Sunday, July 31, 2011

ഹൈ സ്കൂൾ ഡെയ്സ്



കമ്പിൽ ഹൈ സ്കൂളിൽ ചേരുന്ന ചേലേരി യു.പി.ക്കാർക്ക് ഇന്ത്യയിൽ കാശ്മീരിനുള്ളത് പോലൊരു പ്രത്യേക പരിഗണന കിട്ടിയിരുന്നു.  കമ്പിൽ ഹൈ സ്കൂളിന് എല്ലാ ക്ലാസ്സുകളിലും എ മുതൽ എം വരെ ഡിവിഷനുകൾ  ഉണ്ടാക്കുന്നതിന് എണ്ണപ്പെട്ട സംഭാവനകൾ നൽ‌കിയിരുന്നത് ഞങ്ങൾ ചേലേരി യു.പി.ക്കാരാണ്.  അതു കൊണ്ടായിരിക്കും ഞങ്ങളെ മുന്തിയ ഇനം പൌരൻ‌മാരായി കണക്കാക്കി ഇരിക്കാൻ പ്രത്യേകം ഏരിയ അനുവദിച്ചത് എന്നൊക്കെ ചിന്തിച്ചാൽ അത് വെറും മിസ് അണ്ടർസ്റ്റാൻ‌ഡിങ്ങ് മാത്രമാണ്.

കമ്പിലും ചേലേരിയും തമ്മിൽ വെറും നാലു കിലോമീറ്ററിന്റെ ദൂരം മാത്രേ ഉണ്ടായിരുന്നുള്ളൂ‍ എങ്കിലും വിദ്യാഭ്യാസ നിലവാരത്തിലും വിദ്യാഭ്യാസം കൊണ്ട് ഉണ്ടാവേണ്ട സംഗതിയിലും ഞങ്ങൾ അതിവേഗം ബഹുദൂരം പിന്നിലായിരുന്നു. കമ്പിൽ സ്കൂളിലെ മാഷൻ‌മാർ ഞങ്ങളുടെ ഒരു വാക്ക് കേട്ടാൽ തന്നെ ഏത് സ്കൂളിൽ നിന്നാണ് കുറ്റീം പൊരിച്ച് വരുന്നതെന്ന് മനസ്സിലാക്കുമായിരുന്നു.  ഞാൻ എട്ടാം ക്ലാസ്സിൽ ചേർന്ന് ഫസ്റ്റ് ഡേ ഫസ്റ്റ് അവർ.  രവീന്ദ്രൻ മാഷ് അറ്റൻഡൻസ് എടുക്കുകയാണ്.  മാഷ് രജിസ്റ്റർ നോക്കി പേരു വിളിക്കുന്നു; ഓരോരോ ചെക്കൻ‌മാർ എഴുന്നേറ്റ് സ്മാർട്ടായി നിന്ന്, “പ്രസന്റ് സർ..” അല്ലെങ്കിൽ “പ്രസന്റ് ടീച്ചർ..” എന്നു പറയുന്നു.  പേരിലെ ആൽഫാ ഗുണം കൊണ്ട് എന്റെ ഊഴം വേഗം വന്നു.  ഞാൻ എഴുന്നേറ്റ് കോൺഫിഡൻസിന്റെ അഹങ്കാരം ഒട്ടുമില്ലാതെ പറഞ്ഞു.  “ആജർ..!!!” ചേലേരി യു.പി.യിൽ നിന്ന് ശീലിച്ചതല്ലേ പാലിക്കാൻ പറ്റൂ.  അതു കേട്ടതും എയ്ത്ത് എച്ച് മൊത്തം സൈലന്റ്‌വാലിയായി. 

മാഷ് തല പൊന്തിച്ച് “നീ ഏട്യാ.. ചേലേരിയാ.. ?”
ഞാൻ വിറച്ചു കൊണ്ട് “അതെ..” 
“വേറെ ആരെല്ലാ ചേലേരീന്ന്..?” 

സോമാലിയക്കാരുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ പോലെയുള്ള ഞങ്ങൾ പത്ത് പേർ എഴുന്നേറ്റ് നിന്നു. 
“നിങ്ങളെല്ലാം ബേക്കിൽ പോയിരുന്നോ.. നിങ്ങളെ ഒപ്പരം ഇരുത്തി പഠിപ്പിച്ചാ ഇവരു കൂടെ തോറ്റു പോകും..”

മണ്ടൻ‌മാരും അപരിഷ്കൃതരുമായ മുൻ‌ഗാമികൾ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ തലത്തിലോളം ചേലേരി സ്കൂളിന്റെ പേരുകേൾപ്പിച്ചതിനു് നിർഭാഗ്യവാന്മാരും നിഷ്കളങ്കരും നിർഗുണ പരബ്രഹ്മൻ‌മാരുമായ ഞങ്ങളെന്ത് പിഴച്ചു?

ക്ലാസ്സിൽ മാത്രമല്ല പീടികയിൽ പോയി മുട്ടായി വാങ്ങിയാൽ പോലും ഞങ്ങളുടെ മാനം കപ്പൽ കേറുമായിരുന്നു.  അന്ന് കമ്പിൽ സ്കൂളിന്റെ മുന്നിൽ നിര നിരയായി മുട്ടായി കടകളുണ്ടായിരുന്നു.  ഇന്റെർവെൽ സമയത്ത് വെല്ലത്തിനു ഈച്ച പൊതിയുന്നത് പോലെ പിള്ളേരെല്ലാം അതിന്റെ മുന്നിൽ ഓടിക്കൂടും.  ആ കടന്നൽ കൂട്ടത്തിലൂടെ കൈയിട്ട് ഞാൻ പത്ത് പൈസ നീട്ടി പറഞ്ഞു. “ഒരു റിബേറ്റ്..” കടക്കാരൻ “എന്നാ..??“ ഞാൻ പിന്നേം, “റിബേറ്റ്..“ കടക്കാരൻ ഒന്നും തിരിയാണ്ട് എന്നെ വിട്ട് വേറെ ചെക്കൻ‌മാർക്ക് മുട്ടായി എടുത്ത് കൊടുക്കാൻ തുടങ്ങി.  അപ്പോ പിറകിൽ നിന്നൊരു സീനിയർ ചേലേരിക്കാരൻ, “എടാ അതിന്റെ പേരു അങ്ങനൊന്ന്വല്ല.. അത് നാട്ടിലെ രാമൻമാരാർ ഇടുന്നതല്ലേ“ എന്ന് പറഞ്ഞു.

ചേലേരി സ്കൂളിന്റടുത്തുള്ള രാമൻ മാരാരുടെ പീടികയിലെ റിബേറ്റ്, പാലീസ്, ഒയൽച്ച, തൊണ്ടക്കൊരൽ എന്ന മുട്ടായികളുടെ ശരിക്കുള്ള പേരു വേറെന്തൊക്കെയോ ആയിരുന്നു.  നാട്ടിലെ പേരു പറഞ്ഞാ കടക്കാർക്കൊന്നും മനസ്സിലാകൂല്ല.  അതിൽ പിന്നെ മുട്ടായി വാങ്ങുമ്പോൾ ഞാൻ അത്, അതിന്റെപ്പുറത്തേത്, ഇത് എന്നൊക്കെ ചൂണ്ടി പറയുക മാത്രമേ ചെയ്തിട്ടുള്ളൂ.  വെറുതെ കാശ് കൊടുത്ത് മാനക്കേട് വാങ്ങണ്ടല്ലോ.  എന്നാൽ പോപ്പിൻസിന് എല്ലാടത്തും ഒരേ പേരായിരുന്നു.  പക്ഷേ അതൊക്കെ വാങ്ങാൻ അക്കാലത്തൊന്നും ഇന്ത്യ വേൾഡ് ബാങ്കിൽ നിന്നും ലോണെടുക്കാൻ തുടങ്ങിയിരുന്നില്ലല്ലോ.

കമ്പിൽ സ്കൂളിൽ കൂടുതലും ഔട്ടോഫ് മലബാർ ടീച്ചർമാരായിരുന്നു.  അവർ ‘ഭ’ എന്ന് പറഞ്ഞാലും ‘ഫ’ എന്ന് പറഞ്ഞാലും ഔട്ട്പുട്ട് ‘ഫ’ എന്ന് മാത്രമായിരുന്നു.  ഫാഗം, ഫംഗി, ഫാരതം, ഫൂമി, ഫാസൻ എന്നൊക്കെ കേൾക്കുമ്പോൾ ചിരി വരാതിരിക്കണമെങ്കിൽ നല്ല കൺ‌ട്രോൾ വേണം. 

തങ്കമണി ടീച്ചറാണ് ഞങ്ങൾക്ക് മലയാളം എടുത്തിരുന്നത്.  എങ്ങനെയാണെന്നറിയില്ല എല്ലാ കൊല്ലവും ടീച്ചർ ഗർഭിണിയായിരിക്കും.  അത് കൊണ്ട് ടീച്ചർക്ക് നിത്യ ഹരിത നായകൻ, നിത്യ കല്യാണി എന്നൊക്കെ പറയുന്നത് പോലെ നിത്യഗർഭിണി എന്ന അഡീഷണൽ പേരുമുണ്ടായിരുന്നു.  എല്ലാ കൊല്ലവും ടീച്ചർ പ്രസവിക്കാൻ പോകുന്നത് കൊണ്ട് പോർഷൻ ഒരിക്കലും തീരില്ല.  അപ്പോൾ ഇടക്ക് വെച്ച് വേറാരെങ്കിലും വരും; അവർ ചുരുങ്ങിയ സമയത്തിനുള്ളിൽ എന്തെങ്കിലും കാട്ടിക്കൂട്ടി പാഠം തീർക്കും.  അങ്ങനെ മാറി വന്നത് ഒരു റോസമ്മ ടീച്ചറായിരുന്നു. എന്നെക്കൊണ്ട് പഠിപ്പിച്ചാലൊന്നും തീരില്ലാന്നു ടീച്ചർക്കും ആയമ്മക്ക് അതിനുള്ള കപ്പാകുറ്റിയൊന്നും ഇല്ലെന്ന് ഞങ്ങൾക്കും നന്നായറിയാം.  ക്ലാസ്സൊന്നും എടുക്കാൻ ടീച്ചർ മെനക്കെട്ടില്ല.  വന്നയുടനെ പൊതി പോലുമിടാത്ത ഒരു ഗൈഡ് തുറന്ന് നോട്ട് പറയാൻ തുടങ്ങി.  ഇടക്കിടക്ക് അത് ഒരു മടിയുമില്ലാതെ പറയുകയും “നിങ്ങക്ക് നല്ല മാർക്ക് കിട്ടണമെങ്കിൽ എല്ലാരും ഫാസൻ ഗൈഡ് വാങ്ങിക്കോ..”  ഗൈഡ് വാങ്ങി പഠിച്ചോളാൻ പറയുന്ന ടീച്ചർമാരുടെയൊക്കെ ഒരു സ്റ്റാൻ‌ഡേർഡ്..! 

ഞങ്ങളുടെ ക്ലാസ്സിൽ ഇസ്മായിൽ എന്നൊരു തമാശക്കാരനുണ്ടായിരുന്നു.  എപ്പോഴും എന്തെങ്കിലും കോമഡി അവൻ അറിഞ്ഞോ അറിയാതെയോ സംഭവിച്ചു കൊണ്ടിരിക്കും.  ഒരു ക്ലാസ്സ് പരീക്ഷക്ക് തങ്കമണി ടീച്ചർ നഖശിഖാന്തം എന്ന് വാക്യത്തിൽ പ്രയോഗിക്കാൻ പറഞ്ഞു.  ഇസ്മായിൽ എഴുതിയത് ഇങ്ങനെയായിരുന്നു. ‘എന്റെ വീട്ടിലെ പൂച്ചയും കോഴിയും അടി കൂടിയപ്പോൾ പൂച്ചയുടെ നഖശിഖാന്തം പുറത്ത് വന്നു.’

ഇസ്മായിലിന്റെ വേറൊരു കോമഡിയുണ്ട്.  ഒരു ദിവസം തങ്കമണി ടീച്ചർ നോട്ട് പറഞ്ഞു തരികയായിരുന്നു.  “മലേഷ്യയുടെ തലസ്ഥാനം., കോലാലം‌പൂർ” എല്ലാവരും നിശബ്ദമായി എഴുതുമ്പോൾ ഇസ്മായിൽ കേൾക്കാത്തത് പോലെ ഒച്ചത്തിൽ, “ടീച്ചറേ.. കോലാലം??” 
ടീച്ചർ ബാക്കി വാക്ക് പൂരിപ്പിച്ചു.  ഇസ്മായിൽ നിഷ്കളങ്കനായി പിന്നെയും, “കോലാലം..???”  അപ്പോഴേക്കും ഇസ്മായിലിന്റെ അടുത്തിരിക്കുന്നവരിൽ നിന്നും ഒരു അടക്കിപ്പിടിച്ച ചിരി മുളച്ചു പൊന്തി.  മനസ്സിൽ കുരുട് ഒന്നുമില്ലാത്ത ടീച്ചർ വീണ്ടും ഫിൽ ചെയ്തു.  ഇസ്മയിൽ ഒട്ടും ചിരിക്കാതെ, പഠിക്കാനുള്ള അടക്കാനാവാത്ത ത്വര കൊണ്ട് വീണ്ടും, “കോലാലം” അതും കൂടി ആയപ്പോൾ ക്ലാസ്സ് മുഴുവൻ ചിരിച്ചു മറിഞ്ഞു.

ഞങ്ങളെ പഠിപ്പിക്കുന്നത് നിത്യഗർഭിണിയേയും റോസമ്മ ടീച്ചറിനേയും പോലത്തെ ഏജ് ഓവറായ ടീംസ് ആണെങ്കിൽ അപ്പുറത്തെ ക്ലാസ്സിൽ ഗോതമ്പിന്റെ നിറവും പനങ്കുല പോലത്തെ മുടിയും ഒത്ത ഉയരവുമുള്ളൊരു സുന്ദരിയായിരുന്നു. ആ ടീച്ചർ മാല ഇടില്ല, വള ഇടില്ല, കാത് പോലും കുത്തിയിട്ടില്ല. താഴ്ത്താവുന്നതിന്റെ പരമാവധി താഴത്തേക്ക് ഇറക്കിയാണ് ടീച്ചർ സാരി ഉടുക്കുക.  ടീച്ചറുടെ മസാല ദോശ മടക്കിയത് പോലത്തെ വയറും ഉഴുന്നുവട പോലത്തെ പൊക്കിളും കാണാൻ പോകുന്ന വഴിയിൽ ആൺ‌കുട്ടികൾ കൂടി നിൽക്കും.  എപ്പോഴെങ്കിലും ടീച്ചർ റൂട്ട് തെറ്റിയെങ്കിലും ഞങ്ങളുടെ ക്ലാസ്സിൽ കേറിയെങ്കിൽ എന്നെല്ലാരും ആശിക്കാറുണ്ട്.  പക്ഷേ ഞങ്ങൾക്കൊരിക്കലും ആ ഭാഗ്യം ഉണ്ടായില്ല.  അപ്പുറത്ത് അല്ലുഅർജുനന്റെ പടം കളിക്കുമ്പോൾ ഇപ്പുറത്ത് അടൂരിന്റെ അവാര്‍ഡ് പടം കാണേണ്ടി വന്ന ഫാൻസുകാരെ പോലെ നിത്യഗര്‍ഭിണി ടീച്ചറുടെ ക്ലാസിൽ ഞങ്ങളിരുന്നു മുരടിച്ചു.

രാജേന്ദ്രൻ എന്നൊരു മാഷുണ്ടായിരുന്നു.  അയാൾക്ക് എപ്പോഴും സിഗരറ്റ് വലിക്കണം.  ഇടക്ക് ഞങ്ങളിലാരെയെങ്കിലും പീടികയിലേക്കയച്ച് വാങ്ങിപ്പിക്കും.  മാഷൻ‌മാർക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കുന്നത് പിള്ളേർക്ക് വലിയ സന്തോഷമുള്ള കാര്യമായിരുന്നു.  ഒരു ദിവസം ഇസ്മായിലിനെ ആണ് അയച്ചത്.  വാങ്ങിക്കൊണ്ട് വന്നപ്പോൾ ഒരെണ്ണം കുറവ്.  അതെവിടാടാ എന്ന് ചോദിച്ചപ്പോൾ അവൻ കൂളായി പറഞ്ഞു.  “അത് ഞാൻ വലിച്ചിന് മാഷേ..” പിള്ളേരെക്കൊണ്ട് വാങ്ങിപ്പിക്കൽ അന്നത്തോടെ മാഷ് നിർത്തി.

സ്കൂളിലൊക്കെ റാഗിങ്ങ് ഉണ്ടെന്ന് പറഞ്ഞാ ആരെങ്കിലും വിശ്വസിക്കുമോ.  എന്നാ കമ്പിൽ സ്കൂളിൽ ഞങ്ങൾക്ക് അതും അനുഭവിക്കേണ്ടി വന്നു.  സ്കൂളിലെ വില്ലൻ റോൾ കൈകാര്യം ചെയ്തിരുന്ന അബ്ദുൽ കാദറാണ് ഞങ്ങളെ റാഗ് ചെയ്ത് പീഢിപ്പിച്ചത്.  ഞങ്ങളുടെ കൂടെ എട്ടാം ക്ലാസ്സിൽ മൂന്നാം സെമസ്റ്ററാണ് കാദർ.  എല്ലാവർക്കും പേടിയിൽ നിന്നും ജനറേറ്റ് ചെയ്യപ്പെടുന്നൊരു തരം ബഹുമാനമാണ് അവനോട്.  ഒരു ദിവസം അവന്റെ വകയൊരു ഓർഡറിറങ്ങി. ട്രൌസ്സറിട്ട് വരുന്നവരെല്ലാം ഇനി മുതൽ മുണ്ട് ഉടുത്തേ വരാൻ പാടുള്ളൂ.  ഞാനും പിന്നെ നാലഞ്ച് കുട്ടികളും മാത്രമേ അന്ന് ട്രൌസറിടാറുള്ളൂ.  പാന്റ്സൊക്കെ അന്ന് വലിയ ലക്ഷ്വറിയാണ്.  ബഹുഭൂരിപക്ഷം കുട്ടികളും മുണ്ടാണ് ഉടുക്കുന്നത്.  ഞങ്ങൾ ട്രൌസ്സർ ഇട്ട് വരുന്ന സംഘികൾ ആദ്യമൊന്നും അവനെ കാര്യമാക്കിയില്ല.  പക്ഷേ ഓരോ ദിവസവും കാദറും കൂട്ടാളികളും ഞങ്ങളെ പിടിച്ച് നിർത്തി തുട പിടിച്ച് ഞെരിച്ച് തലക്ക് മേട്ടാൻ തുടങ്ങിയപ്പോൾ അവരൊക്കെ മുണ്ടൻ‌മാരായി. അവസാനം ഞാൻ മാത്രമായി. 

പൊതുവെ ഈ വില്ലൻ‌മാരുടെ ഒരു പ്രശ്നം ഇതാ‍ണ്.  അവരെ അനുസരിക്കുന്നില്ലെന്ന് കണ്ടാൽ വിട്ടു കളയുന്നതിനു പകരം അതൊരു ചലഞ്ച് ആയെടുക്കും.  അവന്റെ ക്ലാസ്സിൽ തന്നെയുള്ളൊരുത്തൻ പറഞ്ഞത് കേട്ടില്ലെന്ന് കണ്ടപ്പോ കാദറിന്റെ വാശി ഡബിൾഡ് ആയി.  പ്രതികാര ദുർഗനായ കാദറിന്റെയും അസിസ്റ്റന്റിന്റെയും തുടയിൽ നുള്ളു കൊണ്ട് എന്റെ കണ്ണിലൂടെ സുവർണ്ണ ചകോരങ്ങൾ പറക്കാൻ തുടങ്ങി.  കാദറിങ്ങ് മാഷൻ‌മാരോട് പറയാമെന്ന് വെച്ചാ പിന്നെ എന്റെ സ്കൂളിൽ പോക്ക് തന്നെ ഉണ്ടാവില്ല.  വീട്ടിലാണെങ്കിൽ പാന്റ് വാങ്ങിത്തരാം മാത്രം സെറ്റപ്പൊന്നും ഇല്ല.  അതൊക്കെ നമ്മൾ ജനിച്ചത് മുതൽ കാണുന്നതാണല്ലോ.  ചേട്ടനു പോലും പുതിയ മുണ്ട് വാങ്ങുന്നത് ഓണത്തിനും വിഷുവിനുമാണ്.  അപ്പോ പിന്നെ എന്തായിരിക്കും റിപ്ലൈ എന്ന് ഭാഗ്യ പരീക്ഷണം നടത്തി ഡെയിലി കിട്ടുന്നതിനു പുറമേ രണ്ടടി കൂടുതൽ വാങ്ങിക്കുന്നതെന്തിനാ.  അതിന്നിടയിൽ അടുത്തയാഴ്ച മുതൽ മുണ്ടുടുത്ത് വന്നില്ലെങ്കിൽ നിന്റെ അവസാനമാ ഡേഷ് മോനേ എന്ന് വെള്ളിയാഴ്ച കാദർ എനിക്ക് ലാസ്റ്റ് വാണിങ്ങ് തന്നു.

ശനിയും ഞായറും കുത്തിയും കുത്താതെയും ഇരുന്ന് ആലോചിച്ചപ്പോൾ ചേട്ടന്റെ മുണ്ട് ഉടുത്ത് പോകാമെന്ന് ഒരു ബൾബ് കത്തി.  തിങ്കൾ രാവിലെ ചേട്ടന്റെ ഒരു ഡബിൾ പോളിയെസ്റ്റർ സെക്കന്റ് ഹാന്റ് മുണ്ട് എടുത്ത് ഉയരക്കുറവ് അഡ്ജസ്റ്റ് ചെയ്യാൻ വീതി മടക്കി ഉടുത്ത്, അന്നത്തെ ഫാഷൻ അനുസരിച്ച് മുണ്ടിന്റെ കോന്തല മുട്ടിനു താഴേക്ക് ടൈ പോലെയിട്ട് സ്കൂളിലേക്ക് പോയി. ആദ്യമായി മുണ്ട് ഉടുക്കുന്നതിന്റെ വിഷമം അനുഭവിച്ചാൽ മാത്രമേ അറിയാൻ പറ്റൂ.  ഇടക്കിടക്ക് മാടിക്കെട്ടാൻ തോന്നും, അഴിഞ്ഞു പോയോ എന്ന് തൊട്ട് നോക്കിക്കൊണ്ടിരിക്കും.  അടിയിലൂടെ കാറ്റടിച്ച് കയറുന്നുണ്ടാകും, വലതു കൈയ്യിലാണെങ്കിൽ ഒരു കെട്ട് പുസ്തകമുണ്ട്.  മുണ്ടനായതിന്റെ ചമ്മലുമായി ഞാൻ സ്കൂളിന്റെ ഗേറ്റിലെത്തി.  അപ്പോഴേക്കും ഉള്ളിൽ നിന്നൊരാരവം കേട്ടു.  ഇന്ന് സമരമാണല്ലോ വേഗം വീട്ടിലേക്ക് പോകാമല്ലോ എന്ന് കരുതി ഹാപ്പിയായി.  പക്ഷേ എന്നെ സ്വീകരിക്കാൻ വരുന്ന കാദറിന്റെയും ടീമിന്റെയും ഒച്ചപ്പാടായിരുന്നു അത്.  ആ തെണ്ടികളെല്ലാം എന്നെ ചുറ്റി വളഞ്ഞ് തുള്ളിച്ചാടി “ഹൊയ്.. ഹൊയ്..” എന്ന് ഒച്ചയുണ്ടാക്കി.  ഞാൻ ചമ്മി ശ്വാസകോശമായി നിന്നു.  എന്നെ  ഒരു വട്ടം പ്രദക്ഷിണം വെച്ചതിനു ശേഷം ആഘോഷമായി തന്നെ അവൻ‌മാർ പോയി.  കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിൽ നിൽക്കുമ്പോൾ പുറകിൽ നിന്നും വേറെ ചില പിള്ളേരുടെ കൂവൽ കേട്ടു.  ഇതെന്താ ഇനിയും സ്വീകരണമുണ്ടോ എന്ന് ആലോചിച്ചപ്പോൾ തണുത്ത് കുളിർത്തൊരു കാറ്റ് താഴ്‌വാരത്തെ തഴുകിക്കടന്നു പോയി.  തൊട്ടു നോക്കിയപ്പോൾ മുണ്ട് നഹീ..!!! നഹീ..!!!  പുസ്തകക്കെട്ടും പിടിച്ച് താലമേന്തിയ സാലഭഞ്ജികയെ പോലെ ഞാൻ ഗേറ്റിൽ നിന്നു.

തിരിച്ചു കിട്ടിയ മുണ്ടിനു ബാലൻ കെ.നായർ വന്നു പോയതിനു ശേഷമുള്ള സീമയുടെ സാരിയുടെ ഷേപ്പായിരുന്നു.  വീട്ടിലെത്തി അതിന്റെ കോലം കണ്ടപ്പോൾ ഏട്ടനൊന്നും പറഞ്ഞില്ല.  അക്കാലത്ത് അവൻ അമ്മായി മാഷിന്റടുത്ത് ചെണ്ട പഠിക്കാൻ പോകുന്നുണ്ടായിരുന്നു.  അന്ന് അമ്മിക്കല്ലിനു പകരം എന്നെ കുനിച്ചിരുത്തിയാണ് പ്രാക്റ്റീസ് ചെയ്തത്.  അല്ലാതെ വെറുതെ എന്തെങ്കിലും പറഞ്ഞ് വാക്കുകൾ വേസ്റ്റാക്കുന്ന പരിപാടി ഞങ്ങളുടെ കുടുംബത്തിലില്ല.

അന്നത്തെ നാണക്കേടിന് എങ്ങിനെ പകരം വീട്ടണം എന്നായിരുന്നു പിന്നെ മനസ്സിൽ നിറയെ.  രണ്ടാഴ്ചത്തെ ലീവിനു ഗൾഫിൽ നിന്നും വന്നവന് കല്യാണത്തലേന്ന് തോന്നുന്നത് പോലെ എന്ത് വേണം എങ്ങനെ വേണം എന്നറിയാത്തൊരു ദുരവസ്ഥ.   നേരിട്ട് ഏറ്റുമുട്ടുന്നത് എന്തായാലും ആലോചിക്കയേ വേണ്ട.  ആര്യൻ സിനിമയിലെ മോഹൻ‌ലാലിനെ പോലെ നാടുവിട്ട് ബോംബെയിൽ പോയി വലിയ ഗുണ്ടയായി തിരിച്ചു വന്ന്  കാദറിനെ അടിച്ച് നിരത്തുന്നത് ഞാൻ എല്ലാ ദിവസവും സ്വപ്നത്തിൽ റീപ്ലേ ചെയ്തു കണ്ടു.  ചില വലിയ സംഭവങ്ങൾക്ക് പിറകിൽ കുഞ്ഞി കുഞ്ഞി സ്വപ്നങ്ങളായിരിക്കും എന്ന ചരിത്ര സത്യം എന്റെ കാര്യത്തിൽ സത്യമായി ഭവിച്ചു.

സ്കൂളിന്റെ ഗ്രൌണ്ടിൽ നിന്നും കുറച്ച് താഴത്തോട്ടായി ഒരു വീടുണ്ടായിരുന്നു.  കള്ളുചെത്തുകാരൻ ബാലനും ഭാര്യ അമ്മിണിയുമാണ് ആ വീട്ടിൽ ഇരുമെയ്യും ഒരു ലിവറുമായി കഴിയുന്നത്.  അമ്മിണി അതിസുന്ദരിയാണ്; അത് എല്ലാവരേക്കാളും ഒരു ഇഞ്ച് എങ്കിലും കൂടുതൽ ബാലനായിരിക്കുമല്ലോ അറിയുന്നത്.  അതു കോണ്ട് തന്നെ മൂപ്പർ അൺ‌ലിമിറ്റഡായി ഭാര്യയെ സ്നേഹിക്കുന്നൊരാളാണ്.  ചെത്തു കഴിഞ്ഞു വന്നാൽ പിന്നെ അമ്മിണിയേയും ചെത്തി വീട്ടിൽ തന്നെ ഇരിക്കും; തനിച്ചാക്കി ദൂരെ എവിടെയും പോകില്ല.  ബാലൻ എല്ലാ ദിവസവും ഒരു നാലര കഴിഞ്ഞാൽ അന്തിക്കേറാൻ ഏറ്റുപാട്ടത്തിലേക്ക് പോകും.  പിന്നെ വരുന്നത് ആറര  മണി കഴിഞ്ഞായിരിക്കും.  കണവൻ പോയാൽ അമ്മിണി അടുക്കള ഭാഗത്തുള്ള ഓപ്പൺ എയർ ഓലമറപ്പുരയിൽ കുളിക്കാൻ തുടങ്ങും.  വൈകിട്ട് ഉസ്കൂൾ വിട്ട ശേഷം അബ്ദുൾ കാദർ വീടിന്റടുത്തെ ഒരു മാവിൽ കയറി ഇതു കാണാറുണ്ടെന്ന് ക്ലാസിലെ എന്റെ ക്ലോസ് ഫ്രന്റ് ബിജു സീക്രട്ടായി എന്നോട് പറഞ്ഞു. 

ഒരു വെള്ളിയാഴ്ച വൈകുന്നേരം.  അന്ന് നാലരയ്ക്കാണ് സ്കൂൾ വിടുന്നത്.  ബെല്ലടിച്ചയുടനെ എല്ലാവരും പുറത്തേക്കോടിയപ്പോൾ കാദർ ഗ്രൌണ്ടിലേക്കുള്ള ചെറിയ ഗേറ്റിലൂടെ വെച്ചത് എടുക്കാൻ പോകുന്നത് പോലെ കത്തിച്ചു വിടുന്നത് കണ്ടു.  ഞങ്ങൾ കാദറിന്റെ ബോഡി പ്രൊഫൈലിനെ ഫോളോ ചെയ്തു. കുറച്ച് ദൂരം പോയപ്പോൾ ബാലൻ വരുന്നത് കണ്ടു.  ഞാനും ബിജുവും മുൻ‌പേ എഴുതി വെച്ച ഡയലോഗുകൾ അയാൾ കേൾക്കെ പറഞ്ഞു.  “എടാ കാദർ ഗ്രൌണ്ടിന്റെ അപ്രത്തൊരു വീട്ടിൽ കുളി സീൻ കാ‍ണാൻ പോയിറ്റ്ണ്ട്...” “അതവന്റെ സ്ഥിരം പരിപാടിയല്ലേടാ.. ഭയങ്കര സ്റ്റൈലാന്ന് പോലും.. അതേതോ ഏറ്റുകാരന്റെ വീടാ..” വെള്ളിത്തിരയിലെ സ്ഫടികം ജോർജ്ജിന്റെ വില്ലേജ് രൂപമായ ബാ‍ലൻ അത് കേട്ട് സ്റ്റക്കായി ഞങ്ങളെ തുറിച്ചു നോക്കി.  കരിമരുന്നിനു തിരി കൊളുത്തി ഓടുമ്പോൾ പോലും വെടിക്കെട്ടുകാരൻ തിരിഞ്ഞു നോക്കാറുണ്ട്.  പക്ഷേ ഞങ്ങൾ തിരിഞ്ഞ് നോക്കിയതേയില്ല. 

കുറച്ച് കഴിഞ്ഞ് പിള്ളേരുടെ ഒച്ചപ്പാടും കൂക്കി വിളികളും കേട്ട് നോക്കിയപ്പോൾ ബാലി രാവണനെയും കോണ്ട് പോകുന്നത് പോലെ ബാലൻ കാദറിനെയും തൂക്കി ഹെഡ്മാഷിന്റെ മുറിയിലേക്ക് പോകുന്നത് കണ്ടു.

Sunday, July 24, 2011

മൂന്നാമത്തെ രാത്രി

മംഗലാപുരത്തേക്കുള്ള എക്സ്പ്രസ്സ് ട്രെയിൻ തലശ്ശേരി സ്റ്റേഷനിൽ വന്നു നിന്നു.  കം‌പാർട്ട്‌മെന്റിന്റെ വാതിൽക്കൽ തന്നെ നിന്നിരുന്ന ആനന്ദ് ഷോൾഡർ ബാഗ് നേരെ പിടിച്ചിട്ട് സ്റ്റേഷനിലിറങ്ങി.  അവിടെ ഇറങ്ങാൻ വളരെക്കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളൂ.  ഇറങ്ങിയ ഉടനെ അവരൊക്കെ പുറത്തേക്കുള്ള വാതിൽ ലക്ഷ്യമാക്കി കുതിച്ചു.  ഏതോ ട്രെയിനിനു പോകാനുള്ള ആളുകൾ ബെഞ്ചുകളിൽ ലഗേജുമായി ഇരിക്കുന്നുണ്ട്.  ആനന്ദ് അവരെയൊക്കെ കടന്ന് മുന്നോട്ട് നടന്ന് പ്ലാറ്റ്‌‌ഫോമിലെ അവസാന ബെഞ്ചിലിരുന്ന് ഷൂ അഴിച്ചു കെട്ടി ചാരിയിരുന്നു.  അപ്പോഴേക്കും ട്രെയിൻ കടന്നു പോയി, സ്റ്റേഷൻ നിശബ്ദമായി.  അവൻ വാട്ടർ ബോട്ടിലെടുത്ത് മുഖവും വായും കഴുകി ചീപ്പെടുത്ത് മുടി ചീകി എന്നിട്ട് മൊബൈലിൽ “സെറീനാ ഞാനെത്തി സ്റ്റേഷനിൽ തന്നെ ഇരിക്കുവാ.. ശരി.. എന്നിട്ട് വരാം.. ഓകെ..” എന്ന് പറഞ്ഞു.  കുറച്ച് സമയം കൂടി അവിടെ ഇരുന്നതിനു ശേഷം ഇരുട്ടാകാൻ തുടങ്ങിയപ്പോൾ ബാഗുമെടുത്ത് ട്രെയിൻ പോയതു വഴിയേ പാളത്തിലൂടെ മുന്നോട്ടേക്ക് നടന്നു.

കുറച്ച് ദൂരം കഴിഞ്ഞ് ഒരു പുഴയുടെ മുകളിലെ പാലത്തിലെത്തി.  അതിന്റെ മുകളിൽ നിന്നും അസ്തമയം വളരെ മനോഹരമായിരുന്നു. മൊബൈലിൽ കുറച്ച് ചിത്രങ്ങളെടുത്ത ശേഷം വീണ്ടും നടന്നു. അൽ‌പ്പം കഴിഞ്ഞപ്പോൾ റോഡ് റെയിൽ‌പ്പാളം മുറിച്ചു കടന്നു പോകുന്ന ലെവൽ ക്രോസ്സിലെത്തി.  അവിടെ നിന്നും ഇടത് ഭാഗത്തെ റോഡിലൂടെ നടന്നു.  ഇരു വശത്തും മതിൽക്കെട്ടിനുള്ളിൽ വലിയ വീടുകൾ.  സ്ട്രീറ്റ് ലൈറ്റില്ലാത്തതിനാൽ മങ്ങിയ സന്ധ്യാ വെളിച്ചം സഹായകമായി.  അപ്പോൾ ഇടതുഭാഗത്തെ വീടിന്റെ ഗേറ്റ് തുറന്ന് മധ്യ വയസ്കയായ ഒരു സ്ത്രീ കൈയ്യിലൊരു പാക്കറ്റുമായി ധൃതി പിടിച്ച് നടന്നു വന്നു.  അവൻ പിന്നെയും ഫോണെടുത്ത് സംസാരിച്ചു. “വീട് കണ്ടുഒകെ... ശരി വെക്കട്ടെ

ആ വീടിന്റെ മതിൽ കഴിഞ്ഞപ്പോൾ റോഡിൽ നിന്നും ഇടത്തേക്ക് വേറൊരു ചെറിയ റോഡ് കണ്ടു.  ഇടതും വലതും രണ്ട് വലിയ വീടുകളുടെ ഇടയിലൂടെ പുഴക്കരയിലേക്ക് പോകുന്ന റോഡാണത്.  മുന്നിലും പിറകിലും അശ്രദ്ധമായെന്ന പോലെ സൂക്ഷിച്ചു നോക്കി ആരും കാണുന്നില്ലെന്നു ഉറപ്പ് വരുത്തി അയാളങ്ങേക്ക് തിരിഞ്ഞു.  വലതു ഭാഗത്തെ വീട് വെളിച്ചമൊന്നുമില്ലാതെ നിശ്ശബ്ദം ഇരുട്ടിൽ മുങ്ങിയിരിക്കുന്നു.  ഇടതു ഭാഗത്തെ മതിലിനോട് ചേർന്ന ടെലഫോൺ പോസ്റ്റിലും മതിലിന്റെ വിള്ളലിലും ചവിട്ടിക്കയറി കോം‌പൌണ്ടിലേക്ക് ഇറങ്ങി. പിന്നെ ശബ്ദമുണ്ടാക്കാതെ മരങ്ങളുടെ മറപറ്റി നടന്ന് വീടിന്റെ പിന്നിൽ അടുക്കള ഭാഗത്തിനടുത്തുള്ള മാവിന്റെ ചുവട്ടിലെത്തി.  നൂറ്റാണ്ടോളം പഴക്കമുള്ളൊരു മൂന്നു നില ഓടിട്ട വീടായിരുന്നത്. വലിയൊരു പറമ്പിൽ നിശബ്ദ ഗാംഭീര്യത്തോടെ അത് നിറഞ്ഞു നിന്നു.  അവിടെ ഇരുമ്പ് ഗ്രില്ലിന്റെ വാതിൽക്കൽ വെളുത്ത ചുരിദാറിട്ടൊരു യുവതി പ്രത്യക്ഷപ്പെട്ടു.  അവളെ കണ്ടപ്പോൾ ആനന്ദ് മരത്തിന്റെ മറവിൽ നിന്നും പുറത്തേക്ക് വന്നു.  അവൾ വീട്ടിന്നകത്തേക്ക് പാളി നോക്കി അവനെ കൈ മാടി വേഗം വാ എന്ന് വിളിച്ചു.  അവിടെയെത്തിയപ്പോൾ അവനെ വേഗത്തിൽ കൈ പിടിച്ച് അകത്തേക്ക് കയറ്റി ഗ്രിൽ അടച്ചു പൂട്ടിയ ശേഷം മുറികൾ കടന്ന് കോണിപ്പടിയിലൂടെ മുകളിലേക്ക് കയറി.  മൂന്നാം നിലയിലെ മുറിയിലെത്തി വാതിലടച്ച ശേഷം അതിൽ ചാരി കണ്ണടച്ച് അവൾ ദീർഘശ്വാസം വിട്ടു.  അയാൾ ഒരു നിമിഷം അത് കൌതുകത്തോടെ നോക്കി നിന്നതിനു ശേഷം പതുക്കെ അവളുടെ മുടികൾ പിന്നിലേക്ക് കോതിയൊതുക്കി താടി പിടിച്ച് നെറ്റിയിലൊരു ഉമ്മ കൊടുത്തു.  ഒരു നിമിഷം അതിൽ ലയിച്ചു നിന്ന ശെഷം അകന്നു മാറി.  “ഞാൻ ചായ കൊണ്ട് വരാം അപ്പോഴേക്കും കുളിച്ച് ഫ്രെഷാവൂ.. പുറത്തെ വരാന്തയിൽ കുളിമുറിയുണ്ട്..”  കുളിച്ച് ഫ്രെഷായി വന്നപ്പോൾ അവൾ ചായയും പലഹാരങ്ങളും കൊണ്ട് വെച്ചിരുന്നു. 

“താഴെ ആരൊക്കെയുണ്ട്..?” അയാളത് കഴിച്ചു കൊണ്ട് ചോദിച്ചു.   
“ഇപ്പോ ഗ്രാൻപായും ഗ്രാൻ‌മായുമേയുള്ളൂ.. അവർ ടി.വി.കാണുകയാ ഒരു സെർവന്റ് ഉള്ളത് അൽ‌പ്പം മുൻപേ പോയി.. നാളെ രാവിലെ വരും...”
“ഇതൊരു കൊച്ചു കൊട്ടാരം തന്നെയാണല്ലോ.. എന്തോരം മുറികളുണ്ടാകുമിതിൽ..!“ അവൻ അത്ഭുതത്തോടെ ചോദിച്ചു.
“കൊറേ ഉണ്ട് എല്ലാം അടച്ചിട്ടിരിക്കുവാ ഗ്രാൻ‌പായുടെ ഫാദർ ബ്രിട്ടീഷ് ഗവർൺ‌മെന്റിൽ ഉദ്യോഗസ്ഥനായിരുന്നു. അന്ന് കൺ‌സ്‌ട്രക്റ്റ് ചെയ്തതാ ഇത്..”
അയാൾ ഭക്ഷണം കഴിച്ച് ടവലിൽ കൈ തുടച്ചു.  “ഞാൻ അവരൊക്കെ ഉറങ്ങിയ ശേഷം വരാമേ.. അത് വരെ എന്തെങ്കിലും വായിച്ചിരിക്ക്..”  അതും പറഞ്ഞ് പാത്രങ്ങളെടുച്ച് അവൾ താഴേക്ക് പോയി.  ആനന്ദ് ടീപ്പോയിലിരുന്ന പുസ്തകങ്ങളെടുത്ത് മറിച്ച് നോക്കി ബെഡിലിരുന്നു.  ഇടക്ക്  ഒന്ന് രണ്ട് ഫോൺ വിളിച്ചു. എന്നിട്ടും സമയം പോകാഞ്ഞ് ലാപ് എടുത്ത് നെറ്റ് കണക്ട് ചെയ്തു.

ഒൻപത് മണി കഴിഞ്ഞപ്പോൾ അവൾ ഒരു കാസറോളിൽ ഫ്രൈഡ് റൈസുമായി വന്നു.  കസേരയിലിരുന്ന് അവൾ അത് അവനെക്കൊണ്ട് കഴിപ്പിച്ചു.  ഇടക്ക് അവൻ അവൾക്കും വാരിക്കൊടുത്തു.

“നെറ്റിൽ കാണുന്നതിലും ഒരുപാട് ക്ഷീണിച്ചത് പോലെ...”  ബെഡിൽ കിടന്ന് അവൾ പറഞ്ഞു. 
“അത് ജെനറൽ കം‌പാർട്ട്‌മെന്റിൽ ഗുസ്തി പിടിച്ച് വന്നത് കൊണ്ടാ...“ അവൻ പറഞ്ഞു.
“പെട്ടെന്നാണ് വിസ വന്നത്.. ഞാൻ പ്രതീക്ഷിച്ചതേയില്ല. അവിടെ പപ്പ ജോബ് റെഡിയാക്കിയിട്ടുണ്ട്.“ 
“പോയാൽ പിന്നെ നീയെന്നെ ഓർക്കുമോ..?” അവൻ ചോദിച്ചു.  അത് കേട്ടവൾ പോ.. എന്ന് പരിഭവിച്ച് തിരിഞ്ഞു കിടന്നു.  കുറച്ച് കഴിഞ്ഞപ്പോൽ അവന്റെ അനുനയത്തിൽ കീഴടങ്ങി അവൾ തിരിഞ്ഞു കിടന്നു.  അവൾ ചാറ്റിങ്ങിൽ കാണുന്നതിലും സുന്ദരിയാണെന്നു അവനും തിരിച്ച് അവളും പറഞ്ഞു.  പല വിശേഷങ്ങൾ പറഞ്ഞ് പാതിരാത്രി കഴിഞ്ഞപ്പോഴേക്കും അവൻ യാത്രാക്ഷീണം കാരണം ഉറങ്ങിപ്പോയി.  അവൾ കുറേ സമയം മുഖം നോക്കി ഉറങ്ങാതിരുന്ന് പിന്നെ അവന്റെ മടക്കിയ കൈകൾ തലയിണയാക്കി കണ്ണടച്ചു.

രാവിലെ എഴുന്നേറ്റ് ബാത്ത്‌റൂമിൽ പോയി വന്നപ്പോഴേക്കും ചായയും പലഹാരവും മുറിയിൽ റെഡിയായിരുന്നു.  “കുറച്ച് കഴിഞ്ഞാൽ സെർവന്റ് വരും, പിന്നെ ഞാനിങ്ങോട്ട് വല്ലപ്പോഴുമേ വരൂ.. ഉച്ചക്ക് ചോറ് അവർ കാണാതെ കൊണ്ടു തരാം.. ക്ഷമയോടെ ഇരിക്കണം കേട്ടൊ...” അവൾ കൊഞ്ചലോടെ പറഞ്ഞു.  അവൻ വായിച്ചും ഇരുന്നും നെറ്റിൽ സമയം കളഞ്ഞും കഴിച്ചു കൂട്ടി.  അവൾ ഇടയ്ക്ക് വന്ന് പോയിക്കൊണ്ടിരുന്നു.  രണ്ടു മണിയായപ്പോൾ ഇതേ കൊണ്ടു വരാൻ പറ്റിയുള്ളൂ എന്ന സങ്കടവുമായി അവൾ അൽ‌പ്പം ചോറു കൊണ്ടു വന്നു.  അത് കഴിച്ച് കുറേ നേരം കിടന്നുറങ്ങി.  
അന്നു രാത്രി അവളവനെയും കൂട്ടി ഉറങ്ങിക്കിടക്കുന്ന ഉപ്പൂപ്പയേയും ഉമ്മൂമ്മയേയും പിന്നെ വീട്ടിലെ മുറികളുമൊക്കെ കാണിച്ചു കൊടുത്തു. ആ വീട്ടിലെ ആന്റിക് സാധനങ്ങളിൽ പലതും അവൻ ജീവിതത്തിലാദ്യമായിട്ട് കാണുകയായിരുന്നു.  വീട്ടിൽ വന്ന കൂട്ടുകാരിക്ക് കൌതുക വസ്തുക്കൾ കാണിച്ചു കൊടുക്കുന്ന ഒരു സ്കൂൾ കുട്ടിയെ പോലെ അവളവന്റെ കൈപിടിച്ച് കൊണ്ട് പോയി ഓരോന്നും കാണിച്ചു.  പുറത്തെ വരാന്തയിൽ കസേരയിട്ടിരുന്ന് കുറേ സമയം സംസാരിച്ചു. പിന്നെ പുലരാറായപ്പോൾ മുറിയിൽ പോയിക്കിടന്നു.

അന്നു പകലും തലേന്നത്തതിന്റെ തനിയാവർത്തനമായിരുന്നു.  എങ്കിലും അവനതൊന്നും മടുപ്പിച്ചതേയില്ല.  മരങ്ങൾക്കിടയിലൂടെ ഒളിച്ച് വിഷമിച്ച് ജനലിലൂടെ എത്തുന്ന പുലരികളും ശ്രദ്ധിച്ചാൽ കേൾക്കാവുന്ന പുഴയുടെ ആരവങ്ങളും പാലത്തിന്റെയടുത്തെത്തുമ്പോൾ വേഗത കുറച്ച് ഡ്രംബീറ്റ്സുമായി പോകുന്ന ട്രെയിനിന്റെ ശബ്ദവീചികളും നഗരത്തിരക്കിൽ നിന്നും പാടേ വ്യത്യസ്തമായ അനുഭൂതിയായിരുന്നു.  ഓൺ‌ലൈൻ വഴി ജോലി ചെയ്തും സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തും പുസ്തകം വായിച്ചും വിശക്കുമ്പോൾ പഴങ്ങളെടുത്ത് കഴിച്ചും അജ്ഞാതവാസം ആസ്വദിച്ചു.  അവളെ കാണണമെന്ന് മനസ്സിൽ വിചാരിക്കുമ്പോഴേക്കും കുളിർക്കാറ്റ് പോലെ അവളെത്തുകയും നെറ്റിയിലൊരുമ്മ തന്ന് ഓടിപ്പോവുകയും ചെയ്തിരുന്നു.
 
മൂന്നാമത്തെ ദിവസം രാത്രി ഭക്ഷണം കഴിക്കുന്നതിനു മുൻപായി അവൻ ബാഗിൽ നിന്നൊരു കുപ്പി എടുത്തു. “ഇതൊക്കെ വാങ്ങിയിട്ടാണോ വന്നേ..!“ അതു കണ്ട് പരിഭവിച്ച് അവൾ പറഞ്ഞു.  അവൻ നിശ്ശബ്ദമായൊന്ന് ചിരിച്ച ശേഷം ഡ്രിങ്ക്സ് മിക്സ് ചെയ്ത് കഴിക്കാൻ തുടങ്ങി.  അവൾ കട്ടിലിൽ കിടന്ന് ലാപ് തുറന്ന് മെയിൽ ചെക്ക് ചെയ്തു.  ഭക്ഷണമൊക്കെ കഴിച്ച ശേഷം ഒരു ഗ്ലാസ്സ് അവൾക്കും കൊടുത്തു.   
“അയ്യോ... എനിക്ക് വേണ്ടാ
“വോഡ്കയാ.. ഒന്നും ആവില്ല കഴിക്ക്..” അവൻ നിർബ്ബന്ധിച്ചപ്പോൾ അവൾ മടിയോടെ കഴിച്ച് ഗ്ലാസ്സ് കാലിയാക്കി. 
“പുറത്ത് നല്ല തണുത്ത കാറ്റുണ്ടെന്ന് തോന്നുന്നു..”  
“നമുക്ക് പുഴക്കരയിലേക്ക് പോയാലോ” അവൾ ചോദിച്ചു.

ഒച്ചയുണ്ടാക്കാതെ താഴെ ഇറങ്ങി, ഗ്രിൽ പുറത്തു നിന്നും പൂട്ടി തെങ്ങിൻ തടത്തിലെ വരമ്പിലൂടെ മൊബൈലിന്റെ വെളിച്ചത്തിൽ കൈ കോർത്ത് പിടിച്ച് അവർ പുഴക്കരയിലേക്ക് നടന്നു.  മതിൽക്കെട്ടിന്റെ വശത്തുള്ള പുറത്തേക്ക് തള്ളിയ കൽപ്പടികൾ ചവിട്ടി മുകളിലെത്തി. ആവിടെ രണ്ടടി വീതിയിൽ പുഴയിലേക്ക് നീട്ടി ഇരുമ്പ് കൈവരികൾ കെട്ടിയ ഒരു പ്ലാറ്റ് ഫോം ഉണ്ടായിരുന്നു.  അവിടെ നിന്നും നോക്കിയാൽ കണ്ടൽക്കാടുകൾ അതിരിട്ട് ശാ‍ന്തമായൊഴുകുന്ന പുഴയും അകലെ റെയിൽ‌പ്പാലവും കാണാം.  “ഇവിടെ ഇരുന്ന് ഞങ്ങൾ ചൂണ്ടൽ ഇടാറുണ്ട്” 

“ചൂണ്ടൽ ഉണ്ടെങ്കിൽ ഇടാമായിരുന്നു
“നിന്റെ ചൂണ്ടയിൽ ഞാൻ വീണില്ലേഡാ..”

“അത് ചൂണ്ടയല്ലല്ലോ.. നെറ്റ് അല്ലേ”  ഒരേ താളത്തിലുള്ള പൊട്ടിച്ചിരിയിൽ അവർ ലയിച്ചു. പിന്നെ നേർത്ത നിലാവെളിച്ചത്തിൽ വെളുത്ത് തിളങ്ങിയൊഴുകുന്ന ഓളങ്ങൾ നോക്കി നിന്നു.  അപ്പോൾ മഴയുടെ ആദ്യ തുള്ളികൾ വന്നു പൊതിഞ്ഞു.  “അയ്യോ.. മഴ പെയ്യും.. വാ പോകാം..” അവൾ ധൃതി കൂട്ടി.  അവൻ വേണ്ടെന്ന് വിലക്കി.  നനയുമെന്ന് പറഞ്ഞപ്പോൾ നനയട്ടെ എന്ന് അവൻ.  മഴ പതുക്കെ കനത്തു തുടങ്ങി.  തലയിലെ ഷാളെടുത്ത് അവൾ രണ്ടു പേരെയും അതിനകത്താക്കി. മഴത്തുള്ളികൾ അവളുടെ കൺപോളകളിലൂടെ തഴുകിയപ്പോൾ മുഖം കൊണ്ടവൻ കുടയായി.    കുടുക്കുകൾ അഴിക്കാൻ അവൻ വിഷമിച്ചപ്പോൾ എളുപ്പത്തിൽ അവളത് അഴിച്ചു കാണിച്ചു.  മേഘമാലകൾ അകന്ന് ചന്ദ്രബിംബം പോലെ അവൾ അനാവൃതയായി.  അസക്തിയുടെ അഗ്നിനാളങ്ങൾ തണുപ്പിനെ മറികടന്നു.  തനുവിന്റെ ഓരോ അണുവിലും നീർപ്പളുങ്കുകൾ ചുംബനവർഷം നടത്തി.  പരസ്പരം കെട്ടിപ്പുണർന്നും ചുംബിച്ചും രതിമഴയിൽ ഒന്നായൊഴുകി.  നേർത്തും കരുത്താർജ്ജിച്ചും പിന്നെ വന്യമായും പുഴയിലലിഞ്ഞ് കുത്തിയൊഴുകി ഏറെ സമയത്തിനു ശേഷം ശാന്തമായി.

മുറിയിൽ കട്ടിലിൽ അടുത്ത് കിടന്ന് അനന്തതയിലെങ്ങോ നോക്കി കിടക്കുകയായിരുന്നു അവർ.  പാതിരാത്രിയും കഴിഞ്ഞ് എത്രയോ നേരമായിരുന്നു.  അവളിൽ നിന്നൊരു വിതുമ്പലുയർന്നപ്പോൾ അവളുടെ കണ്ണീർച്ചാലുകൾ മായ്ച്ച് വൃഥായെന്നറിഞ്ഞിട്ടും സോറിയെന്ന് പറഞ്ഞു.  “സാരമില്ല, എനിക്കും ഇഷ്ടമായിരുന്നു... ഒക്കെ അറിഞ്ഞ് തന്നത് തന്ന്യാ..  അത് കൊണ്ടല്ല നിനക്ക് പോകാനായല്ലോ എന്നോർത്തപ്പോ സഹിക്കാനാവുന്നില്ല..” നിറഞ്ഞ് മറിയുന്ന ഗദ്ഗദം അടക്കി അവൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. 
   
“നീ എന്നെ മറക്കുമെന്ന് എന്റെ മനസ്സ് പറയുന്നു ഗൾഫിലെത്തിയാൽ പിന്നെ പുതിയ സാഹചര്യം.. ആളുകൾ.. പപ്പേം മമ്മീം പറയുന്നത് നിനക്ക് കേൾക്കാതിരിക്കാൻ പറ്റില്ല.. ഇത് നമ്മുടെ അവസാന കാഴ്ചയാവുമെന്ന് എന്തോ എന്റെ ഉള്ളിലാരോ പറയുന്നു..”  പിന്നെ പറയാൻ അനുവദിക്കാതെ അവൾ അവന്റെ വായ പൊത്തി. 
 
“ഞാൻ അവിടെ എത്തി ജോയിൻ ചെയ്തയുടനെ നിനക്ക് വിസിറ്റിംഗ് എടുത്ത് തരാം..  നിനക്കവിടെ നല്ല പോസ്റ്റെന്തേലും കിട്ടും..  എന്നിട്ട് പപ്പേം മമ്മീം കണ്ട് കാര്യം പറഞ്ഞാൽ മതി.  അവർ സമ്മതിക്കാതിരിക്കാൻ വഴിയില്ല, ഇല്ലെങ്കിലും നമുക്ക് അവിടെ ജീവിക്കാം.  വേണ്ട എമൌണ്ട് ഞാൻ നിന്റെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്” അവൾ പറഞ്ഞു. 
 
ഒന്നും പറയാതെയും ഒരുപാട് പറഞ്ഞും അവരാ രാത്രി ഒട്ടുമുറങ്ങാതെ തീർത്തു.  അഞ്ചു മണിയായപ്പോൾ അവൻ യാത്രക്ക് റെഡിയായി.  “ടിക്കറ്റ് കൺ‌ഫേമായിട്ടുണ്ട്.. സ്റ്റേഷനിലെത്തിയാൽ വിളിക്കണെ... പോകുമ്പോ ശ്രദ്ധിക്കണം..” ബാഗ് എടുത്ത് മുറിയിൽ നിന്നിറങ്ങുമ്പോൾ അവൾ പറഞ്ഞു.  പിരിയാൻ ഒട്ടും മനസ്സില്ലാതെ കഠിനമായി വിഷമിച്ചു കൊണ്ട് അവർ രണ്ടും താഴേക്കിറങ്ങി.  “നീ പറയുന്നതൊന്നും നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല,  ചെയ്യാൻ പറ്റുമെന്ന തോന്നൽ മാത്രമാണ്... അവർ നിന്റെ പാസ്സ്‌പോർട്ട് എടുത്ത് വെച്ചാൽ നീയെന്താ ചെയ്യുക.. ഇത് നമ്മുടെ അവസാന കാഴ്ചയാവാം.....” അടഞ്ഞ ഗ്രില്ലിൽ വെച്ച അവളുടെ തണുത്ത കൈത്തലത്തിൽ തൊട്ട് അവൻ പിൻ‌തിരിഞ്ഞു.   അവൾ നടുങ്ങി ഞെട്ടി നിഷേധാർത്ഥത്തിൽ തലയാട്ടി എന്നിട്ട് വായ് പൊത്തിപ്പിടിച്ചു കൊണ്ട് അകത്തേക്ക് ഓടി. 

തിരിച്ചു പോകുമ്പോൾ വരുമ്പോഴത്തെ ശ്രദ്ധയൊന്നും ഉണ്ടായിരുന്നില്ല.  ആരെങ്കിലും കണ്ടോട്ടെ  എന്ത് വേണമെങ്കിലുമാവട്ടെ ഒക്കെ നശിച്ചു പോട്ടെ എന്നൊക്കെ കരുതി കുറച്ച് സമയം വെറുതെ പാളത്തിൽ കിടന്നു.  പിന്നെ എഴുന്നേറ്റ് സ്റ്റേഷനിലേക്ക് നടന്നു.  പാലത്തിനു മുകളിലെത്തിയപ്പോൾ പുഴയിലേക്ക് ചാടിയാലോ എന്ന് കരുതി കുറേ ആലോചിച്ചു നിന്നു.  പിന്നെ ബാഗിൽ നിന്നും കുപ്പിയെടുത്ത് രണ്ട് കവിൾ വിഴുങ്ങിയ ശേഷം അത് പുഴയിലേക്ക് വലിച്ചെറിഞ്ഞു ആടിയാടി സ്റ്റേഷനിലേക്ക് നടന്നു. 
 
പ്ലാറ്റ്‌ഫോമിലെ ബെഞ്ചിലിരുന്ന് മുഖം കൈയിൽ താങ്ങി അവൻ പൊട്ടിക്കരഞ്ഞു. സങ്കടം കൊണ്ട് ഭ്രാന്ത്  പിടിച്ച അവസ്ഥയിലെത്തിയിരുന്നു. ദൂരെ ട്രെയിനിന്റെ ചൂളം വിളി കേട്ടു. പെട്ടെന്ന് പിന്നിൽ നിന്നും ഒരു തണുത്ത കൈ വന്നു ചുമലിൽ തൊട്ടു.  ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോൾ നിറമിഴികളുമായി ചുണ്ടു കടിച്ചമർത്തി അവൾ നിൽക്കുന്നു...

ട്രെയിൻ വരാനായി അവർ കാത്തിരുന്നു.

Thursday, July 14, 2011

കൊച്ചി മീറ്റിലെ കൊടും ചീറ്റ്


ഇത്തവണത്തെ ബ്ലോഗ് മീറ്റിന് പോയതിന്റെ പിറകിൽ ബ്ലോഗ് സുഹൃത്തുക്കളെ കാണുക എന്നത് കൂടാതെ വേറൊരു ഹിഡൻ അജണ്ട കൂടിയുണ്ടായിരുന്നു. 
 
എന്റൊരു കടുത്ത ആരാധികയും റെഗുലർ കമന്റടിക്കാരിയുമായ ത്രിപുര സുന്ദരിയുമായി (പേര് അതല്ലേയല്ല..) അവിടെ മീറ്റാമെന്നായിരുന്നു തീരുമാനം.  ടി സുന്ദരിയുമായി അൽ‌പ്പകാലത്തെ പരിചയമേ ഉള്ളൂ എന്നാലും അതിന്നിടയിൽ തന്നെ കോടാനു കോടി സെക്കന്റുകളും ആയിരക്കണക്കിനു വാക്കുകളും ചാറ്റിക്കഴിഞ്ഞിരുന്നു.  എല്ലാ പോസ്റ്റുകളും അവൾ വായിച്ചതിനു ശേഷം മാത്രേ ബ്ലോഗിലിടുകയുള്ളൂ, അവൾ പറഞ്ഞ കഥകളേ എഴുതാറുള്ളൂ, അവൾ വേണ്ടെന്ന് പറഞ്ഞവരുടെ ബ്ലോഗുകൾ നോക്കലു പോലുമില്ല.  അത്രയ്ക്ക് ഇന്റിമസി.  ഗൂഗിൾ കമ്പനിക്കാർ ബ്ലോഗ് തുടങ്ങിയതും കെവിനും സിജിയും അഞ്ജലി ഫോണ്ട് കണ്ടു പിടിച്ചതും വിശാല മനസ്കൻ കൊടകരപുരാണം എഴുതിയതും മാതൃഭൂമി വാരിക അത് ലോകം മുഴുവൻ അറിയിച്ചതും ഞങ്ങൾക്ക് കാണാൻ വേണ്ടി മാത്രമായിരുന്നു.  ഒരു പാട് ചാറ്റിയിട്ടും ഒരു വാക്ക് മിണ്ടി മൊബൈൽ കമ്പനിക്കാരെ നന്നാക്കാതിരിക്കാൻ കാരണം മിണ്ടൽ കണ്ടതിനു ശേഷം മതിയെന്ന ഇണ്ടൽ കൊണ്ട് മാത്രായിരുന്നു.  അല്ലെങ്കിലും ക്ഷണഭംഗുര പരാഗങ്ങളായ ശരീരങ്ങൾ തമ്മിൽ കണ്ടിട്ടെന്ത് കാര്യം? മനസ്സുകളല്ലേ വലുത്. 

അങ്ങനെയുള്ള വലിയ ചിന്തകളും ചെറിയ നിഗൂഢതകളും മനസ്സിൽ വെച്ച് ഒൻ‌പതാം തീയ്യതി ഒൻപത് മണിക്ക് തന്നെ കച്ചേരിപ്പടിയിലെ മയൂര പാർക്കിന്റെ മുന്നിലെത്തി.  എന്റെ റെഡ് ഷർട്ട് കണ്ട് ചുമട്ടുകാരനാണെന്ന് തെറ്റിദ്ധരിച്ച് മനോരാജ് ഈയ്യെഴുത്തിന്റെയും കാവാരേഖയുടേയും പുസ്തകക്കെട്ടുകൾ എടുത്ത് മുകളിലേക്ക് കൊണ്ട് പോകാൻ പറഞ്ഞു.  ബ്ലോഗേഴ്സിനെ ബഹുമാനിക്കാനറിയാത്ത പുവർ പുസ്തക മൊതലാളി..!   ചുവപ്പ് ഷർട്ടിന് ചില സമയത്ത് ദോഷമാണെന്ന് എല്ലാരും മനസ്സിലാക്കിക്കോ.  ഹാളിലെത്തി ഇരുന്നൂറ്‌ രൂപ തലവരിപ്പണം അടച്ചതിനു ശേഷം ചാറ്റ് സുന്ദരിയെ കൈയ്യോടെ പരിചയപ്പെടാനായി ലിഫ്റ്റ് പടിയിൽ കാത്ത് നിന്നു.  ബാക്ക് ഗ്രൌണ്ടായി “ബ്ലോഗിൽ നിന്നും ബ്ലോഗിൽ വന്ന പൈങ്കിളിയല്ലേ.” എന്ന പാട്ടുമുണ്ടായിരുന്നു.  എന്റെ മനസ്സിലെ ദുരുദ്ദേശ്യം അറിയാത്ത, തെണ്ടിത്തരങ്ങളിൽ നിന്നും അപ്‌ഗ്രേഡായി കുണ്ടാമണ്ടികളിലെത്തിയ ചാണ്ടിച്ചനും എന്റെ കൂടെ ഉണ്ടായിരുന്നു. 

ഏതൊരു സംരംഭത്തിനും നല്ലൊരു ഐശ്വര്യമായ തുടക്കം വേണമല്ലോ.  ആദ്യമായി ഞങ്ങളുടെ ഇരയായത് സിയ ഷമീനായിരുന്നു.  ഈ മീറ്റ് സാർഥകമായി അച്ചായാ എന്ന് പറഞ്ഞ് പരിചയപ്പെടാൻ ഒരു ഫൂട്ട് വർക്ക് മുന്നോട്ടാഞ്ഞ ഞാൻ രണ്ട് ഫൂട്ട് റിവേഴ്സിട്ടു.  ബ്ലോഗേഴ്സിനെ വിശ്വാസമില്ലാഞ്ഞോ എന്തോ അമേരിക്കയിൽ നിന്നൊരു ഗഡാഗഡിയൻ ബോഡി ഗാർ‌ഡുമായാണ് കക്ഷി വന്നത്.  പിന്നെ അവരോട് അധികം മിണ്ടാനൊന്നും ഞാൻ നിന്നില്ലപ്പാ.  സൂക്ഷിച്ചാൽ നമ്മക്ക് തന്നെ നല്ലത്.  കൊച്ചി വരെ പോണതെന്തിനാ നല്ല അടി കണ്ണൂരിൽ കിട്ടും.   

പിന്നെ ഭൂലോകത്ത് നിന്നും ബൂലോകത്തിലേക്ക് കയറി വന്നത് ഒരു പട്ടാളക്കാരനായിരുന്നു.  മെലിഞ്ഞ് ഉയരം കുറഞ്ഞ്, നിഷ്കളങ്കമായ ചിരിയുമായൊരു വിനയനാഥൻ.  ഇത്രയും പാവമായൊരു മനുഷ്യനെങ്ങനെയാണാവോ പട്ടാളക്കാരനായത് !  പാക്കിസ്ഥാന്റെയോ ചൈനയുടേയോ തുരപ്പന്മാർ അതിർത്തിയിൽ നിന്ന് ഞങ്ങളങ്ങ് വന്നോട്ടേന്ന് ചോദിച്ചാ ഈ പാവം കേറിപ്പോയ്‌ക്കോടാ എന്ന് ഉറപ്പായും പറയും.  ഇദ്ദേഹത്തെയൊക്കെ വിശ്വസിച്ച് സമാധാനമായി കിടന്നുറങ്ങുന്ന നമ്മളെയൊക്കെ സമ്മതിക്കണം.
പിറകെ തന്നെ നിഷ്കളങ്കമായ ചിരിയുമായി കാർന്നോർ, വില്ലേജ്‌മാൻ, സജ്ജീവേട്ടൻ, കായംകുളം സൂപ്പർഫാസ്റ്റ്, പൊൻ‌മളക്കാരൻ, ജിക്കു, വർഗീസ്, സജിം തട്ടത്തുമല, വണ്ടിപ്രാന്തൻ രാകേഷ് (കണ്ടാലും തോന്നും..), സംഷി, യൂസുഫ്‌പ, മത്താപ്പ് (പേരു നിലച്ചക്രം എന്നാക്കേണ്ടിയിരിക്കുന്നു, ചെക്കൻ കറങ്ങിക്കറങ്ങിയാ പോകുന്നേ, സദാ സമയോം.), മോരിലെ പുളി പോലെ എല്ലാ മീറ്റിനുമെത്തുന്ന കോട്ടോട്ടി, കമ്പർ, പകൽക്കിനാവൻ, പുണ്യാളൻ, മണികണ്ഠൻ, മുനീർ, മഹേഷ് വിജയൻ, ഷെരീഫ് കൊട്ടാരക്കര, അഞ്ജു നായർ, ശാലിനി, വീണ, കുസുമം (കുറച്ച് പേരുകൾ മലന്നു പോയി) അങ്ങനെ പരിചയമുള്ളവരും അല്ലാത്തവരുമായ ബ്ലോഗേഴ്സിനെ ഇന്റർവ്യൂ ചെയ്ത് ഹാളിലേക്ക് കടത്തി വിട്ടു.  എന്നിട്ടും സ്വർഗത്തിലെ പൂങ്കാവനമായ ത്രീവേൾഡ് സുന്ദരിയെ മാത്രം കണ്ടില്ല.  ടൈം ഉണ്ടല്ലോ വരുമായിരിക്കുമെന്ന് കരുതി ആശ്വസിച്ചിരുന്നു.
അപ്പോഴേക്കും മീറ്റ് പരിപാടികൾ തുടങ്ങാൻ സമയമായിരുന്നു.  സംഘാടക സമിതിക്ക് വേണ്ടി ജയൻ ഡോൿടർ എല്ലാവരെയും സ്വാഗതം ചെയ്തു.  (മാർക്സിസ്റ്റ് പാർട്ടി സമരം നടത്തുന്നത് പോലെ മാസത്തിലൊരു മീറ്റെങ്കിലും നടത്തിയില്ലെങ്കിൽ മൂപ്പർക്ക് മനസ്സിനൊരു സുഖമുണ്ടാവില്ല.)  അദ്ദേഹം തുടക്കമിട്ടതിനു ശേഷം റിലെ ബാറ്റൺ  പരിപാടിയുടെ ആങ്കറിനു കൈമാറുന്നെന്ന് പറഞ്ഞു.  ഇത്തവണത്തെ മീറ്റ് വലിയ സസ്‌പെൻസാണ് ആങ്കർ ഉണ്ടെന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ രഞ്ജിനി ഹരിദാസിനെയാ എക്സ്‌പെക്റ്റ് ചെയ്തത്.  വന്നത് കൊല്ലങ്ങളായി ചീർപ്പ് കണ്ടിട്ടില്ലാത്ത മുടിയും വൈക്കോൽ തുറുപോലത്തെ ഷർട്ടുമിട്ട് വന്ന സെന്തിൽ എന്ന പയ്യൻസ്.  എന്നെ ബോണി വെച്ചത് കൊണ്ടാവണം അവനു പിന്നെ വൈകുന്നേരം വരെ വായടക്കാൻ പറ്റിയില്ല.
തുടർന്ന് മീറ്റ് സംഘാടകരിലൊരാളായ ജൊഹർ ആണ് മൈക്കെടുത്തത്.   അനോണി ബ്ലോഗുകൾ തെറ്റാണ് നിയമവിരുദ്ധമാണ് ഒരിക്കലും പ്രോത്സാഹിപ്പിക്കരുത് എന്ന് ആധികാരികമായി കക്ഷി പറഞ്ഞു. വെരി ഗുഡ്.  അത് പിന്നെ, അമേരിക്കക്കാണല്ലോ അധിനിവേശത്തിനെപ്പറ്റി പറയാൻ അർഹത..!  ബ്ലോഗിനെ നശിപ്പിച്ചത് ഗൂഗിൾ ബസ്സ് ആണെന്നും ആ ബസ്സ് അള്ളു വെച്ച് കട്ടപ്പുറത്താക്കണമെന്നുമുള്ള ജോയുടെ ആഹ്വാനം വീയെസ്സിന്റെ പ്രസംഗം പോലെ കൈയ്യടി വാങ്ങി.  ഇതിനിടയിൽ അങ്ങേര്‍ ഹൃദയ ഭേദകമായ  ഒരു സത്യം കൂടി വെളിപ്പെടുത്തി.  ബ്ലോഗിനെ വിട്ടു ഫുൾ ടൈം ബസ്സോടിച്ച് നടക്കുന്നവർക്കിട്ട് താങ്ങാൻ കക്ഷി ഒരു ബസ്സനോണി പെണ്ണിനെ സൃഷ്ടിചിട്ടുണ്ടത്രേ ! (സൂക്ഷിച്ചോ ബസ്സർമാരേ..)  പിന്നെ സംസാരിച്ച നന്ദപർവ്വതം, മീറ്റിനു വന്നവരെല്ലാം ഇനിമുതൽ പോസ്റ്റുകളിടാതെ മടി പിടിച്ചിരിക്കരുതെന്നും സജീവ് കുമാറായി ഇടപെടണമെന്നും തന്റെ പ്രസംഗത്തിൽ എല്ലാവരെയും ഉത്‌ബോധിപ്പിച്ചു.  (ആറു മാസമായി ഒരു പോസ്റ്റും ഇടാത്തയാളാണ് ഈ ചങ്ങായി..!)
മീറ്റിന്റെ പടം പിടിക്കാനുള്ള ആഗോള ടെൻ‌ഡർ എടുത്തത് പകൽക്കിനാവൻ ആയിരുന്നു.  പുള്ളിയുടെ കൂടെ കറുത്ത ടി.ഷർട്ടും കണ്ണടയുമിട്ട ഫസ്റ്റ് സൈറ്റ് വില്ലൻ ലുക്കുള്ളൊരാളെ കണ്ടു.  പേരു ചോദിച്ചപ്പോൾ വിഷന് മാച്ചാവുന്ന സൌണ്ട് സിസ്റ്റത്തിൽ കക്ഷി പറഞ്ഞു. ഞാൻ പുണ്യാളൻ..!  അനേകമനേകം കമ്പ്യൂട്ടറുകളുടെ ഡെസ്ൿടോപ്പ് സുന്ദരമാക്കുന്നത് ഇദ്ദേഹമെടുത്ത മഹോഹര ചിത്രങ്ങൾ കൊണ്ടാണ്.  വില്ലൻ ലുക്കിന്റെ അഹങ്കാരം പെരുമാറ്റത്തിലോ പ്രവൃത്തിയിലോ പൊടിപോലുമില്ല.  ഈ രണ്ട് ‘പട’ക്കുറുപ്പൻ‌മാരെ പരിചയപ്പെട്ടത് കൊണ്ട് മാത്രം ഈ മീറ്റ് വെയിസ്റ്റായില്ല.   

മുൻ‌തീരുമാനമുണ്ടായിരുന്നോ അതോ യാദൃശ്ചികമാണോ എന്നറിയില്ല മിക്ക വനിതാ ബ്ലോഗേഴ്സും വൈറ്റ് ആന്റ് വൈറ്റ് യൂനിഫോമിലായിരുന്നു.  ഈ മാലാഖക്കൂട്ടത്തിലേതാ ഞാൻ കാത്തിരിക്കുന്നയാൾ എന്ന് ഒരു തിരിപാടും കിട്ടിയില്ല.  അവൾ വന്നിട്ട് വേണം മീറ്റിൽ നിന്നും മുങ്ങി ബോൾഗാട്ടിയിലും ബോട്ട് ജെട്ടിയിലും  മറൈൻ ഡ്രൈവിലും പോയി തമിഴത്തിമാരെയും കൂട്ടി ഡാൻ‌സ് കളിക്കാൻ.  ഇനി അഥവാ നാണം കൊണ്ടായിരിക്കുമോ ഇങ്ങോട്ട് വന്ന് പരിചയപ്പെടാത്തത് ?  എന്നാൽ ഓരോരുത്തരെയായി ഇന്റർവ്യൂ ചെയ്തു കണ്ടു പിടിക്കാമെന്നു കരുതി കൂട്ടത്തിൽ നിന്നും മാറി നിൽക്കുന്ന ഒരു ഗുണ്ടുമണിയെ പരിചയപ്പെട്ടു.  പേരു മഞ്ഞുതുള്ളി എന്നാണു പോലും.  മഞ്ഞുതുള്ളിയൊന്നുമല്ല; ടൈറ്റാനിക്ക് കപ്പൽ തകർത്ത മഞ്ഞുമല എന്നേ കണ്ടാൽ തോന്നൂ.  ബ്ലോഗിലെങ്കിലും അവനോന് ചേരുന്ന പേരിടാൻ മേലാൽ എല്ലാരും നോക്കണേ.

വേറൊരു ബ്ലോഗിണി തനിച്ചൊരു മൂലയ്ക്ക് പോയി ഫോണിൽ “മയൂരാ പാർക്കിലെ റൂഫ് ടോപ്പ് ഗാർഡനിൽ നിന്നും ക്യാമറാമാനില്ലാതെ അഞ്ജു നായർ...” എന്ന് പറയുന്നത് കേട്ടു.  പാവം..! റിപ്പോർട്ടറിന്റെ റിപ്പോർട്ടറാ. ക്യാമറാമാൻ വെള്ളമടിച്ചു വീലായിക്കിടന്നിരിക്കും.  അപ്പോൾ ഒരു സ്കൂൾ കുട്ടി, ആരെയും ശ്രദ്ധിക്കാണ്ട് കൈയ്യിലെ ഉത്തരക്കടലാസ്സും പിടിച്ച് മാർക്ക് കൂട്ടുന്നത് കണ്ടു.  ബ്ലോഗ് തുടങ്ങാൻ പ്രായപൂർത്തിയൊന്നും ആകണ്ടല്ലോ, എന്നാലും ബ്ലോഗ് മീറ്റിനു വരാൻ തോന്നിയതിനെയും അതിന്റെ ഇടയിൽ സ്കൂളിലെ ഉത്തരക്കടലാസ്സ് നോക്കുന്നതിനും കൺ‌ഗ്രാറ്റ്സ് പറയണ്ടത് തന്നെ.  പോയി പേരെന്താന്ന് ചോദിച്ചു.
“സോണിയ എലിസബത്ത് പടമാടൻ..” 
“മോൾ‌‌ടെ പേരു മാത്രം പറഞ്ഞാമതി” 

“എന്റെ തന്നെയാ പറഞ്ഞേ” പൂത്താങ്കീരി കെറുവിച്ചു.  അത് ചെറിയ കുട്ടിയൊന്നുമല്ല; വെല്യ പേരുള്ള സോഫ്‌റ്റ് വെയർ എഞ്ചിനീയറാണെന്ന് പിന്നെയാണറിഞ്ഞത്.  അധിക സമയം നിന്നാൽ ചിലപ്പോ അവളും ഗൂഗിൾ ബസ്സിലെ ഫാൻസും ചേർന്ന് എന്നെ പടമാക്കിയേക്കും. തേടി വന്ത കക്ഷി ഇവരൊന്നുമല്ലെന്ന് പിടികിട്ടിയത് കൊണ്ട് പെട്ടെന്ന് അവിടെ നിന്നും മുങ്ങി. 

അതിന്നിടയിൽ 'കുമാരസംഭവങ്ങൾ' വാങ്ങാൻ ഒരാൾ തയ്യാറായെന്ന ഞെട്ടിപ്പിക്കുന്ന വാർത്ത മനോരാജ് വന്നു പറഞ്ഞു.  തിരിച്ചു പോകാനുള്ള വണ്ടിക്കാശ് ഒത്തെന്നുള്ള സന്തോഷം കൊണ്ടെന്റെ കണ്ണും മൂക്കും വായും വയറും നിറഞ്ഞു. കക്ഷിക്കു വീണ്ടുവിചാരമുണ്ടാകുന്നതിനു മുൻപ് പിടിച്ചു നിർത്തി പുസ്തകം ഒപ്പിട്ട് കൊടുത്തതിനു ശേഷം മാത്രേ വിട്ടുള്ളൂ.  അന്ന് പിരിഞ്ഞതിനു ശേഷം ഒരു ബ്ലൊഗിലും പുള്ളിയുടെ കമന്റൊന്നും കണ്ടില്ല. ആ ചങ്ങായീന്റെ അവസ്ഥ എന്തായോ എന്തോ!!
ഉച്ച ഭക്ഷണത്തിനു ശേഷം മീറ്റിന്റെ അവശേഷിച്ച ഔപചാരികത പോലും തീർന്നിരുന്നു.  എല്ലാവരും അവിടെയുമിവിടെയും നിന്നുമിരുന്നും മതിയാവാതെ സംസാരിക്കുകയായിരുന്നു.  പെട്ടെന്ന് മൈക്കിലുടെ കാട്ടാക്കടയുടെ ബാഗ്‌ദാദ് ആരോ ചൊല്ലുന്നത് കേട്ടു.  എല്ലാവിടെയും തിരിഞ്ഞ് ഒന്നും രണ്ടും മൂന്നും നോക്കിയിട്ടും ആരെയും കാണുന്നില്ല.  അന്വേഷിച്ച് നടന്നപ്പോൾ ബാത്ത്‌റൂമിൽ നിന്നായിരുന്നു അതിന്റെ ഉറവിടം.  പേരിന്റെ കൂടെ വാങ്ങിയ പറമ്പും കൊണ്ടു നടക്കുന്ന ഒരു സുന്ദരൻ സഭാകമ്പനം കൊണ്ടാവണം ബാത്ത്‌റൂമിൽ പോയി നിന്ന് മനോഹരമായി കവിത ചൊല്ലുകയാണ്.  കോഡ്‌ലെസ്സ് മൈക്ക് കൊണ്ട് പല ഗുണങ്ങളുമുണ്ട്.  ആരും കാണാതെ എവിടെയെങ്കിലും പോയി അവനവന്റെ സൌകര്യത്തിന് ധൈര്യമായി പാട്ടു പാടാം, കൂവലും ചെരിപ്പേറും ചീത്തവിളിയുമൊന്നും കിട്ടുകയുമില്ല.  ബാത്ത്‌റൂം സിംഗർ എന്ന് പറഞ്ഞാൽ ഇനി തമാശക്കാര്യമല്ല.

നാലു മണിയായി.  മീറ്റിനു വന്ന പെണ്ണുങ്ങളിലൊന്നും സുന്ദരിയെ കണ്ടില്ല.  അവളെ കണ്ടില്ലായിരുന്നെങ്കിൽ വന്നില്ലെന്ന് കരുതി സമാധാനിക്കാം അത്രയേ ഉണ്ടായിരുന്നുള്ളൂ.  പക്ഷേ, നിരാശാഭരിതനായി ഹാളിൽ നിന്നും ഇറങ്ങുമ്പോൾ ഒരു കശ്മലൻ വന്നു സ്വകാര്യം പറഞ്ഞു.

“കുരാമാ.. നിനക്ക് ഫീലിങ്ങ്‌സാവില്ലെങ്കിൽ ഒരു കാര്യം പറയാം
“പറഞ്ഞോ.. എന്നെയങ്ങനെ ആർക്കും ഫീലിങ്ങ്സാക്കാൻ പറ്റില്ല
“എന്നാലും ഞാൻ പറയുന്നത് കേട്ട് നീ ഇനി മീറ്റിനൊന്നും വരാതിരിക്കരുത്”. 
“എന്റെ പോസ്റ്റിനെപ്പറ്റി ആരെങ്കിലും മോശം പറഞ്ഞിരിക്കുമല്ലേ.. അതൊന്നും എനിക്ക് പ്രശ്നമല്ല.. ഒന്നുമില്ലേലും ഞാനൊരു സംഭവമല്ലേ.. നീ പറ..“
“എന്നാലും
“എടാ.. ഇം‌ഗ്ലീഷ് ചാനൽ നീന്തിക്കടന്നവൻ വെള്ളരിക്കുണ്ട് കണ്ടാൽ പേടിക്കുമോ..? നീ ധൈര്യായിറ്റ് പറ
“കുമാരാ.. നിന്റെ ത്രിപുര സുന്ദരിയില്ലേ... അവൾ ഞാനായിരുന്നു…!!!” 


ഗൂഗിളാണെ, ബ്ലോഗാണെ, ബസ്സാണെ, പ്ലസ്സാണെ സത്യം... ഇതിനു മറുപടി സെപ്തംബർ 11 ന് കണ്ണൂർ മീറ്റിലെ സുന്ദരിമാരുടെ മുൻപിൽ വെച്ച് നിനക്ക് തരുമെടാ കാലമാടാ...!

Sunday, July 3, 2011

സൌദിയിൽ കിടന്ന പാമ്പ്

കുറ്റേരിപ്പൊയിൽ ദാമുമേനോൻ എന്ന അന്തസ്സും അഭിമാനവും തറവാടിത്തവുമുള്ള നല്ല മനുഷ്യന്റെ പേരു കളയാനായി മാത്രമാണ് ദിൻഹർലാൽ എന്ന ഡൂഡു പത്താം ക്ലാസ്സ് കഴിഞ്ഞ വെക്കേഷനിൽ നാട്ടിലെത്തിയത്. കുറേ തെങ്ങിൻ പറമ്പും വയലുമൊക്കെയുള്ള ഒരു ജന്മിയാണ് ദാമു മേനോൻ.  ഒരു ഭാര്യയും, പത്തും പതിനാലും വയസ്സുള്ള മകളും മകനും, നിൽക്കുമ്പോൾ കുണുങ്ങുകയും നടക്കുമ്പോൾ തുളുമ്പുകയും ചെയ്യുന്ന ഒരു വേലക്കാരിയുമാണ് വീട്ടിലെ അന്തേവാസികൾ. ദാമുമേനോന്റെ നേർ പെങ്ങൾ, സൌദിയിൽ ഭർത്താവുമൊത്ത് സീരിയൽ കണ്ടും റിയാലിറ്റി ഷോകൾക്ക് എസ്.എം.എസ്. അയച്ചും കഴിയുന്ന ലീനയുടെ മകനാണ് ഡൂഡു. അതായത് മാമൻ-മരുമകൻ അല്ലെങ്കിൽ പുരാണത്തിലെ കംസൻ‌-കണ്ണൻ റിലേഷൻഷിപ്പ്. ഓർക്കുട്ടിലും ഓണത്തിനും ഓർക്കാ നെങ്കിലും നാടിനെ പറ്റി നല്ല നാലനുഭവം ഉണ്ടായിക്കോട്ടെ എന്ന് കരുതി “വെക്കേഷന് മോൻ നാട്ടിൽ നിന്നോട്ടേ ഏട്ടാ..” എന്ന് ലീന ചോദിച്ചപ്പോൾ മേനോന് അതിൽ പ്രശ്നമൊന്നും തോന്നിയില്ല. പക്ഷേ മൂലക്കിരുന്ന മഴു ആണ് താനെടുത്ത് കാലിലിട്ടതെന്ന് മൂപ്പർക്ക് അവൻ നാട്ടിലെത്തിയ ഉടനെ മനസ്സിലായി.

മൊബൈൽ ഫോണും, ഡിവിഡിയും പറഞ്ഞയുടനെ അയച്ചു തന്ന, ഓരോ വരവിനും കുപ്പി തരുന്ന അളിയനോട് പെങ്ങളേക്കാൾ അടുപ്പം മേനോനുണ്ട്. വിദേശത്ത് താമസിച്ച് വളരുന്ന കുട്ടികൾ നാടിനെ മറന്ന് പോകുമല്ലോ. രക്തബന്ധവും ഓർമ്മകളും നിലനിർത്തണമെങ്കിൽ ഇടക്കിടക്ക് സ്വന്തം നാട്ടിൽ വന്ന് താമസിക്കണം. അതൊന്നുമില്ലെങ്കിൽ കൂടപ്പിറപ്പുകളുടെ മക്കൾ തമ്മിൽ നാളെ അറിയാത്തൊരു അവസ്ഥ ഉണ്ടായേക്കും. അങ്ങനത്തെ വിശാലമായ തോന്നലുകളുള്ള മനുഷ്യനായത് കൊണ്ടു കൂടിയാണ് ഡൂഡുവിന്റെ വരവിന് ദാമുമേനോൻ പച്ചക്കൊടി വീശിയത്.

പ്രായം കൊണ്ടും കർമ്മം കൊണ്ടും രേഖകൾ അനുസരിച്ചും ഡൂഡു പത്തിലാണ് പഠിക്കുന്നത്. പക്ഷെ, കണ്ടാൽ ഡിഗ്രിക്കാണെന്നേ പറയൂ. കോം‌പ്ലാനും ബോൺ‌വിറ്റയും ചേർന്നുണ്ടായൊരു ഹോർലിക്സ് ബോയ്. രൂപത്തിലുള്ള വളർച്ചയൊന്നും സ്വഭാവത്തിലില്ല. അതു കൊണ്ട് നാട്ടുകാർക്ക് പറഞ്ഞ് ചിരിക്കാനുള്ള കലാപരിപാടികൾ ചുരുങ്ങിയ കാലയളവിനുള്ളിൽ അവനുണ്ടാക്കി.

എയർപോർട്ടിൽ നിന്നുമെത്തിയ ഉടനെ ഡൂഡുവിന് ടോയ്‌ലറ്റിൽ പോകാനുള്ള ടെൻ‌ഡൻസിയുണ്ടായി. പക്ഷേ മേനോന്റെ വീട്ടിലേത് പഴയ മോഡൽ ടോ‌യ്ലറ്റായിരുന്നു. ജനിച്ചത് മുതൽ അവൻ യൂറോപ്പിൽ ഇരുന്നാണ് കാര്യം നടത്തിയിരുന്നത്. അതു കൊണ്ട് ഇരിക്കുമ്പോൾ 7 എന്നെഴുതിയത് പോലല്ലാതെ കാലു ഒരിഞ്ച് താഴേക്ക് മടങ്ങുന്നില്ല. ഒട്ടും രക്ഷയില്ലാണ്ട് ഡൂഡു പോലീസ് സ്റ്റേഷനിൽ പ്രതികളെ കസേര ഇല്ലാതെ ഇരുത്തിക്കുന്നതു പോലെ നിന്ന് ഇരുന്ന് കാര്യം നടത്തി. പിറ്റേന്ന് തന്നെ മേനോൻ ഡൂഡുവിനായി ബാത്ത്‌റൂമിൽ ഒരു ‘മണിക്കിണർ‘ ഫിറ്റ് ചെയ്ത് കൊടുത്ത് ആ പ്രോബ്ലം പരിഹരിച്ചു.

വന്ന് ആദ്യത്തെ ഒരാഴ്ച മേനോൻ ലീനേന്റെ മോനാ എന്ന് പറഞ്ഞ് ഡൂഡുവിനെ അഭിമാനത്തോടെ നാട്ടിൽ കൊണ്ടു നടന്നു പരിചയപ്പെടുത്തി. പക്ഷെ പിന്നെ കൂടെ കൊണ്ട് പോകുന്നത് ഒഴിവാക്കി. കാരണം ഡൂഡുവിന്റെ സംശയം കൊണ്ട് യാതോരു നിവൃത്തിയുമുണ്ടായിരുന്നില്ല. മുക്കാലും മുഴുവനുമല്ലാത്ത കാൾസറായിയുമിട്ട് നാട്ടിലിറങ്ങിയപ്പോൾ അന്നാട്ടിൽ അവനൊരു കൌതുക വസ്തുവായിരുന്നു. പലചരക്കു കടയിൽ പോയി സാധനം വാങ്ങിയാൽ എത്ര റിയാലായി എന്ന് ചോദിക്കും. എന്ത് കണ്ടാലും അതെന്താ, ഇതെന്താ… എന്തുകൊണ്ടാ അങ്ങനെ, ഇങ്ങനെ അന്തവും കുന്തവുമില്ലാത്ത നൂറായിരം സംശയങ്ങൾ. പൂവൻ കോഴി പിടയുടെ പിറകെ പായുന്നതെന്തിനാ, അതു രണ്ടും എന്താ ചെയ്യുന്നേ എന്നൊക്കെ ചോദിച്ചാൽ മരുമകനു പറഞ്ഞ് കൊടുക്കുന്നതിനും ഒരു പീനൽകോഡിന്റെ ലിമിറ്റൊക്കെ ഉണ്ടല്ലോ.

വല്ലപ്പോളും ഒരു ഗ്ലാസ് ഇളംകള്ള് കുടിക്കാമല്ലോ എന്ന് കരുതിയാണ് വളപ്പിലെ രണ്ട് തെങ്ങ് സുന്ദരേശന് ചെത്താൻ കൊടുത്തത്. കുരിശുമായി സൌദീന്ന് ഡൂഡു മോൻ വരുമെന്നോ അത് വലിയ പൊല്ലാപ്പാകുമെന്നോ എങ്ങനെ ചിന്തിക്കാനാ! ഒരു ദിവസം രാവിലെ സുന്ദരേശൻ ചെത്തു കഴിഞ്ഞ് പോയ ശേഷം തെങ്ങിൽ കെട്ടിയ ചകിരിയിൽ ചവിട്ടി ഡൂഡു തെങ്ങിൽ കേറി. പാതി വഴി എത്തിയപ്പോൾ ബാലകൃഷ്ണപിള്ളയുടെ വിടുതൽ ഹരജി കിട്ടിയ മുഖ്യമന്ത്രിയുടേത് പോലായി അവന്റെ സ്ഥിതി. അപ്പ് ആന്റ് ഡൌൺ പോകാനാവാതെ അവിടെ കെട്ടിപ്പിടിച്ച് നിലവിളിച്ചപ്പോൾ നാട്ടുകാർ ഓടിക്കൂടി എങ്ങനെയൊക്കെയോ ഒരു വിധം താഴെ ഇറക്കി. ആ വകയിൽ ഇറക്കിയവർക്കും നോക്കി നിന്നവർക്കുമായി മേനോന് രണ്ടു ഫുള്ള് വാങ്ങിക്കൊടുക്കേണ്ടിവന്നു.

പെണ്ണുങ്ങളുടെ കുളിക്കടവിൽ പോയി കണ്ണടക്കാതെ നോക്കി നിൽക്കുമെന്നതാണ് ഡൂഡുവിന്റെ പേരിൽ വന്ന ആദ്യത്തെ പരാതി. പുറത്തിറങ്ങി എല്ലാം കാണിക്കുന്ന ഡ്രെസ്സിൽ നടക്കുമെങ്കിലും, ഒരുത്തൻ ഒളിഞ്ഞ് നോക്കുന്നത് പെണ്ണുങ്ങൾക്ക് സദാചാര വിരുദ്ധമാണല്ലോ.   പിള്ളാരു വല്ലവരും കണ്ടോട്ടേന്ന് കരുതി നാട്ടിലെ മദ്ധ്യാഹ്ന സുന്ദരികൾ മേനി മുഴുവന്‍ വിശദമായി സോപ്പ് തേക്കുന്നത് നാട്ടുകാർക്ക് പുത്തരിയല്ലെങ്കിലും പയ്യന് അതൊരു പുതിയ കാഴ്ചയായിരുന്നു. പൊട്ടൻ ഡി.ടി.എസ് പടം കാണാൻ പോയപോലെ അവൻ വായും പോളിച്ച് നോക്കിനിൽക്കും. വരുമ്പോൾ കൊണ്ടുവന്ന ഹാൻ‌ഡി ക്യാമിൽ ഷൂട്ട് ചെയ്യുകയും ചെയ്തു. പയ്യനിൽ ഭാവിയിലെ ഒരു പി.ചന്ദ്രകുമാറോ, കെ.എസ്.ഗോപാലകൃഷ്ണനോ, സാ-ജേ-ജാനേയോ പോലുള്ളവർ ഒളിഞ്ഞിരിപ്പുണ്ടെന്ന് അതിന്റെ പ്രീവ്യൂ കണ്ടവരൊക്കെ പറഞ്ഞു.

അതൊക്കെ സഹിക്കാമായിരുന്നു അവനു ഭക്ഷണം കൊടുത്താണ് മേനോൻ മുടിഞ്ഞത്. പെട്രോൾ കൊണ്ടുവരുന്ന ക്യാപ്സ്യൂൾ ലോറി പോലെയായിരുന്നു ചെക്കന്റെ സ്റ്റൊമക്കിന്റെ കപ്പാസിറ്റി. വീട്ടിൽ ഒരാഴ്ചത്തേക്ക് വേണ്ടത് മുഴുവൻ ഡൂഡുവിന് ഒരു ദിവസത്തേക്ക് വേണം. കോഴി, മീൻ ഒന്നുമില്ലാതെ ചെക്കൻ ഒരു സാധനം തിന്നില്ല. പറയുന്നതൊക്കെ വാങ്ങിക്കൊടുത്തില്ലെങ്കിൽ അവൻ സൌദിയിലേക്ക് ഫോൺ ചെയ്ത് പറയുകയും ചെയ്യും. ചെലവുകൾ പരിധി വിട്ട് പോകുന്നെന്ന് തോന്നിയ മേനോൻ മീൻ‌കാരനോട് വില കൂടിയ മീനോന്നും ഇങ്ങോട്ട് കൊണ്ടു വരണ്ടാന്ന് സ്വകാര്യം പറഞ്ഞു. അമ്മാവന്റെ സ്വഭാവം മനസ്സിലാക്കിയ ഡൂഡു മീന്‍‌കാരന്റെ മൊബൈൽ ഫോൺ നമ്പറിൽ വിളിച്ച് ആവശ്യമുള്ളത് തലേന്ന് തന്നെ ഓർ‌ഡർ ചെയ്യും. ഓരോ ദിവസം കഴിയും‌തോറും മേനോന്റെ പേഴ്സ് ഉപ്പ് വെച്ച കലം പോലായിക്കൊണ്ടിരുന്നു. പക്ഷേ ദാമുമേനോന്റെ മക്കളായ സുനിക്കും വിനുവിനും ഡൂഡു വന്നതിനു ശേഷം ഇഷ്ടം പോലെ മീനും ഇറച്ചിയുമൊക്കെ കഴിക്കാൻ പറ്റി.

മേനോനെയും ഡൂഡുവിനെയും വീട്ടിലാക്കി ഭാര്യയും മക്കളും കുറച്ചകലെ ഒരു ബന്ധു വീട്ടിൽ പോയിരുന്ന ഒരു ദിവസമായിരുന്നു ഡൂഡുവിന്റെ കേരള സന്ദർശനത്തിലെ പാക്കപ്പ് ഡേ.

അന്ന് ഉച്ച കഴിഞ്ഞപ്പോൾ വീട്ടിൽ കളിക്കാൻ ആരുമില്ലാത്തത് കൊണ്ട് ഡൂഡു പുറത്തേക്കിറങ്ങി അങ്ങാടിയിലെ തല്ലിപ്പൊളി ക്ലബ്ബിലിരുന്ന് സുന്ദരിമാരെ കുറിച്ചുള്ള ഗോസിപ്പുകൾ പറഞ്ഞും ബ്ലൂടൂത്ത് വീഡിയോസ് ഷെയർ ചെയ്തുമിരിക്കുന്ന ചെറുപ്പക്കാരുടെ കൂടെ കൂടി. ഡൂഡുവിന്റെ കഥകൾ കേട്ട് മുൻപരിചയമുള്ളത് കൊണ്ട് അവർ അവനുമായി വേഗം കമ്പനിയായി. അവരാണെങ്കിൽ ‘അരിക്ക് പോയ നായിന്റെ മോൻ വന്നു, കുപ്പി വാങ്ങാൻ പോയ പൊന്നു മോൻ വന്നില്ല‘ എന്ന അവസ്ഥയിൽ കാത്തിരിക്കുകയായിരുന്നു. കുപ്പി വന്നപ്പോൾ എല്ലാവരും കൂടി അത് ഈക്വലായി തീർക്കാൻ ഉത്സാഹിച്ചു.

അവർ കുടിക്കുന്നത് കണ്ടപ്പോൾ ഡൂഡു കൈ നീട്ടി. കൌതുകം തീർക്കാൻ അവർ ഒറ്റ പെഗ് കൊടുത്തു. കൌമാര കൌതുകങ്ങൾ അത്ര പെട്ടെന്നൊന്നും തീരില്ലല്ലോ. അതു കൊണ്ട് പിന്നെയും ചോദിച്ചു, പിന്നെയും കൊടുത്തു. അവൻ‌മാരും മേനോനുമായി കീരിയും പാമ്പും പോലെ നല്ല ടേം‌സിലായത് കൊണ്ട് അതിലൊരു റിവഞ്ചിന്റെ പശ്ചാത്തല സംഗീതം കൂടിയുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഡൂഡു നല്ല ഫിറ്റായി എഴുന്നേറ്റ് നിന്ന് ഒഴിച്ചു കൊടുത്തവൻ‌മാരെ തന്നെ “ബ്ലഡി ഫൂൾസ്, ഇഡിയറ്റ്, കൺ‌ട്രീസ്, ബുൾ ഷിറ്റ്…” എന്ന് ഇം‌ഗ്ലീഷിൽ തെറികൾ പറയാൻ തുടങ്ങി. ചിന്ന വായിലെ അസംസ്കൃത വർത്താനം കേട്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും അതിനേക്കാൾ ഗ്രേഡ് കൂടിയ മകാരത്തിലും കുകാരത്തിലുമുള്ള ഫസ്റ്റ് ക്ലാസ് ചീത്തകൾ അവർ തിരിച്ചടിച്ചപ്പോൾ ഡൂഡു തോൽ‌വി സമ്മതിക്കുകയും കുറച്ചെണ്ണം ബൈ‌ഹാർട്ടാക്കുകയും ചെയ്തു.

നേരം വൈകുന്നേരമായിട്ടും ചെക്കന്റെ കെട്ട് വിട്ടതുമില്ല, വീട്ടിലേക്ക് പോകുന്നുമില്ല. അവൻ ബാധ്യതയാകുമെന്ന് തോന്നിയപ്പോൾ നോക്കുകൂലി വാങ്ങുന്ന യൂണിയൻ‌കാർ കാണാതെ ഓട്ടോയിൽ കയറ്റി ദാമുമേനോന്റെ വീട്ടിലേക്ക് പാഴ്സൽ ചെയ്തു. ഓട്ടോക്കാരൻ വീട്ടിലെത്തി കോളിങ്ങ് ബെല്ലടിക്കാൻ കൈ ഉയർത്തിയപ്പോൾ ഡൂഡു വാളുവെച്ചു. വാളിന്റെ ഒച്ച കേട്ട് ദാമുമേനോൻ പുറത്തേക്ക് വന്നു. അതു കൊണ്ട് കോളിങ്ങ് ബെല്ലടിക്കുന്നതിന്റെ കറന്റ് വേസ്റ്റായില്ല. ചെറിയ കുട്ടികൾക്ക് കുടിക്കാൻ കൊടുക്കാൻ പാടുണ്ടോടാ എന്നൊക്കെ പറഞ്ഞ് ദാമുമേനോൻ ഡ്രൈവറെ വഴക്ക് പറയാൻ തുടങ്ങി. നിങ്ങക്ക് വേണമെങ്കിൽ ചെക്കനെ പിടിച്ച് അകത്ത് വെച്ചോ ഇല്ലെങ്കിൽ ഞാൻ കയറ്റിയിടത്ത് തന്നെ കൊണ്ടു വിടും എന്ന് ഡ്രൈവർ ചൂടായപ്പോൾ മേനോനും ചൂടായി. അപ്പോൾ ഡൂഡു “ഡാ.. മാമാ.. ചെലക്കാണ്ട് കാശ് കൊട്‌ക്കെടാ… …രാ,” എന്ന് വിളിച്ചു പറഞ്ഞപ്പോൾ മേനോൻ ഇടികൊണ്ട തെങ്ങ് പോലെയായി. രണ്ടു പേരും ചേർന്ന് ഡൂഡുവിനെ താങ്ങിപ്പിടിച്ച് അകത്തു കൊണ്ട് കിടത്തി. വണ്ടി ചാർജ്ജും വാങ്ങി ഓട്ടോക്കാരൻ പോയി. ഡൂഡു മുറിയിൽ പാമ്പായി സൈഡായി ഓഫായി കിടന്നു.

കുറച്ച് കഴിഞ്ഞ് എഴുന്നേറ്റപ്പോൾ വീട്ടിൽ ആരെയും കണ്ടില്ല. അകത്തൊക്കെ ചുറ്റിക്കറങ്ങി നോക്കിയപ്പോൾ അടുക്കളയുടെ തൊട്ടുള്ള ചായ്പിൽ നിന്നും എന്തോ മുക്കലും മൂളലും കേട്ടു. എത്തി നോക്കിയപ്പോൾ വേലക്കാരി ജാനുവും ഏതോ സന്നദ്ധ സേവകനും ഭരണം തീരാറായപ്പോഴത്തെ സാംസ്കാരിക-റവന്യൂ വകുപ്പുകൾ പോലെ തിരക്കിട്ട് യുദ്ധകാലാടിസ്ഥാനത്തിൽ പാട്ടക്കരാർ പുതുക്കുകയായിരുന്നു. അത് കണ്ട് ഡൂഡുവിന്റെ രക്തം തിളച്ചു. കേരളത്തിൽ കാലുകുത്തിയ അന്നുമുതൽ കേൾക്കുന്നതാണ് പീഢനം പീഢനം എന്ന്. ക്ലബ്ബിലെ ചേട്ടൻ‌മാരോട് ചോദിച്ചിട്ടാണ് പീഢനത്തിന്റെ അർത്ഥം മനസ്സിലാക്കിയത്. അവർ സ്വകാര്യമായി പറഞ്ഞ് തന്നത് ഇതാ തൊട്ടടുത്ത് ലൈവായി നടക്കുന്നു.!!

ഡൂഡുവിന്റെ വയറ്റിലെ സ്പിരിറ്റ് ആവിയായി, അവൻ അനീതിക്കും അക്രമത്തിനും സ്ത്രീപീഢനത്തിനും എതിരായി പ്രവർത്തിക്കുന്ന ക്ഷുഭിത കൌമാരനായി പ്രതികരിക്കാനൊരുങ്ങി. ഓടിപ്പോയി അടുക്കളയിൽ നിന്നൊരു വിറകു കൊള്ളി എടുത്ത് ജാനുവിനെ ആക്രമിക്കുന്നവന്റെ നിറുകംതല നോക്കി ഒന്നു കൊടുത്തു. “അയ്യോ..“ എന്ന് നിലവിളിച്ച് അടി കൊണ്ടയാൾ കാറിക്കൂവി പുറത്തേക്ക് പറന്നു. ഡൂഡു പുറകേ അതാരാണെന്ന് നോക്കാൻ പോയില്ല; കാരണം മൊബൈൽ ക്ലിപ്പിലും ഇന്റർനെറ്റിലുമൊക്കെ കണ്ടത് മാതിരിയൊരു ഫയൽ ‘മാണി കോൺ‌ഗ്രസ്സിന്റെ ചിഹ്നം‘ പോലത്തെ കഞ്ചുകം മാത്രമിട്ട് തന്റെ കണ്‍‌മുമ്പിൽ..! പാവം മുന്നിലെ തുറന്ന പുസ്തകവും നോക്കി തുറിച്ച് നിന്നു പോയി. എത്രയായാലും അവനുമൊരു മലയാളിയല്ലേ..!

കിട്ടിയതും വാരിച്ചുറ്റി മുറ്റത്തെത്തിയപ്പോഴാണ് മേനോൻ ശാരദ ചേച്ചിയും മക്കളും പടി കടന്നെത്തുന്ന പദനിസ്വനങ്ങൾ കേട്ടത്. ഭാര്യയുടെ വായിൽ നിന്നും കേൾക്കാൻ പോകുന്ന ‘പദ’നിസ്വനങ്ങൾ ഓർത്തപ്പോൾ തന്നെ മേനോൻ ഞെട്ടി. മുഖം രക്ഷിക്കുവാൻ മരുമകനെ കരുവാക്കുക എന്ന പഴയ തന്ത്രം തന്നെ മേനോൻ പ്രയോഗിച്ചു. മൂപ്പർ “ഈ ചെക്കൻ ഏട്‌ന്നോ കള്ളും കുടിച്ച് വന്ന് എന്നെയും ജാനുനേം തല്ലുന്നേ..” എന്ന് നിലവിളിച്ച് സദാചാരവാദിയായി ഡീസന്റാവാൻ ശ്രമിച്ചു. ഒച്ചപ്പാടും ബഹളവുമൊക്കെ കേട്ട് ഓടിയെത്തിയ സുന്ദരേശനും അയൽക്കാരും ചായ്പ്പിലേക്ക് നോക്കിയപ്പോൾ വായ പൊളിച്ച് നിൽക്കുന്ന ഡൂഡുവിനേയും, മുണ്ടും വാരിപ്പൊത്തി ഉള്ളിച്ചാക്കിൽ വെള്ളരിക്ക നിറച്ച് വെച്ചത് പോലെ നിൽക്കുന്ന ജാനുവിനേയും കണ്ടു. വന്നവർ ഡൂഡു-ജാനു പീഢന കഥ ലൈവ് ടെലികാസ്റ്റ് ചെയ്യാൻ തുടങ്ങുമ്പോൾ ഡൂഡു മേനോനോട് പറഞ്ഞു.

“മാമനായിരുന്നല്ലേ അത്…! ജാനൂനെ ആരോ റേപ്പ് ചെയ്യുകയാണെന്നല്ലേ ഞാൻ കരുതിയേ.. ഇന്നാ മാമന്റെ ലുങ്കി.. ജാനൂന്റെ പാവാട മാറ്റി ഇത്ട് മാമാ….”

ജാനുവിന്റെ നാണം മറച്ച് മാനംകാത്ത അതേ തുണിയാണ് തന്റെ മാനം നശിപ്പിച്ചതെന്ന് ദാമുമേനോൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു.