്നു.
രണ്ടുപേർക്കും പണ്ടേ ലൈസൻസ് ഉണ്ടായിരുന്നെങ്കിലും സ്കൂട്ടർ ഓടിക്കാൻ പെട്ടെന്ന് ഏലായത് ടീച്ചറായിരുന്നു.  മാഷ് തപ്പിപ്പിടിച്ച് കാലുകൾ കുത്തി നിർത്തി നിർത്തി ഓടിക്കുന്നത് കണ്ടാൽ തന്നെ ആർക്കും തോന്നും അരപഠിപ്പ് ആണെന്ന്.  സ്കൂളിൽ പഠിപ്പിക്കുന്ന ചെക്കന്മാർ ബൈക്കിലും ബുള്ളറ്റിലും പറപ്പിച്ച് പോകുമ്പോൾ മാഷ് സകല ജംഗ്ഷനിലും ബ്ലോക്ക് ഉണ്ടാക്കുകയായിരിക്കും.  പിള്ളേരാണെങ്കിൽ മാഷിനെ തൊട്ട്തൊട്ടില്ലെന്ന മട്ടിൽ ഓടിച്ച് പേടിപ്പിച്ച് വിടുകയും ചെയ്യും.  ആയിടയ്ക്ക് ഒരു ദിവസം വണ്ടി ഒരു മതിലുമായി ചുംബനസമരം നടത്തിയതും കൂടിയായപ്പോൾ പിന്നെ വണ്ടിയൊന്ന് മാഷിനെക്കൊണ്ട് തൊടീക്കാൻ പോലും ടീച്ചർ സമ്മതിക്കാണ്ടായി.  മാഷിന്റെ പരിക്കിനേക്കാളും വണ്ടിയുടെ പെയിന്റ് പോയതായിരുന്നു ടീച്ചറെ വിഷമിപ്പിച്ചത്.  ഇമ്മാതിരി ഓടിക്കലായത് കാ‍രണം മാഷിനെ വണ്ടി തൊടീക്കാണ്ട് ടീച്ചർ പരമാവധി സ്വന്തമായി ഉപയോഗിച്ച് വന്നു.  വാങ്ങിയിട്ട് ഇന്നേ വരെ മാഷിനു വണ്ടി സ്കൂളിൽ കൊണ്ട് പോകാൻ പറ്റിയിട്ടില്ല. 
ഇന്ന് വിനോദിനി ടീച്ചർക്ക് അവരുടെ തറവാട്ടിൽ പോകേണ്ടി വന്നതിനാൽ വണ്ടി എടുക്കാതെയാണ് പോയത്.  ആ സുവർണാവസരം മുതലെടുത്ത് ഇന്ന് സ്കൂട്ടറിൽ സ്കൂളിലേക്ക് പോകാമെന്ന് ആനന്ദചന്ദ്രൻ മാഷ് തീരുമാനിച്ചു. 
എന്താ‍ണെന്നറിയില്ല വീടു മുതൽ സ്കൂൾ വരെ അന്നാദ്യമായി മാഷ് ഒരു നിർത്തലുമില്ലാതെ വണ്ടി ഓടിച്ചു.  സ്കൂളിലെത്തി ഒരു മരത്തിന്റെ കീഴിൽ വണ്ടി സുരക്ഷിതമായി വെച്ച് താക്കോലും കറക്കി സ്റ്റാഫ് റൂമിലെത്തി വണ്ടിയിലാണ് വന്നതെന്ന സന്തോഷം സഹമാഷന്മാരെ അറിയിച്ചു.  അവരൊക്കെ വന്ന് വണ്ടി കണ്ട്, കൊള്ളാം, നല്ലതാ, എത്ര മൈലേജ് കിട്ടും, എന്നൊക്കെ സാദാ വർത്താനങ്ങൾ പറഞ്ഞു.  ചിലർ എന്റെ വണ്ടിയുടെ അത്ര പോരാ, കളറില്ലാ, ടയർ ഉരുണ്ടിട്ടാണല്ലോ എന്നിങ്ങനെ അസൂയാധിഷ്ഠിതമായ ചിലത് കമന്റുകയും ചെയ്തു.  അവരങ്ങനെ വർത്താനിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഹെഡ്മാസ്റ്റർ ആനന്ദൻ മാഷിനെ അന്വേഷിക്കുന്നതായി വിവരം കിട്ടിയത്. 
            ജില്ലാ കലോത്സവത്തിന് പങ്കെടുക്കുന്ന കുട്ടികളുടെബാഡ്ജ് ആനന്ദചന്ദ്രൻ മാഷിനെ ഏൽ‌പ്പിച്ചിരുന്നു.  കലോത്സവത്തിന്റെ സ്കൂളിൽ പിള്ളേർ എത്തിയിട്ടും ബാഡ്ജ് കിട്ടിയില്ല.  സ്കൂട്ടർ ഓടിക്കാനുള്ള ആവേശത്തിൽ മാഷ് ബാഡ്ജ് എടുക്കാൻ മറന്നു പോയിരുന്നു.  വീട്ടിൽ പോയി അതെടുത്ത് ഉടനെ കലോത്സവം നടക്കുന്ന സ്കൂളിൽ കൊണ്ട് പോയി കൊടുക്കാൻ ഹെഡ്മാസ്റ്റർ പറഞ്ഞത് മാഷ് അനുസരിച്ചു.  ഒരിക്കൽക്കൂടി വണ്ടിയിലേറി പോകാമെന്നത് മാഷിനെ സന്തോഷത്തിലാക്കി. വണ്ടി എടുത്ത് ഗേറ്റിൽ എത്തിയപ്പോഴാണ് പിറകേ വീണടീച്ചറും സ്നേഹറാണിയെന്ന പത്താം ക്ലാസ്സിലെ വിദ്യാർത്ഥിനിയും ഓടി വന്നത്.
            “മാഷേ.. മാഷ് കലോത്സവത്തിനല്ലേ പോകുന്നേ.. ഒന്ന് ഈ കുട്ടിയെക്കൂടി കൊണ്ട് പോകുമോ.. ഇവൾ അവരൊക്കെ പോകുമ്പോ എത്താൻ ലേറ്റായി...”
            “ഓ അതിനെന്താ.. കുട്ടി കേറിക്കോ...”
            രാവിലത്തെ ആ തീ പോലത്തെ ചൂടിലും ആനന്ദൻ മാഷിന്റെ ഹൃദയത്തിൽ ഒരു കുളിർക്കാറ്റ് കടന്നുവന്നു.  സ്നേഹറാണി പേരു പോലെതന്നെ ഒരു റാണിയായിരുന്നു.  സ്റ്റാഫ് റൂമിൽ അധ്യാപികമാർ ഇല്ലാതിരിക്കുന്ന സമയങ്ങളിലെ മസാല ചർച്ചകളിൽ അവളെപ്പറ്റി മാഷന്മാർ പറയാറുണ്ടായിരുന്നു.  ടീച്ചർമാരുടെ ദരിദ്രമായ അംഗലാവണ്യങ്ങളിൽ സ്നേഹറാണിയുടെ സമ്പന്നശരീരത്തെ താരത‌മ്യം ചെയ്ത് മാഷന്മാർ ചില അശ്ലീലവാക്കുകൾ ഉപയോഗിച്ച് വർണിക്കുന്നത് ആനന്ദൻ മാഷും ലജ്ജയോടെ കേട്ടിരുന്നു.
            റോഡിലെ നിരവധിയായ കുഴികളിൽ വീണ് വണ്ടി മുന്നോട്ടായുമ്പോൾ സ്നേഹറാണിയുടെ ചൂടായ ശരീരം മേത്ത് വന്ന് പതിക്കുന്നതും കാലുകൾ ഇരുവശത്തുമിട്ട് ഇരുന്നതിനാൽ ദേഹത്തോട് ചേരുന്ന ചെറുപെൺകൊടിയുടെ തുടയുടെ ചൂടും ആനന്ദൻ മാഷ് അറിഞ്ഞതേയില്ല.  പുത്തൻ വണ്ടിയിൽ സുന്ദരിയായൊരു പെൺകുട്ടിയെയും ഇരുത്തി ഓടിക്കുന്ന ത്രില്ലിലായിരുന്നതിനാൽ അപകടമേഖലകളിലേക്ക് വണ്ടിയും ചിന്തയും പാളിയതേയില്ല.
            “നല്ല വെയിലല്ലേ.. കുട്ടി ആ ഷാൾ തലയിലിട്ടോളൂ...” ഓട്ടത്തിന്നിടയിൽ മാഷ് ശിഷ്യയുടെ കാര്യത്തിൽ ശ്രദ്ധിച്ചു.
            വീടിനടുത്തുള്ള അനാദിക്കടയുടെ അടുത്ത് നിർത്തി “ഇപ്പോ വരാം ഒരു സാധനം വാങ്ങിക്കട്ടെ..” എന്ന് പറഞ്ഞ് അതിനകത്തേക്ക് കയറിപ്പോയി.  കടക്കാരനുമായി മാഷ് എന്തോ സംസാരിക്കുന്നതും സാധനം വാങ്ങിക്കുന്നതും പോക്കറ്റിൽ എന്തോ തിരുകുന്നതും കടക്കാരൻ വൃത്തികെട്ട രീതിയിൽ നോക്കുന്നതും കണ്ട് സ്നേഹറാണി സ്കൂട്ടറിന്റെ അടുത്ത് നിന്നു.
            മാഷ് വന്ന് വീണ്ടും വണ്ടിയിൽ കയറി ഗേറ്റ് കടന്ന് വാതിൽ തുറന്ന് സോഫയിലിരുന്ന് ഫാനിട്ടു.  സ്നേഹറാണിയോട് ഇരിക്കാൻ പറഞ്ഞതും കൊണ്ടുവന്ന പ്ലാസ്റ്റിക് കൂടിൽ നിന്ന് പഴമെടുത്ത് കഴിക്കാൻ പറഞ്ഞതും കേട്ടതായി തോന്നിയില്ല. എന്തോ ചിന്തയിൽ‌പ്പെട്ട് ഉഴറുന്നത് പോലെ തോന്നിച്ചു.  ഭയങ്കര ചൂട് വിയർപ്പാറിയിട്ട് പോകാം, മാഷ് ഷർട്ട് അഴിച്ച് പറഞ്ഞു.  സ്നേഹറാണി എന്നിട്ടും ഒന്നും പ്രതികരിക്കാതെ കൂടുതൽ പരിഭ്രാന്തയായി നിന്നു.  ഫാനിന്റെ കാറ്റുണ്ടായിട്ടും വിയർത്ത് കുളിച്ച് നേർത്ത സ്കൂൾ യൂനിഫോം ശരീരത്തോട് ചേർന്നിരുന്നു.  അവളുടെ മുഖത്തെ ക്ഷീണവും പരിഭ്രാന്തിയും കണ്ട് ആനന്ദൻ മാഷ് അടുത്തേക്ക് നീങ്ങി..
            “എന്താ പറ്റിയത്
            “തൊടരുത്...” സ്നേഹറാണി അലറി.
            “എന്താ കുട്ടീ... എന്താ വല്ലാണ്ടായിരിക്കുന്നത്...?” മാഷിനൊന്നും മനസ്സിലായില്ല.
            “എന്നെ പീഢിപ്പിക്കാൻ കൊണ്ട് വന്നതല്ലേ... ആരും കാണാണ്ടിരിക്കാനല്ലേ തലയിൽ ഷാളിടാൻ പറഞ്ഞത് മാഷ് കടയിൽ പോയത് കോണ്ടം വാങ്ങാനല്ലേ...” അലറിക്കൂവി സ്നേഹറാണി പുറത്തേക്ക് കുതിക്കുമ്പോൾ ആനന്ദൻ മാഷ് ബോധാവസ്ഥ കടന്ന് നിലത്തേക്ക് പതിക്കുകയായിരുന്നു.
            പിറ്റേന്നത്ത പത്രങ്ങളിൽ ആനന്ദചന്ദ്രൻ മാഷ് ഒരു ചോദ്യചിഹ്നമായി കിടന്നു.

19 comments:

  1. വായന കഴിഞ്ഞു. ആനന്ദന്‍ മാഷ് ഇപ്പോള്‍ ശരിക്കും ഒരു ചോദ്യചിഹ്നമായി. അങ്ങനെയല്ലേ കഥ സഞ്ചരിച്ചത്

    ReplyDelete
  2. ഇപ്പോള്‍ എങ്ങോട്ട് തിരിഞ്ഞാലും പീഡനമേയുള്ളൂ .കുട്ടികളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

    ReplyDelete
  3. ചിഹ്നങ്ങൾ ഉണ്ടാകും വിധം....!

    ReplyDelete
  4. ഉത്തരമില്ലാത്ത ചില ചോദ്യങ്ങള്‍

    ReplyDelete
  5. ഭയങ്കര സ്പീടാണല്ലോ ഇത്തവണ അതു കൊണ്ടാവും പതിവു പഞ്ച് മിസ്സിങ്

    ReplyDelete
  6. കുട്ടികളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

    ReplyDelete
  7. കടക്കാരനുമായി മാഷ് എന്തോ സംസാരിക്കുന്നതും സാധനം വാങ്ങിക്കുന്നതും പോക്കറ്റിൽ എന്തോ തിരുകുന്നതും കടക്കാരൻ വൃത്തികെട്ട രീതിയിൽ നോക്കുന്നതും കണ്ട് സ്നേഹറാണി സ്കൂട്ടറിന്റെ അടുത്ത് നിന്നു.

    ബലേ ഭേഷ് .. ലൈക്ക് ട്‌

    എന്താണ് മാഷ്‌ അറയിൽ തിരുകിയത് ആവോ ?

    ReplyDelete
  8. എഴുതാപ്പുറങ്ങള്‍ വായിക്കുന്നവര്‍ സ്വന്തം ജീവിതം മാത്രമല്ല മറ്റുള്ളവരുടെ ജീവിതവും തകര്‍ക്കുന്നു.,......നന്നായി എഴുതി....

    ReplyDelete
  9. കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ ഈ ബ്ലോഗില്‍ കയറാന്‍ മറക്കരുതേ....ലിങ്ക്
    http://kappathand.blogspot.in/2015/04/blog-post_8.html

    ReplyDelete
  10. ഇതെന്താ... പരസ്യങ്ങളുടെ അയ്യരുകളിയാണല്ലോ

    ReplyDelete
  11. http://www.newfriendshipdayimages.com/

    ReplyDelete