Monday, July 27, 2009

എനിക്ക് ധീരതയ്ക്കുള്ള പുരസ്കാരം

ആഫീസിലെ ഒരു സഹപ്രവര്‍ത്തകന്റെ ബാച്ചിലേഴ്സ് പാര്‍ട്ടിയായിരുന്നു അന്ന് വൈകുന്നേരം. മദ്യപാനത്തില്‍ കന്യകനായതിനാല്‍ കൊക്കകോള മാത്രം കഴിച്ച് ഞാന്‍ വേഗം നാട്ടിലേക്കുള്ള ബസ്സ് പിടിച്ചു. ഏതോ ചതിയന്‍ ചന്തു ഞാനറിയാതെ എന്റെ കോളയില്‍ വോഡ്ക കലര്‍ത്തിയതിന്റെ റിസള്‍ട്ട് ബസ്സില്‍ കയറിയപ്പോഴാണെനിക്ക് അനുഭവപ്പെട്ടത്. മൊത്തം കാര്യങ്ങള്‍ക്കൊക്കെ ഒരു ലാഘവത്തം. നല്ല സുഖം. ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കണം എന്നൊരു തോന്നല്‍. നാനോ ടെക് നോളജി മുതല്‍ കൂത്തുപറമ്പ് നാണിയുടെ ടെക് നോളജിയെക്കുറിച്ച് വരെ ആധികാരികമായി സംസാരിക്കാന്‍ പറ്റുന്നു. കണ്ടക്റ്ററോടും ക്ലീനറോടുമൊക്കെ നാട്ടിലെത്തുന്നത് വരെ നിര്‍ത്താതെ സംസാരിച്ചു. സാധാരണ അവരെ കണ്ടാല്‍ തലയാട്ടുമെന്നല്ലാതെ കൂടുതലൊന്നും മിണ്ടാറില്ല ഞാന്‍.

അങ്ങനെ നല്ല മൂഡില്‍ സന്ധ്യയോടെ നാട്ടില്‍ ബസ്സിറങ്ങി. ഇരുളാന്‍ തുടങ്ങിയിരിക്കുന്നു. നല്ല ഫിറ്റായത് കാരണം ചെറുതായി ആടുന്നുമുണ്ട്. അതിനാല്‍ ബസ് സ്റ്റോപ്പിലെ പതിവ് ഇരുത്തത്തിനൊന്നും നിന്നില്ല. വീട്ടിലേക്കുള്ള കട്ട് റോഡിലേക്ക് തിരിയുമ്പോള്‍ സിന്ധുവും അവളുടെ ചേച്ചിയുടെ രണ്ടു മക്കളും തൊട്ടു മുന്നില്‍ നടന്നു പോകുന്നു. കടയില്‍ നിന്നും സാധനം വാങ്ങിയിട്ട് തിരിച്ച് പോകുന്നതാണെന്നു തോന്നുന്നു. സിന്ധു എന്റെ നാട്ടിലെ ഗോപിക… അത്രയ്ക്കില്ലെങ്കിലും ഒരു ഐശ്വര്യ റായിയെങ്കിലും ആണ്. പുട്ടിന്നിടയിലെ തേങ്ങ പോലെ.. മിക്ധ്ചറിലെ നിലക്കടല പോലെ.. പഫ്സിലെ മുട്ട പോലെ… സുന്ദരി, സത്സ്വഭാവി. അവളെയൊന്ന് അനുരാഗിക്കാന്‍ ഒരവസരം നോക്കിയിരിക്കുകയായിരുന്നു ഞാന്‍. തേടിയ ബ്രാ കാലില്‍ ചുറ്റിയത് പോലെ, ദൈവം എനിക്കായി ഡെഡിക്കേറ്റ് ചെയ്ത അവസരം. വയറിലെ വോഡ്ക വെള്ളം തലയിലേക്ക് ആവശ്യത്തിന് ധൈര്യം ഡൊണേറ്റ് ചെയ്തിട്ടുണ്ട്. ആദ്യ ഡയലോഗില്‍ തന്നെ അവളെ ക്ലീന്‍ ബോള്‍ഡാക്കാന്‍ വേണ്ടി ഞാന്‍ വേഗം നടന്നു.

പെട്ടെന്ന് അയ്യോ എന്നു പറഞ്ഞ് സിന്ധു പിള്ളേരെ രണ്ടിനേയും പിറകോട്ട് വലിച്ച് ഓടാന്‍ തുടങ്ങി. എന്നെ കണ്ടയുടനെ അവള്‍ പേടിച്ച് വിറച്ച് “അയ്യോ പാമ്പ്… പാമ്പ്…” എന്നു പറഞ്ഞു. “അതിനെന്തിനാ പേടിക്കുന്നത്.. നില്ക്കൂ..” എന്നു പറഞ്ഞ് ഞാന്‍ റോഡില്‍ നോക്കി. റോഡിലും തലയിലും ഇരുട്ടായത് കാരണം ശരിക്കും കാണുന്നില്ല. ഒരു പാമ്പ് പതുക്കെ റോഡ് ക്രോസ്സ് ചെയ്യാന്‍ നോക്കുകയാണ്. അപ്പുറമെത്തിയാല്‍ പിന്നെ പൊന്തക്കാടാണ്‍. അവന്റെ പൊടി പോയിട്ട് മുടി പോലും പിന്നെ കിട്ടില്ല.

സിന്ധുവിന്റെ മുന്നില്‍ ധൈര്യം കാണിക്കാന്‍ കിട്ടിയ അവസരം ഞാന്‍ ശരിക്ക് വിനിയോഗിച്ചു. ഒറ്റച്ചാട്ടത്തിന് ഷൂസിട്ട കാലു കൊണ്ട് ഞാന്‍ പാമ്പിന്റെ തലയ്ക്ക് ചവിട്ടിപ്പിടിച്ചു. മറ്റേ കാലു കൊണ്ട് അതിന്റെ വാലിലും. എന്നിട്ട് എങ്ങനെയുണ്ട് എന്ന മട്ടില്‍ സിന്ധുവിനെ നോക്കി. അവള്‍ മെയിന്‍ റോഡിലേക്ക് നോക്കി “ഓടി വായോ… പാമ്പ്… പാമ്പ്..” എന്നു വിളിക്കുകയാണ്. അവളുടെ നിലവിളി കേട്ട് പിള്ളേരും കരയാന്‍ തുടങ്ങി. കോറസ് കേട്ട് അടുത്തുള്ള കടകളില്‍‌ നിന്നും ബസ് സ്റ്റോപ്പില്‍ നിന്നും കുറേ ആളുകളോടി വന്നു. ഞാന്‍ അപ്പോഴും പാമ്പിന്റെ തലയിലും വാലിലും ചവിട്ടി നില്‍ക്കുകയാണ്. ആളുകള്‍ “അനങ്ങല്ലെ, അനങ്ങല്ലെ.. , വടിയെടുക്ക്.. കല്ലെടുക്ക്…” എന്നൊക്കെ പറയുന്നുണ്ട്. ഇവരെന്തിനാ ഇതൊക്കെ സംഭവം ആക്കുന്നത്? എന്താ ഇത്ര പേടിക്കാന്‍…? വെറുതെ ഒച്ചപ്പാടാക്കാതെ മനുഷ്യന്മാരേ.. എന്നൊക്കെ വിചാരിച്ച് ഞാന്‍ ബാലന്‍സ് ചെയ്ത് നിന്നു. അപ്പോഴേക്കും ആരോ ചെത്ത് കല്ലുകള്‍ കൊണ്ട് വന്ന് പാമ്പിന്റെ തലയില്‍ ഇട്ടു. ഞാന്‍ കാലു റിലീസ് ചെയ്തു.

ആളുകളെല്ലാം എന്നെ അത്ഭുത ജീവിയെപ്പോലെ നോക്കി. ഞാന്‍ ഇതൊക്കെ എന്തു നിസ്സാരം എന്ന മട്ടില്‍ വീട്ടിലേക്ക് പോയി. സിന്ധുവിനെ വഴിയിലൊന്നും കണ്ടില്ല. വീട്ടിലെത്തി എന്ന് എനിക്ക് ചെറിയ ഒരു ഓര്‍മ്മയുണ്ട്. പിന്നെ ഒന്നും ഓര്‍മ്മയില്ല. റിലെ കമ്പ്ലീറ്റ് കട്ട് ആയിപ്പോയിരുന്നു. ബോധം വരുമ്പോള്‍ രാവിലെ ഒന്‍പത് മണി. ഞാന്‍ കുറേ സമയം കട്ടിലില്‍ തന്നെ കിടന്നു. തലയ്ക്ക് നല്ല കനം. പതുക്കെ എഴുന്നേറ്റ് പല്ലൊക്കെ തേച്ച് പുറത്തേക്ക് വന്നു. അടുക്കളയില്‍ പോയി നോക്കിയപ്പോ ചായയൊന്നും കാണുന്നില്ല. അമ്മയും ചേട്ടനും ഒന്നും മിണ്ടുന്നുമില്ല. ഒരു അവാര്‍ഡ് പടം കളിക്കുന്ന ടാക്കീസ് പോലെ. എന്തോ കുഴപ്പമുണ്ട് എന്നെനിക്ക് മനസ്സിലായി. പെങ്ങളുടെ മകനായ ടിന്റുമോന്‍ സോഫയിലിരുന്ന് ടി.വി. കാണുന്നുണ്ട്. അവനാണെന്നു തോന്നുന്നു സെന്റര്‍ ഹാളില്‍ ചോക്ക് കൊണ്ട് എന്തോ ചിത്രം വരഞ്ഞിട്ടിരിക്കുന്നു. ഇവനെ ഒന്നു വിരട്ടി വീട്ടുകാര്യങ്ങളിലുള്ള എന്റെ ശുഷ്കാന്തി എല്ലാവരേയും അറിയിക്കാമെന്നും അതു വഴി അന്തരീക്ഷത്തിന്‍ ഒരു ലാഘവത്വം വരുത്താമെന്നും എനിക്ക് തോന്നി. ഞാന്‍ അവന്റെ ചെവിക്ക് പിടിച്ച് ദേഷ്യപ്പെട്ട് ശബ്ദമുയര്‍ത്തി പറഞ്ഞു.

“നീ എന്തിനാടാ ഇവിടെയൊക്കെ വരഞ്ഞ് വൃത്തികേടാക്കിയത്.. അമ്മൊമ്മയെ വിഷമിപ്പിക്കാന്‍…”

അവന്‍ ഉടനെ “അമ്മൊമ്മേ…” എന്നും പറഞ്ഞ് കരയാന്‍ തുടങ്ങി… അതിനിടയില്‍ പറഞ്ഞു “… ഇന്നലെ ഇവിടെ… ഇതേ പോലെയാ മാമന്‍ കിടന്നിരുന്നത്…”

ഞാന്‍ തറയില്‍ നോക്കിയപ്പോള്‍ സി.ബി.ഐ.പടങ്ങളിലെ ഡെഡ് ബോഡി കിടന്ന സ്ഥലം മാര്‍ക്ക് ചെയ്തതു പോലെ, ഒരാള്‍ കിടക്കുന്നത് ചോക്ക് കൊണ്ട് മാര്‍ക്ക് ചെയ്തിരിക്കുന്നു!! ഇന്നലെ ഞാന്‍ ഫിറ്റായിട്ട് ഇവിടെ വീണ സമയത്ത് ഈ പൊട്ടിത്തെറിഞ്ഞ ചെക്കന്‍ എന്റെ ചുറ്റും ചോക്ക് കൊണ്ട് വരഞ്ഞതാണു!!

ഒച്ചപ്പാട് കേട്ട് അമ്മ വന്ന് ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. ഞാന്‍ മെല്ലെ മുറിയിലേക്ക് വലിഞ്ഞു. ഞായറാഴ്ച ആയത് കൊണ്ട് ബസ് സ്റ്റോപ്പിലിരുന്ന് സമയം കളയാമെന്നു കരുതി കുറച്ച് കഴിഞ്ഞപ്പോള്‍ പതുക്കെ അവിടേക്ക് പോയി. ബസ് സ്റ്റോപ്പിന്റെ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിന്റെ ചുറ്റും ഒരാള്‍ക്കൂട്ടം. എന്നെ കണ്ട് എല്ലാവരും അത്ഭുതപ്പെട്ട് നോക്കുന്നു.
“കലക്കിയല്ലോ മോനേ.. ഇത്രയ്ക്കും ധൈര്യമുണ്ടല്ലേ.. ആളു കൊള്ളാമല്ലോ…” എന്നൊക്കെ അവരു പരസ്പരം പറയുന്നുണ്ട്. അവര്‍ നോക്കുന്നിടത്തേക്ക് ഞാന്‍ നോക്കി…. ഒറ്റത്തവണ മാത്രം…
“എന്റമ്മേ….”

കാര്‍ഷിക മേളയില്‍ പടവലങ്ങ തൂക്കിയിട്ടത് പോലെ ഒരു അണലിയെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടി തൂക്കിയിട്ടിരിക്കുന്നു... ഒരു മീറ്ററോളം നീളം വരും… അത്രേള്ളു.. ചാര നിറത്തില്‍ വെള്ള പുള്ളികളുമായി… തടിച്ച ഒരു സുന്ദരന്‍…! അതോ സുന്ദരിയോ…? ഈ ഭയങ്കര സാധനത്തിനെയാണോ ദൈവമേ.. ഞാനിന്നലെ…? തല കറങ്ങി ഞാന്‍ പിറകോട്ട് വീണു.

അന്നു വൈകിട്ട് ക്ലബ്ബിന്റെ വക കുട്ടികളുടെ ജീവന്‍ രക്ഷിച്ചതിന് വായനശാലയില്‍ എനിക്ക് അനുമോദന യോഗവും സമ്മാനവും ഉണ്ടായിരുന്നു. പഞ്ചായത്ത് മെമ്പറും നാട്ടുകാരുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

കാരണം, ഞാന്‍ വിറയും പനിയുമായി വീട്ടില്‍ കിടപ്പായിരുന്നല്ലോ!

Tuesday, July 14, 2009

ആ പ്രണയ ലേഖനം ഓര്‍മ്മിക്കുമ്പോള്‍...

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഒരു പ്രണയ ലേഖനം കാണുന്നത്. എന്റെ ക്ലാസ്സിലെ മനോഹരന്‍ എന്ന മൂന്നാം വര്‍ഷക്കാരന്‍ ഇന്റര്‍വെല്‍ സമയത്ത് പത്താം ക്ലാസ്സിന്റെ മര അഴികള്‍ക്കിടയിലൂടെ ‘ലെറ്റര്‍’ എന്ന് വിളിക്കുന്ന നാലായി മടക്കിയ കടലാസ്സ് കൊടുക്കുന്നതും ഏതോ വെളുത്ത കൈവിരലുകള്‍ അതു വാങ്ങുന്നതും കണ്ട് ഞാന്‍ അന്തം വിട്ട് നിന്നു. ഒന്നു വായിക്കാന്‍ താ എന്ന എന്റെ നിരന്തര ശല്യപ്പെടുത്തലിന്റെ അവസാനം ഒരു ദിവസം അവളുടെ മറുപടി അവനെനിക്ക് കാണിച്ചു തന്നു. ചങ്ങമ്പുഴ കവിതകള്‍ പകര്‍ത്തിയ വരികള്‍ക്ക് ചുറ്റും ഐ.ലവ്.യു. എന്ന് പല വര്‍ണ്ണങ്ങളില്‍ കുനുകുനാ എഴുതിയിരുന്നു.

തുമ്പി എന്നു വിളിപ്പേരുള്ള വലിയ കണ്ണുകളുള്ള ഒരു പെണ്‍കുട്ടിയെ ആണ് മനോഹരന്‍ പ്രേമിച്ചിരുന്നത്. അവളും മനോഹരനും ഒന്നിച്ചു എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങിയത്. തുമ്പി ജയിച്ച് പത്താം ക്ലാസ്സിലെത്തിയപ്പോഴും മനോഹരന്‍ എട്ടില്‍ തന്നെ തുടര്‍ന്നു. സ്കൂളിലെ ഏറ്റവും സുന്ദരിയായിരുന്നു തുമ്പി. അവളെ കാണാന്‍ ആണ്‍കുട്ടികള്‍ ഇന്റര്‍വെല്‍ സമയങ്ങളില്‍ അവളുടെ ക്ലാസ്സിന്റെ മുന്നില്‍ കൂടി വെറുതെ നടക്കുമായിരുന്നു. തുമ്പിയുടെ ക്ലാസ്സിലെ പിള്ളേര്‍ക്കൊക്കെ അവളുടെ കൂടെ പഠിക്കുന്നതിനാല്‍ വലിയ ഗമ ആയിരുന്നു.

മനോഹരന് തുമ്പി അയച്ചതു പോലെയുള്ള സാഹിത്യസൌരഭ്യമാര്‍ന്ന പ്രണയ ലേഖനം ഒരെണ്ണം കിട്ടാന്‍ ഞാനും കുറച്ചൊക്കെ ആഗ്രഹിച്ചു. സുന്ദരിമാരുടെ ഒരു ചിരി, ഒരു നോട്ടം പോലും ദിവസങ്ങളോളം ഭാരമില്ലാതെ നടക്കാന്‍ പ്രാപ്തമാക്കുന്ന കാലമായിട്ടും, പഠിക്കുന്ന കാര്യം വിട്ട് വേറൊന്ന് ചിന്തിക്കുവാന്‍ എന്റെ ഭൌതികത പലപ്പോഴും എന്നെ അശക്തനാക്കി. തിരമാലകള്‍ പോലെ കൂട്ടമായി നടന്നു വരുന്ന മുഴുപാവാ‍ടക്കാരികളെ കാണുമ്പോ തന്നെ വിറക്കുന്നതിനാല്‍ പ്രണയലേഖനം കൊടുക്കുന്നത് പോയിട്ട് അവരോടൊന്ന് മിണ്ടാന്‍ പോലും ആ നാളുകളില്‍ കഴിഞ്ഞില്ല.

അങ്ങനെ ആരെയും പ്രണയിക്കാതെയും ഒരു പ്രണയ ലേഖനം പോലുമെഴുതാതെയും എന്റെ സ്കൂള്‍ കാലം കഴിഞ്ഞു. മനോഹരന്‍ പിന്നെയും തോറ്റു പഠിപ്പ് മതിയാക്കി ബസ്സില്‍ ക്ലീനറായി ജോലി ചെയ്യാന്‍ തുടങ്ങി. തുമ്പി നിയമം പഠിക്കുവാന്‍ ദൂരെ എവിടേക്കോ പോയി. അവരുടെ പ്രണയം എങ്ങനെയാണ് അവസാനിച്ചതെന്നറിയില്ല. ഞാന്‍ സ്കൂളിനടുത്ത് തന്നെയുള്ള ഒരു പാരലല്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. ആദ്യ വര്‍ഷത്തെ അപരിചിതത്വവും അമ്പരപ്പും കഴിഞ്ഞ് രണ്ടാം വര്‍ഷമായി. പഠിക്കാനുള്ള സമ്മര്‍ദ്ദ മതിലുകള്‍ എന്റെ മുന്നില്‍ ചെറുതായി. കാണുന്ന സുന്ദരികളോടെല്ലാം പ്രേമം തോന്നിത്തുടങ്ങി.

ഫസ്റ്റിയര്‍ ബാച്ചില്‍ ശ്രീദേവി എന്നൊരു പെണ്‍കുട്ടി ഉണ്ടായിരുന്നു. വെളുത്ത് വട്ട മുഖവും നീണ്ട മുടിയില്‍ തുളസിക്കതിരും ചൂടി വരുന്ന ഒരു തനി നാടന്‍ സുന്ദരി. അവള്‍ കണ്ണുകളില്‍ മഷിയെഴുതി കൈ നിറയെ കുപ്പി വളകളിടുമായിരുന്നു. അതിന്റെ കിലുകിലാരവം എപ്പോഴും അവളുടെ ആഗമനമറിയിക്കാന്‍ മുന്നേ നടന്നു. കുപ്പിവളകളോടുള്ള ഇഷ്ടം അവളെ എനിക്ക് പ്രിയങ്കരിയാക്കി. അവളെയോര്‍ത്ത് രാത്രികളില്‍ ഉറക്കമില്ലാതായി. കോളേജില്ലാത്ത പകലുകളെ ഞാന്‍ വെറുക്കാന്‍ തുടങ്ങി. അവളെ എങ്ങനെയെങ്കിലും എന്റെ ഇഷ്ടംഒന്നറിയിക്കാന്‍ പല വട്ടം ശ്രമിച്ചെങ്കിലും അപകര്‍ഷത എനിക്ക് വിലങ്ങിട്ടു. ഒരു കത്ത് കൊടുക്കാമെന്നു വെച്ചാ അവളത് വാങ്ങുമെന്ന് ഉറപ്പുമില്ല. അത്രയ്ക്ക് ധൈര്യവുമെനിക്കുണ്ടായില്ല. ദിവസങ്ങള്‍ അങ്ങനെ യാതൊരു പുരോഗതിയുമില്ലാതെ പോകുമ്പോഴാണ് അപ്രതീക്ഷിതമായി എനിക്ക് മറ്റൊരാളില്‍ നിന്നും പ്രണയ ലേഖനം കിട്ടാനിടയായത്.

കോളേജിലെ ക്ലാസ്സു കഴിഞ്ഞാല്‍ എനിക്ക് ടൈപ്പ് റൈറ്റിങ്ങിനും കൂടി പോകണമായിരുന്നു. എല്ലാവരും ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോ ഞാന്‍ വിശപ്പ് സഹിച്ച് ടൈപ്പ് റൈറ്റിങ്ങ് മിഷ്യനുമായി ഗുസ്തി പിടിക്കുകയായിരിക്കും. കോളേജ് വിട്ട് ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെല്ലുമ്പോ രാധാമണിയും അവിടെ ടൈപ്പ് ചെയ്യുന്നുണ്ടാവും. വെളുത്ത് മെലിഞ്ഞ് കാണാന് തരക്കേടില്ലാത്ത ഒരു കുട്ടി. കാണുമ്പോ ചിരിക്കും; എന്തെങ്കിലും സംസാരിക്കും എന്നല്ലാതെ കൂടുതല്‍ അടുപ്പമൊന്നും അവളുമായി ഉണ്ടായിരുന്നില്ല.

മാഷ് എന്തിനോ പുറത്തേക്ക് പോയ ഒരു ദിവസം ഞാനും രാധാമണിയും തനിച്ചായി. അവളുടെ സീറ്റ് എന്റെ നേരെ പിന്നില്‍ ചുമരരികിലായിരുന്നു. ഞങ്ങള്‍ക്കിടയിലുള്ള ജനല്‍ പടിയിലായിരുന്നു ഞാന്‍ എന്റെ കോളേജ് പുസ്തകങ്ങള്‍ വെച്ചിരുന്നത്. അവള്‍ കൈ നീട്ടി പുസ്തകങ്ങള്‍ എടുത്ത് മറിച്ചു നോക്കുന്നത് ഞാന്‍ ടൈപ്പ് ചെയ്യുന്നതിനിടയില്‍ കാ‍ണുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് അവളെന്റെ ചുമലില്‍ തൊട്ടു. ഞാന്‍ നോക്കിയപ്പോള്‍ അവള്‍ നീല നിറത്തിലുള്ള ഒരു മടക്കിയ കടലാസ്സ് എന്നെ കാണിച്ച് ആ നോട്ടു ബുക്കിലേക്ക് വെച്ചു. അനാദികാലം മുതല് ഞാന്‍ കൊതിച്ച കനിയാണ് എന്റെ നോട്ട് ബുക്കിലെന്ന് എനിക്ക് മനസ്സിലായി. നെഞ്ചിടിപ്പും കൈ വിറയലും കാരണം പിന്നീട് ഞാന്‍ അടിച്ചത് മുഴുവന് തെറ്റായിരുന്നു.

വീട്ടിലെത്തി ആരും കാണാതെ കത്തെടുത്ത് വായിച്ചു. നല്ല കൈയക്ഷരമായിരുന്നു അവളുടേത്. ഒട്ടും അക്ഷരതെറ്റുമില്ല. എന്നെ ഇഷ്ടമാണെന്നും എത്രയും പെട്ടെന്ന് മറുപടി കൊടുക്കണമെന്നും അതിലെഴുതിയിരുന്നു. പക്ഷേ ശ്രീദേവി ഉള്ളില്‍ നിറദീപമായി നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ എനിക്ക് രാധാമണിയോട് താ‍ല്‍പ്പര്യം തോന്നിയില്ല. ശ്രീദേവിയുടെ സൌന്ദര്യത്തിന് മുന്നില്‍ രാധാമണി ഒന്നുമല്ലായിരുന്നു. അതു കൊണ്ട് അവളോട് എനിക്കൊന്നും തോന്നിയില്ല. പക്ഷേ രാധാമണി കാണുമ്പോഴൊക്കെ എന്നോട് കണ്ണുകളാല്‍ മറുപടി ചോദിക്കാന്‍ തുടങ്ങി. ഒന്നും പറയാതെ ഞാന്‍ ഒഴിഞ്ഞുമാറി നടന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ലേറ്റായി പോയി കുറച്ച് ദിവസം അവളെ കാണാതിരുന്നു. പക്ഷേ അവളതു മനസ്സിലാക്കി കെട്ടിടത്തിന്റെ മുകളിലേക്കുള്ള ഏണിപ്പടിയില്‍ ഞാന് വരുന്നത് വരെ കാത്തു തീ പാറുന്ന നോട്ടത്തിനാലെന്നെ ശിരച്ഛേദം ചെയ്തു. പിന്നെ ഞാന്‍ ടൈപ്പിങ്ങ് രാവിലത്തേക്ക് മാറ്റി അവളെ ക്രൂരമായി ഒഴിവാക്കി. പിന്നെ അവളെ കണ്ടതേയില്ല.

ശ്രീദേവിയെ മറ്റാരും സ്വന്തമാക്കുന്നതിനു മുന്‍പ് എത്രയും പെട്ടെന്ന് അവളോട് സംസാരിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. അതിനായി ഒരു ദിവസം ക്ലാസ്സ് വിട്ട ശേഷം കൂട്ടുകാരെയെല്ലാം ഒഴിവാക്കി അവള്‍ വരുന്നത് വരെ ഞാന്‍ കോളേജില്‍ കാത്തു നിന്നു. അന്നു അവളുടെ കൂടെ രണ്ട് കൂട്ടുകാരികളും ഉണ്ടായിരുന്നു. മൂന്നു പേരും എന്നോട് ചിരിച്ച് ക്ലാസ്സിലേക്ക് പോയി. പിള്ളേരൊക്കെ വന്നു തുടങ്ങുന്നതേയുള്ളു. ഇനിയും കാത്തു നില്‍ക്കാന്‍ വയ്യ. അവളെ തനിച്ച് പുറത്തേക്ക് വിളിച്ചിട്ട് കാര്യം പറയാം. ഇന്നു നടന്നില്ലെങ്കില്‍ മരിച്ചു പോകുമെന്ന അവസ്ഥയില്‍ കിട്ടുന്ന ഒരു ധൈര്യത്തോടെ ഞാന്‍ അബോധാവസ്ഥയില്‍ അവളുടെ ക്ലാസ്സിലേക്ക് നടന്നു.

ശ്രീദേവിയുടെ മടിയിലുള്ള പുസ്തകത്തില്‍ നോക്കി മൂന്നു പേരും വായിക്കുകയാണ്. ഞാന്‍ നടന്ന് മുന്നിലെത്തിയത് അതില്‍ ലയിച്ചതിനാല്‍ അവര്‍ കണ്ടില്ല. ഞാന്‍ വിറക്കുന്ന കൈകള്‍ രണ്ടും ഡെസ്കില്‍ വെച്ച് അവളെ വിളിക്കാന്‍ നോക്കി. പെട്ടെന്ന് അവര്‍ വായിക്കുന്ന പുസ്തകം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഒന്നും പറയാനാവാതെ ഞാന്‍ പുറത്തേക്ക് നടന്നു. ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള സ്വഭാവ സങ്കല്‍പ്പങ്ങളില്‍ കരിനിഴലായി ആ കാഴ്ച. അവളെപ്പറ്റി കണ്ട സ്വപ്നങ്ങളൊക്കെ തകര്‍ന്നു പോയി. പിന്നീടൊരിക്കലും അവളോട് പഴയ ഇഷ്ടം തോന്നിയില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം രാത്രി പത്രമാഫീസില്‍ എന്റെ മുന്നില്‍ ഒരു ചരമ ഫോട്ടോയുമായി ഒരു ചെറുപ്പക്കാരന്‍ എത്തി. വൈകി വരുന്നവര്‍ക്ക് കൊടുക്കുന്ന പതിവ് അവഗണനയോടെ ഞാന്‍ അയാളുടെ മുഖത്ത് നോക്കാതെ മാറ്റര്‍ വായിച്ച ശേഷം പിറകില്‍ പേരെഴുതാനായി ഫോട്ടോ എടുത്തു. മുല്ലപ്പൂ മാലയും സ്വര്‍ണ്ണാഭരണങ്ങളുമണിഞ്ഞ ഒരു ചെറുപ്പക്കാരിയുടെ കല്യാണ ദിവസമെടുത്ത ചിത്രമായിരുന്നു അത്. പെട്ടെന്ന് ആ മുഖം എവിടെയോ കണ്ട പോലെ എനിക്ക് തോന്നി. ഒന്നു കൂടി സൂക്ഷിച്ചു നോക്കി. അതു രാധാമണിയായിരുന്നു… നെഞ്ചിലൂടെ പറന്ന മിന്നല്‍പ്പിണരിലുണ്ടായ നടുക്കം മറച്ച് ഞാന് അയാളോട് ചോദിച്ചു.

“ഇവര് എങ്ങനെയാണ് മരിച്ചത്?...”
“തീ കൊളുത്തി ആത്മഹത്യ ചെയ്തതാ…” അയാള്‍ പറഞ്ഞു.

ഓര്‍മ്മകളില്‍ ടൈപ്പ് റൈറ്ററിന്റെ പെരുമ്പറ മുഴങ്ങി... നീലക്കടലാസ്സില്‍ കറുത്ത മഷികളിലെഴുതിയ അക്ഷരങ്ങളെന്റെ മനസ്സിലേക്കോടിയെത്തി. എന്റെ കണ്ണുകള്‍ ഈറനാവുന്നത് അയാളില്‍ നിന്നു ഞാന്‍ മറച്ചു പിടിച്ചു. അവളെവിടെ എന്നു ഒരിക്കലും ഞാന്‍ അറിയുക പോലുമില്ലെന്നിരിക്കെ എന്തു കൊണ്ടായിരിക്കണം ആ വാര്‍ത്ത എന്റെ കൈകളില്‍ തന്നെ എത്തി ചേര്‍ന്നത്? അത്രമേല്‍ തീവ്രമാ‍യിരുന്നോ അവളുടെ സ്നേഹ സങ്കല്‍പ്പങ്ങള്‍! ജന്മങ്ങള്‍ക്കപ്പുറത്തേക്ക് പോലും നിശ്ശബ്ദമായി പിന്തുടരുക എന്നത് പ്രണയത്തിന്റെ നിയോഗമായിരിക്കാം.

പ്രിയപ്പെട്ട രാധാമണീ, ദുരിതപഥങ്ങള്‍ താണ്ടി നീ നടന്നു പോയ വഴിയിലൂടെ പിന്തുടര്‍ന്ന് എന്നെങ്കിലും കണ്ടുമുട്ടുമ്പോള്‍ എന്റെ കൈയ്യില്‍ നിനക്കു തരാന്‍ ഒരു മറുപടിയുണ്ടായിരിക്കും.